ദളിത് ക്രൈസ്തവരും കേരളസഭയും

ദളിത് ക്രൈസ്തവരും കേരളസഭയും

ഫാ. ഇമ്മാനുവല്‍ എസ്. ജെ.
ശാന്തിനിലയം, കോട്ടയം

മിഷനറിമാര്‍ പ്രതിബന്ധങ്ങളെ തരണം ചെയ്താണ് ദളിതരെ സഭയിലേക്ക് സ്വീകരിച്ചതും അവരെ സംരക്ഷിച്ചതും. ഈ സംരക്ഷണവും പ്രോത്സാഹനവും ആധുനിക സഭാനേതൃത്വം ബോധപൂര്‍വ്വം വേണ്ടെന്നു വയ്ക്കുന്നു. പരിണതഫലമായി സഭയുടെ നേതൃരംഗങ്ങളില്‍ ദളിത് സമൂഹങ്ങള്‍ അവഗണിക്കപ്പെടുകയും പിന്‍തള്ളപ്പെടുകയും ചെയ്യുന്നു. നന്മയുടെ ഏതു മൂല്യവും നടപ്പിലാക്കുന്നത് പരിശുദ്ധാത്മാവിന്‍റെ വിളിയും പ്രവര്‍ത്തനവും ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

മനോഭാവത്തിലുള്ള മാറ്റമാണ് ദളിത് വിമോചനത്തിന് ഏറ്റവും ആവശ്യം. യഥാര്‍ത്ഥത്തില്‍ ദളിത് വിഷയം സഭയില്‍ നിലനില്‍ക്കുന്നത് ഒരു കൂട്ടരുടെ ദുരഭിമാനം വിട്ടുകളയാനുള്ള തടസ്സങ്ങള്‍ മൂലമാണ്. യേശുവിന്‍റെ കാലത്ത് യഹൂദപുരോഹിതന്മാരും നിയമജ്ഞരും ഫരിസേയരും ഉന്നതഭാവം നടിക്കുകയും മറ്റുള്ളവരെ താഴ്ന്നവരായ് കണക്കാക്കുകയും ചെയ്തിരുന്നു.

എന്നിട്ടും സമൂഹത്തില്‍ പുറമ്പോക്കുകളില്‍ കഴിയുന്നവര്‍ക്ക് ഉണര്‍വും ജീവനും നല്‍കാന്‍ യേശു തിരഞ്ഞെടുത്തത് ആരും ഗൗനിക്കാത്ത മത്സ്യതൊഴിലാളികളെയാണ്. യേശുവിന് എല്ലാവരും ദൈവമക്കളാണ്; വേര്‍തിരിവില്ല. വിശുദ്ധ പൗലോസ് ഈ കാഴ്ചപ്പാടു തന്നെ കോറിന്തോസുകാര്‍ക്കുള്ള ഒന്നാം ലേഖനത്തില്‍ സൂചിപ്പിക്കുന്നു (1 കോറി. 1:12-13). പൗലോസിന്‍റേത്, അപ്പോളോസിന്‍റേത്, കേപ്പായുടേത് ഇത്തരം ഭോഷത്തം അവസാനിപ്പിച്ച് എല്ലാവരും ക്രിസ്തുവിന്‍റെ നാമത്തില്‍ ജ്ഞാനസ്നാനം സ്വീകരിച്ചവരും ക്രിസ്തുവിനാല്‍ രക്ഷിക്കപ്പെട്ടവരും ആണെന്നത് ഗൗരവത്തോടെ കണക്കിലെടുക്കേണ്ട സമയമായിരിക്കുന്നു.

സഭയില്‍ ഭിന്നതകള്‍ കൂടിവരുന്ന ഈ സാഹചര്യത്തില്‍ നാം മനസിലാക്കണം, എല്ലാവരെയും ഒന്നായികാണാന്‍ വേണ്ടിയാണ് യേശു തന്‍റെ സുഹൃദ്സംഘത്തിനു രൂപം നല്‍കിയത്. ഇന്ന് കേരള സഭയില്‍ മാര്‍ത്തോമ ക്രിസ്ത്യാനികള്‍, ബ്രാഹ്മിണ്‍ ക്രിസ്ത്യാനികള്‍ വി. ഫ്രാന്‍സിസ് സേവ്യറില്‍ നിന്നും നേരിട്ട് മാമോദീസ സ്വീകരിച്ചവര്‍, ഇത്യാദി വാദങ്ങള്‍ ഉന്നയിച്ച് പാരമ്പര്യത്തിന്‍റെ തൊങ്ങലുകള്‍ വലുതാക്കാന്‍ ശ്രമിക്കുന്നവര്‍ ഓര്‍ക്കാതെ പോകുന്നതെന്താണ്? ഈ ആഢ്യത്തം ഭാവിക്കുന്നവര്‍ പറയാതെ പറയുന്നത് എന്താണ്? 'ഞാന്‍ പുതുക്രിസ്ത്യാനിയല്ല, ഞാന്‍ ഈ നില്‍ക്കുന്ന ദളിത് ക്രിസ്ത്യാനിയെപ്പോലെ താഴ്ന്ന ജാതിയില്‍ നിന്നും ക്രിസ്തുമതം സ്വീകരിച്ച് വന്നവനല്ല.' ഇതില്‍ ഒരു ഫരിസേയ മനോഭാവം തീര്‍ച്ചയായും കാണാന്‍ സാധിക്കും. ഫരിസേയന്‍റേയും ചുങ്കക്കാരന്‍റേയും പ്രാര്‍ത്ഥനയില്‍ ഫരിസേയന്‍റെ ഉന്നതാവസ്ഥയോ ആഢ്യത്തമോ അല്ല ദൈവത്തെ പ്രീതിപ്പെടുത്തുന്നത്, മറിച്ച് പാപിയായ ചുങ്കക്കാരന്‍റെ എളിമയും ആത്മാര്‍ത്ഥമായ പശ്ചാത്താപബോധവുമാണ്. ഫരിസേയന്‍ തന്നെതന്നെ ചുങ്കക്കാരനില്‍ നിന്നും വേര്‍തിരിച്ച് അവനേക്കാള്‍ ശ്രേഷ്ഠനാണെന്ന് ഭാവിച്ചുകൊണ്ടാണ് ദൈവസന്നിധിയിലായിരിക്കുന്നത്. ഈ വേര്‍തിരിവാണ് അവന് വിനയായത്. ഈ രണ്ടുപേരില്‍ ദൈവം സംപ്രീതനായത് ചുങ്കക്കാരന്‍റെ പ്രാര്‍ത്ഥനയിലാണെന്നും അവനാണ് സമാധാനത്തോടെ വീട്ടിലേക്ക് മടങ്ങിയതെന്നും അറിഞ്ഞിട്ടും നമ്മള്‍ ഈ ഫരിസേയ മനോഭാവം ഉപേക്ഷിക്കാന്‍ തയ്യാറല്ല.

ഇത്തരം മനോഭാവങ്ങള്‍ മാറ്റുന്നതില്‍ സഭാനേതൃത്വത്തിനും പങ്കുണ്ട്. ഈ മനോഭാവം പ്രോത്സാഹിപ്പിക്കുന്ന സന്ദേശം നല്‍കി പ്രസംഗിക്കുന്ന സഭാധികാരികളുടെ പ്രസംഗങ്ങള്‍ കേള്‍ക്കാനിടയായ വ്യക്തി എന്ന നിലയില്‍ സഭാധികാരികള്‍ ഈ സമീപനത്തില്‍ നിന്നും ബോധപൂര്‍വ്വം പിന്മാറുകയും മറ്റുള്ളവരെ മാറ്റുവാന്‍ ബോധപൂര്‍വ്വം ശ്രമിക്കുകയും ചെയ്യാതെ ക്രിസ്ത്യാനികളില്‍ അറുപതുശതമാനത്തോളം വരുന്ന ദളിത് സമൂഹത്തിന് സഭയില്‍ അഭിമാനിക്കാന്‍ സാധിക്കില്ലെന്ന് ഞാന്‍ മനസ്സിലാക്കുന്നു.

ദളിത് ക്രൈസ്തവര്‍ തങ്ങളുടേതായ കാരണങ്ങള്‍ കൊണ്ടല്ല ഈ അടിമത്തത്തിന്‍റെയും അവഗണനയുടെയും ഭാരം ഇന്നും പേറുന്നത്. അത് അവരുടെ മേല്‍ അടിച്ചേല്‍പ്പിച്ചതാണ്. ഈ വസ്തുത അറിഞ്ഞിട്ടും ബോധപൂര്‍വ്വം മറന്നുകളയുന്ന സഭാനേതൃത്വവും സഭാസമൂഹവും കര്‍ത്താവിന്‍റെ ഈ വചനം ധ്യാനവിഷയമാക്കേണ്ടതും അതിപ്രാധാന്യത്തോടെ ഗതിമാറ്റത്തിന് ആരംഭം കുറിക്കേണ്ടതുമാണ്. ദളിത് സമൂഹത്തില്‍ അന്തര്‍ലീനമായിരിക്കുന്ന അപകര്‍ഷതാബോധം, സ്വയം ഉള്‍വലിയല്‍, പേടി, ഭയം എന്നിവയ്ക്കെല്ലാം കുറ്റക്കാര്‍ അവര്‍ മാത്രമാണോ? ഹാരപ്പ മോഹന്‍ജോദാരോ സംസ്ക്കാരത്തിന്‍റെ ഉപജ്ഞാതാക്കളായ ഈ സമൂഹം എങ്ങനെ ഈ അവസ്ഥയിലേക്ക് താഴ്ന്നു? വരേണ്യസമൂഹം അവരെ കീഴ്പ്പെടുത്തിയും മറ്റ് മാര്‍ഗ്ഗങ്ങളിലൂടെ അടിച്ചമര്‍ത്തിയും അങ്ങനെ ആക്കിത്തീര്‍ത്തതല്ലേ? എങ്കില്‍ ആ സമൂഹത്തെ പുനഃസൃഷ്ടി ചെയ്യുവാന്‍ സഭാസമൂഹം മുന്നോട്ടു വരണം.

ഉദാരത കുടുംബത്തില്‍ നിന്നും ആരംഭിക്കട്ടെ (Charity begins at home). സീറോ-മലബാര്‍ സഭാ സിനഡ് ഈയിടെ തങ്ങളുടെ ദളിത് സഹോദരന്മാരെ സഹായിക്കു ന്നതിനായി ചില തീരുമാനങ്ങള്‍ കൈക്കൊള്ളുകയുണ്ടായി അഭിനന്ദനാര്‍ഹം തന്നെ. പക്ഷെ, സാമ്പത്തികമായ ഉന്നമനം മാത്രം പോരാ, അവര്‍ക്ക് സഭാനേതൃത്വത്തില്‍ പ്രത്യേകിച്ച് സഭാസ്ഥാപനങ്ങ ളില്‍ പരിഗണന നല്‍കി സഭ അവരെ അംഗീകരിക്കണം. നേതൃസ്ഥാനങ്ങളില്‍ അവര്‍ എത്തിച്ചേരാന്‍ പ്രത്യേക പരിശീലനം അവര്‍ക്ക് നല്‍കണം. ഇത് ലത്തീന്‍ സഭയും മാതൃകയായ് സ്വീകരിക്കണമെന്ന് അഭിപ്രായപ്പെടുന്നു.

ആഗോളസഭയില്‍ ഇതിന് അനുകൂല സാഹചര്യമാണ് ഇന്ന് കാണുക. ഫ്രാന്‍സിസ് മാര്‍പാപ്പ പുറമ്പോക്കുകളിലേക്ക്, അതിര്‍വരമ്പുകളിലേക്ക് ഇറങ്ങി പുറപ്പെടാന്‍ സഭാസമൂഹത്തെ ആഹ്വാനം ചെ യ്യുമ്പോള്‍ ഭാരതസഭ ഇവിടെ പുറമ്പോക്കുകളില്‍ കഴിയുന്ന ദളിത് സമൂഹത്തിന്‍റെ ബൗദ്ധികവും വിദ്യാഭ്യാസപരവും സാമ്പ ത്തികവും സാമൂഹ്യവും ആത്മീ യവും സാംസ്ക്കാരികവും ആയ എല്ലാ മേഖലകളെയും സ്പര്‍ശി ക്കുന്ന വിധം അവരുടെ സമഗ്രമായ ഉന്നമനം ലക്ഷ്യംവച്ചുകൊണ്ട് സഭയുടെ പ്രവര്‍ത്തനങ്ങള്‍ പുനഃക്രമീകരണം ചെയ്യുകയും സഭാസ്ഥാപനങ്ങള്‍ ദളിത് ക്രൈസ്തവരെ ഉള്‍ക്കൊള്ളാന്‍ തയ്യാറാവുകയും വേണം. സഭാ വിശ്വാസികള്‍ ദളിത് ക്രൈസ്തവരെ തുറന്ന മനസ്ഥിതിയോടെ സ്വീകരിക്കുവാന്‍ ഈ ക്രീയാത്മക നീക്കം സഹായകമാകും. ഇന്ന് കേരളത്തില്‍ സഭാസ്ഥാപനങ്ങള്‍ ഒന്നിച്ച് ചിന്തിച്ച് പ്രവര്‍ത്തിച്ചാല്‍ കേരളത്തിലെ ദളിത് സമൂഹത്തെ ഉന്നമനത്തി ലേക്ക് നയിക്കാന്‍ സാധിക്കുമെന്നത് കേരളത്തിലെ സഭാസ്ഥാപന ങ്ങളുടെ എണ്ണവും ആസ്തിയും നല്ലനിലവാരവും ആരെയും ബോധ്യപ്പെടുത്തുന്ന വസ്തുതയാണ്.

ദളിത് സമൂഹം ബൈബിള്‍, പ്രത്യേകിച്ച് സുവിശേഷങ്ങള്‍ ദ ളിത് വിഷയങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു പുനര്‍ വായനയ്ക്ക് വിധേയമാക്കണം. യഹൂദമതത്തിന്‍റെ തെറ്റായ ആചാരങ്ങളെ ചൂണ്ടിക്കാട്ടി തിരുത്തുന്ന യേശു തന്‍റെ പിതാവുമായുള്ള ബന്ധത്തില്‍ നിന്നുള്‍ക്കൊണ്ട പ്രചോദനത്താലാണ് അപ്രകാരം പ്രവര്‍ത്തിക്കുന്നത്. ഒരു യഹൂദനായിരുന്നിട്ടും അതിന്‍റെ സുപ്പീരിയോറിറ്റി കോംപ്ലക്സ് യേശുവിനെ ബാധിച്ചിരുന്നില്ലെന്ന് മാത്രമല്ല പുറജാതിക്കാരെ മാറ്റി നിര്‍ത്തുന്നതിന്‍റെയോ, അവരെ അവഗണിക്കുന്നതിന്‍റെയോ യാതൊരു സൂചനയും യേശുവില്‍ കാണാന്‍ സാധിക്കുന്നില്ല. സമരിയക്കാരിയോട് വെള്ളം ചോദിക്കുന്നതും, യഹൂദര്‍ അവഗണിച്ചിരുന്ന സമരിയക്കാരുടെ പട്ടണത്തിലൂടെ സഞ്ചരിക്കുന്നതും, ഉപമകളിലും മറ്റും അവര്‍ക്ക് പ്രാധാന്യം കല്പിക്കുന്നതും, സാധുവായ വിധവയു ടെ കാണിക്കയെ പ്രശംസിക്കുന്നതും, വിജാതിയരുടെ വിശ്വാസം മാതൃകയായി നല്‍കുന്നതും ചെ യ്യുകവഴി യേശു തന്‍റെ വിമോചന സന്ദേശം വ്യക്തമാക്കുകയാണ്.

സഭയില്‍ വിമോചനത്തിന് മാറ്റം കുറിക്കാന്‍ യേശുതന്നെയാണ് യഥാര്‍ത്ഥ മാതൃക. ആ യേശുവിനെ വിശാലമായി മനസ്സിലാക്കുവാനും അനുകരിക്കാനും യേശുവിന്‍റെ മാതൃക പിന്‍തുടരാനും ദളിത് ക്രൈസ്തവര്‍ മുന്നോട്ടുവരണം. അധഃസ്ഥിതരുടെ വിമോചകനായ യേശുവിനെ അടുത്തറിയുക വഴി സഭാജീവിതത്തോടു കൂടുതല്‍ അടുക്കുവാനും അതിനകത്തു നി ന്നുകൊണ്ട് തന്നെ വിമോചനം സാധ്യമാക്കാനും അവര്‍ക്ക് സാധിക്കും. അതോടൊപ്പം ദളിത് വിമോചനം സഭാതലത്തില്‍ നടപ്പിലാക്കാനുള്ള സമഗ്രമായ പദ്ധതി ആവിഷ്ക്കരിച്ച് നടപ്പാക്കാന്‍ സഭാ നേതൃത്വം വ്യക്തമായ രൂപരേഖ തയ്യാറാക്കേണ്ടതുണ്ട്. ഈ മുന്നേറ്റമാണ് ദളിത് ക്രൈസ്തവര്‍ക്കിടയില്‍ നടക്കേണ്ടത്. മാര്‍ട്ടിന്‍ ലൂഥര്‍ സഭയില്‍ നിന്നും പുറത്തു കടന്ന് നവീകരണത്തിനായ് പ്രയത്നിച്ചപ്പോള്‍ സഭയ്ക്കകത്തു നിന്നു കൊണ്ട് സഭയുടെ നവീകരണത്തി നുവേണ്ടി വി. ഇഗ്നേഷ്യസ് ലയോളയും കൂട്ടരും പോരാടി. അവരുടെ പോരാട്ടം വിജയം കണ്ടു. ഈ മാതൃകയാവട്ടെ ദളിത് ക്രൈസ്തവരുടെയും പ്രചോദനം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org