എന്റെ ഓര്‍മയ്ക്കായി ഇതു ചെയ്യുവിന്‍

എന്റെ ഓര്‍മയ്ക്കായി ഇതു ചെയ്യുവിന്‍

എം.ജെ. തോമസ് എസ്.ജെ.

ക്രിസ്ത്യാനി ആയിരിക്കുകയെന്നാല്‍ നന്മ ചെയ്തു ചുറ്റി നടന്ന യേശുവിനെ (നട. 10:38) അനുഗമിക്കുക എന്നാണ്. യേശുവിന്‍റെ ഒരേയൊരു കല്പന, തീവ്രമായ ആഗ്രഹം എല്ലാവരും പിതാവിനെപ്പോലെ കരുണയുള്ളവരായിരിക്കണം (ലൂക്കാ 6:36). അതായത് യേശുവിനെപ്പോലെ സ്ഹേിക്കുന്നവരായിരിക്കണം (യോഹ. 13:34) എന്നാണ്. പാദങ്ങള്‍ കഴുകി തന്‍റെ നിരുപാധിക സ്നേഹം വെളിപ്പെടുത്തിയതിനുശേഷം യേശു ശിഷ്യന്മാരോടു പറയുന്നത് അവരും നിരുപാധികം സ്നേഹിക്കുന്നവരായിരിക്കണം എന്നാണ് (യോഹ. 13:15). (സമാധാനത്തിനും സന്തോഷത്തിനുമുള്ള വഴിയും ഇതുതന്നെ). മുറിക്കപ്പെട്ട അപ്പം അവര്‍ക്കുവേണ്ടിയുള്ള സ്വന്തം ശരീരമാണെന്നു പറയുന്നതിന്‍റെയും (ലൂക്കാ 22:19) അര്‍ത്ഥം ഇതുതന്നെ. ശിഷ്യന്മാരും യേശുവിനെപ്പോലെ ആയിരുന്നുകൊണ്ടു തന്‍റെ ഓര്‍മ നിലനിര്‍ത്തണം, താന്‍ ഏവര്‍ക്കും ലഭ്യനായിരിക്കണം എന്നതാണു യേശുവിന്‍റെ ആഗ്രഹം.

യേശുവിനെ വണങ്ങിയാല്‍പ്പോരാ, അനുകരിക്കേണ്ടതാണെന്നു ശിഷ്യന്മാര്‍ക്കു വ്യക്തമായിരുന്നു. എല്ലാവരെയും ഉള്‍ക്കൊണ്ടുകൊണ്ടുള്ള യേശുവിന്‍റെ പന്തിഭോജനത്താല്‍ സ്വാധീനിക്കപ്പെട്ട അവര്‍ യേശുവിന്‍റെ മാര്‍ഗം സ്വീകരിച്ചു. കൂട്ടായ്മയും എല്ലാം പങ്കുവയ്ക്കുന്ന സ്നേഹവിരുന്നും യേശുവിന്‍റെ ഓര്‍മയും സാന്നിദ്ധ്യവും നിലനിര്‍ത്തി. തത്ഫലമായി അവരുടെ ഇടയില്‍ ഇല്ലാത്തവരായി ആരും ഉണ്ടായിരുന്നില്ല. ഇതിനാല്‍ ആകൃഷ്ടനായി അനേകര്‍ ക്രിസ്ത്യാനികളായി.

"എന്‍റെ ഓര്‍മയ്ക്കായി"
ഞാന്‍ ഒരാളെ ഓര്‍ക്കുന്നു എന്നതിനര്‍ത്ഥം അയാള്‍ എന്നിലുണ്ട്, എന്നില്‍ ജീവിക്കുന്നു, അയാള്‍ എനിക്കു വിലപ്പെട്ടവനാണ് എന്നൊക്കെയാണ്. ഒരാള്‍ എന്‍റെ മനസ്സില്‍ നിറഞ്ഞാല്‍ എന്‍റെ മുഴുവന്‍ ശ്രദ്ധയും അവനിലാണ്, അവന്‍റെ ആവശ്യങ്ങളില്‍, താത്പര്യങ്ങളില്‍. അയാള്‍ എന്‍റെ ജീവിതത്തിന്‍റെ കേന്ദ്രബിന്ദുവാകുന്നു. യേശുവും തന്‍റെ ദൗത്യവും നമ്മുടെ ശ്രദ്ധാകേന്ദ്രമായിരിക്കണമെന്നാണു യേശുവിന്‍റെ ആഗ്രഹം. 'എന്‍റെ ഓര്‍മയ്ക്കായി ഇതു ചെയ്യുക' എന്നു പറഞ്ഞാല്‍ ഞാന്‍ എന്താണോ നീയും അതായിരിക്കുക, നീയും മറ്റുള്ളവര്‍ക്കായി മുറിക്കപ്പെട്ട അപ്പവും പങ്കുവയ്ക്കുവാനുള്ള പാനീയവുമായിരിക്കുക, നീയും പൂര്‍ണ സ്വയംദാനമായിരിക്കുക എന്നൊക്കെയാണ്. 'ഓര്‍ക്കുക' എന്നാല്‍ കഴിഞ്ഞത്, (past) യേശുവിന്‍റെ പൂര്‍ണസ്നേഹം, നിലവിലാക്കുക (present) എന്നാണ്. ഓരോരുത്തരും സ്വയം ദാനം ചെയ്യുന്നവരായിരിക്കണം, മറ്റുളളവര്‍ക്കുവേണ്ടി ജീവിക്കുന്നവര്‍. ശരിയായ അപ്പംമുറിക്കല്‍ ശുശ്രൂഷ (കുര്‍ബാന) ഇതിലേക്കു നയിക്കും. ഇതിന്‍റെ ആഘോഷവുമായിരിക്കും.

ആദ്യമായി സുപ്രധാനമായ കൂദാശാകര്‍മം പരിഗണിക്കാം. 'ഇതു ചെയ്യുക' എന്നാല്‍ യേശുവിന്‍റെ വാക്കുകളും പ്രവൃത്തിയും യാന്ത്രികമായോ ആഘോഷമായോ ആവര്‍ത്തിക്കുക എന്നല്ല. വാക്കുകളും പ്രവൃത്തിയും എന്തു സൂചിപ്പിക്കുന്നുവോ അതായിരിക്കുക എന്നാണ്. യേശുവിനെപ്പോലെ സ്വയം ദാനം ചെയ്യുന്നവരായിരിക്കുക, മറ്റുള്ളവരുടെ നന്മയ്ക്കായി ജീവിക്കുന്നവരായിരിക്കുക, ദൈവരാജ്യം സ്ഥാപിക്കുക എന്നൊക്കെയാണ്.

യഹൂദര്‍ക്കു 'ശരീരം' എന്നാല്‍ 'ഞാന്‍' എന്നാണര്‍ത്ഥം. 'രക്തം' എന്നതിനര്‍ത്ഥവും ഇതുതന്നെ. അപ്പം യേശുവിനെ പ്രതിനിധീകരിക്കുന്നു, വീഞ്ഞും. അപ്പവും വീഞ്ഞും കൊടുക്കുന്നതിലൂടെ യേശു തന്നെത്തന്നെ ഓരോരുത്തര്‍ക്കും നിരുപാധികമായി കൊടുക്കുകയാണ്. കൊടുക്കുന്നവന്‍റെ ഏക ആഗ്രഹം കൊടുക്കുന്നതു സ്വീകരിക്കപ്പെടണം എന്നാണ്. ദാതാവിന്‍റെ ഏക പ്രതീക്ഷ സ്വീകരിക്കുന്നവര്‍ തന്നെപ്പോലെ സ്വയം ദാനം ചെയ്യുന്നവരായിരിക്കും എന്നും. സമ്പത്തും കഴിവുകളും ജീവനും കൊടുക്കുവാനുള്ളതാണ് എന്നു കരുതുന്നവര്‍. മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുന്നവര്‍ കൊടുക്കുന്നതില്‍ ആനന്ദിക്കുന്നവര്‍ തന്നിലും ചുറ്റിലും യേശുവിനെ യാഥാര്‍ത്ഥ്യമാക്കുന്നവര്‍, സജീവനാക്കുന്നവര്‍. ഇങ്ങനെയാണു ദൈവരാജ്യം സ്ഥാപിക്കപ്പെടുക. കാര്‍മികനോടൊപ്പം സമൂഹാംഗങ്ങളും കൂദാശാവാക്കുകകള്‍ (എന്‍റെ ശരീരം… രക്തം… നിങ്ങള്‍ക്കുവേണ്ടി) നിശ്ശബ്ദമായി പറയുന്നതു സഹായകരമായിരിക്കും.

കൂദാശാവാക്കുകള്‍ക്ക് അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും മേല്‍ എന്തോ 'മാന്ത്രിക'ശക്തിയുണ്ടെന്നു കരുതുന്നതു ശരിയല്ല. അടയാളപരമായ കൂദാശയെ അരിസ്റ്റോട്ടേലിയന്‍ തത്ത്വശാസ്ത്ര സംജ്ഞകളിലൂടെയും യഹൂദമതാചാരങ്ങളിലൂടെയും അവതരിപ്പിക്കപ്പെട്ടത് ഇന്നധികം പേര്‍ക്കും ഗ്രാഹ്യമല്ല, സഹായകരവുമല്ല. ഇതേപ്പറ്റിയുള്ള തര്‍ക്കങ്ങള്‍ക്ക് അവസാനമില്ലതാനും! കൂദാശയില്‍ ഉപയോഗിക്കുന്ന അപ്പത്തിനും വീഞ്ഞിനും എന്തു സംഭവിക്കുന്നു, എന്തു മാറ്റം ഉണ്ടാകുന്നു എന്നതല്ല പ്രസക്തം. കൂദാശ പരികര്‍മം ചെയ്യുന്നവരിലും അതില്‍ പങ്കെടുക്കുന്നവരിലും എന്തു സംഭവിക്കുന്നു, എന്തു മാറ്റം ഉണ്ടാകുന്നു എന്നതാണു സുപ്രധാനം. അവരില്‍ മാറ്റങ്ങള്‍ ഉണ്ടാകണം. ഉണ്ടാകുന്നില്ലെങ്കില്‍ കുര്‍ബാന നിഷ്ഫലമായ ഒരാചാരമായി മാറും. കുര്‍ബാന സ്വയം തൃപ്തിക്കല്ല, 'കടം' തീര്‍ക്കലല്ല, കാര്യസാദ്ധ്യത്തിനല്ല. കുര്‍ബാന ഒരു ക്ഷണമാണ്, വെല്ലുവിളിയാണ്. യേശുവിനെപ്പോലെ സ്നേഹിക്കുന്നവരാകാന്‍, ക്ഷമിക്കുന്നവരാകാന്‍ സ്വയം ദാനം ചെയ്യുന്നവരാകാന്‍. കുര്‍ബാന അര്‍പ്പിക്കുന്നവരിലും അതില്‍ പങ്കുകൊള്ളുന്നവരിലുമാണു കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകേണ്ടത്.

ഗാനാലാപനത്തിലൂടെയും അലങ്കാരങ്ങളിലൂടെയും വിലയേറിയതും തിളങ്ങുന്നതുമായ പാത്രങ്ങളിലൂടെയും വസ്ത്രങ്ങളിലൂടെയും കുര്‍ബാന ആസ്വാദ്യകരമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ വില്യം സാംസന്‍റെ വാക്കുകള്‍ ശ്രദ്ധിക്കട്ടെ. "യേശുവിന്‍റെ അതിക്രൂരവും അനീതിപരവുമായ കൊലപാതകത്തെ അനുസ്മരിപ്പിക്കാത്ത ഒരാഘോഷവും ക്രിസ്തീയ കുര്‍ബാനയല്ല." സഹനത്തെ, കുരിശിനെ മറക്കുന്നതും അവഗണിക്കുന്നതും സ്നേഹത്തിനു ചേര്‍ന്നതല്ല.

കുര്‍ബാന സ്വീകരിക്കുന്നവര്‍ അശരീരിയായ, ഉത്ഥിതനായ യേശുവിനെയാണു സ്വീകരിക്കുന്നത്. അവര്‍ യേശുവുമായി ഐക്യപ്പെടേണ്ടതാണ്. അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും രൂപത്തില്‍ യേശു തന്നിലേക്കു വരുന്നുവെന്നും യേശു തന്നില്‍ വസിക്കുമെന്നും വിശ്വസിക്കുന്നവര്‍ക്കേ ഇതു യാഥാര്‍ത്ഥ്യമാകൂ. ഒപ്പം, യേശു തന്നിലേക്കു വരണം, തന്നില്‍ സജീവമായി വസിക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്കും. യേശു തന്നിലേക്കു വരുന്നു എന്നതാണു വിശ്വാസം. യേശു തന്നിലേക്കു വരണം എന്നതാണ് ആഗ്രഹം. വിശ്വാസത്തിലും ആഗ്രഹത്തിലും വളരേണ്ടതുമാണ്. വിശ്വാസവും ആഗ്രഹവും ഇല്ലാത്ത കുര്‍ബാനാസ്വീകരണം യാന്ത്രികമാണ്, ചടങ്ങാണ്, നിഷ് ഫലമാണ്.

ഒരുമിക്കലിന്‍റെ ഭാഗമാണു സംഭാഷണം, സമ്പര്‍ക്കം ഉള്ളിലുള്ള യേശുവിനു തന്നോടു പറയാനുള്ളതു കേള്‍ക്കാനും തനിക്കു പറയാനുള്ളതെല്ലാം യേശുവിനോടു പറയാനുമുള്ള അവസരമാണിത്. ഒരു താരതമ്യം ഇതു കൂടുതല്‍ വ്യക്തമാക്കിയേക്കാം. ഏറ്റവും പ്രിയപ്പെട്ട ഒരാള്‍ വരുന്നു എന്നറിയുമ്പോഴേ സന്തോഷമായി പ്രതീക്ഷയുടെയും കാത്തിരിപ്പിന്‍റെയും അനുഭവം. പിന്നെ സ്വീകരിക്കുന്നതിന്‍റെ സന്തോഷം. സുഹൃത്തിനു പറയാനുള്ളതെല്ലാം ഉത്സാഹത്തോടെ കേള്‍ക്കുന്നതിന്‍റെ അനുഭവം തനിക്കു പറയാനുള്ളതെല്ലാം പറയുന്നതിന്‍റെ അനുഭവം, സന്തോഷവും തൃപ്തിയും. ഇതുപോലെ എന്തെങ്കിലും കുര്‍ബാന സ്വീകരണത്തില്‍ സംഭവിക്കുന്നില്ലെങ്കില്‍ കുര്‍ബാന സ്വീകരണം വെറും ചടങ്ങല്ലേ, ശുഷ്കമായ ഭക്താഭ്യാസമല്ലേ? ഇതിനു കാരണം യേശുവുമായി കാര്യമായ വ്യക്തിബന്ധം ഇല്ലാത്തതായിരിക്കാം. വലിയൊരു തടസ്സം നിശ്ശബ്ദതയുടെ അഭാവമാണ്. കുര്‍ബാന സ്വീകരണത്തിനുശേഷമുള്ള ഭക്തിഗാനമാണു വിഷയം. സ്വന്തമല്ലാത്ത ഗാനത്തിലൂടെ എങ്ങനെയാണു ബന്ധപ്പെടുക!

കാഴ്ചവെപ്പ് കുര്‍ബാനയുടെ ഒരു പ്രധാന ഭാഗമാണ്. അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും രൂപത്തില്‍ യേശു സ്വയം സമര്‍പ്പിക്കുന്നു. ഈ പങ്കുവയ്ക്കല്‍ സൃഷ്ടിയിലൂടെയും മനുഷ്യാവതാരത്തിലൂടെയുമുള്ള ദൈവത്തിന്‍റെ പങ്കുവയ്ക്കലുമായി ബന്ധപ്പെടുത്തണം. ദൈവം/സ്നേഹം സ്വയംദാനമാണ്. ഈ ദാനത്തിനുള്ള നമ്മുടെ പ്രതിസ്നേഹമാണ് അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും രൂപത്തിലുള്ള നമ്മുടെ സ്വയം സമര്‍പ്പണം, ഭൂമിയില്‍ ദൈവം ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍, ദൈവരാജ്യം സ്ഥാപിക്കുവാന്‍ വ്യക്തിപരമായ ഈ ഉത്തരവാദിത്വം ഒരു ഗാനത്തിലോ പ്രാര്‍ത്ഥനയിലോ ഒതുക്കാവുന്നതല്ല.

ദൈവവചനത്തിനും പ്രാധാന്യം കൊടുക്കണം. ഓരോ വായനയിലൂടെയും ദൈവം നമ്മളുമായി ബന്ധപ്പെടുകയാണ്. എത്ര പരിചയമുള്ള ബൈബിള്‍ ഭാഗമാണെങ്കിലും അത് ആദ്യം കേള്‍ക്കുന്നതുപോലെ കേള്‍ക്കണം. തന്നോടു വ്യക്തിപരമായി പറയുന്നതായും. എന്തായിരിക്കാം ഇന്നു ദൈവത്തിനു എന്നോടു പറയാനുള്ളത്? എന്തു പ്രത്യുത്തരമായിരിക്കും ദൈവം പ്രതീക്ഷിക്കുന്നത്? ഇതൊക്കെ പരിഗണിക്കാന്‍ നിശ്ശബ്ദതയുടെ അന്തരീക്ഷം വേണം. ഇതിനു വേണ്ട സമയമെടുക്കണം. വചനത്തിനു പ്രത്യുത്തരം സ്വന്തമായിരിക്കണം. ഇവിടെ ഗാനത്തിന്‍റെയോ സങ്കീര്‍ത്തനത്തിന്‍റെയോ പ്രസക്തി എന്താണന്നു ചോദിച്ചുപോകും.

വചനത്തിന്‍റെ വെല്ലുവിളി സ്വീകരിക്കുന്നവര്‍ക്ക്, സ്വന്തം ദൗത്യം കാര്യമായി എടുക്കുന്നവര്‍ക്ക്, ആത്മാവബോധമുള്ളവര്‍ക്കു സ്വന്തം വീഴ്ചകളെപ്പറ്റിയും ഇനിയും ആവശ്യമുള്ള വളര്‍ച്ചയെപ്പറ്റിയും അറിവുണ്ടായിരിക്കും. അവര്‍ക്കു പാപബോധവും പശ്ചാത്താപവും കാണും. അവരുടെ ഹൃദയത്തില്‍ നിന്നും സ്വാഭാവികമായി 'കര്‍ത്താവേ കനിയണമേ' എന്ന പ്രാര്‍ത്ഥന ഉണരും. അവര്‍ക്കേ അനുരഞ്ജനശുശ്രൂഷ ഫലപ്രദമാകൂ. അവര്‍ക്കു സ്നേഹപിതാവിനാല്‍ ആലിംഗനം ചെയ്യുന്നതായും അനുഭവപ്പെടാം. പാപിയാണെങ്കിലും സ്നേഹിക്കപ്പെടുന്നു എന്ന വലിയ അനുഭവം. ഇതാണു മാനസന്തരം, പുനരാരംഭിക്കാനുള്ള അവസരം. വീണ്ടും വീണ്ടും ആരംഭിക്കേണ്ടവരാണു നമ്മള്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org