എല്ലാം തികഞ്ഞവന്‍ പിറന്ന ദിവസം

എല്ലാം തികഞ്ഞവന്‍ പിറന്ന ദിവസം

സി. രാധാകൃഷ്ണന്‍

ഒരിക്കലും പിഴയ്ക്കാത്ത വഴിയാണ് യേശുദേവന്‍ കാണിച്ചു തന്നത്. കാലാതിവര്‍ത്തിയാണ് ആ വഴി. ഒരു സാധാരണ മനുഷ്യന് ഇങ്ങനെ ഒരു വഴി ചൂണ്ടിക്കാണിക്കാനോ ആ വഴിയില്‍ ഏതറ്റം വരെയും ഉറച്ച് നില്‍ക്കാമെന്ന് സ്വജീവിതംകൊണ്ടു തെളിയിക്കാനോ കഴിയില്ല.

ഈ സമാനതയില്ലായ്മയുടെ കാതല്‍ എന്താണ് എന്ന് അമ്പരക്കാത്തവരുണ്ടാവില്ല. ഞാനും ഏറെ അമ്പരന്നിരുന്നു. ദീര്‍ഘകാലത്തെ ആ വിസ്മയത്തില്‍നിന്ന് ഊറിക്കൂടിയ നിഗമനങ്ങളാണ് ഈ കുറിപ്പിന് ആധാരം. ശരിയാകാം, തെറ്റുമാകാം. ശരിയെങ്കില്‍ കരുണാമയമായ ഒരു നിയോഗത്തിന്‍റെ ഫലം. തെറ്റെങ്കിലൊ, എന്‍റെ അവിവേകത്തിന്‍റെയും!

സയന്‍സാണ് ഞാന്‍ പഠിച്ചത്. അതിനാല്‍, യേശുചരിതത്തില്‍ എനിക്ക് ബോധിക്കാന്‍ ഏറ്റവും പ്രയാസമായത് അദ്ദേഹത്തിന്‍റെ അത്ഭുതപ്രവൃത്തികളായിരുന്നു. അതേസമയം, യേശുദേവന്‍റെ സന്ദേശത്തിന്‍റെ സ്വീകാര്യത മറുവശത്ത് അതിയായ ആകര്‍ഷണമായും നിന്നു.

ഈ കടമ്പ കടക്കാന്‍ വര്‍ഷങ്ങളെടുത്തു. അവസാനം, എന്‍റെ സഹായത്തിനെത്തിയത് സയന്‍സില്‍ത്തന്നെ ഉണ്ടായ ഏറ്റവും പുതിയ ചുവടുവെപ്പുകളും അദ്വൈത വേദാന്തവും ഒരുമിച്ചാണ്. കാരണങ്ങളുടെ ആകെത്തുക ഒരു മെമ്മറിക്കും ഉള്‍ക്കൊള്ളാന്‍ കഴിയാത്തത്ര വലുതാണെന്നും കാര്യകാരണങ്ങളുടെ ബന്ധവൈവിധ്യവും അത്രതന്നെ പെരുത്തതാണെന്നും സയന്‍സ് തിരിച്ചറിഞ്ഞു. അതായത്, എന്തുകൊണ്ടെന്ന് അറിവില്ലെന്ന് വെച്ച് ഒരു സംഭവവും അസാദ്ധ്യമെന്ന് പറയാനാവില്ല. ഒന്നും അസാദ്ധ്യമല്ല എന്നര്‍ത്ഥം. ക്വാന്‍റം തിയറിയും പിന്നീട് കെയോസ് തിയറിയുമാണ് ഈ വലിയ വെളിപാടിലേക്ക് നയിച്ചത്. (കെയോസ് തിയറിയെപ്പറ്റി കൂടുതല്‍ അറിയണമെങ്കില്‍ ഡോ. ബാബു ജോസഫ് എഴുതിയ വിലപ്പെട്ട പുസ്തകം നോക്കാം.)

അദ്വൈതം ലളിതമായ നാല് ചോദ്യങ്ങള്‍ ചോദിച്ച് ഇതേ കാര്യം സാധിക്കുന്നു. ചോദ്യം ഒന്ന്: അത്ഭുതങ്ങളുടെ അത്ഭുതമായ ഈ മഹാപ്രപഞ്ചത്തിന് അടിസ്ഥാനമായി ഒരു മഹാ ശക്തിവിശേഷം ഉണ്ടൊ ഇല്ലയൊ എന്ന് ചോദിച്ചാല്‍ ഉണ്ടെന്നല്ലെ പറയാനാവൂ? ചോദ്യം രണ്ട്: ആ ശക്തി വിശേഷം ഈ പ്രപഞ്ചത്തില്‍ എവിടെ ഇരിക്കുന്നു എന്നു ചോദിച്ചാല്‍, ഒരു മൂലയിലുമല്ല, മനുഷ്യ ശരീരത്തില്‍ ജീവന്‍ എന്നപോലെ, പ്രപഞ്ചത്തില്‍ എങ്ങെങ്ങും വ്യാപിച്ച് ഇരിക്കുന്നു എന്നല്ലെ പറയാനാവൂ? ചോദ്യം മൂന്ന്: അങ്ങനെ എങ്കില്‍, ഈ ഞാനും ഈ പ്രപഞ്ചത്തിന്‍റെ ഭാഗമാണെന്നിരിക്കെ, ആ ശക്തിവിശേഷം എന്നിലും ഉണ്ടായിരിക്കേണ്ടെ? ചോദ്യം നാല്: ആ ശക്തിവിശേഷമൊഴികെ എന്നിലുള്ള മറ്റെല്ലാം തീര്‍ത്തും നശ്വരമാണെന്നിരിക്കെ, ആ ശക്തിവിശേഷമല്ലെ യഥാര്‍ത്ഥമായ ഞാന്‍?

തത്ത്വമസി, അഹം ബ്രഹ്മാസ്മി, അയമാത്മാ ബ്രഹ്മ, പ്രജ്ഞാനം ബ്രഹ്മ എന്ന നാല് ഉപനിഷത്മഹാവാക്യങ്ങള്‍ ഈ തിരിച്ചറിവില്‍ നിന്നുള്ള നിഗമനങ്ങളാണ്. ഈ അവബോധം പൂര്‍ണമാകുന്നതോടെ പ്രപഞ്ചത്തിന്‍റെ അടിസ്ഥാനശക്തിയുമായി താദാത്മ്യമായി. പിന്നെ, സുഖദുഃഖങ്ങളില്ല, ജനനമരണങ്ങളില്ല, അസാദ്ധ്യമായി ഒന്നുമില്ല!

ഈ താദാത്മ്യം എങ്ങനെ നേടാം? ആയിരത്തില്‍ ഒരുവനേ ഇതിനായി യത്നിക്കാറുള്ളൂ, അവരില്‍ത്തന്നെ ആയിരം പേരില്‍ ഒരാള്‍ക്കേ പുരോഗതി ഉണ്ടാകാറുള്ളൂ, അതുണ്ടായവരില്‍ ആയിരത്തിലൊരുവനേ ആ പരിശ്രമത്തില്‍ ഉറച്ചു നില്‍ക്കാറുള്ളൂ, അവരില്‍ ആയിരത്തില്‍ ഒരുവനേ മറുകര കാണാറുള്ളൂ എന്ന് ഭഗവദ്ഗീത പറയുന്നു. മറ്റൊരു മാര്‍ഗ്ഗമുണ്ട്. ഈ താദാത്മ്യം ജന്മനാ കൈവരാം. അത്യപൂര്‍വമാണ് അത്.

പ്രവാചകജന്മങ്ങള്‍ ഇത്തരം അത്യപൂര്‍വങ്ങളായ മഹാസംഭവങ്ങളാണ് എന്നു നിശ്ചയം. അവരും മനുഷ്യദേഹമുള്ളവര്‍തന്നെ. വേദനിക്കുന്നവരും കരയുന്നവരും ചിരിക്കുന്നവരും ആഹരിക്കുന്നവരും ഉറങ്ങുന്നവരുംതന്നെ. പക്ഷേ, അവര്‍ ദ്വേഷിക്കുന്നില്ല, ആഗ്രഹിക്കുന്നില്ല, മത്സരിക്കുന്നില്ല, അഹങ്കരിക്കുന്നില്ല, വിതയ്ക്കുന്നില്ല, കൊയ്യുന്നുമില്ല.

ഉഷ്ണാധിക്യത്തിന്‍റെ ഫലവും അതിന് പരിഹാരവും രണ്ടുമായി മഴയുണ്ടാകുമ്പോലെ അവര്‍ അനീതിക്കും സ്നേഹശൂന്യത എന്ന വരള്‍ച്ചയ്ക്കും പ്രതിവിധിയായി ഭവിക്കുന്നു. അവരെ യൂദാസുമാര്‍ തള്ളിപ്പറയുന്നതും ഒറ്റുകൊടുക്കുന്നതും അവരുടെ ജന്മോദ്ദേശ്യം നിറവേറുന്നതിന് സഹായ പ്രവൃത്തികള്‍ മാത്രം.

അവര്‍ ലോകത്തെ ഉപേക്ഷിക്കുന്നില്ല. തങ്ങള്‍ക്ക് മാത്രമായി ഒരു മോക്ഷവും അവര്‍ക്ക് നേടാനില്ല. കാരണം, അവര്‍ ജന്മനാ മോചിതരാണ്. അവര്‍ ഒന്നിനേയും ഭയപ്പെടുത്തുന്നില്ല. എന്തുകൊണ്ടെന്നാല്‍ അവര്‍ ഒന്നിനെയും ഭയപ്പെടുന്നില്ല. അവര്‍ പൊറുക്കുന്നു. കാരണം, തങ്ങളോളം അറിവില്ലാത്തത് ആരുടെയും കുറ്റമല്ല എന്ന് അവര്‍ തിരിച്ചറിയുന്നു. പച്ചവെള്ളം എപ്പോള്‍ ഏതളവില്‍ മുന്തിരിച്ചാറാകണമെന്ന് അവര്‍ക്ക് നിശ്ചയമാണ് – ഏത് മേഘം എപ്പോള്‍ എവിടെ വര്‍ഷിക്കണമെന്ന് പ്രപഞ്ചത്തിന്‍റെ നിയാമകശക്തിക്ക് നിശ്ചയമുള്ളപോലെത്തന്നെ. താളം തെറ്റി ഉണ്ടാകുന്ന മരണത്തില്‍ നിന്ന് അവര്‍ക്ക് ആരെയും മടക്കി വിളിക്കാം!

അവര്‍ ശമദമങ്ങളും കാരുണ്യവും സ്നേഹവും പ്രചരിപ്പിക്കുന്നു. കൊടുത്താലേ ലഭിക്കൂ എന്ന് താക്കീത് ചെയ്യുന്നു. ലോകത്തുള്ള മുഴുവന്‍ തിന്മയുടെ കാളകൂടവും ഏറ്റുവാങ്ങി പുഞ്ചിരിയോടെ കുടിക്കുന്നു! തന്നെ പിന്‍പറ്റുന്നവര്‍ ഇരുളില്‍ നടക്കുന്നില്ല എന്ന് ഉറപ്പു തരുന്നു. പറയുന്നു. 'ഞാന്‍' എന്ന് യേശുദേവന്‍ പറയുന്നത് ആരെ, എന്തിനെ ഉദ്ദേശിച്ചാണ് എന്നുപോലും തിരിച്ചറിയാന്‍ കഴിയാത്തവര്‍ ചിരിക്കയും അപഹസിക്കയും ചെയ്യുന്നതില്‍ എന്തതിശയം!

ഇക്കൂട്ടരില്‍ കള്ളനാണയങ്ങളെ എങ്ങനെ തിരിച്ചറിയാം എന്നതാണ് സ്വാഭാവികമായി വരുന്ന ഒരു ചോദ്യം. അതിനുള്ള മറുപടിയാണ് അത്ഭുതങ്ങള്‍ എന്നാണ് എനിക്ക് തോന്നുന്നത്. മാജിക്കു കൊണ്ട് കാണിക്കാവുന്നതല്ലെ ഇതൊക്കെ എന്ന് അപ്പോഴും ചോദിക്കുന്നവരുണ്ട്. പക്ഷേ, ഒരു മാജിക്കുകൊണ്ടും നടക്കാത്ത ഒരു മഹാത്ഭുതം യേശുചരിതത്തില്‍ കാണാം: തന്നെ കുരിശിലേറ്റുന്നവരോട് പൊറുക്കാനുള്ള ഇച്ഛയ്ക്ക് ഭംഗം വരാതെ, മാനുഷികശരീരത്തിന്‍റെ തീവ്രവേദനയെ സഹനത്തിലൂടെ അതിജീവിക്കുന്ന മഹാത്ഭുതം!

അറിയപ്പെടുന്ന പ്രവാചകരില്‍ യേശുദേവന്‍റെ ജീവിതകഥയില്‍ മാത്രമെ ഇങ്ങനെ ഒരു മഹാസന്ദര്‍ഭം കാണുന്നുള്ളൂ. അറിവിന്‍റെ നിറവിനും താദാത്മ്യത്തിന്‍റെ തികവിനും തന്‍റെ സാരോപദേശങ്ങളുടെ സത്യത്തിനും സാക്ഷ്യമായ അഗ്നിപരീക്ഷ!

ഇങ്ങനെ, മുന്‍പേ പറക്കുന്ന പക്ഷിയാണ് യേശുദേവന്‍ എന്ന നിഗമനത്തില്‍ എത്തിച്ചേരാന്‍ ഒരു പ്രയാസവും എനിക്കുണ്ടായില്ല. ആ പേരിലുള്ള നോവല്‍ എഴുതുന്ന കാലമായപ്പോഴേക്ക് ഈ ധാരണ രൂഢമൂലമായി. ഇനിയെത്ര ചോരക്കളങ്ങളും ദുരിതങ്ങളും കഴിഞ്ഞാലാണ് നമുക്ക് ഈ മഹാ മാതൃകയെ പിന്‍പറ്റാനാവുക എന്ന ചോദ്യത്തിലാണ് ആ നോവല്‍ അവസാനിക്കുന്നത്. ഇപ്പോഴും ഇതേ ചോദ്യം എന്നില്‍ ഉറക്കെ മുഴങ്ങുന്നുണ്ട്. കാരണം, ഈ ലോകത്തില്‍ കാരുണ്യമില്ലായ്മ ദിനംപ്രതി പെരുകി വരുന്നു.

നാം ഇപ്പോള്‍ എല്ലാം തികഞ്ഞവരായി എന്ന് മനുഷ്യപരിണാമത്തിന്‍റെ ഓരോ ചരിത്രദശയിലും കരുതപ്പെട്ടതിന് തെളിവുകളുണ്ട്. തെല്ല് കഴിയുമ്പോള്‍ മറ്റൊരു അറിവുകൂടി കൈവരുന്നു. അപ്പോഴും തോന്നുന്നു, ഇപ്പോള്‍ എല്ലാം ആയി, ഇനി ഒന്നും ആലോചിക്കാനില്ല എന്ന്. അങ്ങനെ ഇതുവരെ ആയി. ഇപ്പോഴും നമ്മുടെ വിചാരം നമ്മുടെ ബോധത്തിന്‍റെ ഇല്ലവും വല്ലവും നിറഞ്ഞു കഴിഞ്ഞു എന്നു തന്നെ! കൈവശമുള്ള കൊട്ടത്താപ്പ് വെച്ച് നാം ചരിത്രസാകല്യത്തെ ചികഞ്ഞ് തരം തിരിച്ച് അന്തിമവിധി എഴുതി കൃതകൃത്യരാവുന്നു!

നമുക്കിപ്പോഴും പക്ഷെ, വാസ്തവത്തില്‍ ഒരു ചുക്കും ചുണ്ണാമ്പും അറിഞ്ഞുകൂടാ എന്ന നേര് നാളെയേ തെളിയൂ എന്നൊരു ഫലിതമുള്ള കഥപോലും നാം മറന്നുപോകുന്നു. പൂര്‍ണ്ണങ്ങളായ മാതൃകാപ്പിറവികളെ സംശയദൃഷ്ടിയോടെ വീക്ഷിക്കാന്‍ ഇക്കാലത്തും നാം വിധിക്കപ്പെട്ടിരിക്കുന്നല്ലൊ!

ഉവ്വ്, ഒരുപാട് അറിവ് നമുക്കുണ്ടായിട്ടുണ്ട്. അതൊക്കെ അറിവുകള്‍ മാത്രമാണെന്നതാണ് കുഴപ്പം, അനുഭവങ്ങളായില്ല. എന്നെപ്പോലെ എന്‍റെ അയല്‍ക്കാരനെ സ്നേഹിക്കുന്നതാണ് എനിക്കും എന്‍റെ അയല്‍ക്കാരനും ലോകത്തിനും നല്ലതെന്ന തികഞ്ഞ അറിവ് എനിക്കുണ്ട്. സാമാന്യബുദ്ധിയുള്ള എല്ലാവര്‍ക്കുമുള്ള അറിവുമാണിത്. പക്ഷേ, ഇത് ബുദ്ധിയിലേ ഉള്ളൂ, ഹൃദയത്തിലില്ല! അതു കൊണ്ട് പ്രവൃത്തിയില്‍ കാണില്ല. ഹൃദയത്തിലില്ലാത്ത അറിവ് ആകാശകുസുമത്തിന്‍റെ ഫലമേ ചെയ്യൂ എന്ന ബോദ്ധ്യമുണ്ടായിട്ടും നാം രക്ഷപ്പെടുന്നില്ല!

വികാരമായി മാറിയ അറിവു കൊണ്ടേ കാര്യമുള്ളൂ എന്നാണ് യേശുദേവന്‍ നമ്മെ അറിയിച്ചത്. ജ്ഞാനം വെറും വിവരമാണ്. വിജ്ഞാനം അനുഭവസാക്ഷ്യമുള്ള അറിവ്. തീയിന് ചൂടുണ്ട് എന്ന ജ്ഞാനം വിജ്ഞാനമാകുന്നത് ആദ്യമായി കൈപൊള്ളുന്നേരം മാത്രം. ഈ അറിവുമായി അപ്പോഴും താദാത്മ്യമായില്ല. ശരീരം, തീ, നോവ്, വേവ് എന്നിവയുടെ സത്യാവസ്ഥ അനുഭവത്തിലൂടെ നമ്മുടെ സ്വത്വവുമായി ഒന്നായാലേ അത് പ്രജ്ഞാനം അഥവാ പ്രകര്‍ഷേണയുള്ള ജ്ഞാനം (ആനന്ദപ്രദമായ അറിവ്) ആകുന്നുള്ളു. പ്രജ്ഞാനമേ സച്ചിദാനന്ദദായകമാവൂ.

ഇരുളിന്‍റെ അധിത്യകയില്‍ വെളിച്ചമായി പ്രത്യക്ഷപ്പെടുന്ന സത്യ സ്വരൂപത്തിന്‍റെ മഹത്വം എത്രയെന്ന് നിര്‍ണ്ണയിക്കാന്‍ ആര്‍ക്കും സാദ്ധ്യമല്ല. അത് പൂര്‍ണമാണ്. കുരിശിലേറ്റിയാലും അവഹേളിച്ചാലും, അതില്‍നിന്ന് പൂര്‍ണത്തെ എടുത്തുമാറ്റിയാലും അത് പൂര്‍ണമായി ശേഷിക്കുന്നു, ഉയിര്‍ക്കുന്നു. ഇരുള്‍ വീണ്ടും കട്ടിപ്പെടുന്നത് ദയാമയമായ പുഞ്ചിരിയോടെ വീക്ഷിക്കുന്നു. തന്‍റെതന്നെ രൂപവചനങ്ങളെയും ചരിതത്തെയും തന്‍കാര്യത്തിനുപയോഗിക്കുന്ന തിന്മയുടെ പൊടിപ്പുകളിലും പരമകാരുണികമായ ആ ചിരി സ്നേഹപുരസ്സരം പതിയുന്നു. നന്മയെ തിന്മ ആയുധമാക്കുമെന്ന അറിവും അറിവുകളുടെ സമഷ്ടിയില്‍ ഉണ്ടല്ലൊ!

പ്രപഞ്ചസത്തയുമായി എനിക്കുള്ള പൊക്കിള്‍ക്കൊടിബന്ധത്തിന് ആക്കം കൂടിക്കിട്ടാന്‍ ശ്രമിക്കുന്ന ഏകാഗ്രതയുടെ സമയങ്ങളില്‍ ഗുരുപരമ്പരയുടെ കൂടെ യേശുദേവനെ ഞാന്‍ സ്മരിക്കുന്നു. ഒരിക്കലും തേമാനം വരാതെ വാടാമലരായി നില്‍ക്കുന്ന ആ കരുണാമയമായ ചിരി എന്നില്‍ പ്രതിഫലിച്ചു കാണാന്‍ ആശിക്കുന്നു. എല്ലാം കാണുകയും അതേസമയം ഒന്നും കാണാതിരിക്കയും ചെയ്യുന്ന രണ്ട് കണ്ണുകളിലെ ആഴമറ്റ ശാന്തത കുളിരേകുന്നു.

ഈ ധന്യമായ അവബോധത്തിന് ഞാന്‍ കടപ്പെട്ടിരിക്കുന്നത് പ്രാഥമികമായി ആരോട് എന്നുകൂടി രേഖപ്പെടുത്തട്ടെ. ചെറിയ ക്ളാസ്സില്‍ എന്നെ പഠിപ്പിച്ച ഹില്‍ഡ, മേരി എന്ന രണ്ട് അദ്ധ്യാപികമാരും ലാസര്‍മാസ്റ്ററും. അവരാണ് യേശുദേവന്‍റെ കഥ പറഞ്ഞുതന്നതും എന്‍റെ ബാലിശങ്ങളായ ചോദ്യങ്ങളെ വിശ്വാസത്തികവിന്‍റെ മൃദുസ്പര്‍ശംകൊണ്ട് നേരിട്ടതും. മൂവരും ഇന്നില്ല. പക്ഷേ, ഇവരില്‍ യേശുദേവന്‍റെ പ്രാഭവം തീര്‍ച്ചയായും ഉണ്ടായിരുന്നു, അതിന് നാശമില്ലല്ലൊ. ഇവരാരും ഞങ്ങളെ പഠിപ്പിച്ചത് ശമ്പളത്തിനു വേണ്ടി ആയിരുന്നില്ല. കാരണം, അക്കാലങ്ങളില്‍ ശമ്പളം ഗുളികപ്രായമായിരുന്നു. സ്നേഹിച്ച് പഠിപ്പിച്ചു. മൂന്നും നാലും നാഴിക നടന്ന് വരുന്ന അവര്‍ തങ്ങളുടെ ഉച്ചഭക്ഷണപ്പൊതികള്‍പോലും ഞങ്ങളില്‍ വിശക്കുന്നവരുമായി പങ്കുവെച്ച് തങ്ങളുടെ ആത്മാവിന്‍റെ ക്ഷീണം തീര്‍ത്തു!

റിട്ടയര്‍ ചെയ്ത് കോട്ടപ്പടിയില്‍ വിശ്രമജീവിതത്തിലിരിക്കെ തൊണ്ണൂറ് വയസ്സിലാണ് ലാസര്‍ മാസ്റ്റര്‍ മരിച്ചത്. വര്‍ഷാവര്‍ഷം കാണാന്‍ ചെല്ലുന്നേരം അദ്ദേഹം ചോദിക്കും: ആട്ടെ, കഴിഞ്ഞ തവണ ഇവിടെ വന്നേപ്പിന്നെ നീ ചെയ്ത ഏറ്റവും നല്ല കാര്യം എന്താണ്?

തിരുപ്പിറവിദിനത്തില്‍ ഇന്നും ഞാന്‍ എന്നോടു ചോദിക്കുന്ന ചോദ്യം ഇതാണ്. പ്രപഞ്ചാത്മാവിന്‍റെയും പ്രകൃതിയുടെയും എല്ലാം തികഞ്ഞ പുത്രന്‍ കാണിച്ചുതന്ന വഴിയില്‍നിന്ന് ഞാന്‍ തെന്നിയൊ? ഇല്ലെന്നതിന് എന്‍റെ പക്കല്‍ എന്തു സാക്ഷ്യമുണ്ട്?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org