എനിക്ക് മനസ്സുണ്ട്, നീ ശുദ്ധനാവുക

എനിക്ക് മനസ്സുണ്ട്, നീ ശുദ്ധനാവുക

ഫാ. ജോസ് വള്ളിക്കാട്ട്‌

ലോകമാകെ വലിയ നാശങ്ങളും, നഷ്ടങ്ങളും, വിതച്ചിരിക്കുകയാണ് കൊറോണ വൈറസ്. വലിയ വേദനകളും, ആശങ്കകളും അത് നമുക്ക് നല്‍കിക്കൊണ്ടിരിക്കുന്നു. 'ലോകം എത്രയും വേഗം സുഖപ്പെടട്ടെ' എന്ന പ്രാര്‍ത്ഥനയോടെ ഈ ചെറിയ ചിന്ത നിങ്ങളുമായി പങ്കുവെക്കാം.

നാം ശീലിച്ചിരുന്ന മതത്തിന്റെ അന്തസത്ത എന്താണ് എന്ന് ആഴത്തില്‍ ചിന്തിക്കുവാനുതകുന്ന ഒരു ദര്‍പ്പണം അത് കാട്ടിത്തന്നു എന്നതാണ് നന്മയായി കൊറോണയില്‍ ഞാന്‍ കാണുന്ന കാര്യം. ശീലങ്ങള്‍ പലപ്പോഴും അവ ബോധവിഹീനമായി നാം ചെയ്യുന്ന പ്രവര്‍ത്തികളാണ്; ശ്വാസോ ഛ്വാസം ചെയ്യുക എന്നത് ബോധപൂര്‍വമായ ഒരു പ്രയത്‌നം അല്ല എന്നതുപോലെ. ഞായറാഴ്ച ആകുന്നതും, തയ്യാറായി പള്ളിയില്‍ പോകുന്നതും, തിരികെ വരുന്ന വഴി അല്പം ഇറച്ചി വാങ്ങുന്നതുമൊക്കെ ഒരുതരത്തില്‍ മനസിന്റെ നിര്‍ബന്ധബുദ്ധി ആയി മാറിയിരുന്നു പലര്‍ക്കും.

കോവിഡ്19 നമ്മില്‍ അടിച്ചേല്‍പ്പിച്ച അടച്ചുപൂട്ടലും ശാരീരിക അകലപാലനവും കൂദാശകളുടെ അഭാവം നമ്മുടെ ആത്മീയതയില്‍ ഉണ്ടാക്കുന്ന പ്രതിസന്ധി കുറെ പേരെങ്കിലും തിരിച്ചറിഞ്ഞു. അതേസമയം, സന്ധ്യാപ്രാര്‍ത്ഥന വിരളമായിരുന്ന പല ഭവനങ്ങളും സോദ്ദേശ്യപരമായും അര്‍ത്ഥവത്തായും വൈകുന്നേരങ്ങളില്‍ പ്രാര്‍ത്ഥനയ്ക്കു ഒത്തുകൂടുകയും ചെയ്തു. കോവിഡ് പകര്‍ന്ന സര്‍ഗ്ഗാത്മകമായ മാറ്റമാണ് രണ്ടും.

അതിലുപരി മതം എന്ന സ്ഥാപനം പൊതുവായി കോവിഡ് പ്രതിസന്ധിയോട് എങ്ങനെ പ്രതികരിച്ചു എന്നത് നമ്മെ സാകൂതരാക്കിയ ചോദ്യം ആണ്. മതത്തിന്റെ പ്രസക്തി ചര്‍ച്ചാവിഷയമായി. വരുംകാലങ്ങളില്‍ മതത്തിനു രൂപമാറ്റം സംഭവിക്കുമോ, ഉണ്ടെങ്കില്‍ അത് എങ്ങനെ എന്നതൊക്കെ പലരും ചിന്തിക്കുന്ന വിഷയങ്ങളാണ്.

വിശ്വാസസംഹിത (മിത്ത്), അനുഷ്ഠാനങ്ങള്‍ (റിച്വല്‍), സമൂഹം (കമ്മ്യൂണിറ്റി) എന്നിവയാണ് മതം നിര്‍വഹിക്കുന്ന ധര്‍മ്മങ്ങള്‍ എന്ന് മതങ്ങളെക്കുറിച്ച് ശ്രദ്ധേയമായ പഠനങ്ങള്‍ നല്‍കിയ എമില്‍ ഡെര്‍ക്ഹം (Emil Durkheim) അഭിപ്രായപ്പെടുന്നത്.

മനുഷ്യജീവനുള്‍പ്പെടെ, വിശ്വത്തില്‍ കാണപ്പെടുന്ന യാഥാര്‍ഥ്യങ്ങളുടെ കാരണഭൂതനായ ദൈവം അഥവാ പരാശക്തി, ദൈവവും, മനുഷ്യനും, പ്രകൃതിയും ഒക്കെ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു, വേദനയുടെയും മരണത്തിന്റെയും കാരണം, മനുഷ്യന്റെ അന്ത്യവിധി നിര്‍ണ്ണയിക്കുന്ന ധാര്‍മ്മികത എന്നിവയൊക്കെ അടങ്ങിയ വിശ്വാസങ്ങളും ഉപദേശങ്ങളും ഒക്കെയുള്ള മൂല്യവ്യവസ്ഥിതിയാണ് വിശ്വാസസംഹിത.

ഈ വിശ്വാസസംഹിതയുടെ ആചാരപരമായ കര്‍മ്മങ്ങളുടെ ആകെത്തുകയാണ് അനുഷ്ഠാനങ്ങള്‍. മതവിശ്വാസികളുടെ ജീവിതത്തിലെ നാഴികക്കല്ലുകളെ അഥവാ വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍നിന്ന് അടുത്തതിലേക്കുള്ള പ്രവേശനത്തെ അടയാളപ്പെടുത്തുന്ന ആഘോഷങ്ങളും ഇതില്‍പ്പെടും. ഓരോ വ്യക്തിക്കും സാമൂഹിക അംഗീകാരം പകരുന്ന ഈ ആഘോഷങ്ങളെ പാവനമായ ആചാരങ്ങളായിട്ടാണ് വിശ്വാസികള്‍ കരുതുന്നത്.

സാമൂഹ്യ ഏകീകരണം അഥവാ സംശ്ലിഷ്ടത ആണ് മതം നിര്‍വഹിക്കുന്ന മൂന്നാമത്തെ ധര്‍മ്മം. സമൂഹജീവിയായ മനുഷ്യന്‍ താന്‍ ഏതെങ്കിലും ഒരു വലിയ ശരീരത്തിന്റെ അംഗമായിരിക്കുക ആവശ്യമാണ്. സമൂഹത്തിലെ അംഗത്വ പദവി മതം പ്രദാനം ചെയ്യുന്നതിനാല്‍ വിശ്വാസം ഇല്ലെങ്കില്‍ പോലും പലരും മതത്തോട് ഒട്ടിനില്‍ക്കുന്നു. മതം നല്‍കുന്ന ഈ സാമൂഹ്യ അംഗീകാരം മനുഷ്യന്റെ കുതിപ്പിന് വലിയൊരു ത്വരകമാണ്.

കോവിഡ് കാലത്തെ ക്രൈസ്തവ സഭയുടെ പ്രകടനത്തെ വിലയിരുത്തിയാല്‍, സഭയുടെ ആദ്യ പ്രതികരണങ്ങള്‍ അനുഷ്ഠാനങ്ങള്‍ പ്രദാനം ചെയ്യുന്ന തില്‍ ഒതുങ്ങി നിന്നു എന്ന് കാണാം. അടച്ചുപൂട്ടല്‍ രണ്ടുമാസം പിന്നിടുമ്പോഴും സഭയുടെ അജപാലകര്‍ അനുഷ്ഠാനങ്ങളില്‍ കുരുങ്ങികിടക്കുകയാണ്. ദുരന്തങ്ങളുടെ സമയത്തു സാധാരണ വിശ്വാസികളില്‍ അസ്തിത്വപരമായ ചോദ്യങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. നമ്മെ സഹായിക്കേണ്ട ദൈവം എവിടെ? ദുരിതങ്ങള്‍ എന്തിനു തരുന്നു? എന്നൊക്കെയുള്ള ചോദ്യങ്ങളുടെ മുന്നില്‍ പകച്ചു നില്‍ക്കുന്ന വിശ്വാസികള്‍ക്ക് പ്രത്യാശ നല്‍കുന്ന ഇടപെടലുകള്‍ വിരളമായിരുന്നു.

കൂട്ടായ്മകളുടെ ശാക്തീകരണവും, ഏകീകരണവും നടന്നില്ല എന്നു മാത്രമല്ല, പരോക്ഷമായി ചില പുതുവിഭാഗങ്ങളെ സൃഷ്ടിക്കുകയും, അവകള്‍ തമ്മില്‍ വലിയ വിടവ് ഉണ്ടാകുകയും ചെയ്തു. അനുഷ്ഠാനങ്ങള്‍ വിശ്വാസികളിലേക്ക് എത്തിക്കാന്‍ അജപാലന നേതൃത്വം അവലംബിച്ചത് ഇപ്പോള്‍ ലഭ്യമായിട്ടുള്ള വളരെ പരിഷ്‌കൃതമായ ഇന്റര്‍നെറ്റ്- കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയാണ്. സാമ്പത്തികവും, സാങ്കേതി കജ്ഞാനപരവും ആയ കാരണ ങ്ങളാല്‍ ഇന്നും ബഹുഭൂരിപക്ഷം വരുന്ന സാധാരണ വിശ്വാസികള്‍ക്ക് ഓണ്‍ലൈന്‍ കുര്‍ബാനകള്‍ അപ്രാപ്യമാണ്. ഉള്ളവനും, ഇല്ലാത്തവനും എന്ന ഒരു സാമ്പത്തിക-സാങ്കേതികവിദ്യാ വിടവ് എന്നതിനേക്കാള്‍ ഉപരിയായി ഒരു ആത്മീയ വിടവ് (spiritual divide) അത് സൃഷ്ടിച്ചു. അജപാലകരുടെ അപ്രായോഗികവും ആലോചനാ ശൂന്യവുമായ ഈ തീരുമാനം കമ്പ്യൂട്ടറും, സ്മാര്‍ട്ട്‌ഫോണും ഇന്റര്‍നെറ്റും ഇല്ലാത്തതിനാല്‍ മാത്രം വി. കുര്‍ബാന അനുഭവം കൈവശമാക്കാതിരുന്ന ഒരു വിഭാഗത്തില്‍ (spiritual have-nots) ആത്മീയ ശൂന്യതയ്‌ക്കൊപ്പം തങ്ങള്‍ ദരിദ്രരാണ്, രണ്ടാംകിട വിശ്വാസികള്‍ ആണ് എന്ന സ്വത്വബോധം ഊട്ടിയുറപ്പിക്കാനേ ഉതകിയുള്ളൂ. ഇക്കാര്യത്തില്‍ ഇപ്പോഴും മിക്ക അജപാലകര്‍ക്കും സംവേദനക്ഷമത ഉണ്ടായിട്ടില്ല എന്നത്, തങ്ങള്‍ സമ്പന്നരുടെ അജപാലകരാണ് എന്ന അവരുടെ ബോധ്യത്തിനു അടിവരയിടുന്നു.

ക്രിസ്തു ഇത്തരം ഘട്ടങ്ങളില്‍ പ്രതികരിക്കുമായിരുന്നതെങ്ങനെ? സുവിശേഷം നമുക്ക് വെളിപ്പെടുത്തുന്ന വസ്തുത അനുഷ്ഠാനങ്ങളുടെ കടുത്ത വിമര്‍ശകനായിരുന്നു ക്രിസ്തു എന്നാണ്. അഥവാ, ക്രിസ്തു മുന്നോട്ടുവച്ച അനുഷ്ഠാനങ്ങളെല്ലാം മനുഷ്യന്റെ മൂല്യത്തെയും, എല്ലാവരെയും ഉള്‍ച്ചേര്‍ ക്കുന്ന സമൂഹ (ഇന്‍ക്ലൂസിവ് സൊസൈറ്റി) നിര്‍മ്മിതിയിലും അടിയുറച്ചതായിരുന്നു.

ക്രിസ്തുവിന്റെ മതബോധനത്തിന്റെ കാതല്‍ കരുണ അഥവാ അനുകമ്പ ആയിരുന്നു എന്നത് മൂന്ന് ഉദാഹരണങ്ങള്‍ കൊണ്ട് വിശദമാക്കാം. വി. മത്തായിയുടെ സുവിശേഷം 9:36-ല്‍ ഇടയനില്ലാത്ത ആടുകളെ പോലെ അസംഘടിതരായിരുന്ന ജനക്കൂട്ടത്തിനുമേല്‍ ക്രിസ്തുവിനു അനുകമ്പ തോന്നു കയാണ്. ആ വികാരം അവനെ പ്രവര്‍ത്തിയിലേക്കു നയിക്കുന്നു. പന്ത്രണ്ട് ശ്ലീഹന്മാരെ തിരഞ്ഞെടുക്കുകയും ഗ്രാമാന്തരങ്ങളിലേക്ക് അവരെ അയയ്ക്കുകയും ചെയ്യുന്ന ക്രിസ്തു ശരിയായ ക്രൈസ്തവ ബോധ്യങ്ങള്‍ പകര്‍ന്നു ജനങ്ങളെ വിശ്വാസത്തിലും പ്രത്യാശയിലും വളര്‍ത്തുവാന്‍ ദൃഢചിത്തനാവുകയാണ്. മാര്‍ക്കോസ് 6:34-ല്‍ ജനക്കൂട്ടത്തോട് അനുകമ്പ തോന്നുന്ന ക്രിസ്തു അവരുടെ വിശപ്പിനെയാണ് അഭിസംബോധന ചെയ്യുന്നത്. അനുകമ്പ ക്രിസ്തുവിനെ പ്രവര്‍ത്തനനിരതനാക്കുന്നു. അവന്‍ അവര്‍ക്കു അപ്പം വര്‍ധിപ്പിച്ചു നല്‍കുന്നു. മാര്‍ക്കോസിന്റെ സുവിശേഷം ഒന്നാമധ്യായം 40-41 ല്‍ ഒരു കുഷ്ഠരോഗിയോട് ക്രിസ്തുവിന് അനുകമ്പ തോന്നുന്നു. കരുണാവികാരത്താല്‍ കര്‍മ്മോത്സുകനാകുന്ന ക്രിസ്തു കരങ്ങള്‍ നീട്ടി അവനെ സുഖമാക്കുന്നു.

ഒന്നാമത്തെ ഉദാഹരണത്തില്‍ ഒരു വിശ്വാസസംഹിതയും മൂല്യസ്ഥിതിയും ജനങ്ങള്‍ക്ക് പകരാന്‍ അപ്പസ്‌തോലന്മാരെ തിരഞ്ഞെടുക്കുന്നു. രണ്ടാമത്തെ ഉദാഹരണത്തില്‍ ഭാവിയില്‍ ക്രൈസ്തവരുടെ ഏറ്റവും വലിയ അനുഷ്ഠാനമാകുന്ന വിശുദ്ധ കുര്‍ബാനയുടെ മാതൃക ആവേണ്ട അപ്പങ്ങളുടെ വര്‍ധിപ്പിക്കല്‍ ജനങ്ങളുടെ മുഖ്യ അസ്തിത്വപ്രശ്‌നമായ വിശപ്പുമായി ബന്ധിപ്പിക്കുന്നു. മൂന്നാമത്തെ ഉദാഹരണത്തില്‍ രോഗം മൂലം സമൂഹത്തില്‍നിന്ന് അന്യവത്കരിക്കപ്പെട്ട ഒരാളെ സൗഖ്യമാക്കി, ശുദ്ധനാക്കി സമൂഹത്തിലേക്ക് ഉള്‍ച്ചേര്‍ക്കുകയാണ്.

ഇവ വഴി വിശ്വാസവും, ആചാരങ്ങളും, മനുഷ്യന്റെ അടിസ്ഥാന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതാവണം എന്നും, അത് സമൂഹനിര്‍മ്മിതിയിലേക്കു നയിക്കണം എന്നും ക്രിസ്തു നിര്‍വചിച്ചു. അതോടൊപ്പം, അനുകമ്പയാണ് മതബോധത്തിന്റെ അടിസ്ഥാന തത്വം എന്നും ഊന്നിപ്പറഞ്ഞു.

വിശ്വാസികളോടുള്ള സ്‌നേഹവും കരുണയും മൂലം സ്വന്തം തീരുമാനപ്രകാരം അജപാലകര്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധ്യത വളരെ കുറവാണ് എങ്കിലും, സമൂഹത്തിന്റെ ജീവിത രീതിയില്‍ സ്വാഭാവികമായി ഉണ്ടാകുന്ന പുതിയ ശീലങ്ങളും, സമീപനങ്ങളും, കാഴ്ചപ്പാടുകളും, വൈദിക സമൂഹ ത്തിന്റെ അജപാലന ശൈലികള്‍ പരിവര്‍ത്തന വിധേയമാക്കാന്‍ കോവിഡ് യുഗം നിര്‍ബന്ധിക്കും എന്നത് തീര്‍ച്ച. മാറുവാനുള്ള അവരുടെ മനസിനെ അടിസ്ഥാനമാക്കിയായിരിക്കും അവരുടെയും സഭയുടെയും ഭാവി നിലകൊള്ളുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org