കോവിഡ് 19 : ചില പാഠങ്ങളും സാധ്യതകളും

കോവിഡ് 19 : ചില പാഠങ്ങളും സാധ്യതകളും


ഡോ. ദേവസ്യ എം.ഡി.

പ്രൊഫസര്‍, ഇക്കണോമിക്സ് വിഭാഗം
നിര്‍മലഗിരി കോളേജ്, കൂത്തുപറമ്പ്

2019 നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട Covid19 എന്ന് വിളിപ്പേരുള്ള Corona Virus പരത്തിയ മഹാമാരി (Pandemic) 3,54,644 പേരുടെ ജീവനെടുത്തും 57,40,270 ല്‍ അധികംപേരെ രോഗാതുരരാക്കിയും ലോകത്തെ മുഴുവന്‍ ഭയചകിതരാക്കി മുന്നേറുകയാണ്. സാമ്പത്തിക രംഗത്തും സൈനീക മേഖലയിലും ശാസ്ത്രപുരോഗതിയിലും അധിവേഗം മുന്നേറിയ ഒന്നാംകിട ലോകരാജ്യങ്ങള്‍ പോലും ഒരു കൊച്ചു വൈറസിന്‍റെ മുന്‍പില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ്.

ഭൂമിയുടെ അല്ലെങ്കില്‍ പ്രകൃതിയുടെ സന്തുലീകരണ പ്രക്രിയയാണ് ഇത് എന്ന് സമാശ്വസിക്കുവാന്‍ നാം ശ്രമിക്കുന്നുണ്ട് എങ്കിലും ഉറ്റവരും ഉടയവരുമായ അനേകായിരങ്ങള്‍ ചുറ്റും മരിച്ചു വീഴുന്ന വാര്‍ത്തകള്‍ തികച്ചും ഭയാനകവും അതീവ വേദനയുളവാക്കുന്നതുമാണ്.

പക്ഷേ, ഇതൊരു യുദ്ധമാണ്; മനുഷ്യനും മഹാമാരിയും തമ്മിലുള്ള യുദ്ധം. ഇതില്‍ നമ്മള്‍ വിജയിക്കും എന്നത് തീര്‍ച്ച. എങ്കിലും ഈ യുദ്ധത്തില്‍ ഇനിയും ജീവനുകള്‍ ഏറെ നഷ്ടപ്പെട്ടേക്കാം.

ലോകജനതതിയുടെ സാമ്പത്തിക സാംസ്കാരിക രാഷ്ട്രീയ ബൗദ്ധിക മണ്ഡലത്തില്‍ ഈ കൊച്ചു അപടകാരി വരുത്താന്‍ പോകുന്ന മാറ്റങ്ങളേക്കുറിച്ചും ഈ യുദ്ധത്തില്‍ അല്പം വിജയം നേടി മുന്നേറുന്ന നമ്മുടെ കൊച്ചുകേരളം എങ്ങനെ മുന്നോട്ട് പോകണം എന്നതിനേക്കുറിച്ചും ചിന്തിക്കുന്നത് ഉചിതമായിരിക്കും.

പാഠം ഒന്ന്, പ്രകൃതി ഒരുക്കുന്ന സന്തുലിതാവസ്ഥ. മാല്‍ത്തുഷ്യനോ ഡാര്‍വീനിയനോ സിദ്ധാന്തം ഏതും ആയിക്കൊള്ളട്ടെ ഏതൊരു ജീവിവര്‍ഗ്ഗത്തിന്‍റെയും എണ്ണം ക്രമാതീതം ആകുമ്പോള്‍ പ്രകൃതി സ്വയം സന്തുലനത്തിന്‍റെ ചട്ടുകം എടുക്കും. അത് ചിലപ്പോള്‍ കൊടുങ്കാറ്റ്, ചുഴലി, പ്രളയം, വരള്‍ച്ച, കാട്ടുതീ, ഭൂകമ്പം തുടങ്ങിയ പ്രകൃതി ക്ഷോഭങ്ങളിലൂടെയാവാം, മറ്റു ചിലപ്പോള്‍ പ്ലേഗ്, ഫ്ലൂ, കോളറ, എബോള, കൊറോണ, മലമ്പനി തുടങ്ങിയ മഹാമാരികളിലൂടെയാകാം, അതുമല്ലെങ്കില്‍ മനുഷ്യനിര്‍മിത യുദ്ധങ്ങളിലൂടെയും ശാസ്ത്ര സാങ്കേതികവിദ്യയുടെ ദുരുപയോഗങ്ങളിലൂടെയും പ്രകൃതി വിഭവങ്ങളുടെ അനിയന്ത്രിത ചൂഷണങ്ങളിലൂടെയും ആകാം. 1347-51 കാലയളവില്‍ 'Black Death' എന്ന് അറിയപ്പെടുന്ന പ്ലേഗ് ദുരന്തത്തില്‍ ഏതാണ്ട് 400 മില്യണ്‍ ആളുകള്‍ക്കാണ് ജീവഹാനി സംഭവിച്ചത്. 1720-ലെ പ്ലേഗ് യൂറോപ്പില്‍ മാത്രം ഏതാണ്ട് രണ്ട് ലക്ഷത്തിലധികം ആളുകളുടെ ജീവനെടുത്തു. ആധുനിക മെഡിക്കല്‍ സയന്‍സും ശാസ്ത്രലോകവും ഇത്രയേറേ വളര്‍ന്നിട്ടും വേണ്ടതിലേറെ സമ്പത്തും സാങ്കേതിക ജ്ഞാനവും ഉണ്ടായിട്ടും ഇതുവരെയും മരുന്ന് കണ്ടുപിടിക്കാന്‍ പിടിതരാതെ മുന്നേറുന്ന കോറോണ വൈറസ് ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ എടുക്കാന്‍ ഇടയുണ്ട് എന്നാണ് ഇപ്പോഴത്തെ അവസ്ഥ സൂചിപ്പിക്കുന്നത്. അപ്പോഴേക്കും നാം അതിന് ഫലപ്രദമായ വാക്സിന്‍ കണ്ടുപിടിക്കും. എന്നിരുന്നാലും ഇതുപോലുള്ള പുതിയ അതിശക്തമായ വൈറസുകള്‍ ലോകത്ത് പൊട്ടിപ്പുറപ്പെട്ടേക്കാം. നമുക്ക് അതീവ ജാഗ്രത തുടരേണ്ടിയിരിക്കുന്നു.

പാഠം രണ്ട്, സ്വയം പരിസ്ഥിതി ശുചീകരണം. നിര്‍ബന്ധിതം എങ്കിലും 50 ദിവസത്തില്‍ അധികം ലോകം മുഴുവനും അടഞ്ഞു കിടക്കുക. ഒരു മിനിട്ട് പോലും മാറ്റി വയ്ക്കാന്‍ കഴിയാതെ തിരക്കോട് തിരക്കില്‍ ഓടിനടന്ന നമുക്ക് ചിന്തിക്കാന്‍ പോലും ആകുമായിരുന്നില്ല ഈ നടപടി. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ചൈന തങ്ങളുടെ വ്യൂഹാന്‍ എന്ന ഒരു വലിയ നഗരം അടച്ചു എന്ന് കേട്ടപ്പോള്‍ നമുക്ക് അത്ഭുതമായി. ഇതെങ്ങനെ സംഭവിക്കും? എന്നാല്‍ നമുക്ക് ഇപ്പോള്‍ ആ യാഥാര്‍ത്ഥ്യം ബോധ്യമായി. അടച്ചിടലിന്‍റെ ഏതാണ്ട് രണ്ടു മാസം പിന്നിടുമ്പോള്‍ നാം അറിയുന്നു നമ്മള്‍ ഓടിയത് എല്ലാം കൂടുതലും അനാവശ്യവുമായിരുന്നു എന്ന്. പ്രകൃതി വിഭവങ്ങളുടെ ചൂഷണം, വായു മലിനീകരണം, ജലസ്രോതസ്സ് മാലിന്യവല്‍ക്കരണം, എന്നിവ കുറഞ്ഞു. ആഘോഷങ്ങളും ശബ്ദകോലാഹലങ്ങളും ഇല്ല. മറ്റു ജീവജാലങ്ങളുടെ സുഗമമായ പരിചംക്രമണം സാധ്യമായി. വീടും പരിസരവും നാടും നഗരവും ശുദ്ധിയായിക്കൊണ്ടിരിക്കുന്നു. പരിമിതികളേയും പരാതികളേയും സമചിത്തതയോടെയും യാഥാര്‍ത്ഥ്യ ബോധത്തോടെയും കാണാന്‍ നാം പഠിച്ചു കൊണ്ടിരിക്കുന്നു. ഉപഭോക്താവ് എന്ന നിലയില്‍ ചിലവ് ചുരുക്കാനും നാം പഠിച്ചു. ഈ പ്രകൃതി എന്‍റേത് ആണ്. ഞാന്‍ അതിനെ സംരക്ഷിക്കണം. എനിക്ക് വേണ്ടിയും, എന്‍റെ സഹോദരങ്ങള്‍ക്ക് വേണ്ടിയും കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയും. തലമുറകള്‍ക്ക് വേണ്ടിയും എന്ന് നാം മനസ്സിലാക്കുന്നു.

പാഠം മൂന്ന്, ഭയമല്ല ജാഗ്രതയാണ് വേണ്ടത്. ജനത്തിന്‍റെ ഭയവും ഉത്കണ്ഠയും അത്യാഗ്രഹവും ചൂഷണം ചെയ്ത് എല്ലാ വിഭാഗം മതാധിപത്യവും നേതൃത്വവും തങ്ങളുടെ ദൈവങ്ങളെപ്പോലും നിഷേധിക്കുന്ന തലത്തിലേക്ക് വളരുകയും രാഷ്ട്രീയ നേതൃത്വങ്ങളിലേക്ക് ആഴ്ന്നിറങ്ങാന്‍ കരുത്താര്‍ജ്ജിക്കുകയും വിശ്വാസികളുടെ ബൗദ്ധിക മണ്ഡലത്തില്‍ വൈറസ് പോലെ പടരുകയും സമ്പത്തും നീതിന്യായ വ്യവസ്ഥകളും സ്വന്തം സ്വാര്‍ത്ഥതയ്ക്കും ആര്‍ഭാടത്തിനുമായി മാത്രം വിനിയോഗിക്കുകയും ചെയ്യുന്ന ന്യൂനപക്ഷമായി മാറി. മതമല്ല മനുഷ്യനാണ് വലുതെന്നും ഈ മഹാമാരി കാട്ടിത്തന്നു. ഭയപ്പെടാതെ ജാഗ്രതയോടെ വൈദ്യശാസ്ത്രത്തെ ആശ്രയിക്കാന്‍ നാം പഠിച്ചു. ലോകത്ത് പലപ്പോഴായി വന്നു മരണം വിതച്ചുകൊണ്ട്; കോടിക്കണക്കിനു മനുഷ്യരുടെ ജീവനെടുത്ത മഹാമാരികളില്‍ ഒന്നുപോലും വിശ്വാസികള്‍ – അവിശ്വാസികള്‍, പ്രാര്‍ത്ഥിക്കുന്നവര്‍ – പ്രാര്‍ത്ഥിക്കാത്തവര്‍, ആ ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ – ഈ ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ എന്ന വ്യത്യാസങ്ങള്‍ നോക്കിയല്ല കൊന്നുതള്ളിയത്. താന്‍ ഏതു ദൈവത്തില്‍ വിശ്വസിക്കുന്നവനാണ്, എത്ര നേരമാണ് പ്രാര്‍ത്ഥിക്കുന്നത്, എത്ര മാത്രമാണ് അമ്പലങ്ങളിലേയും പള്ളികളിലേയും ഭണ്ഡാരപ്പെട്ടിയില്‍ കൊണ്ടിടുന്നത്, എവിടെയെല്ലാം ആണ് തീര്‍ത്ഥാടനം പോകുന്നത്, എത്രപേരെയാണ് വിശ്വാസികളാക്കി മാറ്റിയത് എന്നതിനെയൊന്നും അടിസ്ഥാനമാക്കിയല്ല രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുന്നതും പ്രവേശിക്കാതിരിക്കുന്നതും ജിവനെടുക്കുന്നതും എടുക്കാതിരിക്കുന്നതും. മറിച്ച്, അനാരോഗ്യകരമായ ചുറ്റുപാടുകളെ അതിജീവിക്കാന്‍ നാം എത്രമാത്രം കഴിവുള്ളവനാണ് എന്നതിനെ മാത്രം ആശ്രയിച്ചാണിരിക്കുന്നത് (Survival of the Fittest).

പാഠം നാല്, സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം. ഈ നൂറ്റാണ്ട് സംഭാവന നല്കിയ ഏറ്റവും മികച്ച രാഷ്ട്രീയ ഭരണക്രമം-ജനാധിപത്യം. ജനങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി തിരഞ്ഞെടുക്കുന്ന ജനങ്ങളുടെ ഭരണം. സ്വാതന്ത്ര്യം ആണ് അതിന്‍റെ ആണിക്കല്ല്. തിരഞ്ഞെടുക്കാനുള്ള, അറിയാനുള്ള, ചോദ്യം ചെയ്യാനുള്ള, വിമര്‍ശിക്കാനുള്ള, തിരിച്ച് വിളിക്കാനുള്ള സ്വാതന്ത്ര്യം. ചൈനയിലും അതുപോലുള്ള ഏകാധിപത്യ രാജ്യങ്ങളിലും ഈ മഹാമാരിയുടെ യഥാര്‍ത്ഥ ചിത്രം എന്ത് എന്ന് അവര്‍ പറയുന്നത് വിശ്വസിക്കുകയല്ലാതെ നിവര്‍ത്തിയില്ല. അതു പോലെ ഈ രോഗം സ്വാഭാവികമായി പൊട്ടിപ്പുറപ്പെട്ടതാണോ അതോ കൈയബദ്ധം പറ്റിയതാണോ അതുമല്ലെങ്കില്‍ മനഃപൂര്‍വ്വമുളള മനുഷ്യനിര്‍മിതി ആണോ എന്ന് പോലും വ്യക്തമല്ല. എന്നാല്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ സാമ്പത്തികമായി ഏറെ പിന്നിലാണ് എങ്കിലും സമ്പത്തിനേക്കാള്‍ വലുത് ഇവിടുത്തെ ജനങ്ങളുടെ ജീവനാണ് എന്ന തിരിച്ചറിവില്‍ കൊറോണക്ക് എതിരേ പൊരുതുന്നത് ചാരിതാര്‍ത്ഥ്യത്തോടെ നാം കാണുന്നു. തുറന്ന ചര്‍ച്ചയിലൂടെയും പരസ്പര ധാരണയിലൂടെയും ഉറച്ച തീരുമാനങ്ങള്‍ എടുത്ത് ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷയ്ക്കും സംരക്ഷണം നല്‍കി പ്രവര്‍ത്തിക്കുക എന്നത് ഒരു ജനാധിപത്യ സര്‍ക്കാരിനല്ലാതെ മറ്റ് എന്ത് സംവിധാനത്തിനാണ് കഴിയുക. നീണ്ടകാലത്തെ അടച്ചുപൂട്ടല്‍ സാമ്പത്തിക രംഗത്ത് അപകടകരമാംവിധം തളര്‍ച്ചയുണ്ടാക്കും എന്ന് മനസ്സിലാക്കുന്ന അമേരിക്കന്‍ ഭരണകൂടം ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍ തയ്യാറാകുമ്പോള്‍ പോലും അതിനെ വിമര്‍ശിക്കുന്നതിനും തീരുമാനങ്ങള്‍ തിരു ത്തിക്കുന്നതിനും കഴിയുന്നത് ജനാധിപത്യ രാജ്യമായ അവിടെയും ജനങ്ങള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം ഒന്നുകൊണ്ട് മാത്രമാണ്. ജനക്ഷേമ പ്രവര്‍ത്തനങ്ങളും സാമൂഹിക നീതിയും സുരക്ഷിതത്വവും ജാതി മത വര്‍ഗ്ഗ വര്‍ണ്ണ ഭേദമന്യേ എല്ലാവര്‍ക്കും ലഭ്യമാകുന്നു എന്ന് ഉറപ്പുവരുത്തുമ്പോള്‍ ഈ ജനാധിപത്യ സംവിധാനത്തില്‍ സോഷ്യലിസം ഉള്‍ച്ചേരുന്നു. കൊറോണ പോലൊരു വൈറസിന്‍റെ മുമ്പില്‍ മതമോ ജാതിയോ വര്‍ഗ്ഗമോ ഭാഷയോ പ്രദേശമോ പ്രായമോ സ്ത്രീയോ പുരുഷനോ കുട്ടിയോ വയോധികനോ സമ്പന്നനോ ദരിദ്രനോ അധികാരിയോ പുരോഹിതനോ ഒന്നുമില്ല. മനുഷ്യന്‍ മാത്രം. അവന്‍ രോഗിയാണോ അല്ലയോ എന്നതു മാത്രം. രോഗിയെങ്കില്‍ ഒരേ പരിഗണനയും പരിചരണവും. ഇതും ജനാധിപത്യ രാഷ്ട്രത്തിന്‍റെ മാത്രം പ്രത്യേകതയാണ്.

പാഠം അഞ്ച്, ഉത്കൃഷ്ടമായ പൗരബോധവും ദേശീയതയും. 'ഭാരതമെന്നു കേട്ടാല്‍ അഭിമാന പുരിതമാവണം അന്തരംഗം, കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര ഞരമ്പുകളില്‍.' ഇത് പഴമൊഴി. ഇപ്പോള്‍ ഇവിടെ ഉചിതമായത് 'ഒരേ ഒരിന്ത്യ ഒരൊറ്റ ജനത.' നമ്മുടെ മുമ്പില്‍ എതിരിടാന്‍ ഇപ്പോള്‍ ഒരു വൈറസ് മാത്രം. ലോകജനത മുഴുവന്‍ തങ്ങളുടെ പൗരന്മാരുടെയും തങ്ങളോടൊപ്പമുളള മറ്റു രാജ്യക്കാരുടെയും ജീവന്‍ നിലനിര്‍ത്താന്‍ ഒത്തൊരുമയോടെ കൈകോര്‍ത്തു നില്‍ക്കുന്നു. ഇവിടെ ഇപ്പോള്‍ രണ്ടു ചേരികളേ ഉള്ളൂ. മനുഷ്യനും മഹാമാരിയും. മറ്റെല്ലാ വൈവിധ്യങ്ങളും വ്യത്യസ്തതകളും അപ്രസക്തം.

പാഠം ആറ്, പ്രാമുഖ്യവും മുന്‍ഗണയും നേടുന്ന പൊതുമേഖല. മത്സരാധിഷ്ഠിത കമ്പോള സമ്പത്ത് വ്യവസ്ഥിതിയില്‍ പിടിച്ചു നില്‍ക്കാനാവാതെ ആടിയുലയുകയായിരുന്നു ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍. കൊറോണ വൈറസ് ഈ ചിന്താഗതിക്ക് മാറ്റം വരുത്തിയെന്ന് മാത്രമല്ല ഒരു ഗവണ്‍മെന്‍റിന്‍റെ ഉത്തരവാദിത്വവും മുന്‍ഗണനയും ഏതേത് മേഖലയില്‍ ആയിരിക്കണം എന്നും കൂടി ചൂണ്ടിക്കാണിച്ചു തരുന്നു. രാജ്യസുരക്ഷയ്ക്ക് പ്രതിരോധ വകുപ്പ് എന്നപോലെ ജനങ്ങളുടെ ജീവന്‍റെ നിലനില്‍പിന് രോഗപ്രതിരോധം. അതു കൊണ്ട് ആതുരസേവന രംഗവും (ശുശ്രൂഷ, ചികിത്സ, പരിപാലനം, പഠനം, ഗവേഷണം തുടങ്ങിയ ആതുരശുശ്രൂഷാ രംഗത്തെ മുഴുവന്‍ സേവനങ്ങളും പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ വിദ്യാഭ്യാസവും (പ്രീ പ്രൈമറി തലം മുതല്‍ ഉന്നത വിദ്യാഭ്യാസ ശാസ്ത്ര സാങ്കേതിക ഗവേഷണം വരെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ആവുക) പൊതുമേഖലയില്‍ ആയിരിക്കേണ്ടത് ആണ് എന്ന വീണ്ടുവിചാരം നമ്മുടെ കണ്ണുതുറപ്പിക്കുന്നു. ഇവിടെ ലാഭക്കൊയ്ത്തും കൊതിയുമല്ല ലക്ഷ്യം ആവേണ്ടത്. ഇതിനോടൊപ്പം നീതിന്യായ വ്യവസ്ഥയുടെ നിലനില്‍പ്പും നിര്‍വ്വഹണവും ഉറപ്പാക്കല്‍, ക്രമസമാധാന നില പരിപാലനം, ഗുണമേന്മയുള്ള അടിസ്ഥാന സൗകര്യ വികസനം (ഗതാഗത-ഊര്‍ജ്ജ-വാര്‍ത്താ വിനിമയ ശൃംഖല), സാമൂഹിക ക്ഷേമം, ഭക്ഷ്യ സുരക്ഷ, വയോജനങ്ങളുടെയും നിരാലംബരുടെയും പുനരധിവാസം, സംരക്ഷണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവ നിശ്ചയമായും സര്‍ക്കാരിന്‍റെ പൂര്‍ണ്ണ നിയന്ത്രണത്തിലും നിയമ വിധേയവും ആയിരിക്കണം എന്ന് നാം തിരിച്ചറിയണം.

പാഠം ഏഴ്, കര്‍ഷകനും കൃഷിയും. എക്കാലവും കരുതലോടെ സംരക്ഷിക്കേണ്ട മേഖല. ഈ ലോക്ക്ഡൗണ്‍ കാലയളവില്‍ മനുഷ്യന്‍ പ്രതീക്ഷിക്കുന്നതും കൈനീട്ടുന്നതും വിശപ്പടക്കാനുളള ആഹാരത്തിന് വേണ്ടിയാണ്. മറ്റെന്തും മാറ്റിവയ്ക്കാം എന്ന് നാം തിരിച്ചറിഞ്ഞു. ബംഗാള്‍ ഫാമിനും ആഫ്രിക്കന്‍ നാടുകളിലെ പട്ടിണിയും കൊറോണ വരുത്തിയ വിപത്തിനേക്കാള്‍ ഏറെ മരണം വിതച്ചിരുന്നെന്ന് നാം ഓര്‍മ്മിക്കണം. ഒരുകൂട്ടം ആളുകളുടെ അത്യാര്‍ത്തിക്കു മുന്‍പില്‍ മറ്റൊരു കൂട്ടര്‍ പട്ടിണിയാല്‍ മരിച്ചുവീണു. കാര്‍ഷിക മേഘലയുടെ സന്തുലിതമായ ക്രമീകരണവും പരിപാലനവും മാത്രമാണ് ഇതില്‍ നിന്നുള്ള പോംവഴി. ഏത് തരം ദുരന്തം (അത് പ്രകൃതിജന്യമായാലും മനുഷ്യനിര്‍മിതമായാലും) വന്നാലും ആദ്യ-അവസാനം ദുരിതം അനുഭവിക്കുന്നത് ഈ പാവം കര്‍ഷകര്‍ ആണെന്ന് നാം അറിയണം. ഒന്നുകില്‍ വിതയ്ക്കുന്ന/വിളവിറക്കുന്ന സമയത്ത് അല്ലെങ്കില്‍ വിളവ് എടുക്കുന്ന സമയത്ത് ദുരന്തം എത്തും. ഈ തിരിച്ചറിവില്‍ കൃഷിയേയും കര്‍ഷകനേയും നെഞ്ചോട് ചേര്‍ത്ത് പിടിക്കാന്‍ ഭരണകൂടവും നാമും സദാ ജാഗരൂകരായിരിക്കണം എന്ന് തിരിച്ചറിയണം.

പാഠം എട്ട്, ഭദ്രമായ ക്രമസമാധാന നില. കൊറോണയും അതേ തുടര്‍ന്നുളള ലോക്ക്ഡൗണും നാട്ടിലെ ക്രമസമാധാന നില എത്രമേല്‍ ഭദ്രമാക്കിയിരിക്കുന്നു. കളവിന്‍റെയും കൊലപാതകത്തിന്‍റയും അക്രമത്തിന്‍റെയും പീഢനങ്ങളുടെയും വാര്‍ത്തകള്‍ ഇല്ല എങ്ങുനിന്നും. അനുസരണയില്ലാതെ കറങ്ങി നടക്കുന്നവരെ തിരികെ വീട്ടിലേക്ക് കയറ്റുക എന്ന പണിമാത്രം പോലീസിന്. ലോകത്ത് ഭീകരാക്രമണവും വളരെ കുറഞ്ഞു. ഉര്‍വ്വശീശാപം ഉപകാരം ആയതുപോലെ.

പാഠം ഒമ്പത്, തനതു സംസ്കാരം കുടുംബം. പരസ്പരം കെട്ടിപ്പിടിച്ചും ആലിംഗനം ചെയ്തും ഏതു പ്രായത്തിലുള്ളവരെയും സ്ത്രീ പുരുഷ ഭേദമന്യേ സ്വീകരിച്ചിരുന്ന പാശ്ചാത്യ സംസ്കാരത്തിന് കിട്ടിയ ഏറ്റവും നല്ല അടിയാണ് കൊറോണ വൈറസ് നല്‍കിയത് എന്ന് ചിലപ്പോള്‍ പറയേണ്ടി വരും. പരസ്പര ബഹുമാനത്തോടെയും ആദരവോടെയും കൈകുപ്പി അഭിവാദനം ചെയ്യുന്ന ആര്‍ഷഭാരത സംസ്കാരം തന്നെയാണ് ശ്രേഷ്ഠം എന്ന് സമ്മതിക്കേണ്ടി വരും നമുക്ക്. വ്യക്തി ശുചിത്വവും സാമൂഹിക അകലവുമാണ് കൊറോണയെ നേരിടാനുള്ള വജ്രായുധം എന്ന് മനസ്സിലാവുന്നു. നവമാധ്യമങ്ങളിലൂടെയും ഇന്‍റര്‍നെറ്റിലൂടെയും പറന്നു വന്ന അശ്ലീല ചിത്രങ്ങളും വാര്‍ത്തകളും നമ്മുടെ എത്രയോ യുവാക്കളെയും കുഞ്ഞുങ്ങളെയും ആണ് തകര്‍ത്തെറിഞ്ഞത്. എത്രയെത്ര കുടുംബങ്ങളാണ് അതിനാല്‍ അസ്വസ്ഥമായത്. ഭാരത സംസ്കാരത്തിന്‍റെ കെട്ടുറപ്പു മൂലം കുടുംബം ആണെന്നും കുടുംബാംഗങ്ങള്‍ തമ്മിലുള്ള സൗഹൃദവും സംരക്ഷണവും ആണ് സാമൂഹിക സുരക്ഷയ്ക്ക് അനിവാര്യമായത് എന്നും നാം തിരിച്ചറിയുന്നു.

പാഠം പത്ത്, മദ്യം ശാശ്വത പരിഹാരവും വരുമാനമാര്‍ഗ്ഗവും അല്ല. മദ്യം വില്‍പനയിലൂടെ പെട്ടെന്ന് ഒരു വരുമാനം സര്‍ക്കാര്‍ ഖജനാവിലേക്ക് വരും എന്നതൊഴിച്ചാല്‍ ആയുരാരോഗ്യ രംഗത്തും സാമ്പത്തിക രംഗത്തും അതുണ്ടാക്കുന്ന വിപത്തും നഷ്ടവും ചില്ലറയല്ല. മദ്യം ലഭിക്കാതെ ആളുകള്‍ ആത്മഹത്യ ചെയ്യും അല്ലെങ്കില്‍ അവര്‍ വാറ്റ് ചാരായ ഉത്പാദനവും വിപണനവും വര്‍ദ്ധിപ്പിക്കും എന്ന് ജനങ്ങളുടെ ദുരിത കാലത്തും അവരെ കൊഞ്ഞനം കുത്തിയും കളിയാക്കിയും മദ്യ വില്‍പന ഉഷാറാക്കണം എന്ന് പറയുന്ന ധനകാര്യമന്ത്രി കേരളത്തില്‍ അല്ലാതെ മറ്റൊരിടത്തും കാണുകയില്ല. ബഹു. കേരള മുഖ്യമന്ത്രിയും ബഹു. ആരോഗ്യമന്ത്രിയും അതിനോട് ചേര്‍ന്നു നില്‍ക്കുന്ന സകല മനുഷ്യരും കൊറോണയെന്ന മഹാമാരിയെ ചെറുക്കാന്‍ രാവും പകലും അത്യദ്ധ്വാനം ചെയ്യുമ്പോഴാണ് ധനകാര്യ വകുപ്പിന്‍റെ ഭാഗത്തുനിന്ന് മദ്യവില്‍പ്പന ഉഷാറാക്കാനുള്ള നീക്കം. ശമ്പളം കൊടുക്കണമെങ്കില്‍ മദ്യകച്ചവടം നടക്കണമത്രേ! വ്യാജവാറ്റുകാരെ പിടിക്കാനല്ലേ ഇവിടെ പോലീസും കോടതിയും എല്ലാം. കൃത്യമായ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിക്കാതെ ഖജനാവ് കാലിയാണെന്നും ജനങ്ങളുടെ കൈവശം പണലഭ്യത ഉറപ്പുവരുത്തേണ്ട ഈ സാമ്പത്തിക സ്ഥിതിവിശേഷത്തില്‍ കൊടുക്കേണ്ട കൂലി തിരികെ വാങ്ങാനുള്ള കുറുക്കു വഴിയായ 'സാലറി ചലഞ്ച്' എന്ത് സാമ്പത്തിക ശാസ്ത്ര തത്ത്വമാണെന്ന് മനസ്സിലാവുന്നില്ല. Liquor എന്നത് ഒരു unproductive spending ആണ്. വാങ്ങി അടിക്കുന്നവര്‍ രോഗിയാകും. മാഫിയ നന്നാകും. സര്‍ക്കാരിന് കിട്ടുന്ന നികുതി താത്കാലികമാണ്. അതിലേറെ മറ്റു വഴികളില്‍ നഷ്ടമാകും എന്ന് ഇനിയെങ്കിലും തിരിച്ചറിയുക.

സാധ്യതകള്‍
ജീവഹാനി വരുത്തുന്നത് എങ്കിലും കൊറോണ വൈറസ് കേരളത്തിന്‍റെ മുന്‍പില്‍ തുറന്നിടുന്നത് നിരവധിയായ സാധ്യതകളാണ്. ലോകത്ത് എല്ലായിടത്തുമായി പടര്‍ന്നു കിടക്കുന്നതും അതുപോലെ ഏതു സാഹചര്യത്തിലും ജീവിക്കാന്‍ ധൈര്യവും കൗശലവും ഉള്ളവരാണല്ലോ മലയാളി സമൂഹം.

സമചിത്തതയോടെയും വിവേകത്തോടെയും അത് നമുക്ക് മുതലാക്കാം. പ്രളയത്തിന് ശേഷം നവകേരള നിര്‍മിതിക്ക് ഇറങ്ങിയത് പോലെയും ഇനിയും നിര്‍മ്മിക്കാത്ത എക്സ്പ്രസ് ഹൈവേയുടെ ടോള്‍ നിരക്ക് പ്രഖ്യാപിച്ചും സ്വപ്നത്തിലുള്ള ഹൈ-സ്പീഡ് ട്രെയിനിന്‍റെ ടിക്കറ്റ് നിരക്ക് പരസ്യപ്പെടുത്തിയും വിഡ്ഢികളായതുപോലെ ആകരുത് ഇത്തവണയും. എന്തൊക്കെയാണ് ഈ ദുരന്തം നമുക്കായി തുറന്നു തരുന്ന സാധ്യതകള്‍ എന്ന് നോക്കാം.

1. ആതുര സേവന രംഗം
09-04-2020 ന് ഇറങ്ങിയ വാര്‍ത്ത. 'തിരുവനന്തപുരം: കോവിഡ് 19 ബാധിച്ച് അതീവ ഗുരുതരാവ സ്ഥയിലുള്ളവരുള്‍പ്പെടെ 8 വിദേശികളുടേയും ജീവന്‍ രക്ഷിച്ച് കേരളം. ഇറ്റലിയില്‍ നിന്നുള്ള റോബര്‍ട്ടോ ടൊണോസോ (57), യുകെയില്‍ നിന്നുള്ള ലാന്‍സണ്‍ (76), എലിസബത്ത് ലാന്‍സ് (76), ബ്രയാന്‍ നെയിന്‍ (57), ജാനറ്റ് ലൈ (83), സ്റ്റീവന്‍ ഹാന്‍കോക്ക് (61), ആനി വില്‍സണ്‍ (61), ജാന്‍ ജാക്സണ്‍ (63) എന്നിവരാണ് രോഗമുക്തി നേടിയത്. സ്വന്തം രാജ്യത്ത് ലഭിക്കുന്നതിനേക്കാള്‍ മികച്ച ചികിത്സ കേരളത്തില്‍ നിന്നും ലഭിച്ചുവെന്നാണ് ഇവര്‍ പറയുന്നത്. കേരളത്തിന് അഭിമാനകരമായ പ്രവര്‍ത്തനം നടത്തിയ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരേയും ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു.

ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ pharmaceutical കമ്പനി കയറ്റുമതി വഴി നേടിയത് ഏതാണ്ട് 22 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ ആണ്. കൊറോണയെ ചെറുക്കാന്‍ ഇന്ത്യ ഇക്കഴിഞ്ഞ ദിവസം കയറ്റുമതി ചെയ്ത Hydroxy chloroquine hgn വഴി നമുക്ക് ലഭിക്കുന്നത് 1000 കോടി അമേരിക്കന്‍ ഡോളറാണ്.

CIPLA എന്ന പേരിലറിയപ്പെടുന്ന 1935-ല്‍ ഇന്ത്യയില്‍ സ്ഥാപിതമായ ഇന്‍ഡസ്ട്രിയല്‍ ഫാര്‍മ സ്യൂട്ടിക്കല്‍ ലബോറട്ടറിയെന്ന മരുന്നുകമ്പനിയാണ് മലേറിയ, ല്യൂപ്പസ്, റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്നിവയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിന്‍ ഉല്‍പാദിപ്പിക്കുന്ന ഇന്ത്യയിലെ പ്രധാന കമ്പനി.

കൊറോണയെ ചെറുക്കാനുള്ള മരുന്നുകളുടെയും ടെസ്റ്റിങ്ങ് ഉപകരണങ്ങളുടെയും സുരക്ഷാ കവചങ്ങളുടെയും ഗവേഷണങ്ങള്‍ എല്ലാം കേരളത്തിലെ മെഡിക്കല്‍ ലബോറട്ടറികളിലും എണ്ണംപറഞ്ഞ ഗവേഷണ കേന്ദ്രങ്ങളിലും നടക്കുന്നു. ഏറ്റവും പുതിയതായി തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് രൂപപ്പെടുത്തിയ കൊറോണ ടെസ്റ്റിങ്ങ് (ജനിതക മാറ്റ വിശകലന) ഉപകരണത്തിന്‍റെ ഏതാണ്ട് 2 – 2.5 ലക്ഷം വിലവരും എന്നാണ് കണക്കാക്കിയിട്ടുള്ളത്. ഏറ്റവും ചിലവുകുറഞ്ഞ രീതിയിലും എത്രയും വേഗത്തിലും അതീവ കൃത്യതയോടെയും ഈ ഉപകരണത്തിലൂടെ രോഗ നിര്‍ണയം നടത്താമെന്ന് ICMR സര്‍ട്ടിഫൈ ചെയ്താല്‍ വാണിജ്യാടിസ്ഥാനത്തിലുളള നിര്‍മാണത്തിലൂടെയും വിപണനത്തിലൂടെയും കയറ്റുമതിയിലൂടെയും വന്‍ തുക നമുക്ക് നേടാനാകും. ഇത്തരം ഗവേഷണങ്ങളും കണ്ടെത്തലുകളും മറ്റ് രോഗങ്ങളുടെ നിവാരണ കാര്യത്തിലും ആവേശത്തോടെ തുടരണം. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത സുരക്ഷാകിറ്റുകളില്‍ അധികവും ഗുണനിലവാരം ഇല്ലാത്തത് (തനി ചൈനീസ്) ആണെന്ന് നാം കണ്ടു. ഇനിയും ഇങ്ങനെ വന്‍ തുക മുടക്കി ഇത്തരം കൂതറ സാധനങ്ങള്‍ ഇറക്കുമതി ചെയ്ത് കൂട്ടുന്നതിനുപകരം സാധിക്കുന്നവയെല്ലാം തദ്ദേശീയമായി വികസിപ്പിക്കാനും നിര്‍മിക്കാനും നാം തയ്യാറാവണം. അതിനുള്ള സങ്കേതിക ജ്ഞാനവും കഴിവും നമുക്ക് ഉണ്ടെന്ന് തിരിച്ചറിയുക. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഡോക്ടര്‍മാരേയും നഴ്സുമാരേയും സംഭാവന ചെയ്യുന്ന ഒരു പ്രദേശം എന്ന നിലയില്‍ കേരളത്തിന് അത്ഭുതങ്ങള്‍ കാഴ്ചവയ്ക്കാനാകും. വിദേശത്ത് ഉത്പാദിപ്പിക്കുന്ന മെഷീനുകള്‍ തോന്നിയപോലെ ഉപയോഗിക്കുകയും അവരുടെ മരുന്നുകള്‍ക്ക് കുറിപ്പ് എഴുതി കമ്മീഷന്‍ വാങ്ങിക്കൂട്ടുകയുമല്ല വേണ്ടത്. മറിച്ച്, സ്വന്തം ഗവേഷണ ശാലകളില്‍ രൂപപ്പെടുത്തുന്ന മരുന്നുകള്‍ ഉപകരണങ്ങള്‍ (സാലറി ചലഞ്ച് അല്ല; ഗവേഷണ ചലഞ്ച് ആണ് അഭികാമ്യം എന്നാരോ സൂചിപ്പിച്ചു കണ്ടു) എന്നിവ സ്വന്തം ജനതയുടെ സുരക്ഷയ്ക്കും കയറ്റുമതിക്കും വേണ്ടി ഉപയോഗപ്പെടുത്തുക എന്നതായിരിക്കണം നമ്മുടെ പ്രഖ്യാപിത നയം.

2. വിദ്യാഭ്യാസ-ശാസ്ത്ര സാങ്കേതിക-രംഗം
കൊറോണയുടെ കെടുതികള്‍ കെട്ടടങ്ങുമ്പോള്‍ മനുഷ്യ വിഭവശേഷിയുടെ വന്‍ ഡിമാന്‍റ് ആണ് ലോകമെമ്പാടു നിന്നും ഉണ്ടാവാന്‍ പോകുന്നത്. ലോകജനത ഇന്നോളം പടുത്തുയര്‍ത്തിയ ശാസ്ത സാങ്കേതിക വിദ്യാഭ്യാസ ആരോഗ്യ ധനകാര്യ സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തനം തുടര്‍ന്നു കൊണ്ട് പോകേണ്ടതുണ്ടല്ലോ. അത് കണ്ടറിഞ്ഞുവേണം മനുഷ്യ വിഭവശേഷിയുടെ പരിപോഷണവും സമാഹരണവും. പഴയതുമാതിരിയല്ല, യോഗ്യതയുടെയും കഴിവിന്‍റെയും പ്രാവീണ്യത്തിന്‍റേയും അടിസ്ഥാനത്തില്‍ ആയിരിക്കും ലോകരാഷ്ട്രങ്ങളിലേക്ക് ഇനിയുള്ള ഒഴുക്ക്. അപ്പോള്‍ മനുഷ്യവിഭവശേഷി കയറ്റുമതിയിലൂടെ (അവര്‍ നാട്ടിലേക്ക് അയയ്ക്കുന്നത് സ്വീകരിക്കുക മാത്രമല്ല) വിദേശനാണ്യം നേടാന്‍ നമുക്ക് ആവണം. അതിന് ഉതകുന്ന തരത്തില്‍ വിദ്യാഭ്യാസം പൊതുമേഖലയില്‍ ഗുണനിലവാരത്തോടെ നടപ്പിലാക്കണം. ലാഭേച്ഛ മുന്നില്‍ കണ്ട് സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പടച്ചുവിടുന്ന ഡിഗ്രികള്‍ ഗുണം ചെയ്യില്ല. ഒരു കാലത്ത് സ്വാശ്രയ കോളജുകള്‍ക്ക് എതിരെ സമരം നടത്തിയവരാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരുകള്‍. എന്നാല്‍ ഇപ്പോള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പില്‍നിന്ന് ഇറങ്ങുന്ന ഉത്തരവുകളില്‍ അധികവും സ്വാശ്രയ കോളജുകള്‍ക്കും കോഴ്സുകള്‍ക്കും ഉള്ള അനുമതിയാണ്. ഒപ്പം സര്‍ക്കാര്‍ നേരിട്ടു നടത്തുന്നതും സര്‍ക്കാര്‍ നിയന്ത്രണത്തിലുളളതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളെ തളര്‍ത്തുകയും തകര്‍ക്കുകയും ചെയ്യുന്ന നടപടികളും ഉത്തരവുകളും. ഈ സ്ഥാപനങ്ങളില്‍ പുതിയ കോഴ്സുകളില്ല, നിയമനങ്ങളില്ല, ഉള്ള തസ്തികകള്‍ വെട്ടിക്കുറയ്കുക, നിരന്തരം അനധ്യാപക-അധ്യാപക ദ്രോഹ (ശബള പരിഷ്കരണം ഉള്‍പ്പെടെ തടഞ്ഞുവെച്ച്) നടപടികളുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് തോന്നിയമാതിരി മുന്നോട്ട് പോകുന്നു. ഇതില്‍നിന്നും നാം പിന്‍മാറണം. കേരള ജനത ഒരുകാലത്ത് ലോകമെങ്ങും ചേക്കേറിയത് മറ്റേതൊരു സംസ്ഥാനത്തെയും പിന്നിലാക്കി കേരളം കൈവരിച്ച വിദ്യാഭ്യാസ പുരോഗതിയുടെ ഫലമായിരുന്നു. ലാഭക്കൊതി മൂത്തും നഷ്ടങ്ങളുടെ കണക്ക് നിരത്തിയും പൊതുമേഖലാ വിദ്യാഭ്യാസത്തെ നാം ഇനിയും തകര്‍ക്കരുത്. എല്ലാവര്‍ക്കും പ്രാപ്യമാകുന്ന ഗുണനിലവാരം ഉള്ള വിദ്യാഭ്യാസം. അതാവട്ടെ ഈ മേഖലയില്‍ നമ്മുടെ പ്രഖ്യാപിത നയം.

3. നിര്‍മ്മാണ മേഖല
ഏറ്റവും കൂടുതല്‍ അസംഘടിത തൊഴിലാളികള്‍ (അന്യ സംസ്ഥാനങ്ങളില്‍ നിന്നും വന്നത് ഉള്‍പ്പെടെ) ജീവനോപാധി നേടുന്നത് നിര്‍മ്മാണ മേഖലയിലെ തൊഴിലിലൂടെയാണ്. നിയമാനുസൃതമായും സമയബന്ധിതമായും ഇവ പൂര്‍ത്തിയാക്കാന്‍ വേണ്ടുന്ന എല്ലാ സഹായവും നാം ഈ മേഖലയ്ക്ക് ചെയ്തു കൊടുക്കണം. ധാരാളം നിക്ഷേപ സാധ്യതയുളള ഈ മേഖല സുതാര്യവും സുഗമവും ആവേണ്ടതുണ്ട്. പാര്‍പ്പിട സമുച്ചയങ്ങള്‍ മാത്രമല്ല ധാരാളം സ്ഥാപനങ്ങളും ഗതാഗത സംവിധാനങ്ങളും മറ്റനേകം അടിസ്ഥാന സൗകര്യങ്ങളും നിര്‍മ്മിക്കേണ്ടതുണ്ട്. അതിനുവേണ്ട അസംസ്കൃത വസ്തുക്കളുടെ (മണലും സിമന്‍റും ഉള്‍പ്പെടെ) ലഭ്യതയും വിലയും ഗുണനിലവാരവും നാം ഉറപ്പു വരുത്തേണ്ടതുണ്ട്. ഒരുദാഹരണം പറയാം. വര്‍ഷാവര്‍ഷം വന്നടിയുകയും അടുത്ത വര്‍ഷത്തില്‍ നശിച്ചുപോകുകയും ചെയ്യുന്ന മണല്‍, കേരളം മണല്‍ മാഫിയയ്ക്ക് തീറെഴുതിയപ്പോള്‍ വിലക്കയറ്റമായി പ്രകൃതിയെ നശിപ്പിച്ചുകൊണ്ടുള്ള മണലൂറ്റലും തുടര്‍ന്ന് നിരോധനവുമായി. എന്നാല്‍ നിര്‍മാണത്തിന് ഏറ്റവും അനുയോജ്യമായ പ്രകൃതിദത്തമായ പുഴമണല്‍ ഏറ്റവും താഴ്ന്ന വിലയില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലാക്കിയാല്‍ മാഫിയയേയും ഒഴിവാക്കാം മണല്‍വാരല്‍ തൊഴിലാളികളായ പാവങ്ങള്‍ക്ക് ആശ്രയവും സര്‍ക്കാരിന് ഒരു വരുമാന മാര്‍ഗ്ഗവും ആകും.

4. കര്‍ഷകനും കൃഷിയും
ഒരിക്കലും തകരാതെ തളരാതെ സംരക്ഷിക്കപ്പെടേണ്ടതാണ് കൃഷിയും അനുബന്ധ മേഖലകളും എന്ന് നാം ഇനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു. വിത്തിറക്കലും വളം ചേര്‍ക്കലും വിളവെടുക്കലും വിലനിര്‍ണയവും വിപണനവും പ്രോസസിങ്ങും മൂല്യ വര്‍ദ്ധനവും കയറ്റുമതിയും എല്ലാം അതീവ ജാഗ്രത വേണ്ട ഇടങ്ങളാണ്. ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിനും വന്‍തോതിലുള്ള വിദേശനാണ്യ ശേഖരണത്തിനും ഉതകുന്ന രീതിയില്‍ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചു കൊണ്ടുള്ളത് ആവണം കേരളത്തിലെ നാളെയുടെ കൃഷിരീതികള്‍.

ഇനി ചെയ്യേണ്ടത്
ഇപ്പോള്‍ നമ്മള്‍ കടന്ന് പോകുന്ന സാമ്പത്തിക മാന്ദ്യം cyclical അല്ല, മറിച്ച് structural ആണ്. 1970 കളില്‍ റബര്‍, മറ്റു കാര്‍ഷിക ഉത്പന്നങ്ങള്‍ എന്നിവ, 80 കളില്‍ ഗള്‍ഫ്, 90 കളില്‍ നേഴ്സിങ്, 2000 ആണ്ടില്‍ IT, അമേരിക്ക, യൂറോപ്പ് കുടിയേറിയവര്‍, കേരളത്തിലേക്ക് സമ്പത്ത് കൊണ്ടുവന്നു. 2010 ന് ശേഷം നിശ്ചലമായ, നിര്‍ജീവമായ അവസ്ഥ ഉണ്ട് ഇവിടെ.

കേരളം ഒരു കണ്‍സ്യൂമര്‍ സ്റ്റേറ്റ് ആണ്. ഒരു ഹൈ കോസ്റ്റ് ഇക്കോണമി ആണ്. സര്‍വീസ് സെക്ടര്‍ മാത്രമേ ഉള്ളൂ എന്നെല്ലാം വിറളി പിടിക്കുന്നതില്‍ അര്‍ത്ഥമില്ല. കാലം മാറി. സര്‍വ്വീസ് മേഖല ഇപ്പോള്‍ പൂര്‍ണ്ണമായും നികുതി വിധേയമാണ്. വരുമാനമുള്ളവര്‍ പ്രത്യക്ഷ നികുതിദായകരുമാണ്. ചുരുക്കിപ്പറഞ്ഞാല്‍ CGST/SGST എന്നിവക്ക് ശേഷം കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്‍റുകളുടെ 'ടാക്സ് രാജ്' ആണ് നാട്ടില്‍ നടക്കുന്നത്. അതുകൊണ്ട് ഇവരുടെ നികുതി വരുമാനം കൂടി… ഒപ്പം ചിലവും കൂടി. പക്ഷേ ചിലവില്‍ അധികവും പാഴ്ചിലവ് ആണെന്ന് മാത്രം. ഉദാഹരണത്തിന്, സംസ്ഥാന ചീഫ് സെക്രട്ടറി വരെ എത്തി വിരമിച്ച വ്യക്തിക്ക് കിഫ്ബി ഡയറക്ടറായി നിയമനം നല്‍കി ഏതാണ്ട് 3-3.5 ലക്ഷം രൂപ മാസ ശമ്പളം സര്‍ക്കാര്‍ നല്‍കുന്നുണ്ട് എന്നാണ് കേള്‍വി. അതുപോലെ, മിക്ക കമ്മീഷനുകളുടെയും തലപ്പത്ത് കയറി ഇരിക്കുക വഴി വേറെയും ഭീമമായ നഷ്ടം സര്‍ക്കാര്‍ ഖജനാവിന്. ഹെലികോപ്റ്റര്‍ വാങ്ങലും, ഒരു പണിയും ഇല്ലാതെ ഇരിക്കുന്ന ഭരണപരിഷ്ക്കാര കമ്മീഷനുമൊക്കെ ഈ പാഴ്ചിലവിന്‍റെ നീണ്ട പട്ടികയില്‍ വരും. കടമെടുത്ത് പാഴ്ചിലവ് നടത്തിയാല്‍ ഒരു നാടും നഗരവും വീടും രക്ഷപ്പെടുകയില്ല. അതുപറയുമ്പോള്‍ ശമ്പളം നല്‍കുന്നതിന്‍റെയും പെന്‍ഷന്‍ നല്‍കുന്നതിന്‍റെയും കണക്കുപറയും. ഇത് ഒഴിവാക്കണം എന്നതായിരുന്നു എങ്കില്‍ എല്ലാവരേയും കൊറോണയ്ക്ക് വിട്ടുകൊടുക്കാമായിരുന്നല്ലോ. അതുകൊണ്ട്, കേരളം രക്ഷപെട്ട് പുരോഗതി കൈവരിക്കണമെങ്കില്‍ മേല്‍ സൂചിപ്പിച്ച സാധ്യതകള്‍ എല്ലാം പരമാവധി പ്രയോജനപ്പെടുത്തണം. അതിനു ഇച്ഛാശക്തിയുള്ള ഗവണ്‍മെന്‍റ് ഉണ്ടാവണം, തയ്യാറുള്ള ജനതയും. ചില മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

1. സാമ്പത്തിക രംഗത്ത് വിശ്വാസം ധൈര്യം
ഒന്ന് രണ്ട് ആഴ്ചകൊണ്ട് ഒരു പ്രദേശമാകെ ദുരന്തം വിതച്ചു കൊണ്ട് അവിടുത്തെ ആളുകളുടെ സമ്പാദ്യവും സ്വപ്നങ്ങളും തകര്‍ത്തെറിഞ്ഞ പ്രളയം പോലൊരു ദുരന്തമല്ല കൊറോണ വൈറസ് ഉണ്ടാക്കുന്നത് എന്ന് നാം ആദ്യം മനസ്സിലാക്കണം. ലോകജനത മുഴുവന്‍ രോഗഭീഷണിയുടെ നിഴലിലാണ്. ആര്‍ക്കും ആരെയും പ്രത്യേകമായി സഹായിക്കാന്‍ കഴിയുന്നില്ല. ഒത്തൊരുമിച്ച് നേരിടുക. അതേ നിര്‍വ്വാഹമുള്ളൂ. ഒന്നൊഴിയാതെ സമസ്ത മേഖലയും അടച്ചുപൂട്ടി ഇരിപ്പാണ്. മൊത്തം ബിസിനസ് തകര്‍ച്ചയിലാണ്. തൊഴിലില്ലായ്മ അതിന്‍റെ പാരമ്യത്തില്‍ എത്തി നില്‍ക്കുന്നു. എല്ലാവര്‍ക്കും, സര്‍ക്കാരിനും സ്ഥാപനങ്ങള്‍ക്കും വ്യവസായത്തിനും കൃഷിക്കും കമ്പോളത്തിനും കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും എല്ലാം നഷ്ടം. അപ്പോള്‍ മാര്‍ക്കറ്റിന് ഉണര്‍വ്വേകണം. പണലഭ്യത ഉറപ്പുവരുത്തണം. ആളുകള്‍ കൂടുതല്‍ പണം മാര്‍ക്കറ്റില്‍ ഒരു മടിയും ഭാവിയെക്കുറിച്ചുള്ള ഭയവും കൂടാതെ ചിലവഴിക്കണം. അല്ലാതെ സര്‍ക്കാര്‍ ഒരു പിടിച്ചുപറിക്കാരന്‍റെ റോളില്‍ ഇറങ്ങുന്നത് ഈ അവസരത്തില്‍ നല്ലതല്ല. ആരില്‍ നിന്നെല്ലാമാണ് സര്‍ക്കാര്‍ എടുക്കുക, ആര്‍ക്കെല്ലാമാണ് കൊടുക്കുക, വാഗ്ദാനം ചെയ്തത് കിട്ടുമോ, നാളെ എന്തായിരിക്കും സ്ഥിതി എന്നുള്ള ആശങ്ക ജനങ്ങളില്‍ ഉളവാക്കുന്നത് ശരിയല്ല. ശമ്പളം പിടിച്ചു വയ്ക്കുന്നതിലൂടെ തല് ക്കാലത്തേക്ക് ഒരു 400 കോടി മാറ്റി വയ്ക്കാന്‍ കഴിഞ്ഞേക്കാം. അത് ശാശ്വതമായ പരിപാടിയാണോ? പണ ലഭ്യത ഉറപ്പുവരുത്തേണ്ട ഈ ഘട്ടത്തില്‍ ശമ്പളം തടഞ്ഞു വയ്ക്കുന്നതും വെട്ടിക്കുറക്കുന്നതും ശരിയായ നടപടിയല്ല. ഈ ശമ്പളവും വിവിധ രൂപത്തില്‍ ആഭ്യന്തര വിപണിയില്‍ ചെലവഴിക്കപ്പെടാനുളളത് അല്ലേ. സര്‍ക്കാരിന്‍റെ ദൈനംദിന ഭരണ യന്ത്രം നിയന്ത്രിക്കുന്ന സ്വന്തം ജീവനക്കാരോട് കലിതുള്ളുകയല്ല വേണ്ടത് മറിച്ച് വിശ്വാസത്തില്‍ എടുത്ത് വിവേകത്തോടെ പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. അല്ലാതെ, ധനമന്ത്രി എല്ലാ ദിവസവും പത്രസമ്മേളനം വിളിച്ച് ഇവിടെയൊന്നും കിട്ടിയില്ല, ഖജനാവ് കാലിയാണ് പാക്കേജ് വേണം ശമ്പളം കൊടുക്കാന്‍ കഴിയില്ല മദ്യവില്‍പന കൂട്ടണം എന്നെല്ലാം പറഞ്ഞോണ്ടിരിക്കുന്നത് സാമ്പത്തിക ഉത്തേജനമല്ല. കൊറോണയുടെ ദൂഷ്യഫലമായി ഉണ്ടാകാനിടയുളള സാമ്പത്തിക നഷ്ടം വരാന്‍ പോകുന്നതേ ഉള്ളൂ. അപ്പോള്‍, ഇപ്പോഴേ എല്ലാം കാലിയാണ് എന്ന് പറഞ്ഞാല്‍ ഓരോ മാസവും കിട്ടിയിട്ട് വേണമോ അടുത്തമാസം തള്ളിനീക്കാന്‍? ട്രഷറി നീക്കിയിരിപ്പ് ഒന്നുമില്ലേ? ധന വകുപ്പ് ദിവസ വേതനക്കാരുടെ അവസ്ഥയിലാണോ? സര്‍ക്കാരില്‍ എങ്ങനെ ജനം വിശ്വാസം പ്രകടിപ്പിക്കും? കൊറോണയുണ്ടാക്കുന്ന സാമ്പത്തിക ഭാരം വരാന്‍ പോകുന്നതേയുള്ളൂ.

2. വിലകുറയണം ഡിമാന്‍റ് വര്‍ദ്ധിപ്പിക്കണം
ഒന്നൊഴിയാതെ എല്ലാ മേഖലകളിലും നഷ്ടത്തിന്‍റെ കണക്കുകളാണ് എന്ന് സൂചിപ്പിച്ചുവല്ലോ. ഇവിടെ ഏതെങ്കിലും ഒരു മേഖലക്ക് മാത്രം പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചതുകൊണ്ട് (എല്ലാ മേഖലക്കും കൊടുക്കാനുമാവില്ല) സാമ്പത്തിക ഉത്തേജനവും ഉണര്‍വ്വും ആവുകയില്ല. അതിന് മൊത്തം വിലകുറയണം. രൂപയുടെ മൂല്യം ഉയരണം. ഇപ്പോള്‍ തന്നെ US ഡോളറുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിരക്കിലാണ്.

രാജ്യത്തെ മൊത്തവില കുറയുന്നതിനും സകല മേഖലകള്‍ക്കും ഗുണം ലഭിക്കുന്നതും പെട്രോളിയം – ഡീസല്‍ വില കുറയ്ക്കുന്നതിലൂടെയേ സാധ്യമാവുകയുള്ളൂ. വിവിധ ഉത്തേജക പാക്കേജുകളും fiscal-monetary പോളിസികളിലൂടെ പണലഭ്യത ഉറപ്പു വരുത്താനുളള നടപടികളുമായി മുന്നോട്ടു പോകുമ്പോഴും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നും പെട്രോള്‍-ഡീസല്‍ വില കുറയ്ക്കാനുള്ള ഒരു നടപടിയും സ്വീകരിക്കുന്നില്ല എന്നു മാത്രമല്ല വില അടിക്കടി കൂട്ടുകയാണ് എന്ന് നാം കാണേണ്ടതുണ്ട്. സമസ്ത മേഖലയ്ക്കും ഗുണം ലഭിക്കുന്നതും വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സഹായകരവുമാകുന്ന പെട്രോളിയം വില നിയന്ത്രണത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇരട്ടത്താപ്പ് നയം ആണ് ഇവിടെ വെളിവാകുന്നത്. അന്താരാഷ്ട്ര വിപണിയിലാണെങ്കില്‍ ഇവയുടെ വില കുറഞ്ഞിരിക്കുകയാണ്. ഉത്പന്നവിലയേക്കാള്‍ എത്രയോ അധികമാണ് ഇവയ്ക്ക് നാം നല്‍കി വരുന്ന നികുതി. പണ്ട് സര്‍ക്കാരിന്‍റെ നിശ്ചയ നികുതി വരുമാന മാര്‍ഗ്ഗം ആയിരുന്നു ഇവയെങ്കില്‍ ഇപ്പോള്‍ കാലം മാറി. ഉപ്പുതൊട്ട് കര്‍പ്പൂരം (റബ്ബര്‍ബാന്‍റ് ഉള്‍പ്പെടെ) വരെ സകല ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും CGST യും SGST യും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പിന്നെന്തിന് വരുമാനം കുറഞ്ഞു എന്ന് ഭയപ്പെടണം. അതൊന്ന് വട്ടംചുറ്റി സര്‍ക്കാരിലേക്ക് എത്തുകയല്ലേ ചെയ്യുക. അതായത്, പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കുമ്പോള്‍ സര്‍ക്കാരിന് വരുമാനം കുറയുമെങ്കിലും ജനത്തിന് വിലക്കുറവ് അനുഭവപ്പെടും എന്നതിനാല്‍ അവര്‍ ആ തുക ഉല്‍പ്പന്നങ്ങളിലും സേവനങ്ങളിലും വലിയ അളവില്‍ ചിലവഴിക്കും. CGST/SGST വഴി അത് (ഒരു പക്ഷേ നഷ്ടപ്പെടുന്നതിനേക്കാള്‍ കൂടുതല്‍) സര്‍ക്കാര്‍ ഖജനാവിലേക്ക് തിരികെ എത്തുകയും ചെയ്യും. ഡിമാന്‍റ് കൂടും ഫാക്ടറികള്‍ പ്രവര്‍ത്തിക്കും മാര്‍ക്കറ്റ് ചലനാത്മകം ആവും തൊഴിലില്ലായ്മ കുറയും വരുമാന പ്രസരണം നടക്കും. പുരോഗതിയിലേക്കുള്ള നല്ലൊരു സാമ്പത്തിക ഉത്തേജകം ആകും ഈ നയം.

3. വരവു ചിലവ് കണക്കുകളുടെ കൃത്യത
സാമ്പത്തിക ശാസ്ത്രത്തിന്‍റ അടിസ്ഥാന പ്രമാണങ്ങളില്‍ ഒന്നാണ് കൃത്യമായ സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കുക സൂക്ഷിക്കുക വിശകലനം ചെയ്യുക ലഭ്യമാക്കുക ഉപയോഗിക്കുക എന്നത്. ഇതിന്‍റെ കൃത്യതയും വ്യക്തതയുമാണ് സാമ്പത്തിക പുരോഗതിക്ക് നിതാന്തം. ഒരു ധനകാര്യ സ്ഥാപനത്തിന്‍റെ വളരെ പ്രധാനപ്പെട്ട ഒരു ഡോക്യുമെന്‍റാണ് Balance Sheet എന്ന് ഏവര്‍ക്കും അറിയാം. ഒരു ഗവണ്‍മെന്‍റിനെ സംബന്ധിച്ച് അതുപോലെ പ്രധാനപ്പെട്ട ഒരു ഡോക്യുമെന്‍റാണ് Budget. സര്‍ക്കാരിന്‍റെ വരവു ചിലവു കണക്കുകളുടെ വിവരണമാണ് അതിന്‍റെ ഉദ്ദേശമെങ്കിലും കഥയും കവിതയും എല്ലാം ചേര്‍ത്ത് ഒരു മണിപ്രവാളം പോലെ ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയാതെ ആയിരിക്കുന്നു നമ്മുടെ സംസ്ഥാന ബജറ്റുകള്‍. ഇത് ശരിയല്ല. ബജറ്റ് ഒരു Financial Statement ആയിട്ടാണ് വിലയിരുത്തുന്നത് എങ്കില്‍ അതിലെ കണക്കുകള്‍ കൃത്യവും വ്യക്തവും ആയിരിക്കണം. അതായത് ഒരു വര്‍ഷത്തെ ആകെ വരവെത്ര ചിലവെത്ര നീക്കിയിരിപ്പ് എത്ര എന്ന്. വരവു വന്ന വഴി ഓരോന്നും വകതിരിച്ച് അതുപോലെ ചിലവിന്‍റെ ഇനങ്ങള്‍ ഓരോന്നും വകതിരിച്ച് തയ്യാറാക്കുക. ഇത് മാസം തോറും അല്ലെങ്കില്‍ അര്‍ത്ഥവാര്‍ഷികമായും വര്‍ഷാവസാനവും തയ്യാറാക്കി പ്രസിദ്ധപ്പെടുത്തണം. അതിന് പ്രത്യേകിച്ചൊരു പുറംപണിക്കാരുടെ (ഇന്ത്യയില്‍ വേരുളളത് ആണെങ്കിലും) ആവശ്യം ഇല്ല. മിടുക്കരായ ഏതാനും CA ക്കാരും നല്ലൊരു Software ഉം മതി. Software നല്‍കാന്‍ നമ്മുടെ IT Sector ലും Infopark ലും ധാരാളം മിടുമിടുക്കന്മാരും ഉണ്ട്. അതല്ലാതെ, 6000 കോടി കടം എടുക്കണം, 10000 കോടി ചെലവഴിക്കും, 200000 കോടിയുടെ പാക്കേജ്, KIFBI, മസാല ബോണ്ട്, കേന്ദ്രം തരുന്നില്ല, ഇങ്ങനെ പറഞ്ഞിട്ട് കാര്യമില്ല. കൃത്യമായ കണക്കുകള്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ വയ്ക്കുമ്പോള്‍ അവയ്ക്ക് വിശ്വാസ്യത വരും, ജനപിന്തുണ ഉണ്ടാവും. സാമ്പത്തിക രംഗത്തെ പരിഷ്ക്കരണങ്ങള്‍ സാധ്യമാവുകയും ചെയ്യും.

4. പ്രവാസി കാര്യം – തൊഴില്‍, വിദ്യാഭ്യാസം മറ്റുളളവ
മനുഷ്യവിഭവശേഷിയുടെ കയറ്റുമതി. വിദേശത്തേയ്ക്കുള്ള മലയാളിയുടെ പോക്കുവരവിനെ, അത് തൊഴിലിനായാലും പഠനത്തിന് ആയാലും ഇനി മുതല്‍ അങ്ങനെ കാണണം. ഏത് തരം യാത്ര ആയാലും ഇത്തരം വിദേശ യാത്രകളുടെ എല്ലാം ഇനം തിരിച്ചുള്ള കണക്ക് നമുക്ക് ഉണ്ടാവണം. 25,00,000 മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ നാം അത്ഭുതപ്പെടുകയാണ്. ഇത് ശരിയായ കണക്കാണോ, ഇവരെ എങ്ങനെ ഇവിടെ എത്തിക്കും, ഈ നിര്‍ണ്ണായക ഘട്ടത്തില്‍ എങ്ങനെ Quarantine ചെയ്യും എങ്ങനെ പുനരധിവസിപ്പിക്കും, ഇങ്ങനെ ലോകത്തുള്ള മലയാളികള്‍ എല്ലാവരും കൂടി കേരളത്തിലേക്ക് തിരികെ വന്നാല്‍ നാം എന്തു ചെയ്യും എന്നെല്ലാം. ഇതെല്ലാം സംഭവിച്ചത് നമ്മുടെ കൈയില്‍ കൃത്യമായ കണക്ക് ഇല്ലാത്തത് കൊണ്ടാണ്. ഓരോരുത്തരും സ്വന്തം നിലയില്‍ വിദേശത്തുപോകുകയും കഷ്ടപ്പെട്ട് ജോലി നേടുകയും ധനം സമ്പാദിക്കുകയും ചിലവഴിക്കുകയും നാട്ടിലേക്ക് പണം അയയ്ക്കുകയും ഒക്കെ ആയിരുന്നു രീതി. ഇനി അങ്ങനെ പാടില്ല. ഒരു നിയമവും നിയന്ത്രണവും പിന്തുണയും കണക്കും എല്ലാം ഇക്കാര്യത്തിലും ഉണ്ടാവണം. ഇപ്പോള്‍ തന്നെ 3.5 ലക്ഷത്തില്‍ അധികം പേര്‍ വിവിധ രാജ്യങ്ങളില്‍ നിന്നും തിരിച്ചു വരാനായി നോര്‍ക്ക വഴി രജിസ്ടര്‍ ചെയ്തു കഴിഞ്ഞു. ഈ രേഖകള്‍ ഭാവി നയ രൂപീകരണത്തിനും ആവശ്യമെങ്കില്‍ ഇവരുടെ പുനരധിവാസത്തിനും ഉപയോഗിക്കണം. എങ്കിലേ മനുഷ്യവിഭവശേഷിയെ ഒരു കയറ്റുമതി സാധ്യത ആയിക്കണ്ട് നേട്ടമുണ്ടാക്കാന്‍ കഴിയൂ. നമുക്ക് കൈവശമുള്ള ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഈ വിവരശേഖരണവും സൂക്ഷിപ്പും എളുപ്പമാകും.

കേരളത്തിന്‍റെ സര്‍വ്വതോന്മുഖമായ പുരോഗതിക്കും മലയാളിയുടെ ഐശ്വര്യത്തിനും കീര്‍ത്തിക്കും നമുക്ക് ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാം. ലോകാ സമസ്ത സുഖിനോ ഭവന്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org