Latest News
|^| Home -> Cover story -> ചെറുപുഷ്പ സഭാസ്ഥാപകനായ ഫാ. ബസീലിയൂസ് പാണാട്ട് പൗരോഹിത്യത്തിന്‍െറ നൂറ് വര്‍ഷങ്ങള്‍

ചെറുപുഷ്പ സഭാസ്ഥാപകനായ ഫാ. ബസീലിയൂസ് പാണാട്ട് പൗരോഹിത്യത്തിന്‍െറ നൂറ് വര്‍ഷങ്ങള്‍

Sathyadeepam

ഫാ. അഗസ്റ്റിന്‍ പാംപ്ലാനി സി.എസ്.ടി.

ഗുരുത്വാകര്‍ഷണത്തെ ഗുരുവിന്‍റെ ആകര്‍ഷണം എന്നെങ്ങാനും വ്യാഖ്യാനിക്കാമെങ്കില്‍ ചെറുപുഷ്പസഭയുടെ (CST FATHERS) ക്രമബദ്ധമായ ഭ്രമണങ്ങള്‍ക്ക് ഹേതുവായ ഗുരുബിംബമാണ് വല്യച്ചന്‍ എന്ന ഹൃദയഹാരിയായ രൂപകത്തിലേക്ക് ചെറുപുഷ്പ സഭാംഗങ്ങള്‍ ആവഹിച്ചിരിക്കുന്ന ഫാ. ബസീലിയൂസ് പാണാട്ട്.

ബസീലിയൂസച്ചന്‍റെ കഥയെ ആഖ്യാനിക്കുവാന്‍ പ്രത്യേകമായ ഒരു വിവേചനബുദ്ധി വേണം. പള്ളികളും കപ്പേളകളും അദ്ദേഹത്തിന്‍റെ പേരില്‍ സ്ഥാപിക്കപ്പെട്ടിട്ടില്ല. ഒരു അനാഥാലയത്തിന്‍റെ ദൈന്യതയെ ചുറ്റിപ്പറ്റി തുടങ്ങുന്നു അദ്ദേഹത്തിന്‍റെ ധര്‍മ്മപുരാണം. യാത്രയയ്പ്പിനു ലഭിച്ച ഏതാനും മംഗളപത്രങ്ങള്‍ മാത്രം അദ്ദേഹത്തിന്‍റെ മഹിമയുടെ പ്രകടമായ സാക്ഷിപത്രം. പിന്നെ മരണശേഷം ലഭിച്ച കുറേ ഔപചാരിക അനുശോചനങ്ങളും. ശൂന്യതയില്‍ നിന്നും ലോകത്തെ സൃഷ്ടിക്കുന്ന, പൂഴിമണ്ണില്‍ നിന്നും മനുഷ്യനെ മെനയുന്ന ദൈവീകചെയ്തിയുടെ വൈരുദ്ധ്യാത്മകത തന്നെയാണ് ബസീലിയൂസച്ചന്‍റെ കഥയെയും അനശ്വരമാക്കുന്നത്.

അദ്ദേഹത്തിന്‍റെ ഛായാചിത്രത്തില്‍ കാണുന്നത് വച്ചുകെട്ടലുകളില്ലാത്ത പച്ചയായ ഒരു വൃദ്ധമനുഷ്യന്‍റെ മുഖം. തിരുസ്സഭയിലെ വിശുദ്ധരുടെ ശിരസ്സിന് ചുറ്റുമുള്ള പ്രകാശവലയം ഇതില്‍ കാണാനില്ല. കുഴിയും വരയും പാടും വീണ്, ചുക്കിച്ചുളിഞ്ഞ മുഖചര്‍മ്മം പേറുന്ന, ഒരു പുരുഷായുസ്സിന്‍റെ അദ്ധ്വാനം മുഴുവന്‍ തളര്‍ത്തിക്കളഞ്ഞ, വയോധികന്‍റെ ചിത്രം! ഏശയ്യായുടെ സഹനദാസനെപ്പോലെ അഴകും ആകാരഭംഗിയുമില്ലാത്ത ഒരു ദീര്‍ഘകായന്‍. നാട്ടുപട്ടക്കാരനായിരുന്ന ഒരു തനി നാടന്‍ സന്ന്യാസി! ബസീലിയൂസച്ചനെ കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടില്ലാത്ത കൊച്ചുകുഞ്ഞുങ്ങളടക്കമുള്ള കുറേപ്പേര്‍ ഇന്ന് ആ രൂപം തൊട്ടു പ്രാര്‍ത്ഥിക്കുന്നുണ്ട്. ആരും പറയാതെ അവര്‍ ആ രൂപത്തിനു മുമ്പില്‍ പുഷ്പങ്ങളും തിരികളും സമര്‍പ്പിക്കുന്നുണ്ട്.

ബസീലിയൂസച്ചന്‍റെ ജീവചരിത്രത്തില്‍ മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്നത് സാധാരണ മനുഷ്യരാണ്. അദ്ദേഹത്തിന്‍റെ ജീവചരിത്രത്തിലെ മുഖ്യകഥാപാത്രങ്ങള്‍ പട്ടിണിപ്പാവങ്ങളും കുടിയാന്‍മാരും അനാഥബാലന്‍മാരും തനി ഗ്രാമീണകര്‍ഷകരുമൊക്കെയാണ്. സുവിശേഷമൂല്യങ്ങളുടെ വിരോധാഭാസങ്ങളെ ബസീലിയൂസച്ചന്‍റെ ജീവിതവും നന്നായിത്തന്നെ സാര്‍ത്ഥീകരിക്കുന്നു. സഭാനിയമത്തില്‍ ബസീലിയൂസച്ചന്‍റെ സ്ഥാപക സിദ്ധിയെ ഇപ്രകാരം വിഭാവനം ചെയ്യുന്നു. “ഫാ.തോമസ് മാനേജരായിരുന്ന തിരുഹൃദയ അനാഥാലയത്തിലെ നിര്‍ദ്ധനരായ അനാഥബാലന്മാരുടെ സാന്നിദ്ധ്യവും മൂക്കന്നൂര്‍ ഗ്രാമത്തിന്‍റെ ശോച്യാവസ്ഥയും മ ഹാത്മാഗാന്ധിയുമായുള്ള സമ്പര്‍ക്കവും സ്ഥാപകന്‍റെ ദര്‍ശനരൂപീകരണത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഈ അനുഭവങ്ങളോടുള്ള അദ്ദേഹത്തിന്‍റെ പ്രത്യുത്തരത്തെ ആഴപ്പെടുത്തിയത് ‘നീയും പോയി അതുപോലെ ചെയ്യുക’ എന്ന നമ്മുടെ കര്‍ത്താവിന്‍റെ വചസ്സുകളാണ്. മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ തിരുമേനി തന്നെ അഭിപ്രായപ്പെട്ടത് സാമൂഹിക വികസനത്തിനായി ബസീലിയൂസച്ചന്‍റെ സഭയ്ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയും എന്നായിരുന്നു. ഗ്രാമോദ്ധാരണമായിരുന്നു ബസീലിയൂസച്ചന്‍റെ മുഖ്യ പ്രവര്‍ത്തനം.

ജനങ്ങള്‍ ബസീലിയൂസച്ചന് മംഗളപത്രം നല്‍കുന്നതിനുമുന്‍പേ ഈ നായകന്‍ തന്‍റെ ജനത്തിനുള്ള മംഗളപത്രം തന്‍റെ ഹൃദയഭിത്തികളില്‍ എഴുതിവച്ചിരുന്നു. മൂക്കന്നൂര്‍ നിവാസികളെപ്പറ്റി ബസീലിയൂസച്ചന്‍റെ വാക്കുകള്‍ അനുസ്മരിക്കുക: “രാപകലില്ലാത്ത ഇവരുടെ അദ്ധ്വാനശീലം ഇവരെ നിഷ്ക്കളങ്കരും നിര്‍മ്മലഹൃദയരുമാക്കുന്നു. കപടഭക്തരുടെ അഭിനയവും, ആഡംബരത്തിനും ധൂര്‍ത്തിനും വേണ്ടി മത്സരിക്കുന്ന സമ്പന്നരുടെ അലംഭാവവും എന്തെന്നറിയാത്ത ഗ്രാമീണകൃഷീവലന്‍മാരാണിവര്‍.” ജനങ്ങളും ജനനായകനും തമ്മിലുള്ള ഈ ഹൃദയൈക്യത്തിന്‍റെ സേതുബന്ധനമായിരുന്നിരിക്കണം ബസീലിയൂസച്ചന്‍റെ ആത്മീയവും ഭൗതീകവുമായ എല്ലാ ശുശ്രൂഷകളുടേയും വിജയരഹസ്യം. ഛായാചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനോട് വലിയ മമതയില്ലാതിരുന്ന ബസീലിയൂസച്ചന്‍ കുഴുപ്പള്ളിക്കാരോടൊപ്പം എടുത്ത ചിത്രങ്ങള്‍ വലിയ അമൂല്യനിധി പോലെ സൂക്ഷിക്കുകയും അവ ഭിത്തിയില്‍ തൂക്കിയിടുകയും ചെയ്തിരുന്നുവെന്നത് സ്മര്‍ത്തവ്യം. കര്‍മ്മത്തിന്‍റെ തിരത്തള്ളലിലും ആള്‍ക്കൂട്ടത്തിന്‍റെ തിരക്കില്‍ നഷ്ടപ്പെടുന്നവനായിരുന്നില്ല ബസീലിയൂസച്ചന്‍. സ്വന്തം പിതാവിനെ മരണക്കിടക്കയില്‍ ബസീലിയൂസച്ചന്‍ ശുശ്രൂഷിക്കുന്ന വികാരനിര്‍ഭരമായ വിവരണം ജീവചരിത്രത്തില്‍ വിവരിക്കുന്നുണ്ട്. രോഗികളായി കിടക്കുന്ന സഭാംഗങ്ങളെ മുറിയില്‍ ചെന്നുകണ്ട് സ്വന്തം കൈകൊണ്ട് ഭക്ഷണം കോരിക്കൊടുക്കുമായിരുന്നു. കര്‍മ്മമണ്ഡലത്തിന്‍റെ നിര്‍ബന്ധങ്ങള്‍ക്കിടയിലും ബന്ധങ്ങളുടെ ഊഷ്മളതയെ കൈവിടാത്ത നേതൃത്വം. അതിന് ബസീലിയൂസച്ചന് പകരക്കാരുണ്ടാവില്ല.

കൊടിയ ദാരിദ്ര്യത്തിനും 99-ലെ വെള്ളപ്പൊക്കത്തിനും, രണ്ട് ലോകമഹായുദ്ധങ്ങള്‍ക്കും ഒക്കെ സാക്ഷ്യം വഹിച്ച അനുഭവത്തിന്‍റെ ആര്‍ജ്ജവത്വമായിരുന്നിരിക്കണം ബസീലിയൂസച്ചന്‍റെ ബോധ്യങ്ങളെയും ദര്‍ശനങ്ങളെയും പാകപ്പെടുത്തിയത്. അലംഘനീയമായ ക്രിസ്തീയവിശുദ്ധിയും ചോദ്യം ചെയ്യാനാവാത്ത സമഗ്രതയും അദ്ദേഹത്തിന്‍റെ സമീപനങ്ങള്‍ക്കും ശൈലികള്‍ക്കും ഉണ്ടായിരുന്നു. സമൂഹത്തിലെ അനീതി കണ്ട് കാള്‍ മാര്‍ക്സിനെപ്പോലെ അദ്ദേഹം രോഷംകൊണ്ട് പൊട്ടിത്തെറിക്കുകയായിരുന്നില്ല. മനുഷ്യന്‍റെ യാതനകള്‍ കണ്ട് അസ്ഥിത്വചിന്തകരെപ്പോലെ ജീവിതത്തിന്‍റെ നിരര്‍ത്ഥകതയെ താലോലിക്കുകയായിരുന്നില്ല. പുരോഹിതനായിരുന്നെങ്കിലും സമൂഹത്തിന്‍റെ സംഘാതമായ യാതനകള്‍ക്കു മുന്നില്‍ ആത്മീയവല്‍ക്കരണത്തിന് മുതിര്‍ന്നില്ല. വചനപീഠത്തെ അദ്ദേഹം കടലോരത്തും മീന്‍നാറുന്ന പടവുകളിലും പുനഃപ്രതിഷ്ഠിച്ചു. ബലിവേദിയെ അദ്ദേഹം മരുഭൂമിയിലും വിജനപ്രദേശത്തും കൊണ്ടുചെന്നിട്ട് അവിടെയൊക്കെ തന്നാലാവുംവിധം മന്നാ പെയ്യിക്കാനും അപ്പം വര്‍ദ്ധിപ്പിക്കാനും പരിശ്രമിച്ചു.

കര്‍മ്മോന്മുഖനായ പ്രവാചകന്‍ ധീരനായിരിക്കണമല്ലോ. ധര്‍മ്മത്തിന്‍റെ ആജ്ഞാശക്തിയെ പിടിച്ചുകെട്ടാനാവില്ല. ആരുടെ മുന്നിലും നട്ടെല്ലു വളയാത്ത അപ്രതിഹതമായ ഇച്ഛാശക്തിയുടേയും അപ്രതിരോധിതമായ നിശ്ചയദാര്‍ഢ്യത്തിന്‍റെയും ഉടമയായിരുന്ന ധീരനും ധിക്കാരിയുമായിരുന്നു ബസീലിയൂസച്ചന്‍. ആത്മബലത്തില്‍നിന്നും ചിതറി വീണ വാക്കിന്‍റെ ആവേശത്തില്‍ മൂക്കന്നൂരെ ചെറുപ്പക്കാരെക്കൊണ്ട് മദ്യവിരുദ്ധ സമരത്തില്‍ പനങ്കുല വെട്ടിക്കുന്ന, പന തുളപ്പിക്കുന്ന യുവവൈദികന്‍! അറസ്റ്റുചെയ്യാന്‍ വരുന്ന പോലീസുകാരുടെ മദ്ധ്യത്തിലൂടെ നെഞ്ചും വിരിച്ച് കടന്നുപോകുന്ന സൈക്കിള്‍ യാത്രക്കാരന്‍! സര്‍ക്കാരിന്‍റെ ഔദ്യോഗിക അനുവാദം കാക്കാതെ ദേവാലയത്തിന്‍റെ പണി തുടങ്ങുന്ന വികാരിയച്ചന്‍! ബസീലിയൂസച്ചനിലെ ഇരുത്തം വന്ന പ്രവാചകനേയും വിപ്ലവകാരിയെയുമൊക്കെ ഇവിടെ കാണാം. ചുങ്കക്കാരോടും വേശ്യയോടും കൂടി വിരുന്നിനിരിക്കുന്ന ക്രിസ്തുവിന്‍റെ പ്രതിസംസ്കാരവിപ്ലവത്തിന്‍റെ ആവിഷ്ക്കാരം ഇവിടെ ബസീലിയൂസച്ചനിലൂടെ ആവര്‍ത്തിക്കപ്പെടുകയായിരുന്നു. എതിര്‍പ്പുകള്‍ക്കും വെല്ലുവിളികള്‍ക്കും മധ്യേ അട്ടാറയിലെ സ്ഥലക്കച്ചവടം വിജയകരമായിരുന്നു എന്ന് തെളിയിച്ചുകൊണ്ട് മെത്രാന്‍റെ അഭിമാനത്തെ സംരക്ഷിക്കേണ്ട വെല്ലുവിളിയും ഏറ്റെടുത്തുകൊണ്ടാണല്ലോ അദ്ദേഹം തന്‍റെ ശുശ്രൂഷാപൗരോഹിത്യം ആരംഭിക്കുന്നതുതന്നെ.

സാധാരണ വിപ്ലവകാരികളില്‍ നിന്നും തിരുത്തല്‍വാദികളില്‍ നിന്നും ബസീലിയൂസച്ചനെ വ്യതിരിക്തനാക്കുന്നത് ബസീലിയൂസച്ചന്‍റെ പ്രവൃത്യുന്‍മുഖതയുടെ ധ്യാനാത്മകമാനമാണ്. റോസാപ്പൂവും സുഗന്ധവും തമ്മിലുള്ള ബന്ധമാണ് ദൈവാനുഭവവും പ്രയോഗത്വവും തമ്മിലുള്ളത്. ഉള്ളില്‍ തിങ്ങിവിങ്ങി നിറഞ്ഞുനിന്ന ആബാനുഭവത്തിന്‍റെ ഭാരത്തെ ക്രിസ്തു, ചുങ്കക്കാരന്‍റെയും വേശ്യയുടേയും മധ്യേ ഇറക്കിവച്ചതുപോല, സ്നേഹിക്കുന്ന പിതാവിനെക്കുറിച്ചുള്ള അനുഭവത്തിന്‍റെ ആഘാതം സ്നേഹം നിഷേധിക്കപ്പെട്ട മനുഷ്യനിലേക്ക് ക്രിസ്തുവിനെ വലിച്ചെറിഞ്ഞതുപോലെ, ആന്തരികമായ ഒരു അനുഭൂതിയുടെയും വിശുദ്ധിയുടെയും നിര്‍ബന്ധം ആയിരുന്നു ബസീലിയൂസച്ചന്‍റെ പ്രവൃത്തികളുടെ എല്ലാം ചേതോവികാരം. ആ അനുഭൂതിവിശേഷം എന്തായിരുന്നു എന്ന അന്വേഷണമാണ് നമ്മെ ബസീലിയൂസച്ചന്‍റെ ചെറുപുഷ്പഭക്തിയിലേക്കും നല്ല സമരിയാക്കാരന്‍റെ ഉപമയിലേക്കും കൊണ്ടുചെന്നെത്തിക്കുന്നത്.

ദൈവാനുഭവത്തില്‍ അധിഷ്ഠിതമായിരുന്നു അദ്ദേഹത്തിന്‍റെ കര്‍മ്മങ്ങളെല്ലാം. ‘നീയും പോയി അപ്രകാരം ചെയ്യുക’ എന്ന വചനമായിരുന്നു ബസീലിയൂസച്ചന്‍റെ ആപ്തവാക്യം. വീണുകിടക്കുന്ന മനുഷ്യന്‍റെ മുറിവുകളില്‍ ഒഴിക്കുന്ന എണ്ണയും വീഞ്ഞും പഴയനിയമത്തില്‍ ദേവാലയ ശുശ്രൂഷയ്ക്കുളള അവശ്യഘടകങ്ങളാണ്. ഈ ഉപമയിലെ വിവരണങ്ങള്‍ക്ക് ദേവാലയ ശുശ്രൂഷയുടെ പ്രതീകാത്മക മാനങ്ങളുമുണ്ടെന്ന് ബൈബിള്‍ പണ്ഡിതര്‍ പറയുന്നു. നിര്‍ഭാഗ്യവാന്‍റെ മുറിവുകളാകുന്ന അള്‍ത്താരയില്‍ സമറിയക്കാരന്‍ ആരാധനാദ്രവ്യങ്ങള്‍ പകരുന്നു. നീയും പോയി അപ്രകാരം ചെയ്യുക എന്ന ആപ്തവാക്യത്തിലെ ആത്മീയതയാണ് ഇവിടെ തെളിഞ്ഞുവരുന്നത്. ദരിദ്രനെ ശുശ്രൂഷിക്കുന്ന സെക്ക്യുലര്‍ ദര്‍ശനമല്ല ഇവിടെയുള്ളത്. ദൈവസ്നേഹത്തിന്‍റെയും ദൈവികദര്‍ശനത്തിന്‍റെയും പശ്ചാത്തലത്തില്‍ മാത്രമാണ് മാനവശുശ്രൂഷയ്ക്ക് അര്‍ത്ഥം ലഭിക്കുന്നത്. വെറും സാമൂഹിക പരിഷ്ക്കര്‍ത്താക്കളാകാനല്ല, ദൈവസ്നേഹത്തില്‍ ഊന്നിനിന്നുകൊണ്ട് മനുഷ്യസ്നേഹികളാകാനാണ് യേശു കല്പിക്കുന്നത് (ഫാ. ജോണ്‍സണ്‍ പുതുശ്ശേരി). ഗ്രാമോദ്ധാരണമായിരുന്നാലും അനാഥാലയത്തിന്‍റെ നടത്തിപ്പായാലും ഭക്തിയില്‍ മുദ്രണം ചെയ്യപ്പെട്ട കര്‍മ്മമായിരുന്നു ബസീലിയൂസച്ചന്‍റേത്.

കേരളസഭ, സഭയുടെ പ്രവാചകര്‍ക്കായി ഇന്നൊരു സമരപരിശീലനശാല ആരംഭിക്കുന്നുവെങ്കില്‍ അത് മൂക്കന്നുരില്‍ ആരംഭിക്കണം. ഉദാത്തമായ ക്രിസ്തീയസമരത്തിന്‍റെ ഇനിയും അഴിച്ചുമാറ്റാത്ത സമരപ്പന്തലാണ് മൂക്കന്നുരെ ബസീലിയൂസച്ചന്‍റെ കബറിടം.

സ്വയംകൃത ചരിത്രത്തിലെ അക്ഷരപ്രപഞ്ചത്തിലൂടെ വി. ചെറുപുഷ്പം ലോകത്തില്‍ തീയിട്ടതുപോലെ സ്വയംകൃത ചരിത്രത്തിലെ ഏതാനും അദ്ധ്യായങ്ങളുടെ ആകസ്മികമായ അഗ്നിപ്രളയത്തില്‍ വല്യച്ചനും ഉരുകിപ്പോയി. കൊച്ചുത്രേസ്യയുടെ ആത്മകഥയുടെ നാലദ്ധ്യായങ്ങള്‍ തര്‍ജ്ജമ ചെയ്തപ്പോള്‍, “ചെറുപുഷ്പത്തിന്‍റെ അരൂപിയാല്‍ ഞാന്‍ പ്രത്യേകം ആകൃഷ്ടനായി” എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ചെറുപുഷ്പ ദംശനമേറ്റ ബസീലിയൂസച്ചന്‍റെ ഹൃദയത്തിലെ തുന്നിക്കെട്ടേണ്ട ഒരു മുറിവോ ഇറക്കിവക്കേണ്ട ഭാരമോ ആയി ഈ അനുഭവം രൂപപ്പെട്ടു. “കുഞ്ഞാത്മാക്കളുടെ ചെറിയ ഗണം” ഉണ്ടാവണമെന്നത് വി. കൊച്ചുത്രേസ്യയുടെ വലിയ ആഗ്രഹം ആയിരുന്നു. ഈ ആഗ്രഹത്തിന്‍റെ പൂര്‍ത്തീകരണമായി താന്‍ സ്ഥാപിച്ച സഭയെ വിഭാവനം ചെയ്തുകൊണ്ടാണ് ചെറുപുഷ്പസഭയുടെ ആത്മബോധത്തെ “വി. ചെറുപുഷ്പത്തിന്‍റെ കുഞ്ഞാത്മാക്കളുടെ ചെറിയ ഗണം” എന്ന സ്വര്‍ഗ്ഗീയ നിര്‍വചനത്തിലേക്ക് ബസീലിയൂസച്ചന്‍ കുടിയിരുത്തുന്നത്. ബസീലിയൂസച്ചനിലേക്ക് ഈശോ നിശ്വസിച്ച ആത്മാവിന്‍റെ പേരാണ് വി. കൊച്ചുത്രേസ്യ. ആത്മാവിനെ സ്വീകരിക്കുന്നതുവരെയുള്ള ജറുസലേം വാസമായി ബസീലിയൂസച്ചന്‍റെ ഇടവകപൗരോഹിത്യത്തെ കാണാം. ഒരു പുതിയ ഗര്‍ഭധാരണത്തെ തുടര്‍ന്നുള്ള ഈറ്റുനോവു കൂടിയായിരുന്നു അന്നു മുതല്‍ മരണം വരെ അദ്ദേഹത്തിന്‍റെ ജീവിതം.

ഭക്തിക്കും വണക്കത്തിനും ഒക്കെ എത്രയോ ഉപരിയാണ് ആ ബന്ധത്തിന്‍റെ മിസ്റ്റിക്കല്‍ മാനങ്ങള്‍. കേരളത്തില്‍ ഒരുപക്ഷേ ആദ്യമായി വാടകക്കെടുത്ത തിരുസ്വരൂപവുമായി കൊച്ചുത്രേസ്യയുടെ നൊവേന നടത്തിയത് ബസീലിയൂസച്ചനായിരിക്കണം. എന്തൊരു ധൃതിയും ആവേശവും ആയിരുന്നു അതിനൊക്കെ! ഒരു പുരോഹിതസന്യാസസഭയുടെ മദ്ധ്യസ്ഥയായി ഒരു വിശുദ്ധയെ അവരോധിക്കുന്നതിന്‍റെ യുക്തിരാഹിത്യത്തിനു പിന്നിലെ കാലാതീതമായ ദര്‍ശനസുഭഗതയും ഔന്നിത്യവും ഇനിയും കാലം തിരിച്ചറിഞ്ഞിട്ടുണ്ടോ എന്ന് സംശയം. രൂപകാര്‍ത്ഥത്തില്‍ പറഞ്ഞാല്‍, കത്തോലിക്കാസഭയിലെ ആദ്യത്തെ ‘വനിതാപൗരോഹിത്യം’ ആയിരുന്നിരിക്കാം ഇത്! സ്ത്രീശാക്തീകരണത്തിന്‍റെ പുരോഗമനചിന്താഗതികള്‍ പ്രഘോഷിക്കപ്പെടുന്നതിനും എത്രയോ ദശകങ്ങള്‍ക്കുമുന്‍പെ ബസീലിയൂസച്ചന്‍ ഈ ആശയങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ സാര്‍ത്ഥീകരിച്ചു. ബസീലിയൂസച്ചന്‍റെ പ്രവാചകതുല്യമായ ദീര്‍ഘദര്‍ശനവും പ്രതിസംസ്കാരമനോഗതിയും അങ്ങേയറ്റം ദ്യോതിപ്പിക്കുന്ന ധീരമായ ഒരു ചുവടുവയ്പായിരുന്നു ഇത്. വി. കൊച്ചു ത്രേസായെ പുരോഹിതസഭയായ ചെറുപുഷ്പസഭയുടെ ഔദ്യോഗിക മദ്ധ്യസ്ഥയായി ബസീലിയൂസച്ചന്‍ തീരുമാനിച്ച ദിനം. ആ ദിനമായിരുന്നു അന്താരാഷ്ട്ര വനിതാദിനമായി ആചരിക്കപ്പെടേണ്ടിയിരുന്നത്!

പ്രവാചകന്‍ സംസാരിക്കുന്നത് അധരം കൊണ്ടല്ല, ശരീരം കൊണ്ടാണ്. മാംസം കൊണ്ട് വചിച്ചവനാണല്ലോ ക്രിസ്തു. വില കൊടുക്കേണ്ടി വരുന്നത് എല്ലാ പ്രവാചകരുടേയും വിധിയാണെങ്കില്‍ വലിയ വില കൊടുക്കേണ്ടിവരുന്നത് തിരഞ്ഞെടുക്കപ്പെട്ട പ്രവാചകര്‍ക്ക് മാത്രം സിദ്ധിക്കുന്ന വലിയ ഒരു ഭാഗ്യമാണ്. എന്തുവിലയാണ് ബസീലിയൂസച്ചന്‍ കൊടുക്കാതെ മിച്ചം വച്ചിട്ടുള്ളത്? ആ ഗാത്രത്തില്‍ ഇനി എന്തെങ്കിലും പറിച്ചെടുക്കാന്‍ അവശേഷിച്ചിട്ടുണ്ടോ? ഏതു തിരുലിഖിതമാണ് ബസീലിയൂസച്ചന്‍ പൂര്‍ത്തിയാക്കാതെ കടന്നുപോയിരിക്കുന്നത്? എണ്‍പത്തിയഞ്ച് വര്‍ഷത്തെ ആ ജീവിതത്തിന്‍റെ നഷ്ടങ്ങളുടേയും പരാജയങ്ങളുടേയും ബാലന്‍സ് ഷീറ്റ് പരിശോധിച്ചാലറിയാം എല്ലാം പൂര്‍ത്തിയാക്കാന്‍ വേണ്ടി എല്ലാം പിടിച്ചുപറിക്കുന്ന വിശ്വത്തിന്‍റെ കാവ്യനീതി ബസീലിയൂസച്ചനെ ഇട്ട് അമ്മാനമാടുന്നത് എത്ര ദാക്ഷിണ്യരഹിതമായിട്ടാണ് എന്ന്. ജീവിതത്തില്‍ ഏറെ സമയവും തനിയെ നിന്നവനും, ഏകാകിയുമായിരുന്നു ബസീലിയൂസച്ചന്‍. ഇതിന്‍റെ ആരംഭം കുറിക്കപ്പെടുന്നത് പിറന്ന വീടിന്‍റെ പശ്ചാത്തലത്തില്‍ തന്നെയും. വിവാഹനിശ്ചയം ചെയ്യപ്പെട്ട യുവതി കാണാനായിവന്നപ്പോള്‍ അകത്തുകയറി കതകടച്ച് ഏകനായി മൗനിയായിരിക്കുന്ന തോമസ്. തന്‍റെ വ്യക്തിത്വത്തിന്‍റെ കരുത്തുമുഴുവന്‍ ഏകാന്തതയില്‍ തെളിയിച്ചവനാണ് ബസീലിയൂസച്ചന്‍. കുടുംബത്തിന്‍റെ ആഗ്രഹങ്ങള്‍ക്കും സമൂഹത്തിന്‍റെ പാരമ്പര്യങ്ങള്‍ക്കും എതിരെ സ്വന്തം ബോധ്യങ്ങളുടെ പത്മവ്യൂഹം തീര്‍ത്ത് അതിനുള്ളില്‍ സ്വയം അടര്‍ത്തിമാറ്റി പറിച്ചുനടുന്ന ഒരു യുവാവ്. എന്തൊരു നഷ്ടക്കച്ചവടമായിരുന്നു ഈ പത്മവ്യൂഹം തീര്‍ക്കല്‍! ബസീലിയൂസച്ചന്‍റെ ജീവിതത്തില്‍ അനുസ്യൂതം ആവര്‍ത്തിക്കപ്പെടേണ്ടിയിരുന്ന ആദര്‍ശാധിഷ്ഠിതമായ ഒറ്റപ്പെടലുകളുടേയും ഏകാന്തതയുടേയും പ്രതീകാത്മകമായ ഒരു മുന്നറിയിപ്പായി വേണം ഈ സംഭവത്തെ മനസ്സിലാക്കാന്‍. പരീക്ഷിക്കപ്പെടുമ്പോഴെല്ലാം ഇങ്ങനെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് “തോറ്റു കൊടുക്കുന്ന” ധീരതയായിരുന്നു ബസീലിയൂസച്ചന്‍റേത്. വിലകൊടുക്കുന്ന ബലിയാടായി സ്വയം പ്ര ഖ്യാപിച്ചുകൊണ്ട് ബസീലിയൂസച്ചന്‍ ഇ വിടെ തന്‍റെ പ്രതിവിപ്ലവം ആരംഭിക്കുക യായിരുന്നു. കുഴിപ്പള്ളിയില്‍ “കീരിയും പാമ്പും പോലെ കഴിഞ്ഞിരുന്ന വ്യക്തികളേയും കുടുംബങ്ങളേയും രമ്യതയിലാക്കിയ” (മാത്യു എം. പാണാട്ട്, പേ. 71) നാട്ടുപട്ടക്കാരന്‍ സഭാപിതാവായപ്പോള്‍ മറുതലിക്കുന്ന മക്കളെത്തന്നെ നിസ്സഹായനായി നോക്കിനില്‍ക്കേണ്ടി വന്നിരുന്നില്ലേ?

കുരിശിലെ പരമമുഹൂര്‍ത്തത്തില്‍ പിതാവിനേയും ശിഷ്യന്മാരേയും എല്ലാം നഷ്ടപ്പെട്ട് പാതാളം വരെ താഴ്ത്തപ്പെട്ട ക്രിസ്തുവിന്‍റെ വ്യഥ ലോകരക്ഷയില്‍ അവിടുത്തോട് സഹകരിക്കുന്ന എല്ലാവരും പങ്കുപറ്റേണ്ട ഒരുതരം ആത്മീയവിരുന്നാണ്. സഭയുടെമേലുള്ള പിതൃത്വം പോലും ചോദ്യം ചെയ്യപ്പെട്ട് തെറ്റിദ്ധാരണകളുടേയും മുന്‍വിധികളുടേയും അകത്തുനിന്നും പുറത്തുനിന്നും ഉള്ള കുറ്റവിചാരണകളുടേയും ശരശയ്യയില്‍ തനിയെ കിടക്കുന്ന ബസീലിയൂസച്ചന്‍ ചെറുപുഷ്പസഭയുടെ നല്ല ഭാവിക്ക് വേണ്ട മുഴുവന്‍ വിലയും മോചനദ്രവ്യവും എന്നേക്കുമായി എല്ലാവര്‍ക്കും വേണ്ടി കൊടുത്തുതീര്‍ക്കുകയായിരുന്നു. മിഷനറിമാര്‍ക്കുവേണ്ടി, സെമിനാരിക്കാര്‍ക്കുവേണ്ടി, നവസന്യാസികള്‍ക്കുവേണ്ടി എന്നൊക്കെ പറഞ്ഞ് തന്‍റെ മരണവേദനയെ കാഴ്ചവച്ചപ്പോള്‍ അച്ചന്‍ ഈ വിലകൊടുക്കല്‍ ഉച്ചത്തില്‍ തന്നെ നിര്‍വ്വഹിക്കുകയായിരുന്നു.

ബസീലിയൂസച്ചന്‍റെ വലിയ വിശുദ്ധിയുടെ ദൃഷ്ടാന്തം അച്ചന്‍ ആവര്‍ത്തിച്ച് കടന്നുപോയ ഈ മരുഭൂമികളിലെ പ്രവാസങ്ങളാണ്. അച്ചനെ എന്തുകൊണ്ട് വിശുദ്ധനാക്കണം എന്നതിനുള്ള സംശയരഹിതമായ മറുപടിയാണ് ഒട്ടും മിച്ചം വക്കാതെ അച്ചന്‍ പൂര്‍ത്തിയാക്കിയ ഈ കെനോസിസ് അനുഭവം.

Leave a Comment

*
*