ദൈവജനത്തിന്‍റെ പ്രാര്‍ത്ഥനകള്‍ക്കു പ്രത്യുത്തരമായി ഫാ. ടോം ഉഴുന്നാലില്‍

ദൈവജനത്തിന്‍റെ പ്രാര്‍ത്ഥനകള്‍ക്കു പ്രത്യുത്തരമായി ഫാ. ടോം ഉഴുന്നാലില്‍

ഭീകകരുടെ പിടിയില്‍ നിന്നും മോചിതനായി റോമിലെത്തിയ ഫാ. ടോം ഉഴുന്നാലില്‍ താമസിച്ചത് സലേഷ്യന്‍ സഭയുടെ വത്തിക്കാനിലെ ആശ്രമത്തിലാണ്. തദവസരത്തില്‍ സീറോമലബാര്‍ സഭയുടെ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്ററായ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിനോടൊപ്പം റോമിലെ സീറോമലബാര്‍ ഇടവക വികാരിയും യൂറോപ്പില്‍ സീറോമലബാര്‍ യൂത്ത് കോ-ഓര്‍ഡിനേറ്ററുമായ ഫാ. ബിനോജ് മുളവരിക്കല്‍, ഫാ. ടോം ഉഴുന്നാലിലുമായി കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയുടെ അനുഭവക്കുറിപ്പ്

റോമില്‍ ടോമച്ചനുമായി ഞാന്‍ നടത്തിയ കൂടിക്കാഴ്ച മറക്കാനാവാത്ത അനുഭവമാണ്. ആരെയും മുഖം കാണിക്കാന്‍ താത്പര്യമില്ലാതെ കഠിനമായ ദുഃഖത്തിലും നിരാശയിലുമായിരിക്കും അദ്ദേഹം കടന്നുവരിക എന്നായിരുന്നു ഞാന്‍ കരുതിയത്. എന്നാല്‍ എല്ലാവരെയും അത്ഭുത പ്പെടുത്തിക്കൊണ്ട് സുസ്മേരവദനനായി അദ്ദേഹം വന്നു. ഭീകരര്‍ തന്നെ തട്ടിക്കൊണ്ടു പോയതും അവരുടെ തടവില്‍ ഒന്നരവര്‍ഷത്തോളം കഴിഞ്ഞ തും അദ്ദേഹം വിവരിച്ചു. എല്ലാം ദൈവഹിത മെന്നു പറയാന്‍ അച്ചനെ പ്രേരിപ്പിച്ചത് അദ്ദേഹ ത്തിനു കൈവന്ന അമ്പരപ്പിക്കുന്ന സഹനശക്തി യാണെന്നു ഞാന്‍ കരുതുന്നു.

കഴിഞ്ഞകാലഘട്ടങ്ങളില്‍ സഭയോടും വൈദികജീവിതത്തോടും സമര്‍പ്പിത സമൂഹങ്ങളോടും ദൈവജനത്തിന് ഉണ്ടായിട്ടുള്ള മുറുമുറുപ്പുകള്‍ക്കും അസ്വസ്ഥതകള്‍ക്കുമുള്ള പരിഹാരമായിരുന്നു തന്‍റെ സഹനജീവിതമെന്ന് ടോമച്ചന്‍ കരുതുന്നു. വൈദികരുടെ ബലഹീനതകളും വിഴ്ചകളും പോരായ്മകളും എതിര്‍സാക്ഷ്യങ്ങളും എവിടെയെങ്കിലുമൊക്കെ സംഭവിച്ചിട്ടുണ്ടെങ്കില്‍ ആ മുറിവുകള്‍ ഉണക്കാന്‍ ദൈവം തിരഞ്ഞെടുത്ത ഔഷധമായിരുന്നു ടോമച്ചന്‍റെ സഹനജീവിതമെന്നു ഞാന്‍ കരുതുന്നു.

ഫാ. ടോമിന്‍റെ സഹനവും സമര്‍പ്പണവും തുടര്‍ന്നുള്ള ശുശ്രൂഷകളും തീര്‍ച്ചയായും വൈദികരെയും സഭയെയും കൂടുതല്‍ ഉത്തരവാദിത്വത്തിലേക്കു നയിക്കുന്നുണ്ട്. വിശുദ്ധിയില്‍ വെള്ളം ചേര്‍ക്കാതെ ജീവിക്കാനുള്ള ആഹ്വാനം മാത്രമല്ല, നമ്മോടൊപ്പം നില്‍ക്കുന്ന, നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ദൈവജനത്തിന്‍റെ ഹൃദയങ്ങള്‍ തൊട്ടറിഞ്ഞ് അവരുടെ മുറിവുകള്‍ ഉണക്കാനുള്ള വിളിയും അതു പ്രതിഫലിപ്പിക്കുന്നുണ്ട്. വളരെയേറെ സന്തോഷത്തോടെ ഞങ്ങള്‍ക്കു മുന്നിലെത്തിയ ഫാ. ടോം. ആദ്യമേ പറഞ്ഞത്, തനിക്ക് യാതൊരു കുഴപ്പവും സംഭവിച്ചിട്ടില്ല എന്നാണ്. ശാരീരിക അസ്വസ്ഥതകള്‍ക്കു കാരണം, പ്രമേഹവും അനുബന്ധ അസുഖങ്ങളുമായിരുന്നു. 18 മാസത്തെ തടവിനിടയില്‍ ഭീകര്‍ തന്നോട് മോശമായി പെരുമാറിയില്ല. അവരെ സ്നേഹിക്കാനും അവരോട് ക്ഷമിക്കാനും കഴിഞ്ഞത് ക്രിസ്തുവിന്‍റെ സഹനജീവിതത്തിന്‍റെ ശക്തിയിലാണ്. മരിക്കാന്‍ തനിക്ക് ഭയമില്ലായിരുന്നുവെന്ന് ഫാ. ടോം വെളിപ്പെടുത്തി. മരണഭയം ഒരിക്കല്‍പോലും ഉണ്ടായിരുന്നില്ല. സഹനകാലത്ത് യേശു കൂടെയുണ്ടെന്ന ബോധ്യമാണ് എല്ലാം അതിജീവിക്കാന്‍ ശക്തിയേകിയത്. കുര്‍ബാനപുസ്തകം ഇല്ലായിരുന്നുവെങ്കിലും മനപാഠമാക്കിയ പ്രാര്‍ത്ഥനകള്‍ ഉരുവിട്ടുകൊണ്ടിരുന്നു. ആത്മാവിന്‍റെ അള്‍ത്താരയില്‍ അങ്ങനെ അനുദിനം ബലിയര്‍പ്പിച്ചു.

ദാനിയേലിന്‍റെ പുസ്തകത്തിലെ മൂന്നു യുവാക്കളുടെ കാര്യമാണ് ഫാ.ടോമിന്‍റെ സഹനജീവിതം അനുസ്മരിച്ചപ്പോള്‍ എന്‍റെ മനസ്സിലെത്തിയത്. നബുക്കദ്നേസര്‍ രാജാവുണ്ടാക്കിയ സ്വര്‍ണ്ണബിംബത്തെ ആരാധിച്ചില്ലെങ്കില്‍ തീച്ചൂളയില്‍ എറിയപ്പെടും എന്ന ഘട്ടത്തില്‍ എരിയുന്ന തീച്ചൂളയില്‍ നിന്നു ദൈവദൂതന്‍ തങ്ങളെ രക്ഷിച്ചില്ലെങ്കില്‍ പോലും തങ്ങള്‍ ദൈവത്തെ മാത്രമേ ആരാധിക്കൂ എന്നും സ്വര്‍ണവിഗ്രഹത്തെ ആരാധിക്കില്ല എന്നുമാണ് ആ യുവാക്കള്‍ പറഞ്ഞത്. അചഞ്ചലമായ ഈ വിശ്വാസമാണ് ഫാ. ടോമിലും നിഴലിച്ചിരുന്നത്. മരണത്തിന്‍റെ മുന്നിലും ദൈവത്തിനുവേണ്ടി ഞാന്‍ ജീവിക്കും എന്ന ബോധ്യം സഹനത്തെ ധൈര്യപൂര്‍വം നേരിടാനുള്ള ശക്തി അദ്ദേഹത്തിനു നല്‍കി.

സഹനകാലങ്ങള്‍ക്കപ്പുറം തനിക്ക് പുതിയൊരു ജീവിതമുണ്ടെന്നും ദൈവത്തിനു തന്നെക്കുറിച്ചു പദ്ധതികളുണ്ടെന്നും അദ്ദേഹം വിശ്വസിച്ചു. അതുകൊണ്ടുതന്നെ ഒന്നരവര്‍ഷത്തെ ജീവിതം തന്‍റെ ചിന്തകളെയും കാഴ്ചപ്പാടുകളെയും മാറ്റി തന്നെ കൂടുതല്‍ വിശുദ്ധീകരിച്ചുവെന്ന് ഫാ. ടോം പറഞ്ഞു. ഫാ. ടോമിനെ സന്ദര്‍ശിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തെ നേരില്‍ കാണുമ്പോള്‍ തന്‍റെ പേരില്‍ ഒരു മുത്തം കൊടുക്കണമെന്ന് എന്‍റെ ഒരു സുഹൃത്ത് എന്നോടു പറഞ്ഞു. അതിനു കാരണമായി പറഞ്ഞത്, "ڔഞങ്ങള്‍ അച്ചനെ അത്രമേല്‍ സ്നേഹിക്കുന്നു " എന്നാണ്. അതെ, ദൈവജനത്തിന് ടോമച്ചനോടുള്ള സ്നേഹം വലുതാണ്. തടവില്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിനുവേണ്ടി ദൈവസന്നിധിയില്‍ നടത്തിയ പ്രാര്‍ത്ഥനകളും യാചനകളും അത്രമേല്‍ ശക്തിയേറിയതും ആത്മാര്‍ത്ഥവുമായിരുന്നു. ആ പ്രാര്‍ത്ഥനകളുടെ പ്രത്യുത്തരവും സാക്ഷ്യവുമായി ടോമച്ചന്‍ ഇന്നു നമുക്കു മുന്നില്‍ നില്‍ക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org