ഏവര്‍ക്കും പ്രിയങ്കരനായ മോണ്‍. കൊച്ചുപുരയ്ക്കല്‍ : ബിഷപ് ജേക്കബ് മനത്തോടത്ത്

ഏവര്‍ക്കും പ്രിയങ്കരനായ മോണ്‍. കൊച്ചുപുരയ്ക്കല്‍ : ബിഷപ് ജേക്കബ് മനത്തോടത്ത്

45 വര്‍ഷം പിന്നിട്ട പാലക്കാട് രൂപതയ്ക്ക് സന്തോഷവും അഭിമാനവും നല്‍കുന്ന സദ്വാര്‍ത്തയാണ് മോണ്‍. പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ രൂപതയുടെ സഹായ മെത്രാനായി നിയമിതനാകുന്നത്. രൂപതയിലെ വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും അല്‍മായര്‍ക്കുമെല്ലാം ഏറെ സ്വീകാര്യനായ വ്യക്തിയാണദ്ദേഹം. അദ്ദേഹത്തിന്റെ പുതിയ നിയോഗത്തില്‍ രൂപത മുഴുവനും സന്തോഷിക്കുകയാണ്. ആര്‍ക്കും എതിരഭിപ്രായമില്ലാത്ത ഏറ്റവും യോഗ്യനായ വ്യക്തിയെയാണ് പാലക്കാട് രൂപതയുടെ സഹായമെത്രാനായി ലഭിച്ചിരിക്കുന്നത്.

കാര്യപ്രാപ്തിയും വിശുദ്ധിയും വിജ്ഞാനവുമുള്ള നിയുക്ത സഹായമെത്രാന്‍ ശാന്തനും കാര്യങ്ങള്‍ ശരിയായി വിലയിരുത്തി ഉറച്ച നിലപാടുകള്‍ എടുക്കാന്‍ കഴിവുള്ള വ്യക്തിയുമാണ്.

പലവിധ രംഗങ്ങളില്‍ പരിചയസമ്പന്നനായ അദ്ദേഹം നല്ലൊരു അജപാലകനാണ്. ഏതു രംഗത്തു നിയോഗിക്കപ്പെട്ടാലും എല്ലാവരുടെയും സഹകരണം ഉറപ്പാക്കിക്കൊണ്ടുള്ള ശുശ്രൂഷയാണ് അദ്ദേഹം നിര്‍വ്വഹിച്ചിട്ടുള്ളത്.

പാലക്കാട് രൂപതാധ്യക്ഷന്‍ എന്ന വിധത്തില്‍ 23 വര്‍ഷങ്ങള്‍ പിന്നിടുന്ന എനിക്ക് പുതിയ സഹായമെത്രാന്റെ നിയമനം വ്യക്തിപരമായി ഏറെ സന്തോഷം നല്‍കുന്നതാണ്. ഇരിമ്പന്‍ പിതാവിന്റെ പിന്‍ഗാമിയായി രൂപതാഭരണം ഏറ്റെടുക്കുമ്പോള്‍ ആധ്യാത്മികമായും ഭൗതികമായും രൂപതയെ പുരോഗതിയിലേക്കു നയിക്കുക എന്ന ഉത്തരവാദിത്വമാണ് എന്നില്‍ നിക്ഷിപ്തമായിരുന്നത്. ആ ദൗത്യം മുന്നില്‍ കണ്ടു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നു തന്നെയാണ് എന്റെ ബോധ്യം. ഇക്കാര്യത്തില്‍ രൂപതയിലെ വൈദികരുടെ പിന്തുണ എപ്പോഴും ഉണ്ടായിരുന്നു. അത് എനിക്കു കിട്ടിയ വലിയ നേട്ടമാണെന്നു ഞാന്‍ കരുതുന്നു. ദൈവജനത്തെ നയിക്കുക, പഠിപ്പിക്കുക, വിശുദ്ധീകരിക്കുക എന്ന ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ ദൈവം ഇടവരുത്തി. ആ വിധത്തില്‍ രൂപതയെ നയിക്കാനും സാധ്യമായ വിധത്തില്‍ പുരോഗതിയിലേക്കു വളര്‍ത്താനും കഴിഞ്ഞു എന്നതില്‍ സന്തോഷവും സംതൃപ്തിയുമുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org