ഈ കുട്ടികള്‍ എന്തിനാണ് കലഹിക്കുന്നത്?

ഈ കുട്ടികള്‍ എന്തിനാണ് കലഹിക്കുന്നത്?


ജസ്റ്റിന്‍ കൈപ്രംപാടന്‍

കൗമാരം കലഹങ്ങളുടെ കാലമാണ്. മാതാപിതാക്കളോടും അധ്യാപകരോടും ആത്മീയതയോടും സമൂഹത്തോടും ഏറെ ചോദ്യങ്ങള്‍ ചോദിക്കുകയും കലഹിക്കുകയും ചെയ്യുന്ന ഈ പ്രായത്തില്‍ അവരെ വളര്‍ത്തേണ്ടത് എങ്ങനെ? എന്തിനുവേണ്ടി കലഹിക്കണമെന്ന പഠനവും വളര്‍ച്ചയുടെ ഭാഗമായി മാതാപിതാക്കള്‍ തിരിച്ചറിയണം. പ്രണയത്തിനു വേണ്ടിയും ഫോണിനുവേണ്ടിയും അലസതയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയും കൗമാരക്കാര്‍ നിരന്തരം വഴക്കിടന്നു. ഒരുവന് കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ കരുതല്‍ ഉടപ്പിറന്നവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന തോന്നല്‍ ഉളവാക്കുന്ന കലഹം പങ്കുവയ്പിന്‍റെ അതിരുകളില്‍ വളര്‍ന്ന് സ്വത്തിന്‍റെ കടിപിടിയില്‍ മൂര്‍ച്ഛിക്കും. ചില കുട്ടികളെ അരുതുകളുടെ മതിലുകളില്‍ ഞെരുക്കി ആത്മവിശ്വാസക്കുറവിന്‍റെ ഇരുട്ടിലേയ്ക്ക് ചില മാതാപിതാക്കള്‍ തള്ളിയിടുന്നുണ്ട്. മറ്റു ചിലരാകട്ടെ പൊങ്ങച്ചത്തിന്‍റെ പ്രദര്‍ശനപരതയില്‍ കുട്ടികളെ അഹങ്കാരത്തിന്‍റെ തലക്കനത്തില്‍ കുത്തിനിറുത്തുന്നു. എന്നാല്‍ പച്ചപ്പിനേയും പക്ഷികളേയും അയല്ക്കാരനേയും കൂട്ടുകാരേയും ഭിക്ഷുവിനേയും സ്വന്തമാക്കുവാനും പകുത്തു നല്‍കി വലുതാക്കുവാനും സത്യസന്ധതയുടെ സ്വാതന്ത്ര്യവും സ്നേഹത്തിന്‍റെ കനമില്ലായ്മയും മനസ്സിലാക്കി വളര്‍ത്താന്‍ കുടുംബത്തിന്‍റെ പരിസരം ഒരു കുട്ടിയെ തീര്‍ച്ചയായും സഹായിക്കണം.

കുട്ടികളുടെ എണ്ണം കുറഞ്ഞതോടെ അവരുടെമേലുള്ള ശ്രദ്ധ അമിതമാവുകയും മാര്‍ക്ക് വാങ്ങുന്നതും പണമുണ്ടാക്കുന്നതും മാത്രമാണ് വിജയമെന്നും അടിമത്തമാണ് അച്ചടക്കമെന്നും ആഘോഷങ്ങളാണ് സ്നേഹമെന്നും വീടും വിദ്യാലയവും കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. ചോദ്യങ്ങളൊന്നും ചോദിക്കാത്തവരും A+ പൂര്‍ണ്ണമായും വാങ്ങുന്ന കുട്ടികളും മാതൃകാ വിദ്യാര്‍ത്ഥികളാവുകയും അവരുടെ തല നാട്ടിലെങ്ങും ഫ്ളെക്സായി തൂങ്ങുകയും ചെയ്യുന്നുണ്ട്. 'നീ നിന്‍റെ കാര്യം നോക്കിയാല്‍ മതി' എന്ന തലതിരിഞ്ഞ ഉപദേശത്തില്‍ സ്വാര്‍ത്ഥതയുടെ പൊട്ടകിണറ്റില്‍ വീണുപോകുന്ന മക്കള്‍ ആദ്യം സ്വന്തം മാതാപിതാക്കളെത്തന്നെ പുറത്താക്കുന്നു. ഹൃദയപരിസരത്ത് നിന്ന് മാതാപിതാക്കളെ വേര്‍പെടുത്തിയാല്‍ പിന്നെ കോര്‍പ്പറേറ്റുകള്‍ക്ക് പറ്റിയ റോബോട്ടുകളായി സ്വയമവര്‍ ചുരുങ്ങുന്നു. ആഡംബരങ്ങളുടെ അല്പത്തത്തിനും ആസക്തികളുടെ അതിവൈകാരിക ലോകത്തിലും പെടുന്നവര്‍ക്ക് പ്രാപഞ്ചിക വീക്ഷണവും മാനുഷികതയും അന്യമാകുന്നു. ഈ ലോകത്തെ മാറ്റിയിട്ട് ഒരു പുതിയലോകം സ്വപ്നം കാണുന്നവരെ വിഡ്ഢികളായും ഭ്രാന്തന്മാരായും പൊതുസമൂഹം പോലും നിരീക്ഷിക്കുന്ന ദൗര്‍ഭാഗ്യം ഇന്നുണ്ട്. ഈ ലോകം മാറ്റിപ്പണിയാമെന്നും ഇതിന്‍റെ വ്യവസ്ഥകളെല്ലാം ഉണ്ടാക്കിയതാണെങ്കില്‍ മാറ്റാവുന്നതാണെന്നും അങ്ങനെ തന്‍റെ ദൗത്യം പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കലാണെന്നും തിരിച്ചറിവുള്ള കുറച്ചു കൗമാരക്കാര്‍ ഈ ലോകത്തുണ്ട്. പുതിയ ലോകം ഉണ്ടാക്കാന്‍ തീരുമാനിച്ചവരെ ആദ്യം ഭ്രാന്തന്മാരെന്നും അവരതില്‍ വിജയിച്ചാല്‍ ഹീറോകളെന്നും നാമവരെ പുകഴ്ത്തും. സ്വര്‍ഗ്ഗരാജ്യം കുട്ടികളിലാണെന്ന് വെളിപ്പെടുത്തിയ ക്രിസ്തുവിന്‍റെ മുഖമുള്ള മൂന്ന് കുട്ടികളെ പരിചപ്പെടുത്തുകയാണിവിടെ. താന്‍ സ്വരുക്കൂട്ടിവച്ച കാശ് കുടുക്ക പ്രളയത്തിലകപ്പെട്ടവര്‍ക്ക് ശ്വാസം കൊടുക്കുന്നതുപോലെയാണെന്ന് തിരിച്ചറിഞ്ഞ ഈ കൊച്ചുകേരളത്തിലെ പുഴുപ്പല്ലു കാട്ടിച്ചിരിക്കുന്ന കുട്ടികള്‍ മുതല്‍ നോബല്‍ സമ്മാനം നേടിയ മലാല യൂസഫ്സായ് എന്ന പാക്കിസ്ഥാന്‍കാരി വരെ നീളുന്ന നന്മയുടെ കുഞ്ഞുപൂക്കളെ ഹൃദയപൂര്‍വ്വം നമിക്കുന്നു.

ഗ്രെറ്റാ തുംബര്‍ഗ്(Greta Thunberg)

സ്വീഡിഷ് സ്വദേശിയായ ഗ്രെറ്റ, ഓപ്പറ ഗായികയായ മെലാന എന്മായുടെയും അഭിനേതാവായ സവാന്‍റെ തുംബെര്‍ഗിന്‍റേയും മകളായി 2003-ല്‍ ജനിച്ചു. ചില നേരങ്ങളില്‍ സംസാരശേഷിപോലും നഷ്ടപ്പെട്ട് മൗനത്തിന്‍റെ വാല്മീകത്തിലാവുന്ന മാനസികരോഗാവസ്ഥയിലും ലോകത്തിന്‍റെ ഭാവിയെക്കുറിച്ചുള്ള ആകുലതയുടെ തീ ഈ കൊച്ചു പെണ്‍കുട്ടി ഉള്ളില്‍കൊണ്ടു നടന്നു. കാലാവസ്ഥ മാറുന്നു. മഴയ്ക്കു പകരം ചുട്ടുപൊള്ളുന്ന വേനലും മന്ദമാരുതനു പകരം ചുഴലിക്കാറ്റും നിലാവിന് പകരം വെള്ളപ്പൊക്കവും ലോകത്തിന്‍റെ പലയിടങ്ങളില്‍ നാശം വിതച്ചു കൊണ്ടിരിക്കുമ്പോള്‍ ഗ്രെറ്റ ഒരു കലഹത്തെ ഉള്ളില്‍ രൂപപ്പെടുത്തി. അന്‍റാര്‍ട്ടിക്കയില്‍ മഞ്ഞുരുകിയാല്‍ കടല്‍ ഉയരുമെന്നും ആമസോണ്‍ കാടുകളില്‍ തീ പിടിച്ചാല്‍ ഭൂമിയുടെ ശ്വാസകോശം ചുരുങ്ങുമെന്നും ഓസോണ്‍ പാളിയിലെ വിള്ളല്‍ ഭൂമിയുടെ ജീവജാലങ്ങളെയെല്ലാം പൊള്ളിക്കുമെനും ഗ്രെറ്റ ആകുലപ്പെട്ടു.

അവള്‍ പറഞ്ഞു: 'ഞാന്‍ ശ്രദ്ധിച്ചപ്പോള്‍ കാലാവസ്ഥ വ്യതിയാനം ഒരു ഭീകരപ്രശ്നമാണ്. ലോകനേതാക്കള്‍ എന്ന് പറയുന്നവര്‍ പോലും ഇതിനെ പറ്റി ചിന്തിക്കുന്നില്ല. അപ്പോള്‍ എനിക്ക് തോന്നി, ഇതെന്‍റെ ധാര്‍മ്മികമായ ഉത്തരവാദിത്വമാണ്. എനിക്ക് വോട്ടു ചെയ്യാനുള്ള പ്രായമായിട്ടില്ല. എന്നാല്‍ എന്‍റെ സ്വരം കേള്‍ക്കപ്പെടണമെന്ന് തോന്നിയതുകൊണ്ടാണ് സ്വീഡിഷ് പാര്‍ലമെന്‍റിന് മുന്നില്‍ എല്ലാ വെള്ളിയാഴ്ചയും പഠിപ്പുമുടക്കി സമരം ചെയ്യാന്‍ തീരുമാനിച്ചത് – Friday For Future. ആകുലപ്പെട്ടതുകൊണ്ട് മാത്രം കാര്യമില്ലല്ലോ. മാറ്റം വരുത്താന്‍ നമുക്ക് ചെയ്യാവുന്നത് പരമാവധി ചെയ്യണം.'

'No one is too small to make a difference'. ഗ്രെറ്റയുടെ പുസ്തകത്തിന്‍റെ പേരാണിത്. ആരും ചെറുതല്ലെന്ന് ഈ കൊച്ചുപെണ്‍കുട്ടിയുടെ പ്രവൃത്തിയിലൂടെ ലോകം കണ്ടു. അവളോടൊപ്പം കാലാവസ്ഥാ വ്യതിയാനത്തെ അഭിമുഖീകരിക്കാന്‍ ലോകമെമ്പാടും സ്കൂള്‍ കുട്ടികള്‍ അണിചേര്‍ന്നു. തീര്‍ത്തും സന്ധ്യസന്ധമായ തുറന്ന സംസാരത്തിലൂടെ ലോകനേതാക്കളുടെ ഹൃദയം പെള്ളിക്കാന്‍ അവള്‍ക്കായി. ഐക്യരാഷ്ട്രസഭയില്‍ അവള്‍ സംസാരിച്ചു. "നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നു (How dare you!) യുവജനങ്ങളോട് പ്രതീക്ഷയെപ്പറ്റി പറയുവാന്‍? നിങ്ങള്‍ ഞങ്ങളുടെ സ്വപ്നങ്ങള്‍ തച്ചുടച്ചില്ലേ? പൊള്ളയായ വാക്കുകള്‍കൊണ്ട് ഞങ്ങളുടെ ബാല്യം കവര്‍ന്നെടുത്തില്ലേ. എന്‍റെ ചുറ്റും സാധാരണ മനുഷ്യര്‍ സഹിക്കുകയാണ്. മരിക്കുകയാണ്. ഈ പ്രപഞ്ചം തന്നെ ഉന്മൂലനത്തിന്‍റെ വക്കിലാണ്. എന്നിട്ടും, പണത്തെപ്പറ്റിയും രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചയെപ്പറ്റിയും കെട്ടുകഥകള്‍ പറഞ്ഞ് ജനത്തെ വഞ്ചിക്കുവാന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നു? ചെറുപ്പക്കാര്‍ നിങ്ങളുടെ വഞ്ചനയുടെ സ്വരം തരിച്ചറിയാന്‍ ആരംഭിച്ചിരിക്കുന്നു. പ്രിയ നേതാക്കളെ, നിങ്ങള്‍ ഞങ്ങളെ തോല്പിച്ചാല്‍ ഞങ്ങള്‍ നിങ്ങളോട് ക്ഷമിക്കുകയില്ല." തീ പാറുന്ന വാക്കുകള്‍കൊണ്ട് ഗ്രെറ്റ തുംബര്‍ഗ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ചെറുപ്പക്കാരെ ആകര്‍ഷിക്കുന്നു. രാഷ്ട്രീയ നേതൃത്വങ്ങളോട് കലഹിക്കുന്നു.

മലാല യൂസഫ്സായ് (Malala Yousafzai)

17-ാം വയസ്സില്‍ ഏറ്റവും പ്രായംകുറഞ്ഞ നോബല്‍ സമ്മാനിതയായ മലാല യൂസഫ്സായ് ലോകമറിയുന്ന പ്രകാശം പരത്തുന്ന പെണ്‍കുട്ടിയായി മാറി. പാക്കിസ്ഥാനിലെ സ്വാത് താഴ്വരയില്‍ ഭീകരതയുടെ ചിലന്തിവലയില്‍ നിന്ന് പെണ്‍കരുത്തിന്‍റെ ഉറച്ച ശബ്ദമായി മലാല ഉയര്‍ന്നുവന്നു. 1997-ല്‍ റ്റൂര്‍ ചെക്കായുടെയും സിയാദ്ദീന്‍ യുസഫ്സായിയുടെയും മകളായി ജനിച്ച മലാല 12-ാം വയസ്സില്‍തന്നെ താലിബാന്‍ ഭരണത്തെപ്പറ്റി BBCയിലും ന്യൂയോര്‍ക്ക് ടൈംസിലും സംസാരിച്ചു. 10 വയസ്സിനു മുകളിലുള്ള പെണ്‍കുട്ടികള്‍ക്ക് സ്കൂള്‍ വിദ്യാഭ്യാസം നിഷേധിക്കുന്ന താലിബാന്‍ നയങ്ങള്‍ക്കെതിരെ മലാല കലഹിച്ചു. ഒരു കുട്ടിക്ക്, ഒരു ടീച്ചറിലൂടെ, ഒരു ബുക്കിലൂടെ, ഒരു പേനയിലൂടെ ലോകത്തെ മാറ്റി മറിക്കാനാവുമെന്ന് മലാല വിശ്വസിച്ചു. പെണ്‍കുട്ടികളുടെ വിദ്യഭ്യാസത്തെ പ്രോത്സാഹിപ്പിച്ച 400 സ്കൂളുകള്‍ താലിബാന്‍ ഭരണം സ്വാത് താഴ്വരയില്‍ ബോംബിട്ട് തകര്‍ത്തു കളഞ്ഞു. തങ്ങളുടെ ജീവിതത്തിന്‍റെ നിസ്സഹായതയും മതബോധത്തിന്‍റെ കുപ്പായമിട്ട സ്ത്രീവിരുദ്ധതയും മലാല ലോകമെങ്ങും വിളംബരം ചെയ്തു. തങ്ങുടെ പഠിക്കാനുള്ള അവകാശത്തെ നിഷേധിക്കാന്‍ താലിബാന്‍റെ മതമറയ്ക്കുള്ളിലെ ഭീകരതയ്ക്ക് അവകാശമില്ലെന്ന് മലാല തീരുമാനിച്ചു. മലാലയുടെ കുടുംബത്തിന് സ്വന്തം നാട് ഉപേക്ഷിച്ച് പ്രാണരക്ഷാര്‍ത്ഥം കറാച്ചിയിലേയ്ക്ക് ഓടേണ്ടി വന്നു. എന്നിട്ടും തിരികെയെത്തി ബാപ്പയോടൊപ്പം മിഷനറിമാരെപ്പോലെ വീടുകള്‍ കയറിയിറങ്ങി പെണ്‍കുട്ടികളെ തിരികെ സ്കൂളിലേയ്ക്ക് എത്തിച്ചു.

2015 ഒക്ടോബര്‍ മാസത്തില്‍ പരീക്ഷ കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങുന്ന കുട്ടികളുടെ തട്ടമിട്ട കണ്ണുകളെ പരിശോധിച്ച് നീണ്ട കൂര്‍ത്ത ധരിച്ച രണ്ടുപേരെത്തി. താലിബാന്‍! ആരാണ് മലാല? മൂടുപടത്തിനുള്ളിലെ എല്ലാ കണ്ണുകളും ഒരിടത്തേയ്ക്ക് തിരിഞ്ഞപ്പോള്‍ സംശയലേശമെന്യേ അവര്‍ വെടിയുതിര്‍ത്തു. ഇടതുകണ്ണിനോട് ചേര്‍ന്ന് 18 ഇഞ്ച് ആഴത്തില്‍ ഒരു വെടിയുണ്ട മലാലയുടെ കഴുത്തിലമര്‍ന്നു. കൂടെയുണ്ടായിരുന്ന രണ്ട് പെണ്‍കുട്ടികള്‍ക്ക് കൂടി പരിക്കേറ്റു. സൈനികരുടെ ഹെലികോപ്റ്ററില്‍ മലാലയെ പെട്ടെന്ന് ആശുപത്രിയിലാക്കി. 5 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ. ഒരു തോക്കുകൊണ്ട് തന്നെ നിശബ്ദയാക്കാമെന്ന ഭീകരരുടെ മോഹത്തെ നിഷ്പ്രഭമാക്കി മലാല ആശുപത്രി കിടക്കയില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റു. നിശബ്ദമാക്കപ്പെടുന്ന സകല പെണ്‍കുട്ടികള്‍ക്കുംവേണ്ടിയുള്ള ശബ്ദമാകാന്‍ മലാല സമാധാനത്തിന്‍റെ നോബല്‍ മാലാഖയായി. ലോകനേതാക്കളോട് അവള്‍ പറഞ്ഞു, 'ബുള്ളറ്റല്ല ബുക്കുകളാണ് ഞങ്ങള്‍ക്കാവശ്യം. വെടിയേറ്റപ്പോള്‍ എന്‍റെ പേടിയും നിരാശയും മരിച്ചുപോയി. പകരം ശക്തിയും ധൈര്യവും പ്രതീക്ഷയും എന്നില്‍ ജനിച്ചു. മതത്തിന്‍റെ പേരില്‍ ഭീകരത വിതയ്ക്കുന്നവരുടെ പെണ്‍കുട്ടികള്‍ക്കുവേണ്ടി കൂടിയാണ് ഞാന്‍ ശബ്ദിക്കുന്നത്.'

അനോയ്റ ഖാട്ടൂണ്‍ (Anoyara Khatun)

വെസ്റ്റ് ബംഗാളിലെ കുഗ്രാമത്തില്‍ നിന്നുള്ള അനോയ്റ ഖാട്ടൂണിന് ദാരിദ്ര്യത്തിന്‍റെ പുകപിടിച്ച ജീവിതം നന്നേ ചെറുപ്പത്തിലെ സ്വീകരിക്കണ്ടി വന്നു. 5-ാം വയസ്സില്‍ പിതാവിനെ നഷ്ടപ്പെട്ട അനോയ്റ 12-ാം വയസ്സില്‍ തന്‍റെ ഗ്രാമത്തേയും വീടിനേയും വിട്ട് ഡല്‍ഹിയിലെ ഒരിടത്തരം ഫ്ളാറ്റിലെ വീട്ടുജോലിക്കാരി ആയി. 6 മാസത്തെ ഭീകരജീവിതത്തിന് ശേഷം അവള്‍ എങ്ങനെയോ സ്വന്തം ഗ്രാമത്തിലെത്തി. പിന്നീട് ഇങ്ങനെയൊരു ദുരിതജീവിതം ഒരു കുട്ടിക്കും ഉണ്ടാകരുതെന്നവള്‍ തീരുമാനിച്ചു. ചിലര്‍ ജീവിതത്തിന്‍റെ മുറിവുകളെ നരകത്തിലേയ്ക്കുള്ള കാരണമായിട്ടെടുക്കുമ്പോള്‍ മറ്റു ചിലര്‍ മുറിവുകളെ തിരുമുറിവുകളാക്കുന്നു. ആര്‍ക്കും ഈ ഗതി വരരുതെന്ന് ആഗ്രഹിച്ച അനോയ്റ സ്വന്തം ഗ്രാമത്തില്‍ ബാലവേലയ്ക്കെതിരെയും ലൈംഗിക ചൂഷണത്തിനെതിരെയും പോരാടാന്‍ തീരുമാനിച്ചു. വലിയൊരു ഗൂഢസംഘത്തിനെതിരെ കലഹിക്കുമ്പോഴുണ്ടാകുന്ന എല്ലാ പ്രതിസന്ധികളെയും അവള്‍ നേരിട്ടു.

'Save the Children' – എന്ന സംഘടനയിലൂടെ നിയമവശങ്ങളും സംഘടനാപാടവവും സ്വന്തമാക്കിയ അനോയ്റ രക്ഷപ്പെടുത്തിയത് തട്ടിക്കൊണ്ട് പോകപ്പെട്ട 180 കുട്ടികളെയാണ്. 35 ബാലവിവാഹങ്ങളാണ് സമൂഹത്തോടും മതാന്ധതയോടും പൊരുതി അവള്‍ ചെറുത്തത്. 200 ഓളം കുട്ടികളെ സ്കൂളിലേയ്ക്ക് തിരികെയെത്തിക്കാന്‍ ഈ കൊച്ചുമിടുക്കിയുടെ നിതാന്ത പരിശ്രമത്തിനായി. ഇന്ത്യന്‍ പ്രസിഡന്‍റിന്‍റെ നാരിശക്തി പുരസ്ക്കാരം നേടിയ അനോയ്റ ബില്‍ഗേറ്റ്സിനൊപ്പവും ഐക്യരാഷ്ട്രസഭയിലും പ്രസംഗിച്ചു. ജനഹൃദയങ്ങളില്‍ ഇടംകണ്ടെത്തിയ ഈ ഇന്ത്യന്‍ പെണ്‍കുട്ടിയുടെ സ്വപ്നം ഇതാണ്; "ലോകത്തിലെ എല്ലാ കുട്ടികളും ചിരിക്കണം. കുട്ടിക്കടത്തിന്‍റെ ഇരയായവളാണ് ഞാന്‍. എത്രമാത്രം കഠിനയാതനയാണ് അതെന്ന് എനിക്ക് അനുഭവത്തിലൂടെ അറിയാം. അതുകൊണ്ട് ബാലവേലയ്ക്കും ബാലവിവാഹത്തിനും എതിരെ ജീവിതകാലം മുഴുവന്‍ ഞാന്‍ കലഹിക്കും."

80 ഗ്രാമങ്ങളിലായി 10 ഉം 12 ഉം പേരടങ്ങുന്ന കുട്ടികൂട്ടങ്ങളെ സംഘടിപ്പിച്ച് ബാലവേലയ്ക്കും ബാലവിവാഹത്തിനും മനുഷഅയക്കടത്തിനുമെതിരെ പടനയിക്കുന്ന അനോയ്റ ഒരു പ്രതീക്ഷയാണ്.

ദൈവത്തിന്‍റെ സ്വപ്നം പേറുന്ന കുട്ടികള്‍ പ്രതീക്ഷയുടെ കെടാവിളക്കായി ഭൂമിയില്‍ പിറന്നു കൊണ്ടേയിരിക്കുന്നു. അവര്‍ വിസ്മയം തീര്‍ക്കുന്നുണ്ട്. മരണത്തിന്‍റെ താഴ്വരയില്‍നിന്ന് ക്രിസ്തു പറയുന്നുണ്ട്. 'ബാലികേ, എഴുന്നേല്ക്കൂ.' സ്വര്‍ഗ്ഗരാജ്യം പേറുന്ന കുഞ്ഞുങ്ങള്‍ ദൈവം അയയ്ക്കുന്ന മാലാഖമാരാണ്. അവരുടെ വളര്‍ച്ചയില്‍ സ്വാര്‍ത്ഥതയുടെ വിഷം നിറയ്ക്കാതിരിക്കാം. ഗ്രെറ്റ തുംബെര്‍ഗും മലാലയും അനോയ്റയും ഈ ലോകത്തില്ലെങ്കില്‍ ഈ കാലഘട്ടം എത്ര നിറംകെട്ടതാകുമായിരുന്നു. നമ്മുടെ ഗാര്‍ഹിക പരിസരങ്ങളില്‍ ലോകത്തോടും പ്രകൃതിയോടും മനുഷ്യരോടും തുറവിയുള്ള കുട്ടികളെ വളര്‍ത്താം. അവരുടെ കലഹം ലോക നന്മയ്ക്ക് വേണ്ടിയുള്ളതാകട്ടെ. അവരുടെ സ്വപ്നങ്ങള്‍ അയല്ക്കാരന് നിറംകൊടുക്കട്ടെ. അവരുടെ ആകുലതകള്‍ അപരന്‍റെ മുറിവുണക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org