Latest News
|^| Home -> Cover story -> ദൈവത്തെ രുചിച്ചറിഞ്ഞ വഴികളും മഹിമയുടെ മുഹൂർത്തങ്ങളും

ദൈവത്തെ രുചിച്ചറിഞ്ഞ വഴികളും മഹിമയുടെ മുഹൂർത്തങ്ങളും

പ്രാങ്കളിന്‍ എം

“ദൈവത്തിന്‍റെ പദ്ധതികള്‍ യഥാസമയം പൂര്‍ത്തിയാകുന്നു” – സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി സഭ പ്രഖ്യാപിക്കുന്നുവെന്ന വാര്‍ത്ത കേട്ടപ്പോള്‍ സി. റാണി മരിയയുടെ സഹോദരി സി. സെല്‍മി പോളിന്‍റെ പ്രതികരണം ഇങ്ങനെ. സി. റാണി മരിയ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നതില്‍ സന്തോഷവും അഭിമാനവും ഉണ്ടെന്നും സി. സെല്‍മി പറഞ്ഞു: “അനേകായിരങ്ങളുടെ പ്രാര്‍ത്ഥനകള്‍ സഫലമാകുന്ന നിമിഷം, സഹനങ്ങളും പാടു പീഡകളും കഴിഞ്ഞ് ഇത് മഹിമയുടെ സമയമാണ്”

1995 ഫെബ്രുവരി 25-ന് സി. റാണി മരിയ കൊല്ലപ്പെട്ടപ്പോള്‍. ചേച്ചിയുടെ മൃതദേഹത്തിനരികില്‍ കരഞ്ഞു തളര്‍ന്നിരുന്ന സി. സെല്‍മി ദൈവത്തിന്‍റെ നിഗൂഢമായ പദ്ധതികളിലും പരിലാളനകളിലും അവിടുത്തെ മഹത്ത്വം പ്രകീര്‍ത്തിക്കുകയാണ്. സി. റാ ണി മരിയ അതിക്രൂരമായി വധിക്കപ്പെട്ടതറിഞ്ഞപ്പോള്‍ വലിയ വിഷമവും സങ്കടവും അസ്വസ്ഥതകളും തന്നെ അലട്ടിയതായി സി. സെല്‍മി ഓര്‍ക്കുന്നു. ഒരു തെറ്റും ചെയ്യാത്ത തന്‍റെ ചേച്ചിയെ എന്തുകൊണ്ട് കര്‍ത്താവു കൈവിട്ടു. മരണത്തെ മുഖാമുഖം കണ്ടപ്പോള്‍ അവള്‍ ഒറ്റയ്ക്കായിരുന്നില്ലേ? ക്രിസ്തുവിനെ പ്രതി വീടുവിട്ടിറങ്ങിയ ചേച്ചി എല്ലാവര്‍ക്കും പ്രിയപ്പെട്ടവളായിരുന്നില്ലേ? പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്കു വേണ്ടിയല്ലേ അവള്‍ ജീവിച്ചത്? എന്നിട്ടുമെന്തേ അവള്‍ക്കീ ഗതി വന്നു? സി. റാണിയുടെ ശവമഞ്ചത്തിനരികിലിരിക്കുമ്പോള്‍ ഇത്തരം ചോദ്യങ്ങളും ചിന്തകളുമായിരുന്നു മനസ്സില്‍.

ആ സമയം കര്‍ത്താവിന്‍റെ പാടുപീഡകള്‍ സി. സെല്‍മിയുടെ മനസ്സില്‍ തെളിഞ്ഞുവന്നു. സഹനങ്ങളിലും മരണത്തിന്‍റെ താഴ്വരകളിലും തന്‍റെ ചേച്ചി ഒറ്റയ്ക്കായിരുന്നില്ലെന്നും കര്‍ത്താവ് അവള്‍ക്ക് കൂട്ടുണ്ടായിരുന്നെന്നും ബോധ്യപ്പെട്ടു. “ആ നിമിഷം മുതല്‍ ഞാന്‍ കരഞ്ഞിട്ടേയില്ല. അപ്പോള്‍ മുതല്‍ ചേച്ചിയുടെ ഘാതകനോടു ക്ഷമിക്കാനുള്ള കൃപയും കര്‍ത്താവു തന്നു”- സി. സെല്‍മി ഓര്‍ക്കുന്നു. ഇതിനെല്ലാം നിമിത്തമായത് ആ രാത്രിമുഴുവന്‍ ചൊല്ലിക്കൂട്ടിയ പ്രാര്‍ത്ഥനകളാണ്. “വേദനകളുടെയും പ്രയാസങ്ങളുടെയും സഹന നിമിഷങ്ങള്‍ കഠിനമാണ്. അത് അതിജീവിക്കാനായാല്‍ പിന്നെ സഹനം എളുപ്പമാണ്” – സി. സെല്‍മി പറയുന്നു.

ഉത്തരേന്ത്യയിലെ സി. റാണി മരിയയുടെ മിഷന്‍ അനുഭവങ്ങളാണു ചേച്ചിയുടെ പിന്നാലെ ഫ്രാന്‍സിസ്ക്കന്‍ ക്ലാരിസ്റ്റ് സഭയില്‍ ചേര്‍ന്നു മിഷനറിയാകാന്‍ സി. സെല്‍മിയെ പ്രേരിപ്പിച്ചത്. ബിരുദപഠനത്തിനുശേഷം ഫൈനല്‍ പ്രൊഫഷനും കഴിഞ്ഞ് ജബല്‍പൂരിലേക്കു പോയി. ആയിടയ്ക്കാണു വയറ്റില്‍ ഇടയ്ക്കിടെ അനുഭവപ്പെട്ടിരുന്ന അസ്വസ്ഥത കാന്‍സറാണെന്നു സ്ഥിരീകരിച്ചത്. ഓപ്പറേഷന്‍ നടത്തിയെങ്കിലും വീണ്ടും ചികിത്സകള്‍ വേണ്ടിവന്നു. തുടര്‍ ഓപ്പറേഷനുകള്‍ നിര്‍ദ്ദേശിക്കപ്പെട്ടെങ്കിലും അതിനു തുനിയാതെ നാട്ടിലെത്തി. ഹോമിയോ ചികിത്സയും വിശ്രമവുമായി നാട്ടില്‍ കഴിഞ്ഞെങ്കിലും മിഷനിലേക്കുള്ള ദാഹം സി. സെല്‍മിയെ വീണ്ടും ഭോപ്പാലില്‍ എത്തിച്ചു. അവിടെ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ തങ്ങുമ്പോഴാണ് പ്രിയപ്പെട്ട ചേച്ചിയുടെ ദാരുണാന്ത്യം.

“സത്യത്തില്‍ അന്നവിടെ ഉണ്ടായിരുന്നതു കൊണ്ട് എനിക്കു ചേച്ചിയുടെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ പറ്റി. രോഗാവസ്ഥയില്‍ ആംബുലന്‍സിലാണു ഞാന്‍ ചേച്ചിയുടെ ശവമഞ്ചത്തിനരികെ എത്തിയത്”-സി. സെല്‍മി അനുസ്മരിക്കുന്നു. “ചേച്ചിയുടെ മരണശേഷം 1995 നവംബറില്‍ എനിക്കു മലേറിയയും മഞ്ഞപ്പിത്തവും പിടിപെട്ടു. ആശുപത്രിയില്‍ കിടക്കവേ ഞാനൊരു സ്വപ്നം കണ്ടു. ചേച്ചി എന്നെ ശുശ്രൂഷിക്കുന്നു. നാട്ടില്‍നിന്നുള്ള പലരും എന്‍റെ സമീപത്തുണ്ട്. എന്നാല്‍ ചേച്ചിയെ കണ്ടപ്പോള്‍ എനിക്കു സംശയം. ചേച്ചി മരിച്ചു പോയതല്ലേ, പിന്നെ എന്താ ഇവിടെ? ബന്ധുക്കളോടു ചേച്ചി പറയുന്നതു കേട്ടു, ഒരു കുത്തേ ആഴത്തില്‍ ഉണ്ടായിരുന്നുള്ളൂ, അതും സുഖപ്പെട്ടു.” സ്വപ്നത്തിലെത്തിയ സി. റാണിമരിയ അനുജത്തിയുടെ സൗഖ്യത്തിനായി മാദ്ധ്യസ്ഥ്യം പ്രാര്‍ത്ഥിക്കുകയായിരുന്നുവെന്നുതന്നെ സി. സെല്‍മിയോടൊപ്പം ക്ലാരിസ്റ്റ് സഭാംഗങ്ങളും വിശ്വസിക്കുന്നു. കാരണം, ശാരീരിക അസ്വസ്ഥതകള്‍ വിട്ടൊഴിഞ്ഞ സി. സെല്‍മി ഇപ്പോള്‍ രോഗവിമുക്തയാണ്. വയറ്റിലെ കാന്‍സര്‍ ഭേദപ്പെട്ടതായി ചികിത്സകര്‍ പറയുന്നു. 2002 മുതല്‍ ഒരു മരുന്നും സി. സെല്‍മി കഴിക്കുന്നേയില്ല.

സൗഖ്യാനുഭവത്തിന്‍റെ ആന്തരീക സന്തോഷം സി. സെല്‍മി യഥാര്‍ത്ഥത്തില്‍ അനുഭവിച്ചത് 2003 ഫെബ്രുവരി 23 നാണ്. അന്നാണ് സി. റാണി മരിയയുടെ കൊലയാളി സമന്ദര്‍ സിംഗിനെ സഹോദരനായി കണ്ട് സി. സെല്‍മി അയാളുടെ കൈയില്‍ ‘രാഖി’കെട്ടിയത്. റാണി മരിയയുടെ കൊലപാതകത്തില്‍ ശിക്ഷിക്കപ്പെട്ട് ഇന്‍ഡോര്‍ ജയിലിലായിരുന്നു സമന്ദര്‍ സിംഗ്. സഹോദരിയുടെ മൃതദേഹം കബറടക്കും മുന്‍പേ ഘാതകനു മാപ്പു നല്‍കി പ്രാര്‍ത്ഥിച്ച സി. സെല്‍മിക്ക് അയാളെ നേരില്‍ കാണാനും സഹോദരനായി സ്വീകരിക്കാനും അവസരമൊരുക്കിയത് സ്വാമിയച്ചന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഫാ. സദാനന്ദ് സിഎംഐ യാണ്. ജയില്‍ സന്ദര്‍ശനത്തിനിടെ അച്ചനില്‍ നിന്നാണ് സി. റാണി മരിയയുടെ ജീവിത രേഖ സമന്ദര്‍ വായിച്ചെടുക്കുന്നത്. സി. റാണി മരിയയുടെ മാതാപിതാക്കള്‍ക്കോ സഹോദരങ്ങള്‍ക്കോ സമന്ദറിനോടു പിണക്കമോ വൈരാഗ്യമോ ഇല്ലെന്നും അയാളുടെ മാനസാന്തരമാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും അച്ചന്‍ അയാളെ ബോധ്യപ്പെടുത്തി. ഇതേത്തുടര്‍ന്നാണു സി. സെല്‍മി സമന്ദറിനെ ജയിലില്‍ സന്ദര്‍ശിച്ചത്. സമന്ദറിന്‍റെ കരങ്ങളില്‍ രാഖി കെട്ടിയ സിസ്റ്റര്‍ അയാളോടു പറഞ്ഞു: “ദൈവം നിന്നോടു ക്ഷമിച്ചു, ഞങ്ങളും ക്ഷമിച്ചിരിക്കുന്നു.” അപ്പോള്‍ അയാള്‍ അടിമുടി വിറയ്ക്കുകയായിരുന്നുവത്രെ. പിന്നീട് സി. സെല്‍മിയും മാതാപിതാക്കളും വീട്ടുകാരും തങ്ങള്‍ സമന്ദറിനോടു നിരുപാധികം ക്ഷമിച്ചെന്നു വ്യക്തമാക്കി മധ്യപ്രദേശ് ഗവര്‍ണര്‍ക്കും ജയിലധികൃതര്‍ക്കും കത്തുകള്‍ കൈമാറി. ജീവപര്യന്തം ശിക്ഷയുടെ കാലാവധി ചുരുക്കി സമന്ദറിനെ വിട്ടയയ്ക്കണമെന്ന അഭ്യര്‍ത്ഥന സ്വീകരിക്കപ്പെട്ടു. 2006 ആഗസ്റ്റ് 22-ന് സമന്ദര്‍ ജയില്‍ മോചിതനായി.

സമന്ദറിനെ ജയിലില്‍ സന്ദര്‍ശിച്ചതും പിന്നീട് അയാളുടെ മോചനത്തിനായി പരിശ്രമിച്ചതുമെല്ലാം വിമര്‍ശിച്ചവരുണ്ടെന്നു സി. സെല്‍മി പറയുന്നു: “വലിയ മാനസിക സമ്മര്‍ദ്ദങ്ങളായിരുന്നു അന്നെല്ലാം. പക്ഷെ നല്ല കള്ളനു മാപ്പു കൊടുത്ത കുരിശിലെ ക്രിസ്തുവായിരുന്നു എന്‍റെ മനസ്സില്‍.” ജയില്‍ മോചിതനായ ശേഷം സമന്ദര്‍ സിംഗ് പുല്ലുവഴിയിലെ വീട്ടിലെത്തി സി. റാണി മരിയയുടെ മാതാപിതാക്കളെ കണ്ടിരുന്നു. സി. റാണി മരിയയുടെ രക്തസാക്ഷിത്വ ദിനത്തില്‍ എല്ലാവര്‍ഷവും അയാള്‍ ഉദയനഗറില്‍ സിസ്റ്ററിന്‍റെ കബറിടത്തിലെത്തി പ്രാര്‍ത്ഥിക്കാറുമുണ്ട്.

സി. റാണി മരിയയുടെ മരണശേഷം അവര്‍ സേവനം ചെയ്ത മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള ഉദയനഗറില്‍ പ്രവര്‍ത്തിക്കണമെന്ന സി. സെല്‍മിയുടെ ആഗ്രഹത്തിനു മേലധികാരികള്‍ അനുവാദം നല്‍കുകയായിരുന്നു. ഉദയനഗറില്‍ നിലനിന്നിരുന്ന ആശങ്കകള്‍ക്കും ഭയപ്പാടുകള്‍ക്കും മധ്യേ ധൈര്യപൂര്‍വം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ തയ്യാറായി മറ്റു സന്യാസിനികളും മുന്നോട്ടുവന്നു. അവിടെ സ്നേഹസദന്‍ കോണ്‍വെന്‍റില്‍ സുപ്പീരിയറായി സി. സെല്‍മി നിയമിക്കപ്പെട്ടു. സി. റാണി മരിയയുടെ രക്തത്തുള്ളികള്‍ വീണു കുതിര്‍ന്ന ഉദയനഗറിലെ നേച്ചന്‍ ബോര്‍ മലമ്പാതയിലും പരിസരങ്ങളിലും ക്രിസ്തുവിന്‍റെ സ്നേഹവും ക്ഷമയും ഉദ്ഘോഷിച്ച് സേവനത്തിന്‍റെ മാലാഖമാരായി സി. സെല്‍മിയും സഹപ്രവര്‍ത്തകരും ജനഹൃദയങ്ങള്‍ കീഴടക്കി. കഴിഞ്ഞ ഒന്നര വര്‍ഷമായി നാഗ് പൂര്‍ രൂപതയിലെ ഗോഡ ഡാങ്കരി ഇടവകയിലെ സരണി എന്ന സ്ഥലത്തു മിഷനറിയായി സേവനം ചെയ്യുകയാണ് സി. സെല്‍മി.

ഉദയനഗറിലെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ വെല്ലുവിളികളും ഭീഷണികളും നിറഞ്ഞ സാഹചര്യങ്ങള്‍ ദൈവേഷ്ടപ്രേരിതമായി സി. റാണി മരിയ അതിജീവിക്കുകയായിരുന്നുവെന്നാണ് സി. സെല്‍മി സാക്ഷ്യപ്പെടുത്തുന്നത്. “പാവപ്പെട്ടവര്‍ക്കു വേണ്ടി എന്തു ചെയ്യാനും ചേച്ചി തയ്യാറായിരുന്നു. അവരില്‍ ഈശോയെക്കണ്ട് അവര്‍ക്കു വേണ്ടിയാണ് ജീവിച്ചത്. ഭീഷണികളോ മറ്റു പ്രശ്നങ്ങളോ എന്തുവന്നാലും അഭിമുഖീകരിക്കാനുള്ള വലിയ ധൈര്യം ചേച്ചി പ്രകടിപ്പിച്ചിരുന്നു” – സി. സെല്‍മി പറയുന്നു. ജീവനു ഭീഷണി നേരിട്ടപ്പോഴൊന്നും സിസ്റ്റര്‍ റാണി മരിയ പതറിയില്ല. ആ ഘട്ടത്തിലൊക്കെ “പരിശുദ്ധാത്മാവ് എനിക്ക് ശക്തി തരും” എന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. തന്‍റെ വിളിയെയും ദൗത്യത്തെയും പറ്റിയുള്ള ബോധ്യം എപ്പോഴും ഉണ്ടായിരുന്നു. ഉദയനഗറിലെ പാവപ്പെട്ട ഗ്രാമീണര്‍ ദൈവത്തിന്‍റെ പ്രിയപ്പെട്ട മക്കളാണെന്നും അവരെ ഉപേക്ഷിച്ചൊരു ജീവിതമില്ലെന്നും സി. റാണി മരിയ ശഠിച്ചിരുന്നു. അതുകൊണ്ടുതന്നെ ഭീഷണികള്‍ക്കു മുന്നില്‍ ഭയന്നു പിന്മാറാന്‍ അവള്‍ തയ്യാറായില്ല.

സിസ്റ്റര്‍ റാണി മരിയയെ വാഴ് ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിക്കുന്ന ഈ ഘട്ടത്തില്‍ സഭയും സമൂഹവും ഏറെ സന്തോഷിക്കുമ്പോള്‍ ഇക്കാര്യത്തില്‍ ഒത്തിരി പ്രതിസന്ധികളും ഉണ്ടായിരുന്നുവെന്ന് സി. സെല്‍മി സൂചിപ്പിച്ചു. പലതരത്തിലുള്ള അഭിപ്രായങ്ങളും പ്രതികൂല സാഹചര്യങ്ങളും ഉണ്ടായി. പക്ഷെ ദൈവികപദ്ധതിയില്‍ എല്ലാം ശുഭകരമായിത്തീരുകയായിരുന്നു. എന്തെങ്കിലും തടസ്സങ്ങള്‍ ഉയരുമ്പോള്‍ അതിനെ മറികടക്കാന്‍ തക്ക പദ്ധതികളും ദൈവം സജ്ജീകരിച്ചിരുന്നു – സി. സെല്‍മി പറയുന്നു. ദൈവം ആഗ്രഹിക്കുകയും ദൈവത്തിന്‍റെ പദ്ധതിയായി പരിണമിക്കുകയും ചെയ്യുന്നുവെങ്കില്‍ സി. റാണി മരിയയുടെ രക്തസാക്ഷിത്വം സഭ അംഗീകരിക്കുമെന്ന വിശ്വാസം ഉണ്ടായിരുന്നുവെന്നും ഇക്കാര്യത്തില്‍ അമിതമായ ആഹ്ലാദമൊന്നുമില്ലെന്നും സി. സെല്‍മി വ്യക്തമാക്കുന്നു. സിസ്റ്റര്‍ റാണി മരിയയുടെ ജീവിതവും മരണവും നാമകരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ “ദൈവത്തെ രുചിച്ചറിഞ്ഞ സമയവും വഴികളുമായിരുന്നു” എന്നാണ് സി. സെല്‍മി പറയുന്നത്.

സാധാരണക്കാരിയായ ഒരു കന്യാസ്ത്രീ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി സഭയില്‍ ആദരിക്കപ്പെടുകയാണ്. വിശ്വാസജീവി തത്തിലെ അസാധാരണമായ രക്തസാക്ഷിത്വമാണ് സി. റാണി മരിയയെ അള്‍ത്താരയിലേക്കുയര്‍ത്തുന്നത്. സഭ മുഴുവനും അഭിമാനിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്ന പവിത്രമായ ഈ മുഹൂര്‍ത്തം ദൈവത്തില്‍ നിന്നു സമ്മാനമായി കിട്ടുന്നതാണ്. ക്രിസ്തുവിനു വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്യുന്നവര്‍ക്ക് നിത്യമായ സമ്മാനം അവിടുന്ന് വാഗ്ദാനം ചെയ്യുന്നു. ക്രിസ്തുവില്‍ വിശ്വസിക്കുകയും ആ വഴികളില്‍ അവനെ അള്ളിപ്പിടിച്ച് നടക്കുകയും ചെയ്യുന്ന ഏതൊരാള്‍ക്കും ഈ സമ്മാനം സ്വന്തമാക്കാമെന്ന യാഥാര്‍ത്ഥ്യമാണ് സിസ്റ്റര്‍ റാണി മരിയയുടെ ജീവിതം നമുക്കുമുന്നില്‍ അവശേഷിപ്പിക്കുന്നത്.

Leave a Comment

*
*