സഹനം സമം അനുഗ്രഹം

സഹനം സമം അനുഗ്രഹം

ജാര്‍ഖണ്ഡിലെ ജയിലില്‍ മരണത്തെ മുഖാമുഖം കണ്ട മലയാളി മിഷണറി
ഫാ. ബിനോയ് വടക്കേടത്തുപറമ്പില്‍ തന്‍റെ ജീവിതകഥ പറയുന്നു:

മരണം തലനാരിഴയ്ക്ക് ഒഴിഞ്ഞു പോകുകയായിരുന്നു. നടന്നത് വധശ്രമത്തില്‍ കുറഞ്ഞതൊന്നുമല്ല. എങ്കിലും ഫാ.ബിനോയ് നിരാശനല്ല. ജാര്‍ഖണ്ഡിലെ ആശുപത്രിക്കിടക്കയില്‍ നിന്നു സംസാരിക്കുമ്പോള്‍ സംഭവിച്ചതെല്ലാം നന്മയ്ക്കായി പരിണമിപ്പിക്കപ്പെടും എന്ന പ്രത്യാശയാണ് അദ്ദേഹം പങ്കുവച്ചത്. അതിനദ്ദേഹത്തെ പ്രേരിപ്പിക്കുന്നത് ഇതുവരെയുള്ള സ്വന്തം ജീവിതയാത്ര തന്നെയാണ്. അപ്രതീക്ഷിതവും ദുര്‍ഗമവുമായ പാതകളിലൂടെയാണ് ഭഗത്പൂര്‍ രൂപതാ വൈദികനെന്ന ഇന്നത്തെ ജീവിതദൗത്യത്തിലേയ്ക്ക് ഫാ. ബിനോയ് വടക്കേടത്തുപറമ്പില്‍ സഞ്ചരിച്ചെത്തിയത്.

വനപ്രദേശത്തെ ആശ്രമത്തില്‍ 24 മണിക്കൂറും പ്രാര്‍ത്ഥനയുമായി കഴിയുകയായിരുന്നു അദ്ദേഹം. കുരിശാകൃതിയില്‍ നിര്‍മ്മിച്ച കൊച്ചുദേവാലയത്തില്‍ മുഴുവന്‍ സമയവും ദിവ്യകാരുണ്യം എഴുന്നള്ളിച്ചു വച്ചിട്ടുണ്ട്. അവിടെ തന്നെയാണ് ഉറക്കം പോലും. നിരന്തരമായ പ്രാര്‍ത്ഥനകള്‍ മാത്രം. പുറത്തേയ്ക്കുള്ള യാത്രകള്‍ പോലും പരിമിതം. അങ്ങനെയൊരാള്‍ക്കു മേലാണ് വര്‍ഗീയവാദികള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന നട്ടാല്‍ കിളിര്‍ക്കാത്ത നുണയാരോപിച്ചത്. പ്രദേശത്തെ ഭാഷയായ സന്താളി സംസാരിക്കാന്‍ പോലുമറിയാത്ത ഒരാളെങ്ങനെ ആരെയെങ്കിലും മതപരിവര്‍ത്തനത്തിനു നിര്‍ബന്ധിക്കും?

അതിരിക്കട്ടെ. എന്താണ് ജാര്‍ഖണ്ഡിലെ ഒരു വനാശ്രമത്തില്‍ ഫാ. ബിനോയിയുടെ പ്രാര്‍ത്ഥനാവശ്യങ്ങള്‍?

"എല്ലാ ദിവസവും രാത്രി ഒറ്റയ്ക്ക് ഒരു സീറോ മലബാര്‍ കുര്‍ബാനയര്‍പ്പിച്ച് സീറോ മലബാര്‍ സഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കുമായിരുന്നു," ഫാ. ബിനോയ് പറഞ്ഞു. ഭഗത്പൂര്‍ ലത്തീന്‍ രൂപതയിലെ വൈദികനായ ഫാ. ബിനോയ് സീറോ മലബാര്‍ സഭയുടെ കോതമംഗലം രൂപതയിലെ വെട്ടിക്കാട്ട് സെ. ഫ്രാന്‍സിസ് സേല്‍സ് പള്ളി ഇടവകാംഗമാണ്. മാതൃസഭയിലുണ്ടായ പ്രശ്നങ്ങളില്‍ അദ്ദേഹം അതീവദുഃഖിതനായിരുന്നു. "സഭയില്‍ പ്രശ്നങ്ങളുണ്ടായതിനു കാരണം ഞാനാണ് എന്നാണു ഞാന്‍ ചിന്തിച്ചിരുന്നത്. എനിക്കു മറ്റാരേയും കുറ്റപ്പെടുത്താനില്ല. ആ മനോഭാവത്തോടെയാണ് ഞാന്‍ പ്രാര്‍ത്ഥിച്ചത്. പ്രശ്നങ്ങള്‍ക്കു കാരണം താനാണെന്ന് ഓരോ മെത്രാനും വൈദികനും വിശ്വാസിയും ചിന്തിച്ചാല്‍ സഭയിലെ പ്രശ്നങ്ങള്‍ക്കു പരിഹാരമാകും." ഫാ. ബിനോയ് പറഞ്ഞു.

പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ ഫാ. ബിനോയ് കുറെ കാലം പലതരം ജോലികള്‍ ചെയ്തു. അതിലൊന്ന് ഇടവകപ്പള്ളിയിലെ കപ്യാരായിട്ടാണ്. കുട്ടിക്കാലം മുതലേ അള്‍ത്താരശുശ്രൂഷിയായിരുന്ന അദ്ദേഹത്തിന് കപ്യാരുടേത് വെറുമൊരു ജോലി ആയിരുന്നില്ല. അതോടൊപ്പം ജീസസ് യൂത്തില്‍ സജീവമായി പ്രവര്‍ത്തിച്ചു. ജീസസ് യൂത്ത് സര്‍വീസ് ടീമംഗമായിരുന്നു.

കാരക്കുന്നം മോചന ധ്യാനകേന്ദ്രത്തില്‍ ധ്യാനത്തില്‍ സംബന്ധിക്കുമ്പോഴുണ്ടായ ഒരു ദര്‍ശനത്തെ തുടര്‍ന്നാണ് പുരോഹിതനാകണമെന്ന തീരുമാനമെടുക്കുന്നത്. അങ്ങനെ 21-ാം വയസ്സില്‍ ക്ലരീഷ്യന്‍ സന്യാസസമൂഹത്തില്‍ ചേര്‍ന്നു വൈദികപഠനം ആരംഭിച്ചു.

ദൈവശാസ്ത്രം രണ്ടാം വര്‍ഷം പഠിക്കുമ്പോള്‍ ആരോഗ്യപ്രശ്നങ്ങളുണ്ടായി. ഒരു വര്‍ഷം ഇടവേളയെടുത്ത് ചികിത്സയെടുത്തു. തുടര്‍ന്നു ക്ലരീഷ്യന്‍ സെമിനാരി വിടേണ്ടതായി വന്നു. ധ്യാനങ്ങളിലും മറ്റും പ്രസംഗിക്കുക പതിവുണ്ടായിരുന്നതിനാല്‍ ദൈവശാസ്ത്രപഠനം പൂര്‍ത്തിയാക്കണമെന്ന് ആഗ്രഹിച്ചു. അന്നത്തെ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് കാര്‍ഡിനല്‍ വര്‍ക്കി വിതയത്തിലിന് അപേക്ഷ നല്‍കി. അദ്ദേഹത്തിന്‍റെ പ്രത്യേക അനുമതി പ്രകാരം ബാംഗ്ലൂര്‍ സെ. പീറ്റേഴ്സ് സെമിനാരിയില്‍ ഒരു അല്മായനെന്ന നിലയില്‍ ചേര്‍ന്ന് ദൈവശാസ്ത്ര പഠനം പൂര്‍ത്തിയാക്കി. ഫാ. ജോര്‍ജ് കുറ്റിക്കല്‍ സ്ഥാപിച്ച ആകാശപ്പറവകളുടെ കൂട്ടുകാര്‍ എന്ന പ്രസ്ഥാനത്തിന്‍റെ ബാംഗ്ലൂരിലെ ആശ്രമത്തില്‍ താമസിച്ചുകൊണ്ടാണ് സെമിനാരിയില്‍ പോയി പഠിച്ചത്. തുടര്‍ന്ന്, നാട്ടില്‍ തിരിച്ചെത്തി. ആ സമയത്ത് വികാരിയച്ചന്‍ ഒരു സഹായമാവശ്യപ്പെട്ടു. പള്ളിയില്‍ കപ്യാരില്ല. കപ്യാരായി ജോലി ചെയ്യണം. പുരോഹിത പഠനം പൂര്‍ത്തിയാക്കിയ ഒരാള്‍ കപ്യാരായി ജോലി ചെയ്യുന്നത് ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ സ്വീകാര്യമായിരുന്നില്ല. പക്ഷേ പ്രാര്‍ത്ഥനാപൂര്‍വകമായ വിചിന്തനത്തിനു ശേഷം ആ ജോലി സ്വീകരിക്കാനായിരുന്നു ഫാ. ബിനോയിയുടെ തീരുമാനം. എല്ലാ ജോലികളും മഹത്വമുള്ളതാണെന്ന അഭിപ്രായമാണ് തനിക്കുണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഉത്തരേന്ത്യയില്‍ ഫ്രാന്‍സിസ്കന്‍ മിഷണറിമാര്‍ നടത്തുന്ന ഒരു സ്കൂളില്‍ അദ്ധ്യാപകനായി ജോലി സ്വീകരിച്ചു പോയി. ആ ജോലിയിലിരിക്കെ, ബാംഗ്ലൂര്‍ സെമിനാരിയില്‍ സഹപാഠിയായിരുന്ന ഒരാളുടെ പൗരോഹിത്യസ്വീകരണത്തില്‍ പങ്കെടുക്കുന്നതിനു ഭഗത്പൂരിലെത്തി. അവിടെ വച്ച് ഭഗത് പൂര്‍ ബിഷപ് കുര്യന്‍ വലിയകണ്ടത്തിലുമായി പരിചയപ്പെട്ടു. തന്‍റെ ജീവിതകഥ അദ്ദേഹത്തോടു പറയാനിടയായി. കുറെ നാളുകള്‍ക്കു ശേഷം ഫോണ്‍ നമ്പര്‍ തേടിക്കണ്ടെത്തി ബി ഷപ് വലിയകണ്ടത്തില്‍ വിളിച്ചു, "ഭഗത്പൂര്‍ രൂപതയ്ക്കു വേണ്ടി ഒരു പുരോഹിതനാകാന്‍ താത്പര്യമുണ്ടെങ്കില്‍ സ്വാഗതം." ആ ക്ഷണം സ്വീകരിച്ചു ഭഗത്പൂരിലെത്തി. രണ്ടു വര്‍ഷത്തോളം ബിഷപ്പിന്‍റെ നിര്‍ദേശപ്രകാരം ഒരു മിഷന്‍ കേന്ദ്രത്തില്‍ ജോലി ചെയ്തു. മാവോയിസ്റ്റ് ഭീഷണിയുള്ള ഒരു വനപ്രദേശത്തായിരുന്നു അത്. ഒന്നര വര്‍ഷം കൊണ്ട് അവിടെ ഒരു ഇടവകയും സ്കൂളും ആരംഭിക്കാന്‍ സാധിച്ചു. തുടര്‍ന്ന് ഡീക്കന്‍ പട്ടം സ്വീകരിച്ചു. 2015 ല്‍ ഭഗത്പുര്‍ രൂപതാ വൈദികനായി പട്ടമേറ്റു.

രൂപതയുടെ മൈനര്‍ സെമിനാരി വൈസ് റെക്ടറും സ്പിരിച്വല്‍ ഡയറക്ടറുമായിട്ടായിരുന്നു ആദ്യനിയമനം. രണ്ടു വര്‍ഷത്തിലധികം ആ ചുമതല വഹിച്ചു. തുടര്‍ന്നാണ് രാജധ മിഷനിലേയ്ക്ക് അയച്ചത്. അവിടെ രൂപതയ്ക്ക് 35 ഏക്കര്‍ സ്ഥലമുണ്ടായിരുന്നു. അവിടെ ഒരു ധ്യാനകേന്ദ്രം സ്ഥാപിക്കുന്നതിനുള്ള സാദ്ധ്യതകള്‍ പരിശോധിക്കുക, അതിനായി പ്രാര്‍ത്ഥിക്കുക എന്നതായിരുന്നു നിയോഗം. അവിടെ ഒരു ദിവസം ഒരു നേരം മാത്രമാണ് ഭക്ഷണം കഴിച്ചിരുന്നത്. അതിനു വേണ്ടി മാത്രമാണ് ചാപ്പലില്‍ നിന്നു പുറത്തിറങ്ങിയിരുന്നത്. അങ്ങനെയിരിക്കെയാണ് ഇപ്പോള്‍ വര്‍ഗീയവാദികളുടെ അതിക്രമത്തിനിരയായത്. രൂപതയുടെ സ്ഥലം തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ മുന്‍ ഉടമ നടത്തിയ നീക്കം രേഖകളും തെളിവുകളും നിരത്തി അധികാരികള്‍ ചെറുത്തിരുന്നു. റെവന്യൂ രേഖകള്‍ക്കു പുറമെ സ്ഥലമുടമ പ്രമാണങ്ങളില്‍ ഒപ്പിടുന്നതിന്‍റെയും പണം സ്വീകരിക്കുന്നതിന്‍റെയും ഫോട്ടോകളടക്കം സഭാധികാരികളുടെ പക്കലുണ്ടായിരുന്നു. നുണ പറഞ്ഞതിന്‍റെ പേരില്‍ പോലീസ് അവര്‍ക്കെതിരെ കേസെടുക്കുമെന്ന സ്ഥിതി വന്നു. അതിനെ തുടര്‍ന്നാണ് നിര്‍ബന്ധിത മതംമാറ്റമെന്ന പേരില്‍ ഫാ. ബിനോയിക്കെതിരെ കള്ളക്കേസു കൊടുത്തത്. ബജ്റംഗ്ദള്‍ ഇടപെട്ടതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി അതിന് ഒത്താശ ചെയ്തു. സ്ഥലവുമായി ബന്ധപ്പെട്ട കേസ് സംസാരിക്കാനാണെന്നു പറഞ്ഞ് എസ്പി ഓഫീസിലേയ്ക്കു വിളിച്ചു വരുത്തിയ ശേഷം മതംമാറ്റക്കേസുണ്ടെന്നു പറഞ്ഞ് ജയിലില്‍ അടയ്ക്കുകയായിരുന്നു. പേസ്മേക്കര്‍ ഘടിപ്പിച്ച രോഗിയാണെന്നറിഞ്ഞിട്ടും ചികിത്സ നിഷേധിച്ചു.

ഈ സഹനങ്ങളില്‍ ഫാ. ബിനോയ് പക്ഷേ നിരാശനല്ല. സഹനങ്ങളെല്ലാം അനുഗ്രഹമായി മാറിയതിന്‍റെ അനുഭവങ്ങളാണ് തന്‍റെ ജീവിതമെന്ന് അദ്ദേഹം പറഞ്ഞു. "ജയിലില്‍ കിടക്കുന്ന സമയത്ത് തന്‍റെ മനസ്സിലേയ്ക്കു വന്ന ശക്തമായ ഒരു ചിന്ത സന്യാസവുമായുള്ള സാമ്യമാണ്. ജയിലില്‍ അനുസരണം വേണം. മിനിമം സൗകര്യങ്ങളേയുള്ളൂ. അതായതു ദാരിദ്ര്യമുണ്ട്. ബ്രഹ്മചര്യവുമാണല്ലോ. ചുരുക്കത്തില്‍ ഒരുതരം നിര്‍ബന്ധിത സന്യാസമാണ് ജയില്‍വാസം. അത്തരമൊരു അവസ്ഥ സ്വമേധയാ ഏറ്റെടുക്കുന്നതാണ് യഥാര്‍ത്ഥ സന്യാസം."

ഒരു സഹനവും നഷ്ടമല്ലെന്നും സഹനം നല്‍കിയവരോടൊന്നും പരാതിയില്ലെന്നും ഫാ. ബിനോയി പറയുന്നു. പരാതി കൊടുത്ത സ്ഥലമുടമകളോടു പൂര്‍ണമായി ക്ഷമിക്കുകയും അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. "ഇത് ഈശോയുടെ പദ്ധതിയാണ്. കാലത്തിന്‍റെ തികവില്‍ ഈ സഹനം കൊണ്ട് ഉദ്ദേശിച്ചതെന്താണെന്നു നമുക്കു മനസ്സിലാകും. അതിനായി കാത്തിരിക്കുക മാത്രമാണ് നമുക്കു ചെയ്യാനുള്ളത്" ഫാ. ബിനോയ് പറഞ്ഞു.

ഷിജു ആച്ചാണ്ടി

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org