Latest News
|^| Home -> Cover story -> ‘എന്റെ ഇഷ്ടമല്ല, അങ്ങയുടെ ഹിതം നിറവേറട്ടെ’ : ബിഷപ് കൊച്ചുപുരയ്ക്കല്‍

‘എന്റെ ഇഷ്ടമല്ല, അങ്ങയുടെ ഹിതം നിറവേറട്ടെ’ : ബിഷപ് കൊച്ചുപുരയ്ക്കല്‍

Sathyadeepam

നാല്‍പതുവര്‍ഷം മുമ്പ് പാലാ രൂപതയിലെ മരങ്ങോലിയില്‍ നിന്ന് പാലക്കാട്ടേക്ക് വണ്ടികയറിയ ഒരു പത്താംക്ലാസ്സുകാരന്‍. ഒറ്റയ്ക്കായിരുന്നു യാത്ര. ഒറ്റ ലക്ഷ്യം – വൈദികനാകണം. ചെറുപ്പം മുതലേ വൈദികനാകണമെന്ന ചിന്തയായിരുന്നു. മിഷന്‍മേഖലയോടായിരുന്നു ആഭിമുഖ്യം. എന്നാല്‍ നാട്ടില്‍ത്തന്നെ ഇത്തരത്തില്‍ പ്രേഷിതശുശ്രൂഷ ചെയ്യാന്‍ പറ്റിയ സ്ഥലമായിരുന്നു അന്വേഷിച്ചത്. പാലാരൂപതയില്‍ നടത്തപ്പെട്ട വൊക്കേഷന്‍ ക്യാമ്പിന്റെ അവസരത്തില്‍ പാലക്കാടിനെപ്പറ്റി കൂടുതലറിഞ്ഞു. അങ്ങനെയാണ് പാലായില്‍നിന്നു ബേബിയെന്ന പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ പാലക്കാട്ടേക്കു യാത്ര തിരിച്ചത്. കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ വണ്ടിയിറങ്ങി പരുങ്ങിനിന്നപ്പോള്‍ രണ്ടു കന്യാസ്ത്രീകള്‍ അരമനയിലേക്കുള്ള വഴികാട്ടി. അവിടെച്ചെന്നപ്പോള്‍ ഇരിമ്പന്‍ പിതാവ് സ്വീകരിച്ചു. അങ്ങനെ പാലാക്കാരന്‍ പീറ്റര്‍, പാലക്കാടിന്റെ പുത്രനായി. പാലക്കാടു രൂപതയ്ക്കു വേണ്ടി പട്ടമേറ്റ ഫാ. പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ ജൂണ്‍ 18 വ്യാഴാഴ്ച രാവിലെ 10.30-ന് അഭിവന്ദ്യ മാര്‍ ജേക്കബ് മനത്തോടത്ത് പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ സെന്റ് റാഫേല്‍സ് കത്തീഡ്രല്‍ ദേവാലയത്തില്‍വച്ച് നടക്കുന്ന മെത്രാഭിഷേക ശുശ്രൂഷാ മധ്യേ രൂപതയുടെ പ്രഥമ സഹായമെത്രാനായി നിയമിതനാകുകയാണ്…

?  ഏപ്രില്‍ 14-ന് നിശ്ചയിച്ചിരുന്ന മെത്രാഭിഷേകം കൊറോണയുടെ പശ്ചാത്തലത്തില്‍ നീണ്ടുപോയതിനെക്കുറിച്ച് എന്തു തോന്നുന്നു?

കോവിഡ് 19 കാലം ദൈവനിശ്ചിതമാണെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു. മനുഷ്യനോടുള്ള ദൈവത്തിന്റെ സ്‌നേഹം പ്രകടമാക്കാന്‍ ദൈവം തന്ന അവസരം. ദൈവവും മനുഷ്യനും തമ്മിലുള്ള അകലം കുറക്കാന്‍ ദൈവം തന്നെ കൊണ്ടുവന്ന ഒരു മാര്‍ഗ്ഗം. ഇതില്‍ നഷ്ടങ്ങളും വേദനയും ഉണ്ടാകാം. കൊറോണ രോഗത്തെയും അതിന്റെ അനന്തരഫലങ്ങളെയും വിശ്വാസത്തിന്റെ ദൃഷ്ടികള്‍ കൊണ്ട് നോക്കിക്കാണണം. ദൈവത്തിലാശ്രയിച്ചും ഭരണാധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചും നാം ഈ മഹാമാരിയെ ധൈര്യപൂര്‍വ്വം നേരിടണം, അതിജീവിക്കണം.
എന്റെ മെത്രാഭിഷേക തിരുക്കര്‍മ്മങ്ങള്‍ മേല്‍പ്പറഞ്ഞ സാഹചര്യത്തില്‍ ആദ്യം തയ്യാറാക്കിയ പ്ലാന്‍ അനുസരിച്ച് നടത്താനായില്ല. വിശ്വാസിസമൂഹത്തിന്റെ ഒരു വലിയ ആഘോഷത്തിന്റെ ഈ അവസരം ഏറ്റവും ശോഭയോടെ നടത്താന്‍ തീരുമാനിച്ചിരുന്നു. ലളിതമായി നടത്തപ്പെടുമ്പോള്‍ അതിന് ശോഭ കൂടുകയല്ലാതെ കുറയുന്നില്ല. എല്ലാം ദൈവനിശ്ചയം. ഈ തിരുക്കര്‍മ്മം എങ്ങനെ നടത്തണമെന്ന് പ്ലാന്‍ ചെയ്തു തന്നതും ദൈവം തന്നെയാണ് എന്നാണ് എന്റെ ബോധ്യം. ഗവണ്‍മെന്റ് അധികാരികളുടെ എല്ലാ നിര്‍ദ്ദേശങ്ങളും കൃത്യമായി പാലിച്ചുകൊണ്ട് വളരെ അടുക്കും ചിട്ടയും നിലനിര്‍ത്തി മെത്രാഭിഷേക തിരുക്കര്‍മ്മം നടത്തപ്പെടുകയാണ്. കോവിഡ് വ്യാപനത്തെക്കുറിച്ചും ഹോട്ട്‌സ്‌പോട്ടുകളുടെയും കണ്ടെയ്ന്‍മെന്റ് സോണുകളുടെയും അപ്രതീക്ഷിത പ്രഖ്യാപനത്തെക്കുറിച്ചും ബന്ധപ്പെട്ട അധികാരികള്‍ നല്കുന്ന സൂചനകള്‍ തന്നെയാണ് ഈ തിരുക്കര്‍മ്മം എത്രയും വേഗം നടത്താനുള്ള തീരുമാനം വേഗത്തിലാക്കിയത്.

?  പുതിയ നിയമനത്തെയും ഉത്തരവാദിത്വത്തെയും പിതാവ് എങ്ങനെ കാണുന്നു?

ഇക്കാലമത്രയും ഒരു വൈദികനായി പലവിധ ശുശ്രൂഷകളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു ഞാന്‍. അജപാലകന്‍ എന്ന രീതിയില്‍ പള്ളികളില്‍ വികാരിയായും രൂപതയുടെ ഭരണസംവിധാനങ്ങളില്‍ പെട്ട ചില പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങളും നിര്‍വഹിച്ചു വരികയായിരുന്നു. ഈ പുതിയ നിയമനത്തോടെ എന്റെ പ്രവര്‍ത്തനമേഖല വിശാലമാകുന്നു. ദൈവജനത്തിന്റെ ശുശ്രൂഷയ്ക്കായി എന്റെ സേവനമേഖല വിസ്തൃതമാകുകയാണ്. ഇതു ദൈവികപദ്ധതിയുടെ ഭാഗമാണ്. ദൈവനിയോഗവും ദൈവപദ്ധതിയുമായി ഞാനിതു സ്വീകരിക്കുന്നു.

മെത്രാനാകുമ്പോള്‍ സ്വീകരിക്കുന്ന ആപ്തവാക്യം?

”എന്റെ ഹിതമല്ല, അങ്ങയുടെ ഹിതം നിറവേറട്ടെ” (ലൂക്കാ 22:42). എന്നെ സംബന്ധിച്ച് ഞാന്‍ ആഗ്രഹിക്കാത്ത കാര്യമാണ് എന്നില്‍ നിക്ഷിപ്തമാകുന്നത്. ഇനി ഇതേ തുടര്‍ന്നുള്ള കാര്യങ്ങളില്‍ ദൈവം തിരുമനസ്സാകുമെങ്കില്‍ ഞാന്‍ വിമുഖത കാണിക്കുന്നില്ല.

പാലക്കാട് രൂപതയുടെ സഹായമെത്രാനാകുമ്പോള്‍ അങ്ങയുടെ പ്രവര്‍ത്തന പദ്ധതികള്‍ എന്തായിരിക്കും?

സഹായമെത്രാന്‍ എന്നതാണ് എന്റെ ടൈറ്റില്‍. മനത്തോടത്തു പിതാവാണ് രൂപതയുടെ മെത്രാന്‍. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളോടും ദര്‍ശനങ്ങളോടും ചേര്‍ന്നു നില്‍ക്കുകയും ഉചിതമായ സഹായം ഔചിത്യബോധത്തോടെ ചെയ്തുകൊടുക്കുകയും ചെയ്യുക എന്നതു മാത്രമാണ് എന്റെ ഇപ്പോഴത്തെ കടമ. എന്നില്‍ നിക്ഷിപ്തമായ കടമയനുസരിച്ചും പിതാവ് ചെയ്യാനാവശ്യപ്പെടുന്നതനുസരിച്ചും നിര്‍വഹിക്കുക എന്നതാണ് പ്രധാനമായ എന്റെ പദ്ധതി.

വിവിധ രൂപതകളില്‍നിന്നുള്ള വൈദികര്‍ പാലക്കാടു രൂപതയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വൈദികര്‍ തമ്മിലുള്ള ബന്ധങ്ങള്‍? അവരുടെ ശുശ്രൂഷകളെ എങ്ങനെ വിലയിരുത്തുന്നു?

അനുഭവത്തിന്റെ വെളിച്ചത്തില്‍ ഞാന്‍ മനസ്സിലാക്കിയിടത്തോളം പാലക്കാടു രൂപതയിലെ ഏറ്റവും വലിയ സവിശേഷത അച്ചന്മാര്‍ തമ്മിലുള്ള കൂട്ടായ്മയും പരസ്പര ബന്ധവുമാണ്. ഒരുപക്ഷെ എനിക്കു തോന്നുന്നു, ഈ സ്ഥാനത്തേക്ക് വരാന്‍ എന്നെക്കൊണ്ടു തീരുമാനിപ്പിച്ചതു പോലും പരോക്ഷമായി ഈ വൈദികരുടെ സൗഹൃദവും കൂട്ടായ്മയും തന്നെയാണ്. ഈ ബന്ധം രൂപതയുടെ ആരംഭം മുതല്‍ ഇരിമ്പന്‍ പിതാവിന്റെ കാലംമുതല്‍ തുടങ്ങിയ സ്‌നേഹബന്ധത്തിന്റെ കൂട്ടായ്മയാണ്. അന്നു വളരെ കുറച്ചു വൈദികരേ ഉണ്ടായിരുന്നുള്ളൂ. അതു പുളിമാവുപോലെയായി. അന്നത്തെ വൈദികര്‍ കാണിച്ചു തന്ന കൂട്ടായ്മയുടെ വഴിയിലൂടെ പോകാനുള്ള അവസരങ്ങളാണു ഞങ്ങള്‍ക്കുള്ളത്. കുടിയേറ്റ രൂപതയായ പാലക്കാട്ട് വ്യത്യസ്ത രൂപതകളില്‍നിന്നു വന്നിട്ടുള്ള വൈദികരും ഈ രൂപതയില്‍നിന്നുള്ള വൈദികരും തമ്മില്‍ ഒരു ബുദ്ധിമുട്ടുമില്ല. എല്ലാവരുടെയും തന്നെ കുടുംബവേരുകള്‍ മറ്റു സ്ഥലങ്ങളിലാണ്. കൂട്ടായ്മയില്‍ത്തന്നെ മുന്നോട്ടു പോകുന്നു.

ഈ രൂപതയ്ക്കു വേണ്ടി പട്ടം സ്വീകരിച്ചാല്‍ ഈ രൂപതയുടെ സവിശേഷതയില്‍ ഒന്നുചേരുക എന്നതുമാത്രമാണ് എല്ലാവരുടെയും ചിന്ത.

രൂപതയെ നയിക്കുന്ന മനത്തോടത്തു പിതാവിന്റെ ദര്‍ശനങ്ങളെ എപ്രകാരം വീക്ഷിക്കുന്നു? അദ്ദേഹവുമായുള്ള വ്യക്തിബന്ധം?

പിതാവിനു സ്വന്തമായ ചില കാഴ്ചപ്പാടുകളുണ്ട്. പാലക്കാടു രൂപതയില്‍ അദ്ദേഹം വന്നപ്പോള്‍ തന്റെ മുന്‍ഗാമി എന്തു ചെയ്തിരുന്നവോ ആ അടിസ്ഥാനത്തിന്മേല്‍ നിന്നുകൊണ്ട് പിതാവിന്റെ കാഴ്ചപ്പാടുകള്‍വച്ച് വിപുലീകരിക്കുക എന്ന ചിന്തയായിരുന്നു. ഇരിമ്പന്‍ പിതാവ് ശ്രദ്ധിച്ചിരുന്നത്, ഓരോ പ്രദേശങ്ങളിലുമുള്ള വിശ്വാസിസമൂഹത്തിന് ആധ്യാത്മിക വളര്‍ച്ചയ്ക്ക് ആവശ്യമായതു നല്‍കുക എന്നതിലായിരുന്നു. ഒരു ഷെഡ് വച്ചുകെട്ടിയാണെങ്കിലും ദൈവജനത്തിനു സമ്മേളിക്കാനും ദൈവാരാധന നടത്താനും ഒറ്റ സമൂഹമായി രൂപപ്പെടാനും പറ്റിയ സൗകര്യം ഒരുക്കുക. അങ്ങനെ ആരംഭിച്ചവ ഒന്നുകൂടി വിപുലീകരിക്കുക എന്നതായിരുന്നു മനത്തോടത്തു പിതാവിന്റെ കടമ. പിതാവ് അത് കൃത്യമായി നിറവേറ്റുന്നു. അങ്ങനെ നോക്കുമ്പോള്‍ ദേവാലയങ്ങളാണെങ്കിലും മറ്റു അടിസ്ഥാന സൗകര്യങ്ങളാണെങ്കിലും ഒരുപാടു സ്ഥലങ്ങളില്‍ വ്യത്യാസങ്ങളും വളര്‍ച്ചയും പുരോഗതിയും ഉണ്ടായിട്ടുണ്ട്. ഒപ്പംതന്നെ, ദൈവജനത്തെ വിശ്വാസത്തിലും സ്‌നേഹത്തിലും സാഹോദര്യത്തിലുമൊക്കെ വളര്‍ത്തുന്നതില്‍ പിതാവ് ശ്രദ്ധാലുവായിരുന്നു. ‘അവിടുത്തേക്ക് പ്രീതികരമായതു നിര്‍വഹിക്കുക’ എന്നതാണ് പിതാവിന്റെ ആപ്തവാക്യം. ദൈവജനത്തിനു ആവശ്യമായത് എന്താണോ അത് ഈശോയ്ക്കു പ്രീതികരമായ രീതിയില്‍ സാധിച്ചുകൊടുക്കുക എന്ന ലക്ഷ്യത്തില്‍ നിന്നു തന്നെയാണ് പിതാവ് പ്രവര്‍ത്തിച്ചിട്ടുള്ളത്. അതുകൊണ്ട് പിതാവിന്റെ വരവിനു ശേഷം ആധ്യാത്മികവും ഭൗതികവുമായ ധാരാളം പുരോഗതി രൂപതയ്ക്കു കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്.

അട്ടപ്പാടി ആദിവാസി മേഖലകള്‍ ഉള്‍പ്പെടുന്ന പാലക്കാടിന്റെ വികസനപ്രവര്‍ത്തനങ്ങളില്‍ രൂപതയുടെ പങ്കാളിത്തം എന്താണ്?

അട്ടപ്പാടി പോലുള്ള മേഖലകളില്‍ നമ്മുടെ രൂപതയുടെ സാമൂഹ്യസേവന വിഭാഗമായിട്ടുള്ള പിഎസ്എസ്പി (പീപ്പിള്‍സ് സര്‍വീസ് സൊസൈറ്റി, പാലക്കാട്) ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്. ഇതിലൂടെയാണ് അവിടെ നമ്മള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അതോടൊപ്പം അടുത്തകാലത്ത് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള ‘ജന്‍ ശിക്ഷന്‍ സന്‍സ്ഥാന്റെ’ (ജെഎസ്എസ്) ഭാഗമായുള്ള പ്രവര്‍ത്തനങ്ങളും പിഎസ്എസ്പിയിലൂടെ നടന്നുവരുന്നുണ്ട്. ഈ സംഘടന വഴി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗികമായ അംഗീകാരം ജെഎസ്എസ് നല്‍കുന്നുണ്ട്. അത്തരത്തില്‍ പരിശീലന പരിപാടികള്‍ക്കും തൊഴില്‍ പദ്ധതികള്‍ക്കുമൊക്കെ വിധേയരാകുന്നവര്‍ക്ക് ഇവരുടെ സര്‍ട്ടിഫിക്കറ്റു വഴി സ്വയം തൊഴില്‍ കണ്ടെത്താനും മറ്റും സാധിക്കുന്നു.

അതുപോലെ അട്ടപ്പാടിയുടെ വികസനത്തിനു വേണ്ടി രൂപതയൊടൊപ്പം നിന്നു പ്രവര്‍ത്തിക്കുന്ന സിഎംഐ സഭയുടെ ഒരു സംവിധാനമുണ്ട്. ആസ്സോ (ASSO) എന്ന പേരിലുള്ള ഈ സംഘടനയുടെ (Organisation) പ്രവര്‍ത്തനത്തില്‍ രൂപതയും പങ്കാളിയാണ്. ജീവസന്ധാരണം, വിദ്യാഭ്യാസം, ഭവനനിര്‍മ്മാണം തുടങ്ങിയ കാര്യങ്ങളില്‍ പിഎസ്എസ്പിയോടൊപ്പം ഈ സംഘടനകളും നിര്‍ണായകമായ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. നമ്മുടെ രൂപതയിലെ വൈദികര്‍ അട്ടപ്പാടിയില്‍ച്ചെന്നതിനുശേഷം അവിടെ വരുത്തിയ പുരോഗതികള്‍ ദൃശ്യമാണ്. റോഡുകള്‍ ഇല്ലാതിരുന്നിടത്ത് റോഡുകള്‍ വെട്ടിയുണ്ടാക്കാനും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനും മറ്റും നാം മുന്നിട്ടിറങ്ങുകയുണ്ടായി. അട്ടപ്പാടിയില്‍ വിദ്യാഭ്യാസ മേഖലയില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയിട്ടുള്ളത് നമ്മുടെ സിസ്റ്റേഴ്‌സാണ്; പ്രത്യേകിച്ചും സിഎംസി സിസ്റ്റേഴ്‌സ്. അവര്‍ അവിടെ പല സ്ഥലങ്ങളിലും സ്‌കൂളുകള്‍ സ്ഥാപിച്ചു, സാംസ്‌ക്കാരിക പുരോഗതിക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. മെഡിക്കല്‍ രംഗത്തും അവരുടെ സേവനങ്ങള്‍ ഏറെ ശ്രദ്ധേയമാണ്.

അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം രൂപതയുടെ വലിയ സംഭാവനയാണ്. ‘സമൃദ്ധിയുടെ സുവിശേഷത്തെ’ വല്ലാതെ പ്രോത്സാഹിപ്പിക്കുന്ന കരിസ്മാറ്റിക് രോഗശാന്തി ശുശ്രൂഷകളെ സഭ സമീപിക്കേണ്ടത് എങ്ങനെയാണ്?

ധ്യാനകേന്ദ്രങ്ങള്‍ എന്ന വിധത്തില്‍ സെന്റര്‍ ഓറിയന്റഡ് ആയിട്ടുള്ള കാര്യങ്ങള്‍ അടുത്തകാലത്താണു നമ്മള്‍ കൂടുതലായി കണ്ടുവരുന്നത് – കേന്ദ്രങ്ങളില്‍ പോയി ധ്യാനിക്കുക, നവീകരണം സാധ്യമാക്കുക. സഭയുടെ ധര്‍മ്മമാണ് വചനം പ്രഘോഷിക്കുക, രോഗശാന്തി നല്‍കുക, ജനത്തിനാവശ്യമായ മറ്റു ശുശ്രൂഷകള്‍ ചെയ്യുക എന്നത്. സഭയുടെ ശുശ്രൂഷയുടെ ഭാഗങ്ങളാണിത്. ഇത്തരം കാര്യങ്ങളില്‍ ചാരം മൂടിക്കിടക്കുന്ന അവസ്ഥയായിരുന്നു. ഇങ്ങനെ കിടന്നിരുന്ന ഈ ശുശ്രൂഷാ സംവിധാനങ്ങള്‍ കരിസ്മാറ്റിക്ക് പ്രസ്ഥാനത്തിന്റെ ഉണര്‍വോടെ കുറേക്കൂടി ശക്തമാകാനും കൂടുതല്‍ പേര്‍ക്ക് ഉപകാരമാകാനും തുടങ്ങി. ഇടവകയില്‍ ഒരു അച്ചന്‍ ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ വിപുലമായ രീതിയില്‍ ധ്യാനകേന്ദ്രങ്ങളില്‍ അതു നടന്നാല്‍ ജാതി മത ഭേദമെന്യെ അനേകം പേര്‍ക്ക് ആ ശുശ്രൂഷകളില്‍ പങ്കുപറ്റാന്‍ സാധിക്കും. ധ്യാനത്തിലൂടെ നവീകരിക്കപ്പെട്ടവര്‍ ഇടവകയിലും സാക്ഷ്യജീവിതം നയിക്കണം. കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെയും വചനപ്രഘോഷണത്തിന്റെയും ഫലമായി എത്രയോ വ്യക്തികളും കുടുംബങ്ങളും രക്ഷപ്രാപിച്ചിട്ടുണ്ട്. ഈ രംഗത്ത് ഒരുപാടു നവീകരണം സാധ്യമാകുന്നതിനൊപ്പം അവിടെയും ഇവിടെയും ചില ആരോപണങ്ങളും ഉണ്ടാകുന്നുണ്ട്.

പാലക്കാടു രൂപതയിലെ സെഹിയോന്‍ ധ്യാനകേന്ദ്രം രൂപതയുടേതാണ്. മനത്തോടത്തു പിതാവു വളരെ ശ്രദ്ധ അതിനു നല്‍കുന്നുണ്ട്. പിതാവു അവിടെ ക്ലാസെടുക്കാനും മറ്റും പോകുന്നുണ്ട്. തികഞ്ഞ ആത്മീയ ചൈതന്യത്തില്‍തന്നെ അവിടെയുള്ള എല്ലാവരും പ്രവര്‍ത്തിക്കുന്നു. എന്തെങ്കിലും സാമ്പത്തിക നേട്ടത്തിനു വേണ്ടിയല്ല സെഹിയോന്‍ ധ്യാനകേന്ദ്രം നിലകൊള്ളുന്നത്. ജനത്തിനു വചനം ലഭ്യമായി കഴിയുമ്പോള്‍ അതിന്റെ ഫലമായി സംഭവിക്കുന്നതാണ് രോഗശാന്തിയും മറ്റും. ഒരുവന്റെ വ്യക്തിജീവിതത്തില്‍ വചനത്തിലൂടെ മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ അത്ഭുതങ്ങള്‍ സ്വാഭാവിക മായി നടക്കുകയാണ്. സെഹിയോനു പുറമെ ഒലവക്കോടിനടുത്ത് പ്രധാനമായും സിസ്റ്റേഴ്‌സിനു വേണ്ടി ധ്യാനങ്ങള്‍ നടത്തുന്ന രൂപതയുടെ തന്നെ ”ധോണി മരിയന്‍” ധ്യാനകേന്ദ്രവും കപ്പൂച്ചിന്‍ അച്ചന്‍മാരുടെ നേതൃത്വത്തിലുള്ള ”സീനായ് ധ്യാനകേന്ദ്ര”വുമുണ്ട്.

സഭാനിയമത്തില്‍ പണ്ഡിതനായ പിതാവ് ജുഡീഷ്യല്‍ വികാരിയായി സേവനം ചെയ്തു. സഭാകോടതികളുടെ സ്വീകാര്യതയും വിശ്വാസ്യതയും എത്രമാത്രമുണ്ട്?

കഴിഞ്ഞ 13 വര്‍ഷങ്ങളായി ഞാന്‍ ഇവിടത്തെ ജുഡീഷ്യല്‍ വികാരിയാണ്. അതിനു മുമ്പ് ഞാന്‍ രൂപതാ കോടതിയില്‍ ജഡ്ജി ആയിരുന്നു. പരാതിക്കാര്‍ക്ക് സിവില്‍ കോടതിയില്‍ കേസുകൊടുത്ത് വിവാഹബന്ധം നിലനില്‍ക്കുന്നില്ല എന്നു സ്ഥാപിച്ചുകിട്ടാന്‍ പറ്റും. അതുപ്രകാരം അവര്‍ക്കു വീണ്ടും രജിസ്റ്റര്‍ വിവാഹം കഴിക്കാം. പക്ഷെ വിവാഹമെന്ന കൂദാശയെ സംബന്ധിച്ചുള്ള തീരുമാനം എടുക്കാനുള്ള അധികാരം സഭയ്ക്കു തന്നെയാണുള്ളത്. ദേവാലയത്തില്‍ വച്ചു മറ്റൊരു വിവാഹത്തിനു സഭയുടെ മുമ്പാകെ യോഗ്യതയുണ്ടാകണമെങ്കില്‍ രൂപതാകോടതിയില്‍ നിന്നും അതിനനുകൂലമായ വിധി പ്രസ്താവിക്കപ്പെടണം. ദൈവം യോജിപ്പിച്ചതാണോ അല്ലയോ, കൗദാശികബന്ധം ഉണ്ടായിട്ടുണ്ടോ ഇല്ലയോ എന്നാണു സഭാകോടതി പരിശോധിക്കുന്നത്. കൗദാശിക ബന്ധം ഉണ്ടായിട്ടില്ലെന്ന് തെളിവുകളുടെയും സാക്ഷികളുടെയും അടിസ്ഥാനത്തില്‍ പ്രഖ്യാപിക്കുമ്പോഴാണ് വിവാഹം അസാധുവാകുന്നത്. അതുകൊണ്ട് ഒരു പരാതിയുമായി ഒരാള്‍ വരുമ്പോള്‍ത്തന്നെ അതില്‍ തീര്‍പ്പുകല്‍പിച്ച് വിടാനാകില്ല.

എന്നാല്‍ സഭാ കോടതികളുടെ പ്രവര്‍ത്തനങ്ങള്‍ കുറച്ചുകൂടി ലഘൂകരിക്കാനും ജനങ്ങളുടെ ബുദ്ധിമുട്ടു കുറയ്ക്കാനും മാര്‍പാപ്പ അടുത്തകാലത്തു ഇതുസംബന്ധിച്ചു ചില രേഖകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അതില്‍ ഒന്ന്, ഒരു രൂപതാ കോടതിയില്‍ ഒരു കേസ് അസാധുവാണെന്നു പ്രഖ്യാപിച്ചാല്‍ ആ കോടതിയിലെ ബന്ധ സംരക്ഷകന്‍ (defender of the bond) അതിരൂപതാ മേല്‍ക്കോടതിയില്‍ അപ്പീല്‍ കൊടുക്കണം എന്ന് നിയമത്തില്‍ വരുത്തിയ ഭേദഗതിയാല്‍ അപ്പീല്‍ കോടതി ആ കേസ് വീണ്ടും പരിശോധിക്കും. അവര്‍ക്കു വേണമെങ്കില്‍ ആദ്യം മുതല്‍ ആ കേസു വിസ്താരം തുടങ്ങാം. ഇതിനൊക്കെ കാലതാമസം വരും. ഇനി മേല്‍കോടതിയുടെ തീരുമാനം ആദ്യത്തേതില്‍നി ന്നു വ്യത്യസ്തമാണെങ്കില്‍ അടുത്ത അപ്പീല്‍ മേജര്‍ ആര്‍ച്ചുബിഷ പ്പിന്റെ കോടതിയിലാണ്. എന്നാല്‍ ഇങ്ങനെയുള്ള കാലതാമസങ്ങള്‍ ഒഴിവാക്കികൊടുക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ശ്രദ്ധിച്ചു. അതിനാല്‍ മിക്ക കേസുകളും അപ്പീല്‍ പോകാതെ രൂപതാകോടതിയില്‍ വച്ചു തന്നെ തീര്‍പ്പാകുന്നുണ്ട്.

ഒരു വിശ്വാസിയെ സംബന്ധിച്ചു വീണ്ടുമൊരു വിവാഹം ദേവാലയത്തില്‍ വച്ചു നടത്തണം എന്നാഗ്രഹിക്കുന്നുവെങ്കില്‍ ഇങ്ങനെയുള്ള സഭാ കാര്യങ്ങള്‍ക്കു വിധേയപ്പെടുക എന്നത് സ്വാഭാവിക ആവശ്യമാണ്.

എന്നാല്‍ ഇക്കാര്യത്തില്‍ അനുഭവപ്പെടുന്ന ഒരു ബുദ്ധിമുട്ട് ദമ്പതികള്‍ സിവില്‍ കോടതിയില്‍നിന്നു വിവാഹബന്ധം വേര്‍പെടുത്തി വന്നിട്ട് സഭാകോടതിയില്‍നിന്നു നിര്‍ബന്ധപൂര്‍വ്വം വിവാഹമോചനം ആവശ്യപ്പെടുന്നതാണ്. എന്നാല്‍ അതിന് സഭാനിയമപരമായ കാരണങ്ങള്‍ കാണാനാവില്ല എന്ന പ്രയാസമുണ്ട്. അക്കാര്യം വിശദീകരിച്ചു അതില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ സഭാകോടതികള്‍ വിമര്‍ശിക്കപ്പെടുന്നു. ഇത്തരം കേസു കളില്‍ സാധിക്കുന്നിടത്തോളം ഇവരെ സഹായിക്കാനും ഒരുമിപ്പിക്കാനുമുള്ള ശ്രമങ്ങളാണു നമ്മള്‍ നടത്തുന്നത്. ഇത് വളരെ ശ്രേഷ്ഠമായ ഒരു അജപാലന ശുശ്രൂഷയായിട്ടാണ് എനിക്കു തോന്നിയിട്ടുള്ളത്. കാരണം, തകര്‍ച്ചയില്‍ അകപ്പെട്ടിരിക്കുന്ന കുടുംബങ്ങളെ നിയമത്തിന്റെ ശുശ്രൂഷവഴി സഹായിക്കാന്‍ സാധിക്കുന്നു. അതു വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇത്തരത്തില്‍ സഭാകോടതിയില്‍ വിവാഹം അസാധുവാക്കപ്പെട്ട ദമ്പതികള്‍ കോടതിയുടെ തന്നെ അജപാലനപരമായ ശ്രദ്ധയും തുടരന്വേഷണവും മൂലം സംതൃപ്തിയിലും സന്തോഷത്തിലും കഴിയുന്നത് നേരിട്ടറിവുള്ള കാര്യമാണ്.

ഇന്നത്തെ വൈദികരുടെ പ്രവര്‍ത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നു? ഒരു വൈദികനുവേണ്ട അടിസ്ഥാന ഗുണം എന്തായിരിക്കണം?

വൈദികന്‍ മറ്റൊരു ക്രിസ്തുവാണ്. വൈദികനുവേണ്ട ഏറ്റവും പ്രധാനപ്പെട്ട ഗുണം വിശുദ്ധിയാണ്. അതോടൊപ്പം വേണ്ട കാര്യമാണ് വിജ്ഞാനം. മറ്റൊരു ക്രിസ്തുവായ പുരോഹിതന്‍ ശുശ്രൂഷാ മനോഭാവത്തിലും വിശുദ്ധി, വിജ്ഞാനം എന്നീ ഗുണങ്ങളിലും നിറയണം. ഇത് വെറുമൊരു ദൈ വശാസ്ത്ര പ്രസ്താവനയല്ല, ഉള്ളില്‍നിന്നു വരുന്ന ബോധ്യത്തില്‍ നിന്നാണു ഞാന്‍ പറയുന്നത്.

ഭാരതസഭ, വിശേഷിച്ചു കേരള സഭ ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളി എന്താണ്?

എന്തിനുവേണ്ടി സഭ സ്ഥാപിക്കപ്പെട്ടു, എന്തിനുവേണ്ടി സഭ നിലകൊള്ളണം. എന്താണു സഭയുടെ കാഴ്ചപ്പാട് എന്നിവയില്‍നിന്നു അല്‍പമൊക്കെ വഴുതി മാറിപ്പോയിട്ടുണ്ടോ എന്നു സംശയം പ്രകടിപ്പിക്കുന്നവരുണ്ട്. ഇതു ആഗോളസഭയെക്കുറിച്ചു തന്നെയുള്ള കാഴ്ചപ്പാടാണ്. സഭയുടെ പുരോഗതിയും വളര്‍ച്ചയും ഭൗതികമായ വളര്‍ച്ചയിലേക്ക് ചുരുങ്ങുകയാണോ എന്ന സംശയമാണത്. മറുഭാഗത്ത് വലിയ നന്മകള്‍ ഉണ്ട്. മാനുഷീക, ഭൗതിക സമൃദ്ധിയില്‍ ദൈവത്തെ വിസ്മരിക്കുന്ന ഒരു പശ്ചാത്തലം ഉണ്ടോ എന്നു നാം വിലയിരുത്തണം. സഭയുടെ നേട്ടങ്ങള്‍ എന്ന വിധത്തില്‍ വിലയിരുത്തപ്പെടുന്നത് ഭൗതികപുരോഗതിയുടെ മാനദണ്ഡമാണ് എന്ന ചിന്ത വളരുന്നുണ്ടോ എന്നു സംശയമുണ്ട്. ഭൗതികവത്കരണത്തിലേക്കുള്ള പോക്ക് സഭ നേരിടുന്ന ഒരു വെല്ലുവിളി എന്നതിനേക്കാള്‍ വലിയൊരു പ്രശ്‌നമായി കാണുന്നു. എല്ലാക്കാലത്തും വെല്ലുവിളികള്‍ ഉണ്ടായിട്ടുണ്ട്. അതു നേരിടാന്‍ കുറേ പ്രയത്‌നിക്കണം. എന്നാല്‍ പ്രശ്‌നങ്ങള്‍ നമുക്കു പരിഹരിക്കാവുന്നതേയുള്ളൂ.

ഇന്നത്തെ നമ്മുടെ മാധ്യമങ്ങളുടെ ദൗത്യനിര്‍വഹണങ്ങളെക്കുറിച്ച് എന്തു തോന്നുന്നു?

മാധ്യമങ്ങള്‍ക്ക് അവയുടേതായ ഒരു ധാര്‍മ്മികതയുണ്ട്. അതില്‍ നിലനില്‍ക്കാനും പ്രാവര്‍ത്തികമാക്കാനും അവര്‍ക്കു സാധിക്കുന്നുണ്ടോ എന്നു സംശയമാണ്. സത്യം ഒരിടത്തു നില്‍ക്കുന്നു, അതറിഞ്ഞുകൊണ്ടുതന്നെ അതല്ല സത്യം എന്നു പറയുന്നു. തങ്ങളുടേതായ താത്പര്യങ്ങള്‍ക്കനുസ രിച്ചു അതു വ്യാഖ്യാനിക്കപ്പെടുന്നു. നമ്മുടെ ആളുകള്‍ മാധ്യമങ്ങളില്‍ വരുന്നത് സത്യമാണെന്നു ചിന്തിക്കുന്നവരാണ്. ഈ ധാരണയെ മാധ്യമങ്ങള്‍ചൂഷണം ചെയ്യുന്നുണ്ടെന്നാണ് തോന്നുന്നത്. മാധ്യമങ്ങള്‍ വസ്തുനിഷ്ഠമായി എത്രമാത്രം വിമര്‍ശിച്ചാലും അതു വേദനിപ്പിക്കില്ല. എന്നാല്‍ മറ്റുവിധത്തില്‍ വിമര്‍ശിച്ച് അവതരിപ്പിക്കുമ്പോള്‍ അതു വേദനയുളവാക്കും. ക്രിയാത്മകമായ വിമര്‍ശനങ്ങളെ നാം സ്വാഗതം ചെയ്യണം. അതു നമ്മുടെ വളര്‍ച്ചയെ സഹായിക്കുകയേയുള്ളൂ.

സഭാ ഭരണസംവിധാനങ്ങളിലെ അല്മായ സാന്നിധ്യത്തെക്കുറിച്ച്?

സഭയുടെ കാഴ്ചപ്പാടനുസരിച്ച് സഭയില്‍ പൗരോഹിത്യപട്ടം സ്വീകരിക്കുന്നവര്‍ക്ക് ഒരു ഭരണാധികാരം (power of governs) ഉണ്ട്. അത് പുറത്തുള്ള ഭരണാധികാരികളുടേതായ അധികാരമല്ല. കൂദാശപരമായി ലഭിക്കുന്ന അധികാരമാണ്. ഈ കൗദാശികാധികാരത്തോട് യോജിച്ചു പ്രവര്‍ത്തിക്കുന്ന മേഖലയുണ്ട്. ഓരോ അല്‍മായനും അവരവര്‍ക്ക് കൂദാശാപരമായി ലഭിച്ചിരിക്കുന്ന അധികാരങ്ങളുണ്ട്. നിശ്ചയിക്കപ്പെട്ടിരിക്കുന്ന പരിധിയില്‍ നിന്നുകൊണ്ടു തന്നെ അവര്‍ക്കും കാര്യങ്ങള്‍ ചെയ്യാം. അച്ചന്‍മാര്‍ക്കു പറ്റാത്തതു കൊണ്ട് അല്മായരെ നിയമിച്ചിരിക്കുന്നതല്ല, മറിച്ച് അല്മായരുടെ അവകാശമാണത്. അതുകൊണ്ടു തന്നെ അല്മായര്‍ എന്ന പദത്തിന്റെ നിര്‍വചനത്തിനു പോലും വ്യത്യാസം വന്നിട്ടുണ്ട്. വൈദികരും സമര്‍പ്പിതരും അല്ലാത്ത വിശ്വാസികളൊക്കെ അല്മായര്‍ എന്നതല്ല നിര്‍വചനം. നിശ്ചിതമായ അധികാരവും അവകാശവുമുള്ള സഭയിലെ ഒരു ഗണമാണ് അല്മായര്‍. ഈ അല്മായ സഹോദരങ്ങളെ സഭയുടെ നിശ്ചയിക്കപ്പെട്ടിട്ടുള്ള സംവിധാനങ്ങളിലൂടെ നമ്മള്‍ പ്രവേശിപ്പിക്കുന്നുണ്ട്. സഭയിലെ അവരുടെ പ്രാധാന്യവും നിര്‍ണ്ണായകസ്ഥാനവും ഏവരും മനസ്സിലാക്കേണ്ടതുണ്ട്. അല്മായരും തങ്ങളുടെ കടമകളെക്കുറിച്ച് കൂടുതല്‍ ബോധ്യമുള്ളവരാകണം.

ഇന്നു വര്‍ഗ്ഗീയതയും വിഭാഗീയതയും വ്യാപകമാകുന്ന സാഹചര്യത്തില്‍ മതങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ചു എന്താണു സൂചി പ്പിക്കാനുള്ളത്?

നിങ്ങളുടെ ഇടവകയില്‍ എത്ര കുടുംബങ്ങളുണ്ടെന്ന് ഇരിമ്പന്‍ പിതാവ് ഞങ്ങളോടു ചോദിക്കുമായിരുന്നു. നൂറു വീട്ടുകാര്‍, ഇരുന്നൂറ്… എന്നൊക്കെ ഞങ്ങള്‍ മറുപടി നല്‍കുമ്പോള്‍ പിതാവു തിരുത്തും. അങ്ങനെയല്ല, കത്തോലിക്കര്‍ നൂറായിരിക്കാം. പക്ഷെ മറ്റു വിഭാഗത്തില്‍പ്പെട്ടവരും നമ്മുടെ ഇടവ കാംഗങ്ങള്‍ തന്നെയാണെന്നു പിതാവു പറഞ്ഞിരുന്നു. കത്തോലിക്കര്‍ക്കു മാത്രമല്ല നമ്മള്‍ ശുശ്രൂഷ ചെയ്യേണ്ടത്, മറ്റുള്ളവരെക്കൂടി പരിഗണിക്കണം. നമ്മള്‍ അങ്ങനെ ചെയ്യുന്നുണ്ടല്ലോ. ഇവിടെ കത്തോലിക്കര്‍ കുറവാണെങ്കിലും അക്രൈസ്തവരുടെയും ഇതര ക്രൈസ്തവ വിഭാഗങ്ങളുടെയും ഇടയില്‍ ഇറങ്ങിച്ചെന്നു പ്രവര്‍ത്തിക്കാനുള്ള മേഖലകളും സ്വാതന്ത്ര്യവും നമുക്കുണ്ട്. മതമൈത്രി നിലനില്‍ക്കുന്ന നല്ലൊരു പ്രദേശമാണിത്. പരസ്പര വിദ്വേഷമോ വര്‍ഗ്ഗീയ പ്രശ്‌നങ്ങളോ ഇവിടെ ഇല്ല. അത്തരത്തില്‍ നല്ലൊരു പാരമ്പര്യം ഉണ്ട്. അത് നിലനിറുത്തിക്കൊണ്ടുപോകണമെന്നാണ് ആ ഗ്രഹം. അതുപോലെ ഇവിടെയുള്ള എപ്പിസ്‌ക്കോപ്പല്‍ സഭാവിഭാഗങ്ങളുമായി നല്ല ബന്ധത്തിലാണു നാം മുന്നോട്ടുപോകുന്നത്. പരസ്പരം സഹായിച്ചും സഹകരിച്ചും നല്ല ഐക്യത്തിലാണു സഹവസിക്കുന്നത്. പാലക്കാട് എക്യുമെനിക്കല്‍ മൂവ്‌മെന്റ് എന്ന പ്രസ്ഥാനം അതിന്റെ ഭാഗമാണ്.

മാര്‍ കൊച്ചുപുരയ്ക്കല്‍ – ജീവിതരേഖ

പാലക്കാട് രൂപതയുടെ സഹായമെത്രാനായി അഭിഷേകം ചെയ്യപ്പെടുന്ന മോണ്‍. പീറ്റര്‍ കൊച്ചുപുരയ്ക്കല്‍, പാലാ രൂപതയിലെ മരങ്ങോലിയില്‍ കൊച്ചുപുരയ്ക്കല്‍ മാണി-ഏലിക്കുട്ടി ദമ്പതികളുടെ ആറാമത്തെ മകനായി 1964 മെയ്് 29-നാണു ജനിച്ചത്. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം വൈദിക പരിശീലനത്തിനായി പാലക്കാട് രൂപത മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. ആലുവ പൊന്തിഫിക്കല്‍ സെമിനാരിയില്‍ നിന്നു വൈദിക പരിശീലനം പൂര്‍ത്തിയാക്കി 1990 ഡിസംബര്‍ 19-ന് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ പിതാവില്‍ നിന്നു വൈദികപട്ടം സ്വീകരിച്ചു. പൗരോഹിത്യ സ്വീകരണത്തിനു ശേഷം ബാംഗ്ലൂരിലെ സെന്റ് പീറ്റേഴ്‌സ് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനം നടത്തി. തുടര്‍ന്ന് രൂപതയിലെ വിവിധ ഇടവകകളിലും സ്ഥാപനങ്ങളിലും ശുശ്രൂഷ ചെയ്തു. റോമിലെ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സഭാ കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടി.

ഉപരിപഠനത്തിനു ശേഷം വിവിധ ഇടവകകളില്‍ വികാരിയായും രൂപതാ മൈനര്‍ സെമിനാരി റെക്ടറായും ജുഡീഷ്യല്‍ വികാരിയായും സേവനം ചെയ്തു. രൂപതാ ചാന്‍സലര്‍ സെമിനാരിക്കാരുടെയും സമര്‍പ്പിതരുടെയും പ്രത്യേക ഉത്തരവാദിത്തമുള്ള സിഞ്ചെലൂസ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുമ്പോഴാണ് രൂപതയുടെ സഹായമെത്രാനായി നിയമിതനാകുന്നത്. സഭാ നിയമപണ്ഡിതന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ മാര്‍ കൊച്ചുപുരയ്ക്കലിനു ഇംഗ്ലീഷിനു പുറമേ ഇറ്റാലിയന്‍, ജര്‍മ്മന്‍ എന്നീ ഭാഷകളിലും പ്രാവീണ്യമുണ്ട്.

Leave a Comment

*
*