മറിയം: ദൈവം പിറന്ന പൂൽക്കൂട്

മറിയം: ദൈവം പിറന്ന പൂൽക്കൂട്

ഡോ. റോസി തമ്പി

കരിപ്പായയില്‍ മുട്ടുകുത്തി കൊന്തചെല്ലാത്ത കത്തോലിക്ക കുടുംബങ്ങള്‍ ഇന്നും അപൂര്‍വമായിരിക്കും. പല നല്ല നടപ്പുകളും കേരള കത്തോലിക്കരെ പഠിപ്പിച്ച കൂട്ടത്തില്‍ കൊന്ത ചെല്ലാനും പഠിപ്പിച്ചത് ചാവറയച്ചനാണ്. ടി.വി., മൊബൈല്‍, ഇന്‍റര്‍നെറ്റ്, കമ്പ്യൂട്ടര്‍ തുടങ്ങിയ സംവിധാനങ്ങളൊന്നും ഇല്ലാതിരുന്ന കാലത്ത് ഭക്തിയും അതിനോടു ചേര്‍ന്ന ചടങ്ങുകളും തന്നെയായിരുന്നു വിനോദ ഉപാധിയും ആശയ വിനിമയവേദിയും. വിടുകളിലെ കൊന്ത എത്തിക്കല്‍ അപ്രകാരം ഒരു കൂടിച്ചേരല്‍ കൂടിയായിരുന്നു. കാര്‍ഷിക സംസ്കാരത്തില്‍ ജീവിച്ച നാം സന്ധ്യയായാല്‍ വീടുകളില്‍ എത്തിച്ചേരുക സ്വാഭാവികമായിരുന്നു.

പാണ്ഡിത്യം കൊണ്ടും ദൈവ ശാസ്ത്രം കൊണ്ടും വരണ്ടുപോകുമായിരുന്ന ക്രൈസ്തവ ദൈവ രഹസ്യത്തെ ഇത്രയെങ്കിലും ആര്‍ദ്രവും നനവുള്ളതും ആക്കിയത് മറിയത്തോടുള്ള ഭക്തിയാണ്.

വളര്‍ച്ചയെത്തിയ രണ്ടു മനുഷ്യരില്‍ നിന്നാണ് (ആദവും ഹവ്വയും) പഴയ ലോകം, പഴയ നിയമം ഉണ്ടായതെങ്കില്‍ ഒരു അമ്മയും കുഞ്ഞും കൂടിയാണ് പുതിയ ലോകത്തെ, പുതിയ നിയമത്തെ നിര്‍മ്മിച്ചത്. പുതിയ നിയമം പണിയപ്പെട്ടത് അമ്മയും കുഞ്ഞും തമ്മിലുള്ള സ്നേഹവാത്സല്യ ബന്ധത്തിലാണ്. പൊക്കിള്‍കൊടി ബന്ധത്തിലാണ്. ഒന്നിന്‍റെ തുടര്‍ച്ചയാണ് മറ്റൊന്ന് എന്ന യാഥാര്‍ത്ഥ്യമാണത്. കൊന്ത ഒരു പൊക്കിള്‍ക്കൊടിയാണ്. മനുഷ്യനെയും ദൈവത്തെയും ബന്ധിപ്പിച്ചു നിര്‍ത്തുന്ന ജൈവഘടകം. അതുകൊണ്ടാണ് അത് കയ്യിലെടുക്കുന്നവരൊക്കെ തങ്ങള്‍ ഒറ്റക്കല്ല; അമ്മയോടൊപ്പമാണ്, ദൈവത്തോടൊപ്പമാണ് എന്ന് ധൈര്യപ്പെടുന്നത്. വെറും ഒരു അനുഷ്ഠാനം പോലെ കൊന്ത ഉരുവിടുമ്പോള്‍ പോലും ആ ലുത്തിനിയ നമ്മെ മറ്റൊരാളാക്കി മാറ്റുന്നുണ്ട്. ധൈര്യപ്പെടുത്തുന്നുണ്ട്. ലോകത്തിലെ ഏറ്റവും മനോഹരമായ കവിതയാണ് മറിയത്തെക്കുറിച്ചുള്ള ലുത്തിനിയ. സ്ത്രീയെക്കുറിച്ച് ഇത്രമാത്രം വര്‍ണ്ണിക്കപ്പെട്ട, വാഴ്ത്തപ്പെട്ട കവിതയില്ല.

ക്രിസ്തു ഒരു പെണ്ണാണ് എന്നു തോന്നും വിധം അത്ര മാത്രം സ്ത്രൈണമാണ് അവന്‍റെ പ്രകൃതം. അഥവ ആത്മീയമായ ഔന്നത്യം പ്രാപിക്കുന്ന ഒരാള്‍ സ്ത്രൈണമാകാതിരിക്കുന്നതെങ്ങനെ? അഞ്ചപ്പം കൊണ്ട് അയ്യായിരം പേര്‍ക്ക് ഭക്ഷണം നല്‍കാന്‍ ഒരമ്മയ്ക്കേ കഴിയൂ. അമ്മയെ പോലെ മരിച്ചിട്ടും തീരാത്ത പണികള്‍ ഉള്ളതുകൊണ്ടാണ് ക്രിസ്തുവിന് ഉയിര്‍ക്കേണ്ടി വന്നത് എന്നൊരു കവിതയുണ്ട്.

സങ്കടങ്ങളും ആവലാതികളും സന്തോഷങ്ങളും എല്ലാം പറഞ്ഞൊഴിയുന്നത് അമ്മയോടാണ്. മറിയത്തോടാണ്. അത്രമാത്രം മറിയം നമ്മുടെ ജീവിതത്തിന്‍റെ ഭാഗമാണ്. അതുകൊണ്ടാണ്, ഇത്രയധികം ജപമാലകള്‍ മനുഷ്യന്‍ കെട്ടിയുണ്ടാക്കുന്നത്. വിവിധ വേഷത്തിലും രൂപത്തിലും മറിയത്തിന്‍റെ ചിത്രങ്ങളും ശില്പങ്ങളും ഉണ്ടാകുന്നത്. നാന്നൂറ് തരം മാതാവിന്‍റെ ചിത്രങ്ങള്‍ അലങ്കരിക്കുന്ന ഒരു മ്യൂസിയം ജറുസലേം യാത്രയില്‍ കാണുകയുണ്ടായി. ക്രിസ്റ്റോളജിയേക്കാള്‍ സൗന്ദര്യം മരിയോളജിക്കായത് മാതൃത്വത്തിന്‍റെ മഹത്ത്വം കൊണ്ടുതന്നെയാണ്.

ബൈബിള്‍, വളരെ കുറച്ചു കാര്യങ്ങളെ മറിയത്തെക്കുറിച്ചു പറയുന്നുള്ളൂ. എന്നിട്ടും മറിയം ഏറെ മിഴിവോടെ പുതിയ നിയമം നിറഞ്ഞു നില്ക്കുന്നു. മംഗലവാര്‍ത്ത മുതല്‍ പെന്തക്കുസ്ത വരെ അവളുണ്ട്. അതായത് ക്രിസ്തുവിന് മുമ്പും ക്രിസ്തുവിനു ശേഷവും.

മറിയത്തിലൂടെയാണ് സഭയെ വായിക്കേണ്ടത്. മറിയത്തിലൂടെ കാണുന്ന യേശുവാണ് യഥാര്‍ത്ഥ യേശു. എന്തെന്നാല്‍ അമ്മയ്ക്കു മാത്രമേ മകനെ കൃത്യമായി മനസ്സിലായിട്ടുള്ളൂ. പിയെത്തയാണ് മറിയത്തിന്‍റെ ശക്തിസ്വരൂപം. അതിനെ നമ്മള്‍ വ്യാകുലമാതാവാക്കുമ്പോള്‍ നിസ്സഹായയായ ഒരു സ്ത്രീയാക്കി മാറ്റുകയാണ്. മകനെയോര്‍ത്ത് നെഞ്ചത്തടിച്ച് കരയുന്ന അതീവ നിസ്സഹായയായ ഒരു അമ്മ മാത്രമാണ് മറിയം അപ്പോള്‍. മറിയം വിപദി ധൈര്യം കൊണ്ട് കരുത്താര്‍ജിച്ചവളാണ്. ഭരണകൂടവും മതനേതൃത്വവും കൂടി തൂക്കിലേറ്റിയ തന്‍റെ മകന്‍റെ ജഡം മടിയില്‍ കിടത്തി തല കറങ്ങാതെയിരിക്കുകയാണ്. പിയെത്തയെ നോക്കിയാണ് ഹെര്‍മന്‍ ഹെസ്സെ എന്ന വലിയ സാഹിത്യ കാരന്‍ പറഞ്ഞത്: "രക്തസാക്ഷിയേക്കാള്‍ വലുതാണ് രക്തസാക്ഷിയുടെ അമ്മ" എന്ന്. മറിയത്തിന്‍റെ ആ നിശ്ചയദാര്‍ഢ്യത്തെയാണ് വിപദി ധൈര്യം എന്നു പറയുന്നത്. മറിയത്തിന്‍റെ സുവിശേഷം ഇനിയും നമ്മള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. തിര്‍ച്ചയായും അതു സ്ത്രീകളെ കൂടി ഉള്‍ക്കൊള്ളുന്നതായിരിക്കും.

ഭക്തിക്ക് അപ്പുറം, മറിയത്തിന്‍റെ സ്ഥൈര്യത്തെക്കുറിച്ച്, ധൈര്യത്തെക്കുറിച്ച്, സഭാ വിശ്വസികളെ പഠിപ്പിക്കേണ്ടതുണ്ട്. ഓരോ സ്ത്രീയും ആ സ്ഥൈര്യവും ഉത്തരവാദിത്വവും സ്വയം ഏറ്റെടുക്കുമ്പോള്‍ മാത്രമേ ലോകം, സഭ പുതിയ നിയമത്തിലേക്ക് പ്രവേശിക്കൂ. കൊന്ത ആ അര്‍ത്ഥത്തില്‍ മറിയത്തെക്കുറിച്ചും, സ്ത്രീയെക്കുറിച്ചും ചിന്തിക്കാനുള്ള അടയാളം കൂടി ആകേണ്ടതുണ്ട്. എങ്കില്‍ മാത്രമേ നമ്മുടെ അഖണ്ഡ ജപമാലകള്‍ക്കും, ജപമാല പ്രദക്ഷിണങ്ങള്‍ക്കും, കൊന്തമാസ ആഘോഷങ്ങള്‍ക്കും മരിയഭക്തിക്കും അര്‍ത്ഥമുണ്ടാവുകയുള്ളൂ.

മറിയത്തെ മുന്‍നിര്‍ത്തിയാവണം സഭ ലോകത്തിലെ സ്ത്രീകള്‍ക്ക് മാതൃകയാകേണ്ടത്. സ്ത്രീ ഇന്നും സഭയിലും സമൂഹത്തിലും രണ്ടാം തരക്കാരിയായി നില്‍ക്കുമ്പോള്‍ മറിയത്തെക്കുറിച്ചുള്ള അപദാനങ്ങളും ആഘോഷങ്ങളും കൂടുതല്‍ അപഹാസ്യമാകുകയാണ്. സ്ത്രീത്വത്തെയും അമ്മത്വത്തെയും വീണ്ടും വീണ്ടും അപമാനിക്കുകയും പുരുഷാധികാര നുകത്തിന്‍കീഴില്‍ അതിനു പകരമാകുംവിധം അവളെ ക്രമപ്പെടുത്തുകയുമാണ്. ഓരോ സ്ത്രീയും ദൈവം പിറക്കാനിരിക്കുന്ന പുല്‍ക്കൂടാണെന്നും അതിനാല്‍ അവളെ 'നന്മ നിറഞ്ഞവളെ' എന്ന് അഭിസം ബോധന ചെയ്യണമെന്നും ലോകത്തെ, പുരുഷാധികാരത്തിന്‍റെ ഹിംസയെ, പഠിപ്പിക്കേണ്ട വലിയ ഉത്തരവാദിത്വമാണ് മറിയം സഭയെ ചുമതലപ്പെടുത്തുന്നത്. അത് നിറവേറ്റാന്‍ 2000 വര്‍ഷങ്ങള്‍ തികയാതെ വന്നിരിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org