”നിങ്ങള്‍ എനിക്കു തന്നെയാണ് ആഹാരം തന്നത്…”

”നിങ്ങള്‍ എനിക്കു തന്നെയാണ് ആഹാരം തന്നത്…”

"വിശക്കുന്നോര്‍ക്കു വരാം. വയറും മനസ്സും നിറഞ്ഞ് മടങ്ങാം."

പട്ടിണികിടക്കരുത് എന്ന് മെട്രോ നഗരത്തിന്റെ പ്രാന്തങ്ങളില്‍ അലയുന്നവരെ സ്‌നേഹപൂര്‍വം വിലക്കുകയും, മൂന്നു നേരം ആഹാരമൊരുക്കിവച്ചു ഹൃദയപൂര്‍വം സ്വാഗതം ചെയ്യുകയുമാണു തൃപ്പൂണിത്തുറയിലെ കപ്പുച്ചിന്‍ മെസ്.
കപ്പുച്ചിന്‍ സന്യാസിയും എഴുത്തുകാരനുമായ ഫാ. ബോബി ജോസ് കട്ടികാടും കപ്പുച്ചിന്‍ സമൂഹവും നേതൃത്വം നല്‍കുന്ന ഒരു പുതിയ സംരംഭമാണിത്. മാനവസ്‌നേഹത്തിലൂന്നിയ ഈ ആശയവും അതിന്റെ ആവിഷ്‌കാരവും ഇതിനകം സംസ്ഥാനത്തിന്റെയാകെ ശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു.
ഈ ഊട്ടുമുറിയില്‍ പണത്തിന്റെ കണക്കില്ല… പണം വാങ്ങുവാന്‍ കാഷ്യറും ഇല്ല.
ആഹാരത്തിന്റെ വില സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. അതനുസരിച്ചോ അതില്‍ കൂടുതലോ കുറവോ നിങ്ങളുടെ ഇഷ്ടം പോലെ, അവിടെ വച്ചിരിക്കുന്ന ബോക്‌സില്‍ നിങ്ങള്‍ക്ക് നിക്ഷേപിക്കാം. ഇല്ലെങ്കിലും പ്രശ്‌നമില്ല. അതു ചോദിക്കാനും പറയാനും അവിടെ ആരുമില്ല. കാരണം, ഇതു റെസ്റ്റോറന്റല്ല, കച്ചവടസ്ഥാപനമല്ല. സഹോദരങ്ങളോടുള്ള സ്‌നേഹത്തിന്റെയും കരുതലിന്റെയും ഫലമായ, സന്യാസാശ്രമത്തിലെ ഒരു ഊട്ടുമുറി മാത്രം. ആശ്രമാംഗങ്ങളെപ്പോലെ ആര്‍ക്കും കയറി ചെല്ലാവുന്ന ഒരു ഊട്ടുമുറി.
എറണാകുളത്തുനിന്ന് തൃപ്പൂണിത്തുറയ്ക്ക് പോകുമ്പോള്‍, പേട്ട ജംങ്ഷനില്‍നിന്ന് മരടിലേക്കുള്ള റോഡില്‍ അരകിലോമീറ്റര്‍ മുന്നോട്ട് പോയാല്‍ ഗാന്ധിപ്രതിമയ്ക്ക് തൊട്ടു മുന്‍പായി ഇടതുവശത്താണു കപ്പുച്ചിന്‍ മെസ്സ്. ഒരു സ്വകാര്യ ആയുര്‍വേദ ആശുപത്രിയുടെ ക്യാന്റീന്‍ നടത്താനുദ്ദേശിക്കപ്പെട്ട സ്ഥലമാണിത്. ആശുപത്രിയുടമ ഇതു കപ്പുച്ചിന്‍ സമൂഹവുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനത്തിനായി മാറ്റി വയ്ക്കാന്‍ തയ്യാറായി. അവിടെ നിന്നാണ് കപ്പുച്ചിന്‍ മെസ് എന്ന സംരംഭത്തിന്റെ തുടക്കം.
റെസ്റ്റോറന്റിനു പകരം മെസ് എന്ന പേരാണ് ഇതിനു അനുയോജ്യമെന്നു ബോബിയച്ചന്‍ പറയുന്നു. കാരണം, അടുപ്പമുള്ളവര്‍ ഒന്നിച്ചുച്ചേര്‍ന്നു സ്വന്തം ആഹാരകാര്യങ്ങള്‍ നോക്കുന്നതിനു നടത്തുന്ന സ്ഥലമെന്ന ഒരു സങ്കല്‍പം ആ പേരു കൊണ്ടു വരുന്നു. മാത്രവുമല്ല, ഇപ്പോള്‍ മൂന്നു നേരമാണ് ആഹാരം നല്‍കുന്നത്. റെസ്റ്റോറന്റുകള്‍ പോലെ സദാസമയവും പ്രവര്‍ത്തിക്കുന്നില്ല എന്നര്‍ത്ഥം. സാധാരണ നഗരത്തില്‍ വരുന്ന മനുഷ്യര്‍ ആഹാരമന്വേഷിക്കുന്ന മൂന്നു നേരം അവര്‍ക്ക് അഭയമാകുക എന്നതാണു പ്രധാന കാര്യം.
പ്രാതല്‍ രാവിലെ 7:30 മുതല്‍ 9 വരെയും ഉച്ചഭക്ഷണം 12:30 മുതല്‍ 2 വരെയും വൈകിട്ടത്തെ ചായ 4 മുതല്‍ 5 വരെയും നല്‍കുന്നു.


ബോബിയച്ചന്റെ നേതൃത്വത്തിലുള്ള പ്രസാധന സംരംഭമായ തിയോ ബുക്‌സിന്റെ പുസ്തകങ്ങളും ഈ ആഹാരശാലയിലുണ്ട്. ആത്മാവിനുള്ള ആഹാരം. കൂടാതെ, ബോബിയച്ചന്റെ സാന്നിദ്ധ്യവും സമയം പോലെ ഉണ്ടാകും. ഭക്ഷണം കഴിച്ചും സൗഹൃദം നുകര്‍ന്നും വിശക്കുന്നവര്‍ക്കു പങ്കുവയ്ക്കാന്‍ വല്ലതുമുണ്ടെങ്കില്‍ അത് ഈ സ്‌നേഹപ്പെട്ടിയില്‍ നിക്ഷേപിച്ചും നിങ്ങള്‍ക്കു മടങ്ങാം.
വിശക്കുന്നവരെ ഈ ആശ്രമത്തിലേക്കു ഫാ. ബോബിയും സഹപ്രവര്‍ത്തകരും പ്രത്യേകമായി ക്ഷണിക്കുന്നു. നിറഞ്ഞ ചിരിയോടെ സ്വീകരിക്കുവാനും പടിക്കലോളം വന്ന് യാത്രയാക്കാനും ബോബി അച്ചനിവിടെയുണ്ട്! വിശക്കുന്നവരെ വിശിഷ്ട വിഭവങ്ങള്‍ കൊണ്ട് സംതൃപ്തരാക്കി അയക്കുക, അതു മാത്രമാണു ലക്ഷ്യം. സ്‌നേഹം ചേര്‍ത്തു പാകം ചെയ്യുന്ന സസ്യാഹാരങ്ങളാണ് വിളമ്പുന്നത്. ബോബിയച്ചന്റെ ഭാഷയില്‍ പറഞ്ഞാല്‍, "മണി കൊട്ടാന്‍ മാത്രമുള്ളതൊന്നുമില്ലെന്നേ."
അതുകൊണ്ട് വിശക്കുന്നോര്‍ക്കു വരാം. വയറും മനസ്സും നിറഞ്ഞ് മടങ്ങാം. സാധിക്കുന്നവരൊക്കെ വല്ലപ്പോഴെങ്കിലും ഈ സ്‌നേഹം അനുഭവിക്കാന്‍ ചെല്ലണം എന്നു വീണ്ടും സ്‌നേഹത്തോടെ ഓര്‍മ്മിപ്പിക്കുകയാണു കപ്പുച്ചിന്‍ മെസ്.
ഇങ്ങനെ ചിലരാണ് രണ്ടായിരം വര്‍ഷത്തിനിപ്പുറവും നമുക്കിടയില്‍ പലസ്തീനയില്‍ ജീവിച്ചു മരിച്ച യേശുവിനെ അവന്റെ സു വിശേഷത്തെ നിലനിര്‍ത്തുന്നത്.

(തൃപ്പുണിത്തുറയാണ് ഇപ്പോള്‍ ഈ സ്ഥലം. എറണാകുളം തൃപ്പൂണിത്തുറ റോഡില്‍ മരട് റോഡിനു സമീപം ഗാന്ധി പ്രതിമയ്ക്കു സമീപം)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org