Latest News
|^| Home -> Cover story -> സ്വാതന്ത്ര്യത്തിനും, സഭയില്‍ സ്വയം ഭരണാവകാശത്തിനും വേണ്ടി നടന്ന സമരത്തില്‍ സുറിയാനി ക്രിസ്ത്യാനികളുടെ പങ്ക്

സ്വാതന്ത്ര്യത്തിനും, സഭയില്‍ സ്വയം ഭരണാവകാശത്തിനും വേണ്ടി നടന്ന സമരത്തില്‍ സുറിയാനി ക്രിസ്ത്യാനികളുടെ പങ്ക്

Sathyadeepam

ദേവസിക്കുട്ടി പടയാട്ടില്‍, കാഞ്ഞൂര്‍

ക്രിസ്തുവിനു വളരെ മുമ്പേ മുതല്‍ യൂദന്മാരും അറബികളും, ഫിനീഷ്യരും മറ്റു പല വിദേശികളും ഇന്ത്യയിലും കേരളത്തിലും വന്നിരുന്നു. കേരളത്തിലെ കുരുമുളകും സുഗന്ധവസ്തുക്കളുമാണു വിദേശികളെ ഇങ്ങോട്ട് ആകര്‍ഷിച്ചത്. എ.ഡി-52 ല്‍ തോമശ്ലീഹ കേരളത്തില്‍ വന്നു. അന്നുമുതല്‍ ക്രിസ്തുമതം ഇവിടെ പ്രവര്‍ത്തിക്കാന്‍ തുടങ്ങി.

എ.ഡി.-1498 ല്‍ വാസ്ക്കോഡിഗാമാ കേരളത്തില്‍ വന്നതോടെ വിദേശമിഷണറിമാരും പോര്‍ട്ടുഗീസുകാരും തുടര്‍ന്നു ഡച്ചുകാരും ഇംഗ്ലീഷുകാരും മാറിമാറി ഇവിടെ വരികയും നമ്മെ ഭരിക്കുകയും ചെയ്തു.

പുരാതനകാലം മുതല്‍ കല്‍ദായപാത്രിയര്‍ക്കീസിന്‍റെ കീഴില്‍ കഴിഞ്ഞിരുന്ന ഭാരതസഭയില്‍ പോര്‍ട്ടുഗീസുകാരുടെ വരവോടെ മാറ്റത്തിന്‍റെ കാറ്റുവീശാന്‍ തുടങ്ങി. 1455-ല്‍ കല്ലിസ്റ്റര്‍ മാര്‍പാപ്പ പോര്‍ട്ടുഗീസുകാര്‍ ഭരിക്കുന്നിടത്ത് അവിടത്തെ മെത്രാനെ നിയമിക്കാനുള്ള അധികാരം അവര്‍ക്കു നല്‍കിയിരുന്നു. പാദ്രുവാദോ സമ്പ്രദായം എന്നാണ് അതിനെ പറഞ്ഞിരുന്നത്.

ആ അധികാരത്തിന്‍റെ പിന്‍ബലത്തോടെ 1598-ല്‍ ഡോം മെനേസീസ് എന്ന മെത്രാന്‍ കേരളത്തില്‍ വന്നു. 1599-ല്‍ അദ്ദേഹം ഉദയംപേരൂരില്‍വെച്ച് ഒരു സുനഹദോസ് നടത്തി. ആ സുനഹദോസിന്‍റെ രൂപരേഖ തയാറാക്കിയതു കാഞ്ഞുരു വെച്ചായിരുന്നെന്നും ആ രൂപരേഖയുടെ പേരു “കാഞ്ഞൂര്‍ ഉടമ്പടി” എന്നാണെന്നും നിധിരിക്കല്‍ മാണിക്കത്തനാരുടെ ജീവചരിത്രത്തില്‍ 11-ാം അദ്ധ്യായം 48, 49 പേജുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ചില ദുരാചാരങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ സുനഹദോസിനു കഴിഞ്ഞെങ്കിലും അതിന്‍റെ മറുപുറം കാണാന്‍ നിര്‍ഭാഗ്യവശാല്‍ പലര്‍ക്കും കഴിഞ്ഞില്ല. നെസ്ത്തോറിയന്‍ പാഷണ്ഡതയുടെ പേരു പറഞ്ഞു തലമുറകളായി തങ്ങള്‍ കാത്തു സൂക്ഷിക്കുന്ന ആചാരാനുഷ്ഠാനങ്ങള്‍ ഇല്ലാതാക്കി, സുറിയാനിഭാഷയിലുള്ള മതഗ്രന്ഥങ്ങള്‍ എല്ലാം തീയിട്ടു ചുട്ടുകരിച്ചു.

അങ്കമാലിയില്‍ വാണിരുന്ന ഇന്ത്യയുടെ മുഴുവന്‍ മെത്രാനായിരുന്ന മാര്‍ എബ്രഹാമിനെ ബന്ധിച്ച് പോര്‍ട്ടുഗലിലേക്കു കൊണ്ടുപോയി. അദ്ദേഹം തന്ത്രപൂര്‍വ്വം രക്ഷപെട്ടെങ്കിലും വീണ്ടും ഗോവയില്‍ വെച്ച് അറസ്റ്റു ചെയ്തു. എന്നാല്‍ അതിവിദഗ്ദ്ധമായി തടവുചാടി വീണ്ടും അദ്ദേഹം രക്ഷപെട്ടു 1597-ല്‍ മരണമടഞ്ഞ അദ്ദേഹത്തെ അങ്കമാലി കിഴക്കേപള്ളിയിലാണ് അടക്കം ചെയ്തിരിക്കുന്നത്.

ഇടപ്പള്ളിയിലെ വികാരി ആയിരുന്ന ചാക്കോ കത്തനാരുടെ നേരേ ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നും മരിക്കുന്നതിനു മുമ്പ് കുമ്പസാരിച്ച് കുര്‍ബാന കൊള്ളാനുള്ള ആഗ്രഹം നിരസിച്ചെന്നും മലയാറ്റൂര്‍ പള്ളിയില്‍ തിരുശേഷിപ്പുപ്രദിക്ഷണം നടത്തിയതിന്‍റെ പേരില്‍ പനഞ്ചിക്കല്‍ ഗീവര്‍ഗീസ് കത്തനാരെ അതിക്രൂരമായി മര്‍ദ്ദിച്ചെന്നും ‘മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍’ എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്.

വരാപ്പുഴയിലെ ഫ്ളോറന്‍സ് മെത്രാന്‍റെ ശവസംസ്ക്കാര ചടങ്ങില്‍നിന്നു സുറിയാനി ക്രിസ്ത്യാനികളെ ഇറക്കി വിട്ടെന്നും അതവര്‍ക്ക് വലിയ മനോവേദന ഉണ്ടാക്കിയെന്നും മുകളില്‍ പറഞ്ഞ ഗ്രന്ഥത്തില്‍ പറയുന്നു. അങ്ങനെ ദുഃഖത്തിലും നിരാശയിലും കഴിയുന്ന സുറിയാനി ക്രിസ്ത്യാനികള്‍ക്കു രക്ഷകനായി അഹത്തുള്ള എന്നൊരു സന്യാസി രംഗപ്രവേശം ചെയ്തു. അയാളെ പോര്‍ട്ടുഗീസുകാര്‍ ബന്ധിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത കാട്ടുതീപോലെ പരന്നു. അതോടെ എന്തിനും തയ്യാറായി 25,000 നസ്രാണി പടയാളികള്‍ മട്ടാഞ്ചേരിയിലേക്കു മാര്‍ച്ചു ചെയ്തു. അവിടെ ചെന്നപ്പോള്‍ അഹത്തുള്ളയെ പോര്‍ട്ടുഗീസുകാര്‍ കടലില്‍ മുക്കി കൊന്നു എന്ന വാര്‍ത്തയാണു കേട്ടത്. പൊട്ടിതെറിക്കുന്ന വികാരത്തോടെ അവര്‍ മട്ടാഞ്ചേരി പള്ളിയിലെ മണിയില്‍ ആലാത്തു കെട്ടി ശപഥം ചെയ്തു വിദേശികളുമായി ഒരു സമ്പര്‍ക്കം ഇനി ഉണ്ടാകാന്‍പാടില്ലെന്ന്. 1653-ല്‍ നടന്ന ഈ ചരിത്രസംഭവത്തെ കൂനന്‍കുരിശു സത്യമെന്ന പേരിലാണ് അറിയപ്പെടുന്നത്.

ഇന്ത്യയില്‍ വിദേശാധിപത്യത്തിനെതിരെ നടന്ന ആദ്യത്തെ വെടിമുഴക്കമായിരുന്നു കൂനന്‍കുരിശു സത്യം. സ്വാതന്ത്ര്യസമരത്തിനു വേണ്ടി ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് രൂപീകരിക്കുന്നതിനു 232 വര്‍ഷങ്ങള്‍ക്കു മുമ്പാണു സുറിയാനി ക്രിസ്ത്യാനികളുടെ ഈ പടയണി ചേര്‍ന്നതെന്ന് ഓര്‍ക്കണം. അതിനുവേണ്ട പ്രാധാന്യം നല്‍കാനോ, വിദേശാധിപത്യത്തിന് എതിരേയുള്ള സമരത്തിന്‍റെ ഭാഗമായി കാണാനോ ആരും ശ്രമിച്ചിട്ടില്ല. തങ്ങളുടെ താളത്തിനൊത്തു തുള്ളാത്ത ഒരു സാലസ് മെത്രാനെ മിഷനറിമാര്‍ ബഹിഷ്കരിച്ചു സ്ഥാനഭ്രഷ്ടനാക്കി. അദ്ദേഹം കരിയാറ്റി മല്പാനേയും തച്ചില്‍മാത്തുതരകനേയും അഭയംപ്രാപിച്ചു. അവര്‍ ഒന്നു ചേര്‍ന്നു പോര്‍ട്ടീസുകാരെ വെല്ലുവിളിച്ചു കൊണ്ടു രാജകല്പന പാലിക്കാതെ ജീവനെപോലും പണയപ്പെടുത്തി കൊണ്ടു നിരവധി വള്ളങ്ങളുടെ അകമ്പടിയോടെ വരാപ്പുഴയില്‍ നിന്ന് ആലങ്ങാട്ടേക്ക് ആവേശോജ്വലമായ ഒരു ജലഘോഷയാത്ര നടത്തി. ഇതു രാജദ്രോഹകുറ്റമാണെന്നു വ്യാഖ്യാനിച്ചുകൊണ്ട് അതില്‍ പങ്കെടുത്തവരെ ക്രൂശിക്കാന്‍ പലനടപടികളും സ്വീകരിച്ചു. തച്ചില്‍ മാത്തുതരകന്‍റെ ജീവിതഗ്രന്ഥത്തില്‍ ഇതിനെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. ലോകവ്യവസായിയും കോടീശ്വരനുമായ തച്ചില്‍ മാത്തൂതരകന്‍ ഒരു ഘട്ടത്തില്‍ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ ലക്ഷോപലക്ഷം രൂപാ കടംകൊടുത്തു. റസിഡന്‍റായിരുന്ന മെക്കോളേയും, വേലുത്തമ്പിദളവയും ചേര്‍ന്നുള്ള അവിശുദ്ധ കൂട്ടുകെട്ടില്‍ അദ്ദേഹത്തെ ജയിലില്‍ അടച്ചു, പട്ടിണിക്ക് ഇട്ടു, ചെവികള്‍ രണ്ടും മുറിച്ചു കളഞ്ഞു പീഡിപ്പിക്കുകയാണു ഉണ്ടായത്.

സുറിയാനി ക്രിസ്ത്യാനികളുടെ പ്രമുഖരായ ഏഴു വൈദികരെ സഭയില്‍ നിന്നു പുറത്താക്കി. അവര്‍ ചെയ്ത തെറ്റ് മിഷണറിമാരുടേയും പോര്‍ട്ടുഗീസ് ഭരണകൂടത്തിന്‍റെയും പീഢനങ്ങളും തെറ്റുകളും ഒരു കത്തിലൂടെ രഹസ്യമായി മാര്‍പാപ്പയ്ക്കു നല്‍കി എന്നതാണ്. പിന്നീട് മാര്‍പാപ്പ തന്നെ പ്രശ്നത്തില്‍ ഇടപെട്ട് പുറത്താക്കിയ വൈദികരെ സഭയില്‍ തിരിച്ചെടുത്തു. ‘ഏഴു വ്യാകുലങ്ങള്‍’ എന്ന പേരിലാണ് ഇവര്‍ പിന്നീട് അറിയപ്പെട്ടിരുന്നത്. കാലങ്ങള്‍ക്കുശേഷം മെത്രാനായ ളൂവീസ് പഴേപറമ്പിലും കാഞ്ഞൂര്‍ വികാരി ആയിരുന്ന ശങ്കുരിക്കല്‍ പൗലോസ് കത്തനാരും ഈ ഏഴുപേരില്‍പെട്ടവരായിരുന്നു.

സ്വാതന്ത്രത്തിനു വേണ്ടിയുള്ള അടങ്ങാത്ത ദാഹവും സഭയില്‍ സ്വയം ഭരണത്തിനുവേണ്ടിയുള്ള ഒടുങ്ങാത്ത മോഹവും സുറിയാനി ക്രിസ്ത്യാനികളുടെ സിരകളില്‍ തിളച്ചു മറിഞ്ഞു കൊണ്ടിരുന്നു. ഒരു യാത്രാസൗകര്യംപോലും ഇല്ലാതിരുന്ന സമയത്തു വളരെ കഷ്ടപ്പെട്ടു 73 ദേശക്കാര്‍ 1773-ല്‍ അങ്കമാലിയില്‍ ഒത്തുകൂടി. ഒരു മഹാസമ്മേളനം നടത്തി കരിയാറ്റി മല്പാനും പാറേമാക്കല്‍ ഗോവര്‍ണ്ണദോരും തച്ചില്‍ മാത്തു തരകനുമാണ് അതിനു നേതൃത്വം നല്‍കിയത്. 6 ദിവസം നീണ്ടുനിന്ന സമ്മേളനത്തിന്‍റെ തീരുമാനപ്രകാരം കരിയാറ്റി മല്പാനേയും, പാറേമാക്കല്‍ തോമാ കത്തനാരേയും മാര്‍പാപ്പയേയും പോര്‍ട്ടുഗീസ് രാജ്ഞിയേയും കാണാന്‍ വിദേശത്തേക്ക് അയച്ചു. വിദേശ മേല്‍ക്കോയ്മ അവസാനിപ്പിക്കണം സഭയില്‍ സ്വയം ഭരണാവകാശം സ്ഥാപിക്കണം ഭിന്നിച്ചുപോയസഭാമക്കളില്‍ പുനരൈക്ക്യം സ്ഥാപിക്കണം. ഇതായിരുന്നു സമ്മേളനത്തിന്‍റെ ഡിമാന്‍റുകള്‍.

എല്ലാ പ്രതിസന്ധികളും തരണം ചെയ്തു അവര്‍ ലിസ്ബണിലും റോമിലും ചെന്നു മാര്‍പ്പാപ്പയേയും രാജ്ഞിയേയും കണ്ടു. അതിന്‍റെ ഫലമായി കരിയാറ്റിയെമെത്രാനാക്കി സഭയില്‍ പുനരൈക്യം സ്ഥാപിക്കാനുള്ള അംഗീകാരം കിട്ടി. സുറിയാനി ക്രിസ്ത്യാനികളോടുള്ള പീഡനങ്ങള്‍ അന്വേഷിക്കാന്‍ ഒരു വിസിത്തോറിനെ നിയമിക്കാന്‍ തീരുമാനം ഉണ്ടായി. പുറത്താക്കപ്പെട്ട ഏഴു വൈദികരെ തിരിച്ചെടുക്കാന്‍ തീരുമാനം ഉണ്ടായി.

വര്‍ത്തമാനപുസ്തകത്തിലെ യാത്രാ വിവരണത്തില്‍ ഇതിനെക്കുറിച്ചെല്ലാം സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. സന്തോഷത്തോടും സമാധാനത്തോടും കൂടി നാട്ടിലേക്കി തിരിച്ച കരിയാറ്റി പോരുന്ന വഴി ഗോവയില്‍വെച്ച് നിര്യാതനായി.

കരിയാറ്റിപിതാവിന്‍റെ മരണശേഷം സുറിയാനി ക്രിസ്ത്യാനികള്‍ വീണ്ടും 1787 ഫെബ്രുവരി 1, 2 തീയതികളില്‍ അങ്കമാലിയില്‍ ഒരു മഹാസമ്മേളനം നടത്തി. 84 ദേശക്കാര്‍ അതില്‍ പങ്കെടുത്തു 1942-ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യവിട്ടു പോകണമെന്നുള്ള പ്രമേയം (ക്വിറ്റ് ഇന്ത്യാ) പാസ്സാക്കുന്നതിനു 155 വര്‍ഷങ്ങള്‍ക്കു മുമ്പാണു വിദേശാധിപത്യത്തിനെതിരെയും സഭയില്‍ സ്വയം ഭരണാവകാശത്തിനുംവേണ്ടിയുള്ള പോരാട്ടം അങ്കമാലിയില്‍ നടന്നത്. പാറേമാക്കാല്‍ തോമാകത്തനാരും തച്ചില്‍മാത്തുതരകനുമാണ് അതിനു നേതൃത്വം നല്‍കിയത്. സമ്മേളനം രൂപം കൊടുത്ത പ്രമേയത്തില്‍ സമുദായത്തിനു നെറിവും നിലയും ഉണ്ടാകണമെന്നു പറയു ന്നു. പ്രകൃതമലയാളത്തിലുള്ള ആ വാക്കുകളില്‍ എല്ലാം അടങ്ങിയിട്ടുണ്ട്. പടിയോലസമ്മേളനത്തിന്‍റെ കൊടുംകാറ്റ് കടുതുരുത്തിയിലും മാന്നാനത്തും, ഉദയംപേരൂരും, കൊടുങ്ങല്ലൂരും, പറവൂരും, ആലങ്ങാട്ടും നിരണത്തും അങ്ങനെ സുറിയാനി ക്രിസ്ത്യാനികള്‍ തിങ്ങിപാര്‍ക്കുന്ന എല്ലാ മേഖലകളിലും ആഞ്ഞുവീശി. നിധീരിക്കല്‍ മാണികത്തനാരും ളൂവീസ് പഴേപറമ്പില്‍ പിതാവും പിന്നീട് പല സ്ഥലങ്ങളിലും ഈ ബഹുജന മുന്നേറ്റത്തിനു നേതൃത്വം നല്‍കി.

1653 ല്‍ കൂനന്‍ കുരിശു സത്യപ്രഖ്യാപനവും 1773-ല്‍ അങ്കമാലി മഹാസമ്മേളനവും 1787-ല്‍ അങ്കമാലി പടിയോല സമ്മേളനവും എല്ലാം വിദേശാധിപത്യത്തിനെതിരെ നടന്ന സുറിയാനി ക്രിസ്ത്യാനികളുടെ സ്വാതന്ത്ര്യ സമ്പാദന ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതി ചേര്‍ക്കേണ്ട അദ്ധ്യായങ്ങളാണ്. ഇതിനൊക്കെ അര്‍ഹമായ പരിഗണന കിട്ടാന്‍ ഇനിയും എത്രകാലം കാത്തിരിക്കേണ്ടിവരും?

Leave a Comment

*
*