ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ ഫാസിസവും മാധ്യമങ്ങളും

ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ ഫാസിസവും മാധ്യമങ്ങളും

ഡോ. അംബ്രോസ് പിന്‍റോ എസ്ജെ

ദളിതരെയോ ആദിവാസികളെയോ ന്യൂനപക്ഷങ്ങളെയോ മാനിക്കാത്ത ഒരു ഹിന്ദു, ഹിന്ദുത്വ ഇന്ത്യയിലാണ് നാമിന്നു ജീവിക്കുന്നത്. സവര്‍ണ ഹിന്ദു മേധാവിത്വം ഉറപ്പിക്കാന്‍ പ്രതിജ്ഞാബദ്ധമായ ഹിന്ദുത്വവാദികള്‍ ഈ വിഭാഗങ്ങളെ ഇരകളാക്കുന്നു. ഇതാണ് ഹിന്ദുത്വ അജണ്ടയുടെ അടിസ്ഥാനം. അധഃസ്ഥിതരുള്‍പ്പെടെ എല്ലാ വിഭാഗം ഹിന്ദുക്കളേയും തങ്ങള്‍ പ്രതിനിധീകരിക്കുന്നുവെന്ന ഹിന്ദുത്വവാദികളുടെ അവകാശവാദം വ്യാജമാണ്. കീഴാള വിഭാഗങ്ങളുടെ താത്പര്യങ്ങള്‍ക്കു നേര്‍വിരുദ്ധമാണ് യഥാര്‍ത്ഥത്തില്‍ ഹിന്ദുത്വ പ്രത്യയശാസ്ത്രമെന്ന് അവരുടെ അജണ്ട പരിശോധിക്കുന്ന ആര്‍ക്കും കാണാവുന്നതേയുള്ളൂ. ന്യൂനപക്ഷങ്ങളെ എതിര്‍ക്കുമ്പോള്‍ തന്നെ ആദിവാസികളോടും ദളിതരോടും തങ്ങള്‍ക്കു പ്രതിബദ്ധതയുണ്ടെന്നു സ്ഥാപിക്കാന്‍ ഹിന്ദുത്വശക്തികള്‍ തയ്യാറാകുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്‍റെ സമ്മര്‍ദ്ദത്തിന്‍റെ ഫലമായി മാത്രമാണ്. ഹിന്ദുരാഷ്ട്രത്തിന്‍റെ ശത്രുക്കളായി തങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്ന മുസ്ലീങ്ങള്‍, ക്രൈസ്തവര്‍, കമ്മ്യൂണിസ്റ്റുകാര്‍ എന്നിവര്‍ക്കെതിരെ രംഗത്തു വരാന്‍ ദളിത്-ആദിവാസി വിഭാഗങ്ങളെ പ്രേരിപ്പിച്ചുകൊണ്ട്, സവര്‍ണ ഹിന്ദു ആധിപത്യത്തിനെതിരായ ഈ പാര്‍ശ്വവത്കൃതവിഭാഗങ്ങളുടെ പ്രതിഷേധത്തെ മറികടക്കുകയാണ് ഇവരുദ്ദേശിക്കുന്ന തന്ത്രം. ഇത്തരത്തില്‍ ഈ വിഭാഗങ്ങളെ ഹിന്ദുത്വ സൈന്യത്തിന്‍റെ കാലാള്‍പ്പടയാക്കുകയും തങ്ങളെ പോലെ തന്നെയുള്ള അധഃസ്ഥി ത വിഭാഗങ്ങളില്‍ നിന്നു വരുന്ന ന്യൂനപക്ഷങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുകയുമാണ് ചെയ്തു വരുന്നത്. മറ്റു ന്യൂനപക്ഷങ്ങളായ സിഖുകാര്‍, ബുദ്ധമതക്കാര്‍, പാഴ്സികള്‍ തുടങ്ങിയവരെ അവര്‍ ഹിന്ദുമതത്തിന്‍റെ തന്നെ ഭാഗമായി കരുതുന്നു. ഇന്ത്യയില്‍ ജന്മം കൊണ്ട മതങ്ങളെന്നതും എണ്ണം തീരെ കുറവായതിനാല്‍ ഒരുതരത്തിലും തങ്ങള്‍ക്കൊരു ഭീഷണിയാകുകയില്ല എന്നതുമാണ് ഇതിനു കാരണം.

ജാതി ഉന്മൂലനം വേണ്ട
ഹിന്ദുത്വ ശക്തികള്‍ ജാതി നിര്‍മാര്‍ജ്ജനത്തെ കുറിച്ച് ഒരിക്കലും പറയുന്നില്ല. ജാതികളുടെ ഏകീകരണത്തെ കുറിച്ചാണ് അവരുടെ വായ്ത്താരി. സവര്‍ണരുടെ ആധിപത്യവും അധഃസ്ഥിതരുടെ വിധേയത്വവും നിലനിറുത്തുന്നതിനുള്ള ഗൂഢോദ്ദേശ്യമാണ് ഈ മുദ്രാവാക്യത്തില്‍ തെളിയുന്നത്. ദളിതരെ ഹിന്ദുവത്കരിക്കുന്നത് ദളിതരെ സവര്‍ണമേധാവിത്വത്തിന് കൂടുതല്‍ ഇണങ്ങുന്നവരാക്കി തീര്‍ക്കുകയാണു ചെയ്യുന്നത്. ഇവരെ ന്യൂനപക്ഷവിദ്വേഷികളാക്കി അവര്‍ക്കെതിരായ അക്രമത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു. മൂന്നു പ്രക്രിയകളാണ് ഇ തിനുവേണ്ടി പ്രധാനമായും നടത്തുന്നത്. ഒന്ന്, സംസ്കൃതവത്കരണം. സവര്‍ണജാതിക്കാരുടെ മൂല്യങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും സ്വീകരിച്ചുകൊണ്ട് ജാതിശ്രേണിയില്‍ ഉയര്‍ന്നവരാകാന്‍ താഴ്ന്നവര്‍ ശ്രമിക്കുന്നു എന്നതാണിതുകൊണ്ട് ഉദ്ദേശിക്കുന്നത്. രണ്ടാമത്തേത്, അംബേദ്കറെ പോലുള്ള ദളിത് വീരനായക വ്യക്തിത്വങ്ങളെ ഹൈന്ദവവത്കരിക്കുക എന്നതാണ്. മൂന്നാമത്തേത് ന്യൂനപക്ഷങ്ങളെ വിദേശികളായി ചിത്രീകരിക്കുകയും അവരെ രാജ്യത്തിന്‍റെ പ്രശ്നങ്ങള്‍ക്കെല്ലാം ഉത്തരവാദികളായി വിശേഷിപ്പിക്കുകയും ചെയ്യുക എന്നതാണ്.
മണ്ഡല്‍ കമ്മീഷന്‍റെ കാര്യം നമുക്കറിയാം. ഇതു നടപ്പാക്കുന്നതു തടയാനാണ് ഹിന്ദുത്വശക്തികള്‍ രാമജന്മഭൂമി പ്രശ്നം ഉപയോഗിച്ചത്. രാജ്യമെങ്ങും മുസ്ലീം വിദ്വേഷം വളര്‍ത്തി താഴ്ന്ന ജാതിക്കാരെ അവര്‍ മേല്‍ജാതിക്കാരുടെ പിന്നില്‍ അണിനിരത്തുകയും സവര്‍ണാധിപത്യത്തിനെതിരെ ഉയര്‍ന്ന ഒരു ഭീഷണിയെ ഇല്ലാതാക്കുകയും ചെയ്തു. അയിത്തത്തിനെതിരായ ഹിന്ദുത്വവാദികളുടെ വാചാടോപങ്ങളില്‍ നിരവധി ദളിതര്‍ വീണുപോകുകയും തങ്ങളെ ക്രൈസ്തവര്‍ക്കും മുസ്ലീങ്ങള്‍ക്കുമെതിരെ തിരിക്കുന്നത് യഥാര്‍ത്ഥത്തില്‍ സവര്‍ണാധിപത്യം നിലനി റുത്തുന്നതിനുള്ള ഗൂഢവിദ്യയായിരുന്നുവെന്ന വസ്തുത അവരറിയാതെ പോകുകയും ചെയ്തു. കീഴാള സമൂഹങ്ങളെ മെരുക്കുന്നതിനും ഏറ്റെടുക്കുന്നതിനും ഹിന്ദുത്വ ശക്തികള്‍ പ്രകടിപ്പിക്കുന്ന പ്രാഗത്ഭ്യം ഇനിയും വേണ്ടത്ര മനസ്സിലാക്കപ്പെട്ടിട്ടില്ല. പാര്‍ശ്വവത്കൃതരുടെ സാമൂഹ്യനീതിയോടുള്ള പ്രതിബദ്ധതയുടെ അടിസ്ഥാനത്തില്‍ മാത്രമേ ഹിന്ദുത്വയ്ക്കെതിരായ പോരാട്ടത്തെ വിശാലവും കാര്യക്ഷമവും ആക്കാന്‍ സാധിക്കുകയുള്ളൂ. മതേതരത്വത്തിന്‍റെ പ്രശ്നം മാത്രമായി ഇതിനെ കണ്ടതുകൊണ്ട് അതു സാധിക്കില്ല. തങ്ങളുടെ ജാതി-വര്‍ഗ താത്പര്യങ്ങള്‍ക്കും സ്വത്വങ്ങള്‍ക്കും സംസ്കാരങ്ങള്‍ക്കും ഭീഷണിയുണര്‍ത്തുകയാണു ഹിന്ദുത്വയെന്ന് ഈ വിഭാഗങ്ങളെ ബോദ്ധ്യപ്പെടുത്തേണ്ടിയിരിക്കുന്നു.

ഹിന്ദുത്വ ഭരണഘടനാവിരുദ്ധം
സാമൂഹിക നീതിയോടും ജനാധിപത്യത്തോടും ഇന്ത്യന്‍ ഭരണഘടനയ്ക്കുള്ള പ്രതിബദ്ധതയോട് ഹിന്ദുത്വശക്തികള്‍ക്കു തെല്ലും ആദരവില്ല. 1949-ല്‍ ഇന്ത്യയുടെ ഭരണഘടനാ അസംബ്ലി, ഭരണഘടനയ്ക്ക് അന്തിമ രൂപം നല്‍കിക്കൊണ്ടിരിക്കെ തന്നെ ആര്‍ എസ്എസ് അതിനെ അപലപിക്കുകയും ഭരണഘടനയില്‍ ഭാരതീയമായി ഒന്നും തന്നെയില്ല എന്ന് ആര്‍എസ്എസ് മുഖപത്രം ആക്ഷേപിക്കുകയും ചെയ്തിരുന്നു. സവര്‍ണമേധാവിത്വവും ജാതീയതയും നിര്‍ദേശിക്കുന്ന മനുസ്മൃതിയുടെ ഘടകങ്ങളൊന്നും ഭരണഘടനയിലില്ലാത്തതായിരുന്നു ആര്‍എസ്എസ് വിമര്‍ശനത്തിനു കാരണമായത്. ജനാധിപത്യവും സാമൂഹ്യനീതിയുമാണ് ഇന്ത്യന്‍ ഭരണഘടനയുടെ കേന്ദ്രസ്തംഭങ്ങള്‍. ഇത് ദളിത് ശാക്തീകരണത്തിനുള്ള പോരാട്ടത്തിന്‍റെ അഭേദ്യഘടകങ്ങളാണ്. എന്നാല്‍, ഇതിനെ 'അ-ഭാരതീയമായി' കാണുകയാണ് ആര്‍എസ്എസ് ചെയ്തത്. "നമ്മുടെ ദേശീയദൗത്യത്തിന്‍റെ മാര്‍ഗദര്‍ശകതത്ത്വങ്ങളെ കുറിച്ചു ള്ള ഒരൊറ്റ വാക്കെങ്കിലും ഭരണഘടനയിലുണ്ടോ? ഇല്ല!" എന്നാണ് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ അന്നെഴുതിയത്. ഭരണഘടനാപിതാവായ അംബേദ്കറോടുള്ള ഹിന്ദുത്വ ശക്തികളു ടെ അതിശക്തമായ എതിര്‍പ്പിന്‍റെ തെളിവാണിത്. മനുസ്മൃതിയെ രാജ്യത്തിന്‍റെ നിയമമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ആര്‍എസ് എസ് അന്ന് ഉയര്‍ത്തിയിരുന്നു. മനുസ്മൃതിയിലെ കല്‍പനകള്‍ക്കനുസരിച്ച് ദളിതര്‍ക്കെതിരായ വിവേചനം നിലനിറുത്തുകയും സവര്‍ണജാതിമേധാവിത്വത്തോടു പ്രതിബദ്ധമായിരിക്കുകയും ചെയ്യുന്ന ഒരു പ്രത്യയശാസ്ത്രമാണ് ഹിന്ദുത്വ എന്നാണ് ഇതു വ്യക്തമാക്കുന്നത്.

മനുസ്മൃതിക്കുള്ള വാഴ്ത്തുകള്‍
വേദങ്ങളില്‍ ഏറ്റവും ആരാധ്യമാണ് മനുസ്മൃതിയെന്ന് ഹിന്ദു മഹാസഭയുടെ സ്ഥാപകനും ഹിന്ദുത്വ എന്ന പ്രയോഗത്തിന്‍റെ ഉപജ്ഞാതാവുമായ വിഡി സവര്‍ക്കര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. നമ്മുടെ രാജ്യത്തിന്‍റെ ആത്മീയ പ്രയാണത്തിന്‍റെ അടിത്തറ അതായിരിക്കണമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ജാതി സ്വാഭാവികവും പ്രായോഗികവുമാണെന്ന് ആര്‍എസ്എസിന്‍റെ പ്രത്യയശാസ്ത്ര വിശാരദനായിരുന്ന ദീന്‍ദയാല്‍ ഉപാദ്ധ്യായ പറഞ്ഞു. എല്ലാവരും സ്വധര്‍മ്മം അനുഷ്ഠിക്കണമെന്ന്, അതായത് ജാതിയനുസരിച്ചു ചെയ്യേണ്ട ജോലികള്‍ ചെയ്യണമെന്നും അത് ദൈവാരാധനയാണെന്നും അദ്ദേഹം എഴുതി. ആര്‍എസ്എസിന്‍റെ രണ്ടാമത്തെ മേധാവിയായിരുന്ന ഗോള്‍വള്‍ക്കറാകട്ടെ ജാതീയതയെ ഹിന്ദുരാഷ്ട്രത്തിന്‍റെ പര്യായമായി തന്നെയാണു കണ്ടത്. ഹി ന്ദു സമുദായം നാലു വര്‍ണങ്ങളായി വേര്‍തിരിക്കപ്പെട്ടിട്ടുണ്ടെന്നും ബ്രാഹ്മണര്‍ ശിരസ്സും ക്ഷത്രിയര്‍ കൈകളും വൈശ്യര്‍ തുടകളും ശുദ്രന്മാര്‍ കാല്‍പാദങ്ങളുമാണെന്നും ഋഗ്വേദം ഉദ്ധരിച്ച് അദ്ദേഹം എഴുതി. ജാതീയതയെ എതിര്‍ക്കുന്നു എന്നതു കൊണ്ട് ബുദ്ധമതത്തെ അദ്ദേഹം അപലപിക്കുകയും ഇന്ത്യയില്‍ മുസ്ലീം അധിനിവേശത്തിനു വഴി തെളിച്ചത് ഇതാണെന്നു കുറ്റപ്പെടുത്തുകയും ചെ യ്തു. അധസ്ഥിതര്‍ക്കുള്ള സംവരണത്തെ മറ്റു ഹിന്ദുത്വ നേതാക്കളെ പോലെ ഗോള്‍വള്‍ക്കറും വിമര്‍ശിച്ചിട്ടുണ്ട്. ഇതു സമൂഹത്തില്‍ വിഭാഗീയതയും അസ്വാരസ്യവും ഉണ്ടാക്കുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഹിന്ദുത്വ പ്രത്യയശാസ്ത്ര വിശാരദര്‍ ഇത്തരത്തില്‍ തീര്‍ത്തും ദളിത് വിരുദ്ധ നിലപാടുകള്‍ എടുത്തിട്ടുള്ളവരാണെങ്കിലും അവര്‍ ചിലപ്പോള്‍ ക്ഷേത്രപ്രവേശനം പോലുള്ള കാര്യങ്ങളില്‍ ദളിത് അനുകൂല നിലപാടുകള്‍ സ്വീകരിക്കാറുണ്ട്. ഇത് ജാതിവിരുദ്ധതയല്ല. മറിച്ച്, ഇത്തരം ചില അനുകൂല സൂചനകള്‍ നല്‍കിയില്ലെങ്കില്‍ ദളിതര്‍ മറ്റു മതങ്ങളിലേയ്ക്കു കൂട്ടപ്പരിവര്‍ത്തനം നടത്തുമെന്ന ആഴമേറിയ ഭയമാണ് ഇതിനു കാരണം. അതു സവര്‍ണ ഹിന്ദു ന്യൂനപക്ഷത്തിന്‍റെ ആധിപത്യമോഹങ്ങള്‍ക്കു കനത്ത തിരിച്ചടിയാകും.

സാമ്പത്തികരംഗത്തു ദേശീയവാദമില്ല
സാംസ്കാരിക ദേശീയതയെക്കുറിച്ചു വാതോരാതെ പറയുമെങ്കിലും ഹിന്ദുത്വവാദികള്‍ ഉദാരവത്കരണത്തിനും ആഗോളവത്കരണത്തിനും തികച്ചും അനുകൂലമാണ്. കാരണം ഭരണവര്‍ഗത്തിന്‍റെ താത്പര്യങ്ങള്‍ക്ക് അനുഗുണമായത് അതാണ്. സ്വകാര്യവത്കരണം, ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയിലേയ്ക്ക് ബഹുരാഷ്ട്ര കുത്തകകളുടെ കടന്നുവരവ് എന്നതിനെയെല്ലാം അവര്‍ ശക്തമായി പിന്തുണയ്ക്കുന്നതില്‍ നിന്നു തന്നെ അവരുടെ ദരിദ്രവിരുദ്ധമുഖം പ്രകടമാകുന്നു. ആഗോളവത്കരണവും കുത്തകകമ്പനികളുടെ കടന്നു വരവും ഇന്ത്യയില്‍ ദരിദ്രരെ കൂടുതല്‍ ദരിദ്രരാക്കുകയാണുണ്ടായത്. ദളിതരുടെ സാമ്പത്തികോന്നമനത്തെ കുറിച്ച് ഹിന്ദുത്വശക്തികള്‍ക്ക് ഒന്നും പറയാനില്ല.
ആഗോളവത്കരണമുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നാണ് ഇന്ത്യയിലെ ഫാസിസം വന്‍വോട്ടുബാങ്കുകള്‍ സ്വന്തമാക്കിയത്. ഫാസിസത്തിന്‍റെ ഇന്ത്യന്‍ രൂപമായ ഹിന്ദുത്വയുടെ വക്താക്കള്‍ ഹിറ്റ്ലറെ പുകഴ്ത്തുന്നവരാണ്. മേല്‍ജാതിയാധിപത്യം നിലവില്‍ വന്നാല്‍ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമുണ്ടാക്കാന്‍ കഴിയുമെന്നാണ് അവര്‍ പ്രചരിപ്പിക്കുന്നത്. ഹിറ്റ്ലറെ പോലെ ഹിന്ദുത്വയും ജനാധിപത്യത്തെയും സാമൂഹിക നീതിയെയും എതിര്‍ക്കുന്നു. വന്‍തോതിലുള്ള അക്രമങ്ങളിലൂടെ ദുര്‍ബലരായ ന്യൂനപക്ഷങ്ങളെ അവര്‍ നിരന്തരം ലക്ഷ്യമിടുന്നു. ദളിതരുടെയും ആദിവാസികളുടെയും ഇടയില്‍ നിന്ന് ഉയര്‍ന്നു വരാനിടയുള്ള പ്രതിഷേധങ്ങളെ ക്രൈസ്തവര്‍ക്കും മുസ്ലീങ്ങള്‍ക്കുമെതിരെ വഴി തിരിക്കുന്നു. ഇത് ആഗോളവത്കരണത്തെ വീണ്ടും ശക്തമാക്കുകയും ദളിതരുടെ സ്ഥിതി കൂടുതല്‍ മോശമാക്കുകയും ചെയ്യും. ദളിതര്‍ക്കുള്ള ഏക രക്ഷാമാര്‍ഗം ഹിന്ദുത്വവാദത്തെ നിരാകരിച്ച് മറ്റു പാര്‍ശ്വവത്കൃതരായ മതന്യൂനപക്ഷങ്ങളുടെ ഒപ്പം നില്‍ക്കുക എന്നതാണ്. ഒപ്പം മറ്റു പുരോഗമന, സാമ്രാജ്യത്വ ശക്തികളെയും കൂടെക്കൂട്ടി മേല്‍ജാതിയാധിപത്യത്തിന്‍റെയും പാശ്ചാത്യ സാമ്രാജ്യത്വ ശക്തികളുടെയും വെല്ലുവിളികളെ നേരിടണം.
ഭരണഘടനാ ശില്‍പിയായ അംബേദ്കര്‍ പറഞ്ഞു, "ഹിന്ദു രാജ്യം ഒരു യാഥാര്‍ത്ഥ്യമാകുകയാണെങ്കില്‍, യാതൊരു സംശയവുമില്ല, അതു നമ്മുടെ രാജ്യത്തിനുണ്ടാകാവുന്ന ഏറ്റവും വലിയ ദുരന്തമായിരിക്കും. ഹിന്ദുക്കള്‍ എന്തു പറഞ്ഞാലും ഹിന്ദുത്വ എന്നത് സ്വാതന്ത്ര്യത്തിനും സമത്വത്തിനും സാഹോദര്യത്തിനും വലിയ തടസ്സമായിരിക്കും. അത് ജനാധിപത്യവുമായി ചേര്‍ന്നു പോകില്ല. ഹിന്ദുരാജ്യം ഉണ്ടാകുന്നത് എന്തു വില കൊടുത്തും തടയണം."
ഈ രാജ്യത്തു ന്യൂനപക്ഷങ്ങളുടെ ജീവിതത്തിനു ഹിന്ദുത്വയേക്കാള്‍ വലിയൊരു ഭീഷണി ഉണ്ടാകാന്‍ പോകുന്നില്ല. ഇപ്പോഴത്തെ ഭരണകൂടം ഇന്ത്യയെന്നതിന്‍റെ അര്‍ത്ഥം തന്നെ നശിപ്പിക്കുകയാണ്. സ്വാതന്ത്ര്യസമരത്തിലൂടെ ക്രമമായി രൂപവത്കരിക്കപ്പെട്ട നമ്മുടെ മതേതര ജനാധിപത്യ റിപ്പബ്ലിക്കിനെ അവര്‍ ഹിന്ദു രാഷ്ട്രമായി പരിവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുന്നു. മുഹമ്മദലി ജിന്നയേക്കാള്‍ എത്രയോ മുമ്പു തന്നെ ഹിന്ദു മഹാസഭയുടെ അദ്ധ്യക്ഷനെന്ന നിലയില്‍ സവര്‍ക്കര്‍ ദ്വിരാഷ്ട്രവാദം ആവര്‍ത്തിച്ചു ഉന്നയിച്ചിരുന്നു. 'വിദേശഘടകങ്ങള്‍'ക്ക് മുമ്പില്‍ രണ്ടു മാര്‍ഗങ്ങളേയുള്ളൂവെന്ന് ഗോള്‍ വാള്‍ക്കറും പറഞ്ഞിട്ടുണ്ട്: "ദേശീയജാതിയില്‍ ലയിച്ച് അതിന്‍റെ സംസ്കാരം സ്വീകരിച്ച് ഇവിടെ കഴിയുക എന്നതാണ് ഒന്നാമത്തേത്. അല്ലെങ്കില്‍ ദേശീയജാതിയുടെ കാരുണ്യത്തില്‍ അവര്‍ അനുവദിക്കുന്നിടത്തോളം കാലം ഇവി ടെ കഴിയുകയും അതുകഴിഞ്ഞു രാജ്യം വിടുകയും ചെയ്യുക." ഘര്‍ വാപസിയെ പ്രോത്സാഹിപ്പിക്കുന്ന തത്ത്വശാസ്ത്രവും ഇതു തന്നെയാണ്.

മാധ്യമങ്ങളുടെ പ്രതികരണം
സമൂഹത്തിലുള്ള മുന്‍വിധികളും പക്ഷാഭേദങ്ങളും എല്ലാം മാധ്യമങ്ങളിലുമുണ്ടാകും. മേല്‍ജാതിക്കാരും സമുദായങ്ങളുമാണ് മാധ്യമങ്ങളുടെ ഉടമകളെന്ന വസ്തുത പരിഗണിക്കുമ്പോള്‍ അവരുടെ താത്പര്യങ്ങളും വ്യക്തമാകും.
സത്യത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ മാധ്യമങ്ങള്‍ക്കു കഴിയുമെങ്കിലും ദൗര്‍ഭാഗ്യവശാല്‍ അതുപയോഗിച്ചു പോരുന്നത് വളച്ചൊടിക്കലിനും പ്രചാരവേലകള്‍ക്കുമാണ്. കൃത്യമായ റിപ്പോര്‍ട്ടിംഗിനും ജനങ്ങള്‍ക്കിടയില്‍ അവബോധം നല്‍കുന്നതിനും പകരം വര്‍ഗീയവാദത്തിനുള്ള ഒരു അരങ്ങായി പത്രങ്ങള്‍ മാറുന്നു. മാധ്യമങ്ങളുടെ നിഷ്പക്ഷത ഒരു മിത്താണ്. വസ്തുതകളല്ല മറിച്ച് വീക്ഷണങ്ങളും അഭിപ്രായങ്ങളുമാണ് ഇന്നു റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. തങ്ങളുടെ സാമ്പത്തിക, രാഷ്ട്രീയ താത്പര്യങ്ങള്‍ക്കു ചേരുന്ന കാര്യങ്ങള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങള്‍. ലോക പത്രസ്വാത ന്ത്ര്യ സൂചികയില്‍ 180 രാജ്യങ്ങളില്‍ 133-ാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. പത്രപ്രവര്‍ത്തകര്‍ക്കെതിരായ ഭീഷണിയോടു നിസംഗത പുലര്‍ത്തുകയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ലോക പത്രസ്വാതന്ത്ര്യ സൂചിക വ്യക്തമാക്കുന്നു.

മാധ്യമങ്ങളും ദളിത് വിഷയങ്ങളും
തൊട്ടുകൂടായ്മ ഇന്ത്യന്‍ ഭരണഘടന വിലക്കിയിട്ടുള്ളതാണെങ്കിലും അതിന്നും തുടരുന്നുണ്ട്. ഏറ്റവും വൃത്തിഹീനമായ തൊഴിലുകള്‍ പരമ്പരാഗതമായി ചെയ്യുന്ന ദളിതരെ അവരവരുടെ തൊഴിലുകളില്‍ തന്നെ തളച്ചിടുന്നതിനും ഈ ഘടനയില്‍ നിന്നു രക്ഷപ്പെടാതിരിക്കുന്നതിനും അയിത്തം കാരണമാകുന്നു. ഒരു ദളിത് തൂപ്പുകാരന്‍ ഒരു പശുവിനെ വാങ്ങി പാലു വില്‍ക്കാനോ കട തുറക്കാനോ ശ്രമിച്ചാലും ഉയര്‍ന്ന ജാതിക്കാരാ യ ഉപഭോക്താക്കള്‍ അവനടുത്ത് വരികയില്ല. ബ്രാഹ്മിണ്‍ ഹോട്ടല്‍ എന്ന് ഒരു ഹോട്ടലിനു പേരിട്ടാല്‍ അവിടെ പോകാന്‍ ആളുകള്‍ക്കു താത്പര്യം കൂടും. ദളിത് റെസ്റ്റോറന്‍റ് എന്ന് ഒരു ഹോട്ടലിനു പേരിടുന്നത് സങ്കല്‍പിച്ചു നോക്കൂ. തുറക്കുന്നതിനു മുമ്പേ അതടയ്ക്കേണ്ടി വരും. ദളിതര്‍ക്കിടയിലും ജാതി-ഉപജാതി വിവേചനങ്ങളുണ്ട് എന്നതാണു യാഥാര്‍ത്ഥ്യം. കഴി ഞ്ഞ 67 വര്‍ഷങ്ങള്‍ക്കിടെ നൂറില്‍ രണ്ടു പേര്‍ മാത്രമാണ് ജഡ്ജിമാര്‍ക്കിടയില്‍ ദളിതരില്‍ നിന്നു നിയമിക്കപ്പെട്ടവര്‍. മാധ്യമങ്ങളില്‍ ദളിത് റിപ്പോര്‍ട്ടര്‍മാരും വളരെ കുറവാണ്. പയനിയറിലെ ചന്ദ്രഭാന്‍ പ്രസാദ് അല്ലാതെ പ്രമുഖരായ എഴുത്തുകാരെയൊന്നും നാം കാണുന്നില്ല. ഇന്ത്യന്‍ ന്യൂസ് റൂമുകളില്‍ ആരും തന്നെയില്ല. അങ്ങനെ ആരെങ്കിലും ഉണ്ടെങ്കില്‍ തന്നെ അവരാരും സ്വന്തം സ്വത്വം വെളിപ്പെടു ത്താന്‍ തയ്യാറുമല്ല. കാരണം, അത് തങ്ങള്‍ തിരസ്കരിക്കപ്പെടുന്നതിനു കാരണമാകുമെന്ന് അവര്‍ ഭയപ്പെടുന്നു.

സമൂഹമാധ്യമങ്ങള്‍
ദളിതര്‍ക്കു മുമ്പില്‍ അവശേഷിക്കുന്ന ഏകമാര്‍ഗം സമൂഹമാധ്യമങ്ങളാണ്. ഇന്ത്യയിലെ സൈബര്‍ യുഗത്തില്‍ ഒരു വീക്ഷണമാറ്റം ഉണ്ടാക്കിയതു പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഉപദേശകനായിരുന്ന സാം പിത്രോദയായിരുന്നുവെങ്കിലും ദളിതര്‍ക്ക് അതില്‍ ചെറിയ വിജയങ്ങള്‍ മാത്രമേ നേടാനായിട്ടുള്ളൂ. തങ്ങളുടെ രംഗങ്ങളില്‍ കഴിവു തെളിയിക്കുന്ന നിരവധി ദളിത് വിദ്യാര്‍ത്ഥികളും എഴുത്തുകാരും വിമര്‍ശകരും ആക്ടിവിസ്റ്റുകളും തങ്ങളുടെ വാദങ്ങള്‍ അവതരിപ്പിക്കുന്നതിനും പ്രതിവാദങ്ങള്‍ നടത്തുന്നതിനുമുള്ള ഇടമായി സമൂഹമാധ്യമങ്ങളെ ഉപയോഗിക്കുന്നുണ്ട്. ദളിതര്‍ക്കനുകൂലമായി ചര്‍ച്ചകളെ വഴി തിരിച്ചു വിടുന്നതിന് ഇതിടയാക്കിയിട്ടുമുണ്ട്. പക്ഷേ ഈ ദളിതരെ പോലും സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കുന്നവരെന്നു വിമര്‍ശിക്കുന്നുമുണ്ട്. സംവരണത്തിനെതിരായ മുറവിളികള്‍ ഇത്തരം ഇടങ്ങളില്‍ കേള്‍ക്കാം. വ്യാജപേരുകളില്‍ സജീവമായിരിക്കുന്ന വിദ്വേഷപ്രചാരകര്‍ ഇത്തരം ചര്‍ച്ചകളില്‍ കടന്നുവന്നു വിഷം ചീറ്റുന്നു. ദളിതര്‍ക്കിടയിലെ ഉന്നതവിദ്യാഭ്യാസത്തിന്‍റെ അഭാവവും വിദൂരസ്ഥങ്ങളായ ഗ്രാമങ്ങളില്‍ സമൂഹത്തിന്‍റെ പുറമ്പോക്കുകളില്‍ ജീവിക്കുന്നവരാണ് അവരിലേറെയുമെന്നതും സമൂഹമാധ്യമങ്ങളിലേയ്ക്കു ദളിതര്‍ വന്‍തോതില്‍ കടന്നുവരുന്നതിനു തടസ്സമാകുന്നുണ്ട്.

ന്യൂനപക്ഷങ്ങളും മാധ്യമങ്ങളും
ന്യൂനപക്ഷവിഭാഗങ്ങളില്‍ നിന്നുള്ളവരും മാധ്യമങ്ങളില്‍ കുറവാണ്. മുസ്ലീങ്ങളെ ഭീകരവാദികളും ക്രൈസ്തവരെ മതപരിവര്‍ത്തകരും ആയി ചിത്രീകരിക്കുന്ന വാര്‍പ്പുമാതൃകകള്‍ മാധ്യമങ്ങളില്‍ പതിവാണ്. മാധ്യമങ്ങളുടെ നിഷേധാത്മകമായ ചിത്രീകരണം വഴി ഈ തെറ്റായ വാര്‍പ്പുമാതൃകകള്‍ കൂടുതല്‍ ശക്തമാകുകയാണ്. കാന്ദമാല്‍ കലാപങ്ങള്‍, 1984-ലെ സി ഖ് വംശഹത്യ, 2002-ലെ ഗോധ്ര കലാപങ്ങള്‍ എന്നിവ സുപ്രധാന സംഭവങ്ങളാണ്. പക്ഷേ ഈ സംഭവങ്ങളെ അപലപിക്കുന്നതിനു പകരം ഇവയ്ക്കു ന്യായീകരണം ചമയ്ക്കാനാണു മുഖ്യധാരാ മാധ്യമങ്ങള്‍ ശ്രമിച്ചത്. സഭയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ മാനവീക സഹായങ്ങളും വികസനപ്രവര്‍ത്തനങ്ങളും അധാര്‍മ്മികമായ മതപരിവര്‍ത്തനങ്ങള്‍ക്കുള്ള ഉപാധിയാണെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നു. മാധ്യമങ്ങളിലെ മുസ്ലീം ചിത്രീകരണങ്ങള്‍ ഹിന്ദു-മുസ്ലീം വിദ്വേഷം വളര്‍ത്തുന്നതിനു സഹായകരമായ രീതിയിലുള്ളവയാണ്.

ആഴം കുറഞ്ഞ വര്‍ഗീയത
വര്‍ഗീയ പ്രത്യയശാസ്ത്രങ്ങളേയോ വീക്ഷണങ്ങളേയോ തുറന്നെതിര്‍ക്കാത്ത മുഖ്യധാരാ മാധ്യമങ്ങള്‍ നേര്‍ത്ത വര്‍ഗീയതയെ എന്നും പ്രോത്സാഹിപ്പിക്കുന്നു. സിഖ് പ്രക്ഷോഭങ്ങളുടെ കാലത്തും ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെ തുടര്‍ന്ന് സിഖ് വംശജരെ കൂട്ടക്കൊല ചെയ്തപ്പോഴും ആ സമുദായത്തിനുണ്ടായ ദുരന്തങ്ങളില്‍ അച്ചടി മാധ്യമങ്ങള്‍ ലജ്ജാകരമായ പങ്കു വഹിച്ചിട്ടുണ്ട്. അധികാരത്തിലിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പക്ഷം ചേര്‍ന്നാണ് അന്നു റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരുന്നത്.
വര്‍ഗീയകലാപങ്ങളുടെയെല്ലാം ഇരകള്‍ മുസ്ലീങ്ങളും ക്രൈസ്തവരുമാണെങ്കിലും അച്ചടി മാധ്യമങ്ങളില്‍ അതു സംബന്ധിച്ച വിവരണങ്ങളില്‍ മുന്നില്‍ നില്‍ക്കാറുള്ളത് മുസ്ലീങ്ങളുടെ കലാപപ്രകൃതിയും ക്രൈസ്തവരുടെ മതപരിവര്‍ത്തന താത്പര്യവുമാണ്. കാരണങ്ങള്‍ ലളിതമാണ്. ശരാശരി പത്രങ്ങള്‍ എപ്പോഴും വിവരങ്ങള്‍ക്കായി പോലീസ് ഭാഷ്യങ്ങളെ ആശ്രയിക്കുന്നു. പോലീസ് സേന അവരുടെ വര്‍ഗീയാഭിമുഖ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു. കലാപവേളകളില്‍ പോലീസ് വെടിവയ്പുകളില്‍ കൊല്ലപ്പെടുന്നവരിലേറെയും എപ്പോഴും മുസ്ലീം പൗരന്മാരായിരിക്കുന്നത് യാദൃശ്ചികമല്ല. തങ്ങളുടെ ഭാഗം ന്യായീകരിക്കുന്നതിന് അവര്‍ മുസ്ലീങ്ങളെ അക്രമകാരികളായി ചിത്രീകരിക്കുന്നു. മറ്റു ന്യൂനപക്ഷങ്ങളേയും മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഇങ്ങനെയാണ്.

ടെലിവിഷന്‍റെ പങ്ക്
മറ്റൊരു മാധ്യമത്തിനും സാദ്ധ്യമല്ലാത്ത വിധത്തില്‍ ജനകോടികളിലേയ്ക്ക് ഒറ്റയടിക്ക് വിവരങ്ങളെത്തിക്കുന്നതിനു ടെലിവിഷനു കഴിവുണ്ട്. അതുകൊണ്ടു തന്നെ ടെലിവിഷനുകളിലെ മനുഷ്യചിത്രീകരണങ്ങള്‍ക്ക് ധാരാളം ജനങ്ങളെ, വിശേഷിച്ചും കുട്ടികളെ, സ്വാധീനി ക്കുന്നതിനു കഴിവുണ്ട്. സാമൂഹ്യ വാര്‍പ്പുമാതൃകകളെ നിരന്തരം സംപ്രേഷണം ചെയ്യുന്നതു വഴി ഇതിന്‍റെ ദോഷകരമായ വശം അനുഭവിക്കുന്നതു മുഴുവനും ന്യൂനപക്ഷങ്ങളാണ്. വാര്‍ത്തകള്‍ വസ്തുനിഷ്ഠമായി അവതരിപ്പിക്കുക എന്നൊരുദ്ദേശ്യം ടെലിവിഷന്‍ ചാനലുകള്‍ക്ക് ഉള്ളതായി കാണുന്നില്ല. കുട്ടികള്‍ ധാരാളം സമയം ടെലിവിഷനു മുമ്പില്‍ ചിലവഴിക്കുന്നു. ടെലിവിഷന്‍ ടീച്ചറായി മാറുന്നു. ടെലിവിഷനുകളില്‍ അവതരിപ്പിക്കപ്പെടുന്ന ജനവിഭാഗങ്ങളെ യഥാര്‍ത്ഥ ജീവിതത്തില്‍ കാണാന്‍ അവസരമില്ലാത്തവരുടെ മനസ്സില്‍ ടെലിവിഷന്‍ സൃഷ്ടിക്കുന്ന പ്രതിച്ഛായകള്‍ ആഴത്തില്‍ പതിഞ്ഞു പോകുന്നു. ഇതിനെ നേരിടാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇന്ത്യയില്‍ ന്യൂനപക്ഷശത്രുതയുടേതായ ഒരു അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു.

ഉപസംഹാരം
ചുരുക്കത്തില്‍, സമൂഹത്തിലെ പക്ഷാഭേദങ്ങളെയും മുന്‍വിധികളെയും തന്നെയാണ് മാധ്യമങ്ങളും പ്രതിഫലിപ്പിക്കുന്നത്. സമൂഹത്തില്‍ ആധിപത്യം പുലര്‍ത്തുന്ന സമുദായങ്ങളില്‍ നിന്നു കടന്നു വരുന്ന പത്രപ്രവര്‍ത്തകര്‍ ന്യൂനപക്ഷങ്ങളെ കുറിച്ചുള്ള തങ്ങളുടെ പ്രതിച്ഛായകളും തങ്ങള്‍ക്കൊപ്പം കൊണ്ടുവരുന്നു. പംക്തികാരന്മാ രും നിരീക്ഷകരും അവതാരകരും റിപ്പോര്‍ട്ടര്‍മാരുമെന്ന നിലയില്‍ അവര്‍ തങ്ങളുടെ ഉള്ളിലുള്ള പ്ര തിച്ഛായകളെ നിരന്തരം പ്രതിഫലിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ദിനപത്രങ്ങളും ഇലക്ട്രോണിക് മീഡിയായും കോര്‍പറേറ്റ് സംരംഭങ്ങളാണ്. അവ നടത്തുന്നതും നിയന്ത്രിക്കുന്നതും മേല്‍ജാതി വിഭാഗങ്ങളാണ്. മാധ്യമങ്ങള്‍ കുത്തകസ്വഭാവവും വര്‍ഗീയതയും അഴിമതിയും നിറഞ്ഞതായിരിക്കാന്‍ അതെല്ലാമിടയാക്കുകയും ചെയ്യുന്നു.

(ഐസിപിഎ സമ്മേളനത്തില്‍ അ വതരിപ്പിച്ച പ്രബന്ധത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org