Latest News
|^| Home -> Cover story -> മാര്‍ ജേക്കബ് : ദൈവത്തിനും ദൈവജനത്തിനും

മാര്‍ ജേക്കബ് : ദൈവത്തിനും ദൈവജനത്തിനും

Sathyadeepam

ഫ്രാങ്ക്ളിന്‍ എം

തൃശ്ശൂര്‍ അതിരൂപതയില്‍ ജോസഫ് കുണ്ടുകുളം പിതാവിന്‍റെ പിന്‍ഗാമിയായി സ്ഥാനമേറ്റ ശേഷം ജേക്കബ് തൂങ്കുഴി പിതാവ് നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം ഒരു കഥ പറഞ്ഞു: കടല്‍ത്തീരത്തു കൂടി നടക്കുന്ന ഒരു അപ്പനും മകനും. മുന്‍പേ നടക്കുന്ന അപ്പന്‍റെ കാല്‍പാടുകളില്‍ ചവിട്ടിയാണ് മകന്‍റെ നടത്തം. എന്നാല്‍ അവന്‍റെ കുഞ്ഞുപാദങ്ങള്‍ അപ്പന്‍റെ കാല്‍പാടുകളില്‍ എത്തുന്നില്ല. അവന്‍ ചാടി, ചാടി ആ പാദങ്ങളില്‍ തന്‍റെ പാദങ്ങള്‍ എത്തിക്കാന്‍ പരിശ്രമിക്കുന്നു. ഏതോ ഘട്ടത്തില്‍ മണ്ണില്‍ പതിഞ്ഞ ആ കാല്‍പാദങ്ങളില്‍ ചാടി എത്തുന്നതില്‍ അവന്‍ വിജയിക്കുന്നുമുണ്ട്. കഥ അവസാനിപ്പിച്ചു കൊണ്ട് മാര്‍ തൂങ്കുഴി തുടര്‍ന്നു: ജനകീയനും കരുത്തനും പ്രശസ്തനും പാവങ്ങളുടെ പിതാവുമായ കുണ്ടുകുളം പിതാവിന്‍റെ കാല്‍പാദങ്ങളെ പിന്തുടര്‍ന്നു ചാടാന്‍ ഞാനില്ല. ചാടിയാല്‍ ഞാന്‍ എത്തുകയുമില്ല.

പത്തുവര്‍ഷത്തോളം തൃശ്ശൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയായി സേവനം ചെയ്ത തൂങ്കുഴി പിതാവ് ഇക്കാലമത്രയും ആരോടെങ്കിലും താരതമ്യം ചെയ്യാനോ മത്സരിക്കാനോ ഒന്നും മെനക്കെട്ടിട്ടില്ല. ബലവും ബലഹീനതയും തിരിച്ചറിഞ്ഞ് കര്‍ത്താവിന്‍റെ കയ്യിലെ ഉപകരണമായി മാത്രം പ്രവര്‍ത്തിച്ചു. തൃശ്ശൂര്‍ ജൂബിലി മിഷന്‍ ഹോസ്പിറ്റല്‍, മേരിമാതാ മേജര്‍ സെമിനാരി, ജീവന്‍ ടിവി, ജ്യോതി എഞ്ചനീയറിംഗ് കോളജ്, മഹാജൂബിലി ട്രെയിനിംഗ് കോളജ്, ടീച്ചേഴ്സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്… തുടങ്ങിയ പല സംരംഭങ്ങളും ആരംഭിക്കപ്പെട്ടത് അദ്ദേഹത്തിന്‍റെ കാലത്താണ്. എന്നാല്‍ ഇതൊന്നും തന്‍റെ കഴിവാണെന്ന് പിതാവ് എവിടെയും അവകാശപ്പെടുന്നില്ല. കഴിവും പ്രാഗത്ഭ്യവുമുള്ളവര്‍ കൂടെയുണ്ടായിരുന്നതുകൊണ്ട് എല്ലാം നടന്നു എന്നു മാത്രം പറയും.

മാനന്തവാടി മെത്രാനായി 22 വര്‍ഷവും താമരശ്ശേരി മെത്രാനായി ഒന്നര വര്‍ഷവും പ്രവര്‍ത്തിച്ച ശേഷമാണ് മാര്‍ തൂങ്കുഴി തൃശ്ശൂര്‍ ആര്‍ച്ചുബിഷപ്പായി നിയമിക്കപ്പെട്ടത്. തൃശ്ശൂരിലേക്കു പോകാന്‍ അല്‍പം ആശങ്കയുണ്ടായിരുന്നതായി പിതാവ് ഓര്‍ക്കുന്നു: “ഞാനൊരു നാട്ടുമ്പുറത്തുകാരനാണ്. തൃശ്ശൂര്‍ കേരളത്തിന്‍റെ സാംസ്ക്കാരിക തലസ്ഥാനമായ വലിയ പട്ടണം. വലിയ അതിരൂപത. അവിടെ ഞാനൊരു പരദേശിയായി പരിഗണിക്കപ്പെടുമോ എന്നു പേടിച്ചു. മാത്രമല്ല, കുണ്ടുകുളം പിതാവിന്‍റെ വലിയ വ്യക്തിത്വത്തിനു പിന്നാലെ പിടിച്ചു നില്‍ക്കാനാവുമോ എന്നും ശങ്കിച്ചു.” ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചു നൂണ്‍ഷ്യോയ്ക്ക് കത്തയച്ചു. പക്ഷെ മറുപടി അനുകൂലമായിരുന്നില്ല. രണ്ടും കല്‍പിച്ച് തൃശ്ശൂരിലേക്ക്. എന്നാല്‍ ആശങ്കകള്‍ അസ്ഥാനത്തായിരുന്നു. വൈദികരും വിശ്വാസി സമൂഹവും ഏറെ സ്നേഹത്തോടെയാണ് പിതാവിനെ ഉള്‍ക്കൊണ്ടത്. പരദേശി എന്ന പരിവേഷം കൂടുതല്‍ അനുഭാവം കിട്ടാനാണത്രെ ഉപകരിച്ചത്.

സ്നേഹം കൊടുക്കുന്നതില്‍ പിശുക്കില്ലാത്ത തൃശ്ശൂരുകാര്‍ തൂങ്കുഴി പിതാവിനെ നെഞ്ചിലേറ്റി. 2007-ല്‍ വിരമിച്ച ശേഷം താന്‍ സ്ഥാപിച്ച ക്രിസ്തുദാസി സിസ്റ്റേ ഴ്സിന്‍റെ കോഴിക്കോട്ടുള്ള വൃദ്ധ സദനത്തില്‍ ചെന്നു പാര്‍ക്കാനാണ് പിതാവ് അഭിലഷിച്ചത്. പക്ഷെ, തൃശ്ശൂരുകാര്‍ വിട്ടില്ല. വിനീതനും വിശുദ്ധി നിറഞ്ഞവനുമായ തൂങ്കുഴി പിതാവിന്‍റെ സാന്നിധ്യം അവര്‍ എന്നും ആഗ്രഹിച്ചു. അങ്ങനെ തൃശ്ശൂര്‍ സെന്‍റ് മേരീസ് മൈനര്‍ സെമിനാരിയില്‍ പിതാവിന് അവര്‍ മനോഹരമായൊരു കൂടൊരുക്കി.

പക്ഷെ കൂട്ടിലിരിക്കാനും വിശ്രമിക്കാനുമൊന്നും തൂങ്കുഴി പിതാവിനു നേരമില്ല. ഇപ്പോള്‍ 88-ാ മത്തെ വയസ്സിലും അദ്ദേഹത്തിനു തിരക്കാണ്. വി. കുര്‍ബാന, ധ്യാനം, മീറ്റിംഗ്, ഉദ്ഘാടനം, പ്രസംഗങ്ങള്‍… അങ്ങനെ വിവിധ പരിപാടികള്‍ നിത്യേനയുണ്ട്. ദീര്‍ഘദൂരം യാത്ര ചെയ്ത് എല്ലാ പരിപാടികളിലും പങ്കെടുക്കും. “യാത്ര ചെയ്യാന്‍ എനിക്കു മടിയില്ല. മാത്രമല്ല, ഓരോ യാത്രയും എന്നെ കൂടുതല്‍ ഫ്രഷ് ആക്കുകയാണ് – പിതാവ് പറയുന്നു. യാത്രയില്‍ വായിക്കാം, ധ്യാനിക്കാം, പ്രാര്‍ത്ഥിക്കാം, ഉറങ്ങാം, സ്വപ്നങ്ങള്‍ കാണാം…” എന്തു സ്വപ്നമാണു കാണുന്നതെന്നു ചോദിച്ചാല്‍ പിതാവു പുഞ്ചിരിക്കും: “ഞാന്‍ യാക്കോബല്ലേ, സ്വര്‍ഗ്ഗത്തിലേക്കുള്ള കോവണി കയറ്റം സ്വപ്നം കണ്ട യാക്കോബ്… പക്ഷെ ആ കോവണി കയറാറായി എന്ന് ഇതുവരെ തോന്നിയിട്ടില്ല. മരണത്തെ ഭയമില്ലെങ്കിലും അതേക്കുറിച്ചു ചിന്ത വരുന്നില്ല. ഈ പ്രായത്തില്‍ അതു പണ്ടേ വരേണ്ടതാണ്. എങ്കില്‍ കുറേക്കൂടി ഒരുങ്ങാമായിരുന്നു.”

1956-ല്‍ വൈദികപട്ടമേറ്റ തൂങ്കുഴി പിതാവ് പൗരോഹിത്യത്തിന്‍റെ ആറു പതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു, മെത്രാനായി 45 വര്‍ഷങ്ങളും. സേവനം ചെയ്ത മൂന്നു രൂപതകളില്‍ ഏറ്റവും സന്തോഷവും സംതൃപ്തിയും തോന്നിയ കാലഘട്ടം ഏതെന്നു ചോദിച്ചാല്‍ അതൊരു അപകടം പിടിച്ച ചോദ്യമാണെന്നു പിതാവു പറയും. എല്ലാവരോടും സ്നേഹമായിരുന്നു, എല്ലായിടത്തും സന്തോഷമായിരുന്നു. 22 വര്‍ഷം മാനന്തവാടി മെത്രാനായിരുന്ന ശേഷം താമരശ്ശേരിയിലേക്ക് മാറ്റം ഉണ്ടായപ്പോള്‍ അതിനെതിരെ വിശ്വാസികള്‍ സംഘടിച്ച ചരിത്രമുണ്ട്. പിതാവിനെ വേര്‍പിരിയാനുള്ള സങ്കടം. അത്രമേല്‍ അവര്‍ ഇടയനെ ഇഷ്ടപ്പെട്ടിരുന്നു. മാനന്തവാടിയില്‍ നിന്നുള്ള മാറ്റത്തിന്‍റെ ഘട്ടത്തില്‍ ആളുകളും അച്ചന്‍മാരും സങ്കടപ്പെടുന്നതു കണ്ടപ്പോള്‍ തൂങ്കുഴി പിതാവിനും വിഷമം തോന്നി. “മാറ്റത്തിന്‍റെ കാര്യമറിഞ്ഞ് ഞാന്‍ ചാപ്പലില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ പല അച്ചന്‍മാരും ജനാലയ്ക്കരുകില്‍ വന്നുനിന്ന് എന്നെ നോക്കി കരയുന്നതു കണ്ടു. ദൈവമേ ഇവര്‍ ഇത്രമാത്രം എന്നെ സ്നേഹിക്കുന്നുവോ എന്നോര്‍ത്തപ്പോള്‍ സന്തോഷംകൊണ്ട് എന്‍റെ കണ്ണുകളും നിറഞ്ഞുപോയി” – പിതാവ് അനുസ്മരിക്കുന്നു. ഈ സന്തോഷചരിത്രത്തിനൊപ്പം തൂങ്കുഴി പിതാവിനെ ഏറെ സങ്കടപ്പെടുത്തിയ സംഭവവും മാനന്തവാടിയിലാണ് നടന്നത്. മെത്രാനായി മൂന്നു നാലു കൊല്ലം കഴിഞ്ഞപ്പോള്‍ വൈദികരെ വിളിച്ചു കൂട്ടി തന്നെക്കുറിച്ചുള്ള വിലയിരുത്തല്‍ നടത്താന്‍ പിതാവ് നിര്‍ദ്ദേശിച്ചു. വൈദികസമിതിയില്‍ ഇത്തരമൊരു കാര്യം ആദ്യം. രൂപതാ മെത്രാനെ വിലയിരുത്തി മാര്‍ക്കിടുക. പിതാവിന്‍റെ സാന്നിധ്യത്തില്‍ അച്ചന്‍മാര്‍ ഒരുമിച്ചുകൂടി. കൂട്ടം തിരിഞ്ഞുള്ള ഗ്രൂപ്പു ചര്‍ച്ചകള്‍ക്കൊടുവില്‍ ഓരോ ഗ്രൂപ്പും റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പെട്ടെന്നു തീരുമാനമെടുക്കുന്നതില്‍ പിതാവ് പരാജയമാണ്, ജനങ്ങളുമായി അധികം ഇടപഴകുന്നില്ല, വൈദികര്‍ക്കു കൂടുതല്‍ സമീപസ്ഥനല്ല… ഇത്തരം പരാമര്‍ശങ്ങള്‍ കൈയ്യടിച്ചാണ് അച്ചന്‍മാര്‍ സ്വീകരിച്ചത്. വിലയിരുത്തല്‍ പാളിയോ? “രൂപതയ്ക്കു വേണ്ടി ഞാന്‍ പലതും ചെയ്യുന്നുണ്ട്. ദൈവമേ എന്നിട്ടും… അതുപോട്ടെ, പക്ഷെ എന്‍റെ കുറ്റവും കുറവുകളും കേട്ടുള്ള കയ്യടി… എനിക്കു വലിയ സങ്കടമായി.” കുറേനാള്‍ അതു മനസ്സില്‍ കിടന്നു, പിന്നീട് ഒരു ധ്യാനം കൂടിയപ്പോള്‍ മനസ്സു ശാന്തമായി.

അച്ചന്‍മാര്‍ വിലയിരുത്തിയ തൂങ്കുഴി പിതാവ് ആത്മവിമര്‍ശനത്തിനും സ്വയം വിലയിരുത്തലിനും തയ്യാറായാല്‍ എത്രമാര്‍ക്കു കിട്ടും? “അതു പുറത്തു പറയാന്‍ കൊള്ളില്ല, രഹസ്യമാണ്” ചിരിയിലൂടെ പിതാവു തുടരുന്നു: “വലിയ കഴിവൊന്നുമുള്ളവനല്ല ഞാന്‍. വാക്ചാതുര്യം കുറവാണ്, ഗുണമില്ലാത്തവന്‍.” പക്ഷെ തനിക്കു ചെയ്യാന്‍ കഴിയാത്തത് മറ്റുള്ളവരില്‍ ആശ്രയം വച്ച് നടപ്പിലാക്കാന്‍ പിതാവിനറിയാം. കഴിവുള്ളവരെ ഉത്തരവാദിത്വം ഏല്‍പ്പിക്കുക മാത്രമല്ല, പൂര്‍ണമായ പ്രവര്‍ത്തന സ്വാതന്ത്ര്യവും പിതാവ് അവര്‍ക്കു നല്‍കും.

പത്താംതരം പാസ്സായപ്പോഴാണ് ഒരു വൈദികനാകണം എന്ന ചിന്ത ഉണ്ടായത്. ചെറുപ്പത്തില്‍ പാട്ടുസംഘത്തിലൊക്കെകൂടി പള്ളിയുമായി അടുപ്പമുണ്ടായിരുന്നു. കൗമാരത്തിലെ വികൃതികളും കുസൃതികളും ആ വഴിക്കും നടന്നു. ഒരിക്കല്‍ വേദപാഠത്തിനു പോകാതെ കൂട്ടുകാരുമൊത്തു ചീട്ടുകളിച്ചിരുന്നു. വീട്ടില്‍നിന്നു പൊതിരെ തല്ലുകിട്ടി. പത്തു ജയിച്ചപ്പോള്‍ ചങ്ങനാശ്ശേരി എസ്ബി കോളജില്‍നിന്ന് അപ്പന്‍ അഡ്മിഷന്‍ ശരിയാക്കിക്കൊണ്ടു വന്നു. പക്ഷെ ജേക്കബിനു സെമിനാരിയില്‍ പോകണം. എന്നാല്‍ അവിടെ അഡ്മിഷന്‍റെ സമയം കഴിഞ്ഞു. അതുകൊണ്ടുതന്നെ വീട്ടില്‍ അല്‍പം അമാന്തം. ഒടുവില്‍ വികാരിയച്ചന്‍റെ കത്തുമായി ഒറ്റയ്ക്കു ചങ്ങനാശ്ശേരിക്കു പോയി. സ്കൂളില്‍ പഠിപ്പിച്ച വലിയപറമ്പിലച്ചനെ കണ്ടു. അദ്ദേഹം വൈസ് റെക്ടറായിരുന്ന ഫാ. സെബാസ്റ്റ്യന്‍ വള്ളോപ്പള്ളിയെ (പിന്നീട് ബിഷപ് വള്ളോപ്പള്ളി) പരിചയപ്പെടുത്തി. അരമനയില്‍ ചെന്നു കാളാശ്ശേരി പിതാവിനെ കാണാനായിരുന്നു നിര്‍ദേശം. അതോടെ കാര്യം അവതാളത്തിലാകുമെന്നു വിചാരിച്ചു. സമയം വൈകിയതിനാല്‍ പിതാവു പറഞ്ഞുവിടും. എന്നാല്‍ ഭാഗ്യത്തിനു പിതാവ് സ്ഥലത്തില്ലായിരുന്നു. എന്നാല്‍ വള്ളോപ്പള്ളിയച്ചന്‍ അപേക്ഷ പിതാവിനു കൈമാറിയേക്കാം എന്നു പറഞ്ഞു വാങ്ങിവച്ചു. “അങ്ങനെ സൂത്രത്തില്‍ ഞാന്‍ സെമിനാരിയില്‍ കയറിപ്പറ്റി.” തലശ്ശേരി മെത്രാനായി വള്ളോപ്പള്ളി പിതാവു നിയമിതനായപ്പോള്‍ ഈ സൂത്രക്കാരന്‍ പയ്യനെ അങ്ങോട്ടു ക്ഷണിച്ചു. അങ്ങനെ പാലായില്‍ നിന്നു ചങ്ങനാശ്ശേരി വഴി ബ്രദര്‍ ജേക്കബ് തൂങ്കുഴി തലശ്ശേരിയിലെത്തി. 1956-ല്‍ റോമില്‍ വച്ചായിരുന്നു പട്ടം.

സൂത്രപ്പണിയൊന്നും പക്ഷെ വൈദിക ജീവിതത്തില്‍ സ്യൂട്ടാകില്ലെന്ന് തൂങ്കുഴി പിതാവ് പറയുന്നു. ഒരു വൈദികനു വേണ്ട അടിസ്ഥാന യോഗ്യത വിശുദ്ധിയാണ്. “മറ്റുള്ളവരെ ആദരിക്കാനും സ്നേഹിക്കാനും കഴിയണം. നമുക്കു മുന്നിലേക്കു വരുന്നവരോട് ഇരിക്കാന്‍ പറയുക, നല്ല വാക്കു പറയുക…” ഒരു വൈദികന് ഒട്ടും ഭൂഷണമല്ലാത്തത് എന്താകാം? “അഹന്ത. മറ്റുള്ളവരെ പരിഗണിക്കാത്ത അഹങ്കാരം ഒട്ടുംപാടില്ല. ദ്വേഷ്യവും വേണ്ട” – തൂങ്കുഴി പിതാവ് പറയുന്നു. ഒരിക്കല്‍ ഒരു സംരംഭത്തിനുവേണ്ടി സാമ്പത്തിക സ്രോതസ്സു തേടി വിദേശത്തു പോയി. പലരെയും കണ്ട കൂട്ടത്തില്‍ ഒരാള്‍ പറഞ്ഞതിങ്ങനെ: ഇപ്പോള്‍ എത്ര സ്നേഹത്തോടെയാണു നിങ്ങള്‍ ഇടപഴകുന്നത്. പക്ഷെ നാട്ടില്‍ വരുമ്പോള്‍ വ്യത്യസ്തമായി പെരുമാറുന്ന വൈദികരുണ്ട്. ഒരു കല്യാണക്കുറിക്കോ മാമ്മോദീസാ കണക്കിനോ ചെന്നാല്‍ എത്ര ധിക്കാരത്തോടെയാണു ചില അച്ചന്മാര്‍ പെരുമാറുന്നത്. ബ്യൂറോക്രാറ്റുകളുടെ ഭാഷയാണവര്‍ക്ക്. “മാനുഷിക ഗുണങ്ങളുള്ള വൈദികരാണു ഭൂരിപക്ഷവും. പക്ഷെ ചിലരുടെ ധിക്കാരപരമായ സമീപനങ്ങള്‍ വലിയ മുറിവുകള്‍ ഉണ്ടാക്കുന്നുണ്ട്” – പിതാവ് നിരീക്ഷിക്കുന്നു.

സഭയ്ക്കു പൊതുവെ ഇതൊരു മോശം കാലമാണോ? ചില സംഭവങ്ങള്‍ അല്‍പം വിഷമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് തൂങ്കുഴി പിതാവ് സമ്മതിക്കുന്നു. പക്ഷേ ഈ യുഗത്തില്‍ കഴിഞ്ഞ 60 വര്‍ഷങ്ങള്‍ വളരെ സുന്ദരമായ കാലഘട്ടമല്ലേ എന്ന് അദ്ദേഹം ചോദിക്കുന്നു. വിശുദ്ധരായ മാര്‍പാപ്പമാര്‍ നിരന്തരം വരുന്നു. വി. ജോണ്‍ ഇരുപത്തിമൂന്നാമന്‍, വി. പോള്‍ ആറാമന്‍, വി. ജോണ്‍ പോള്‍ രണ്ടാമന്‍… അതുപോലെ ഇക്കാലഘട്ടത്തില്‍ എത്രയോ രക്തസാക്ഷികള്‍ ഉണ്ടായി. സത്യത്തില്‍ വിശുദ്ധിയുടെ സാക്ഷ്യങ്ങള്‍ കൂടുതല്‍ നല്‍കപ്പെട്ട കാലഘട്ടമാണിതെന്നാണ് പിതാവിന്‍റെ വിലയിരുത്തല്‍.

എട്ടുമക്കളില്‍ നാലാമനാണ് ആര്‍ച്ചുബിഷപ് തൂങ്കുഴി. ആറു പെണ്ണും രണ്ടാണും. മൂത്തജ്യേഷ്ഠനും ഒരു സഹോദരിയും മരണമടഞ്ഞു. പക്ഷെ പണ്ടുമുതലേ ഏറ്റവും അടുപ്പമുള്ള മൂന്നു പേരെയും കൂട്ടിയാണ് പിതാവിന്‍റെ നടപ്പ് – പരി. കന്യാമറിയം, അല്‍ഫോന്‍സാമ്മ, വി. കൊച്ചുത്രേസ്യ. “ഇവരാണ് എന്‍റെ അമ്മയും പെങ്ങന്മാരും, എന്തു ചോദിച്ചാലും എനിക്കു തരും” – പിതാവ് സാക്ഷ്യപ്പെടുത്തുന്നു. റോമില്‍ പഠിക്കുമ്പോള്‍ ലൈസന്‍ഷ്യേറ്റില്‍ നല്ല മാര്‍ക്കു വേണമെന്നു പ്രാര്‍ത്ഥിച്ചു. രണ്ടാം റാങ്കു കിട്ടി. വ്യര്‍ത്ഥാഭിമാനത്തിന്‍റെ കാര്യമായിട്ടു പോലും അതവര്‍ വാങ്ങിത്തന്നു.

ഇംഗ്ലണ്ടില്‍വച്ച് ആദ്യം ഹാര്‍ട്ട് അറ്റാക്കു വന്നത് കര്‍മ്മ ലമാതാവിന്‍റെ തിരുനാളില്‍ ജൂലൈ 16-നായിരുന്നു. “അന്നു മാതാവിന്‍റെ കസ്റ്റഡിയിലായിരുന്നു ഞാന്‍. അവിടെ ഡോക്ടറോടു നമുക്ക് രോഗവിവരങ്ങള്‍ നേരിട്ടു ചോദിച്ചറിയാം. ഒരു ഇന്ത്യന്‍ ഡോക്ടറായിരുന്നു. അടുത്ത എട്ടു മണിക്കൂറിനുള്ളില്‍ കാര്യങ്ങള്‍ക്കു തീരുമാനമാകുമെന്നാണ് അദ്ദേഹം അറിയിച്ചത്. കുമ്പസാരിക്കാനും വി. കുര്‍ബാന സ്വീകരിക്കാനും സൗകര്യമൊരുക്കണമെന്നു ഞാന്‍ പറഞ്ഞു. മെത്രാന്മാരുടെ ഒരു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു ഞാന്‍. രണ്ടു മൂന്നു മെത്രാന്മാരും അച്ചന്മാരും ആശുപത്രിയിലെത്തി രോഗീലേപനം നടത്തി, വി. കുര്‍ബാനയും തന്ന് എല്ലാം ആഘോഷമാക്കി.” അമേരിക്കയില്‍ വച്ച് 2002-ല്‍ ബൈപാസ് സര്‍ജറി ചെയ്തത് ഫെബ്രുവരി 11-ന് ലൂര്‍ദ്മാതാവിന്‍റെ തിരുനാളിലാണ്. അവിടെയും അവര്‍ മൂന്നുപേര്‍ – അമ്മയും രണ്ടു പെങ്ങന്മാരും- സന്നിഹിതരായിരുന്നുവെന്ന് മാര്‍ തൂങ്കുഴി വിശ്വസിക്കുന്നു.

പോപ്പ് പോള്‍ ആറാമന്‍റെ pensieri alla morte എന്ന മരണത്തെക്കുറിച്ചുള്ള ചിന്തകളാണ് തൂങ്കുഴി പിതാവ് ഇപ്പോള്‍ ധ്യാനിക്കുന്നത്. അല്‍പകാലം മാത്രമുള്ള ജീവിതം നല്ല മനസ്സോടെ സന്തോഷത്തോടെ ഉത്സാഹത്തോടെ വിനീതമായി നിര്‍വഹിക്കുക. അവസാനകാലം ഉത്സാഹത്തോടെ ഓടിത്തീര്‍ക്കാന്‍ ഈ ചിന്തകള്‍ സഹായകമാണെന്നു പിതാവു പറയുന്നു. മനസ്സും ശരീരവും നിര്‍മ്മലമാക്കി ആര്‍ക്കും ഉപദ്രവമില്ലാതെ എല്ലാവരെയും സ്നേഹിച്ച് എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ച്… പ്രാര്‍ത്ഥനയാണു ബലം. പ്രാര്‍ത്ഥനകൊണ്ടു നേടാനാവാത്ത ഒന്നുമില്ല. അവിടെ ശത്രുപോലും മിത്രമാകും. തൃശ്ശൂര്‍ അതിരൂപതാധ്യക്ഷനായിരിക്കേ പിതാവിനെ അഭിസംബോധന ചെയ്ത് രണ്ടാഴ്ചയിലൊരിക്കല്‍ ഒരു തെറിക്കത്തു കിട്ടുമായിരുന്നു. കേട്ടാല്‍ അറയ്ക്കുന്ന തെറിയഭിഷേകം. മനസ്സില്‍ ആകെ ഒരു വിഷമം. ആരോടും പറഞ്ഞില്ല. വ്യസനം കൂടിയപ്പോള്‍ കത്തുമായി ചാപ്പലില്‍ ചെന്നു പ്രാര്‍ത്ഥിച്ചു. മൂന്നാണിയില്‍ തൂങ്ങിയവന്‍ കത്തു കണ്ടു ചിരിച്ചു – ഇതൊക്കെ എന്ത്? ആ സാന്ത്വനത്തില്‍ ചാപ്പലില്‍ നിന്നു തിരിച്ചിറങ്ങും. പക്ഷെ പൊടുന്നനെ വീണ്ടും മനസ്സു വിങ്ങും. വീണ്ടും ചാപ്പലില്‍ കയറും… കത്തുകള്‍ മുടങ്ങാതെ കിട്ടിക്കൊണ്ടിരുന്നു. ചാപ്പലില്‍ പ്രാര്‍ത്ഥനയും തുടര്‍ന്നു. ആയിടയ്ക്ക് വര്‍ക്കി വിതയത്തില്‍ പിതാവ് പങ്കെടുത്ത ഒരു പൊതുവേദിയില്‍ തൂങ്കുഴി പിതാവ്, തനിക്കു മുടങ്ങാതെ വന്നുകൊണ്ടിരിക്കുന്ന തെറിക്കത്തിന്‍റെ കഥ പറഞ്ഞു: “എന്‍റെ ഉറക്കം കെടുത്താന്‍ ആരോ എഴുതി വിടുന്ന തെറിക്കത്ത്. പക്ഷെ എനിക്കയാളോട് ദ്വേഷ്യമില്ല. അയാള്‍ക്കുവേണ്ടി ഞാന്‍ എന്നും പ്രാര്‍ത്ഥിക്കുകയാണ്. ഇനിയിപ്പോള്‍ ആ കത്തു കിട്ടാതായാലായിരിക്കും എനിക്ക് ഉറക്കം നഷ്ടപ്പെടുക.” അതിനുശേഷം അസഭ്യങ്ങള്‍ നിറച്ചെത്തുന്ന കത്ത് വന്നിട്ടില്ലെന്ന് തൂങ്കുഴി പിതാവു പറയുന്നു.

പ്രാര്‍ത്ഥനയിലൂടെ സകലതും നേടിയെടുക്കുന്ന പിതാവിന് ഇനിയും എന്തെങ്കിലും ആഗ്രഹങ്ങളുണ്ടോ? വിശാലമായ മുറിയില്‍ ചില്ലിട്ടു സൂക്ഷിച്ചിരിക്കുന്ന പുസ്തക ശേഖരത്തിലേക്കു നോക്കി കുറേ വായിച്ചു തീര്‍ക്കാനുണ്ടെന്നു പിതാവ് പറയുന്നു. റിട്ടയര്‍ ലൈഫില്‍ എല്ലാം വായിക്കണമെന്നു കരുതിയതാണ്. പക്ഷെ ഇപ്പോഴത്തെ തിരക്കുകളും യാത്രകളും കാരണം സമയം കിട്ടുന്നില്ല. വിശ്രമജീവിതത്തിലും ഓടി നടക്കുന്ന യൗവ്വനം. നന്മനിറഞ്ഞ ഹൃദയവും നല്ലതുമാത്രം ചിന്തിക്കുന്ന മനസ്സും – അതാണോ ഈ ചുറുചുറുക്കിന്‍റെ രഹസ്യം?

പിതാവിനോടൊരു അവസാന ചോദ്യം: ഈ നിമിഷം, സ്വര്‍ഗത്തില്‍നിന്നു ദൈവത്തിന്‍റെ മാലാഖ കടന്നുവന്ന് പിതാവിനോട് ഒരു വരം ചോദിക്കാന്‍ പറഞ്ഞാല്‍ എന്തായിരിക്കും പിതാവ് ചോദിക്കുക?

“ഒരെണ്ണത്തിനേ സ്കോപ്പുള്ളോ?”

ഒരെണ്ണം മാത്രം

“എന്‍റെ ഈശോയെ മുഴുഹൃദയത്തോടെ സ്നേഹിക്കാനുള്ള കൃപ. അതുമാത്രം മതിയെനിക്ക്.”

Leave a Comment

*
*