നോമ്പ്: വിശ്വാസവും പ്രത്യാശയും സ്‌നേഹവും നവീകരിക്കുന്നതിനുള്ള കാലം

നോമ്പ്: വിശ്വാസവും പ്രത്യാശയും സ്‌നേഹവും നവീകരിക്കുന്നതിനുള്ള കാലം

– ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നോമ്പുകാല സന്ദേശം

വിശ്വസിക്കുന്നതിനും പ്രത്യാശിക്കുന്നതിനും സ്‌നേഹിക്കുന്നതിനുമുള്ള സമയമാണ് നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും. ജീവിക്കുന്ന ക്രിസ്തുവില്‍ നിന്നു വരുന്ന വിശ്വാസത്തെയും പരിശുദ്ധാത്മാവിന്റെ നിശ്വാസത്താല്‍ പ്രചോദിതമായ പ്രത്യാശയെയും പിതാവിന്റെ കരുണാര്‍ദ്ര ഹൃദയത്തില്‍ നിന്നൊഴുകുന്ന സ്‌നേഹത്തെയും പുനരുജ്ജീവിപ്പിക്കാനും നമ്മുടെ നന്മകള്‍ പങ്കു വയ്ക്കാനും നോമ്പ് നമ്മെ സഹായിക്കുന്നു.

ഉപവാസവും പ്രാര്‍ത്ഥനയും ദാനധര്‍മ്മവും നമ്മുടെ മാനസാന്തരം പ്രാപ്തമാക്കുകയും പ്രകടമാക്കുകയും ചെയ്യുന്നു. ആത്മാര്‍ത്ഥമായ വിശ്വാസത്തിന്റെയും സജീവമായ പ്രത്യാശയുടെയും ഫലപ്രദമായ ഉപവിയുടെയും ജീവിതം നയിക്കാന്‍ ദാരിദ്ര്യത്തിന്റെയും ത്യാഗത്തിന്റെയും (ഉപവാസം), പാവങ്ങളോടുള്ള കരുതലിന്റെയും സ്‌നേഹത്തിന്റെയും (ദാനധര്‍മ്മം), പിതാവുമായുള്ള ശിശുസഹജമായ സംഭാഷണത്തിന്റെയും (പ്രാര്‍ത്ഥന) പാത നമ്മെ പ്രാപ്തരാക്കുന്നു.
ഉപവാസം
ഉപവസിക്കുന്നവര്‍ പാവങ്ങളോടൊപ്പം പാവങ്ങളായി തീരുകയും തങ്ങള്‍ സ്വീകരിക്കുകയും പങ്കുവയ്ക്കുകയും ചെയ്ത സ്‌നേഹത്തിന്റെ നിധി സ്വരുക്കൂട്ടുകയും ചെയ്യുന്നു. ഈ വിധത്തില്‍ ദൈവത്തെയും അയല്‍ക്കാരനെയും സ്‌നേഹിക്കാന്‍ ഉപവാസം നമ്മെ സഹായിക്കുന്നു.
വിശ്വാസം
നോമ്പ് വിശ്വസിക്കുന്നതിനുള്ള സമയമാണ്. ദൈവത്തെ നമ്മുടെ ജീവിതങ്ങളിലേക്കു സ്വീകരിക്കുന്നതിനും 'നമുക്കിടയില്‍ വസിക്കാന്‍' (യോഹ. 14:23) അവനെ അനുവദിക്കുന്നതിനുമുള്ള സമയം. നമ്മെ വലിച്ചു താഴ്ത്തുന്ന എല്ലാത്തരം ഭാരങ്ങളില്‍ നിന്നും – ഉപഭോഗത്വരയോ ശരിയോ തെറ്റോ ആയ വിവരങ്ങളുടെ ആധിക്യമോ പോലെയുള്ളവ – സ്വന്ത്രരാകുക എന്നതു ഉപവാസത്തിലുണ്ട്. നമ്മിലേയ്ക്കു വരുന്ന അവനു വേണ്ടി നമ്മുടെ ഹൃദയങ്ങളുടെ വാതിലുകള്‍ തുറക്കുന്നതിന് ഇതാവശ്യമാണ്. എല്ലാ കാര്യങ്ങളിലും ദരിദ്രനായി, എന്നാല്‍ 'സത്യവും കൃപയും നിറഞ്ഞവനായി' (യോഹ. 1:14) ആണ് അവന്‍ വരുന്നത്: നമ്മുടെ രക്ഷകനായ ദൈവപുത്രന്‍.
പ്രത്യാശ
പ്രശ്‌നകാലങ്ങളില്‍, എല്ലാം അനിശ്ചിതവും ബലഹീനവുമായി കാണപ്പെടുമ്പോള്‍, പ്രത്യാശയെ കുറിച്ചു സംസാരിക്കുക വെല്ലുവിളിയായി തോന്നിയേക്കാം. എങ്കിലും, നോമ്പ് കൃത്യമായും പ്രത്യാശയുടെ സമയമാണ്. തന്റെ സൃഷ്ടിജാലത്തിനു നിരന്തരം ക്ഷമാപൂര്‍വം കരുതലേകുന്ന ദൈവത്തിലേക്കു നാം തിരിയുന്ന സമയം. അനുരഞ്ജനത്തില്‍ പ്രത്യാശ വയ്ക്കാന്‍ വി. പൗലോസ് നമ്മോട് ആവശ്യപ്പെടുന്നു. കൂദാശയില്‍ ക്ഷമ സ്വീകരിക്കുന്ന നാം മറ്റുള്ളവരിലേയ്ക്ക് അതു പകരുകയും വേണം. മറ്റുള്ളവരെ ശ്രദ്ധാപൂര്‍വം ശ്രവിച്ചുകൊണ്ടും ദുഃഖവും വേദനയും അനുഭവിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കിക്കൊണ്ടും മറ്റുള്ളവരിലേയ്ക്ക് ക്ഷമ പകരാന്‍ സാധിക്കും. നമ്മുടെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും നല്‍കപ്പെടുന്ന ക്ഷമ സാഹോദര്യത്തിന്റെ ഈസ്റ്റര്‍ അനുഭവിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നു.
നോമ്പുകാലത്ത്, "ദുഃഖമോ നിന്ദയോ അവഹേളനമോ ദേഷ്യമോ പകരുന്ന വാക്കുകളേക്കാള്‍ സൗഖ്യവും ആശ്വാസവും പ്രോത്സാഹനവും ശക്തിയും പകരുന്ന വാക്കുകള്‍ സംസാരിക്കുവാന്‍" നമുക്കു കൂടുതല്‍ താത്പര്യപ്പെടാം. മറ്റുള്ളവര്‍ക്കു പ്രത്യാശ പകരുവാന്‍ നാം ചിലപ്പോള്‍ വെറുതെ ദയയുള്ളവരായാല്‍ മാത്രം മതി, "പൊതുവായ ഉദാസീനതയുടെ ഇടയില്‍, മറ്റുള്ളവരുടെ കാര്യത്തില്‍ താത്പര്യം കാണിക്കാനും പുഞ്ചിരി നല്‍കാനും പ്രോത്സാഹനത്തിന്റെ ഒരു വാക്കു പറയാനും തയ്യാറായാല്‍ മതി" (ഫ്രത്തെല്ലി തൂത്തി).
വിചിന്തനത്തിലൂടെയും മൗനപ്രാര്‍ത്ഥനയിലൂടെയും പ്രചോദനമായും ആന്തരീക പ്രകാശമായും നമ്മിലേയ്ക്കു പ്രചോദനം പകരപ്പെടുന്നു. നമ്മുടെ വെല്ലുവിളികളെയും നമ്മുടെ ദൗത്യത്തില്‍ നാം നേരിടുന്ന തിരഞ്ഞെടുപ്പുകളെയും അതു പ്രകാശിപ്പിക്കുന്നു. അതാണു പ്രാര്‍ത്ഥനയുടെ ആവശ്യം. രഹസ്യത്തില്‍, പിതാവിന്റെ ആര്‍ദ്രസ്‌നേഹവുമായി സംഗമിക്കേണ്ടതിന്റെ ആവശ്യം.
സ്‌നേഹം
സ്‌നേഹമാണ് നമ്മുടെ വിശ്വാസത്തിന്റെയും പ്രത്യാശയുടെയും പരമമായ പ്രകാശനം. ക്രിസ്തുവിന്റെ കാലടികളെ പിന്തുടര്‍ന്നുകൊണ്ട്, എല്ലാവരോടും കരുതലും അനുകമ്പയും പുലര്‍ത്തുന്ന സ്‌നേഹം.
മറ്റുള്ളവരുടെ വളര്‍ച്ചയില്‍ സ്‌നേഹം സന്തോഷിക്കുന്നു. മറ്റുള്ളവരുടെ ആകുലതകളിലും ഏകാന്തതയിലും രോഗത്തിലും ഭവനരാഹിത്യത്തിലും നിസ്സഹായതയിലും സ്‌നേഹം വേദനയനുഭവിക്കുകയും ചെയ്യുന്നു. ഹൃദയത്തിന്റെ ഒരു കുതിച്ചുചാട്ടമാണ് സ്‌നേഹം; അതു നമ്മെ നമ്മില്‍ നിന്നു പുറത്തു കടത്തുകയും പങ്കുവയ്പിന്റെയും കൂട്ടായ്മയുടെയും ബന്ധങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.
"സ്‌നേഹത്തിന്റെ സംസ്‌കാരത്തിലേയ്ക്കുള്ള വളര്‍ച്ചയെ സാമൂഹ്യസ്‌നേഹം സഹായിക്കുന്നു. സാര്‍വത്രികതയിലേക്കു സ്വാഭാവിക ചായ്‌വുള്ളതാണു സ്‌നേഹം. അത് ഒരു നവലോകം പടുത്തുയര്‍ത്താന്‍ പര്യാപ്തമാണ്. വെറും വികാരമല്ല സ്‌നേഹം, എല്ലാവര്‍ക്കും വളര്‍ച്ചയ്ക്കുള്ള ഫലപ്രദമായ മാര്‍ഗങ്ങള്‍ കണ്ടെത്താനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് അത്" (ഫ്രത്തെല്ലി തൂത്തി).
നമ്മുടെ ജീവിതങ്ങള്‍ക്ക് അര്‍ത്ഥം പകരുന്ന വരദാനമാണു സ്‌നേഹം. സഹായമര്‍ഹിക്കുന്നവരെ നമ്മുടെ സ്വന്തം കുടുംബാംഗങ്ങളായും സുഹൃത്തുക്കളായും സഹോദരങ്ങളായും കാണാന്‍ അതു നമ്മെ പ്രാപ്തരാക്കുന്നു. ഒരു ചെറിയ തുക, അതു സ്‌നേഹത്തോടെയാണു നല്‍കുന്നതെങ്കില്‍, ഒരിക്കലും അവസാനിക്കുന്നില്ല, മറിച്ച് ജീവന്റെയും സന്തോഷത്തിന്റെയും ഒരു ഉറവയായി മാറുകയും ചെയ്യുന്നു. ഏലിയാ പ്രവാചകനു ഭക്ഷണം കൊടുത്ത സറേഫാത്തിലെ വിധവയുടെ കലത്തിലെ മാവിനും ഭരണിയിലെ എണ്ണയ്ക്കും സംഭവിച്ചത് അതാണ് (1 രാജാ. 17:7-16). ആള്‍ക്കൂട്ടത്തിനു നല്‍കാന്‍ ശിഷ്യന്മാരുടെ പക്കല്‍ യേശു വിഭജിച്ചു നല്‍കിയ അപ്പത്തിനും സംഭവിച്ചത് അതാണ്. (മര്‍ക്കോ. 6:30-44). സന്തോഷത്തോടെയും എളിമയോടെയുമാണു നല്‍കുന്നതെങ്കില്‍ നമ്മുടെ ദാനധര്‍മ്മത്തിന്റെ കാര്യവും – അതു ചെറുതോ വലുതോ ആകട്ടെ- അതു തന്നെയാണ്.
നോമ്പ് സ്‌നേഹത്തോടെ അനുഷ്ഠിക്കുകയെന്നാല്‍ കോവിഡ് പകര്‍ച്ചവ്യാധി മൂലം ഭയചകിതരും ഉപേക്ഷിക്കപ്പെട്ടവരും കഷ്ടത സഹിക്കുന്നവരുമായ ആളുകള്‍ക്കു കരുതലേകുക എന്നതാണ്. ഭാവിയെക്കുറിച്ച് കടുത്ത അനിശ്ചിതത്വം നിലനില്‍ക്കുന്ന ഈ ദിവസങ്ങളില്‍ കര്‍ത്താവ് തന്റെ ദാസനോട് അരുള്‍ ചെയ്ത വാക്കുകള്‍ മനസ്സില്‍ സൂക്ഷിക്കുക, "ഭയപ്പെടേണ്ട, ഞാന്‍ നിന്നെ രക്ഷിച്ചിരിക്കുന്നു" (ഏശ. 43:1). നമ്മുടെ ഉപവിപ്രവര്‍ത്തനങ്ങളില്‍ നാം ധൈര്യപ്പെടുത്തുന്ന വിധം സംസാരിക്കുകയും ദൈവത്തിന്റെ മക്കളാണെന്നു സ്വയം മനസ്സിലാക്കാന്‍ മറ്റുള്ളവരെ സഹായിക്കുകയും വേണം.
വിശ്വസിക്കുന്നതിനും പ്രത്യാശിക്കുന്നതിനും സ്‌നേഹിക്കുന്നതിനുമുള്ള സമയമാണ് നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും. ജീവിക്കുന്ന ക്രിസ്തുവില്‍ നിന്നു വരുന്ന വിശ്വാസത്തെയും പരിശുദ്ധാത്മാവിന്റെ നിശ്വാസത്താല്‍ പ്ര ചോദിതമായ പ്രത്യാശയെയും പിതാവിന്റെ കരുണാര്‍ദ്ര ഹൃദയത്തില്‍ നിന്നൊഴുകുന്ന സ്‌നേഹത്തെയും പുനരുജ്ജീവിപ്പിക്കാനും നമ്മുടെ നന്മകള്‍ പങ്കു വയ്ക്കാനും നോമ്പ് നമ്മെ സഹായിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org