Latest News
|^| Home -> Cover story -> എന്‍റെ പ്രാണന്‍ നദിയാകട്ടെ, എല്ലാവരെയും പ്രകാശിപ്പിക്കുന്ന നദി

എന്‍റെ പ്രാണന്‍ നദിയാകട്ടെ, എല്ലാവരെയും പ്രകാശിപ്പിക്കുന്ന നദി

Sathyadeepam

ഫാ. ബോബി ജോസ് കട്ടികാട്

ആര്‍ക്കെങ്കിലും ദാഹിക്കുന്നുവെങ്കില്‍ എന്നില്‍ നിന്നു കുടിക്കട്ടെ….. വിശ്വസിക്കുന്നവന്‍റെ നെഞ്ചില്‍നിന്ന് നദിയൊഴുകും – യേശുവിന്‍റെ ഈ വചനം നാം ധ്യാനവിഷയമാക്കേണ്ടതാണ്. പുരുഷനായാലും സ്ത്രീയായാലും കിനാവു കാണാവുന്ന ഏറ്റവും നല്ല കാര്യം ഒരു നദിയായി പരിവര്‍ത്തനം ചെയ്യപ്പെടുക എന്നതാണ്. ഇങ്ങനെ കാണാതെയും കണ്ടുമൊക്കെ നദിയായി ജീവിക്കാനുള്ള സാധ്യത നമുക്കുണ്ട്. അ പ്പോഴാണ് ചുറ്റും നടക്കുന്ന കാര്യങ്ങള്‍ നമ്മെ സങ്കടപ്പെടുത്തുന്നത്.
എന്തുകൊണ്ടാണ് നമ്മുടെ നാട്ടില്‍ പെണ്‍കുട്ടികള്‍ക്കു നദിയുടെ പേരുകള്‍ നല്‍കുന്നത്. കാവേരി, സരയു, ഗംഗ, യമുന, നിള… ഈ പെണ്‍കുട്ടികളും ആണ്‍കുട്ടികളുമൊക്കെ ഭൂമിയിലെ നദിയായി മാറണം. അങ്ങനെയാകുമ്പോള്‍ നദികളോടും ജലാശയങ്ങളോടും നമുക്ക് വല്ലാത്ത സ്നേഹം തോന്നും.
കൊച്ചി നഗരത്തിന്‍റെ നിലനില്‍പ് പെരിയാര്‍ എന്ന സ്രോതസ്സുമായി ബന്ധപ്പെട്ടതാണ്. ഇതുവരെയും രാസമാലിന്യങ്ങള്‍ ശുദ്ധജലത്തില്‍ നിന്നു അരിച്ചുമാറ്റാന്‍ പറ്റുന്ന ഒരു സാങ്കേതിക വിദ്യയും നാട്ടില്‍ ഉണ്ടായിട്ടില്ല. അതിനര്‍ത്ഥം സന്തോഷത്തോടെ നാം കുടിക്കുന്ന ജലം പോലും അപകടകരമാണ് എന്നാണ്.
ഈയടുത്ത് ഒരു കാഴ്ച കണ്ടു. ടാങ്കറില്‍ കൊണ്ടുവരുന്ന കുടിവെള്ളത്തിനു പിന്നാലെ ഒരമ്മ കുടവുമായി ഓടുന്നു. ഇത് ഒട്ടും വൈകാതെ നമ്മുടെ ജീവിത കഥയായി മാറും. വെള്ളത്തിനു പകരം മറ്റൊന്നു വയ്ക്കാനില്ല. സയന്‍സ് അനുസരിച്ച് വെള്ളത്തിന്‍റെ അളവു കൂട്ടാനും പറ്റില്ല, കുറയ്ക്കാനുമാവില്ല. പക്ഷെ കാണാതെ പോകുന്നുണ്ട്. കാണാതെ പോകുന്ന ആ വെള്ളത്തെ പിടിക്കാനാകു മോ?
പള്ളിമുറ്റത്തും കോണ്‍വെന്‍റുകള്‍ക്കു മുന്നിലും ഇനിയെങ്കിലും നമുക്ക് കല്ലു പാകാതിരിക്കാന്‍ കഴിയുമോ? പെയ്തുവീഴുന്ന മഴ ഇവിടെ നില്‍ക്കുന്നില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് കിണറില്‍ ജലം ഉണ്ടാകുക. ഇത്തരം ചെറിയ കാ ര്യങ്ങളിലെങ്കിലും നാം ശ്രദ്ധവയ്ക്കണം. പള്ളിമുറ്റം മുഴുവനും ടൈല്‍ വിരിക്കുന്നത് വലിയ സംഭവമാണ്. പക്ഷെ വലിയ അപകടവുമാണത്…. അവനവന്‍റെ വൈകാരികമായ ചില നൈരാശ്യങ്ങള്‍ മാറ്റിവച്ചിട്ട് ഭാവിയിലേക്കു നോക്കാന്‍ കഴിയട്ടെ. അങ്ങനെ വര്‍ത്തമാനത്തിലേക്കു ചുവടുവയ്ക്കാന്‍ പഠിക്കട്ടെ. ഇത് മരിച്ചവര്‍ മരിച്ചവരെ അടക്കുന്ന ഭൂമിയാണെന്ന് യേശു പറഞ്ഞിട്ടുണ്ട്. എത്ര കഠിനമായ ആരോപണമാണത്. എവിടെയാണു നാം നിലനില്‍ക്കുന്നത്, ജീവിക്കുന്നത് എന്നത് പ്രധാനമാണ്.
നദിയെപ്പോലെയാകാന്‍ നാം ശീലിക്കണം. എല്ലാറ്റിനെയും സ്വീകരിക്കുന്നതാണ് നദി. ജീവിതത്തെ കുറേക്കൂടി തത്ത്വചിന്താപരമായി നാം സ്വീകരിക്കണം. എല്ലാ അനുഭവങ്ങളെയും ഉള്‍ക്കൊള്ളുക. പൂക്കളും ചിരാതുകളും പുഴ സ്വീകരിക്കുന്നുണ്ട്. വടക്കേയിന്ത്യയില്‍ പാതി വെന്ത മൃതശരീരങ്ങള്‍ പുഴയില്‍ ഒഴുക്കുന്നുണ്ട്. പുഴ അതും സ്വീകരിക്കുന്നു. വേദപുസ്തകത്തില്‍ ഏറ്റവും പ്രിയപ്പെട്ട വചനം തപ്പിയെടുക്കാന്‍ ആവശ്യപ്പെട്ടപ്പോഴൊക്കെ ഞാന്‍ തപ്പിയെടുത്തത് ഒറ്റ വാക്യമായിരുന്നു “വിളമ്പുന്നത് ഭക്ഷിക്കുവിന്‍” (ലൂക്ക 10:8). അനുഭവങ്ങളെ കുലീനമായി സ്വീകരിക്കാന്‍ നമുക്കു കഴിയണം.
സ്വന്തം ജീവിതത്തില്‍ കുറേക്കൂടി നിര്‍മ്മലരാകുക എന്നതാണ് അടുത്ത കാര്യം. നാം ഓരോരുത്തരും ഓരോ കുളിക്കടവാണ്. ഓരോ ദിവസവും ആരെങ്കിലുമൊക്കെ ഈ കുളിക്കടവിലേക്ക് ഇറങ്ങി വരുന്നുണ്ട്. അവര്‍ കുളിച്ചുകയറി ശുദ്ധിയുള്ളവരായി മടങ്ങി പോകട്ടെ.
നാം കുറേക്കൂടി മനുഷ്യരെ തണുപ്പിക്കുന്നവരാകുക. അവരെ ചേര്‍ത്തു പിടിക്കുക. എന്തുകൊണ്ടാണ് അമ്മ മേരി, എലിസബത്തിന്‍റെയടുക്കലേക്ക് ഓടിപ്പോകുന്നത്. ഈ ചെറിയ പെണ്‍കുട്ടി പറയുന്ന കാര്യം വിശ്വസിക്കാന്‍ പറ്റുന്ന ലോകത്തെ ഏക സ്ത്രീ അവളാണ് – എലിസബത്ത്. ഇത്തരത്തില്‍ മറ്റുള്ളവര്‍ പറയുന്ന കഥകള്‍ സ്വീകരിക്കാനും ഉള്‍ക്കൊള്ളാനും പറ്റുന്ന തണുപ്പിക്കുന്ന മനുഷ്യരാകണം നാം.
ഏതു പുഴയ്ക്കും അറിയാം അതു പതിക്കാന്‍ പോകുന്ന കടലിന്‍റെ ആഴം. കഷ്ടിച്ച് 30,000 ദി വസത്തെ കേസുകെട്ടാണ് ജീവിതം. 80 കൊണ്ട് 365 നെ ഗുണിക്കുമ്പോള്‍ അത്രപോലും കിട്ടില്ല. അതിനപ്പുറത്തേക്ക് പ്രകാശമുള്ളവരാകുക. ഇന്നത്തേക്കു മാത്രമായി മര്‍ത്യര്‍ക്ക് ഒന്നിലും ഇടപെടാന്‍ പറ്റില്ല എന്നറിയുക.
ഭൂമി നമുക്കു ദാനമായി കിട്ടിയ പൊതുസ്വത്താണ് എന്ന ധാരണ നമുക്കുണ്ട്. അല്ല. ഭൂമി നമ്മുടെ മക്കളില്‍ നിന്നു നാം പാട്ടത്തിനെടുത്തതാണ്. ആ വ്യത്യാസം മനസ്സിലാക്കണം. സ്വാഭാവികമായും അതു തിരിച്ചു കൊടുക്കുമ്പോള്‍ ഭംഗിയായിത്തന്നെ കൊടുക്കണം. ഇങ്ങനെ കാലത്തിനപ്പുറത്തേക്കു ചിന്തിക്കുന്ന മനുഷ്യരാകുക. മനുഷ്യര്‍ക്കു മാത്രമേ നേരേ നോക്കി കാണാനാവൂ. അപ്പോഴാണ് 10 വര്‍ഷത്തിനു ശേഷമുള്ള നമ്മുടെ നാടിനെപ്പറ്റി നാം ചിന്തിക്കുന്നത്.
മറ്റുള്ളവരുടെ ദാഹം ശമിപ്പിക്കുന്നവരായും നമുക്കു മാറാം. ദാഹത്തിനു വേദപുസ്തകത്തില്‍ ഒരു അര്‍ത്ഥമേയുള്ളൂ. “പ്രഭുവിനോടുള്ള എന്‍റെ വല്ലാത്ത പ്രേമം.” ആ പ്രേമത്തെക്കുറിച്ചുള്ള കാര്യങ്ങളാണ് ഈ പറഞ്ഞതെല്ലാം. ആ പ്രേമം ഇല്ലാതെ പോകുമ്പോഴാണ് ന മുക്ക് ഒന്നിനോടും മമത ഇല്ലാതാകുന്നത്.
ഇതാകട്ടെ നമ്മുടെ പ്രാര്‍ത്ഥന: എന്‍റെ പ്രാണന്‍ നദിയാകണമെ. ഒഴുകാനും സ്വീകരിക്കാനും തണുപ്പിക്കാനും ശുദ്ധീകരിക്കാനും ദാഹം ശമിപ്പിക്കാനും കാലത്തിനപ്പുറത്തേക്കു നോക്കാനും ഞങ്ങളെ പഠിപ്പിക്കണമെ.

(വരാപ്പുഴ – എറണാകുളം അ തിരൂപതകളിലെ സന്യാസിനികളുടെ സംഗമത്തില്‍ നല്‍കിയ സന്ദേശത്തില്‍ നിന്ന്.)

Leave a Comment

*
*