ഈസ്റ്ററെന്ന ഫീസ്റ്റിന് ഫാസ്റ്റ് വേണം

ഈസ്റ്ററെന്ന ഫീസ്റ്റിന് ഫാസ്റ്റ് വേണം

അലന്‍ ജിയോ സോയി
കൈതാരത്ത്, മാനന്തവാടി

എഴുത്തുകാരനും ചിന്തകനുമായ ജോസഫ് നെച്ചിക്കാട്ടച്ചന്‍ ഞങ്ങളുടെ വികാരിയച്ചനായിരുന്നു. അദ്ദേഹത്തിന്‍റെ 'ജീവിത ചിന്തകള്‍' എന്ന ഗ്രന്ഥത്തില്‍ ബിഷപ്പ് ഫുള്‍ട്ടന്‍ ഷീന്‍ എഴുതിയ 'Way to Happiness' എന്ന പുസ്തകത്തിലെ ഒരു പരാമര്‍ശമുണ്ട്. അതിപ്രകാരമാണ്. "Fast' അഥവാ 'ഉപവാസം' അനുഷ്ഠിക്കാത്തവന് "Feast' അഥവാ 'വിരുന്ന്' ആസ്വദിക്കാനാവുമോٹഇല്ല. ഒരിക്കലും സാധിക്കില്ല."
"എന്തിനാണപ്പേ നോമ്പെടുക്കുന്നത്" എന്ന എന്‍റെ ചോദ്യത്തിന് അപ്പ നല്‍കിയ മറുപടിയിലുള്ളതാണിത്. അതുകൊണ്ട് ഇതിന്‍റെ തലക്കെട്ട് ഇങ്ങനെ നല്‍കാമെന്ന് കരുതി. ഈസ്റ്ററെന്ന ഫീസ്റ്റിന് ഫാസ്റ്റ് വേണം.
കുഞ്ഞുനാളില്‍ മമ്മ പറഞ്ഞു "നമുക്ക് എറ്റവും ഇഷ്ടമുള്ളത് ഈശോയ്ക്ക് വേണ്ടി ത്യജിക്കുന്നതാണ് നോമ്പ്. ഈശോയുടെ കൂടെ വസിക്കുന്നത് ഉപവാസവും." എനിക്ക് ഏറ്റവും ഇഷ്ടമുണ്ടായിരുന്ന ചോക്ളേറ്റ് ഞാനുപേക്ഷിച്ച്, നോമ്പ് നോക്കിയത് അങ്ങനെയാണ്. അപ്പ പറഞ്ഞത് വീണ്ടും ഓര്‍മ വരുന്നു "മിഠായി ഉപേക്ഷിച്ചാല്‍ മാത്രം പോരാ… അത് കിട്ടാത്തവന് കൊടുക്കുമ്പോഴാണ് നോമ്പും ഉപവാസവും പൂര്‍ത്തിയാകുന്നത്."
നാലാം ക്ലാസില്‍ വേദപാഠം പഠിക്കുമ്പോഴാണ് ആദ്യകുര്‍ബാന സ്വീകരണത്തിന് ഒരുങ്ങിയത്. തിരുസഭയുടെ മുന്നാമത്തെ കല്‍പന ഞാന്‍ ഇങ്ങനെ പഠിച്ചു "നിശ്ചയിക്കപ്പെട്ട ദിവസങ്ങളില്‍ നോമ്പ് അനുഷ്ഠിക്കുകയും വിലക്കപ്പെട്ട ഭക്ഷണസാധനങ്ങള്‍ വര്‍ജിക്കുകയും വേണം."
മൂന്ന് നോമ്പ്, എട്ട് നോമ്പ്, ഇരുപത്തിയഞ്ച് നോമ്പ്, അമ്പത് നോമ്പ് തുടങ്ങിയവയാണ് നിശ്ചയിക്കപ്പെട്ട ദിവസങ്ങളെന്ന് ഞാനറിഞ്ഞു.
എല്ലാ ഭക്ഷണ സാധനങ്ങളും നല്ലതല്ലേ…? പിന്നേതാണ് വിലക്കപ്പെട്ടത്…?
ആറാം ക്ലാസിലെ വേദപഠനത്തില്‍ അതിനും ഒരു ഉത്തരം എനിക്ക് കിട്ടി. പാശ്ചാത്യമിഷനറിമാര്‍ മാര്‍തോമാക്രിസ്ത്യാനികളെ നോമ്പിന്‍റെ 'സ്നേഹിതര്‍ എന്നാണത്രേ' വിശേഷിപ്പിച്ചിരുന്നത്. കാരണം മാംസം, മത്സ്യം, മുട്ട, പാല്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവ അവര്‍ നോമ്പു ദിവസങ്ങളില്‍ ഉപയോഗിച്ചിരുന്നല്ല. ആദിമ കാലം മുതല്‍ ക്രിസ്ത്യാനികള്‍ നോമ്പ് അനുഷ്ഠിച്ചിരുന്നു. ആ പാരമ്പര്യം നോമ്പിന്‍റെ സ്നേഹിതരായ നമുക്കും പിന്തുടരേണ്ടതുണ്ട്. വെറും ഭക്ഷണത്യാഗം മാത്രമല്ല അതിലുപരി ക്രിസ്തീയ ജീവിതത്തെ മെച്ചപ്പെടുത്തുകയാണ് നോമ്പിന്‍റെ ലക്ഷ്യം.
ഈശോ തന്‍റെ പരസ്യജീവിതം ആരംഭിക്കുന്നതിനൊരുക്കമായി മരുഭൂമിയില്‍ നാല്‍പതു ദിവസം ഉപവസിച്ചു പ്രാര്‍ത്ഥിച്ചു. ദൈവപുത്രനായിട്ടും ഈശോ ഉപവസിച്ചു.
അവിടുന്ന് എപ്പോഴും പിതാവിനോടു കൂടെയായിരുന്നില്ലേ? പിന്നെന്തിനാണ് ഈശോ നോമ്പെടുത്തത്… ഉപവസിച്ചത്? വരാനിരിക്കുന്ന പ്രലോഭനങ്ങളെ അതി ജീവിക്കാന്‍, പിശാച് എന്ന പ്രലോഭകനെ പരാജയപ്പെടുത്താന്‍ ഈശോ ഉപവസിച്ചു. ദൈവപുത്രനായിട്ടും ഈശോ ഉപവസിച്ചെങ്കില്‍, എന്‍റെ ഈ കുഞ്ഞുജീവിതത്തിലെ പ്രലോഭനങ്ങളെ അതിജീവിക്കാന്‍ ഞാന്‍ നോമ്പ് അനുഷ്ഠിക്കണം, ഉപവസിക്കണം.
തന്നിലുള്ള ദൈവശക്തി സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കാനുള്ള പ്രേരണയാണ് ഈശോ ഒന്നാമതായി നേരിട്ടത്.
തന്നിലുള്ളതും, തനിക്കുള്ളതും തനിക്കുവേണ്ടി മാത്രം ഉപയോഗിക്കുന്നതാണ് സുഖലോലുപത; അതൊരു പ്രലോഭനമാണ്. സ്വാര്‍ത്ഥത വെടിഞ്ഞ് അപരനു വേണ്ടി എന്തെങ്കിലും ചെയ്യാനാവുക എന്നതാണ് അഭികാമ്യം. പാഠപുസ്തകത്തില്‍ നിന്ന് ഞാന്‍ മനസിലാക്കിയ കാര്യങ്ങള്‍ അത് ലഭിക്കാത്ത എന്‍റെ സഹപാഠിക്ക് ഞാന്‍ പറഞ്ഞു കൊടുക്കുമ്പോള്‍ എന്നില്‍ ദൈവം നല്‍കിയ അറിവ് ഞാന്‍ വേണ്ട രീതിയില്‍ ഉപയോഗിക്കുന്നു.
തന്‍റെ മഹത്ത്വവും കഴിവും പ്രകടിപ്പിച്ച് പ്രശസ്തി നേടുവാനുള്ള പരീക്ഷയായിരുന്നു ഈശോ രണ്ടാമതായി നേരിട്ടത്. "നിന്‍റെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുത്" എന്ന വചനം കൊണ്ടു തന്നെ ഈശോ പ്രലോഭകന്‍റെ വായടപ്പിച്ചു.
ഉള്ളതിനേക്കാള്‍ മേന്മ ഭാവിക്കുന്നവരാണ് നാം. അതും ഒരു പ്രലോഭനം തന്നെ. എല്ലാവരെക്കാളും ഉയര്‍ന്നു നില്‍ക്കണമെന്ന മോഹമാണത്. അതുകൊണ്ടാണ് പലപ്പോഴും പ്രോത്സാഹനങ്ങള്‍ ലഭിക്കാതെ വരുമ്പോള്‍ നാം സങ്കടപ്പെടുന്നത്. തന്‍റെ തന്നെ പ്രശസ്തിക്കായാണ് തന്നിലെ കഴിവുകള്‍ ഉപയോഗിക്കുന്നതെങ്കില്‍ ഈ പരീക്ഷയില്‍ നാം തോറ്റു. എല്ലാ നേട്ടങ്ങളും ദൈവമഹത്ത്വത്തിന് എന്ന് പറയാനും ചിന്തിക്കാനുമായാല്‍ നാം വിജയിച്ചു.
രണ്ടു പരീക്ഷകളിലും ഈശോ വിജയിച്ചപ്പോള്‍ ഒരു ഒത്തു തീര്‍പ്പു തന്ത്രവുമായാണ് പ്രലോഭകന്‍റെ മൂന്നാമത്തെ വരവ്.
ലോകത്തിലെ എല്ലാ രാജ്യങ്ങളും അവയുടെ മഹത്ത്വവും ഈശോയെ കാണിച്ചുകൊണ്ട് അവന്‍ പറഞ്ഞു "നീ സാഷ്ടാംഗം പ്രണമിച്ച് എന്നെ ആരാധിച്ചാല്‍ ഇവയെല്ലാം ഞാന്‍ നിനക്ക് നല്‍കും."
ഈ ലോകത്തിലെ സമ്പത്തും സ്ഥാനമാനങ്ങളും മോഹിപ്പിച്ച് വിജയിക്കാമെന്ന വ്യാമോഹത്തേയും ഈശോ പരാജയപ്പെടുത്തിയത് അതിശക്തമായ വചനത്തിലൂടെത്തന്നെയാണ് "സാത്താനെ ദൂരെ പോവുക, എന്തെന്നാല്‍ ദൈവമായ കര്‍ത്താവിനെ ആരാധിക്കണം, അവിടുത്തെ മാത്രമേ പൂജിക്കാവൂ എന്ന് എഴുതപ്പെട്ടിരിക്കുന്നു."
സ്ഥാനമാനങ്ങള്‍ നേടുന്നതിനായി പലപ്പോഴും ദൈവത്തെ മറക്കുന്നവരല്ലേ നാം.
ജീവിതത്തില്‍ നാം ഒന്നാം സ്ഥാനം എന്തിനാണ് നല്‍കിയിരിക്കുന്നത്? നാം ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് എന്താണ് ? ഈ ചോദ്യങ്ങള്‍ സ്വയം തന്നോടുതന്നെ ചോദിക്കുക.
അള്‍ത്താരബാലന്മാര്‍ക്കെല്ലാം ലഭിച്ചിരിക്കുന്ന ഒരു കൃപയുണ്ട്. എല്ലാ ദിവസവും ബലിയര്‍പ്പകനോട് ചേര്‍ന്നു നിന്നുകൊണ്ട് വി. കുര്‍ബാനയില്‍ പങ്കെടുക്കാമെന്നതാണത്.
ഏറ്റവും വലിയ പ്രാര്‍ത്ഥനയാ യ വി. കുര്‍ബാന ആത്മബലം നേടാനുള്ള മാര്‍ഗമാണ്.
വചനം വായിച്ച് ആത്മബലം സ്വന്തമാക്കുകയെന്നതാണ് മറ്റൊരു വഴി. കുടുംബപ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കുമ്പോഴും നാം നേടുന്നത് അതേ ശക്തി തന്നെയാണ്.
സ്കൂളിലേക്കുള്ള വഴിയില്‍ സുകൃതജപങ്ങള്‍ ചൊല്ലി നടന്നു പോകുമ്പോഴാണ് കൂടുതല്‍ കൃപ ലഭിക്കുന്നതെന്ന് ചെറുപുഷ്പ മിഷന്‍ ലീഗും എന്നെ പഠിപ്പിച്ചിട്ടു ണ്ട്.
മിഷന്‍ലീഗീന്‍റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി, രോഗിസന്ദര്‍ശനം നടത്തുമ്പോഴും, ചെറിയ ത്യാഗപ്രവര്‍ത്തികളിലൂടെ സമാഹരിക്കുന്ന തുക സഹായമായി നല്‍കുമ്പോഴും 'കൂടെ വസിക്കാന്‍' എനിക്കായിട്ടുണ്ട്. അത് ഈ നോമ്പില്‍ കൂടുതലായി ചെയ്യാന്‍ നമുക്കാവും. ഇപ്രാവശ്യം ഉപവസിക്കുന്ന നാളുകളിലെ ഭക്ഷണം വിശക്കുന്നവന് നല്‍കണം.
വിശക്കുന്നവനേ ഭക്ഷണത്തിന്‍റെ വിലയറിയൂ. നോമ്പെടുക്കുന്നവന് മാത്രമേ ഉത്ഥാനതിരുന്നാള്‍ ആഘോഷിക്കാനാവൂ. അതുകൊ ണ്ട് ഈസ്റ്ററെന്ന ഫീസ്റ്റിന് ഫാസ്റ്റ് വേണം.

soyantony71@gmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org