വി. തോമസ് അപ്പസ്തോലന്‍തന്നെയല്ലേ കേരളത്തില്‍ ക്രൈസ്തവ പ്രഘോഷണം നടത്തിയത്?

വി. തോമസ് അപ്പസ്തോലന്‍തന്നെയല്ലേ കേരളത്തില്‍ ക്രൈസ്തവ പ്രഘോഷണം നടത്തിയത്?

ഡോ. കെ.വി. ജോസഫ്

കേരളത്തിലെ നസ്രാണി ക്രൈസ്തവ സമൂഹം രൂപംപ്രാപിച്ചത് തോമസ് അപ്പസ്തോലന്‍റെ പ്രേഷിത പ്രഘോഷണങ്ങളിലൂടെയാണെന്നാണ് കേരളത്തിലെ ക്രൈസ്തവ പാരമ്പര്യം. എന്നാല്‍ സുമാര്‍ 1966 വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തില്‍ നിന്നും 7000 കി.മീറ്ററകലെയുള്ള പാലസ്തിനായില്‍ നിന്നും ഇവിടെയെത്തി പ്രഘോഷണം നടത്തുവാന്‍ സാദ്ധ്യമാണോയെന്ന സംശയം ന്യായമായും ഉയര്‍ന്നു വരാവുന്നതാണ്. എഴുത്തും വായനയും വളര്‍ന്നിട്ടില്ലാത്ത പുരാതന കാലത്തു നടന്ന ഒരു സംഭവത്തെപ്പറ്റിയുള്ള ചരിത്ര രേഖകള്‍ തന്നെ പരിമിതമായിരിക്കുമെന്നതില്‍ സംശയമില്ല. അങ്ങനെയുള്ള സാഹചര്യത്തില്‍ തോമസ് അപ്പസ്തോലന്‍റെ കേരള സന്ദര്‍ശനത്തിന്‍റെയും ക്രൈസ്തവ പ്രഘോഷണങ്ങളുടെയും നിജസ്ഥിതി മനസ്സിലാക്കുന്നതിനു സാഹചര്യത്തെളിവുകളെ ആശ്രയിക്കേണ്ടിയിരിക്കുന്നു. അതിന്നാധാരമായ സാഹചര്യത്തെളിവുകളുണ്ടോയെന്നും അവ തോമസ് അപ്പസ്തോലന്‍റെ കേരള സന്ദര്‍ശനത്തിനു ചരിത്ര പരിവേഷം നല്കുവാന്‍ എത്രമാത്രം പര്യാപ്തമാണെന്നും അന്വേഷണ വിധേയമാക്കുന്നതിനാണിവിടെ ഉദ്ദേശിക്കുന്നത്.

നൂറ്റാണ്ടുകളോളം പഴക്കമുള്ള ഒരു ക്രൈസ്തവ സമൂഹം കേരളത്തില്‍ നിലനിന്നിരുന്ന കാര്യം ഏവരും അംഗീകരിക്കുന്ന ഒരു ചരിത്ര സത്യമാണ്. ഈ ക്രൈസ്തവ സമൂഹം മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ (St. Thomas Christians) എന്ന പേരിലാണു പണ്ടുകാലം മുതല്‍ അറിയപ്പെട്ടിരുന്നതും. അതു തോമസ് അപ്പസ്തോലനുമായുള്ള ഇവിടത്തെ ക്രൈസ്തവ സമൂഹത്തിന്‍റെ സുദൃഢ ബന്ധത്തെ വിളിച്ചറിയിക്കുന്ന ഒന്നുതന്നെയാണ്. മാത്രമല്ല തോമസ് അപ്പസ്തോലനാണ് ഇന്ത്യയില്‍ ക്രൈസ്തവ പ്രഘോഷണം നടത്തിയതെന്നു അര്‍ത്ഥശങ്കയില്ലാതെ പുരാതന കാലം മുതല്‍ എല്ലാ ക്രൈസ്തവ പിതാക്കന്മാരും സാക്ഷ്യപ്പെടുത്തിയിരുന്നതുമാണ്. എന്നാല്‍ അവര്‍ വിവക്ഷിക്കുന്ന ഇന്ത്യ തെക്കേ ഇന്ത്യയല്ലെന്നും അതു വടക്കുപടിഞ്ഞാറന്‍ ഇന്ത്യയാണെന്നുമാണു ചില ഗ്രന്ഥകാരന്മാരുടെ വാദഗതി. അവരുടെ വാദഗതിക്കു ഉപോല്‍ബലമായി (The Acts of Thomas) 'തോമായുടെ നടപടികള്‍' എന്ന പേരില്‍ മൂന്നാം ശതകത്തില്‍ രചിച്ച ഒരു ഐതീഹ്യ കഥയെയാണു മുന്നോട്ടു വച്ചിരിക്കുന്നത്. അതനുസരിച്ച് തോമസ് അപ്പസ്തോലന്‍ പാര്‍ത്തിയന്‍ രാജാവായിരുന്ന ഗുണ്ടഫറിന്‍റെ അഭീഷ്ടമനുസരിച്ച് അവിടെയാണ് പ്രേഷിത പ്രവര്‍ത്തനം നടത്തിയതത്രെ.

ഐതീഹ്യ കഥയാണെങ്കിലും 'തോമായുടെ നടപടി'കളില്‍ ചില ചരിത്രസത്യങ്ങളും ഇല്ലാതില്ല. കാരണം മൂന്നാം നൂറ്റാണ്ടില്‍ ഗോണ്‍ഢ ഫോര്‍ണസ് എന്നു പേരുള്ള ഒരു പാര്‍ത്തിയന്‍ രാജാവ് തക്ഷശില ആസ്ഥാനമാക്കി ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങളും പേര്‍ഷ്യയുടെ കിഴക്കന്‍ ഭാഗങ്ങളുമുള്‍ക്കൊള്ളുന്ന പ്രദേശത്തു ഭരണം നടത്തിയിരുന്നു. ചരിത്ര പുരുഷനായ ഗൊണ്‍ഢ ഫോര്‍ണസും, തോമായുടെ നടപടികളിലെ ഗുണ്ടഫറും ഒരാളായിരിക്കാനാണു സാദ്ധ്യത. അങ്ങനെ വരുമ്പോള്‍ തേമായുടെ പാര്‍ത്തിയന്‍ ബന്ധം ഒരു ചരിത്ര സംഭവമാണെന്നു വന്നുകൂടുന്നു. തന്നെയുമല്ല ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തു ക്രൈസ്തവ പ്രഘോഷണം നടത്തിയിരിക്കാനും സാദ്ധ്യതയുണ്ട്.

എന്നിരുന്നാലും പാര്‍ത്തിയന്‍ ബന്ധം തോമസ് അപ്പസ്തോലന്‍റെ കേരള സന്ദര്‍ശനത്തെ ഒരു വിധത്തിലും അസാധുവാക്കുന്നില്ലെന്നുള്ളതാണു യാഥാര്‍ത്ഥ്യം. തോമസ് അപ്പസ്തോലന്‍ എ.ഡി. 52-ലാണ് കേരളത്തിലെത്തിയത് എന്നാണല്ലോ കേരള പാരമ്പര്യം. യേശുക്രിസ്തുവിന്‍റെ കുരിശാരോഹണം നടന്നതു എ.ഡി. 33-ലും. അപ്പോള്‍ എ.ഡി. 33 മുതല്‍ 52 വരെയുള്ള നീണ്ട പത്തൊന്‍പതു വര്‍ഷം തോമസ് അപ്പസ്തോലന്‍ പാര്‍ത്തിയായിലായിരുന്നുവെന്നു പറഞ്ഞാല്‍ അതു ശരിയായിരിക്കും. അതേയവസരത്തില്‍ എ.ഡി. 52-നു ശേഷം ആ പുണ്യദ്ദേഹം തെക്കേയിന്ത്യയിലായിരുന്നുവെന്നു വന്നാലും അതും ശരിയാണുതാനും. മാത്രമല്ല അപ്പസ്തോലന്‍ രക്തസാക്ഷിത്വം വരിച്ചത് പാര്‍ത്തിയായില്‍ വച്ചായിരുന്നില്ലെന്ന് നടപടികള്‍ വ്യക്തമാക്കുന്നുമുണ്ട്. അപ്പസ്തോലന്‍ പാര്‍ത്തിയായില്‍നിന്ന് മാസ്ഡിയായിലേക്കു പോവുകയാണുണ്ടായത്. അവിടത്തെ രാജാവിന്‍റെ അപ്രീതിക്കു വിധേയനായ അദ്ദേഹത്തെ രാജകല്പന പ്രകാരം അവിടെ വച്ചു വധിക്കുകയാണുണ്ടായത്. എന്നാല്‍ എവിടെയാണീ മാസ്ഡിയ എന്ന പ്രസക്തമായ ചോദ്യം ഉദിക്കുന്നു. കാളകള്‍ വലിക്കുന്ന വണ്ടിയില്‍ അപ്പസ്തോലനും, മാസ്ഡിയായിലെ മന്ത്രിയും യാത്ര ചെയ്തതായി നടപടികള്‍ തന്നെ ചൂണ്ടിക്കാണിക്കുന്നുമുണ്ട്. ഇത്തരുണത്തില്‍ തെക്കെയിന്ത്യയിലല്ലാതെ എവിടെയെങ്കിലും കാളകള്‍ വലിക്കുന്ന വണ്ടികളുണ്ടോയെന്ന ചോദ്യം മൊറയിസ് എന്ന ചരിത്രകാരന്‍ ഉന്നയിക്കുന്നതു വളരെ അര്‍ത്ഥവത്താണ്.

അതേ അവസരത്തില്‍ അന്നു കേരളം പാശ്ചാത്യര്‍ക്കു സുപരിചിതമായിരുന്നോയെന്ന സംശയത്തിന്‍റെ പേരിലാണു തോമസ്സ് അപ്പസ്തോലന്‍റെ കേരള സന്ദര്‍ശനത്തെ ചില ചരിത്രകാരന്മാര്‍ ചോ ദ്യം ചെയ്യുന്നത്. എന്നാല്‍ ഒന്നാം ശതകത്തില്‍ കേരളം പാശ്ചാത്യര്‍ക്കു സുപരിചിതമായ ഒരു ഭൂപ്രദേശം തന്നെയായിരുന്നു. അന്നു കേരളവും പാശ്ചാത്യലോകവുമായി വ്യാപകമായ തോതില്‍ വ്യാപാരബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതുമാണ്. ഇക്കാര്യങ്ങളെല്ലാം പ്ലിനി എന്ന റോമന്‍ ചരിത്രകാരന്‍ അക്കാലത്തു രചിച്ച Natural History എന്ന ഗ്രന്ഥത്തിലും ഒരജ്ഞാത ഗ്രന്ഥകര്‍ത്താവു രചിച്ച Periplus of the Erythraen Sea എന്ന യാത്രാ ലഘുരേഖയിലും സുവ്യക്തമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. ചെങ്കടല്‍ മുഖത്തു നിന്നും തിരിക്കുന്ന കപ്പലുകള്‍ അറേബ്യന്‍ തീരത്തും, പേര്‍ഷ്യന്‍ തീരത്തും, ഇന്ത്യന്‍ തീ രത്തും എത്തുന്ന ഒരോ കച്ചവട കേന്ദ്രങ്ങളേയുംപറ്റി പെരിപ്ലസ്സില്‍ വിശദമായി വിവരിക്കുന്നുമുണ്ട്. അക്കൂട്ടത്തില്‍ കേരളത്തിലെ അന്നത്തെ മുഖ്യ തുറമുഖമായിരുന്ന മുസ്സിരിസ്സ് (ഇന്നത്തെ കൊടുങ്ങല്ലൂര്‍), ഇതര തുറമുഖങ്ങളായ തിണ്ടിസ് (കടലുണ്ടി), നെല്‍ക്കിണ്ട (നിരണം), ബൊര്‍ക്കാറെ (പുറക്കാട്) തുടങ്ങിയവയെപ്പറ്റി വിശദമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.

വ്യാപാരബന്ധം എങ്ങനെ ഉടലെടുത്തുവെന്ന കാര്യം വ്യക്തമല്ല. എന്നാല്‍ റോമാ സാമ്രാജ്യം പ്രാബല്യത്തിലെത്തിയതോടെ വ്യാപാരത്തിന്‍റെ നിയന്ത്രണവും റോമന്‍ അധികാരികളുടെ കൈയില്‍ വന്നു ചേര്‍ന്നു. വ്യാപാരം മൂര്‍ദ്ധന്യ ദിശയിലെത്തിയതും ബി.സി. 31-നും എ.ഡി. 93-നുമിടയ്ക്കായിരുന്നുവെന്നാണ് ജോര്‍ജ്ജ് ഫാബ്ലോ ഹൗരാണി എന്ന ചരിത്രകാരന്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അന്നത്തെ റോമന്‍ വാണിജ്യ കേന്ദ്രമാകട്ടെ അലക്സാണ്ഡ്രിയയും. അന്ന് വ്യാപാരികള്‍ അലക്സാണ്ഡ്രിയായില്‍ നിന്ന് പുറപ്പെട്ട് സൂയസ് കടലിടുക്കിന്‍റെ കിഴക്കേക്കരയിലെ മേയൂസ് ഹോര്‍ മോസിലും, തുടര്‍ന്ന് കപ്പലില്‍ ചെങ്കടല്‍ മുഖത്തുള്ള ഒക്കേലൂസിലും, അവിടെ നിന്നും മുസ്സിരിസ്സിലേക്കു വീണ്ടും കപ്പലില്‍ യാത്രനടത്തുന്ന രീതിയായിരുന്നു സ്വീകരിച്ചിരുന്നത്. മണ്‍സൂണ്‍ ആരംഭിക്കുന്ന ജൂണ്‍-ജൂലായ് മാസങ്ങളില്‍ പുറപ്പെടുന്ന കപ്പലുകള്‍ വെറും 40 ദിവസം കൊണ്ട് മുസ്സിരിസ്സില്‍ എത്തിച്ചേരുവാന്‍ സാധിച്ചിരുന്നു. ഒരു വര്‍ഷം ഏകദേശം 120 കപ്പലുകള്‍ ഇങ്ങനെ പുറപ്പെട്ടിരുന്നുവെന്നാണ് ശ്രാബേ എന്ന ഗ്രന്ഥകാരന്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

കച്ചവടത്തിലേര്‍പ്പെട്ടിരിക്കുന്ന കപ്പലുകളെ യവനരുടെ കപ്പലുകള്‍ എന്നും, നാവികരെ യവനരെന്നുമാണ് കേരളീയര്‍ വിളിച്ചിരുന്നത്. വെള്ളത്തിര പതയുന്ന പെരിയാറ്റില്‍ സ്വര്‍ണ്ണവുമായെത്തുന്ന യവനരുടെ കപ്പലുകള്‍ കുരുമുളകുമായി കൊടുങ്ങല്ലൂരില്‍ക്കൂടി ശബ്ദായമാനമായി പോകുന്നുവെന്ന ഒരു പരാമര്‍ശം പുരാതന തമിഴ്കൃതിയായ അകമാവൂരില്‍ കാണുന്നത്, കേരളവുമായി പാശ്ചാത്യലോകം നടത്തിയിരുന്ന വാണിജ്യബന്ധത്തെ വിളിച്ചറിയിക്കുന്ന ഒന്നാണ്. കപ്പലുകള്‍ക്കു ചരക്കുകളുടെ ലഭ്യത ഉറപ്പുവരുത്താന്‍ കമ്പോള കേന്ദ്രങ്ങളില്‍ യവനരെ താമസിപ്പിച്ചുമിരുന്നു. അവ ഇന്നത്തെ പണ്ടികശാല പോലെയാണ് പ്രവര്‍ത്തിച്ചിരുന്നത്. യവനര്‍ എന്നു പറയുന്നവരില്‍ സാക്ഷാല്‍ യവനരെ കൂടാതെ യഹൂദര്‍, റോമാക്കാര്‍, അറബികള്‍ തുടങ്ങിയവരും ഉള്‍പ്പെട്ടിരുന്നു.

അടുത്തകാലത്ത് 'പട്ടണ'ത്തു നടത്തിയ ഖനനപഠനങ്ങളും ഈ വാണിജ്യബന്ധത്തെ സ്ഥിരീകരിക്കുന്നുണ്ടെന്ന കാര്യവും ശ്രദ്ധേയമാണ്.

അങ്ങനെയുള്ള സാഹചര്യത്തില്‍ ഒരു റോമന്‍ പൗരനായിരുന്ന അപ്പസ്തോലന് സിനായ് മരുഭൂമി കടന്ന് സൂയസ് കടലിടുക്കിന്‍റെ കിഴക്കേകരയിലുള്ള മേയൂസ് ഹോര്‍മോസിലും അവിടെ നിന്നും കപ്പല്‍ മാര്‍ഗ്ഗം ചെങ്കടല്‍ മുഖത്തുള്ള ഓക്കേലൂസിലും തുടര്‍ന്ന് കേരളത്തിലെ മുസ്സിരിസ്സിലും എത്തിച്ചേരുവാന്‍ സുസാദ്ധ്യമായിരുന്നു. അപ്പസ്തോലന്‍ ഈ സാദ്ധ്യതയെ ഉപയോഗപ്പെടുത്തി എന്നുവേണം വിചാരിക്കുവാന്‍. യാത്രാമദ്ധ്യേ ചെങ്കടല്‍ മുഖത്തുള്ള സൊകോട്രാ ദ്വീപിലും ഇറങ്ങിയിട്ടുണ്ടാകണം. റോമന്‍ വ്യാപാരികളും, യവനരും, അറബികളും, ഇന്ത്യാക്കാരും സമ്മേളിച്ചിരുന്ന ഒരു വ്യാപാര കേന്ദ്രമായിരുന്നു സൊകോട്രാ. 16-ാം നൂറ്റാണ്ടുവരെ ഒരു ക്രൈസ്തവ സമൂഹം അവിടെ നിലനിന്നിരുന്നു. തോമസ് അപ്പസ്തോലനില്‍ നിന്നും ജ്ഞാനസ്നാനം സ്വീകരിച്ചവരാണു തങ്ങളെന്നു അവര്‍ വിശ്വസിച്ചുമിരുന്നു. മുസ്സിരിസ്സില്‍ എത്തിയ അദ്ദേഹം പാലയൂര്‍, കോട്ടക്കാവ്, കോക്കമംഗലം, നിരണം, കൊല്ലം, ചായല്‍ എന്നീ സ്ഥലങ്ങളില്‍ ക്രൈസ്തവ കൂട്ടായ്മക്കു രൂപം നല്കിയെന്നാണ് പാരമ്പര്യം. ഈ സ്ഥലങ്ങളെല്ലാം രാജ്യാന്തര വ്യാപാരവുമായി ബന്ധപ്പെട്ട സ്ഥലങ്ങളുമായിരുന്നു. വി. തോമസ് അപ്പസ്തോലന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് അന്ന് കേരളത്തില്‍ അധിവസിച്ചിരുന്ന യവനരുടെ സാന്നിധ്യവും വളരെയേറെ പ്രയോജനകരമായിത്തീര്‍ന്നിട്ടുണ്ടാകണം. തന്‍റേതില്‍ നിന്നു വ്യത്യസ്തമായ ഭാഷ സംസാരിക്കുന്നവരോട് ആശയവിനിമയം നടത്തുന്നതിന് യവന സാന്നിദ്ധ്യം വളരെയേറെ സഹായകരമായിട്ടുണ്ടാകണം. യവന സാന്നിദ്ധ്യം തന്നെയായിരിക്കണം വിശുദ്ധനെ കേരളത്തിലേക്കാകര്‍ഷിച്ചതു തന്നെ.

വി. തോമസ് അപ്പസ്തോലന്‍ കേരളത്തില്‍ മാത്രമല്ല തമിഴ്നാട്ടിലും ക്രൈസ്തവ സന്ദേശം പ്രഘോഷിക്കുകയുണ്ടായി. കേരളത്തിലെ പോലുള്ള റോമന്‍ വാണിജ്യബന്ധങ്ങളും യവന – റോമന്‍ സാന്നിദ്ധ്യവുമാണ് അപ്പസ്തോലനെ അങ്ങോട്ടാകര്‍ഷിക്കുവാന്‍ കാരണമായി തീര്‍ന്നതെന്നു പറയുവാന്‍ സാധിക്കും. റോമന്‍ വര്‍ത്തകര്‍ കുരുമുളകു വാങ്ങുന്നതിനു വേണ്ടി മാത്രമായിരുന്നില്ല അവരുടെ കപ്പലുകളുമായി മുസ്സിരസ്സില്‍ എത്തിയിരുന്നത്. തെക്കേ ഇന്ത്യയിലെ ഇതര ഭാഗങ്ങളില്‍ ലഭ്യമായിരുന്ന വൈഡൂര്യവും, മുത്തും, പവിഴവും കൂടി അവരുടെ വ്യാപാര പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. അവയെല്ലാം റോമില്‍ ആഡംബര വസ്തുക്കളായിരുന്നതാണ് അതിന്‍റെ കാരണം. ഇതില്‍ വൈഡൂര്യത്തിന്‍റെ പ്രഭവ സ്ഥാനം കോയമ്പത്തൂരും പവിഴത്തിന്‍റെയും മുത്തിന്‍റെയും തൂത്തുക്കുടിക്കടുത്തുള്ള പ്രദേശവുമായിരുന്നു. എന്നിരുന്നാലും അവയുടെ വ്യാപാരവും കയറ്റുമതിയുമെല്ലാം മുസ്സിരിസ്സിലാണ് നടന്നിരുന്നത്. ഇന്ത്യയുടെ കിഴക്കന്‍ തീരത്തെ കന്യാകുമാരി ചുറ്റിയുള്ള കപ്പല്‍ ഗതാഗതത്തിനു റോമന്‍നാവികര്‍ ഒന്നാം ശതകത്തില്‍ തയ്യാറാകാതിരുന്നതാണ് ഇതിന്‍റെ കാരണമായി മാര്‍ട്ടിമെര്‍ വീലര്‍ എന്ന ചരിത്രകാരന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. തന്മൂലം പാലക്കാടന്‍ മലയിടുക്കില്‍കൂടിയായിരിക്കണം ഈ ചരക്കുകള്‍ മുസ്സിരിസ്സില്‍ എത്തിയിരുന്നതെന്നാണു വീലറുടെ നിഗമനം. ഇവയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനു വേണ്ടി കേരളത്തിലേതുപോലെ തമിഴ്നാട്ടില്‍ പലയിടത്തും റോമന്‍ സെറ്റില്‍മെന്‍റുകള്‍ ഉണ്ടായിരുന്നു. കോയമ്പത്തൂരിലും പൊള്ളാച്ചിയിലും നിന്നു കണ്ടെടുത്ത റോമന്‍ നാണയങ്ങളും പോണ്ടിച്ചേരിക്കടുത്തുള്ള അരിക്കമേട്ടില്‍ നിന്നും കണ്ടുകിട്ടിയ റോമന്‍ പിഞ്ഞാണപ്പാത്രങ്ങളും, ഉപകരണങ്ങളും നല്കുന്ന സൂചനയനുസരിച്ച് ഒന്നാം നൂറ്റാണ്ടിലാണു ഇങ്ങനെയുള്ള സെറ്റില്‍മെന്‍റുകള്‍ നിലവിലിരുന്നത് എന്നു കാണുന്നു.

റോമന്‍ വാണിജ്യസമ്പര്‍ക്കത്തിന്‍റെ ചുവടുവച്ച് – അതും സമ്പര്‍ക്കം ഏറ്റവും സജീവമായിരുന്ന ഒന്നാം ശതകത്തില്‍ – ചോളമണ്ടല(തമിഴകം)ത്തിലെത്തിയ അപ്പസ്തോലന്‍, അവിടെയും ക്രൈസ്തവസന്ദേശം പ്രഘോഷിക്കുകയുണ്ടായി. നിരവധി ആളുകളെ ക്രൈസ്തവ കൂട്ടായ്മയിലേയ്ക്കു ആകര്‍ഷിക്കുകയുമുണ്ടായി. അതില്‍ രോഷംപൂണ്ട ചിലര്‍ അപ്പസ്തോലനെ അവിടെ വച്ചു വധിച്ചുവെന്നാണു കേരള പാരമ്പര്യം. അവിടെത്തന്നെയുള്ള മൈലാപ്പൂരില്‍ അപ്പസ്തോലന്‍റെ ഭൗതികശരീരം സംസ്കരിക്കുകയാണുണ്ടായത്. അതിനുശേഷം കേരളത്തില്‍ നിന്നും ഏകദേശം ഏഴ് ആഴ്ചത്തെ യാത്ര വേണ്ടിയിരുന്ന മൈലാപ്പൂരില്‍ തീര്‍ത്ഥയാത്ര നടത്തുകയെന്നതു നസ്രാണികളുടെയിടയിലെ ഒരാചാരമായിത്തീരുകയുണ്ടായി. ഇങ്ങനെ തീര്‍ത്ഥയാത്ര നടത്തിയിരുന്നുവെന്നും അപ്പസ്തോലന്‍റെ ശവകുടീരം അവിടെത്തന്നെയാണെന്നും, 1293-ല്‍ ഇന്ത്യ സന്ദര്‍ശിച്ച മാര്‍ക്കോ പോളോ വ്യക്തമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. ("The body of St. Thomas the Apostle lies in the little town in the province of Malabar" എന്നാണ് മാര്‍ക്കോപോളോ രേഖപ്പെടുത്തിയിരിക്കുന്നത്.) ഇതു അപ്പസ്തോലന്‍റെ ഇന്ത്യാസന്ദര്‍ശനത്തേപ്പറ്റിയുള്ള ഏറ്റവും ആധികാരികമായ ചരിത്രസാക്ഷ്യമാണെന്നു തന്നെ പറയാം.

ചുരുക്കത്തില്‍ റോമന്‍ വാണിജ്യസമ്പര്‍ക്കങ്ങളുടെ ചുവടുപിടിച്ചാണു തോമസ് അപ്പസ്തോലന്‍ തെക്കേ ഇന്ത്യയില്‍ ആഗതനായതും ക്രൈസ്തവധര്‍മ്മ പ്രഘോഷണം നടത്തിയതും. അപ്പസ്തോലന്‍റെ പ്രവര്‍ത്തനമേഖലകള്‍ വാണിജ്യസമ്പര്‍ക്കത്തിന്‍റെ സാമീപ്യം പ്രത്യക്ഷമായോ പരോക്ഷമായോ പ്രകടമായിരുന്ന സ്ഥലങ്ങളുമായിരുന്നു. ഈ സാമീപ്യം കേരള ക്രൈസ്തവ പാരമ്പര്യത്തിനു ചരിത്രത്തിന്‍റെ പരിവേഷംനല്കുവാന്‍ തികച്ചും പര്യാപ്തമാണുതാനും. മാത്രമല്ല ഒരു ജനസമൂഹത്തിന്‍റെ പരമ്പരാഗത വിശ്വാസം തെറ്റാണെന്ന് തെളിയിക്കുവാന്‍ പര്യാപ്തമായ കാരണങ്ങളൊന്നും തന്നെ ആരും ചൂണ്ടിക്കാണിച്ചിട്ടുമില്ല. അങ്ങനെ വരുമ്പോള്‍ കേരളത്തില്‍ ക്രൈസ്തവ പ്രഘോഷണം നടത്തിയത് തോമസ് അപ്പസ്തോലനാണെന്ന് ഉറപ്പിച്ചു പറയുവാന്‍ സാധിക്കും.

E-mail: drkvjoseph@gmail.com
(ലേഖകന്‍ കേരള എക്സ്പെന്‍റിച്ചര്‍ കമ്മറ്റി മെമ്പറും, കേന്ദ്ര-സാംസ്കാരിക മന്ത്രാലയത്തിന്‍റെയും, ഇന്ത്യന്‍ ചരിത്രഗവേഷണ കൗണ്‍സിലിന്‍റെയും സീനിയര്‍ ഫെലോ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org