പ്രാര്‍ത്ഥന എന്ത്, എന്തിന്, എങ്ങനെ?

പ്രാര്‍ത്ഥന എന്ത്, എന്തിന്, എങ്ങനെ?

എസ്.ജെ. അനന്ത്

അനുദിന പ്രശ്നങ്ങളുടെ മുമ്പില്‍ ഞെട്ടിവിറച്ച് ആവലാതികളുടെ പട്ടികയുമായി ഈശ്വര സവിധത്തിലേക്കുള്ള ഓട്ടമല്ല അത്. ദൈവഹിത നിവര്‍ത്തിക്കായുള്ള ഒരു സമര്‍പ്പണമാണത്.

മനവും, മേനിയും ഒന്നുചേര്‍ന്ന് ഒന്നില്‍ വയ്ക്കുന്ന ഉണര്‍വിന്‍റെ അവസ്ഥയാണത്. അറിയാത്തതിനെ ആരാധിക്കലല്ല അത്. അറിഞ്ഞതിനെ അനുഭവിക്കലാണ്.

ഗുരുമൊഴി: ഒരു മണിക്കൂര്‍ സമയം എന്നോടുകൂടെ ഉണര്‍ന്നിരുന്നുകൂടെ?

ആത്മീയതയുടെ പടികള്‍ കയറിയ ശിഷ്യര്‍ ദിവസത്തില്‍ ഒരു മണിക്കൂറെങ്കിലും സമയം ഗുരുവിനൊപ്പം ചെലവഴിക്കാന്‍ ബാദ്ധ്യസ്ഥരാണ്. അത് അവിടേയും ഇവിടേയും പോയി നടത്തേണ്ട ഒന്നല്ല; ഭൂമിയിലെവിടേയും അതിന് ഇടമുണ്ട്.

ദേവന്‍ വസിക്കുന്ന ഇടമാണ് ദേവാലയമെങ്കില്‍ ഈ പ്രപഞ്ചം മുഴുവന്‍ ദൈവത്തിന്‍റെ ആലയമാണ്.

അവന്‍ അതിരാവിലെ മലമുകളിലേക്കു പോയി എന്ന് ബൈബിളില്‍ ഒരു വാക്യമുണ്ട്. യേശു എന്തിനാണ് മലമുകളിലേക്കു പോയത്? പരമ ചേതനയുമായി സംവദിക്കാന്‍. ആ ദിവസത്തിന്‍റെ കര്‍മ്മമേഖലയ്ക്ക് ആവശ്യമായ ദിവ്യോര്‍ജ്ജ സംഭരണം സാധിക്കാന്‍.

പ്രാര്‍ത്ഥന എപ്പോള്‍? എവിടെ?
ഏറ്റവും നല്ല സമയം 'അതിരാവിലെ'. എല്ലാ സമയവും ദൈവീകം തന്നെ. അതിനാല്‍ ഏതു സമയവും, ഏതു സ്ഥലവും അതിനായി തെരഞ്ഞെടുക്കാം. എന്നാല്‍ മലമുകളും, വനമദ്ധ്യവും, കടല്‍ക്കരയും, നദീതീരവും, ഗുരുസവിധവും ഉത്തമം.

ഒരിക്കല്‍ ദിവ്യ ഗുരു യേശു, ശ്രേഷ്ഠശിഷ്യരേയും കൂട്ടി പ്രാര്‍ത്ഥിക്കാന്‍ ഒരു മല കയറി. എന്താണു യഥാര്‍ത്ഥ പ്രാര്‍ത്ഥനയെന്നും അതെങ്ങനെ ആയിരിക്കണമെന്നും അതിന്‍റെ ഫലമെന്തായിരിക്കുമെന്നും അരുമ ശിഷ്യരെ അറിയിക്കുക എന്നതായിരുന്നിരിക്കണം ഗുരുവിന്നുദ്ദേശം. മലമുകളിലെത്തിയ ഗുരു ഒരു മരച്ചുവട്ടില്‍ ധ്യാനനിമഗ്നനായി. ശിഷ്യരും കണ്ണുകളടച്ച് ധ്യാനത്തില്‍ മുഴുകി. പുറമെ ഒരു വലിയ പ്രകാശം പരക്കുന്നതായി ഉള്ളില്‍ തോന്നിയ ശിഷ്യര്‍ കണ്ണുകള്‍ തുറന്നു. ഉള്ളിലും പുറത്തും പ്രകാശം! ഗുരുമുഖത്തേക്കു നോക്കാന്‍ പറ്റുന്നില്ല. സൂര്യഗോളം കണക്കെ ഗുരുമുഖം വെട്ടിത്തിളങ്ങുന്നു. ഭൂതവും ഭാവിയും വര്‍ത്തമാനവും അവര്‍ ഗുരുവില്‍ കണ്ടു. 'ഇവന്‍ എന്‍റെ പ്രിയ പുത്രന്‍' എന്ന സ്വരവും അവര്‍ കേട്ടു. ജീവിതകാലം മുഴുവന്‍ അവിടെ അങ്ങനെ ഇരുന്നാലോ എന്നവര്‍ ആഗ്രഹിച്ചു. ഗുരു പറഞ്ഞു, "താഴെ ജീവിതത്തിന്‍റെ പരുപരുത്ത വശങ്ങളിലേക്ക് ഇറങ്ങേണ്ടവരാണു നമ്മള്‍. അവിടെ ജീവിതത്തെ അഭിമുഖീകരിക്കുവാന്‍ ഇവിടെനിന്നു ലഭിച്ച ഊര്‍ജ്ജം നമ്മെ സഹായിക്കും."

പ്രാര്‍ത്ഥന ധ്യാനമാണ്.

പ്രാര്‍ത്ഥനയിലൂടെ മൂന്നു കാര്യങ്ങള്‍ നമുക്ക് സംലബ്ധമാകും.

1) ഞാന്‍ അകവും പുറവും പ്രകാശമുള്ളവനാകും.

2) ഞാന്‍ ജീവിതത്തെ അഭിമുഖീകരിക്കാന്‍ പ്രാപ്തനാകും.

3) ഞാന്‍ ദൈവത്തിന്‍റെ പ്രിയ മകന്‍/മകള്‍ ആണെന്ന അവബോധത്തിന്നുടമയാകും.

ദൈവാത്മാവു വസിക്കുന്ന മനുഷ്യശരീരം ദേവാലയം.

ഗുരുമൊഴി: നീ നിന്‍റെ ശരീരമാകുന്ന ദേവാലയത്തില്‍ പ്രവേശിച്ച് അതിന്‍റെ വാതായനങ്ങളെല്ലാം അടച്ച് സ്വസ്ഥമായിരുന്ന് പരമപിതാവുമായി ബന്ധപ്പെടൂ.

അത് ഇപ്പോള്‍ ഇവിടെ ഈ നിമിഷത്തില്‍ ആകാം. പരമ ചൈതന്യവുമായി ഞാന്‍ ഒന്നു ചേരുന്ന പരമാനന്ദത്തിന്‍റെ അതി സുന്ദര മുഹൂര്‍ത്തമാണത്! അവിടെ ചോദിക്കലല്ല, ഉത്തരങ്ങള്‍ക്കായുള്ള കാത്തിരിക്കല്‍ മാത്രം. ആദ്യ പടിയിലെത്തി നില്‍ക്കുന്നവര്‍ക്കുള്ളതാണ് ചോദിക്കല്‍. ഗുരു പറഞ്ഞു: "ചോദിക്കുവിന്‍, ഇതാ ഇങ്ങനെ ചോദിക്കുവിന്‍" എന്നൊക്കെ.

രണ്ടാം പടിയിലെത്തിയവരോട് ഗുരു പറഞ്ഞത്, "നീ നിന്‍റെ ദേവാലയത്തിന്‍റെ കതകുകളെല്ലാം അടച്ച് പിതാവുമായി സമ്പര്‍ക്കത്തിലാകൂ" എന്നാണ്.

മൂന്നാം പടിയില്‍, നിനക്ക് എന്തു വേണമെന്നു നന്നായറിയാവുന്നവന്‍റെ മുമ്പില്‍ ശിശുതുല്യാവസ്ഥയില്‍ നീ ഇരുന്നു കൊടുത്താല്‍ മാത്രം മതി. അവിടെ പ്രാര്‍ത്ഥന ധ്യാനമായി മാറുന്നു.

നാലാമത് ഒരു പടി കൂടിയുണ്ട്; നീ അവനില്‍, അവന്‍ നിന്നില്‍, അവനും നീയും ഒന്ന്.

ഭാരതീയ ഗുരുക്കന്മാര്‍ ഇപ്ര കാരം പറഞ്ഞിട്ടുണ്ട്:

പ്രഥമാ പ്രതിമാ പൂജ, ജപ സ്തോത്രാദി മദ്ധ്യമ,
ഉത്തമാ മാനസീ പൂജ, സോ ഹം പൂജോത്തമോത്തമം.

പ്രാരംഭ ഭക്തര്‍ക്കുള്ളതാണ് വിഗ്രഹവും പൂജയുമൊക്കെ. ഒരു പടി കടന്നവര്‍ ജപസ്തോത്രാദികളില്‍ സുഖം കണ്ടെത്തുന്നു. മൂന്നാം പടിയിലെത്തിയവരാകട്ടെ മനനത്തിലേക്കും ധ്യാനത്തിലേക്കും പ്രവേശിക്കുന്നു. ഇവിടമാണ് ദിവ്യഗുരു പറഞ്ഞ 'ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കുന്ന' ആ ഇടം. നാലാമത്തെ പടിയെ പ്രാപിച്ചവര്‍ പരമോത്തമമെന്നു പറയാവുന്ന 'ഞാനും നീയും ഒന്ന്' എന്ന അവസ്ഥയുടെ പരമാനന്ദത്തെ പുല്കുന്നു. എല്ലാം നിന്‍റേത്, നീ അവന്‍റേത്; നിനക്ക് അവന്‍റെ കൃപ മാത്രം മതി എന്ന അവസ്ഥ! അപ്പോഴാണു ഞാന്‍ പറയുക, 'കര്‍ത്താവാണെന്‍റെ ഇടയന്‍ എനിക്കൊന്നിനും മുട്ടുണ്ടാവില്ല.'

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org