ദാരിദ്ര്യനിര്‍മാര്‍ജനമാകണം ഇന്ത്യയുടെ ലക്ഷ്യം

ദാരിദ്ര്യനിര്‍മാര്‍ജനമാകണം ഇന്ത്യയുടെ ലക്ഷ്യം

നോട്ട് റദ്ദാക്കല്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ കനത്ത പ്രത്യാഘാതം സൃഷ്ടിച്ചു. അതിനെ അതിജീവിക്കാന്‍ കഠിനാദ്ധ്വാനം നടക്കുന്നതിനിടെയെത്തിയ നികുതി സംവിധാന പരിഷ്കരണം-ജി.എസ്.ടി.-സ്ഥിതി സങ്കീര്‍ണമാക്കിയിരിക്കുന്നു. ഈ സാഹചര്യത്തെ വിശകലനം ചെയ്യുകയാണ് ഈ സംഭാഷണത്തില്‍ മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറും സാമ്പത്തിക വിദഗ്ദ്ധനുമായ സി രംഗരാജന്‍. അദ്ദേവുമായി ഗ്രന്ഥരചയിതാവും സാമ്പത്തികശാസ്ത്രാദ്ധ്യാപികയുമായ ഡോ. കൊച്ചുറാണി നടത്തിയ സംഭാഷണത്തില്‍ നിന്ന്:

? ഡീമോണിറ്റൈസേഷന്‍, ജിഎസ്ടി എന്നിവയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ മൊത്ത ഉത്പാദനം കുറയുമെന്ന ഭീതി പരക്കെയുണ്ട്. നോട്ട് റദ്ദാക്കല്‍ സൈദ്ധാന്തികമായി നല്ലതായിരുന്നുവെന്നും പ്രയോഗതലത്തിലാണു പരാജയപ്പെട്ടതെന്നും പലരും അഭിപ്രായപ്പെട്ടിരുന്നു. താങ്കള്‍ എന്തു കരുതുന്നു?
കറന്‍സിയായി സൂക്ഷിച്ചിരിക്കുന്ന കണക്കില്ലാത്ത പണം പ്രയോജനശൂന്യമാക്കുന്നതിനുള്ള ഫലപ്രദമായ ഒരുപാധിയാണ് നോട്ട് റദ്ദാക്കല്‍. നോട്ട് റദ്ദാക്കലിന് അതിന്‍റേതായ പരിമിതികളും ഉണ്ട്. കറന്‍സി രൂപത്തിലല്ലാതെ സൂക്ഷിച്ചിരിക്കുന്ന സമ്പത്തിനെ നോട്ട് റദ്ദാക്കല്‍ ബാധിക്കുകയില്ല. ഉദാഹരണത്തിനു സ്വര്‍ണവും ഭൂമിയും. കണക്കില്ലാത്ത പണം തുടര്‍ന്നു കുന്നുകൂടുന്നതിനെ തടയാനും ഇതുകൊണ്ടു സാധിക്കില്ല. അതെന്തായാലും കറന്‍സി രൂപത്തില്‍ സൂക്ഷിച്ചിരിക്കുന്ന കണക്കില്ലാത്ത വരുമാനം കൈകാര്യം ചെയ്യുന്നതിനു ലഭ്യമായ ഒരുപാധി നോട്ട് റദ്ദാക്കലാണ്. പക്ഷേ അതിനു മതിയായ തയ്യാറെടുപ്പു വേണം. പുതിയ കറന്‍സി വേണ്ടത്ര ലഭ്യമായിരുന്നില്ല എന്നതുകൊണ്ടാണ് നോട്ട് റദ്ദാക്കലിനെ തുടര്‍ന്ന് ഇത്രമാത്രം ദുരിതങ്ങള്‍ ഉണ്ടായത്. ദിവസക്കൂലിക്കാരെ പോലുള്ള താഴ്ന്ന വരുമാനക്കാര്‍ ഇതുമൂലം വലിയ ബുദ്ധിമുട്ടുകള്‍ സഹിച്ചു. അധികാരികള്‍ കൂടുതല്‍ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നെങ്കില്‍ ഇതുകൊണ്ടു കുറേക്കൂടി മെച്ചപ്പെട്ട ഫലങ്ങള്‍ ഉണ്ടാക്കാമായിരുന്നു. നോട്ട് റദ്ദാക്കല്‍ കൊണ്ട് ചില പ്രയോജനങ്ങളൊക്കെ ഉണ്ടായെന്നു പറയാം. ചുരുങ്ങിയത്, ചില ആളുകളുടെ മനസ്സില്‍ ഭീതി സൃഷ്ടിക്കാന്‍ ഇതുകൊണ്ടു സാധിച്ചിട്ടുണ്ട്. കള്ളപ്പണം ഉണ്ടാകുന്നതു തടയുന്നതില്‍ ഭരണകൂടം ഗൗരവം പുലര്‍ത്തുന്നുണ്ടെന്ന ധാരണ പരത്താനിടയായി. ഇ-പേയ്മെന്‍റ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിനും പ്രോത്സാഹനം ലഭിച്ചു. കറന്‍സിയുടെ ഉപയോഗം കുറഞ്ഞേക്കാം. അതായത്, ഇതുകൊണ്ടു പ്രയോജനങ്ങളുണ്ട്. പക്ഷേ ഇതെല്ലാം ഭാവിയിലേയ്ക്കുള്ളതാണ്. വേദന സഹിക്കുന്നത് ഇപ്പോഴാണ്. ഈ വേദന തീര്‍ത്തും ഒഴിവാക്കാനാകുന്നതായിരുന്നു. അധികാരികള്‍ വേണ്ടത്ര മുന്‍കരുതലെടുത്തിരുന്നെങ്കില്‍ തികച്ചും ഒഴിവാക്കാമായിരുന്ന വേദന.

? കള്ളപ്പണം നോട്ട് റദ്ദാക്കല്‍ കൊണ്ടു തടയാമെന്നതിനെ കുറിച്ച് എന്തു പറയുന്നു?
തടയാന്‍ പറ്റില്ല. ഇപ്പോള്‍ ഉണ്ടായിക്കഴിഞ്ഞതും കറന്‍സി രൂപത്തില്‍ സൂക്ഷിച്ചിരിക്കുന്നതുമായ കള്ളപ്പണത്തെ മാത്രമേ ഇതുകൊണ്ടു തടയാന്‍ സാധിക്കുകയുള്ളൂ. ഇനി കള്ളപ്പണം ഉണ്ടാകുന്നതു തടയണമെങ്കില്‍ നികുതി സംവിധാനം ശക്തമാക്കണം. നികുതി വെട്ടിക്കുന്നവരെ ശിക്ഷിക്കണം. കണക്കില്ലാത്ത വരുമാനത്തിന്‍റെ സ്രോതസ്സ് കണ്ടെത്തണം. തിരഞ്ഞെടുപ്പു ചെലവു കണ്ടെത്തുന്നതിനുള്ള ഇപ്പോഴത്തെ സംവിധാനം പരിശോധനാവിധേയമാക്കണമെന്നു പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കള്ളപ്പണം ഇനിയുണ്ടാകാതിരിക്കാന്‍ മെച്ചപ്പെട്ട നികുതി സംവിധാനവും നികുതി ഭരണനിര്‍വഹണവും തിരഞ്ഞെടുപ്പു ചെലവു കണ്ടെത്തുന്നതിനുള്ള മെച്ചപ്പെട്ട മാര്‍ഗവും അഴിമതി അവസാനിപ്പിക്കലും എല്ലാം ആവശ്യമാണ്.

? കേരള സമ്പദ്വ്യവസ്ഥയ്ക്കു ജി എസ് ടി ഗുണകരമല്ലെന്നാണ് സംസ്ഥാന ധനകാര്യമന്ത്രി പറഞ്ഞത്. സാധാരണക്കാരുടെ മനസ്സിലും ജിഎസ്ടി നിരവധി ആശങ്കകളുണ്ടാക്കിയിട്ടുണ്ട്. നികുതി മുഴുവന്‍ കേന്ദ്രം കൊണ്ടുപോകുകയാണെന്ന ധാരണയും വ്യാപകമാണ്…
ജിഎസ്ടി സ്വാഗതാര്‍ഹമായ നികുതി സംവിധാനമാണ്. നിരവധി നികുതികള്‍ ആവര്‍ത്തിക്കുന്നത് ഒഴിവാക്കുന്ന നല്ല ഒരു നികുതി സംവിധാനമാണ് ജി എസ് ടി. എല്ലാവരേയും നികുതി സംവിധാനത്തിന് അകത്തേയ്ക്കു കൊണ്ടു വരികയാണ്. നേരത്തെ വ്യാപാരമേഖലയില്‍ പലരും അവരുടെ ഇടപാടുകള്‍ നടത്തിയിരുന്നത് നികുതിവലയുടെ ഭാഗമാകാതെയാണ്. അതിനാല്‍ എല്ലാം സംഘടിതമായ നികുതിസംവിധാനത്തിന്‍റെ ഉള്ളിലേയ്ക്കു വരുന്നത് നല്ലതാണെന്നാണ് എന്‍റെ അഭിപ്രായം. പ്രശ്നങ്ങളുണ്ട്. സ്ലാബുകളുടെ എണ്ണം കുറവാണെങ്കില്‍ നന്നായിരുന്നു എന്നു തോന്നുന്നുണ്ട്. ജിഎസ്ടി ലളിതമായ ഒരു നികുതി സംവിധാനമായിരിക്കണം. പക്ഷേ നമ്മളതിനെ സങ്കീര്‍ണമാക്കിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളുടെ ആഗ്രഹങ്ങളെ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിച്ചതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്.

? പെട്രോള്‍ വിലയുടെ കാര്യമെടുക്കാം. പെട്രോള്‍ ഉപയോഗിക്കുന്നതു പണക്കാരാണെന്ന വാദമാണ് സര്‍ക്കാരിന്. എന്നാല്‍ പെട്രോള്‍ വില പച്ചക്കറി വിലയേയും ബാധിക്കുമെന്നതാണല്ലോ സത്യം…
പെട്രോള്‍ ഒരു സാര്‍വത്രിക ഇന്‍റര്‍മീഡിയറ്റ് ആണ്. അതായത്, എല്ലാ സാമ്പത്തിക പ്രവര്‍ത്തനങ്ങളിലും അതുപയോഗിക്കപ്പെടുന്നു. ജനങ്ങള്‍ ബസില്‍ സഞ്ചരിക്കുന്നു. അതുകൊണ്ട് എണ്ണവില ജനങ്ങളെ ബാധിക്കും. പക്ഷേ സര്‍ക്കാര്‍ എങ്ങനെ പണം കണ്ടെത്തും എന്ന ചോദ്യമുണ്ട്. വിദ്യാഭ്യാസം പോലെ കൂടുതല്‍ കാര്യങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ മുതല്‍മുടക്കു നടത്തണമെന്നു ജനങ്ങള്‍ ആവശ്യപ്പെടുന്നുണ്ടല്ലോ.

? പെട്രോള്‍ വിലയാണോ ഇതിനു പരിഹാരം?
എന്നല്ല. പെട്രോള്‍ വില ഒരു പരിഹാരമാണ്. സര്‍ക്കാരിന്‍റെ റെവന്യൂ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗമാണിത്. സംസ്ഥാന ഗവണ്‍മെന്‍റുകളാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ചെയ്യുന്നതെന്നെനിക്കു തോന്നുന്നു. സംസ്ഥാന ഗവണ്‍മെന്‍റുകളും പെട്രോളില്‍ നിന്നു നികുതിയീടാക്കുന്നുണ്ട്.

? ഇന്ത്യയാണ് ശ്രീലങ്ക, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ക്കു പെട്രോള്‍ വില്‍ക്കുന്നത്. ആ രാജ്യങ്ങളിലെ പെട്രോള്‍ വിലയുമായി താരതമ്യ പ്പെടുത്തുമ്പോള്‍ ഇന്ത്യയിലെ വില വളരെ കൂടുതലാണ്….
നമുക്കു ഉയര്‍ന്ന നിരക്കിലുള്ള നികുതിയുള്ളതുകൊണ്ടാണത്. നികുതിയെ ആശ്രയിച്ചാണല്ലോ ഇതിന്‍റെ വില നില്‍ക്കുന്നത്. പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ വില കുറയുമായിരുന്നു. പക്ഷേ സംസ്ഥാനങ്ങളാണ് പെട്രോള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ ശക്തമായി എതിര്‍ത്തത്. എക്സൈസ് ഡ്യൂട്ടി കൂട്ടിയിട്ടില്ല. അന്താരാഷ്ട്ര വില കൂടുമ്പോള്‍ ഇവിടെയും കൂടും. ഏറെക്കാലത്തെ വിലയിടിവിനു ശേഷം അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില അല്‍പം ഉയര്‍ന്നപ്പോള്‍ ഇവിടെയും കൂടി. അന്താരാഷ്ട്ര വില കുറഞ്ഞാല്‍ ഇവിടെയും കുറയും. എക്സൈസ് ഡ്യൂട്ടി ഏറെക്കാലമായി ഉള്ളതാണ്. അതു ഇപ്പോള്‍ ഉയര്‍ത്തിയതല്ല. പെട്രോള്‍ ഉപയോഗം കുറയ്ക്കുന്നത് പരിസ്ഥിതിക്കും സഹായകരമാണ്. എക്സൈസ് ഡ്യൂട്ടി എന്തുകൊണ്ടു കുറയ്ക്കുന്നില്ല എന്നതാണു ജനത്തിനു ചോദിക്കാവുന്ന ചോദ്യം. പക്ഷേ നമ്മുടേതുപോലുള്ള ഒരു രാജ്യത്ത് മറ്റു മാര്‍ഗങ്ങളിലൂടെ ജനങ്ങളില്‍ നിന്നു നികുതി പിരിക്കുക വളരെയേറെ ദുഷ്കരമായിരിക്കുമെന്നാണ് എന്‍റെ അഭിപ്രായം. നികുതി പിരിവിനുള്ള ഒരു മാര്‍ഗമിതാണ്.

? ഇന്ത്യന്‍ ബാങ്കുകളില്‍ വലിയ തോതിലുള്ള കിട്ടാക്കടമുണ്ട്. അതിനെ കുറിച്ചുള്ള അഭിപ്രായമെന്താണ്?
നിഷ്ക്രിയ ആസ്തി കൂടിയിട്ടുണ്ടെന്നതു വസ്തുതയാണ്. നിരവധി ഘടകങ്ങള്‍ ഇതിനു കാരണമാകുന്നുണ്ട്. വളര്‍ച്ചാനിരക്കു കുറഞ്ഞുവെന്നതാണ് ഇതിലൊന്ന്. നേരത്തെ ലാഭകരമായിരുന്ന നിരവധി പദ്ധതികള്‍ ഇതുമൂലം ലാഭകരമല്ലാതായി. സമ്പദ്വ്യവസ്ഥ വളരും എന്ന കണക്കുകൂട്ടലോടെ ആരംഭിച്ച ഫാക്ടറികളുണ്ട്. അവരുടെ പ്രതീക്ഷകള്‍ തെറ്റിയപ്പോള്‍ വായ്പകള്‍ തിരിച്ചടയ്ക്കാന്‍ കഴിയാത്ത സ്ഥിതിയായി. നല്ല കാലത്തു ബാങ്ക് വായ്പകള്‍ വര്‍ദ്ധിക്കും. സമ്പദ്വ്യവസ്ഥ നല്ല നിലയ്ക്കായിരിക്കുമ്പോള്‍ എങ്ങും പ്രത്യാശ പരക്കുകയും നിരവധി പദ്ധതികള്‍ അംഗീകരിക്കപ്പെടുകയും ചെയ്യും. അതാണ് ഒരു കാരണം. മറ്റൊന്ന്, വായ്പയെടുക്കുന്ന വ്യവസായങ്ങളുടെ ലാഭസാദ്ധ്യത വിലയിരുത്തുന്നതില്‍ ബാങ്കുകള്‍ക്കു തെറ്റു പറ്റിയോ എന്നുള്ളതാണ്. ആരെയെങ്കിലും സഹായിക്കാന്‍ മനപൂര്‍വം തെറ്റുവരുത്തിയതാണോ എന്ന ചോദ്യവും ഉണ്ട്. അതു പരിശോധിക്കേണ്ടതാണ്.

? ജനങ്ങള്‍ക്കു വിദ്യാഭ്യാസ വായ്പ നല്‍കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കാര്‍ഷികവായ്പകളുടേയോ ഭവനവായ്പകളുടെയോ കാര്യത്തില്‍ അങ്ങനെയൊരു നടപടിയില്ല…
വിദ്യാഭ്യാസവായ്പകളുടെ കാര്യത്തില്‍ ബാങ്കുകള്‍ക്കു വലിയ നഷ്ടമുണ്ടായിട്ടുണ്ട്. വിദ്യാഭ്യാസവായ്പകളുടെ കാര്യത്തില്‍ ഇന്ത്യയില്‍ മാത്രമല്ല ഈ പ്രശ്നം. മറ്റു രാജ്യങ്ങളിലും ഇതേ പ്രശ്നമുണ്ട്. യുഎസില്‍ പോലും ഈ പ്രശ്നമുണ്ട്. വായ്പയെടുത്തവരെ കണ്ടെത്താന്‍ കഴിയാത്ത സ്ഥിതി പോലും അവിടെയുണ്ട്. വിദ്യാഭ്യാസവായ്പകള്‍ വ്യ ത്യസ്തമാണ്. നമ്മുടെ പ്രശ്നം വ്യത്യസ്തമാണ്. വായ്പകള്‍ തിരിച്ചു കിട്ടാത്ത സ്ഥിതി വന്നിരിക്കുന്നു. ബാങ്കുകളുടെ പുനരാരംഭത്തിനു എന്തു ചെയ്യാന്‍ സാധിക്കും? ബാങ്കുകളുടെ റീക്യാപിറ്റലൈസേഷനാണ് ഇതിനാവശ്യം. അതിനായി സര്‍ക്കാര്‍ ശക്തമായ നീക്കം നടത്തണം. പൊതുമേഖലാസ്ഥാപനങ്ങളെ കുറച്ചു കൂടി വിറ്റൊഴിയാന്‍ സര്‍ക്കാര്‍ തയ്യാറാകുക. ആ പണം ഉപയോഗിച്ചു ബാങ്കുകളെ ക്യാപിറ്റലൈസ് ചെയ്യുക.

? വിദ്യാഭ്യാസമാണ് നാടിന്‍റെ നട്ടെല്ല്. പക്ഷേ വിദ്യാഭ്യാസരംഗത്തു നിന്നു സര്‍ക്കാരിന്‍റെ നിക്ഷേപം കുറഞ്ഞു വരുന്ന കാഴ്ചയാണു കാണുന്നത്…
ഇല്ല, അങ്ങനെയൊരര്‍ത്ഥത്തിലുള്ള കുറവില്ല. ജിഡിപി യില്‍ നിന്നു വിദ്യാഭ്യാസത്തിനു ചിലവഴിക്കുന്ന തുകയുടെ അനുപാതം നോക്കിയാല്‍ അതു കുറയുന്നില്ല. വന്‍തോതില്‍ വര്‍ദ്ധിക്കുന്നില്ല എന്നു പറയാം. വിദ്യാഭ്യാസരംഗത്ത് ഈ വിടവു നികത്താന്‍ സ്വകാര്യമേഖല ഉണ്ടുതാനും. യഥാര്‍ത്ഥത്തില്‍ പ്രശ്നമുള്ളത് ആരോഗ്യരംഗത്താണ്. സര്‍ക്കാരിന്‍റെ മുതല്‍മുടക്ക് വളരെ കുറഞ്ഞിരിക്കുന്നത് ആരോഗ്യരംഗത്താണെന്നതാണ് എന്‍റെ അഭിപ്രായം. വിദ്യാഭ്യാസരംഗത്തു സ്വകാര്യനിക്ഷേപങ്ങള്‍ നടക്കുന്നു. നല്ല ഉദ്ദേശ്യത്തോടെ കടന്നുവരുന്നവര്‍ ആ രംഗത്തുണ്ട്. ക്രിസ്ത്യന്‍ മിഷണറിമാര്‍ ഈ രംഗത്തു നല്ലൊരു മാതൃകയാണ്. മറ്റു ട്രസ്റ്റുകളും ഉണ്ട്. അവര്‍ക്കു നന്നായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം സര്‍ക്കാര്‍ ഒരുക്കണം, പ്രോത്സാഹിപ്പിക്കണം. എല്ലാ കാര്യങ്ങളും സര്‍ക്കാരിനു ചെയ്യാന്‍ സാധിക്കില്ലല്ലോ. പക്ഷേ, ആരോഗ്യരംഗത്തു സര്‍ക്കാരിന്‍റെ നേരിട്ടുള്ള പങ്കാളിത്തം വിദ്യാഭ്യാസത്തേക്കാള്‍ കൂടുതല്‍ പ്രധാനമാണെന്നു ഞാന്‍ കരുതുന്നു.

? ഡിമോണിറ്റൈസേഷനും ജിഎസ്ടിയും അടുത്ത 3-5 വര്‍ഷത്തിനുള്ളില്‍ ലക്ഷ്യം നേടാന്‍ ഇടയാകുമോ?
ഡിമോണിറ്റൈസേഷന്‍ തികച്ചും വ്യത്യസ്തമാണ്. ജിഎസ്ടി വളര്‍ച്ചാനിരക്കുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടുതല്‍ ആളുകളെ നികുതി സംവിധാനത്തിനു കീഴിലാക്കിയാല്‍ നികുതി നിരക്കുകള്‍ കുറയ്ക്കാന്‍ കഴിയുമെന്നാണ് ജിഎസ്ടിയെ സംബന്ധിച്ച് എനിക്കു തോന്നുന്നത്. ഇപ്പോള്‍ നികുതി നിരക്ക് വളരെ ഉയര്‍ന്ന നിലയിലാണ്. കാരണം, തങ്ങള്‍ക്കു നഷ്ടം വന്നു കൂടെന്ന് എല്ലാ സംസ്ഥാനങ്ങളും വാദിക്കുന്നു. റെവന്യൂ ന്യൂട്രാലിറ്റി എന്നു പറയുന്നത് ഇതിനെയാണ്. അതുകൊണ്ട് ഒരു പ്രത്യേക നിലയില്‍ ഇതു നിശ്ചയിച്ചിരിക്കുകയാണ്. നികുതിയുടെ അടിത്തറ വിപുലമായാല്‍ നികുതി നിരക്കു കുറയ്ക്കാന്‍ സാധിക്കുമെന്നാണ് എനിക്കു തോന്നുന്നത്.

? ഇന്ത്യ വികസിത രാജ്യമാകാനുള്ള സാദ്ധ്യതയുണ്ടോ?
8-9 ശതമാനം നിരക്കില്‍ വളര്‍ച്ചയുണ്ടായാല്‍ മാത്രമേ 2030 ഓടെ നാം ഒരു ഇടത്തരം വരുമാനമുള്ള രാജ്യമാകുകയുള്ളൂ. വന്‍ജനസംഖ്യയുള്ള രാഷ്ട്രമാണല്ലോ ഇത്. പ്രതിശീര്‍ഷവരുമാനം വലിയ തോതില്‍ വര്‍ദ്ധിക്കേണ്ടതുണ്ട്. തീവ്രമായ ദാരിദ്ര്യം ഇല്ലാതാക്കാന്‍ കഴിയുമോ എന്നതാണു നാം നേരിടുന്ന യഥാര്‍ത്ഥ പ്രശ്നം. അതാണു നാം ലക്ഷ്യം വയ്ക്കേണ്ടത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org