|^| Home -> Cover story -> ഫാ. ജേക്കബ് പ്രസാദ്: വൈദികരെ വളര്‍ത്തുന്നവര്‍ക്കു പറയാനുള്ളത്

ഫാ. ജേക്കബ് പ്രസാദ്: വൈദികരെ വളര്‍ത്തുന്നവര്‍ക്കു പറയാനുള്ളത്

Sathyadeepam

റവ. ഡോ. ജേക്കബ് പ്രസാദ്
മുന്‍ റെക്ടര്‍, കാര്‍മ്മല്‍ഗിരി സെമിനാരി, ആലുവ

കേരള കത്തോലിക്കാസഭയിലെ മേജര്‍ സെമിനാരികള്‍ ഇതിനകം ആയിരക്കണക്കിനു പുരോഹിതന്മാര്‍ക്കു ജന്മം നല്‍കിയിട്ടുണ്ട്. സഭയുടെ പ്രധാന ഊര്‍ജ സ്രോതസ്സുകളായി നിലകൊള്ളുന്ന ഈ സെമിനാരികളുടെ മേധാവികള്‍ അഞ്ചു വര്‍ഷം കൂടുമ്പോള്‍ മാറും. കഴിഞ്ഞ അഞ്ചു വര്‍ഷം സെമിനാരി റെക്ടര്‍മാരായി പ്രവര്‍ത്തിച്ചവര്‍ സ്ഥാനമൊഴിയുകയും പുതിയ റെക്ടര്‍മാര്‍ ചുമതലയേറ്റെടുക്കുകയും ചെയ്യുന്ന സമയമാണിത്. സ്ഥാനമൊഴിയുന്ന റെക്ടര്‍മാരില്‍ ചിലര്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളിലെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ വൈദിക പരിശീലനവുമായും സെമിനാരികളുമായും ബന്ധപ്പെട്ട തങ്ങളുടെ ചിന്തകള്‍ പങ്കുവയ്ക്കുകയാണിവിടെ:

? 25 വര്‍ഷം മുമ്പുള്ള സെമിനാരി വിദ്യാര്‍ത്ഥികളും ഇന്നത്തെ സെമിനാരി വിദ്യാര്‍ത്ഥികളും വരുന്ന സാമൂഹ്യ/കുടുംബ പശ്ചാത്തലങ്ങള്‍ക്കു വലിയ മാറ്റങ്ങള്‍ ഉണ്ടോ? എന്തൊക്കെയാണ് ഈ മാറ്റങ്ങള്‍?
ഇക്കഴിഞ്ഞ ഏതാണ്ട് രണ്ട് പതിറ്റാണ്ടായി കത്തോലിക്കാ സന്യാസിനീ സമര്‍പ്പണ ജീവിതത്തിലേക്കുള്ള ദൈവവിളികളില്‍ ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ട് എന്നത് പ്രകടമായ യാഥാര്‍ത്ഥ്യമാണ്. അതേസമയം പൗരോഹിത്യത്തിലേക്കും സന്യാസ സമര്‍പ്പണത്തിലേക്കും എത്തിച്ചേരുന്ന പുരുഷന്മാരുടെ സംഖ്യ ഗണ്യമായ രീതിയില്‍ കുറഞ്ഞിട്ടില്ല എന്ന യാഥാര്‍ത്ഥ്യം നിലനില്ക്കുന്നു. എന്നിരുന്നാലും മൂന്നു പതിറ്റാണ്ടു മുമ്പുണ്ടായിരുന്ന സംഖ്യാബലവും ആവേശവും ഇന്നില്ല എന്നതും ഒരു സത്യമാണ്. ഇന്ന് കേരളത്തില്‍ ഉള്ളത് അണുകുടുംബങ്ങളാണ്; ഭൂരിഭാഗം കുടുംബങ്ങളിലും ഒന്നോ അല്ലെങ്കില്‍ രണ്ടോ കുട്ടികളാണ്. ഇക്കാര്യം ദൈവവിളിയുടെ സംഖ്യയെയും ജീവിതദര്‍ശനത്തെയുംതന്നെ വ്യത്യാസപ്പെടുത്തിയിട്ടുണ്ട്.

ഫാ. ജോസ് കുറിയേടത്തിന്‍റെ പഠനപ്രകാരം കേരളത്തിലെ 90% വൈദികരും സന്യാസിനികളും മൂന്നു കുട്ടികളില്‍ കൂടുതലുള്ള കുടുംബങ്ങളില്‍നിന്ന് വന്നവരാണ്. എന്നാല്‍ വളരെ പെട്ടെന്നു നടന്ന നഗരവല്‍ക്കരണവും തല്‍ഫലമായി കൃഷിയോടനുബന്ധിച്ചുള്ള ജോലിയില്‍ നിന്നുള്ള മാറ്റവും, സാക്ഷരതയുടെയും വിദ്യാഭ്യാസത്തിന്‍റെയും വര്‍ദ്ധനവും തുടര്‍ന്ന് വരുമാനത്തിലുണ്ടായ വര്‍ദ്ധനവും കത്തോലിക്കാ സമൂഹത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഈ പഠനമനുസരിച്ച് 70% ത്തിലേറെ വൈദികരും സന്യസ്തരും കര്‍ഷകകുടുംബങ്ങളില്‍ നിന്നുള്ളവരാണ്. 75% ത്തിലേറെപ്പേരുടെ മാതാപിതാക്കന്മാര്‍ കാര്യമായ വിദ്യാഭ്യാസമില്ലാത്തവരും സമൂഹത്തിന്‍റെ താഴത്തെ ശ്രേണിയില്‍പ്പെട്ടവരുമാണ്. ജീവിതത്തെക്കുറിച്ച് വലിയ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തുന്ന വിദ്യാസമ്പന്നരായ മാതാപിതാക്കള്‍ തങ്ങളുടെ പുത്രീപുത്രന്മാരെ വൈദീക-സന്യാസ സമര്‍പ്പണ ജീവിതത്തിലേക്കു നയിക്കാന്‍ താല്പര്യപ്പെടുന്നില്ല. വിദ്യാഭ്യാസം നേടുന്ന യുവജനത വളരെ ആകര്‍ഷകമായ ശമ്പളം ലഭ്യമാകുന്ന ജോലി ഉന്നംവച്ചാണ് പഠിക്കുന്നത്. യുവതീയുവാക്കന്മാര്‍ ജീവിതാന്തസ്സ് തെരഞ്ഞെടുക്കാനുള്ള സമയമാകുമ്പോള്‍ ഭൗതീകവല്‍ക്കരിക്കപ്പെട്ട സമൂഹം തങ്ങളുടെ മുമ്പില്‍ വച്ചു നീട്ടുന്നത് ആകര്‍ഷണീയങ്ങളായ ജോലികളും അതില്‍ നിന്നുള്ള ഭൗതീക സൗകര്യങ്ങളുമാണ്. അക്കാരണത്താല്‍ത്തന്നെ പുരോഹിത-സമര്‍പ്പിതജീവിതം തെരഞ്ഞെടുക്കുന്നവരുടെ ഗുണനിലവാരവും കുറഞ്ഞിട്ടുണ്ട്. കൂടുതല്‍ ബുദ്ധിയും കഴിവുമുള്ളവര്‍ ഭൗതീകനേട്ടങ്ങള്‍ കൈവരിക്കാന്‍ സാധ്യതയുള്ള ജോലിയും അന്തസ്സുമാണിഷ്ടപ്പെടുന്നത്.

? ഈ മാറ്റങ്ങള്‍ സെമിനാരി പരിശീലനത്തെ ഏതെങ്കിലും തരത്തില്‍ സ്വാധീനിക്കുന്നുണ്ടോ? ഏതെല്ലാം വിധത്തില്‍?
അണുകുടുംബങ്ങളില്‍നിന്നു വരുന്ന വൈദികാര്‍ത്ഥികളില്‍ കൂട്ടായ ജീവിതത്തിനുവേണ്ട സഹകരണഭാവങ്ങളുടെ കുറവുണ്ടെന്നു വിലയിരുത്തപ്പെടുന്നുണ്ട്. മുന്‍ കാലങ്ങള്‍ ഭവനങ്ങളില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടായിരുന്നപ്പോള്‍ കൂടുതല്‍ സഹകരണമനോഭാവത്തോടെ അവര്‍ വളരുമായിരുന്നു. അച്ഛനമ്മമാരുടെ വരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ദുശ്ശാഠ്യം കൂടാതെ കാത്തിരിക്കാനും അങ്ങനെ സഹകരണബുദ്ധ്യാ പെരുമാറുവാനും അവര്‍ തയ്യാറാകുമായിരുന്നു; അങ്ങനെ കുടുംബത്തില്‍ത്തന്നെ ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും പാഠങ്ങള്‍ അഭ്യസിക്കപ്പെടുമായിരുന്നു. അപ്രകാരമുള്ള നന്മ നിറഞ്ഞ ഭാവങ്ങള്‍ ഉള്‍ക്കൊള്ളാന്‍ അവസരം ലഭിക്കാതെ സെമിനാരിയില്‍ പ്രവേശിക്കുന്നവരില്‍ ആ ഗുണങ്ങള്‍ രൂപപ്പെടുത്തുകയെന്നത് ഏറെ ശ്രമകരമായ ജോലിയാണ്. രണ്ട് ആണ്‍മക്കള്‍ മാത്രമുള്ള കുടുംബങ്ങളില്‍നിന്നു വരുന്ന കുട്ടികള്‍ക്ക് എതിര്‍ലിംഗത്തിലുള്ളവരോടുള്ള ശരിയായ പെരുമാറ്റം ആര്‍ജ്ജിച്ചെടുക്കുന്നതും എളുപ്പമുള്ള കാര്യമല്ല.

? സെമിനാരി പരിശീലനത്തില്‍ കാലാനുസൃതമായി വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെ?
മേല്‍പറഞ്ഞ സഹകരണമനോഭാവത്തിലുള്ള (adjustment) പ്രശ്നങ്ങള്‍ നോക്കികാണുവാനും പരിഹരിക്കാനും കേവലം ആദ്ധ്യാത്മഗുരുക്കള്‍ മാത്രമല്ല Counsellors ഉം സെമിനാരികളിലുണ്ട്. ചില കാര്യങ്ങളില്‍ മനഃശാസ്ത്രപരമായ സമീപനങ്ങള്‍ വഴിയായി മാത്രമേ പരിഹാരം കണ്ടെത്താനാവൂ. ദൈവവിളിയെക്കുറിച്ച് കൂലങ്കക്ഷമായി ചിന്തിച്ച് അത് വിവേചിച്ചറിയുക എന്നത് പ്രധാനപ്പെട്ടതാണ്. അതിനാല്‍ സാധാരണയുള്ള വാര്‍ഷിക ധ്യാനം എന്ന രീതിയോടൊപ്പം തന്നെ രൂപീകരണകാലത്ത് ഒരു പ്രാവശ്യമെങ്കിലും ലയോളായിലെ വി. ഇഗ്നേഷ്യസിന്‍റെ രീതിയിലുള്ള Spriritual Excercises ന്‍റെ ഒരു ഹ്രസ്വരൂപം നടത്തിവരുന്നുണ്ട്; അത് ഏതാണ്ട് എട്ട് ദിവസം നീണ്ടുനില്ക്കുന്നതാണ്. ദൈവവിളിയെക്കുറിച്ചുള്ള ബോധ്യത്തില്‍ ഉറച്ചു നില്ക്കാനായി ഈ പ്രക്രിയ നല്ലതാണ്.

ക്രൈസ്തവസമൂഹമാണ് അതിന്‍റെ നേതാക്കളെ രൂപപ്പെടുത്തേണ്ടത്. അതിനാല്‍ രൂപീകരണകാലത്ത് മാതാപിതാക്കന്മാരുടെ സന്ദര്‍ശനം അഭിലഷണീയമാണ്. നീണ്ട വേനലവധിയും സെമസ്റ്റര്‍ അവസാനിച്ചുള്ള അവധിയും ക്രിസ്തുമസ്സ്- നവവത്സര അവധിയും ഒക്കെ വൈദികാര്‍ത്ഥിയെ താന്‍ പില്‍ക്കാലത്ത് ശുശ്രൂഷ ചെയ്യാന്‍ പോകുന്ന ജനങ്ങളുമായി ഇടപഴകാനും അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനുമുള്ള അവസരങ്ങളായി മാറ്റണമെന്നാണ് രൂപീകരണ പ്രക്രിയയുടെ ഉദ്ദേശ്യം.

ദരിദ്രരായ സഹോദരങ്ങളുടെ മുന്‍ഗണനാപരമായ സ്നേഹം ഇന്നത്തെ സഭയുടെ പ്രത്യേകതയാണ്. ദരിദ്രരുടെയും ദരിദ്രര്‍ക്കുവേണ്ടിയും ഉള്ള സഭ (Church of the poor and for the poor) എന്ന ഫ്രാന്‍സീസ് പാപ്പായുടെ- ആഭിമുഖ്യം സ്വീകരിക്കുന്നതിന്‍റെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ പരിശീലന പദ്ധതിയില്‍ പത്തുദിവസമെങ്കിലും നീണ്ടു നില്ക്കുന്ന exposure
programme (യാഥാര്‍ത്ഥ്യ അനുഭവ പരിപാടി) സെമിനാരികളില്‍ നടത്തിവരുന്നു. ഇതിന്‍റെ ഭാഗം തന്നെയാണ് രണ്ടു സെമസ്റ്ററുകളുടെയും അവസാനം നടത്തിവരുന്ന തടവറ ശുശ്രൂഷയുടെ ഭാഗമായ തടവറ സന്ദര്‍ശനങ്ങള്‍.

? കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ സെമിനാരി പാഠ്യപദ്ധതിയില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ വിശദീകരിക്കാമോ?
ഈ വര്‍ഷങ്ങളില്‍ സാധാരണ പാഠ്യപദ്ധതിക്കു ഉപരിയായി ദൈവശാസ്ത്രത്തിലെ നൂതന ആഭിമുഖ്യങ്ങള്‍ പരിചയപ്പെടുത്തുന്നതിന്‍റെ ഭാഗമായി പ്രത്യേക കോഴ്സുകള്‍ നല്കുന്നുണ്ട്. ഉദാഹരണത്തിന് ദളിത് ദൈവശാസ്ത്രം, സ്ത്രീ പക്ഷ (feminist) ദൈവശാസ്ത്രം, വിമോചന ദൈവശാസ്ത്രം, സാഹചര്യ (contextual) ദൈവശാസ്ത്രം എന്നിവയൊക്കെ കൂട്ടിചേര്‍ക്കപ്പെട്ടിട്ടുണ്ട്. 2011-ല്‍ തത്വശാസ്ത്രപഠന നവീകരണം എന്ന നിര്‍ദേശവുമായി റോമായിലെ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള തിരുസംഘം പുറപ്പെടുവിച്ച മാര്‍ഗരേഖയുടെ (ജനുവരി 28, 2011) അടിസ്ഥാനത്തില്‍ തത്ത്വശാസ്ത്രപഠനം ഏറെ പരിഷ്ക്കരിക്കപ്പെടുകയുണ്ടായി. അതുപോലെതന്നെ 2018 ജനുവരി 29-ാം തീയതി ഫ്രാന്‍സിസ് പാപ്പ പുറപ്പെടുവിച്ച Veritatis Gaudium എന്ന അപ്പസ്തോലിക പ്രബോധനത്തിന്‍റെ അടിസ്ഥാനത്തില്‍ സെമിനാരിയിലെ പാഠ്യപദ്ധതി മുഴുവന്‍ പരിഷ്കരിച്ചുവരികയാണ്.

? ഡിജിറ്റല്‍ സാങ്കേതിക വിദ്യകളും ആശയവിനിമയ രംഗത്തുണ്ടായിരുന്ന പുതിയ വിപ്ലവങ്ങളും ഏതു വിധത്തിലാണ് സെമിനാരി വിദ്യാഭ്യാസത്തിനു സഹായകമാകുന്നത്? ഇവ പ്രയോജനപ്പെടുത്താന്‍ കേരളത്തിലെ സെമിനാരികള്‍ എന്തുചെയ്യുന്നു?
ഈ രംഗത്ത് വിപ്ലവകരമായ മുന്നേറ്റങ്ങള്‍ ഉണ്ടായിട്ടുള്ളത് സെമിനാരികള്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഇന്‍റര്‍നെറ്റിന്‍റെ ഉപയോഗം സെമിനാരിക്കാര്‍ക്കായി തുറന്നുകൊടുത്തിട്ടുണ്ട്. ഈമെയിലും, ഫെയ്സുബുക്കും മറ്റും ഇന്ന് സെമിനാരിക്കാര്‍ക്ക് പരിചിതമാണ്. ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെയും സെമിനാരികളുടെയും ആഭിമുഖ്യത്തില്‍media-training class കളും നടത്തുന്നുണ്ട്. വിദ്യാഭ്യാസത്തിന്‍റെ തലത്തിലായാലും വിവരം നേടുന്നതിന്‍റെ തലത്തിലായാലും encyclopeadia-കള്‍ പോലെ തന്നെയാണ് ഇന്ന് Wikipaedia യായും. അതോടൊപ്പം Google Search വഴിയായും ലഭിക്കുന്ന അടിസ്ഥാന വിവരങ്ങള്‍. എന്നാല്‍ ആഴത്തിലുള്ള പഠനത്തിനു ഇതു മതിയാകില്ല എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുവാനുള്ള അവസരങ്ങളും വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കുന്നുണ്ട്.

? പുതിയ സാങ്കേതിക വിദ്യകളും അവ കൊണ്ടുവന്ന സംസ്കാരവും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണ്?
കമ്പ്യൂട്ടറിന്‍റെ ഉപയോഗം വഴിയായി വിവരശേഖരണവും മറ്റും നടത്തുമ്പോള്‍ത്തന്നെ മൊബൈല്‍ ഫോണ്‍ വഴിയായുള്ള സമ്പര്‍ക്കം കേരളത്തിലെ സെമിനാരി വിദ്യാര്‍ത്ഥികളുടെ ഇടയില്‍ പരിമിതപ്പെടുത്തിയിരിക്കുകയാണ്. കാരണം അത് ദുരുപയോഗത്തിനും അക്കാരണത്താല്‍ത്തന്നെ ദൈവവിളി നഷ്ടപ്പെടുന്നതിനും കാരണമാകുമെന്ന ആശങ്ക നിലനിര്‍ത്തുന്നു; അപ്രകാരം സംഭവിച്ചിട്ടുമുണ്ട്. അവയെല്ലാം ഉത്തരവാദിത്വത്തോടെ ഉപയോഗിക്കാനുള്ള മനഃസാക്ഷി രൂപീകരണത്തിന്‍റെ വേളയായിട്ടാണ് പരിശീലന കാലത്തെ കാണുന്നത്.

? പൊതുവായുള്ള സെമിനാരി പരിശീലനം റീത്ത് അധിഷ്ഠിത മേജര്‍ സെമിനാരികളിലേക്കു മാറ്റിയതുകൊണ്ടുണ്ടായ പ്രയോജനങ്ങള്‍ എന്തൊക്കെയാണ്? ദോഷങ്ങളുണ്ടോ? എന്തൊക്കെ?
ഓരോ റീത്തിലുംപെട്ട സെമിനാരിക്കാര്‍ക്ക് അവരവരുടെ ആരാധനക്രമത്തിലും പാരമ്പര്യത്തിലും സുഗമമായി പരിശീലനം നേടാന്‍ ഈ വിഭജനം ഇടയാക്കി. മാത്രമല്ല ഓരോ വ്യക്തി സഭയ്ക്കും അവരവരുടെ രീതിയില്‍ വളരാനും ഇടവന്നു. സ്വത്വബോധം വര്‍ദ്ധിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ഒരുപറ്റം തത്ത്വശാസ്ത്ര-ദൈവശാസ്ത്ര അധ്യാപകരെയും ചിന്തകരെയും വളര്‍ത്തിയെടുക്കാനും ഒരു പരിധിവരെ സാധിച്ചു എന്നും പറയാം. യഥാര്‍ത്ഥത്തില്‍ റീത്ത് അടിസ്ഥാനത്തില്‍ ഒരു മേജര്‍ സെമിനാരി ഇല്ലാതിരുന്നത് ലത്തീന്‍ സഭയ്ക്ക് മാത്രമായിരുന്നു. അക്കാര്യം 1997-ലെ വിഭജനം വഴിയായി പരിഹരിക്കപ്പെട്ടു എന്നത് സത്യമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും കേരളത്തിലെ മൂന്നു റീത്തുകളും ഒരുമിച്ച് പരിശീലനം നേടിയിരുന്നപ്പോള്‍ ഉണ്ടായിരുന്നതിന്‍റെ സൗകുമാര്യത നഷ്ടപ്പെട്ടു എന്നത് പറയാതെവയ്യ. ഇന്ന് മൂന്നു റീത്തുകളിലുംപ്പെട്ട സെമിനാരിക്കാര്‍ പരസ്പരം അറിയുവാനുള്ള അവസരങ്ങള്‍ ഉണ്ടെങ്കില്‍പോലും അവര്‍ ഒരുമിച്ച് വസിക്കുന്നതില്‍ നിന്നുരുത്തിരിയുന്ന സൗഹൃദവും പരസ്പരമുള്ള താത്പര്യവും സ്നേഹവും ഒക്കെ നിലനിറുത്തുന്നു എന്നു പറയാനാവില്ല. ഈ മൂല്യങ്ങള്‍ തിരിച്ചുപിടിക്കുന്നതിന്‍റെ ഭാഗമായി ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒന്നായിരുക്കുന്നു എന്നതിനാല്‍ combined classes ഉം മറ്റും നടത്തുന്നുണ്ടെങ്കിലും അത് മുമ്പുണ്ടായിരുന്ന ഒരുമിച്ചുള്ള വാസത്തില്‍ നിന്നുളവാകുന്ന ഐക്യത്തിലേക്കു നയിക്കുന്നു എന്നു പറയാനാവില്ല.

? നമ്മുടെ സെമിനാരികളുടെ വിപുലമായ അടിസ്ഥാന സൗകര്യങ്ങളും വിഭവശേഷികളും സഭയുടെ മൊത്തത്തിലുള്ള മനുഷ്യവിഭവശേഷി പരിശീലനത്തിനു പ്രയോജനപ്പെടുത്താന്‍ എന്തെങ്കിലും ചെയ്യുന്നുണ്ടോ? അപ്രകാരം പ്രയോജനപ്പെടുത്താന്‍ ആകുമോ?
സമീപകാലത്ത് ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ആഭിമുഖ്യത്തില്‍ തുടങ്ങിയതാണ് Correspondence Course in Theology.  അതിനുവേണ്ട ടെക്സ്റ്റ് ബുക്കുകള്‍ തയ്യാറാക്കിയത് കാര്‍മ്മല്‍ഗിരി-മംഗലപ്പുഴ സെമിനാരികളിലെ (പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ) അദ്ധ്യാപകര്‍ തന്നെയാണ്. അവര്‍ തന്നെയാണ് പ്രസ്തുത കോഴ്സുകളുടെ ഭാഗമായി എല്ലാ രണ്ടാം ശനിയാഴ്ചകളിലും സെമിനാരിയില്‍ വച്ചു നടത്തുന്ന contact class കള്‍ നയിക്കുന്നതും.

? വൈദികരോ സന്യസ്തരോ ആകാനാഗ്രഹിക്കാത്ത/അതിനു വിളിയില്ലാത്ത യുവജനങ്ങള്‍ക്ക് സഭാത്മക സേവനത്തില്‍ പരിശീലനം നല്കാന്‍ സെമിനാരികളുടെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുമോ?
സാധിക്കുമെന്ന് കുറച്ചു നാളുകളായി തെളിയിച്ചിട്ടുണ്ട്. ഇപ്പോള്‍ അല്മായര്‍ക്കും സെമിനാരിയിലെ ക്ലാസ്സുകളില്‍ സംബന്ധിക്കാനുള്ള അനുവാദമുണ്ട്. അങ്ങനെ പരിശീലനം നേടിയ ചിലരെങ്കിലും ഉണ്ട്. അതേസമയം അല്മായര്‍ക്കുവേണ്ടി മാത്രമായി ഒരു പാഠ്യപദ്ധതി രൂപപ്പെടുത്തിയിട്ടില്ല. അല്മായര്‍ക്കുവേണ്ടി മാത്രമുള്ള പാഠ്യപദ്ധതി മേല്‍പ്പറഞ്ഞ Correspondence Course  മാത്രമാണ്. ഇപ്പോള്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് താത്പര്യമുള്ളവര്‍ക്കുവേണ്ടി സെമിനാരികളില്‍ വിദേശഭാഷകള്‍ പഠിപ്പിക്കുന്ന course കള്‍ നടക്കുന്നുണ്ട്.

? വിദേശ യൂണിവേഴ്സിറ്റികളിലടക്കം ഉന്നത വിദ്യാഭ്യാസം നേടിയ പണ്ഡിതര്‍ പ്രധാനമായുള്ള സെമിനാരികള്‍ക്ക് സഭയുടെയും സമൂഹത്തിന്‍റെയൊക്കെയും തിങ്ക് താങ്കുകളായി വര്‍ത്തിക്കാന്‍ എത്രത്തോളം സാധിക്കുന്നു? സഭയുടെ ഏറ്റവും വലിയ വിജ്ഞാനീയ കേന്ദ്രങ്ങളായ സെമിനാരികളില്‍ നിന്നു സമൂഹത്തിന്‍റെ പൊ തുവായ ബൗദ്ധീക മേഖല യ്ക്കു ലഭിക്കുന്ന സംഭാവനകള്‍ എന്തൊക്കെ?
Think tank എന്ന നിലയില്‍ സെമിനാരികളിലെ അദ്ധ്യാപകര്‍ ഒരു പരിധിവരെ പ്രവര്‍ത്തിക്കുന്നു എന്നു പറയാം. രണ്ടു സെമിനാരികളില്‍നിന്നും ഇറങ്ങുന്ന പ്രസിദ്ധീകരണങ്ങളായ Living Word, മതവും ചിന്തയും, പ്രേഷിതകേരളം എന്നിവ വഴിയായ ചിന്ത ഉദ്ദീപിക്കപ്പെടുന്നുണ്ട്. അതുപോലെതന്നെ അദ്ധ്യാപകര്‍ പുറപ്പെടുവിക്കുന്ന ഗ്രന്ഥങ്ങള്‍ വഴിയായും പ്രസ്തുത പ്രക്രിയ നടക്കുന്നു. കേരളത്തിലെ മെത്രാന്‍ സമതിയുമായി നടത്തുന്ന Colloquium മറ്റൊരുദാഹരണമാണ്. CBCI യുടെ തലത്തില്‍ നടക്കുന്ന ദൈവശാസ്ത്ര Colloquium ലും സെമിനാരി പ്രൊഫസര്‍മാര്‍ പങ്കെടുക്കുന്നുണ്ട്. മാത്രമല്ല സെമിനാരികളില്‍ നടത്തുന്ന സെമിനാറുകളിലും ഇതര സെമിനാറുകളിലും പങ്കെടുത്ത് അവര്‍ ചിന്തകള്‍ പകരുന്നുണ്ട്. എന്നിരുന്നാലും ഒരു think tank എന്ന നിലയില്‍ കൂടുതല്‍ സജീവവും പ്രകടവുമായ രീതിയില്‍ സെമിനാരി പ്രൊഫസര്‍മാര്‍ ഇനിയും വളരേണ്ട ആവശ്യമുണ്ടെന്നും പറയേണ്ടിയിരിക്കുന്നു. കാര്‍മ്മല്‍ഗിരി സെമിനാരിയില്‍ നിന്നു പുറപ്പെടുവിച്ച ലത്തീന്‍ കാനോന നിയമസംഹിതയുടെ (Codex Iuris Canonicis) മലയാള പരിഭാഷ പൊതുസമൂഹത്തിനു സെമിനാരി അദ്ധ്യാപകര്‍ നല്കിയ ഒരു സമ്മാനമാണ്.

? സെമിനാരിയിലേക്ക് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്ന പ്രായത്തെക്കുറിച്ച് പല ചര്‍ച്ചകള്‍ നടന്നിട്ടുണ്ടല്ലോ. ഇപ്പോള്‍ പ്ലസ് ടു സ്കൂളുകളിലേയ്ക്കു മാറ്റിയ സാഹചര്യത്തില്‍ സെമിനാരി പ്രവേശനത്തിനുള്ള മിനിമം പ്രായം/യോഗ്യത പുനരവലോകനത്തിനു വിധേയമാക്കുന്നുണ്ടോ?
ലത്തീന്‍ സഭയില്‍ 2000-മാണ്ടു മുതല്‍ മേജര്‍ സെമിനാരി പ്രവേശനത്തിനു ഡിഗ്രി കോഴ്സ് കഴിഞ്ഞിരിക്കണം എന്നതു നിര്‍ബന്ധമാണ്. സെമിനാരി വിഭജനത്തോടനുബന്ധിച്ച് 1997-ല്‍ ലത്തീന്‍ സഭയില്‍ നടന്ന Living -in-together-ന്‍റെ തീരുമാനമായിരുന്നു അത്. ഈ തീരുമാനത്തില്‍ നിന്നു ലത്തീന്‍ സഭ പിറകോട്ടുപോയിട്ടില്ല. ആകയാല്‍ ലത്തീന്‍ സഭയില്‍ SSLC കഴിഞ്ഞുവരുന്ന ഒരു വിദ്യാര്‍ത്ഥിയുടെ മൈനര്‍ സെമിനാരി പഠനകാലം ആറ് വര്‍ഷമാണ്: ഒരു വര്‍ഷം ഓറിയന്‍റേഷന്‍ കോഴ്സ്; രണ്ട് വര്‍ഷം ഹയര്‍ സെക്കന്‍ററി പഠനം; മൂന്ന് വര്‍ഷം ഡിഗ്രി പഠനം. സമീപകാലത്ത് ലത്തീന്‍ സഭയിലെ ഒരു രൂപത ഏതാണ്ട് 5 വര്‍ഷക്കാലം മൈനര്‍ സെമിനാരിയില്‍ ഹയര്‍ സെക്കന്‍ററി കഴിഞ്ഞ വിദ്യാര്‍ത്ഥികളെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ എന്ന ഒരു തീരുമാനത്തില്‍ പ്രവര്‍ത്തിച്ചു. എന്നാല്‍ അവിടെ വളരെ കുറച്ചു വിദ്യാര്‍ത്ഥികളെ മാത്രമേ അപ്രകാരം ലഭിച്ചുള്ളൂ. അക്കാരണത്താല്‍ 5 വര്‍ഷത്തിനു ശേഷം ആ പരീക്ഷണം അവിടെ നിറുത്തിവയ്ക്കേണ്ടിവന്നു. എന്നിരുന്നാലും സെമിനാരി പ്രവേശനത്തിനുവേണ്ടിയുള്ള മിനിമം പ്രായത്തെക്കുറിച്ചുള്ള ചര്‍ച്ച തുടരേണ്ട ഒന്നാണ്.

? ദൈവവിളികളുടെ എണ്ണത്തില്‍ കുറവു വരാതിരിക്കുന്നതിനു ഗുണമേന്മയില്‍ ഒത്തുതീര്‍പ്പുകള്‍ നടത്തുകയാണെന്ന ആക്ഷേപത്തില്‍ കഴമ്പുണ്ടോ?
എണ്ണം കുറയുന്നു എന്നു പറയുന്നതില്‍ യാഥാര്‍ത്ഥ്യമുണ്ട്. മുകളില്‍ സൂചിപ്പിച്ചതുപോലെ അണുകുടുംബങ്ങളാണെങ്കില്‍ എണ്ണം കുറയാതിരിക്കാന്‍ തരമില്ലല്ലോ! ഗുണമേന്മ പിടിച്ചു നിറുത്താനുള്ള ശ്രമമുണ്ടെങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ ഗുണമേന്മയുള്ളവര്‍ ഇതര തൊഴിലുകള്‍ അന്വേഷിച്ചു പോകുന്നവരാണെന്ന സത്യം മുകളില്‍ വിവരിച്ചുവല്ലോ!

? സഭയിലെ വലിയ ശക്തി കന്യാസ്ത്രീകളുടേതാണ്. അവരുടെ തത്ത്വ/ദൈവശാസ്ത്ര, ബൈബിള്‍ പരിശീലനത്തിനു സെമിനാരികള്‍ക്ക് എന്തെങ്കിലും ചെയ്യാനാകുമോ?
ഇപ്പോള്‍ സെമിനാരികളില്‍ നല്കുന്ന തത്ത്വശാസ്ത്ര/ദൈവശാസ്ത്ര കോഴ്സുകളില്‍ പൂര്‍ണമായി പങ്കുചേരാനുള്ള സാധ്യതയും അനുവാദവും കന്യാസ്ത്രീകള്‍ക്കുണ്ട്. ചിലരൊക്കെ ഈ അവസരം ഉപയോഗപ്പെടുത്തുന്നുമുണ്ട്. കൂടുതല്‍പേര്‍ ഈ സാധ്യത ഉപയോഗപ്പെടുത്തേണ്ടതാണ്. അപ്പോഴാണ് സ്ത്രീ-സമര്‍പ്പിതരുടെ സമൂഹത്തിന്‍റെ ശക്തീകരണം സാധ്യമാകുന്നത്, കാരണം, അറിവ് ശക്തിയാണ് (Knowledge is power).

? ഓരോ വര്‍ഷവും പഠിച്ചു പുറത്തിറങ്ങിയശേഷം യുവവൈദിക സമൂഹം നല്കുന്ന സേവനങ്ങളെ പിന്നീടു വിലയിരുത്താറുണ്ടോ? അതില്‍ സംതൃപ്തിയുണ്ടോ?
ഈ വിലയിരുത്തലിന്‍റെ ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ അക്കാര്യത്തില്‍ പൂര്‍ണ സംതൃപ്തി ഉണ്ടെന്നു പറയാനാവില്ല. സെമിനാരി റീത്ത് അടിസ്ഥാനത്തില്‍ വിഭജിച്ച ശേഷം കാര്‍മ്മല്‍ഗിരിയില്‍ രണ്ട് Living-in-together കള്‍ നടത്തുകയുണ്ടായി, 1997-ലും 2011 -ലും. ഇവയില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ പ്രതിനിധികളും പങ്കെടുത്തിരുന്നു. Pastoral Charity എന്നും Pastoral Communion  എന്നും പേരില്‍ രണ്ട് ഡോക്കുമെന്‍റുകള്‍ അവയെ തുടര്‍ന്നു ഇറക്കുകയും ഉണ്ടായി. സെമിനാരി പഠനത്തിനു ശേഷം ശുശ്രൂഷയില്‍ ആയിരിക്കുന്ന യുവവൈദികരില്‍ ചിലപ്പോഴൊക്കെ സ്ഥാപനവല്‍ക്കരണത്തിന്‍റെ അനന്തരഫലമായ ഒരുതരം ആലസ്യം (lethargy) വന്നു ചേരുന്നതായി കണ്ടുവരുന്നുണ്ട്. അത് അവരിലെ ആവേശം ചോര്‍ത്തിക്കളയുന്നുവോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. എല്ലാ വര്‍ഷവും നടത്തുന്ന പൂര്‍വ്വവിദ്യാര്‍ത്ഥി സമ്മേളനത്തില്‍ പഠനത്തിനും ചര്‍ച്ചയ്ക്കുമായി ഒന്നര മണിക്കൂര്‍ നീക്കിവയ്ക്കുമ്പോള്‍ അതില്‍ പങ്കുചേരാന്‍ താത്പര്യപ്പെടുന്നവര്‍ ചുരുക്കമാണ്; alumni day യുടെ ഇതര പരിപാടികളില്‍ അവര്‍ താത്പര്യപൂര്‍വ്വം പങ്കുചേരും. യുവ വൈദിക സമൂഹത്തില്‍ കൂടുതലായി തങ്ങളുടെ ശുശ്രൂഷയെ സംബന്ധിച്ച വിശകലനവും, വിചിന്തനവും പഠനവും അനിവാര്യമായി നടക്കേണ്ടിയിരിക്കുന്നു.

? പൊതുസമൂഹത്തില്‍ നടക്കുന്ന ചര്‍ച്ചകളും പുതിയ ചിന്താധാരകളും പരിചയപ്പെടാന്‍ സെമിനാരി വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കുന്നത് എങ്ങനെയാണ്?
വാര്‍ത്താ മാധ്യമങ്ങളിലൂടെ പൊതുസമൂഹത്തിലെ ചര്‍ച്ചകളും ചിന്താധാരകളും പരിചയപ്പെടാന്‍ സെമിനാരി വിദ്യാര്‍ത്ഥികള്‍ക്ക് ധാരാളം അവസരമുണ്ട്. മാത്രമല്ല സെമിനാരിയില്‍ ഏതാണ്ട് എല്ലാ മാസവും ഒരു extension lecture നടത്തിവരുന്നുണ്ട്. പൊതുസമൂഹം ചിന്തിച്ചുവരുന്ന കാര്യങ്ങളെ പരിചയപ്പെടുത്തുന്നതിനും അതെക്കുറിച്ച് കൂടുതല്‍ അറിവുള്ളവരുമായി സംവദിക്കുന്നതിനുമുള്ള വേദിയാണത്. പാഠ്യപദ്ധതിയില്‍ത്തന്നെ ഇപ്പോള്‍ സമകാല വിഷയങ്ങളുടെ ചര്‍ച്ച ചേര്‍ത്തിട്ടുണ്ട്. എല്ലാ മുഖ്യ വിഷയങ്ങളുടെയും പരീക്ഷയില്‍ ഒരു ചെറിയ ശതമാനം ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും അവയ്ക്കുള്ള മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ വായിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സമകാല പ്രസിദ്ധീകരണങ്ങളിലെ ലേഖനങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്.

? പരിശീലനത്തിന്‍റെ ഔപചാരിക സ്വഭാവം അവരുടെ പെരുമാറ്റത്തെയും പിന്നീടു വൈദികരുടെ പ്രവര്‍ത്തനങ്ങളെയും സ്വാധീനിക്കുന്നതായി തോന്നിയിട്ടുണ്ടോ? ഫ്രാന്‍സിസ് മാര്‍പ്പാപ്പ എപ്പോഴും ചൂണ്ടിക്കാണിക്കുന്ന സഭയിലെ ക്ലെരിക്കലിസവും വൈദികരുടെ കരിയറിസവും നേരിടാന്‍ കേരളത്തിലെ സെമിനാരികളില്‍ നാം സ്വീകരിക്കുന്ന മുന്‍കരുതലുകള്‍ എന്താണ്?
വൈദികരുടെ ഇടയിലെ ക്ലെരിക്കലിസത്തിനും കരിയറിസത്തിനും ഒക്കെ എതിരായി സംസാരിക്കുന്നതോടൊപ്പം വൈദിക വിദ്യാര്‍ത്ഥികളില്‍ കൂടുതലായി ലളിതജീവിതവും ഉയര്‍ന്ന തരത്തിലുള്ള ചിന്തകളും നിലനിറുത്താന്‍ വേണ്ടിയാണ് കൂടുതലായും മുകളില്‍ സൂചിപ്പിച്ച exposure programmes നടത്തിവരുന്നത്. പ്രവാചകപരമായ കാഴ്ചപ്പാടുകള്‍ പകരാന്‍ പഠനത്തിലും വിചിന്തനത്തിലും ഒക്കെ ശ്രമിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ പ്രവാചകരില്ലാത്ത സമൂഹങ്ങള്‍ പെട്ടെന്നുതന്നെ സ്ഥാപനവല്‍ക്കരണത്തിലേക്കു (institutionalism) കൂപ്പുകുത്തിപ്പോകും. പഴയ നിയമ പ്രവാചകന്മാരുടെ ശബ്ദവും യേശുവിന്‍റെ തന്നെ വ്യക്തമായ കാഴ്ചപ്പാടും (ഉദാ. ലൂക്കാ 4:16-19) വിദ്യാര്‍ത്ഥികളില്‍ ഊട്ടി ഉറപ്പിക്കാനുള്ള തീവ്രശ്രമം നടത്തുന്നുണ്ട്.

? സെമിനാരി പരിശീലനത്തിന്‍റെയും പൗരോഹിത്യത്തിന്‍റെയും ഭാവിയെകുറിച്ച് എന്തു കരുതുന്നു?
സെമിനാരി പരിശീലനത്തിന്‍റെയും പൗരോഹിത്യ ശുശ്രൂഷയുടെയും ഭാവിയെ ഞാന്‍ പ്രത്യാശപൂര്‍വ്വമായിട്ടാണ് നോക്കിക്കാണുന്നത്. ദൈവജനത്തിനു ശുശ്രൂഷകര്‍ എന്നുമുണ്ടാകും; അതില്‍ ഏറ്റകുറച്ചിലുകള്‍ ഉണ്ടാകുമെന്നു മാത്രം. സഭയെ നയിച്ചുകൊണ്ടുപോകുന്നത് ദൈവാത്മാവാണ്. ദൈവാത്മാവിന്‍റെ വഴികള്‍ പലപ്പോഴും നിഗൂഢമാണ്. ഇന്ന് യഥാര്‍ത്ഥ ശുശ്രൂഷകരെ വാര്‍ത്തെടുക്കാന്‍ രൂപീകരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ബദ്ധപ്പെടുന്നതുപോലെ രൂപീകരണത്തില്‍ ആയിരിക്കുന്നവരും ഏറെ ബുദ്ധിമുട്ടുന്നുണ്ട്. വളരെ നല്ല ഉദ്ദേശ്യ ലക്ഷ്യങ്ങളോടെ രൂപീകരണ പ്രക്രിയ ഏറ്റെടുക്കുന്ന ഒരുപാട് വൈദിക വിദ്യാര്‍ത്ഥികളെ ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ സഭയുടെയും സമൂഹത്തിന്‍റെയും മുതല്‍കൂട്ടാണ്. എല്ലാവര്‍ക്കും, അതായത് രൂപീകരണം നല്‍കുന്നവര്‍ക്കും സ്വീകരിക്കുന്നവര്‍ക്കും, വേണ്ടത് “ആത്മാവ് സഭകളോടു പറയുന്നതെന്താണെന്നു കേള്‍ക്കുക” (വെളി. 2:7, 11, 17, 29; 3:6, 13, 22) എന്നതാണ്.

Leave a Comment

*
*