Latest News
|^| Home -> Cover story -> ഈസ്റ്റര്‍: സമഗ്ര മാനവികതയുടെ തിരുനാള്‍

ഈസ്റ്റര്‍: സമഗ്ര മാനവികതയുടെ തിരുനാള്‍

Sathyadeepam

ബിഷപ് ജേക്കബ് മുരിക്കന്‍

സമഗ്രമാനവീകതയുടെ വിസ്മയകരമായ സാക്ഷാത്കാരത്തിന്‍റെ വ്യാഖ്യാനം നല്‍കുന്ന ആഘോഷമാണ് ഈസ്റ്റര്‍. പൂര്‍ണ്ണ ദൈവവും പൂര്‍ണ്ണമനുഷ്യനുമായ ഈശോമിശിഹായിലാണ് മാനവികതയുടെ യാഥാര്‍ത്ഥ രൂപം കാണാനാവുന്നത്. ഉത്ഥാനം ആ രൂപത്തിന്‍റെ പൂര്‍ണ്ണതയാണ്. വി. തോമായോടുള്ള മിശിഹായുടെ ഉദ്ബോധനമായ “കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍” എന്നതില്‍ നിന്ന് ഈ സമഗ്രതയുടെ ആഴങ്ങള്‍ നമുക്ക് ഗ്രഹിക്കാനാവും. ഈ ഉദ്ബോധനം ഒരേ സമയം വിശ്വാസത്തിന്‍റെയും ഭാഗ്യത്തിന്‍റെയും നിര്‍വചനമാകുകയാണ്. മിശിഹായുടെ സഭയിലൂടെ വെളിപ്പെടുന്ന ദൈവഹിതത്തിന് സമ്പൂര്‍ണ്ണസമര്‍പ്പണം ചെയ്യുന്ന വിശ്വാസ തീര്‍ത്ഥാടനമാണ് ഉത്ഥാനാനുഭവം. അവിടെ സൃഷ്ടിയായ മനുഷ്യന്‍ തന്‍റെയും സകല സൃഷ്ടപ്രപഞ്ചത്തിന്‍റെയും അധിനായകനെ ദര്‍ശിക്കുന്നു. മനുഷ്യന്‍ തന്‍റെ സ്വന്തം സഹോദരനെ കാണുന്നു. തന്‍റെ പൊതുഭവനമായ ഭൂമിയെ അറിയുന്നു. ഇങ്ങനെ ഉടലെടുക്കുന്ന ഭാവാത്മകമായ ലയനമാണ് ഉത്ഥാനാധിഷ്ഠിത വിശ്വാസജീവിതം.

ഉത്ഥാനത്തിരുനാള്‍ ചരിത്രപരമായ സത്യവും യാഥാര്‍ത്ഥ്യവുമെങ്കിലും വിശ്വാസാധിഷ്ഠിതമായ ആഘോഷവും വിശ്വാസികള്‍ക്ക് മാത്രം ഗ്രാഹ്യവുമായ സത്യം തന്നെയാണ്. ഈ സത്യത്തിന്‍റെ താക്കോല്‍ വി. ലൂക്കാ 24:4-ല്‍ ഈശോയുടെ കബറിടത്തിങ്കല്‍ വച്ച് സ്ത്രീകള്‍ കേട്ട ചോദ്യമാണ്. “ജീവിച്ചിരിക്കുന്നവനെ നിങ്ങള്‍ മരിച്ചവരുടെ ഇടയില്‍ അന്വേഷിക്കുന്നതെന്തിന്? അവന്‍ ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു. ഉത്ഥാനാനുഭവം കല്ലറയ്ക്ക് പുറത്തിറങ്ങുന്നതിലൂടെ മാത്രമെ നേടാനാവൂ. അത് മനുഷ്യന്‍റെ ഉത്കര്‍ഷത്തിനുതകുന്ന ജീവിതാധികാരം പ്രദാനം ചെയ്യുന്നതാണ്. ആത്മീയമായി പാപകരമായ എല്ലാറ്റിലും നിന്ന് ദൈവം മോചിപ്പിച്ചതിലുള്ള ആനന്ദമാണ്. സാമൂഹ്യമായി പറഞ്ഞാല്‍ അത് ബഹുസ്വരതയുടെ ഒരു സംസ്കാരത്തെ നമ്മില്‍ ജനിപ്പിക്കുന്നു. എന്നിരുന്നാലും വീണ്ടും കല്ലറകളിലേക്ക് പ്രവേശിക്കാനുള്ള പ്രലോഭനം മനുഷ്യനെ നിരന്തരം വേട്ടയാടുന്നു. പാപത്തിന്‍റെ തഴക്കവും ശീലവും നമ്മെ കല്ലറകളില്‍ വീണ്ടും വീണ്ടും തളച്ചിടുന്നു. സ്വാര്‍ത്ഥത, അതിമോഹം, ദുരാശ, ആസക്തി, ശത്രുത, അഹംഭാവം, അസൂയ എന്നിങ്ങനെ ലൗകീക വ്യഗ്രതകളാല്‍ മൃതരായി കല്ലറകളില്‍ ശയിക്കാന്‍ മനുഷ്യന്‍ ഇഷ്ടപ്പെടുന്നു. ഈ അടിമത്തത്തിന്‍റെ കരാളഹസ്തത്തില്‍ നിന്ന് മനുഷ്യനെ സ്വതന്ത്രനാക്കുന്നത് പാപങ്ങള്‍ ക്ഷമിക്കാന്‍ കഴിയുന്ന ദൈവം മാത്രമാണ്. ഉത്ഥാന പ്രകാശത്തിലൂടെ പുതുജീവനിലേക്കുള്ള സഞ്ചാരമാണ് ഈസ്റ്റര്‍ ഉദ്ഘോഷിക്കുന്നത്. സത്യവും നിത്യവുമായ ഈ സഞ്ചാരപാത ഒട്ടും എളുപ്പമല്ല എന്നു മാത്രമല്ല ഏറെ ക്ലേശകരവുമാണ്. കാരണം നീണ്ട നാളുകള്‍ ഓമനിച്ചും താലോലിച്ചും കൂടെ കൊണ്ടുനടന്ന പ്രിയങ്കരമായിരുന്നവയെ പാപകരമാണെന്നറിഞ്ഞ് നിത്യനാശത്തിന് ഹേതുവായിരിക്കുന്നുവെന്ന തിരിച്ചറിവിലാണ് ഉപേക്ഷിക്കേണ്ടത്. ഉത്ഥാനാനുഭവം ഈ തിരിച്ചറിവും അവബോധവും ആണ്.

മിശിഹായുടെ ഉത്ഥാനമാണ് മനുഷ്യന് അസ്തിത്വവും സ്വത്വാവബോധവും നല്‍കുന്നതെന്ന് 1 കോറി. 15:14 വ്യക്തമാക്കുന്നു. മിശിഹാ ഉയര്‍പ്പിക്കപ്പെട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ത്ഥം; നിങ്ങളുടെ വിശ്വാസവും വ്യര്‍ത്ഥം. ശൂന്യമായ കല്ലറ മിശിഹായുടെ ഉത്ഥാനത്തിന്‍റെ പ്രതീകമാണ്. കര്‍ത്താവായ ഈശോമിശിഹാ പാപം വഴി ഉണ്ടായ മരണത്തിന്‍റെ അവസ്ഥയ്ക്ക് വിരാമമിട്ട് തന്‍റെ രക്ഷാകര പദ്ധതി വഴി ശാശ്വതമായ രക്ഷ സഭയിലൂടെ ലോകത്തില്‍ സംസ്ഥാപിച്ചു. ഇത് കൃപാവരത്തിന്‍റെ അനസ്യൂതമായ പ്രവാഹമായി വിശ്വാസവും ദൈവാശ്രയവും വഴി നമ്മില്‍ സംഭവിക്കുവാന്‍ ഉത്ഥാനാനുഭവം നിമിത്തമായി മാറണം.

ഈശോയുടെ മൃതശരീരം പൊതിഞ്ഞിരുന്ന വസ്ത്രങ്ങള്‍ കല്ലറയില്‍ തനിയെ കിടക്കുന്നതും ഉത്ഥാനത്തിന്‍റെ അടയാളമാണ്. ഈശോ തന്‍റെ വസ്ത്രങ്ങള്‍ കല്ലറയിങ്കല്‍ ഉപേക്ഷിച്ചു. മാര്‍ അപ്രേം നല്‍കുന്ന വ്യാഖ്യാനം ഇവിടെ ചിന്തനീയമാണ്. പാപം ചെയ്ത് തിരസ്കൃതനാകുന്നതിന് മുന്‍പ് ആയിരുന്നതുപോലെ വസ്ത്രത്തിന്‍റെ മറകൂടാതെ ആദത്തിന് പറുദീസയില്‍ പ്രവേശിക്കുന്നതിനുവേണ്ടിയാണ് ഈശോ കല്ലറയിങ്കല്‍ തന്‍റെ വസ്ത്രങ്ങള്‍ ഉപേക്ഷിച്ചത്. വസ്ത്രധാരിയായി പറുദീസാ വിട്ടിറങ്ങിയ ആദം ഇപ്പോള്‍ വസ്ത്രമുപേക്ഷിച്ച് വീണ്ടും പറുദീസായിലേക്ക് കയറുന്നു. അവന്‍ വസ്ത്രമുപേക്ഷിച്ചത് മരിച്ചവരുടെ ഉത്ഥാന രഹസ്യം വെളിപ്പെടുത്താനാണ്. നമ്മുടെ കര്‍ത്താവ് വസ്ത്രമില്ലാതെ മഹത്ത്വത്തിലേക്ക് പ്രവേശിച്ചതുപോലെ നമ്മളും നമ്മുടെ വസ്ത്രങ്ങളുമായല്ല, പ്രത്യുത നന്മപ്രവൃത്തികളുമായി മഹത്ത്വത്തിലേക്ക് പ്രവേശിക്കും. ചമയങ്ങളും അലങ്കാരങ്ങളും ഏച്ചുകെട്ടലുകളും തേച്ചുമിനുക്കലുകളുമായി യഥാര്‍ത്ഥമനുഷ്യനെ മറയ്ക്കുന്ന സാംസ്കാരത്തിനറുതി വരുത്തുക അനിവാര്യമാണ്. നമ്മള്‍ അണിയുന്ന വേഷഭൂഷാദികളല്ല നമ്മെ മഹത്ത്വപ്പെടുത്തുന്നത് പ്രത്യുത നമ്മിലെ മനുഷ്യനാണ്. കൃത്രിമത്വം വെടിഞ്ഞ് ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലുമുള്ള യഥാര്‍ത്ഥ മനുഷ്യനെ ധരിക്കുന്നതാണ് ഈസ്റ്റര്‍ അനുഭവം.

Leave a Comment

*
*