എറണാകുളം-അങ്കമാലി മെത്രാപ്പോലീത്തായുടെ പ്രാഥമ്യവും പ്രാമുഖ്യവും

എറണാകുളം-അങ്കമാലി മെത്രാപ്പോലീത്തായുടെ പ്രാഥമ്യവും പ്രാമുഖ്യവും

ഡോ. പോള്‍ തേനായന്‍

ഉത്ഭവം അപ്പസ്തോലികമെങ്കിലും വൈദേശിക കല്‍ദായ-ലത്തീന്‍ സഭാസാരഥികളുടെ കീഴില്‍ 19 നൂറ്റാണ്ടുകാലം വളര്‍ന്നും തളര്‍ന്നും വിശ്വാസദീപം കെടാതെ സൂക്ഷിച്ച ചരിത്രമാണു സീറോ-മലബാര്‍ സഭയ്ക്കുള്ളത്. കേരള സഭയ്ക്കു സ്വദേശ മെത്രാന്മാരെ ലഭിക്കുവാന്‍ വേണ്ടി നടന്നിട്ടുള്ള യാതനാപൂര്‍ണമായ ധര്‍മസമരങ്ങളുടെ ഒടുവിലാണ് 1896-ല്‍ ലെയോ 13-ാമന്‍ മാര്‍പാപ്പ സീറോ-മലബാര്‍ സഭാംഗങ്ങള്‍ക്കായി മൂന്നു വികാരിയാത്തുകള്‍ സ്ഥാപിച്ചത്. 1923-ല്‍ 11-ാം പീയൂസ് മാര്‍പാപ്പ സീറോ-മലബാര്‍ ഹൈരാര്‍ക്കി സ്ഥാപിച്ചപ്പോള്‍ എറണാകുളത്തെ മെത്രാപ്പോലീത്തന്‍ സഭയുടെ പദവിയിലേക്കും മഹിമയിലേക്കും ഉയര്‍ത്തി ശ്രേയസ്കരിച്ചു (Romani Pontifices). ഇതോടെ എറണാകുളം അതിരൂപതയ്ക്കും അതിന്‍റെ കാലാകാലങ്ങളിലെ മെത്രാപ്പോലീത്തമാര്‍ക്കും വിശേഷ അവകാശാധികാരങ്ങളും ബഹുമതികളും പ്രത്യേകമായും പൊതുവായും ലഭിച്ചു. ചങ്ങനാശ്ശേരി, തൃശൂര്‍, കോട്ടയം സിംഹാസനങ്ങളെ എറണാകുളം മെത്രാപ്പോലീത്തന്‍ സിംഹാസനത്തിനു കീഴില്‍ സഫ്രഗന്‍ രൂപതകളായി സ്ഥാപിച്ചു.
1956 ജൂലൈ 20-ന് അഭിവന്ദ്യ ജോസഫ് പാറേക്കാട്ടില്‍ പിതാവ് എറണാകുളം മെത്രാപ്പോലീത്തയായി നിയമിതനായി. അദ്ദേഹത്തിന്‍റെ കീഴില്‍ എറണാകുളത്തിന്‍റെ പുരോഗതി അസൂയാവഹമായിരുന്നു. മാര്‍തോമാ ക്രിസ്ത്യാനികളുടെ ഈ അപ്പസ്തോലികസഭ ഇന്നല്ലെങ്കില്‍ നാളെ ഒരു പേട്രിയാര്‍ക്കല്‍ സഭയായി ഉയരുമെന്ന പ്രതീക്ഷയില്‍ അവളുടെ സര്‍വതോമുഖമായ വളര്‍ച്ചയ്ക്കുവേണ്ടി അദ്ദേഹം അത്യദ്ധ്വാനം ചെയ്തു.
ആര്‍ച്ച്ബിഷപ് പാറേക്കാട്ടിലിന്‍റെ പുരോഗമനാത്മകമായ സഭാശുശ്രൂഷ സര്‍വരാലും ശ്രദ്ധിക്കപ്പെടുകയും ശ്ലാഘിക്കപ്പെടുകയും ചെയ്തു. 1968 ജനുവരി 14-നു കേരളത്തിലെത്തിയ പൗരസ്ത്യസഭകള്‍ക്കുവേണ്ടിയുള്ള റോമിലെ സഭാകാര്യാലയത്തിന്‍റെ അധിപന്‍ കാര്‍ഡി. ഫുസ്റ്റന്‍ബര്‍ഗ് സീറോ-മലബാര്‍ സഭയുടെ അഭൂതപൂര്‍വമായ വളര്‍ച്ചയും അതിനെല്ലാം നേതൃത്വം നല്കുന്ന ആര്‍ച്ച്ബിഷപ് പാറേക്കാട്ടിലിന്‍റെ വ്യക്തിപ്രാഭവവും മനസ്സിലാക്കി റോമില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അധികം വൈകാതെ പോള്‍ ആറാമന്‍ മാര്‍പാപ്പ പാറേക്കാട്ടില്‍ പിതാവിനു കര്‍ദിനാള്‍ പദവി നല്കി ആദരിച്ചു. സീറോ-മലബാര്‍ സഭയുടെയും എറണാകുളം അതിരൂപതയുടെയും പ്രാഥമ്യത്തിന്‍റെയും പ്രാമുഖ്യത്തിന്‍റെയും പ്രശസ്തിയുടെയും സുവര്‍ണകാലം അതിന്‍റെ അത്യുച്ചകോടിയിലെത്തിയ സുന്ദരനിമിഷം. എറണാകുളത്തിനു നല്കിപ്പോന്ന ഈ പ്രാഥമ്യവും പ്രാമുഖ്യവും പരിഗണിച്ചുതന്നെയാണ് ഈ സഭയെ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയായി ഉയര്‍ത്തിയപ്പോള്‍ സഭയുടെ പേരുതന്നെ 'എറണാകുളം-അങ്കമാലി മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭ' എന്നാക്കിയത്.
ചരിത്രപരമായ കാരണങ്ങളാലാണ് അങ്കമാലികൂടി എറണാകുളത്തോടു ചേര്‍ത്ത് ഇരട്ടപ്പേരില്‍ ഈ സഭ അറിയപ്പെടണമെന്നു പരിശുദ്ധ സിംഹാസനം നിഷ്കര്‍ഷിച്ചത്. ലത്തീന്‍ സഭാധികാരികള്‍ അങ്കമാലിയെ അവഗണിക്കുകയും 1588 ഡിസംബര്‍ 20-നു മാര്‍പാപ്പ അങ്കമാലി മെത്രാപ്പോലീത്തന്‍ സഭയെ ഗോവന്‍ ലത്തീന്‍ രൂപതയുടെ സഫ്രഗന്‍ രൂപതയാക്കുകയും ചെയ്തു. മാര്‍തോമാ ക്രിസ്ത്യാനികളുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് 1608-ല്‍ അങ്കമാലിക്കു മെത്രാപ്പോലീത്തന്‍ പദവി തിരിച്ചുനല്കിയെങ്കിലും പേരു കൊടുങ്ങല്ലൂര്‍ എന്നാക്കുകയും അന്നു പോര്‍ച്ചുഗീസ് സീമയിലായിരുന്ന (Padroado) കൊടുങ്ങല്ലൂര്‍ക്ക് ആസ്ഥാനം മാറ്റുകയും ചെയ്തു. ഉദയംപേരൂര്‍ സൂനഹദോസ് വരെ മാര്‍തോമാ ക്രിസ്ത്യാനികളുടെ ആസ്ഥാനകേന്ദ്രം അങ്കമാലിയായിരുന്നു. അവരുടെ അവസാനത്തെ പൗരസ്ത്യ സുറിയാനി മെത്രാനായിരുന്ന മാര്‍ അബ്രാഹം ഭരിച്ചതും മരിച്ചതും അങ്കമാലിയിലാണ്. തുടര്‍ന്നു നിയമിതനായ ലത്തീന്‍കാരനായിരുന്ന റോസ് മെത്രാന്‍ മാര്‍ തോമാ ക്രിസ്ത്യാനികളെ ഭരിച്ചതും അങ്കമാലിയില്‍ താമസിച്ചുകൊണ്ടാണ്.
1992 ഡിസംബര്‍ 16-നു നമ്മുടെ സഭയെ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ പദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ടു പരി. സിംഹാസനം രണ്ടു പ്രമാണരേഖകള്‍ പുറപ്പെടുവിച്ചു. ഇവ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍നിന്നു പ്രസിദ്ധീകരിക്കുന്ന 'സിനഡല്‍ ന്യൂസ്' വാല്യം 1 പേജ് 12-13-ല്‍ ചേര്‍ത്തിട്ടുണ്ട്. സ്റ്റേറ്റ് സെക്രട്ടറി കാര്‍ഡി. സൊഡാനോയും ജോണ്‍ പോള്‍ രണ്ടാമനും ഒപ്പിട്ടിരിക്കുന്ന രേഖകളില്‍ നിന്നു പ്രസക്ത ഭാഗങ്ങള്‍ ഇവിടെ കുറിക്കട്ടെ.
1. We constitute the Syro-Malabar Church as a Major Archiepiscopal
Church under the title of Ernakulam-Angamaly.
2. … and the permanent residential see of the Archbishop Major shall be situated in the very same town of Ernakulam.
3. … it appeared to us quite befitting to effect change in the name of the Syro-Malabar Church as Ernakualm-Angamaly Major Archepiscopal Church.
കാര്‍ഡിനല്‍ സൊഡാനോ ഒപ്പിട്ട കത്തിലെ പ്രസക്ത ഭാഗങ്ങള്‍:
1. സീറോ-മലബാര്‍ സഭയെ എറണാകുളം-അങ്കമാലി പേരു ചാര്‍ത്തി മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയായി സംവിധാനം ചെയ്യുന്നു.
2. മേജര്‍ ആര്‍ച്ച്ബിഷപ്പിന്‍റെ ആസ്ഥാനമന്ദിരം എറണാകുളം പട്ടണത്തില്‍ത്തന്നെയായിരിക്കണം.
ജോണ്‍ പോള്‍ രണ്ടാമന്‍ തന്നെ ഒപ്പിട്ടയച്ച രണ്ടാമത്തെ രേഖയിലെ സുപ്രധാന കാര്യങ്ങള്‍:
1. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ വ്യക്തിസഭകളെക്കുറിച്ചുള്ള പ്രമാണരേഖ (OE – 2)യുടെ പശ്ചാത്തലത്തില്‍ സീറോ-മലബാര്‍ സഭയുടെ പേര് എറണാകുളം-അങ്കമാലി മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയെന്നു മാറ്റുക തീര്‍ത്തും ഉചിതമാണെന്നു നമുക്കു ബോദ്ധ്യം വന്നിരിക്കുന്നു.
3. കാര്‍ഡിനല്‍ പടിയറയെ എറണാകുളം-അങ്കമാലി മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ മെത്രാപ്പോലീത്തയായി മാര്‍പാപ്പ നാമനിര്‍ദ്ദേശം ചെയ്യുന്നു, പ്രഖ്യാപിക്കുന്നു, സംവിധാനം ചെയ്യുന്നു. (മേജര്‍ ആര്‍ച്ച്ബിഷപ്പായി നിയമിക്കുന്നില്ല; മെത്രാപ്പോലീത്തയായി നാമനിര്‍ദ്ദേശം ചെയ്യുന്നു. മേജര്‍ ബിഷപ്പായിരിക്കുക എന്നത് എറണാകുളം മെത്രാപ്പോലീത്തായുടെ ഒരു സവിശേഷചുമതലയാണ് (Prerogative).
4. ഇക്കാര്യം എല്ലാ വൈദികരെയും വിശ്വാസികളെയും അറിയിക്കണം.
എറണാകുളം-അങ്കമാലി മെത്രാപ്പോലീത്തായും അതിനാല്‍ത്തന്നെ നമ്മുടെ സഭയുടെ തലവനും പിതാവുമായിരുന്ന മേജര്‍ ആര്‍ച്ച്ബിഷപ് കാര്‍ഡിനല്‍ മാര്‍ വര്‍ക്കി വിതയത്തില്‍ 2011 ഏപ്രില്‍ 1-നു കാലം ചെയ്തു. കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ ചേര്‍ന്ന മെത്രാന്മാരുടെ സിനഡ് അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായി തക്കല രൂപതാദ്ധ്യക്ഷനായിരുന്ന മാര്‍ ജോര്‍ജ് ആലഞ്ചേരിയെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും കാക്കനാട് സഭാകാര്യാലയത്തില്‍ നടന്നതു വിശ്വാസികളുടെ ഇടയില്‍ വലിയ തെറ്റിദ്ധാരണ പരക്കാന്‍ ഇടയാക്കി. എറണാകുളം-അങ്കമാലിക്ക് ഒരു മെത്രാപ്പോലീത്തയെയാണു തിരഞ്ഞെടുത്തതെന്നു പലരും അറിഞ്ഞില്ല. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ തിരഞ്ഞെടുപ്പ് അംഗീകരിച്ച് ഉറപ്പിച്ചെഴുതിയ കത്തും പലരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. "എറണാകളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തായായുള്ള അങ്ങയുടെ കാനോനിക തിരഞ്ഞെടുപ്പു ഞാന്‍ സന്തോഷപൂര്‍വം അംഗീകരിച്ചുറപ്പിക്കുന്നു – പാപ്പ ബെനഡിക്ട്."
മറ്റു രൂപതകള്‍ക്ക് എന്നതുപോലെ എറണാകുളത്തിനും അനുയോജ്യനായ ഒരാളെ മെത്രാപ്പോലീത്തയായി സിനഡ് പിതാക്കന്മാര്‍ തിരഞ്ഞെടുക്കും. അദ്ദേഹമായിരിക്കും മേജര്‍ ആര്‍ച്ച്ബിഷപ്പിന്‍റെ സവിശേഷ ചുമതല. മെത്രാന്മാര്‍ക്കും വൈദികര്‍ക്കും വിശ്വാസികള്‍ക്കും ഇക്കാര്യത്തില്‍ വ്യക്തത വേണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org