കര്‍മ്മലീത്തനായ ചരിത്ര മഹര്‍ഷി ഫാ. ജോണ്‍ ഫ്രാന്‍സീസ് പള്ളത്ത് ഒ സി ഡി

കര്‍മ്മലീത്തനായ ചരിത്ര മഹര്‍ഷി ഫാ. ജോണ്‍ ഫ്രാന്‍സീസ് പള്ളത്ത് ഒ സി ഡി

എഫ്. ആന്‍റണി പുത്തൂര്‍, ചാത്യാത്ത്.

"സതതമെനിക്കൊരേയൊരാശ മാത്രം
സകലേശനേശുവിന്‍ ചിന്ത മാത്രം
ഒരു ജോലിയുണ്ടെനിക്കായതെന്‍റെ
തിരുനാഥനോടുള്ള ഭാഷണം താന്‍
ഗുരുതരവിശ്രമമേശുവിനായ്
തുരുതുരെ ജോലികള്‍ ചെയ്കതന്നെڈ
(കാര്‍മ്മല്‍ 1985 ജൂണ്‍, പേജ് 280)

ഈ ഈരടികളില്‍ ഒരു യഥാര്‍ത്ഥ താപസന്‍റെ വ്യക്തവും സജീവവുമായ രേഖാചിത്രം ദൃശ്യമാകുന്നുണ്ട്. സ്നേഹത്തിന്‍റെയും കരുതലിന്‍റെയും സേവനത്തിന്‍റെയും കുത്തുവിളക്കുമായി ഈശോ സഭയിലും കര്‍മ്മലീത്താസഭയിലും ക്രൈസ്തവ സമൂഹത്തിലും മാനവ ശുശ്രൂഷ ചെയ്ത് ത്യാഗോജ്ജ്വലമായ ജീവിതം നയിച്ച മഹത് വ്യക്തിത്വങ്ങള്‍ നിരവധിയാണ്. അവരില്‍ സവിശേഷ ശ്രദ്ധ പതിയേണ്ട സന്യാസിവര്യനാണ് യശഃശരീരനായ ഫാദര്‍ ജോണ്‍ ഫ്രാന്‍സീസ് പള്ളത്ത് എന്ന ജോണ്‍ പള്ളത്ത് ഒ.സി.ഡി അച്ചന്‍. എഴുത്തുകാരന്‍, ധ്യാനഗുരു, പത്രാധിപര്‍, ആദ്ധ്യാത്മിക നിയന്താവ്, ചരിത്രകാരന്‍ എന്നീ നിലകളില്‍ കേരളത്തിന്‍റെ ബൗദ്ധിക – ആത്മീയ മേഖലകളില്‍ നിറഞ്ഞു നിന്നിരുന്ന വ്യക്തിത്വമായിരുന്നു ജോണച്ചന്‍റേത്.

എറണാകുളം ജില്ലയുടെ തെക്കുപടിഞ്ഞാറന്‍ പ്രദേശമായ കുമ്പളങ്ങി ഗ്രാമത്തിന്‍റെ തെക്കേ അറ്റത്തുള്ള പഴങ്ങാട് കരയിലെ പുരാതനമായ സെന്‍റ് ജോര്‍ജ്ജ് പള്ളി ഇടവകയിലെ പള്ളത്തു (കടേപ്പറമ്പ് എന്നും പറയും) കുടുംബാംഗമാണ്. 1918 ജൂണ്‍ 23 നു ജനിച്ച കുട്ടിയാണ് ഈപ്പച്ചന്‍ എന്നു വീട്ടുകാരും ഐപ്പ് എന്ന് നാട്ടുകാരും വിളിച്ചിരുന്ന ജോണ്‍. സ്വന്തം നാട്ടിലെ പ്രാഥമിക വിദ്യാഭ്യാസശേഷം പള്ളുരുത്തി സെന്‍റ് സെബാസ്റ്റ്യന്‍ സ്കൂളിലും എറണാകുളം സെന്‍റ് ആല്‍ബര്‍ട്ട്സ് ഹൈസ്ക്കൂളിലും പഠിച്ച ഈപ്പച്ചന്‍ കര്‍മ്മലീത്താ നിഷ്പാദുക മൂന്നാം സഭയില്‍ ചേര്‍ന്ന് ഒരു വൈദികനാകണമെന്ന ആഗ്രഹത്തോടെ 1933-ല്‍ എറണാകുളത്തെ യോഗാര്‍ത്ഥി മന്ദിരത്തില്‍ ചേര്‍ന്നു.

1936-ല്‍ കൂനമ്മാവ് കര്‍മ്മലീത്താ ആശ്രമത്തില്‍ നവസന്യാസ പരിശീലനത്തിനായി പ്രവേശിപ്പിക്കപ്പെട്ട ഐപ്പ് 1939-ല്‍ ആദ്യ പറഞ്ഞൊപ്പു (വ്രത വാഗ്ദാനം) നടത്തി നവസന്യാസിയായി വിശുദ്ധ കുരിശിന്‍റെ യോഹന്നാന്‍റെ നാമം സ്വീകരിച്ചു. വായനയിലും പഠനങ്ങളിലും ഉല്ലാസം കണ്ടിരുന്ന ജോണിന്‍റെ വൈദികപഠനം മഞ്ഞുമ്മല്‍ ആശ്രമത്തിലായിരുന്നു. 1946 ഡിസംബര്‍ 21-ാം തീയതി അദ്ദേഹം പൗരോഹിത്യ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു.

പൗരോഹിത്യ സ്വീകരണശേഷം വൈദികാര്‍ത്ഥികളുടെ രൂപീകരണ പരിശീലനങ്ങളുടെ ചുമതലക്കാരനായി മാറിയ ജോണച്ചന്‍ പ്രസംഗ ശൂശ്രൂഷയിലും ഏര്‍പ്പെട്ടു. പ്രസംഗം കൊണ്ടെന്നതിനെക്കാള്‍ അക്ഷരങ്ങള്‍കൊണ്ട് നല്ലചിത്രം രചിക്കുവാന്‍ സമര്‍ത്ഥന്‍ എന്ന നിലയില്‍ അദ്ദേഹത്തെ സഭാനേതൃത്വം 'ചെറുപുഷ്പം' മാസികയുടെ പത്രാധിപരാക്കി. കുടുംബ ഭദ്രതയെക്കുറിച്ച് അദ്ദേഹം എഴുതിയ ലേഖനങ്ങള്‍ സമാഹരിച്ച് 'കുടുംബറാണി' എന്നൊരു ലഘുഗ്രന്ഥം ചെറുപുഷ്പം പ്രസ്സില്‍നിന്നും പ്രസിദ്ധീകരിച്ചത് ഏറെ ശ്രദ്ധപിടിച്ചുപറ്റി. ഇതിനിടയില്‍ മഞ്ഞുമ്മല്‍ കര്‍മ്മലീത്താ സഭയുടെ പ്രിയോര്‍ ജനറാളായിരുന്ന ബഹു. സിറിള്‍ പാപ്പാളി ഒ.സി.ഡി. അച്ചന്‍റെ സെക്രട്ടറിയായും അദ്ദേഹം സേവനം ചെയ്തു.

മാസികയുമായി ബന്ധപ്പെട്ട് ചെറുപുഷ്പം പ്രസ്സില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ചരിത്ര പഠനത്തിലേക്കും ഗവേഷണത്തിലേക്കും ജോണച്ചന്‍റെ ശ്രദ്ധ തിരിയുന്നത്. തന്‍റെ സമുദായത്തിനേറ്റ അവഗണനയും വിവിധ തലങ്ങളില്‍ അതിനുണ്ടായ പിന്‍തള്ളപ്പെടലും ആ സമുദായ സ്നേഹിയെ ഏറെ വ്യാകുലപ്പെടുത്തി. സമുദായത്തിന്‍റെ വളര്‍ച്ചയ്ക്ക് ചരിത്രപരമായ അറിവ് അനിവാര്യമാണെന്ന ഉത്തമവിശ്വാസത്തോടെ ചരിത്രത്തിലെ ഇരുണ്ട സത്യങ്ങള്‍ തേടി അദ്ദേഹം അലഞ്ഞു. റോമിലെ പ്രൊപ്പഗാന്താ ലൈബ്രറി, കര്‍മ്മലീത്താ ഇന്‍റര്‍നാഷണല്‍ ലൈബ്രറി, പബ്ലിക്ക് ലൈബ്രറി, വത്തിക്കാന്‍ ലൈബ്രറി, ജസ്യൂട്ട് ആര്‍ക്കേവ്സ്, ഗ്രിഗോറിയന്‍ സര്‍വ്വകലാശാലാ ലൈബ്രറി, അഗസ്തീനിയന്‍ ആര്‍ക്കേവ്സ് തുടങ്ങിയവ സന്ദര്‍ശിക്കുകയും പുരാരേഖകള്‍ പരിശോധിക്കുകയും പഠിക്കുകയും ചെയ്ത ജോണച്ചന്‍ 1971 ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് 'സ്നേഹ ഗായിക.' ലിസ്യുവിലെ സന്യാസിയായിരുന്ന വിശുദ്ധ കൊച്ചു ത്രേസ്യായുടെ 75-ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു ഇതിന്‍റെ രചന.

1975-ല്‍ ജോണച്ചന്‍റെ നേതൃത്വത്തില്‍ രചിക്കപ്പെട്ട മഞ്ഞുമ്മല്‍ 'കര്‍മ്മലീത്താ സഭ ഇന്നലെയും ഇന്നും' മഞ്ഞുമ്മല്‍ പ്രൊവിന്‍സിന്‍റെ ഒരു നൂറ്റാണ്ടു കാലത്തെ വളര്‍ച്ചയും തളര്‍ച്ചയും, യാതനകളും നേട്ടങ്ങളും 13 അദ്ധ്യായങ്ങളിലായി വിശദീകരിച്ചിരിക്കുന്നു.

1986 ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ച 'മിഷനറിമാരുടെ സാഹി ത്യ സേവനങ്ങള്‍' എന്ന പുസ്തക ത്തില്‍ മലബാര്‍ വികാരിയാത്തി ലും വരാപ്പുഴ വികാരിയേറ്റിലും അതിരൂപതയിലും പ്രേഷിതപ്രവര്‍ ത്തനം നടത്തി കടന്നുപോയ വി ദേശികളും സ്വദേശികളും ആയ മുപ്പതിലധികം മിഷനറിമാരുടെ ജീവിതത്തെയും അവരുടെ സാ ഹിത്യ-സാംസ്കാരിക സംഭാവനകളെയുംക്കുറിച്ചുള്ള സമഗ്രമായ പഠനമാണ് ജോണച്ചന്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

1988 നവംബര്‍ മാസത്തില്‍ പോര്‍ച്ചുഗല്‍ പ്രസിഡന്‍റ് ഡോ. മരിയോ സ്വാരസ് പ്രകാശനം ചെയ്ത പൗരസ്ത്യ ഭാരതത്തിലെ ക്രൈസ്തവ മതം പൗളിനോസ് ആസാന്‍ക്ത ബര്‍ത്തലോമിയോ എന്ന ജര്‍മ്മന്‍ കര്‍മ്മലീത്താ മിഷനറി എഴുതി 1794-ല്‍ റോമിലെ സലമേനിയന്‍ പ്രസ്സില്‍നിന്നും പ്രസിദ്ധീകരിച്ച 'India Orientalis Christiana' എന്ന ക്ലാസിക്ക് ലത്തീന്‍ ഗ്രന്ഥത്തിന്‍റെ ആധികാരിക മലയാള പരിഭാഷയാണ്.

കേരളത്തിലെ ക്രിസ്ത്യാനികളുടെയും ലത്തീന്‍ റീത്തുകാരുടെയും ചരിത്രം സമഗ്രമായി പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് 'ബര്‍ണ്ണഡീന്‍ മെത്രാപ്പോലീത്ത-വരാപ്പുഴ വികാരിയാത്ത് ഒരു ചരിത്രാവലോകനം.'

വരാപ്പുഴ അതിരൂപതയുടെ പ്രഥമ മെത്രപ്പോലീത്തയായിരുന്ന ലെയൊനാര്‍ഡ് മെല്ലാനോ (Rev. Dr. Leanardus a S. Aloysio) പിതാവിന്‍റെ ജീവചരിത്രമാണ് ജോണച്ചന്‍ 1990-ല്‍ പ്രസിദ്ധീകരിച്ച ഡോ. ലെയൊനാര്‍ഡ് മെല്ലാനോ.

കര്‍മ്മലയേറ്റം, ഇരുണ്ടരാത്രി, സ്നേഹഗീത, സ്നേഹജ്വാല തുടങ്ങി പതിനേഴോളം ഹൃദയസ്പൃക്കായ സ്പാനിഷ് കവിതകളുടെ രചയിതാവായ വിശുദ്ധ യോഹന്നാന്‍ ക്രൂസിന്‍റെ സ്നേഹശാസ്ത്രത്തെക്കുറിച്ചുള്ള പഠനങ്ങളും അദ്ദേഹത്തിന് വിശുദ്ധ അമ്മത്രേസ്യയോടും വിശുദ്ധ കൊച്ചുത്രേസ്യയോടും വാഴ്ത്തപ്പെട്ട തെരേസാ ബനഡിക്റ്റി(ഈഡിത്ത് സ്റ്റെയില്‍)നോടും ഉള്ള അദ്ധ്യാത്മിക ബന്ധങ്ങളെ ആഴത്തില്‍ പ്രതിപാദിക്കുന്ന ഭാഗങ്ങളുമാണ് ജോണച്ചന്‍റെ 'വി. യോഹന്നാന്‍റെ സ്നേഹശാസ്ത്രം – വി. അമ്മത്രേസ്യ, വി. കൊച്ചുത്രേസ്യാ, ഈഡിത്ത് സ്റ്റയിന്‍ എന്നിവരുമായി ഒരു താരതമ്യ പഠനം' എന്ന ഗ്രന്ഥത്തിലുള്ളത്.

1992 ജനുവരി 30-ന് പോര്‍ട്ടുഗല്‍ പ്രസിഡന്‍റ് ഡോ. മരിയോ സ്വാരസ് കൊച്ചി മെത്രാസന മന്ദിരത്തില്‍ വച്ച് ആലപ്പുഴ ബിഷപ്പ് റവ. ഡോ. പീറ്റര്‍ എം. ചേനപ്പറമ്പിലിന് പ്രഥമ കോപ്പി നല്‍കി പ്രകാശനം നിര്‍വ്വഹിച്ച 'പോര്‍ട്ടുഗല്‍ യുഗത്തിലെ ക്രൈസ്തവസഭ' ജോണച്ചന്‍റെ ചരിത്രബോധത്തിന് ഉത്തമോദാഹരണമാണ്.

മഞ്ഞുമ്മല്‍ കര്‍മ്മലീത്താ സഭാംഗവും സഭയിലെ ആദ്യ അലോപ്പതി ഡോക്ടറുമായിരുന്ന ബ്രദര്‍ ഡോക്ടര്‍ നിക്ലാവൂസിന്‍റെ 56-ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് 1993 മാര്‍ച്ചില്‍ ചരിത്രാന്വേഷകര്‍ക്കായി ജോണ്‍ പള്ളത്തച്ചന്‍ സമര്‍പ്പിച്ച ഗ്രന്ഥമാണ് ബ്രദര്‍ നിക്ലാവൂസിന്‍റെ മഞ്ഞുമ്മല്‍ ഹോസ്പിറ്റല്‍.

മഹാത്മാഗാന്ധിയുടെ സ്ത്രീ സങ്കല്‍പം ഇന്‍ഡ്യന്‍ വനിതയില്‍ പൂര്‍ത്തിയാക്കപ്പെടണമെന്ന യാഥാര്‍ത്ഥ്യത്തിലേക്കു വെളിച്ചം പകരുവാന്‍ പ്രാപ്തമായ പ്രതിപാദ്യ വിഷയങ്ങളാണ് ഫാ. ജോണ്‍ പള്ളത്തിന്‍റെ "സ്ത്രീ-സ്നേഹവും ശക്തിയും" എന്ന ഗ്രന്ഥത്തിലുള്ളത്. വിവിധ മതങ്ങളിലും സാമൂഹ്യ സാംസ്കാരിക-സാമുദായിക ചുറ്റുപാടുകളിലും പെട്ടുഴലുന്ന സ്ത്രീയെ അവളുടെ യഥാര്‍ത്ഥ പദവിയിലേക്കുള്ള ചിന്താസരണിയിലേക്കു വരുത്തുന്നതിന് സഹായകമാണ് ഇത്. സ്ത്രീധനവും പുരുഷ മേധാവിത്വവും സ്ത്രീ പൗരോഹിത്യവും എല്ലാം ഒരു ഗവേഷകന്‍റെ ചടുലതയോടെ പ്രായോഗികതയ്ക്ക് മുന്‍തൂക്കം നല്‍കി ഗ്രന്ഥകാരന്‍ ചര്‍ച്ച ചെയ്യുന്നു.

സ്പാനിഷ് കര്‍മ്മലീത്താ മിഷനറിയായ ഫാ. ബര്‍ണാര്‍ഡ് ആര്‍ ഗിന്‍സ്സോണിസ് (1896 മുതല്‍ 1915 വരെ വരാപ്പുഴ അതിരൂപതാദ്ധ്യക്ഷനായിരുന്നു.) ഒ.സി.ഡി 1894 മാര്‍ച്ച് 5 നു സ്ഥാപിച്ച കോട്ടയം (വിജയപുരം) ഗുഡ് ഷെപ്പേര്‍ഡ് ആശ്രമത്തിന്‍റെ 101-ാം വാര്‍ഷികം 1995-ല്‍ ആചരിച്ചു. ഈ ആശ്രമത്തിന്‍റെ ശതാബ്ദി സ്മാരകമായി ജോണ്‍ പള്ളത്തച്ചന്‍ 1995 മാര്‍ച്ചു മാസത്തില്‍ കൈരളിക്കു സമര്‍പ്പിച്ച ലഘുചരിത്ര ഗ്രന്ഥമാണ് 'സ്പാനിഷ് കര്‍മ്മലീത്താ മിഷനറിമാരും വിജയപുരം രൂപതയും.'

വരാപ്പുഴയുടെ ചരിത്രപരതയും ഈ ഇടവകയില്‍ പ്രവര്‍ത്തിച്ചു വരുന്ന വിവിധ സ്ഥാപനങ്ങളുടെ ആവിര്‍ഭാവ ചരിത്രവും ഒക്കെയുള്ള വിവരങ്ങളാണ് 1995 ആഗസ്റ്റില്‍ പള്ളത്തച്ചന്‍ പ്രസിദ്ധീകരിച്ച 'ചരിത്ര സ്മരണകള്‍ ഉണര്‍ത്തുന്ന വരാപ്പുഴ' എന്ന പുസ്തകം. ഇതോടൊപ്പം ചേര്‍ത്തു വായിച്ചിരിക്കേണ്ട കൃതിയാണ് ജോണച്ചന്‍റെ 'യുഗപ്രഭാവനായ ആര്‍ച്ചുബിഷപ്പ് അട്ടിപ്പേറ്റി.' വരാപ്പുഴ അതിരൂപതയുടെ ചരിത്രം അനാവരണം ചെയ്യുന്ന ജീവചരിത്രമാണിത്.

ജോണ്‍ പള്ളത്തച്ചന്‍റെ ചരിത്രാഭിമുഖ്യത്തിന് ഉത്തമോദാഹരണമാണ് അദ്ദേഹം നേരത്തെ പ്രസിദ്ധീകരിച്ചതും 1999-ല്‍ രണ്ടാം പതിപ്പായി ഇറക്കിയതുമായ ഡോ. അലക്സ് ദെമെനേസിസും ഉദയം പേരൂര്‍ സൂനഹദോസും. പ്രാചീനവും പ്രചാരലുപ്തവുമായ പോര്‍ച്ചുഗീസ് ഭാഷയില്‍ എഴുതപ്പെട്ടതും വളരെക്കാലം രഹസ്യമായി സൂക്ഷിക്കപ്പെട്ടിരുന്നതുമായ ഉദയംപേരൂര്‍ സൂനഹദോസിനെ സംബന്ധിച്ചുള്ള രേഖകള്‍ പരിശോധിച്ച് പര്‍ട്ടുഗീസ് ചരിത്രകാരനായ ഫാദര്‍ ജോണ്‍ ഫക്കണ്ട് റൗളിന്‍ 1745-ല്‍ ലത്തീനില്‍ രചിച്ച 'Historia Synodi Diamperensis' എന്ന ഗ്രന്ഥം അടിസ്ഥാനമാക്കിയും (ഈ ഗ്രന്ഥനിര്‍മ്മിതിക്ക് ഡോ. മെനേസിസും അഗസ്റ്റീനിയന്‍ സഭാംഗങ്ങളായ ഫാ. ആന്‍റണി മുരിന്താരിയൂസും ഫാ. ജറോം അഗസ്റ്റിന്‍ സിസ്സേരിയയും വിലപ്പെട്ട പല വിവരങ്ങളും നല്കി സഹായിച്ചതായി ഫാ. റൗളിന്‍ തന്‍റെ ആമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്) മറ്റ് പല ഗ്രന്ഥങ്ങളും നിഷ്കൃഷ്ടമായി പഠിച്ചും ഫാ. ജണ്‍ പള്ളത്ത് തയ്യാറാക്കിയ ചരിത്രഗ്രന്ഥമാണിത്.

ഈ കൃതികള്‍ക്കു പുറമെ ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ക്കായി ജോണ്‍ പള്ളത്തച്ചന്‍ എഴുതിയ ലേഖനങ്ങള്‍ നിരവധിയാണ്. മുന്‍വിധിയില്ലാത്ത അന്വേഷണങ്ങളുടെയും സത്യസന്ധമായ ആവിഷ്കരണങ്ങളുടെയും ഉപോല്‍ ന്നമാകണം ചരിത്രരചനയെന്ന് നിഷ്ഠയും നിര്‍ബന്ധവും ഉള്ള വിരളം എഴുത്തുകാരില്‍ ഒരാളാണ് ഫാ. ജോണ്‍ പള്ളത്ത്. നൂറ് തവണ ഉറക്കെ പറഞ്ഞു സത്യമാക്കാന്‍ വിധിക്കപ്പെട്ട പലതും വിനയപൂര്‍വ്വം തിരുത്താന്‍ ശ്രദ്ധിച്ച ഇദ്ദേഹത്തിനായിരുന്നു 1988-ലെ പ്രഥമ ലാറ്റിന്‍ കാത്തലിക് ഹിസ്റ്ററി അസ്സോസിയേഷന്‍ അവാര്‍ഡ്.

നിഷ്പക്ഷമായ ഏറ്റുപറച്ചിലുകളും സത്യാധിഷ്ഠമായ അവതരണ ശൈലിയുമാണ് ചരിത്ര രചയിതാവിന്‍റെ നിയോഗമെന്ന് വിശ്വസിച്ച, പാണ്ഡിത്യത്തിന്‍റെ പൂര്‍ണ്ണിമ വിനയത്തിലും ലാളിത്യത്തിലും ആണെന്ന് സ്വജീവിതത്തിലൂടെ ഉദാഹരിച്ച, ജോണ്‍ പള്ളത്തച്ചന്‍ ആറു വര്‍ഷം ചെറുപുഷ്പത്തിന്‍റെ പത്രാധിപരായും മറ്റൊരുആറു വര്‍ഷം വൈദിക വിദ്യാര്‍ത്ഥികളുടെ മാസ്റ്ററായും 12 വര്‍ഷം കോട്ടയം നല്ല ഇടയന്‍ പള്ളിയുടെ വികാരിയായും ഏറെക്കാലം മഞ്ഞുമ്മല്‍, പെരുമ്പടപ്പ്, കോട്ടയം എന്നിവിടങ്ങളിലെ കര്‍മ്മലീത്താ ആശ്രമങ്ങളില്‍ സുപ്പീരിയറായും കുറച്ചുകാലം കാന്തല്ലൂര്‍ ആശ്രമത്തിലെ പ്രൊക്കുറേറ്ററായും സഭാ സേവനം നടത്തിയതിനോടൊപ്പം തന്നെ തന്‍റെ ചരിത്രാന്വേഷണവും എഴുത്തും തുടര്‍ന്നു.

മഞ്ഞുമ്മല്‍ കര്‍മ്മലീത്താസഭ ആഗോള കര്‍മ്മലീത്താസഭയുമായി സംയോജിക്കപ്പെട്ടതിനു ശേഷം (1957) നവാറ പ്രോവിന്‍സിന്‍റെ കീഴിലുള്ള വിജയപുരം മിഷനിലേക്കയക്കപ്പെട്ട ആദ്യരണ്ടു മിഷനറിമാരില്‍ ഒരാളായിരുന്നു ജോണ്‍ പള്ളത്തച്ചന്‍. മറ്റേയാള്‍ ലിയോ കട്ടികാട്ട് ഒ.സി.ഡി. അച്ചനും. ഫ്രാന്‍സീസ് പാപ്പ പറയുന്നതുപോലെ സ്വന്തം ആടുകളുടെ മണം അനുഭവിച്ചറിഞ്ഞ നല്ലൊരു മിഷനറി. ആടുകളോടൊപ്പം ആടുകള്‍ക്കു വേണ്ടി ജീവന്‍ സമര്‍പ്പിച്ച നല്ലൊരിടയന്‍. അതായിരുന്നു ജോണ്‍ പള്ളത്തച്ചന്‍.

ഏല്‍പിക്കപ്പെട്ട ദൗത്യങ്ങളെല്ലാം സത്യസന്ധതയോടും സുതാര്യമായും പൂര്‍ത്തിയാക്കി, ആരോടും പരാതി പറയാതെ, ആരേയും വിമര്‍ശിക്കാതെ, എല്ലാവരോടും ആദരവോടെ പ്രതികരിച്ച, പട്ടിണിപ്പാവങ്ങളോട് അതിരുകളില്ലാത്ത താല്‍പ്പര്യവും കരുതലും പ്രകടിപ്പിച്ച ഒരു മഹാമിഷനറിയായിരുന്നു ജോണ്‍ പള്ളത്തച്ചന്‍.

വര്‍ഷങ്ങളായി ആ സാത്വികനെ പീഡിപ്പിച്ചിരുന്ന ആസ്ത്മയും പ്രമേഹവും 1996-ല്‍ ബസ്സു യാത്രയിലുണ്ടായ അപകടവും അദ്ദേഹത്തെ എറണാകുളം ലൂര്‍ദ്ദ് ആസ്പത്രിയില്‍ എത്തിച്ചു. അദ്ദേഹത്തിന്‍റെ പൗരോഹിത്യ ജൂബിലി വിജയപുരത്തു വച്ചു 1996 ഡിസംബറില്‍ സമംഗളം നടത്തപ്പെട്ടു. 1999 മെയ് ഏഴിന് ആ ധന്യജീവിതത്തിന് വിരാമമായി. മഞ്ഞുമ്മല്‍ ആശ്രമ ദൈവാലയ സിമിത്തേരിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ആ ചരിത്ര മഹര്‍ഷിയുടെ 101-ാം ജന്മ വര്‍ഷത്തിന്‍റെയും 20-ാം ചരമ വാര്‍ഷികത്തിന്‍റെയും ഓര്‍മ്മ പു തുക്കിക്കൊണ്ട് മഞ്ഞുമ്മല്‍ കര്‍മ്മലീത്താസഭ 2019 ജൂണ്‍ 23 ഞായറാഴ്ച്ച വൈകീട്ട് 4.00 ന് മഞ്ഞുമ്മല്‍ കാര്‍മ്മല്‍ ഹാളില്‍ വച്ച് 'ഫാ. ജോണ്‍ പള്ളത്ത് ഒ.സി.ഡി അനുസ്മരണ ദിനം' ആചരിക്കുകയാണ്. ആ വൈദിക ശ്രേഷ്ഠനോടുള്ള ആദരവ് – സ്മരണാഞ്ജലി – അര്‍പ്പിക്കുന്നതിനോടൊപ്പം ആ ധന്യാത്മാവിനു ജന്മം നല്കിയ മാതാപിതാക്കളെയും അദ്ദേഹത്തിന്‍റെ വളര്‍ച്ചയ്ക്കു 'വെള്ളവും വളവും' നല്കി പരിപോഷിപ്പിച്ച സഭാധികൃതരെയും കൃതജ്ഞതാപൂര്‍വ്വം നമുക്ക് സ്മരിക്കാം പ്രണമിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org