സന്യസ്തര്‍ പൊതുസമൂഹത്തെ കേള്‍ക്കണം

സന്യസ്തര്‍ പൊതുസമൂഹത്തെ കേള്‍ക്കണം

ഫാ. ജോബി താരാമംഗലം ഒ.പി.

സഭയും സന്യാസക്രമവും സാംസ്കാരികവളര്‍ച്ചയ്ക്കു നല്‍കിയ സംഭാവനകള്‍ ചെറുതല്ല. വസ്തുനിഷ്ഠമായി വിലയിരുത്തുന്നവരാരും അതിനോട് വിയോജിക്കുകയുമില്ല. അഭിമാനിക്കാവുന്ന ഒട്ടേറെ കാര്യങ്ങള്‍ നമുക്കുണ്ട്. എന്നിരുന്നാലും വന്നുപോകുന്ന അപചയങ്ങളെ നമുക്ക് കാണാതിരിക്കാനാവില്ല. നമ്മുടെ കാലത്തേക്കെത്തി നില്‍ക്കുന്ന സാംസ്കാരികപരിവര്‍ത്തനങ്ങള്‍ കുടുംബത്തിന്‍റെയും, സമൂഹങ്ങളുടെയും അടിസ്ഥാന സംവിധാനങ്ങളെ വളരെയധികം സ്വാധീനിക്കുന്നുണ്ടെന്നു നമുക്കറിയാം. ഉപയുക്തവും സാക്ഷ്യവുമാകുന്ന പ്രതികരണം സഭയിലും സന്യാസത്തിലും സമൂഹം തേടുന്നുണ്ട് എന്നതാണ് സത്യം.

കുറേക്കൂടി തുറന്ന കണ്ണുകളിലൂടെ നമുക്ക് കാണാന്‍ കഴിയുന്നില്ലെങ്കില്‍, സമര്‍പ്പിതജീവിതത്തില്‍നിന്നും കാലം ആഗ്രഹിക്കുന്ന ക്രിസ്തുസാന്നിധ്യം നമുക്ക് നല്‍കാനാവില്ല, സന്യാസ സംവിധാനങ്ങള്‍ക്ക് ക്രിസ്തു സാന്നിധ്യം തിരിച്ചറിയാനുമാവില്ല. നേരെമറിച്ച്, അപരിചിതമായി മാറിയ പരിസ്ഥിതിയെ സ്വന്തം നിലനില്‍പിന് വെല്ലുവിളികളും ഭീഷണിയുമായി വ്യാഖ്യാനിക്കുവാനായിരുന്നു പലപ്പോഴും നമ്മുടെ ശ്രമം. മതത്തിന്‍റെ ഇടുങ്ങിയ അളവുകോലുകള്‍ ശരിയായ പരിശോധനാഫലം നല്‍കിയെന്ന് വരില്ല. അനുയോജ്യമായ തോതുകള്‍ ഉപയോഗിക്കാന്‍ നമ്മള്‍ തയ്യാറാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സാങ്കല്പികമായ മതവ്യാഖ്യാനങ്ങള്‍ യഥാര്‍ത്ഥ വളര്‍ച്ചയെ തളര്‍ത്തുകയേയുള്ളു. സാമൂഹികവും സാംസ്കാരികവുമായ പ്രവണതകള്‍, പൊതുസമൂഹത്തിലും സന്യാസ സമൂഹങ്ങളില്‍ ആന്തരികമായും, അതിന്‍റേതായ പരിശോധനോപകരണങ്ങളിലൂടെ വിലയിരുത്തപ്പെടണം. അത്തരം മേഖലകളില്‍ വിദഗ്ദ്ധരായ എത്രയോ അല്മായര്‍ നമുക്കുണ്ട്. അവരുടെ വിശകലനങ്ങളിലൂടെ നമ്മുടെ സമൂഹങ്ങളിലെ യാഥാര്‍ത്ഥ്യങ്ങള്‍ അവര്‍ ഗ്രഹിക്കുന്നുമുണ്ട്, സാധിക്കുന്നതുപോലെ പറയുന്നുമുണ്ട്. പുറമെയുള്ളതിനെ തിന്മയെന്നു വിധിക്കുകയും, എന്നാല്‍ സ്വയം വിശകലനമില്ലാതെ നീതീകരിക്കുകയും ചെയ്തുകൊണ്ട് സ്വന്തം നാശം തന്നെ വരുത്തിവയ്ക്കുന്ന സാഹചര്യം നിലവിലുണ്ട്.

ജീവിതശൈലിയിലും പരിശീലനത്തിലും ഭരണസംവിധാനങ്ങളിലും ആത്മവിചിന്തനത്തിന്‍റെ ആവശ്യമുണ്ട് എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. സമര്‍പ്പിത രംഗങ്ങളില്‍ ആന്തരികമായും, സമൂഹത്തോടുള്ള ബന്ധങ്ങളിലും വിളിയെയും അതിന്‍റെ മൂല്യങ്ങളെയും സമഗ്രതയോടെ വേണ്ടവിധം ഉള്‍ച്ചേര്‍ക്കുന്നത് സംബന്ധിച്ച് ഇന്ന് നമുക്ക് വ്യക്തത കുറവാണ്. അത് ഒരു പ്രശ്നമല്ല വെല്ലുവിളിയാണ്. കാരണം സമൂഹത്തിലും സാംസ്കാരികപശ്ചാത്തലത്തിലും ഇന്ന് ഒരുപാട് സങ്കീര്‍ണ്ണത ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. ആധുനികകാലത്തിന്‍റെ സങ്കീര്‍ണതകളില്‍ വ്യക്തമായ ഉത്തരങ്ങള്‍ ഇന്നില്ല. എന്നിരുന്നാലും സാംസ്കാരിക മാറ്റങ്ങളിലും ചരിത്രഗതികളിലും സജീവസാന്നിധ്യമുള്ള ക്രിസ്തു ഈ സങ്കീര്‍ണതകളിലും പ്രവര്‍ത്തിക്കുന്നുണ്ട്.

വ്യവസ്ഥാപിതക്രമങ്ങളില്‍നിന്നും വ്യത്യസ്തമായവയ്ക്ക് നമ്മുടെ പ്രഥമ പ്രതികരണം സാന്മാര്‍ഗ്ഗികമായ വിധി പ്രസ്താവനകളാവരുത്. ചുറ്റുമുള്ള സാമൂഹിക രാഷ്ട്രീയ പ്രതിഭാസങ്ങളെ പാടെ അവഗണിച്ചുകളയുന്നത് വിവേകമല്ല. പരിചിതമായവയെ മാറ്റിനിര്‍ത്തി മറ്റൊന്ന് സ്വീകരിക്കുന്നതിലെ ഭീതിയാണ് പലപ്പോഴും നമ്മുടെ പല സംവിധാനങ്ങളും കെട്ടിനില്‍ക്കുന്ന അവസ്ഥയില്‍ നിലനിന്നു പോകുന്നതിനും ദുഷിക്കാന്‍ തുടങ്ങുന്നതിനും കാരണം.

പുതിയ പരിസ്ഥിതിയില്‍ അവ ജീവനുള്ളവയായി കാണപ്പെടണമെങ്കില്‍ വിവേകപൂര്‍ണ്ണമായ വിലയിരുത്തലുകളും യാഥാര്‍ത്ഥ്യ ബോധമുള്ള പ്രാര്‍ത്ഥനയും ആവശ്യമാണ്. നമ്മുടെ സംവിധാനങ്ങള്‍ പ്രതീകങ്ങളും വഴിയുമാണ്. അവയ്ക്ക് അനര്‍ഹമായ നിത്യപദവി നല്‍കപ്പെടുന്നത് നമ്മള്‍ എന്തിനെ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവോ അതിന്‍റെ തകര്‍ച്ചയിലേക്ക് വഴിവയ്ക്കുക തന്നെ ചെയ്യും. സ്ഥാപനങ്ങളിലെ 'ശുശ്രൂഷകളില്‍' ഏറിവരുന്ന പിരിമുറുക്കങ്ങളും, ചിലപ്പോഴെങ്കിലും ആവശ്യമായ കാര്യക്ഷമതയില്ലാതിരിക്കുന്നതും, അത്തരം സംഘര്‍ഷങ്ങളെയും മടുപ്പിനെയും പരിഹരിക്കുവാന്‍ കഴിയുന്നവിധമുള്ള സന്യാസസമൂഹങ്ങളുടെ അപര്യാപ്തതയും വ്യക്തിപരവും ആത്മീയവുമായ ജീവിതസംതൃപ്തിയെ ശുഷ്കമാക്കുന്നുണ്ട്.

'ആള്‍ ഈസ് വെല്‍' അല്ല സത്യാവസ്ഥ എങ്കില്‍ എളിമയോടും വേണ്ട ധൈര്യത്തോടും കൂടെ ഉള്ളിലേക്ക് നോക്കാന്‍ നമുക്ക് കഴിയാത്തത് എന്തുകൊണ്ടാണ്? അതിനു നല്കേണ്ടിവരുന്ന വിലയെ ഭയക്കുന്നതുകൊണ്ടാവാം. അധികാരം, ശീലിച്ചുപോന്ന ആചാരക്രമങ്ങള്‍, സ്ഥാപനങ്ങളുടെയും സ്ഥാപിതസംവിധാനങ്ങളുടെയും ആനുകാലിക പ്രസക്തിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ തുടങ്ങിയവ ആത്മാര്‍ത്ഥമായി പരിശോധിക്കപ്പെടുന്നുണ്ടെങ്കില്‍ വിലയേറിയ അര്‍പ്പണം അതിനാവശ്യമാണ്. കാലത്തിനു അടയാളമായി സമര്‍പ്പിതജീവിതം നല്കപ്പെടണമെങ്കില്‍ ഈ കടന്നുപോകല്‍ അനിവാര്യമാണ്.

'കടന്നുപോകല്‍' സന്യാസ സമൂഹത്തിന് നവീനത മാത്രമല്ല ലാവണ്യവും പകര്‍ന്നു നല്‍കും. കടന്നുപോകല്‍ പ്രക്രിയ അനുവദിക്കാന്‍ കൃപ ആവശ്യമാണ്. അപ്പോഴേ ഓരോ സന്യാസി/നിയിലും സന്യാസസമൂഹത്തിലും ക്രിസ്തുരൂപീകരണം ലക്ഷ്യമാവുകയുള്ളു. സന്യസ്തരുടെ ശുശ്രൂഷകളില്‍ ചൈതന്യമില്ല എന്ന് സമൂഹത്തിനു തോന്നുന്നു എങ്കില്‍ ഒരുപക്ഷെ ജീവിതങ്ങള്‍ സമര്‍പ്പിക്കപ്പെട്ടത് കാരിസങ്ങള്‍ക്കും സിസ്റ്റങ്ങള്‍ക്കും വേണ്ടി ആയിരുന്നിരിക്കാം.

കാലവുമായി സംവദിക്കുവാന്‍ കഴിയേണ്ടത് സന്യാസത്തിന്‍റെ വലിയൊരു വെല്ലുവിളിയാണ്. ഓരോ (സന്യസ്ത) സഭാസ്ഥാപകരും അത്തരത്തില്‍ പ്രചോദിതരായതുകൊണ്ടാണ് ഓരോ സന്യാസസമൂഹത്തിനും പ്രത്യേക കാരിസം ഉള്ളത്. ആരംഭത്തിലുള്ള ആ പ്രചോദനം (സ്ഥാപകന്‍റെ സമീപനശൈലി) പുതിയ സാഹചര്യങ്ങളില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയപ്പെടാതെ പോകുന്നതിന്‍റെ വലിയ പിരിമുറുക്കം എല്ലാ സന്യാസസഭകള്‍ക്കും തന്നെയുണ്ട്. പരിശീലന കാലഘട്ടവും പിന്നീടുള്ള പ്രവര്‍ത്തന മേഖലകളും കാരിസവും സഭയും നിലനിര്‍ത്തേണ്ടതിനുള്ള പ്രയത്നങ്ങളായി മാറുമ്പോഴാണ് 'സിസ്റ്റങ്ങള്‍' പിടിമുറുക്കുന്നത്. അവിടെ neo-traditionalism, convert neurosis തുടങ്ങിയ പ്രവണതകളും ഇടംപിടിച്ചു കഴിഞ്ഞു. അവയെ പഴമയിലെ വിശുദ്ധപാരമ്പര്യങ്ങളോടുള്ള വിശ്വസ്തതയായി തെറ്റിദ്ധരിക്കുവാനുള്ള എല്ലാ സാധ്യതയുമുണ്ട്. ചില ആധുനിക സ്ഥാപകര്‍ അവയെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. അതിതീവ്ര പാരമ്പര്യ പ്രവണത കുറേപ്പേരെ സമര്‍പ്പിതജീവിതത്തിന്‍റെ സംവിധാന ക്രമങ്ങളിലേക്കു ആകര്‍ഷിച്ചേക്കാം, നിലനിര്‍ത്തപ്പെടണമെന്ന് കരുതപ്പെടുന്ന ആചാരങ്ങളെയും പ്രതീകങ്ങളെയും കുറേക്കാലത്തേക്കുകൂടി നിലനിര്‍ത്താനുമായേക്കാം. ഇവ നിലനിര്‍ത്തപ്പെട്ടു പോകുവാനായിട്ടല്ല സമര്‍പ്പിതജീവിതം. സമര്‍പ്പിതജീവിതത്തില്‍ കാണപ്പെടുന്ന വിശ്വാസജീവിതം മാതൃകയാക്കപ്പെടാവുന്ന ജീവിത ക്രമമായി വിശ്വാസികള്‍ക്ക് ലഭിക്കുന്നില്ലെങ്കില്‍, ധൈര്യം പകരുന്ന അടയാളമായി മാറുന്നില്ലെങ്കില്‍ സമര്‍പ്പിതജീവിതം പറയ്ക്കു കീഴില്‍ വയ്ക്കപ്പെട്ട ദീപം പോലെയാണ്.

ശീലിച്ചു പരിചയിച്ച നിര്‍വചനങ്ങളോടും ആചാരങ്ങളോടും, മൗലികമെന്നു ധരിക്കപ്പെട്ട പാരമ്പര്യങ്ങളോടും സഭയെയും സന്യാസത്തിന്‍റെ ആധികാരികതയെയും താദാത്മ്യപ്പെടുത്തുന്നതാണ് വന്നുപോകുന്ന വലിയ തെറ്റ്. ഒരു പ്രത്യേക കാലഘട്ടത്തില്‍ ബന്ധിതമായതല്ല പാരമ്പര്യം. സ്ഥായിഭാവം കല്പിച്ചു നല്‍കപ്പെടുന്നുണ്ടെങ്കില്‍ക്കൂടി, പാരമ്പര്യം ആത്മാവിനാല്‍ നയിക്കപ്പെട്ട് കാലങ്ങളിലൂടെ ഉരുത്തിരിയുന്നതുകൂടിയാണ്. അവിടെ തുടര്‍ച്ചയോടൊപ്പം മാറ്റങ്ങളുമുണ്ട്. പാരമ്പര്യം പാലിക്കപ്പെടുമ്പോള്‍തന്നെ രൂപപ്പെടുന്നുമുണ്ട്. വിശ്വാസം, ആചാരക്രമങ്ങള്‍, ചിന്താധാരകള്‍, സംസ്കാരം എന്നിവയെല്ലാം ഓരോ കാലഘട്ടത്തിലും പല വിധേന പാരമ്പര്യത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. ഇവയെ പരസ്പരം മാറ്റിനിര്‍ത്താനാകില്ലെങ്കിലും അവ വ്യത്യസ്തമാണെന്ന് തിരിച്ചറിയണം. 'ഇതാണ് പരമ്പരാഗതശൈലി' എന്ന് നമ്മള്‍ ചൂണ്ടിക്കാണിക്കുന്നവ നമ്മള്‍ത്തന്നെ ഊന്നല്‍ കൊടുക്കുന്ന, നമ്മള്‍ ഇഷ്ടപ്പെടുന്ന ചില ഘടകങ്ങള്‍ മാത്രമായി ചുരുങ്ങാറുണ്ട്.

ഗൂഢോദ്ദേശ്യത്തോടെ, കുറവുകളെ പൊലിപ്പിച്ചു കാട്ടുന്നവരുണ്ടായേക്കാം. എന്നാലും എല്ലാ എതിര്‍പ്പുകളും അപസ്വരങ്ങളും ശത്രുതയില്‍ നിന്നല്ല. സമര്‍പ്പിത ജീവിതത്തിലെ, പ്രതീകങ്ങള്‍ക്കും ആചാരങ്ങള്‍ക്കുമുള്ള ലക്ഷ്യങ്ങള്‍ക്ക് വൈരൂപ്യം വന്നുപോയിട്ടുണ്ടെങ്കില്‍ അവയിലേക്കുള്ള സൂചകങ്ങളാണവ. അവ നിക്ഷിപ്തമായിരിക്കുന്ന അധികാരവും സ്ഥാനവുമാകാം, സമര്‍പ്പിതജീവിതം നല്‍കുന്ന വിശുദ്ധസങ്കല്പത്തിന്‍റെ ആദരവാകാം, സന്യസ്തവസ്ത്രമാകാം, സ്ഥാപിതക്രമങ്ങളാകാം, ശുശ്രൂഷാശൈലികളാവാം. ഈ പ്രതീകങ്ങളെയാണ് നിലനിര്‍ത്തപ്പെടണമെന്ന് നമ്മുടെ ന്യായീകരണങ്ങളില്‍ പലപ്പോഴും നമ്മള്‍ ശാഠ്യം പിടിക്കുന്നതും. ഈ പ്രതീകങ്ങളില്‍ സാക്ഷ്യമൂല്യമില്ലാതെ വരുമ്പോള്‍ അവ എത്ര മേനിയുള്ള പുറംകുപ്പായം അണിഞ്ഞാലും നോക്കുകുത്തികള്‍ക്ക് തുല്യമായി മാറും.

കൃപാസ്പര്‍ശം ഉണ്ടാവേണ്ടിയിരുന്ന ഈ പ്രതീകങ്ങളില്‍, ഒരു പക്ഷേ, കാരുണ്യരഹിതമായ സമീപനങ്ങളാവാം സമൂഹം കണ്ടത്. കനിവ് കാട്ടിയ, മനുഷ്യത്വത്തോടെ സമീപിച്ച സമര്‍പ്പിതരെ അവരുടെ ബലഹീനതകളില്‍ പോലും ഹൃദയത്തില്‍ സ്വീകരിക്കുവാന്‍ തയ്യാറാവുന്നവരാണവര്‍. കാര്‍ക്കശ്യവും ധാര്‍ഷ്ട്യവുമാണ്, ഹൃദയരഹിതമായതുകൊണ്ട് അവരെ വേദനിപ്പിക്കുന്നത്. സമര്‍പ്പിതരിലും സമര്‍പ്പിതരുടെ സ്ഥാപനങ്ങളിലും ക്രിസ്തുവില്ല എന്ന് തോന്നിത്തുടങ്ങുന്നത് അപ്പോഴാണ്.

വിശുദ്ധസങ്കല്പത്തിന്‍റെ സുരക്ഷിതത്വത്തില്‍നിന്ന് ഈ സമീപനങ്ങള്‍ ഉണ്ടാവുമ്പോള്‍, ഈ കാലത്തിന്‍റെ സംഘര്‍ഷങ്ങള്‍ക്കും സങ്കീര്‍ണ്ണതകളിലൂടെയും കടന്നു പോകുന്നവര്‍ക്ക് അത് വിരുദ്ധമായ അടയാളമാണ്. നീതിബോധം, കരുണ, സ്നേഹം മുതലായ ഗുണങ്ങളാണ് ഈ പ്രതീകങ്ങളില്‍ പ്രകടമാവേണ്ട ക്രിസ്തുസാന്നിധ്യം. സ്ഥാപിതവ്യവസ്ഥിതിയിലെ അനുസരണം ഇവയെ ഉറപ്പാക്കുകയാണ് ചെയ്യേണ്ടത്. സമര്‍പ്പിതരായവരെ ദൃഢപ്പെടുത്തുവാനോ, ചൂണ്ടിക്കാണിക്കപ്പെടുന്ന കുറവുകളെക്കുറിച്ച് വേണ്ടവിധം വിശദീകരിക്കുവാനോ പ്രതിരോധശൈലി ഉചിതമാവുന്നില്ല. പകരം, മുമ്പോട്ടുള്ള സഹോദര-സൗഹൃദ സംഭാഷണ സാധ്യതകള്‍ക്ക് പ്രതിരോധവും ആക്രമണവും തടസ്സമാവുന്നുമുണ്ട്. പരുഷമായ സമീപനങ്ങള്‍ കൂര്‍ത്തനഖങ്ങളായി ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ പ്രതിഷേധത്തിന്‍റെ പരിച ആ മുറിവുകള്‍ക്ക് സാന്ത്വനം പകരില്ല.

പൗരോഹിത്യവും സന്യാസവും, സ്വന്തം രക്ഷ ഉറപ്പാക്കുന്ന സംവിധാനങ്ങളല്ല. അത് സഭയുടെ പരിപോഷണത്തിനു വേണ്ടിയുള്ള ജീവിതശൈലിയും അടയാളവുമാണ്. വികലമായ, രോഗിയായ, വഴിതെറ്റിയ സന്യാസശൈലിയില്‍, സഭാസംവിധാനങ്ങളില്‍ത്തന്നെ രൂപാന്തരത്തിന്‍റെ സാദ്ധ്യതകള്‍ കാണുകയും ആ മാറ്റം കൃപാ പൂര്‍ണ്ണതയില്‍ ആഗ്രഹിക്കുകയും ചെയ്യുന്നതാണ് പൊതുസമൂഹം. അതുകൊണ്ട് അവരുടെ ശബ്ദങ്ങളിലെ സദുദ്ദേശങ്ങളെ തിരിച്ചറിയുകയും എളിമയോടെ സ്വീകരിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. നല്ല സമരിയക്കാരാവേണ്ട നമ്മള്‍ തന്നെ ഇന്ന് ശുശ്രൂഷ സ്വീകരിക്കേണ്ടത് ഈ നല്ല സമരിയക്കാരില്‍ നിന്നാകാം. നമ്മുടെ പിടിവാശിയും ഹൃദയരാഹിത്യവും ചിതറിച്ചുകളഞ്ഞ നമ്മിലെ ക്രിസ്തുമനഃസാക്ഷിയെ ഒരുമിച്ചുകൊണ്ടുവരുന്നത് അവരായിരിക്കാം. അവരെ കേള്‍ക്കേണ്ടത് അനിവാര്യതയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org