ഡോക്ടര്‍ പോള്‍ ജെ മാമ്പിള്ളി ദൈവകാരുണ്യത്തിന്‍റെ ഡോക്ടറവതാരം

ഡോക്ടര്‍ പോള്‍ ജെ മാമ്പിള്ളി ദൈവകാരുണ്യത്തിന്‍റെ ഡോക്ടറവതാരം

ഫാദര്‍ ബെന്നി നല്‍ക്കര, സിഎംഐ
(ധര്‍മ്മാരാം കോളേജ്, ബാംഗ്ളൂര്‍)

ഇങ്ങനെ ഒരാള്‍ ഈ ഭൂമിയില്‍ ജീവിച്ചിരുന്നു! കാരുണ്യത്തിന്‍റെ ആള്‍രൂപമായി… ലാഭേച്ഛയില്ലാത്ത സേവനത്തിന്‍റെ നിശബ്ദ സാക്ഷ്യമായി… കാരുണ്യം തിളങ്ങുന്ന കണ്ണുകളും, അലിവൂറും പുഞ്ചിരിയും, സ്നേഹമെന്ന മരുന്നുമായി ഒരു യോഗീവര്യനെപ്പോലെ നമുക്കിടയില്‍ നടന്നുനീങ്ങി അര്‍ബുദമെന്ന മഹാരോഗത്തിന്‍റെ മൃത്യുപഥത്തില്‍ ചുവടുവയ്ക്കാന്‍ നിര്‍ബന്ധിതരായ ഹതഭാഗ്യരുടെ മുന്‍പില്‍ ദൈവദൂതനായി അയാള്‍ ഈ ഭൂമിയില്‍ പദമൂന്നി.

'നല്ല സമരിയാക്കാരന്‍റെ' ഒരു സമകാലിക ഭാഷ്യമായിരുന്നു ആ ജീവിതം. അസ്സീസിയിലെ ഫ്രാന്‍സിസിനെയും മൊളോക്കോയിലെ ഫാദര്‍ ഡാമിയനെയും കല്‍ക്കത്തയിലെ മദര്‍ തെരേസയെയും കണ്ടിട്ടില്ലാത്തവര്‍ ആ മനുഷ്യസ്നേഹിയില്‍ ദൈവത്തിന്‍റെ നിസ്വനെ കണ്ടു, അലിവിന്‍റെ മാലാഖയേയും. കാന്‍സര്‍ രോഗികള്‍ക്കുവേണ്ടി ജീവിതമുഴിഞ്ഞു വച്ച ഡോക്ടര്‍ പോള്‍ ജെ. മാമ്പിള്ളി. ഫെബ്രുവരി 23 നു തന്‍റെ എണ്‍പത്തിയേഴാമത്തെ വയസ്സില്‍ അന്ത്യയാത്ര പറഞ്ഞ അദ്ദേഹത്തിന്‍റെ ജീവിതം സമാനതകളില്ലാത്ത ജീവകാരുണ്യത്തിന്‍റെ സുവിശേഷ സാക്ഷ്യമാണ്.

എറണാകുളം അതിരൂപതയിലെ ഞാറയ്ക്കലില്‍ പുരാതനമായ മാമ്പിള്ളി കുടുംബത്തില്‍ ഔസേപ്പിന്‍റെയും മറിയത്തിന്‍റെയും ഏഴുമക്കളില്‍ ഇളയവനായി 1933 ല്‍ ജനിച്ച ഡോക്ടര്‍ പോള്‍ ജെ. മാമ്പിള്ളി മണിപ്പാല്‍ മെഡിക്കല്‍ കോളേജില്‍ നിന്നും മെഡിക്കല്‍ ബിരുദവും ജര്‍മ്മനിയില്‍ നിന്നു ഉന്നതവിദ്യാഭ്യാസവും നേടിയ 'ജീനിയസ് ഡോക്ടര്‍' ആയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഔദ്യോഗികജീവിതം ആരംഭിച്ചു. ഇതിനിടയില്‍ പിതാവ് ക്യാന്‍സര്‍ ബാധിതനായി. 1968-ല്‍ മരുന്നില്ലാത്ത മാരകരോഗത്തിന് മുന്‍പില്‍ പിതാവ് കീഴടങ്ങുന്നതിന് വേദനയോടെ സാക്ഷ്യം വഹിക്കേണ്ടിവന്നത് മാമ്പിള്ളി ഡോക്ടറുടെ ജീവിതത്തില്‍ ഒരു വഴിത്തിരിവായി. ചെറുപ്പത്തിലേ അര്‍ബുദ ചികിത്സയില്‍ പ്രാവീണ്യവും പ്രാഗത്ഭ്യവും തെളിയിച്ച ഡോക്ടര്‍ മാമ്പിള്ളിയെ പക്ഷേ, അര്‍ബുദരോഗികളുടെ ദാരുണാവസ്ഥ പലപ്പോഴും അസ്വസ്ഥനാക്കി. എറണാകുളം ജനറല്‍ ആശുപത്രിയില്‍ കാന്‍സര്‍ യൂണിറ്റിന്‍റെ മേധാവിയായതോടെ വേദനയ്ക്കും മരണത്തിനും ഇടയില്‍ കഴിയുന്ന കാന്‍സര്‍ രോഗികളുടെ ഹൃദയനൊമ്പരം അദ്ദേഹം അടുത്തറിഞ്ഞു. മരുന്ന് വാങ്ങാന്‍ പണമില്ലാതെയും ആഹാരത്തിന് വകയില്ലാതെയും നരകയാതന അനുഭവിക്കുന്ന ഇത്തരം രോഗികള്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന ചിന്ത ഡോക്ടറുടെ മനസ്സിനെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു. തന്‍റെ തുടര്‍ജീവിതം മുഴുവന്‍ നിരാലംബരായ അര്‍ബുദരോഗികള്‍ക്കു വേണ്ടിയെന്നു അദ്ദേഹം നിശ്ചയിച്ചുറപ്പിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയിലെ ഉയര്‍ന്ന സര്‍ക്കാരുദ്യോഗം വേണ്ടെന്നു വച്ചു. അവിചാരിതമായി പരിചയപ്പെട്ട ഫാദര്‍ ആന്‍ഡ്രൂസ് പൂണോളി, സിഎംഐയാണ് കറുകുറ്റിയില്‍ ആശുപത്രി തുടങ്ങാനുള്ള നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. 1970-കളുടെ ആരംഭത്തില്‍ കറുകുറ്റിയിലേക്കു വന്ന ഡോക്ടര്‍ മാമ്പിള്ളി ആദ്യം കറുകുറ്റി ക്രിസ്തുരാജ ആശ്രമത്തിനു സമീപം 10 സെന്‍റ് സ്ഥലം വാങ്ങി, അവിടൊരു ഓലപ്പുരകെട്ടി, മാതാപിതാക്കളുടെ പേരില്‍ 'ഔസേപ്പ്-മറിയം ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്' പ്രവര്‍ത്തനമാരംഭിച്ചു. തുടക്കത്തില്‍ എട്ട് രോഗികളെ കിടത്താനുള്ള സൗകര്യം മാത്രമാണുണ്ടായിരുന്നത്. എട്ടാമത്തെ കട്ടിലില്‍ കിടന്നതു ഡോക്ടര്‍ മാമ്പിള്ളിയായിരുന്നു. ഡോക്ടറുടെ നിസ്വാര്‍ത്ഥവും അനന്യവുമായ സേവനം കണ്ട ക്രിസ്തുരാജാശ്രമശ്രേഷ്ഠന്‍ ഫാദര്‍ ഏലിയാസര്‍ വടക്കുംചേരി അദ്ദേഹത്തെ ആശ്ര മത്തിലെ അന്തേവാസിയായി ക്ഷണിച്ചു. പിന്നീട് എളവൂര്‍ റെയില്‍വേ ഗേറ്റിനടുത്ത് ഒരേക്കര്‍ സ്ഥലം വാങ്ങി പുതിയ ആശുപത്രി തുടങ്ങി; അവിടെ കാരുണ്യകൂടാരമുയര്‍ത്തി. കിടക്കകളുടെ എണ്ണം ഇരുപതായി ഉയര്‍ന്നു. നാളിതുവരെ എത്രയോ പാവങ്ങളും പ്രതീക്ഷയറ്റവരുമായ അര്‍ബുദരോഗികള്‍ ആ കാരുണ്യകൂടാരത്തിലെത്തി സൗഖ്യവും സാന്ത്വനവും സമാധാനപൂര്‍ണമായ മരണവും പുല്കിയിട്ടുണ്ട്. അര്‍ബുദശസ്ത്രക്രിയയില്‍ അഗ്രഗണ്യനായിരുന്ന ഡോക്ടര്‍ മാമ്പിള്ളി രോഗനിര്‍ണ്ണയത്തിലും ചികിത്സാ നിശ്ചയത്തിലും 'ആറാമിന്ദ്രിയ'മുള്ള ആളായിരുന്നു. ഒരുപാടു പേര്‍ അദ്ദേഹത്തെ കണ്ട് ഈ സിദ്ധിയുടെ ഉപഭോക്താക്കളായിട്ടുണ്ട്. അര്‍ബുദ രോഗികള്‍ക്കു സാന്ത്വന പരിചരണം (Palliative Care) എന്ന ആശയം തന്നെയും കേരളം പരിചയപ്പെട്ടു തുടങ്ങിയത് ഡോക്ടര്‍ മാമ്പി ള്ളി വഴിയും അദ്ദേഹത്തിന്‍റെ ആതുരാലയം വഴിയുമാണ്.

ദേശീയ പാതയ്ക്കു വിസ്തൃതിയേറുന്നതിനു മുമ്പു അങ്കമാലിക്കും കറുകുറ്റിക്കും മദ്ധ്യേ എളവൂര്‍ കവലയില്‍ ഒരു കൈചൂണ്ടിയോടുകൂടിയ ബോര്‍ഡുണ്ടായിരുന്നു. ഔസേഫ് മറിയം എന്ന കാരുണ്യകൂടാരത്തിലേക്കുള്ള കൈചൂണ്ടിയായിരുന്നത്. ആശയറ്റ ഒരു പാടു പേര്‍ക്കു പ്രത്യാശയുടെ കൈചൂണ്ടിയായി അതു മാറി. അര്‍ബുദം ബാധിച്ചു മരണം എന്ന യാഥാര്‍ഥ്യത്തെ മുന്നില്‍ കണ്ട ബഹുശതം പേര്‍ ആ കൈചൂണ്ടി കണ്ടു റോഡും റയില്‍പ്പാതയും കടന്നു അവിടയെത്തി. അവിടെയവര്‍ അലിവിന്‍റെ മാലാഖയെ കണ്ടു. അയാള്‍ അവരുടെ മുറിവുകളില്‍ സ്നേഹത്തിന്‍റ മരുന്നൊഴുക്കി. പൊട്ടിയൊലിച്ച വ്രണങ്ങളേയും പുഴുവരിച്ച ശരീരങ്ങളെയും അദ്ദേഹം അറപ്പു കൂടാതെ പരിചരിച്ചു. ചിലപ്പോള്‍ അവര്‍ക്കൊപ്പം മറ്റൊരു കട്ടിലില്‍ അന്തിയുറങ്ങി. ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ് സഹോദരിമാര്‍ അദ്ദേഹത്തിനു സഹായഹസ്സ്തമേകി ആ കാരുണ്യ കൂടാരത്തില്‍ കൂടെ നിന്നു. രോഗികള്‍ക്കും കൂടെ പരിചരിക്കാന്‍ നിന്നവര്‍ക്കും അദ്ദേഹം സൗജന്യമായി ഭക്ഷണമൊരുക്കി. വീട്ടിലേക്കു മടങ്ങുന്നവര്‍ക്കു യാത്രാസൗകര്യങ്ങള്‍ വരെ ഏര്‍പ്പെടുത്തിക്കൊടുത്തു. മരണമടയുന്നവരുടെ മൃതദേഹങ്ങള്‍ സ്വന്തം വീടുകളിലെത്തിച്ചു. ആരോരുമില്ലാത്ത മൃതരെ അടുത്തുള്ള സിമിത്തേരികളില്‍ കൊണ്ടുപോയി സംസ്കരിക്കാന്‍ മുന്‍കൈയെടുത്തു. എല്ലാം തികച്ചും സൗജന്യമായിട്ടാണ് അദ്ദേഹം ചെയ്തത്. സ്വന്തം കുടുംബസ്വത്തും സമ്മാനങ്ങളുമെല്ലാം അദ്ദേഹം നിര്‍ലോഭം നല്‍കി. ദാനമായി കിട്ടി. മഹാദാനമായി അദ്ദേഹം എല്ലാം തിരിച്ചു കൊടുത്തു.

കറുകുറ്റി കണി കണ്ടുണര്‍ന്നിരുന്ന കരുണയായിരുന്നു ഡോക്ടര്‍ മാമ്പിള്ളി. തൂവെള്ള മുണ്ടും ഷര്‍ട്ടും ധരിച്ചു നഗ്നപാദനായി നീണ്ടിറങ്ങിയ വഴിയില്‍ കണ്ടുമുട്ടുന്നവരോടെക്കെ സ്നേഹാന്വേഷണം നടത്തിയും ഓടിയെത്തുന്ന കുട്ടികളുടെ ശിരസ്സില്‍ കൈവച്ചനുഗ്രഹിച്ചും അവര്‍ക്കു മധുരപലഹാരങ്ങള്‍ നല്‍കിയും അദ്ദേഹം നടന്നു നീങ്ങി. ആ കണ്ണുകളിലെ തിളക്കത്തില്‍ അവര്‍ കാരുണ്യത്തിന്‍റെയും അനുകമ്പയുടെയും പ്രകാശം കണ്ടു. ആ നീണ്ട താടിയുള്ള മുഖത്തു ഒരു ദിവ്യഗുരുവിനെയും. കറുകുറ്റി നിവാസികള്‍ക്ക് അദ്ദേഹം ദൈവതുല്യനായ വ്യക്തിയായിരുന്നു, അവിടുത്തെ എല്ലാ കുടുംബങ്ങള്‍ക്കും ഒരു കാരണവരും. തന്‍റെ ആതുരാലയത്തിനു സമീപത്തെ എല്ലാ കുടുംബങ്ങളിലെയും എല്ലാ വിശേഷങ്ങള്‍ക്കും അവര്‍ അദ്ദേഹത്തെ വിളിച്ചു, അവര്‍ നല്‍കിയ വിഭവങ്ങളില്‍ പങ്കുപറ്റി അവരുടെ സന്തോഷത്തെ വര്‍ദ്ധിപ്പിച്ചു. അവരുടെ സങ്കടനേരങ്ങളില്‍ ആശ്വാസമായി. അവരുടെ കുട്ടികള്‍ക്ക് പനി വരുമ്പോള്‍ അദ്ദേഹത്തിന്‍റെ പക്കലേക്കവര്‍ ഓടിയെത്തി. അദ്ദേഹം മരുന്നുകളും മധുരവും അവര്‍ക്കു ഔഷധമായി. ഉറ്റവര്‍ വിടവാങ്ങുന്ന വീടുകളിലെത്തി അവരെ ആശ്വസിപ്പിച്ചു. അവര്‍ അദ്ദേഹത്തിനും ആവശ്യനേരങ്ങളിലൊക്കെയും ഒരു കൈ സഹായം നല്‍കി. അദ്ദേഹത്തോടൊപ്പം പല മുതിര്‍ന്നവരും ദിവസവും സായാഹ്ന പ്രാര്‍ത്ഥന ചൊല്ലി. ഔസേപ്പ് മറിയം കാന്‍സര്‍ ആശുപത്രിക്കു വലിയ വാതായനങ്ങളോ പാറാവുകാരോ ഇല്ലായിരുന്നു. കുട്ടികളും യുവാക്കളും ആ മുറ്റത്തു കളിച്ചു നടന്നു. അവര്‍ അദ്ദേഹത്തെ 'സാറെ' എന്നു വിളിച്ചു. ശരിയാണ്, എത്രയോ പാഠങ്ങളാണ് ആ ജീവിതം പകര്‍ന്നു നല്‍കിയത്.

ലാളിത്യത്തിന്‍റെ ലാവണ്യം നിറഞ്ഞതായിരുന്നു ഡോക്ടര്‍ മാമ്പിള്ളിയുടെ ജീവിതം. ആഹാരത്തിലും സുഖസൗകര്യങ്ങളിലും ഒരു യോഗിയുടെ മിതത്വം പുലര്‍ത്തി. ചെറുദൂരങ്ങളൊക്കെ കാല്‍നടയായി സഞ്ചരിച്ചു. തന്‍റെ ആതുരാലയം മുതല്‍ താന്‍ 47 വര്‍ഷം അന്തിയുറങ്ങിയ ക്രിസ്തുരാജാശ്രമം വരെയുള്ള രണ്ടു കിലോമീറ്ററോളമുള്ള വഴി എന്നും നഗ്നപാദനായി നടന്നു. പലപ്പോഴും രാത്രികളില്‍ മെഴുകുതിരിയുടെയോ റാന്തല്‍ വി ളക്കിന്‍റെയോ ഇത്തിരിവെട്ടത്തില്‍. 1980-കളുടെ അവസാനത്തില്‍ മാത്രം ടാര്‍ ചെയ്യപ്പെട്ട ആ വഴിയിലെ ഉരുളന്‍ കല്ലുകളില്‍ ചവുട്ടി അയാള്‍ എത്രയോ കാതം പിന്നിട്ടിരിക്കുന്നു. എല്ലാം മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി. എല്ലാം തന്നെ സമീപിച്ച സാധുക്കള്‍ക്കും വഴിയാത്രകള്‍ക്കിടയില്‍ കണ്ടുമുട്ടുന്ന നിരാലംബര്‍ക്കും നിര്‍ലോഭമായി അദ്ദേഹം നല്‍കി. കണക്കു സൂക്ഷിക്കാത്തവനായിരുന്നു ഡോക്ടര്‍ മാമ്പിള്ളി, കാശിലും കരുണയിലും. വാച്ചു കെട്ടാതിരുന്ന ഡോക്ടര്‍ മാമ്പിള്ളിക്ക് മറ്റുള്ളവര്‍ക്കായി നല്കാന്‍ എപ്പോഴും സമയമുണ്ടായിരുന്നു. അപരനു നന്മ ചെയ്യാന്‍ സമയം നോക്കേണ്ടതില്ല എന്ന സത്യം അനുദിനജീവിതത്തിലൂടെ വ്യക്തമാക്കിതരുന്ന മാമ്പിള്ളി ഡോക്ടര്‍ സമയത്തിനും കാലത്തിനും അപ്പുറം നമ്മെ പ്രചോദിപ്പിക്കുന്നു.

കറുകുറ്റിയില്‍ വന്നു ഒരു വര്‍ഷത്തിനുള്ളില്‍ ഡോക്ടര്‍ ക്രിസ്തു രാജാശ്രമത്തിലെ അന്തേവാസിയായി. മരണത്തിനു ഒരു വര്‍ഷം മുന്‍പുവരെ വ്രതം ചെയ്യാത്ത ഒരു സമര്‍പ്പിതനായി അദ്ദേഹം അവിടെ ജീവിച്ചു, കര്‍മ്മലീത്താ സന്യാസികളുടെയിടയിലെ 'ഫ്രാന്‍സിസ്കനായി.' ആശ്രമത്തില്‍ വൈദികരുടെ മുറികളോടൊപ്പം തന്നെയായിരുന്നു അദ്ദേഹത്തിന്‍റെ മുറി. ആശ്രമത്തിലെ ആലോചനായോഗങ്ങളിലൊഴികെ എല്ലാറ്റിലും അദ്ദേഹം പങ്കുചേര്‍ന്നു. സന്യാസ വൈദികര്‍ക്കു അദ്ദേഹം സഹകാരിയും സുഹൃത്തുമായി. എല്ലാറ്റിലും തനിക്കുള്ള അഭിപ്രായങ്ങള്‍ പ്രീതിയും ഭീതിയുമില്ലാതെ പറഞ്ഞു. അവരോടൊപ്പം അന്നം കഴിച്ചും പ്രാര്‍ത്ഥിച്ചും നാല്പത്തേഴു സംവത്സരങ്ങള്‍ പിന്നിട്ടു. ഉറക്കെ ചിരിച്ചും വര്‍ത്തമാനം പറഞ്ഞും അദ്ദേഹം എല്ലാവര്‍ക്കും ഇടയില്‍ നടന്നു. മാമ്പഴക്കാലങ്ങളില്‍ മാമ്പിള്ളി ഒരു കൊച്ചുകുട്ടിയെപ്പോലെ ആസ്വദിച്ചിരുന്നു. ആ നീണ്ട വെള്ളത്താടിയിലൂടെ മാമ്പഴച്ചാറു ഒലിച്ചിറങ്ങുന്ന കാഴ്ച കൗതുകകരമായിരുന്നു ആശ്രമത്തിലെ നവസന്യാസികള്‍ക്കു അദ്ദേഹം പ്രചോദനവും മാതൃകയുമായി. തങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്ന സമര്‍പ്പണവഴിയുടെ ഉദാത്തവും അനന്യവുമായ ധീരമാതൃക അദ്ദേഹത്തിലവര്‍ കണ്ടു.

ഡോക്ടര്‍ മാമ്പിള്ളിയുടെ ജീവിതം ഒരു പ്രാര്‍ത്ഥനാപുസ്തകമായിരുന്നു. ആശ്രമദേവാലയത്തില്‍ അദ്ദേഹം പ്രാര്‍ത്ഥിക്കുന്ന രംഗം ഒരു സുന്ദരദൃശ്യവുമായിരുന്നു. പ്രധാന അള്‍ത്താരയുടെയും വശങ്ങളിലുള്ള വിശുദ്ധ യൗസേപ്പിന്‍റെയും പരിശുദ്ധ കന്യകാമറിയത്തിന്‍റെയും അള്‍ത്താരകള്‍ക്കു മുമ്പിലും മുട്ടുകുത്തി ദീര്‍ഘനേരമുള്ള പ്രാര്‍ത്ഥനയില്‍ അദ്ദേഹം തന്‍റെ കരങ്ങളില്‍ നിന്നും അന്നേ ദിനം പരിചരണമേറ്റു വാങ്ങാനുള്ളവരെ മുഴുവന്‍ സമര്‍പ്പിച്ചു. അപ്പോള്‍ ആ മുഖം ദിവ്യപ്രഭയാല്‍ തിളങ്ങിയിരുന്നു. മൂര്‍ദ്ധാവില്‍ നിന്നാരംഭിക്കുന്ന ആ കുരിശുവരയ്ക്കല്‍ വിസ്മയമുണര്‍ത്തുന്നതും അതേ സമയം ആനന്ദകരവുമായ കാഴ്ചയായിരുന്നു. നീണ്ട താടി ഒഴുകിയിറങ്ങിയ ആ തലയില്‍ പെട്ടെന്ന് കഷണ്ടി കയറിയത് ഈയൊരു കുരിശുവരയുടെ ഫലമായിരുന്നു എന്ന് പോലും സംശയമുണര്‍ത്തിയിരുന്നു! രാവിലെ പ്രാര്‍ത്ഥന കഴിഞ്ഞു പുറത്തിറങ്ങുന്ന ഡോക്ടറെ കാത്തു ആശ്രമമുറ്റത്തെ യു.പി. സ്കൂളിലെ കുട്ടികള്‍ കാത്തു നില്‍ക്കുമായിരുന്നു, ആ കാരുണ്യ കരം തങ്ങളുടെ തലയില്‍ തൊടുവിച്ചു അനുഗ്രഹമേകാന്‍. ക്ലാസ്സിനു മുന്‍പ് ആ അനുഗ്രഹം വാങ്ങിയാല്‍ അന്നേ ദിവസം അദ്ധ്യാപകരുടെ അടി കിട്ടില്ലെന്ന് ആ ബാലമനസ്സുകള്‍ വിശ്വസിച്ചിരുന്നു!

എന്തുകൊണ്ട് വിവാഹിതനായില്ല എന്ന ചോദ്യത്തിന് ഡോക്ടര്‍ക്ക് കൃത്യമായ ഉത്തരമുണ്ടായിരുന്നു. 'വിവാഹജീവിതം പ്രാരാബ്ധങ്ങള്‍ക്കും സ്വാര്‍ത്ഥതയ്ക്കും വഴി മാറുമ്പോള്‍ നിസ്വാര്‍ത്ഥമായ അതുരശുശ്രൂഷയ്ക്ക് സമയം ലഭിക്കി ല്ല.' 47 വര്‍ഷം കര്‍മലീത്താ ആശ്രമത്തിലെ അന്തേവാസിയായിരുന്നിട്ടും വൈദികനാകാന്‍ തോന്നിയില്ലേ എന്ന ചോദ്യത്തിനും ഡോക്ടര്‍ക്കു വ്യക്തമായ മറുപടിയുണ്ട്. 'വൈദീകനാകുമ്പോള്‍ ആത്മീയ ശുശ്രൂഷകള്‍ക്ക് സമയം നീക്കിവയ്ക്കണം. മുഴുവന്‍ സമയം ആതുരസേവനത്തിനും പ്രയോജനപ്പെടുത്താനാകില്ല.' അതെ, അര്‍ബുദ രോഗികളുടെ ഇടയില്‍ അലിവിന്‍റെ മാലാഖയാകാന്‍ ദൈവം തന്നെ തിരഞ്ഞെടുത്തിരിക്കുന്നു എന്നറിഞ്ഞു ജീവിതത്തെ ആത്മാര്‍പ്പണം ചെയ്ത യോഗീവര്യനാണ് മാമ്പിള്ളി.

കാരുണ്യത്തിന്‍റെ ആ കൈചൂണ്ടി മറഞ്ഞിരിക്കുന്നു. ഒരു നാടിന്‍റെ സ്നേഹാദരവുകള്‍ മുഴുവന്‍ ഏറ്റുവാങ്ങി, ഒരിക്കലും മായാത്ത കാരുണ്യവും സ്നേഹവും തിരുശേഷിപ്പുകളായി അവശേഷിപ്പിച്ചു കൊണ്ട്. അപരനുവേണ്ടിയുള്ള സമാനതകളില്ലാത്ത സമര്‍പ്പണത്തിന്‍റെ സാക്ഷ്യമായി ഈ കാരുണ്യദീപം നമ്മുടെ ചുറ്റുമുണ്ടാകും, എക്കാലവും. 'ഈ ചെറിയവരില്‍ ഒരുവന് ചെയ്തപ്പോള്‍ എനിക്ക് തന്നെയാണ് ചെയ്തത്' എന്ന ക്രിസ്തുപാഠത്തിന്‍റെ അനശ്വരസാക്ഷ്യമായി ഈ കാരുണ്യാവതാരം കാലാതിവര്‍ത്തിയാകും, തീര്‍ച്ച.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org