Latest News
|^| Home -> Cover story -> സാമ്പത്തിക മാന്ദ്യം സത്യമോ മിഥ്യയോ?

സാമ്പത്തിക മാന്ദ്യം സത്യമോ മിഥ്യയോ?

Sathyadeepam

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ നോട്ടു റദ്ദാക്കലും ജിഎസ്ടിയും ഏല്‍പിച്ച ആഘാതങ്ങള്‍ സാധാരണക്കാരന്‍റെ നിത്യജീവിതം താറുമാറാക്കിയിരിക്കുകയാണ്. ഈ രണ്ടു നീക്കങ്ങളും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ അനൗപചാരിക മേഖലയെ തകര്‍ത്തുവെന്ന ആക്ഷേപം പരക്കെയുണ്ട്. അനൗപചാരിക മേഖലയുടെ തളര്‍ച്ച വന്‍കിടക്കാര്‍ക്കു ഗുണകരമായി ഭവിക്കുമ്പോള്‍ സാമാന്യജനത്തിന്‍റെ ജീവിത പരിസരങ്ങള്‍ പ്രതിസന്ധിയിലാകുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. നോട്ടു റദ്ദാക്കലും ജിഎസ്ടിയും ഉയര്‍ത്തുന്ന സാമ്പത്തിക മാന്ദ്യത്തെയും അതിന്‍റെ പാര്‍ശ്വഫലങ്ങളെയും കുറിച്ച് എറണാകുളം ലൂമെന്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ടില്‍ നടത്തിയ സെമിനാറില്‍ പാര്‍ലമെന്‍റ് അംഗം ശ്രീ. എം ബി രാജേഷ്, സാമ്പത്തിക വിദഗ്ദ്ധന്‍ ശ്രീ. ആര്‍ മോഹന്‍ എന്നിവര്‍ നടത്തിയ നിരീക്ഷണങ്ങളുടെ പ്രസക്തഭാഗങ്ങള്‍. തയ്യാറാക്കിയത്: ഫ്രാങ്ക്ളിന്‍ എം. സീനിയര്‍ സബ് എഡിറ്റര്‍.

എം.ബി. രാജേഷ് എം.പി.

നമ്മുടെ സമ്പദ്വ്യവസ്ഥയ്ക്ക് ഒരു കുഴപ്പവുമില്ല എന്ന വാദം പൂര്‍ണമായും തെറ്റാണ് എന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ പറഞ്ഞുകഴിഞ്ഞു. ഉത്തേജക പാക്കേജ് എന്നു വിശേഷിപ്പിക്കുന്ന കാര്യം അവതരിപ്പിച്ചുകൊണ്ട്, ധനകാര്യമന്ത്രി നടത്തിയിട്ടുള്ള പത്രസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങളില്‍നിന്നു തുടങ്ങാം. ഞാനൊരു സാമ്പത്തിക വിദഗ്ദനല്ല. സാമ്പത്തിക കാര്യങ്ങള്‍ സൂക്ഷ്മമായി നിരന്തരം പഠിക്കാന്‍ ശ്രമിക്കുന്ന ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാണ്. സമ്പദ് വ്യവസ്ഥയുടെ അടിത്തറ വളരെ ഭദ്രമാണെന്ന് പത്രസമ്മേളനത്തില്‍ ധനകാര്യമന്ത്രി സ്ഥാപിക്കാന്‍ ശ്രമിക്കുകയുണ്ടായി. എന്നാല്‍ ഹ്രസ്വകാലാടിസ്ഥാനത്തിലും ദീര്‍ഘ കാലാടിസ്ഥാനത്തിലും നോക്കിയാലും ജിഡിപി വളര്‍ച്ചാ നിരക്ക് ആശങ്കയുളവാക്കും വിധം താഴ്ന്നിരിക്കുന്നു എന്നതാണ് വസ്തുത.

2008 മുതലുള്ള 37 പാദങ്ങള്‍ എടുത്താല്‍ 6 പാദങ്ങളിലാണ് ഇപ്പോഴുള്ളതിനേക്കാള്‍ ജിഡിപി വളര്‍ച്ചാ നിരക്ക് താഴെപ്പോയിട്ടുള്ളത്. 2014 മുതല്‍ എടുത്താല്‍ ഇക്കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണ് ഇപ്പോള്‍ ഉണ്ടയിട്ടുള്ളത്. കഴിഞ്ഞ 6 മാസങ്ങളിലായി വളര്‍ച്ചാനിരക്ക് തുടര്‍ച്ചയായി കുറഞ്ഞു കൊണ്ടിരിക്കുകയാണ്. 9.2-ല്‍ നി ന്ന് 7.9 ആയി, പിന്നെ 6.7 ആയി, 6.1 ആയി, ഇപ്പോള്‍ 5.7 ആയി കുറഞ്ഞിരിക്കുന്നു. ജിഡിപി വളര്‍ച്ച ഇടിയുക എന്നു പറഞ്ഞാല്‍, ജനങ്ങളുടെ തൊഴിലും വരുമാനവും കുറയുക എന്നാണ്. ജിഡിപിയില്‍ ഒരു ശതമാനത്തിന്‍റെ ഇടിവുണ്ടായാല്‍ ഏതാണ്ട് ഒന്നരക്കോടി രൂപയുടെ നഷ്ടം സമ്പദ്വ്യവസ്ഥയില്‍ ഉണ്ടാകും. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയിലുണ്ടായ ജിഡിപി വളര്‍ച്ചാ ഇടിവിന്‍റെ ഫലമായിട്ടുള്ള ആകെ നഷ്ടം ഏതാണ്ട് 259000 കോടിയാണ് എന്ന കണക്ക് അടുത്ത കാലത്ത് വരുകയുണ്ടായി.

കറണ്ട് അക്കൗണ്ട് ഡെഫിസിറ്റ് വളരെ ഭദ്രമാണെന്ന് ധനകാര്യ മന്ത്രി പറയുന്നു. എന്നാല്‍ 2016 ജൂലൈ മുതല്‍ കറണ്ട് അക്കൗണ്ട് ഡെഫിസിറ്റ് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് 2017-18 ലെ ആദ്യപാദത്തില്‍, ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യപാദത്തില്‍ ആ ഇടിവ് കൂടുതല്‍ ശക്തമാണ്. മൂന്നാമത്തേത്, ഉപഭോക്താക്കളുടെയും ബിസിനസ്സുകാരുടെയും വിശ്വാസം ഇടിയുന്നു എന്ന്, റിസര്‍വ് ബാങ്ക് ഉള്‍പ്പെടെയുള്ളവയുടെ സര്‍വേകള്‍ ചൂണ്ടിക്കാട്ടുന്നു. നാലാമത്തെ കാര്യം നമ്മുടെ സമ്പദ്വ്യവസ്ഥയില്‍ നിക്ഷേപം കുറയുന്നു എന്നതാണ്. സ്വകാര്യ നിക്ഷേപം മന്ദഗതിയിലായി. ശേഷിയുടെ വിനിയോഗം ഇപ്പോള്‍ കുറഞ്ഞ നിരക്കിലാണ്. പുതിയ നിക്ഷേപങ്ങള്‍ ഇടിയുന്നു എന്നു മാത്രമല്ല, നിറുത്തിവയ്ക്കപ്പെട്ട പ്രൊജക്ടുകളുടെ എണ്ണം കൂടുന്നു. ഇതിനെല്ലാം കണക്കുകള്‍ ഉണ്ട്. ഫലത്തില്‍ സമ്പദ്വ്യവസ്ഥയുടെ എല്ലാ ചക്രങ്ങളും പഞ്ചറായിരിക്കുന്നു എന്നതാണ് വസ്തുത. സ്വകാര്യനിക്ഷേപം കഴിഞ്ഞ രണ്ടു ദശകങ്ങളിലെ ഏറ്റവും കുറഞ്ഞ നിലയിലാണ്. കണ്‍സപ്ഷന്‍ ഡിമാന്‍റ് കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ആളുകളുടെ വാങ്ങല്‍ ശേഷി കുറയുന്നു എന്നര്‍ത്ഥം.

സമ്പദ്വ്യവസ്ഥയെ മുന്നോട്ടു നയിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട ചക്രമാണ് കയറ്റുമതി. കഴിഞ്ഞ കുറേക്കാലമായി കയറ്റുമതി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 2015- 16-ല്‍ മാത്രം 15 ശതമാനത്തോളം കുറവാണ് കയറ്റുമതിയില്‍ വന്നത്. ഏഷ്യയിലെ മറ്റു രാജ്യങ്ങളില്‍ കയറ്റുമതി വര്‍ദ്ധിച്ചപ്പോള്‍ ഇന്ത്യയിലാണ് റെക്കോര്‍ഡ് ഇടിവുണ്ടായിട്ടുള്ളത്. ഇന്ത്യ, ശുദ്ധീകരിച്ച പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി നടത്തുന്നുണ്ട്. റിഫൈനിംഗ് കപ്പാസിറ്റിയില്‍ ലോകത്തു മുന്നിട്ടു നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എന്നാല്‍ കയറ്റുമതിയുമായി ബന്ധപ്പെട്ട എല്ലാ രംഗങ്ങളിലും മോശം പ്രകടനം തുടരുകയാണ്. കയറ്റുമതിയിലെ പുരോഗതി എന്നത് പെട്രോളിയം ഉല്‍പ്പന്നങ്ങളില്‍ ഉണ്ടായിട്ടുള്ള പുരോഗതി മാത്രമാണ്.

ഇനി പബ്ലിക് ഇന്‍വെസ്റ്റ്മെന്‍റിന്‍റെ കാര്യമെടുത്താല്‍ കാര്യമായിട്ടു കൂടിയിട്ടില്ല. അതു മുരടിപ്പില്‍ നില്‍ക്കുകയാണ്. ഫലത്തില്‍ സമ്പദ്വ്യവസ്ഥയെ മുന്നോട്ടു നയിക്കുന്ന ചക്രങ്ങളെല്ലാം നിശ്ചലമായിരിക്കുന്നു. എന്തുകൊണ്ട് ഇതുണ്ടായി? ഇന്ത്യയിലെ ആഭ്യന്തര വിപണിയെ വിപുലീകരിക്കുന്നതിലും ആഭ്യന്തര കമ്പോളത്തെ വിപുലീകരിക്കുന്നതിലും ജനങ്ങളുടെ വാങ്ങല്‍ ശേഷി വര്‍ദ്ധിപ്പിക്കുന്നതിലും ഉണ്ടായ പരാജയം കൂടിയാണിത്. നവ ഉദാര സാമ്പത്തീക നയങ്ങള്‍ നടപ്പാക്കുക വഴി ആളുകളുടെ വാങ്ങല്‍ ശേഷിയെ കുറയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്.

കഴിഞ്ഞ യുപിഎ സര്‍ക്കാരിന്‍റെ കാലംമുതല്‍ തന്നെ ജിഡിപിയുടെ അനുപാതം നോക്കിയാല്‍ 15.9 ശതമാനമായിരുന്നു പൊതുചെലവ്. മോദി സര്‍ക്കാരില്‍ അത് 13-ഉം, പിന്നീട് 12-ഉം ആയി കുറഞ്ഞു. സര്‍ക്കാര്‍ ചെലവും പൊതുമുതലുമൊക്കെ കുറയുന്നതിന്‍റെ ഫലമെന്താണ്? തൊഴിലവസരങ്ങള്‍ കുറയും, ആളുകളുടെ വരുമാനവും വാങ്ങല്‍ശേഷിയും കുറയും. ഇക്കഴിഞ്ഞ സെപ്തംബര്‍ 23-ന് ഇക്കണോമിക് പൊളിറ്റിക്കല്‍ വീക്കിലിയില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വളരെ ശ്രദ്ധേയമായ പഠനമുണ്ട്. അതു ചൂണ്ടിക്കാണിക്കുന്നത്, സ്വാതന്ത്ര്യത്തിനു ശേഷം ഏഴു പതിറ്റാണ്ടിനിടയില്‍ ആദ്യമായി തൊഴിലിന്‍റെ എണ്ണത്തില്‍ തകര്‍ച്ച ഉണ്ടായിരിക്കുന്നു എന്നതാണ്. 37.4 ലക്ഷം തൊഴില്‍ കുറഞ്ഞു എന്നാണ്. 2013 മുതല്‍ 16 വരെയു ള്ള മൂന്നു വര്‍ഷങ്ങളില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര ചരിത്രത്തില്‍ ഇതാദ്യമായി തൊഴിലിന്‍റെ എണ്ണം ഇടിഞ്ഞിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ടാണ് നാം ഈ സാമ്പത്തിക തളര്‍ച്ചയെ കാണേണ്ടത്.

ഈ സാമ്പത്തിക തളര്‍ച്ചയെ എങ്ങനെയാണ് സര്‍ക്കാര്‍ മറികടക്കാന്‍ ശ്രമിക്കേണ്ടിയിരുന്നത്? കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പൊതുനിക്ഷേപം വര്‍ദ്ധിപ്പിച്ചുകൊണ്ട്, ആളുകളുടെ മാനവശേഷി വര്‍ദ്ധിപ്പിക്കുക എന്നതാണ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ യുപിഎ സര്‍ക്കാരിന്‍റെ അവസാനകാലത്തും മോദി സര്‍ക്കാരിന്‍റെ മൂന്നു വര്‍ഷങ്ങളിലും കണ്ട പ്രവണത, ചെലവുകള്‍ വെട്ടിച്ചുരുക്കുക എന്നതാണ്. പൊതുമുതല്‍ മുടക്ക് വെട്ടിച്ചുരുക്കുക. പൊതുമുതല്‍ മുടക്ക് വര്‍ദ്ധിപ്പിക്കുന്നതിനു പകരം വെട്ടിച്ചുരുക്കുന്ന പ്രവണതയാണ് ഉണ്ടായത്. ഒപ്പം വീണ്ടുവിചാരമില്ലാത്ത രണ്ടുകാര്യങ്ങള്‍ കൂടി ഉണ്ടായി. അത് നോട്ടു റദ്ദാക്കലും ജിഎസ്ടിയുമാണ്. ഇതു രണ്ടും ഏറ്റവും കൂടുതല്‍ ബാധിച്ചത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായിട്ടുള്ള അനൗപചാരിക മേഖലയെയാണ്. 2016 നവംബറിനും 2017 ഏപ്രിലിനുമിടയ്ക്ക് മാത്രം 15 ലക്ഷം ആളുകള്‍ക്ക് അനൗപചാരിക മേഖലയില്‍ തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ജിഎസ്ടി കൂടിവന്നപ്പോള്‍ അത് അനൗപചാരിക മേഖലയുടെ നടുവൊടിച്ചു.

എന്തിനാണ് ഇന്‍ഫോര്‍മല്‍ ഇക്കോണമിയെ തകര്‍ക്കുന്നത്? ഇന്‍ഫോര്‍മല്‍ ഇക്കോണമിയെ തകര്‍ത്തുകൊണ്ടേ ഇന്ത്യയിലെ വന്‍കിട ബിസിനസ്സിന് മുന്നോട്ടു പോകാന്‍ കഴിയുകയുള്ളൂ. വന്‍കിട ബിസിനസ്സിന്‍റെ താത്പര്യത്തെ അടിസ്ഥാനപ്പെടുത്തിയാണ് ജിഎസ്ടി നടപ്പാക്കുന്നത്. പ്രഭാത് പട്നായിക്കിനെപ്പോലുള്ള ആളുകള്‍ ചൂണ്ടിക്കാണിക്കുന്ന കാര്യം, രണ്ടു പ്രധാനപ്പെട്ട പ്രവണതകള്‍ ജിഎസ്ടിയില്‍ അന്തര്‍ലീനമാണ് എന്നാണ്. ആദ്യത്തേത്, പ്രാകൃത മൂലധന സഞ്ചയം. എന്നു പറഞ്ഞാല്‍ ചെറുകിട ഉത്പാദകരെയും ചെറിയ മുതലാളിമാരെയും ഒക്കെ തകര്‍ത്ത് വന്‍കിടക്കാര്‍ക്ക് അതു സ്വായത്തമാക്കുക. രണ്ടാമത്തേത്, മൂലധനത്തിന്‍റെ കേന്ദ്രീകരണം. അതു കുറച്ചാളുകളില്‍ കേന്ദ്രീകരിക്കുക. ഈ രണ്ടു പ്രക്രിയകള്‍ ജിഎസ്ടിയില്‍ അന്തര്‍ലീനമാണ്. ജിഎസ്ടി വന്നപ്പോള്‍ ഇതുവരെ ചെറുകിട ഉത്പാദകര്‍ ഉല്‍പാദിപ്പിച്ചിരുന്ന ചരക്കുകള്‍ നേരത്തെ സീറോ ടാക്സ് ആയിരുന്നത് നികുതിയുടെ പരിധിയില്‍ വന്നു. നേരത്തേ കുറഞ്ഞ നിരക്കില്‍ മാത്രം നികുതി കൊടുത്തി രുന്നവര്‍ ഇപ്പോള്‍ ഉയര്‍ന്ന നിരക്കില്‍ കൊടുക്കേണ്ടി വന്നു.

ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന പാക്കേജുകള്‍ ഫലത്തില്‍ ഈ സര്‍ക്കാരിന്‍റെ വര്‍ഗസ്വഭാവത്തെ പ്രകടമാക്കുന്നു. അതിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗം, ബാങ്കിനെ പുനര്‍മൂലധനവത്കരിക്കുക എന്നതാണ്. ഇന്നു ഇന്ത്യന്‍ ബാങ്കുകള്‍ നേരിടുന്ന പ്രധാന പ്രതിസന്ധി, കിട്ടാക്കടമാണ്. ഒമ്പതരലക്ഷം കോടി രൂപയാണ് കിട്ടാക്കടം. 2018 മാര്‍ച്ച് ആകുമ്പേഴേക്കും പലിശയ ടക്കം 12 ലക്ഷംകോടിയാകുമെന്നു കണക്കാക്കപ്പെടുന്നു. ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കടത്തിന്‍റെ 88% വന്‍കിട വായ്പകളാണ്. കഴിഞ്ഞ നാലോ അഞ്ചോ സാമ്പത്തിക വര്‍ഷത്തിലെ ഏറ്റവുമധികം എഴുതിത്തള്ളലുകള്‍ നടത്തിയത് മോദി സര്‍ക്കാരാണ്. വന്‍കിടക്കാരുടെ വായ്പ തിരിച്ചുപിടിക്കാനുള്ള നടപടികള്‍ സ്വീകരിക്കാതിരിക്കുന്നു. സര്‍ക്കാര്‍ ചെയ്യേണ്ടത് വന്‍കിട വായ്പകള്‍ തിരിച്ചു പിടിക്കാനുള്ള നടപടികള്‍ ശക്തിപ്പെടുത്തുക എന്നതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ മൂന്നരക്കൊല്ലമായി ഒരു നടപടിയും സ്വീകരിച്ചില്ല, എഴുതിത്തള്ളുകയും ചെയ്തു.

ഇവിടെ സ്വീകരിക്കേണ്ട നടപടി, പൊതുനിക്ഷേപം പൊതു മുതല്‍മുടക്ക് ഗണ്യമായി വര്‍ദ്ധിപ്പിക്കുക എന്നതാണ്. കിട്ടാക്കടം തിരിച്ചു പിടിക്കുക, സമ്പന്നര്‍ക്കു മേല്‍ കൂടുതല്‍ നികുതി ചുമത്തുക, അങ്ങനെ വിഭവസമാഹരണം വര്‍ദ്ധിപ്പിക്കുക. വിഭവസമാഹരണം വര്‍ദ്ധിപ്പിച്ച് പൊതുമുതല്‍മുടക്ക് വര്‍ദ്ധിപ്പിക്കുകയും തൊഴിലവസരങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കുകയും വേണം. മുതല്‍ മുടക്കിയതു കൊണ്ടും കൂടുതല്‍ ഉത്പാദനം നടത്തിയതുകൊണ്ടും മാത്രം തൊഴിലും സാമ്പത്തിക വളര്‍ച്ചയും ഉണ്ടാകില്ല. ഉത്പാദിപ്പിക്കുന്നതു വാങ്ങാന്‍ ആളുകള്‍ക്കു കഴിയണം. വാങ്ങാന്‍ കഴിയണമെങ്കില്‍ വരുമാനം ഉണ്ടാകണം. അതിനാല്‍ ജനങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കേണ്ട നടപടികളാണ് വേണ്ടത്. അതിനു പൊതുചെലവുകള്‍ വര്‍ദ്ധിപ്പിക്കുകയും പൊതു മുതല്‍മുടക്ക് കൂട്ടുകയുമാണ് ചെയ്യേണ്ടത്. അങ്ങനെ വാങ്ങല്‍ ശേഷി വര്‍ദ്ധിപ്പിക്കുക വഴി മാത്രമേ ഈ സാമ്പത്തിക മാന്ദ്യത്തെ, തളര്‍ച്ചയെ മറികടക്കാന്‍ കഴിയുകയുള്ളൂ. പകരം ഈ തളര്‍ച്ചയ്ക്ക് ഉത്തരവാദികളായിട്ടുള്ള വന്‍കിടക്കാരെ, കോര്‍പ്പറേറ്റുകളെ തന്നെ സഹായിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്.


ആര്‍. മോഹന്‍

ഇന്ത്യ സമ്പദ്ഘടന അടുത്ത കാലത്തു കാണാത്ത ഒരു വേഗതക്കുറവിലാണ്. 1950 മുതല്‍ 80 വരെ ഇന്ത്യന്‍ സമ്പദ്ഘടന കൈവരിച്ച മൂന്നരശതമാനം വളര്‍ച്ചയുണ്ട്. ശരാശരി മൂന്നരശതമാനം വളര്‍ച്ച. നെഹ്രുവിന്‍റെ സോഷ്യലിസം എന്നൊക്കെ നമ്മുടെ നവ ഉദാര സാമ്പത്തിക ശാസ്ത്രജ്ഞര്‍ പറയുന്ന ഒരു കാലഘട്ടം. ആ കാലഘട്ടത്തെപ്പറ്റിയും അന്നത്തെ ഇന്ത്യയുടെ ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ഈ മൂന്നര ശതമാനം വളര്‍ച്ച വളരെ മോശമാണ് വേഗത കുറഞ്ഞ വളര്‍ച്ചയാണ് അതില്‍ രാജ്യം വഴുതിവീഴരുത് സോഷ്യലിസവും സോഷ്യലിസ്റ്റ് രാജ്യങ്ങളുമായുള്ള ചങ്ങാത്തവുമാണ് എന്ന് വിമര്‍ശിച്ചവരുണ്ട്.

വിദേശനാണ്യ കരുതല്‍ ശേഖരം കുത്തനെ ഇടിഞ്ഞപ്പോള്‍ 1999-ല്‍ കയറി വന്നതാണ് നവ ലിബറല്‍ പരിഷ്ക്കാരം. ബോധപൂര്‍വമായ ഒരു പരിഷ്ക്കാരത്തിലൂടെ ഒരു പ്രതിസന്ധി തൊടുത്തുവിട്ടതിനു ശേഷം ഇനി നിങ്ങള്‍ക്കു മുന്നോട്ടു പോക്കില്ല എന്നാണ്. ഇന്ത്യന്‍ സാമ്പത്തിക പരിഷ്ക്കാരം ഒരു ജനാധിപത്യപരമായ രീതിയില്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്ത് എടുത്ത ഒന്നല്ല എന്നാണു ഞാന്‍ പറഞ്ഞുവരുന്നത്. കാരണം, എക്സിക്യൂട്ടീവ് തീരുമാനത്തിന്‍റെ അനന്തരഫലമായ ഒരു സാമ്പത്തിക പ്രതിസന്ധി അഥവാ ഒരു വിദേശനാണ്യ പ്രതിസന്ധി വന്നപ്പോഴാണ് ഈ നവ ലിബറല്‍ പരിഷ്ക്കാരം വന്നത്. അങ്ങനെ 1991-ല്‍ ഇന്ത്യന്‍ സമ്പദ്ഘടന വളര്‍ച്ച 1.2 ശതമാനമായി ചുരുങ്ങി. 1980-നുശേഷം ഏറ്റവും താഴ്ന്ന വളര്‍ച്ച. അതുകഴിഞ്ഞ് 6.5-7 ശതമാനത്തിലേക്കു വളര്‍ന്നു. വീണ്ടും കുതിച്ചു. കുതിപ്പിനു ശേഷം കിതപ്പാണു പിന്നെയുണ്ടായത്. 1996 മുതല്‍ 2001 വരെ 4 ശതമാനം വളര്‍ച്ച മാത്രം.

ഇവിടെ വച്ച് മറ്റൊരു സംഭവ വികാസവും 90-കളില്‍ നടന്നു. അതായത്, തൊഴില്‍ ഉത്പാദിപ്പിക്കാത്ത വളര്‍ച്ച. സംഘടിത മേഖലയിലെ തൊഴില്‍ മുരടിപ്പുണ്ടാക്കി വളര്‍ച്ചയുണ്ടായി. ജോബ്ലെസ് ഗ്രോത്തിലേക്കാണ് നാം പോയത്. ജോബ്ലെസ് ഗ്രോത്ത് ക്രമേണ ക്രയവിക്രയ ശേഷിയിലും ജനങ്ങളുടെ വാങ്ങല്‍ ശേഷിയിലും ഉണ്ടാക്കിയ മാന്ദ്യമാണ് നമ്മുടെ വളര്‍ച്ചയെ പെട്ടെന്നു തളര്‍ത്തിക്കളഞ്ഞത്. അടിത്തറ കെട്ടുറപ്പില്ലാതെ നാം കെട്ടിടം വച്ചാല്‍ അതു പെട്ടെന്നു താഴോട്ടു പോരും. അതാണ് ഇവിടെ സംഭവിച്ചത്. ഒരുപക്ഷെ, മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും മുതലാളിത്ത രാജ്യങ്ങളിലുമടക്കം സോഷ്യല്‍ സെക്യൂരിറ്റി മെഷേഴ്സ് വന്‍തോതില്‍ വാങ്ങല്‍ശേഷിയെ വര്‍ദ്ധിപ്പിച്ചു. ഇക്കാര്യത്തില്‍ ഇടതുപക്ഷ വലതു പക്ഷ സാമ്പത്തികശാസ്ത്രജ്ഞര്‍ യോജിച്ചുപോകും. എന്നിട്ടും വലിയ നടപടിയൊന്നും ഉണ്ടായില്ല. ഇതിനിടയില്‍ മറ്റൊരു കാര്യം കൂടി സംഭവിച്ചു. തൊഴിലില്‍ നിന്നും മൂലധനത്തിന്‍റെ വരുമാനത്തിലേക്കുള്ള ഉയര്‍ച്ച 93-94-നു ശേഷം ഉണ്ടായി. ഈ 8 ശതമാനം വളര്‍ച്ചയോടൊപ്പം തന്നെ വേറൊരു കാര്യവും സംഭവിച്ചു. കര്‍ഷക ആത്മഹത്യ ഇന്ത്യ ഒട്ടാകെ നടക്കുകയും ഗ്രാമീണമേഖലയില്‍ വലിയ അസമത്വവും അസംതൃപ്തിയും പുകയുകയും ചെയ്തു. അപ്പോള്‍ 8 ശതമാനം വളര്‍ച്ചകൊണ്ടു വലിയ കാര്യമൊന്നുമില്ല എന്ന ചിന്ത രൂപപ്പെട്ടു. ആ സമയത്താണ് യുപിഎ അധികാരത്തില്‍ വന്നതും തൊഴിലുറപ്പു പദ്ധതിയടക്കമുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തതും. വാങ്ങല്‍ ശേഷി വന്‍ തോതില്‍ വര്‍ദ്ധിപ്പിക്കുന്നതിലൂടെ വളര്‍ച്ചയ്ക്ക് വേറൊരു മാനം നല്‍കണമെന്ന് ഇടതുപക്ഷ പാര്‍ട്ടികളും യുപിഎയും തീരുമാനിച്ചു.

ഇന്ന് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഒരു സന്നിഗ്ദ്ധ ഘട്ടത്തിലാണ് നില്‍ക്കുന്നത്. തൊഴില്‍ ഉത്പാദന അധിഷ്ഠിത മേഖലയില്‍, കാര്‍ഷിക മേഖലയില്‍, നിര്‍മാണ മേഖലയില്‍, ഫിനാന്‍സ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കുത്തനെയുള്ള ഇടിവാണ് ഉണ്ടായിട്ടുള്ളത്. ഉത്പാദനമേഖലയില്‍ 2016-17 ആദ്യപാദത്തില്‍ 10.7 ശതമാനം ഉണ്ടായ വളര്‍ച്ച 2017-18 ആദ്യപാദത്തില്‍ 1.2 ശതമാനമായി. ഉത്പാദന മേഖലയില്‍ കുത്തനെ ഇടിവുണ്ടായാല്‍ അനുബന്ധ സേവന മേഖലയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകും. നിര്‍മ്മാണ മേഖല നോട്ടുനിരോധനത്തിനു ശേഷം ഇനിയും ഉയര്‍ന്നു വന്നിട്ടില്ല.

അരവിന്ദ് സുബ്രമണ്യം പറയുന്ന രണ്ടു കാരണങ്ങളുണ്ട്. ഗുഡ്സ് ആന്‍റ് സര്‍വീസസ് ടാക്സും ഡീമൊനിറ്റൈസേഷനും വളര്‍ച്ചയ്ക്കു വിഘാതമായി. നോട്ടു റദ്ദാക്കല്‍ വളര്‍ച്ചാ നിരക്കിനെ കുറയ്ക്കും എന്നതില്‍ സംശയമില്ല. ജിഎസ്റ്റി വന്നപ്പോള്‍ ആളുകള്‍ ജിഎസ്ടിയെ ഭയന്ന് പെട്ടെന്ന് സ്റ്റോക്കുകള്‍ വിറ്റു തീര്‍ക്കുകയും പുതിയ ഉത്പാദനം നിറുത്തുകയും ചെയ്തു അപ്പോഴാണ് നിര്‍മാണ മേഖലയില്‍ 1.2 ശതമാനത്തിലേക്കു വീണത്. ട്രേഡ് മേഖലയിലെ വളര്‍ച്ച 7-ല്‍ നിന്ന് 11 ആയി. പക്ഷെ ഈ സാമ്പത്തിക വളര്‍ച്ചയിലെ വേഗതക്കുറവിന്‍റെ ആദ്യലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത് 2015-16 ലെ രണ്ടാം പാദത്തിലാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിസര്‍ച്ച് ടീം പറയു ന്നത്, ഘടനാപരമായ കാരണങ്ങള്‍ ഉണ്ടെന്നാണ്. നിക്ഷേപത്തിന്‍റെ അനുപാതം 34-ല്‍ നിന്ന് ഇപ്പോള്‍ ഏകദേശം 27 ആയി മാറിയിരിക്കുന്നു. സമ്പദ്ഘടനയുടെ വാങ്ങല്‍ ശേഷിയിലും അതിന്‍റെ ഭാവിയിലും പ്രൈവറ്റ് ബിസിനസ്സില്‍ വിശ്വാസക്കുറവ് വന്നിരിക്കുന്നു.

ഇനി നോട്ടു റദ്ദാക്കലിന്‍റെ കാ ര്യം. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ കള്ളപ്പണം നീക്കിയപ്പോള്‍ ഉണ്ടാകുന്ന വേഗതക്കുറവാണെന്നാണ് ഗുരുമൂര്‍ത്തിയെപ്പോലുള്ള സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നത്. എന്നാല്‍ ഇതു വസ്തുതാപരമായി ശരിയല്ലെന്നാണ് പറയേണ്ടത്. ഇന്നു സ്റ്റോക്ക് മാര്‍ക്കറ്റിലെ ഇന്‍വെസ്റ്റ്മെന്‍റ് കുതിച്ചുപൊങ്ങുമ്പോള്‍ റിയല്‍ എക്കണോമി താഴോട്ടാണ്. ഈ കാര്യം ഗുരുമൂര്‍ത്തിയടക്കമുള്ളവര്‍ മറച്ചുവയ്ക്കുന്നു.

സാമ്പത്തിക വേഗതക്കുറവ് ചരിത്രപരമായ പ്രക്രിയയുടെ ഒരു ഭാഗമാണ്. ഇതില്‍നിന്ന് ഉയര്‍ച്ച ഉണ്ടാകുമോ എന്നു ചോദിച്ചാല്‍ ഉണ്ടായേക്കാം. എല്ലാ താഴ്ചയ്ക്കും ഒരു ഉയര്‍ച്ച ഉണ്ടാകാം. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 67-70, 78-81, 96- 2000, 2008 മുതല്‍ ഇപ്പോള്‍ വരെ ഒരു ദീര്‍ഘകാല സാമ്പത്തിക മാന്ദ്യത്തിലേക്ക് നടന്നെത്തിയിരിക്കുകയാണ്. ഇതിന് സര്‍ക്കാരിന്‍റെ നികുതി ജിഡിപി അനുപാതം കൂട്ടാനുള്ള ശക്തമായ നടപടികള്‍ ആസൂത്രണം ചെയ്യണം. സര്‍ക്കാര്‍ ചെലവുകള്‍ 13-ല്‍ നിന്നും 17-18 ശതമാനം വരെ വന്നാല്‍ ധനക്കമ്മിയും റവന്യുക്കമ്മിയും അധികമില്ലാതെ തന്നെ സാമ്പത്തിക ഉത്തേജനം നടപ്പാക്കാന്‍ കഴിയും. അതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയും ഉദ്യോഗസ്ഥ അധികാരവും ഈ സര്‍ക്കാരിനു കൊണ്ടുവരാന്‍ കഴിയുമോ?

Leave a Comment

*
*