കോവിഡാനന്തര ജീവിതശൈലി

കോവിഡാനന്തര ജീവിതശൈലി

ബിഷപ് തോമസ് ചക്യത്ത്‌

കോവിഡ്-19 വളരെ അ പ്രതീക്ഷതമായാണു രംഗപ്രവേശനം ചെയ്തത്. ചെറുപ്പ-വലിപ്പ, സമ്പന്ന-ദരിദ്ര വ്യത്യാസമില്ലാ തെ എല്ലാ രാജ്യങ്ങളും ജനങ്ങളും ലോക്ക്ഡൗണിലാണ്. ആരാധനാലയങ്ങളും പൊതുസ്ഥലങ്ങളും വ്യവസായങ്ങളും മറ്റും അടച്ചിട്ട് എല്ലാവരും വീട്ടില്‍ കഴിയുന്ന അവസ്ഥ. പുതിയൊരു സം സ്‌കാരത്തിന്റെ പടിവാതില്ക്കല്‍ നാം എത്തിനില്ക്കുന്നതുപോലെയുളള അനുഭവം. പല പുതിയ പാഠങ്ങളും നാം അറിയാതെതന്നെ പഠിച്ചെടുക്കുന്നു. ലാളിത്യം, പങ്കുവയ്ക്കല്‍, അപരനെപ്പറ്റി യുള്ള കരുതല്‍, ദൈവാശ്രയം, മണ്ണും പ്രകൃതിയുമായുളള ബന്ധത്തിന്റെ നന്മ, അദ്ധ്വനിച്ചുണ്ടാക്കുന്ന കായ്കനികളുടെ രുചി, കുടുംബാന്തരീക്ഷത്തിലെ സ്‌നേഹത്തിന്റെ അലതല്ലല്‍ തുടങ്ങിയ നിരവധി അനുഭവങ്ങള്‍ ലോക്ക് ഡൗണ്‍ നമുക്കു പ്രദാനം ചെയ്യുന്നു. ശുദ്ധവായു ശ്വസിക്കാനും ഒച്ചയും ബഹളവും കൂടാതെ സുഖമായി ഉറങ്ങാനും നമുക്ക് കോവിഡ്-19 അവസരമൊരുക്കുന്നു. എങ്കിലും, കോവിഡ് പട്ടിണിക്കും ദാരിദ്ര്യത്തിനും കാരണമാകുമോയെന്ന ഭയപ്പാടുണ്ട്. ദൈവം സംരക്ഷണമൊരുക്കുമെന്ന വിശ്വാസം നമുക്ക് ആത്മധൈര്യം തരുന്നു.

സാബത്ത്: വിശ്രമത്തിന്റെ രീതിശാസ്ത്രം

പ്രവാചകനായ മോശ സാബത്തിനെപ്പറ്റി നല്കുന്ന അനുശാസനങ്ങള്‍ ലോക്ക്ഡൗണിന്റെ കാലത്ത് ഓര്‍മയില്‍ വരുന്നു. സാബത്ത് വിശ്രമത്തിനും ദൈവാരാധനയ്ക്കുമുളള ദിവസമാണ് (പുറപ്പാട് 20:8-11). ലോക്ക്ഡൗണ്‍ കാലം നീണ്ടൊരു സാബത്തുപോലെയാണ്. തിക്കും തെരക്കും ഒച്ചപ്പാടുമില്ലാത്ത ദിവസങ്ങള്‍. സാ ബത്തുദിവസം പൂര്‍ണ വിശ്രമം എടുക്കണമെന്ന മോശയുടെ അനുശാസനത്തിനു പ്രകൃതിനിയമത്തിന്റെ പിന്‍ബലമുണ്ട്. അദ്ധ്വാനത്തോടൊപ്പം വിശ്രമം പ്രകൃതിനിയമമാണ്. രാത്രി എല്ലാ ജീവജാലങ്ങളും വിശ്രമത്തിനായി കൂടണയണമെന്നത് ദൈവികസംവിധാനമാണ്. ഓരോ പ്രഭാതത്തിലും നിദ്രവിട്ടുണരുന്ന പക്ഷികളുടെ സംഗീതസദസ് എത്രയോ ആകര്‍ഷണീയമാണ്. രാത്രിയുറക്കം നമുക്കു തരുന്ന പുതുതായ ഊര്‍ ജ്ജത്തിനു കണക്കില്ല.

കോവിഡ്-19 അനിവാര്യമാക്കിയ ലോക്ക്ഡൗണ്‍ സങ്കീര്‍ണമായ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുവെങ്കിലും വിശ്രമത്തിന്റെ നന്മകള്‍ പഠിക്കാന്‍ അത് അവസരമായി. മാതാപിതാക്കളും മക്കളുമൊരുമിച്ചു ചെലവഴിക്കാന്‍ കിട്ടിയ സമയം ഭാവിയില്‍ പുതിയൊരു ജീവിതശൈലി രൂപപ്പെടുത്താന്‍ സഹായകമാകണം. പണമുണ്ടാക്കാനുളള അമിതമായ ആര്‍ത്തിയുടെ പേരില്‍ രാത്രി പകലാക്കി അദ്ധ്വാനിക്കുന്ന ശൈലി കുടുംബബന്ധങ്ങളെയും ആത്മീയജീവിതത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ഒന്നിനും സമയമില്ലാത്ത, തെരക്കോടു തെരക്കുള്ള ജീവിതശൈലിക്കാണ് മാറ്റം വരേണ്ടത്. കര്‍ത്താവിന്റെ ദിവസം വിശുദ്ധമായി ആചരിക്കണം എന്നതു പത്തു പ്രമാണങ്ങളിലെ മൂന്നാമത്തെ കല്പ്പനയാണ്. സഭയിലെ ഞായറാഴ്ചയാചരണം ഈ പാരമ്പര്യത്തിന്റെ തുടര്‍ച്ചയായി വേണം കണക്കാക്കാന്‍.

കച്ചവട-വ്യാപാരസ്ഥാപനങ്ങള്‍ ഞായാറാഴ്ചകളില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഏറെപ്പേരുണ്ട്. വിശ്രമദിവസമായ ഞായറാഴ്ചകളില്‍ സാധാരണ തൊഴിലാളികള്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു. അഗാധമായ ദുഃഖം ഇക്കാര്യത്തില്‍ തനിക്കുണ്ടെന്ന് ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പ ഓര്‍മിപ്പിക്കുന്നുണ്ട്. (മാതാവും ഗുരുനാഥയും, 252). ദൈവിക-ആത്മീയ മാനങ്ങളാണ് ക്രമേണ ജീവിതത്തില്‍ നമുക്കു നഷ്ടമാകുന്നത്. അജപാലകര്‍ ഇത്തരം തെറ്റായ ശൈലികള്‍ തിരുത്താന്‍ വിവേകപൂര്‍വം ശ്രമിക്കേണ്ടതുണ്ട്. മനുഷ്യന്‍ സാബത്തിനുവേണ്ടിയല്ല, മറിച്ചു സാബത്തു മനുഷ്യനുവേണ്ടിയാണെന്ന യേശു വചനം (മാര്‍ക്ക് 2,27) ഇവിടെ മറക്കാനും പാടില്ല. എല്ലാ പൗരന്മാര്‍ക്കും ആവശ്യകമായ നിദ്രയ്ക്കും പ്രാര്‍ത്ഥനയ്ക്കും സമയം ലഭിക്കുന്നുവെന്നും പണത്തെക്കാള്‍ സന്തോഷത്തിനു പ്രാധാന്യം നല്കണമെന്നും നമ്മുടെ അയല്‍ രാജ്യമായ ബൂട്ടാന്‍ അടുത്ത കാലത്ത് സ്വീകരിച്ച നയം ഇവിടെ ശ്രദ്ധേയമാകുന്നു.

ലോക്ക്ഡൗണിന്റെ ഈ കാലത്ത് ദൈവകീര്‍ത്തനങ്ങളുടെയും സാഹോദര്യത്തിന്റെയും സദ്ചിന്തകള്‍ സോഷ്യല്‍ മീഡിയായെ കൈയ്യടക്കുന്നത് നാം കണ്ടു. ദൈവത്തിലേക്കും മനുഷ്യരിലേക്കും മനസ്സും ഹൃദയവും ഉണര്‍ത്താന്‍ പ്രചോദിപ്പിക്കുന്ന കവിതകളും സംഗീതസദസ്സുകളും കോവിഡ് കാലഘട്ടത്തെ ആഘോഷമാക്കി മാറ്റുന്നു. മനുഷ്യന്റെ സര്‍ഗവാസനകള്‍ക്ക് കോവിഡ് കാലം ഉത്തേജകമായി വര്‍ത്തിക്കുന്നു. കുട്ടികളുടെ സൃഷ്ടിപരതപോലും നമ്മെ അത്ഭുതപ്പെടുത്തുന്നു.

ആധുനിക മനുഷ്യന്‍ ഇന്ദ്രിയസുഖങ്ങളുടെ പിന്നാലെ പോകുന്നുവെന്നും ആത്മാവു നഷ്ടപ്പെട്ട വെറും ശരീരമായി മനുഷ്യന്‍ അധഃപതിക്കുന്നുവെന്നും സാമൂഹ്യശാസ്ത്രജ്ഞരുടെ നിരീക്ഷണം ശ്രദ്ധേയമാണ്. ഉള്ളു പൊള്ളയായ മനുഷ്യരും സംസ്‌കാരവുമാണ് അതുമൂലം രൂപമെടുക്കുന്നതെന്ന് അവര്‍ സൂചിപ്പിക്കുന്നുണ്ട്. Pitrim Sorokin, Crisis of Our Age എന്ന പ്രസിദ്ധമായ ഗ്രന്ഥത്തില്‍ പാശ്ചാത്യലോകത്തെ സംബന്ധിച്ച് നടത്തുന്ന അവലോകനം ആശങ്കാജനകമാണ്. സുഖഭോഗങ്ങളുടെ നടുവില്‍, ഇന്ദ്രിയങ്ങളുടെ മായാലോകത്ത് ഭ്രമിച്ചു നടക്കുന്ന മനുഷ്യര്‍ക്ക് ആത്മീയത നല്കുന്ന ആനന്ദവും ശാന്തിയും മനുഷ്യത്വവും നഷ്ടമാകുന്നുവെന്നാണ് വിലയിരുത്തല്‍. മദ്യത്തിലും മയക്കുമരുന്നിലും ജഡികതയിലും മുഴുകി ജീവിക്കുന്ന ഒരു തലമുറ എല്ലാ സനാതന മൂല്യങ്ങളെയും തള്ളിപ്പറയുന്ന അവസ്ഥയുണ്ടെന്ന സത്യം നിഷേധിക്കാനാകില്ല.

കോവിഡ് ഭീതിയുടെ നടുവിലും പുതിയൊരു ശാന്തത ലോകം മുഴുവനിലും സംജാതമായിട്ടുണ്ട്. മതത്തിന്റെയും ജാതി-വര്‍ഗങ്ങളുടെയും മറ്റും പേരിലുളള വൈരവും അക്രമവും തത്ക്കാലത്തേക്കെങ്കിലും ഇല്ലാതായിട്ടുണ്ട്. ഏക ദൈവം ഏക മനുഷ്യ ജാതി, തുല്യനീതി തുടങ്ങിയ സനാതന തത്വങ്ങള്‍ പഠിച്ചെടുക്കാന്‍ ഈ കാലഘട്ടം നമുക്ക് പ്രചോദനമാകണം.

സാഹോദര്യം മുളപൊട്ടുന്നു

സ്‌നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും സുന്ദരക്കാഴ്ച്ചകള്‍ കണ്‍കുളിര്‍ക്കെ നമുക്കു കാണാന്‍ കോവിഡ് വഴിയൊരുക്കുന്നുണ്ട്. ഉള്ളതു എല്ലാവരുമായി പങ്കുവച്ചു ജീവിക്കണമെന്ന തത്വം അനുവര്‍ത്തിക്കുന്നതില്‍ നാം മാതൃക കാണിക്കുന്നു. അന്യസംസ്ഥാനതൊഴിലാളികള്‍ അതിഥികളായി മാറി. തൊഴില്‍ നഷ്ടപ്പെട്ട അവര്‍ക്കായി നാം കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിച്ചു. തൊഴില്‍രഹിതരും പാവപ്പെട്ടവര്‍ക്കുമായി ഭക്ഷണക്കിറ്റുകള്‍ എത്ര വേഗത്തിലാണ് വിതരണം ചെയ്യപ്പെട്ടത്. ആരും പട്ടണി കിടക്കാന്‍ ഇടവരരുതെന്ന ചിന്ത എല്ലാവര്‍ക്കുമുണ്ടായി. ദൈവികതയും മനുഷ്യത്വവും പൂത്തുലയുന്ന കാഴ്ച്ച! ദൈരാജ്യത്തിന്റെ പരിസരത്ത് നാം എത്തിനില്ക്കുന്നതുപോലെ!

ഓരോ പ്രദേശത്തെയും ജനങ്ങള്‍ ഭാവനാപൂര്‍വം പല പദ്ധതികളും ആവിഷ്‌ക്കരിക്കുന്നു. "മധു രക്കനി" എന്ന പേരില്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ സാമൂഹ്യപ്രവര്‍ത്തനവിഭാഗമായ സഹൃദയയുടെ കീഴില്‍ നടപ്പാക്കുന്ന പദ്ധതി അതിലൊന്നാണ്. അതിരൂപതയുടെ വടക്കന്‍ പ്രദേശങ്ങളില്‍നിന്ന് ചക്കയും മാങ്ങയും മറ്റും ശേഖരിച്ചു കായലോരപ്രദേശങ്ങളില്‍ വിതരണം ചെയ്യുന്നുണ്ട്. വിളവെടുക്കുമ്പോള്‍ പരദേശികള്‍, വിധവകള്‍, അനാഥര്‍ എന്നിവരെപ്പറ്റി കരുതല്‍ ഉണ്ടാകണമെന്ന മോശയുടെ നിര്‍ദേശം ഓര്‍ത്തുപോകുന്നു. "നിങ്ങള്‍ വയലില്‍ കൊയ്യുമ്പോള്‍ അരികുതീര്‍ത്തു കൊയ്യരുത്. വിളവെടുപ്പിനുശേഷം കാലാ പെറുക്കരുത്. അതു പാവങ്ങള്‍ക്കും പരദേശികള്‍ക്കുമായി വിട്ടുകൊടുക്കണം" (ലേവ്യ 23:22; നിയമാ 24:19-22). യേശുവിന്റെ പഠനങ്ങളില്‍ ആദ്യവസാനം നിരാലംബരോട് കാണിക്കേണ്ട കരുതലിനെപ്പറ്റിയുളള പരാമര്‍ശനങ്ങളുണ്ട്.

ഭൂമിയാകുന്ന അടുക്കള

നമ്മുടെ പൊതുഭവനമായ ഭൂമി വലിയൊരു അടുക്കളയാണ്. സര്‍വജീവജാലങ്ങള്‍ക്കും ആവശ്യകമായ പല തരത്തിലുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ ദൈവം അതില്‍ രൂപപ്പെടുത്തുന്നു. സകലജീവജാലങ്ങള്‍ക്കും സുഭിക്ഷമായൊരു ഊട്ടുമേശ ഭൂമി തയ്യാറാക്കുന്നു. ഭൂമുഖത്തുളള ധാന്യം വിളയുന്ന എല്ലാ ചെടികളും വിത്തുള്‍ക്കൊള്ളുന്ന പഴങ്ങള്‍ കായ്ക്കുന്ന എല്ലാ വൃക്ഷങ്ങളും ഞാന്‍ നിങ്ങള്‍ക്കു ഭക്ഷണത്തിനായി തരുന്നു. ഭൂമിയിലെ മൃഗങ്ങള്‍ക്കും ആകാശത്തിലെ എല്ലാ പറവകള്‍ക്കും ഇഴജന്തുക്കള്‍ക്കും ജീവശ്വാസമുളള സകലതിനും ആഹാരമായി ഹരിതസസ്യങ്ങള്‍ ഞാന്‍ നല്കിയിരിക്കുന്നു (ഉത് പത്തി 1:29-30) എന്ന വചനം ശ്ര ദ്ധേയമാണിവിടെ. ദൈവം തന്റെ സാദൃശ്യത്തിലും അരൂപിയിലും സൃഷ്ടിച്ച മനുഷ്യന്‍ നെറ്റിയിലെ വിയര്‍പ്പുകൊണ്ട് ആഹാരം കണ്ടെത്തണമെന്നതും ദൈവത്തിന്റെ ക്രമവത്കരണമാണ്. മനുഷ്യന്‍ അടിസ്ഥാനപരമായിട്ട് കൃഷിക്കാരനാണ്. ദൈവത്തിന്റെ സ്വന്തം നാട് എന്നു നാം വിശേഷിപ്പിക്കുന്ന നമ്മുടെ സംസ്ഥാനം ഫലഭൂയിഷ്ഠമായ ഭൂപ്രദേശമാണെങ്കിലും കൃഷി നമുക്ക് അന്യമാകാന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങളായി.

കൃഷിയിടങ്ങളിലേക്കു തിരിച്ചുപോകാന്‍ ലോക്ക്ഡൗണ്‍ കാലം നമ്മെ നിര്‍ബന്ധിക്കുന്നു. ഭക്ഷ്യപദാര്‍ത്ഥങ്ങളുടെ ദൗര്‍ലഭ്യം ഉണ്ടാകുമെന്ന ഭയപ്പാടുണ്ട്. ഏതായാലും, മാതാപിതാക്കളും കുട്ടികളും ഒത്തൊരുമിച്ച് അടുക്കളത്തോട്ടം നട്ടുപിടിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഭക്ഷണത്തിനായി എന്തെങ്കിലുമൊക്കെ വളര്‍ത്തിയെടുക്കണമെന്ന വിചാരം വ്യാപകമായിട്ടുണ്ട്. വിഷമില്ലാത്ത ഭക്ഷണം സ്വന്തം വീട്ടുമുറ്റത്തും ടെറസിലും വളര്‍ത്തിയെടുക്കാന്‍ കഴിയുന്നുവെന്നതു വലിയ കാര്യമാണ്. കൃഷി മനുഷ്യനെ ആരോഗ്യവാനും സന്തോഷവാനും സര്‍വോപരി ദൈവവിശ്വാസത്തില്‍ വളരാനും സഹായിക്കും.

'കര്‍ഷകന്‍ നെല്‍പ്പാടത്തിന്റെ വരമ്പത്ത് സ്രഷ്ടാവിനെ കണ്ടുമുട്ടും' എന്നു പറയാറുണ്ട്. കര്‍ഷകന്‍ പാടത്തു മണ്ണിളക്കി വളമിട്ടു ജലം ചാലുതിരിച്ചു വിത്തു പാകിപ്പോരുന്നു. പിന്നെ ദൈവത്തിന്റെ പ്രവര്‍ത്തനമാണ് അവിടെ നടക്കുന്നത്. കര്‍ഷകനു ദൈവത്തിന്റെ ഈ പ്രവര്‍ത്തനം ഒരു നേര്‍ക്കാഴ്ചയാണ്. വിത്തു മുളപ്പിക്കുന്ന, അതു വളര്‍ത്തി പുഷ്പ്പിച്ചു ധാന്യം തരുന്ന ദൈവപരിപാലനയുടെ അത്ഭുതകരമായ കാഴ്ച സ്രഷ്ടാവിന്റെ മുമ്പില്‍ കൈകൂപ്പി നില്ക്കാന്‍ അവനെ പ്രേരിപ്പിക്കുന്നു. മാതാപിതാക്കളും മക്കളും കൊച്ചുമക്കളുംകൂടി നട്ടുവളര്‍ത്തുന്ന മത്തനും കുമ്പളവും വെണ്ടയും പൂവിടാന്‍ തുടങ്ങുമ്പോള്‍ സന്തോഷതിമിര്‍പ്പ്, പ്രത്യേകിച്ചു കുട്ടികളിലുണ്ടാകും. അതു കുടുംബത്തിലെ സന്തോഷകരമായ വാര്‍ത്തയാകും. അത് കൂട്ടുകാരോടും വിളിച്ചുപറയാന്‍ കുട്ടികള്‍ താത്പര്യം കാണിച്ചുവെന്നുവരും. തങ്ങളുടെ അടുക്കളത്തോട്ടത്തില്‍ വിളഞ്ഞ വെള്ളരിക്ക അയല്‍പക്കവീട്ടില്‍ കൊടുക്കുമ്പോള്‍ അതു സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ ഉപകരിക്കുന്നു.

സൃഷ്ടികളുടെ ശക്തി സൗന്ദര്യങ്ങളില്‍നിന്ന് അവയുടെ സ്രഷ്ടാവിന്റെ ശക്തിസൗന്ദര്യങ്ങളെക്കുറിച്ച് അറിയാം (ജ്ഞാനം 13:5). ഈ വചനത്തിനു വലിയ അര്‍ത്ഥതലങ്ങളുണ്ട്. കൃഷിയൊരു മതബോധന ക്‌ളാസിന്റെ വേദിയാക്കി മാറ്റാന്‍ നമുക്കു കഴിയണം. ഐ.ടി മേഖലയിലും മറ്റും രാത്രിയും പകലും പണിയെടുക്കുന്നവര്‍ക്ക് ലഭ്യമാകാതെ പോകുന്നതു ചുറ്റുപാടുമുള്ള ഭൂമിയി ലെ അത്ഭുതക്കാഴ്ചകളാണ്. അവരില്‍ ക്രമേണ ദൈവാഭിമുഖ്യം സ്വഭാവികമായും കുറയും. ഇത് ഏറെ ദുഃഖകരമാണ്. ഇതിനൊരു പരിഹാരമായിക്കൂടി അടുക്കളത്തോട്ടത്തെ കാണാം.

തങ്ങള്‍ക്കു ദൈവം തരുന്ന ഉത്പന്നങ്ങള്‍ കര്‍ഷകര്‍ പള്ളികളിലും അമ്പലങ്ങളിലും കാഴ്ചവയ്ക്കുകയും കൊയ്ത്തുത്സവങ്ങള്‍ നടത്തുകയും ചെയ്യുന്നത് വെറുതെയല്ല. വിളവെടുപ്പുകാലം കഴിഞ്ഞു ജര്‍മ്മനിയിലെ ഗ്രാമീണ ദേവാലയങ്ങളില്‍ കാണുന്ന ഒരു സുന്ദരകാഴ്ചയുണ്ട്. കാര്‍ഷികോത്പ്പന്നങ്ങള്‍ അള്‍ത്താ യ്ക്കു ചുറ്റും വച്ച് കര്‍ഷകര്‍ ദൈവത്തിനു കൃതജ്ഞത അര്‍പ്പിക്കുന്നു. നമ്മുടെ നാട്ടിലും കര്‍ഷകര്‍ ആദ്യ ഫലം പള്ളിയില്‍ നേര്‍ച്ചയായി നല്കുന്ന പതിവുണ്ടായിരുന്നു. പൂര്‍വികര്‍ പുലര്‍ത്തിയ ദൈവപരിപാലനയിലുള്ള വിശ്വാസത്തിന്റെ ബാക്കിപത്രമായ ഈ പാരമ്പര്യം പുനര്‍ജീവിപ്പിക്കേണ്ട താണ്. അങ്ങനെ ലഭിക്കുന്നവ സ്വന്തമായി കൃഷിസ്ഥലമില്ലാത്ത ദരിദ്രര്‍ക്ക് വിതരണം ചെയ്യുന്നത് എത്രയോ നല്ല കര്‍മ്മമാകും.

പ്രകൃതിയെ പ്രകോപിപ്പിക്കരുത്

ദൈവം സൃഷ്ടിച്ചതെല്ലാം സുന്ദരങ്ങളാണ്. ലക്ഷോപലക്ഷം ജീവിവര്‍ഗങ്ങള്‍ക്ക് അനുയോജ്യമായ കാലാവസ്ഥയും ഭക്ഷണവും നമ്മുടെ പൊതുഭവനമായ ഭൂമിയില്‍ ദൈവം സജ്ജീകരിച്ചിട്ടുണ്ട്. പ്രകൃതിക്ക് അതിന്റേതായ താളലയങ്ങളുണ്ട്. അതനുസരിച്ചു ശീതകാലവും ചൂടുകാലവും മഴക്കാലവും മാറിമാറി വരുന്നു. ശുദ്ധവായുവും നിര്‍മലമായ ജലവും ഭൂമിയുടെ എല്ലാ ഭാഗത്തും ലഭ്യമാകത്തക്കവിധമുള്ള ക്രമവത്കരണം ദൈവപരിപാലനയുടെ ഭാഗമാണ്. ഇതിനെയാണ് ആധുനിക മനുഷ്യന്‍ തന്റെ സ്വാര്‍ത്ഥതകൊണ്ട് തകിടം മറിച്ചിരിക്കുന്നത്. ദാഹജലത്തിലും പ്രാണവായുവിലും വിഷം കലര്‍ന്നതിന്റെ പിന്നില്‍ മനുഷ്യന്റെ അവിവേകവും ആര്‍ത്തിയുമാണ്. ആഗോളതാപനത്തിലുണ്ടായ വര്‍ദ്ധനവ് ജീവജാലങ്ങളുടെയും മനുഷ്യന്റെ തന്നെയും അസ്തിത്വത്തെ അപകടത്തിലാക്കിയിരിക്കുന്നു. ആയിരക്കണക്കിനു ജീവിവര്‍ഗങ്ങള്‍ക്കാണ് ഇതിനകം വംശനാശം സംഭവിച്ചിരിക്കുന്നത്. മഹാപ്രളയങ്ങളും മഹാമാരികളും പ്രകൃതിയുടെ താളക്രമത്തിനു അടുത്തകാലത്തു സംഭവിച്ച കേടുപാടിന്റെ ഫലമാണെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകില്ല. ഭൂമിയെ നമ്മുടെ അമ്മയും സഹോദരിയുമായി കണ്ട വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ കാഴ്ചപ്പാടു ഫ്രാന്‍സിസ് പാപ്പ "അങ്ങേയ്ക്കു സ്തുതി" എന്ന ചാക്രികലേഖനത്തില്‍ ദീര്‍ഘമായി ചര്‍ച്ച ചെയ്യുന്നുണ്ട്. നമ്മുടെ അമ്മയായ ഭൂമിയെ നാം മുറിവേല്പ്പിച്ചുവെന്നും ആ മുറി വുണക്കാന്‍ നാം സത്വരമായ നടപടിയെടുക്കണമെന്നും അദ്ദേഹം ലോകത്തെ ഓര്‍മിപ്പിക്കുന്നു. നമ്മെ തീറ്റിപ്പോറ്റുന്ന നമ്മുടെ അമ്മയായ ഭൂമിയെ സ്‌നേഹിക്കാന്‍ നാം പഠിക്കണം. മാലിന്യക്കൂമ്പാരം കൊണ്ട് ജലവും വായുവും മണ്ണും നാം ഇനി വിഷലിപ്തമാക്കരുത്. ലളിതജീവിതം അഭ്യസിക്കുക മാത്രമാണ് അതിനുള്ള ഏക വഴി. കോവിഡ് കാലത്തെ ലോക്ക്ഡൗണ്‍ അതു നമ്മെ പരിശീലിപ്പിക്കുന്നതില്‍ ഏറെ വിജയിച്ചിട്ടുണ്ട്. ഈ വഴിക്കു മുമ്പോട്ടു പോകാന്‍ നമുക്കു കഴിഞ്ഞാല്‍ ശുദ്ധമായ പ്രാണവായു ശ്വസിക്കാനും ദാഹജലസ്രോതസുകള്‍ സംശുദ്ധമായി കാത്തുസൂക്ഷിക്കാനും നമുക്കാകും.

നിങ്ങളാകട്ടെ, ആദ്യം അവിടത്തെ രാജ്യവും അവിടത്തെ നീതിയും അന്വേഷിക്കുവിന്‍. അതോടൊപ്പം മറ്റുള്ളവയെല്ലാം നി ങ്ങള്‍ക്കു നല്കപ്പെടും (മത്താ. 6:33) എന്ന യേശുവിന്റെ ഉപദേശം യുവസംരംഭകര്‍ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ അസൂത്രണം ചെയ്യുമ്പോള്‍ ഓര്‍ക്കുന്നത് നല്ലതാണ്. തങ്ങളുടെ സ്ഥാപനം വഴി ജലവും വായുവും മണ്ണും മലിനമാക്കപ്പെടില്ല എന്ന് ദൃഢപ്രതിജ്ഞ അവര്‍ എടുക്കണം. ലോക്ക്ഡൗണ്‍ കാലത്ത് ആഗോളതാപനത്തില്‍ കുറവ് സംഭവിച്ചിട്ടുണ്ട്. വായു-ജല മലനീകരണവും വിസ്മയകരമായവിധം കുറഞ്ഞുവെന്ന് റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു. ഇതെല്ലാം ശുഭവാര്‍ത്തകളാണ്. എത്രയേറെ ലളിതമായി ജീവിക്കാനാകുമോ അത്രയേറെ അതു മനുഷ്യനും ജീവജാലങ്ങള്‍ക്കും ഉപകാരപ്രദമാകും. പുതിയ ശീലങ്ങള്‍ നമുക്കു പഠിച്ചെടുക്കാനാകട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org