|^| Home -> Cover story -> ഫാ. ജോയി അയിനിയാടന്‍ : വൈദികരെ വളര്‍ത്തുന്നവര്‍ക്കു പറയാനുള്ളത്

ഫാ. ജോയി അയിനിയാടന്‍ : വൈദികരെ വളര്‍ത്തുന്നവര്‍ക്കു പറയാനുള്ളത്

Sathyadeepam

കേരള കത്തോലിക്കാസഭയിലെ മേജര്‍ സെമിനാരികള്‍ ഇതിനകം ആയിരക്കണക്കിനു പുരോഹിതന്മാര്‍ക്കു ജന്മം നല്‍കിയിട്ടുണ്ട്. സഭയുടെ പ്രധാന ഊര്‍ജ സ്രോതസ്സുകളായി നിലകൊള്ളുന്ന ഈ സെമിനാരികളുടെ മേധാവികള്‍ അഞ്ചു വര്‍ഷം കൂടുമ്പോള്‍ മാറും. കഴിഞ്ഞ അഞ്ചു വര്‍ഷം സെമിനാരി റെക്ടര്‍മാരായി പ്രവര്‍ത്തിച്ചവര്‍ സ്ഥാനമൊഴിയുകയും പുതിയ റെക്ടര്‍മാര്‍ ചുമതലയേറ്റെടുക്കുകയും ചെയ്യുന്ന സമയമാണിത്. സ്ഥാനമൊഴിയുന്ന റെക്ടര്‍മാരില്‍ ചിലര്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളിലെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ വൈദിക പരിശീലനവുമായും സെമിനാരികളുമായും ബന്ധപ്പെട്ട തങ്ങളുടെ ചിന്തകള്‍ പങ്കുവയ്ക്കുകയാണിവിടെ:

ഫാ. ജോയി അയിനിയാടന്‍
റെക്ടര്‍, സെന്‍റ് തോമസ് അപ്പസ്റ്റോലിക് സെമിനാരി
വടവാതൂര്‍, കോട്ടയം

? പൊതുസമൂഹത്തില്‍ നടക്കുന്ന ചര്‍ച്ചകളും പുതിയ ചിന്താധാരകളും പരിചയപ്പെടാന്‍ സെമിനാരി വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കുന്നത് എങ്ങനെയാണ്?
ഗൗരവമായ ചര്‍ച്ചകള്‍ ഒന്നിനെക്കുറിച്ചും ഇന്ന് നടക്കുന്നില്ല എന്നത് അതീവപ്രാധാന്യത്തോടെ കാണേണ്ട കാര്യമാണ്. സെമിനാരി വിദ്യാര്‍ത്ഥികളില്‍ വളരെ കുറച്ചുപേര്‍ മാത്രമേ ഇത്തരം ചര്‍ച്ചകള്‍ ശ്രദ്ധിക്കുന്നുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം. പൊതുസമൂഹത്തിന്‍റെ പ്രശ്നങ്ങള്‍ നമ്മുടെ പ്രശ്നങ്ങളായിത്തന്നെ കാണണം. ഏതൊന്നിന്‍റെയും വസ്തുത എന്തെന്ന് കൃത്യമായി മനസ്സിലാക്കാനും പരിഹാരമാര്‍ഗങ്ങള്‍ തേടാനും നാളത്തെ പുരോഹിതന് ഇന്ന് കഴിയണം. കലാസാഹിത്യവേദിയുടെ പ്രസംഗങ്ങളും സംവാദങ്ങളുമെല്ലാം ആനുകാലിക വിഷയങ്ങളെക്കുറിച്ച് തന്നെയാണ്. എന്നാലും സമൂഹത്തിന്‍റെ പ്രശ്നങ്ങള്‍ പലതും സെമിനാരി വിദ്യാര്‍ത്ഥികളെ ബാധിക്കുന്നേയില്ല എന്നതാണ് സത്യം. സമൂഹത്തിന്‍റെ പ്രശ്നങ്ങള്‍ ദൈവശാസ്ത്രപഠനത്തിന്‍റെ ഭാഗമാവുകയും ചുറ്റും നടക്കുന്ന സംഭവങ്ങളിലൂടെ ഇന്ന് നമുക്കായി വെളിവാക്കപ്പെടുന്ന ദൈവഹിതം കൃത്യതയോടെ വിവേചിച്ചറിയാനും ദൈവശാസ്ത്രപണ്ഡിതര്‍ക്ക് കഴിയണം.

? 25 വര്‍ഷം മുമ്പുള്ള സെമിനാരി വിദ്യാര്‍ത്ഥികളും ഇന്നത്തെ സെമിനാരി വിദ്യാര്‍ത്ഥികളും വരുന്ന സാമൂഹ്യ/കുടുംബ പശ്ചാത്തലങ്ങള്‍ക്കു വലിയ മാറ്റങ്ങള്‍ ഉണ്ടോ? എന്തൊക്കെയാണ് ഈ മാറ്റങ്ങള്‍?
കംപ്യൂട്ടറും മൊബൈല്‍ ഫോണും ഇന്‍റര്‍നെറ്റും വാട്ട്സാപ്പും ഒന്നും ഇല്ലാതിരുന്ന 25 വര്‍ഷം മുമ്പുള്ള സെമിനാരിക്കാരും ഈ ആധുനികമാധ്യമങ്ങളില്ലാതെ ജീവിക്കാനാകില്ല എന്നു കരുതുന്ന ഇന്നത്തെ സെമിനാരി വിദ്യാര്‍ത്ഥികളും തമ്മില്‍ വലിയ അന്തരമുണ്ട്. അന്നത്തെ സെമിനാരിക്കാര്‍ കൂടുതല്‍ അംഗങ്ങളുള്ള കര്‍ഷകകുടുംബങ്ങളില്‍ നിന്നുമായിരുന്നു. എന്നാല്‍, ഇന്നത്തെ സെമിനാരിക്കാര്‍ അധികവും അണുകുടുംബങ്ങളില്‍ നിന്നുമാണ്. മൂന്നുമക്കളില്‍ കൂടൂതലുള്ള കുടുംബങ്ങള്‍ വിരളമാണ്. പലരും ഒറ്റപുത്രന്മാരുമാണ്.

മാതാപിതാക്കളുടെ അമിതലാളന ലഭിച്ചവരും ചോദിക്കുന്നതൊക്കെ ലഭ്യമാകുന്ന കുടുബാന്തരീക്ഷത്തില്‍ വളര്‍ന്നവരും ജീവതത്തിന്‍റെ കഷ്ടപ്പാടുകളറിയാതെ സുഗമമായി പഠനം മുന്നോട്ടു കൊണ്ടുപോയവരുമാണ് ഇന്നത്തെ തലമുറ.

? ഈ മാറ്റങ്ങള്‍ സെമിനാരി പരിശീലനത്തെ ഏതെങ്കിലും തരത്തില്‍ സ്വാധീനിക്കുന്നുണ്ടോ? ഏതെല്ലാം വിധത്തില്‍?
യാഥാര്‍ത്ഥ്യബോധത്തോടെ മാറ്റങ്ങളെ കാണുന്ന തുറവിയുള്ള ആത്മീയമനുഷ്യരാകണം സെമിനാരിവിദ്യാര്‍ത്ഥികള്‍. ഇന്നത്തെ തലമുറയുടെ നന്മകള്‍ കാണുകയും ആ നന്മകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന രീതിയായിരിക്കും കൂടുതല്‍ പ്രയോജനകരമാവുക. ഇന്നത്തെ വൈദികവിദ്യാര്‍ത്ഥികള്‍ തുറവിയുള്ളവരും മാറ്റങ്ങളെ വേഗത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നവരുമാണ്. ശകാരവും ശിക്ഷയും കഴിയുന്നതും ഒഴിവാക്കി സൗഹൃദവും സ്നേഹവും പ്രോത്സാഹനവും ഉദാരതയോടെ നല്‍കി കാര്യകാരണങ്ങള്‍ വ്യക്തമായി ബോധ്യപ്പെടുത്തിയാല്‍ അവര്‍ എല്ലാ കാര്യങ്ങളിലും കൂടെയുണ്ടാകും. ഇന്നത്തെ തലമുറയുടെ ചിന്താധാരയിലേക്ക് എളിമയോടെ ഇറങ്ങിച്ചെല്ലുക എന്നതുതന്നെയാണ് വൈദികപരിശീലകരുടെ ഏറ്റവും വലിയ വെല്ലുവിളി.

? സെമിനാരി പരിശീലനത്തില്‍ കാലാനുസൃതമായി വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെ?
പരിശീലന പരിപാടികളില്‍ വലിയ മാറ്റങ്ങളൊന്നും കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല എന്ന കാര്യം തുറന്നു പറയട്ടെ. മികവുറ്റ പരിശീലനരീതികളാണ് സെമിനാരിയിലുള്ളത് എന്ന ധാരണയാണ് എല്ലാവര്‍ക്കുമുള്ളത്. കാലാനുസൃതമായ മാറ്റങ്ങള്‍ അനിവാര്യമാണെന്ന് പറയുമ്പോഴും ചെറിയ മാറ്റങ്ങള്‍ പോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരാണ് ഭൂരിഭാഗം പരിശീലകരും. ഏതൊരു കാര്യവും ഒരുമിച്ചിരുന്നു ചര്‍ച്ച ചെയ്ത് കൃത്യമായ തീരുമാനങ്ങളെടുത്ത് പരസ്പരസഹകരണത്തോടെ തീരുമാനങ്ങളെ പ്രയോഗത്തില്‍ കൊണ്ടുവരുന്ന നേതൃത്വശൈലിയാണ് ഞാന്‍ പരീക്ഷിച്ചത്. അതിന് സഹായകമാകുന്ന, പരിശീലകരും പരിശീലനാര്‍ത്ഥികളും ഒരുമിച്ചിരുന്നുള്ള ഡയലോഗ് മീറ്റിങുകള്‍ വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം സംഘടിപ്പിക്കുമായിരുന്നു. ഈ മീറ്റിങുകളിലെല്ലാംതന്നെ സെമിനാരിക്കാര്‍ക്കു ലഭ്യമാകേണ്ട മെച്ചപ്പെട്ട സൗകര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു. അവകാശങ്ങളെക്കാള്‍ ചുമതലകളേക്കുറിച്ച് അവബോധമുണര്‍ത്തുന്ന ചര്‍ച്ചകള്‍ വിരളമായിരുന്നു എന്നതാണ് സത്യം.

? കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ സെമിനാരി പാഠ്യപദ്ധതിയില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ വിശദീകരിക്കാമോ?
സീറോ മലബാര്‍ സഭയുടെ സിനഡിന്‍റെ നിര്‍ദ്ദേശാനുസരണം 2013-14 അദ്ധ്യയനവര്‍ഷം മുതല്‍ തത്ത്വശാസ്ത്രപഠനത്തിനുമുമ്പ് ഗ്രാജ്വേഷന്‍ നിര്‍ബന്ധമാക്കി. മൂന്നു വര്‍ഷത്തെ കോളേജ് പഠനം കഴിഞ്ഞുവരുന്ന വൈദികവിദ്യാര്‍ത്ഥികള്‍ക്ക് ഗഹനമായ തത്ത്വശാസ്ത്രവിഷയങ്ങള്‍ ഗ്രഹിക്കാന്‍ എളുപ്പമുള്ളതായി കണ്ടു എന്നതു തന്നെയാണ് ഈ മാറ്റത്തിന്‍റെ പ്രധാന നേട്ടം. എന്നാല്‍ പല രൂപതകള്‍ക്കും ഈ നൂതനസമ്പ്രദായത്തെ സുഗമമായി കൊണ്ടുപോകാന്‍ കഴിയുന്നില്ല എന്ന കാരണം പറഞ്ഞ് പ്ലസ് ടു പാസ്സായവരെക്കൂടി തത്ത്വശാസ്ത്രപഠനത്തിനായി സ്വീകരിക്കണമെന്ന് സിനഡ് നിര്‍ ദ്ദേശിച്ചു. അതിന്‍പ്രകാരം 2018-19 അധ്യയനവര്‍ഷം മുതല്‍ വടവാതൂര്‍ സെമിനാരിയില്‍ പ്ലസ് ടു പാസ്സായവര്‍ക്ക് മൂന്ന് വര്‍ഷത്തെ ഫിലോസഫി പഠനവും ഗ്രാജ്വേഷന്‍ കഴിഞ്ഞവര്‍ക്ക് രണ്ട് വര്‍ഷത്തെ പഠനവും നടത്താവുന്ന പുതിയ പാഠ്യപദ്ധതി റോമിന്‍റെ അംഗീകാരത്തോടെ പ്രയോഗത്തില്‍ വന്നു. മൂന്നു വര്‍ഷങ്ങള്‍കൊണ്ട് 180 ക്രെഡിറ്റുകള്‍ പൂര്‍ത്തീകരിക്കേണ്ട, ആനുകാലിക വിഷയങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുന്ന, സമഗ്രമായ ഒരു പാഠ്യപദ്ധതിയായിരുന്നു അത്. ദൈവശാസ്ത്രപഠനപദ്ധതി വലിയ മാറ്റങ്ങളൊന്നും കൂടാതെ സുഗമമായിതന്നെ മുന്നോട്ടു പോകുന്നു.

? ഡിജിറ്റല്‍ സാങ്കേതികവിദ്യകളും ആശയവിനിമയ രംഗത്തുണ്ടായിരുന്ന പുതിയ വിപ്ലവങ്ങളും ഏതു വിധത്തിലാണ് സെമിനാരി വിദ്യാഭ്യാസത്തിനു സഹായകമാകുന്നത്? ഇവ പ്രയോജനപ്പെടുത്താന്‍ കേരളത്തിലെ സെമിനാരികള്‍ എന്തുചെയ്യുന്നു? പുതിയ സാങ്കേതികവിദ്യകളും അവ കൊണ്ടുവന്ന സംസ്കാരവും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണ്?
ഡിജിറ്റല്‍ സാങ്കേതിവിദ്യയുടെ നന്മകളെ നന്നായി സ്വാംശീകരിക്കാന്‍ ശ്രമിക്കുന്ന സെമിനാരിവിദ്യാര്‍ത്ഥികള്‍ ധാരാളമുണ്ട്. ആധുനികമാധ്യമസംവിധാനങ്ങള്‍ നന്നായി കൈകാര്യം ചെയ്യാനും അവ ഉപയോഗപ്പെടുത്തിക്കൊണ്ട് തങ്ങളുടെ ആശയങ്ങളെ ആകര്‍ഷകമായി അവതരിപ്പിക്കാനും ലഭിക്കുന്ന അവസരങ്ങളൊക്കെ അവര്‍ ഉപയോഗപ്പെടുത്തുന്നു.

ആധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്താനുള്ള അവസരങ്ങള്‍ സെമിനാരിക്കാര്‍ക്ക് ലഭിക്കുന്നുണ്ട്. ഷോര്‍ട്ട് ഫിലിമുകള്‍ നിര്‍മ്മിക്കാനും നാടകങ്ങള്‍ക്ക് പശ്ചാത്തലസംഗീതം ഒരുക്കാനുമെല്ലാം അവര്‍ക്ക് അവസരങ്ങളുണ്ട്.

? പൊതുവായുള്ള സെമിനാരി പരിശീലനം റീത്ത് അധിഷ്ഠിത മേജര്‍ സെമിനാരികളിലേക്കു മാറ്റിയതുകൊണ്ടുണ്ടായ പ്രയോജനങ്ങള്‍ എന്തൊക്കെയാണ്? ദോഷങ്ങളുണ്ടോ? എന്തൊക്കെ?
ഓരോ റീത്തിന്‍റെയും പാരമ്പര്യവും നന്മയും ആഴത്തില്‍ അറിയുന്നതിനും ആഘോഷിക്കുന്നതിനും റീത്ത് അധിഷ്ഠിതമായ സെമിനാരി പരിശീലനം സഹായകമാണ്. എല്ലാക്കാര്യങ്ങളിലും ഏകീകരണം ഉണ്ട് എന്നത് റീത്ത് അധിഷ്ഠിതമായ സെമിനാരികളുടെ ഒരു നന്മയാണ്. എന്നാല്‍ കേരളത്തിലെ മൂന്ന് റീത്തുകളും ഒരുമിച്ച് വൈദികപരിശീലനം നല്‍കുന്ന സെമിനാരികളല്ലേ കൂടുതല്‍ നല്ലത് എന്ന ചോദ്യം പ്രസക്തമാണ്. നമ്മുടെ തനിമയെ സംരക്ഷിക്കാനും വ്യത്യസ്തകളെ ആദരവോടെ കാണാനും പൊതുനന്മയ്ക്കായി പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കാനും മംഗലപ്പുഴ സെമിനാരിയില്‍ നേരത്തെ ഉണ്ടായിരുന്ന വിവിധറീത്തുകളിലുള്ളവര്‍ ഒരുമിച്ച് താമസിച്ചിരുന്ന പരിശീലനപദ്ധതി വളരെ ഉപകരിച്ചിരുന്നു എന്ന് നിസംശയം പറയുന്നവരാണ് അവിടെ പരിശീലനം സ്വീകരിച്ച വൈദികരെല്ലാവരും തന്നെ.

? നമ്മുടെ സെമിനാരികളുടെ വിപുലമായ അടിസ്ഥാന സൗകര്യങ്ങളും വിഭവശേഷികളും സഭയുടെ മൊത്തത്തിലുള്ള മനുഷ്യവിഭവശേഷി പരിശീലനത്തിനു പ്രയോജനപ്പെടുത്താന്‍ എന്തെങ്കിലും ചെയ്യുന്നുണ്ടോ? അപ്രകാരം പ്രയോജനപ്പെടുത്താന്‍ ആകുമോ?
വടവാതുര്‍ സെമിനാരിയുടെ വിഭവശേഷി പൊതുജനങ്ങള്‍ക്കു കൂടി പ്രയോജനകരമാകുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. സെമിനാരിയുടെയും വിദ്യാപീഠത്തിന്‍റെയും പൊതുവായുള്ള ലൈബ്രറി പൊതുജനങ്ങള്‍ക്കു കൂടി ഉപയോഗിക്കാനുള്ള സൗകര്യങ്ങള്‍ ചെയ്തിട്ടുണ്ട്. കൂടാതെ സെമിനാരിയിലെ മ്യൂസിയം ബുക്ക്സ്റ്റാള്‍ തുടങ്ങിയവയും സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കാറുണ്ട്. അവധിക്കാലത്ത് അല്മായര്‍ക്കായുള്ള ധ്യാനം, യുവജനസെമിനാറുകള്‍, ബൈബിള്‍, ദൈവശാസ്ത്രം, തത്ത്വശാസ്ത്രം, സഭാചരിത്രം തുടങ്ങിയ വിഷയങ്ങളിലുള്ള ക്ലാസ്സുകള്‍ എന്നിവയും സംഘടിപ്പിക്കാറുണ്ട്.

? വിദേശ യൂണിവേഴ്സിറ്റികളിലടക്കം ഉന്നത വിദ്യാഭ്യാസം നേടിയ പണ്ഡിതര്‍ പ്രധാനമായുള്ള സെമിനാരികള്‍ക്ക് സഭയുടെയും സമൂഹത്തിന്‍റെയൊക്കെയും തിങ്ക് ടാങ്കുകളായി വര്‍ത്തിക്കാന്‍ എത്രത്തോളം സാധിക്കുന്നു? സഭയുടെ ഏറ്റവും വലിയ വിജ്ഞാനീയ കേന്ദ്രങ്ങളായ സെമിനാരികളില്‍ നിന്നു സമൂഹത്തിന്‍റെ പൊതുവായ ബൗദ്ധീക മേഖലയ്ക്കു ലഭിക്കുന്ന സംഭാവനകള്‍ എന്തൊക്കെ?
സെമിനാരിയിലെ പ്രൊഫസേഴ്സില്‍ ഭൂരിഭാഗവും റോം, പാരീസ്, ലുവൈന്‍ തുടങ്ങിയ യൂണിവേഴ്സിറ്റികളില്‍ ഉന്നതവിദ്യാഭ്യാസം നടത്തിയവരാണ്. ഓരോരുത്തരും അവരവരുടെ മേഖലകളില്‍ ആധികാരിതയുള്ളവരുമാണ്. എന്നാല്‍ അവര്‍ സഭയുടെയും സമൂഹത്തിന്‍റെയും തിങ്ക്ടാങ്കുകളായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് വലിയ ആത്മവിശ്വാസത്തോടെയുള്ള ഉത്തരം നല്‍കാന്‍ സാധിക്കുകയില്ല. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കാലാകാലങ്ങളില്‍ രൂപംകൊള്ളുന്ന പ്രശ്നങ്ങളെക്കുറിച്ചും ആശയരൂപീകരണങ്ങളെക്കുറിച്ചുമെല്ലാം വടവാതൂര്‍ സെമിനാരിയിലെ പ്രൊഫസേഴ്സിന്‍റെ ലേഖനങ്ങള്‍ വരാറുണ്ട്. സഭാചരിത്രം, ആരാധനാക്രമം, കാനന്‍ നിയമം, ധാര്‍മ്മികദൈവശാസ്ത്രം തുടങ്ങിയ മേഖലകളിലും വടവാതൂര്‍ സെമിനാരിയിലെ ദൈവശാസ്ത്രജ്ഞന്മാരുടെ സംഭാവനങ്ങള്‍ വിലപ്പെട്ടവയാണ്.

? സെമിനാരിയിലേക്ക് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്ന പ്രായത്തെക്കുറിച്ച് പല ചര്‍ച്ചകള്‍ നടന്നിട്ടുണ്ടല്ലോ. ഇപ്പോള്‍ പ്ലസ് ടു സ്കൂളുകളിലേയ്ക്കു മാറ്റിയ സാഹചര്യത്തില്‍ സെമിനാരി പ്രവേശനത്തിനുള്ള മിനിമം പ്രായം/യോഗ്യത പുനരവലോകനത്തിനു വിധേയമാക്കുന്നുണ്ടോ?
ഹ്രസ്വകാലത്തേയ്ക്കല്ല, പ്രത്യുത എന്നേയ്ക്കുമാണ് ഒരു വ്യക്തി പുരോഹിതനാകുന്നത്. അതുകൊണ്ട് തന്നെ വളരെ ആലോചിച്ചും പ്രാര്‍ത്ഥിച്ചുംവേണം ഏതൊരു വ്യക്തിയുടെയും പൗരോഹിത്യപ്രവേശനം. ആയതിനാല്‍ പൗരോഹിത്യപ്രവേശനത്തിനുള്ള പ്രായവും പരിശീലനം ആരംഭിക്കേണ്ട പ്രായവും രണ്ടായിത്തന്നെ കാണണം. പുരോഹിതനാകാനുള്ള ആഗ്രഹവും പൗരോഹിത്യപ്രവേശനത്തിനുള്ള തീരുമാനവും രണ്ടാണ്. ആഗ്രഹത്തില്‍നിന്നും തീരുമാനത്തിലേക്കുള്ള ദൂരമാണ് വൈദികപരിശീലനം. ആഗ്രഹം മുളയെടുക്കുമ്പോള്‍ അനുകൂലസാഹചര്യമൊരുക്കി അതിനെ വളര്‍ത്തിക്കൊണ്ട് വരിക, വളര്‍ന്നു കഴിയുമ്പോള്‍ വെട്ടിയൊരുക്കി സമൃദ്ധമായ ഫലം നല്‍കുന്നതിനായി പാകപ്പെടുത്തുക, ഇതാണ് പരിശീലകരുടെ ദൗത്യം. ഈ വസ്തുതകളുടെ പശ്ചാത്തലത്തില്‍ വേണം സെമിനാരി പ്രവേശനം എപ്പോള്‍ വേണം എന്നു ചിന്തിക്കാന്‍. പുരോഹിതനാകാന്‍ ആഗ്രഹമുള്ളവരെ കണ്ടെത്തി ഈ ആഗ്രഹം ദൈവനിശ്ചയമാണോ എന്ന് വിവേചിച്ചറിയുന്ന പരിശീലനകാലമാണ് മൈനര്‍ സെമിനാരിയിലേത്. ഇതിന് ഏറ്റവും അനുയോജ്യമായ സമയം പത്താം ക്ലാസ് പൂര്‍ത്തിയാക്കുന്ന അവസരമാണ്. നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ സമ്പ്രദായമനുസരിച്ച് ഈ സമയം ഒരു വിദ്യാര്‍ത്ഥിക്ക് 15 വയസ്സ് തികഞ്ഞിരിക്കും. ഇതേ തുടര്‍ന്ന് മൈനര്‍ സെമിനാരിയിലെ ഒരു വര്‍ഷത്തെ വിശ്വാസപരിശീലനവും തുടര്‍ന്നുള്ള പ്ലസ് ടു പഠനവും കഴിയുമ്പോള്‍ പരിശീലനാര്‍ത്ഥിക്ക് 18 വയസ്സ് പൂര്‍ത്തിയാകും. ആഗ്രഹത്തില്‍നിന്നും തീരുമാനത്തിലേക്കെത്തുന്നതിന്‍റെ ആദ്യഘട്ടം ഇവിടെയാകട്ടെ. അതുകൊണ്ട് എന്‍റെ എളിയ അഭിപ്രായത്തില്‍ പത്താം കഴിയുമ്പോള്‍ത്തന്നെയായിരിക്കും സെമിനാരി പ്രവേശനത്തിന് ഏറ്റവും അനുയോജ്യമായ സമയം. ഈ തീരുമാനത്തെ പരിശോധിച്ച് ഉറപ്പിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ അവസരമാണ് തത്ത്വശാസ്ത്രപഠനവും അതേ തുടര്‍ന്നുള്ള പ്രായോഗിക പരിശീലനകാലവും. തുടര്‍ന്ന് പുരോഹിതവസ്ത്രം സ്വീകരിക്കുക കൂടി കഴിയുമ്പോള്‍ ഉറച്ച ബോധ്യത്തോടെ വൈദികാര്‍ത്ഥിക്ക് പൗരോഹിത്യസ്വീകരണമെന്ന പുണ്യമുഹൂര്‍ത്തത്തെ കണ്‍മുമ്പില്‍ കണ്ടുകൊണ്ട് തീക്ഷണതയോടെ ഒരുങ്ങാന്‍ കഴിയും. തുടര്‍ന്ന് മൂന്നു വര്‍ഷത്തെ ദൈവശാസ്ത്രപഠനം പൂര്‍ത്തിയാകുമ്പോള്‍ ഡീക്കന്‍ പട്ടം സ്വീകരിക്കാനുള്ള തീരുമാനം കൃത്യതയോടെ എഴുതിനല്‍കുന്നു. തുടര്‍ന്നുള്ള അജപാലനമേഖലയിലെ വിവിധ വിഷയങ്ങളുടെ ശാസ്ത്രീയമായ പഠനത്തിനും പ്രായോഗിക പരിശീലനത്തിനും ശേഷം വൈദീകാര്‍ത്ഥി പുരോഹിതനാകാനുള്ള തന്‍റെ ആഗ്രഹം സഭയുടെ പ്രതിനിധിയുടെ മുന്‍പാകെ വ്യക്തമായി എഴുതി നല്‍കുമ്പോഴാണ് പൗരോഹിത്യപ്രവേശനത്തിനുള്ള സുനിശ്ചിതമായ തീരുമാനം ഉണ്ടാകുന്നത്.

? ദൈവവിളികളുടെ എണ്ണത്തില്‍ കുറവു വരാതിരിക്കുന്നതിനു ഗുണമേന്മയില്‍ ഒത്തുതീര്‍പ്പുകള്‍ നടത്തുകയാണെന്ന ആക്ഷേപണത്തില്‍ കഴമ്പുണ്ടോ?
മൈനര്‍ സെമിനാരി റെക്ടര്‍മാര്‍ക്കാണ് ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കഴിയുന്നത്. പൗരോഹിത്യദൈവവിളിയില്‍ കേരളം ഇന്നും സമ്പന്നമാണ് എന്നാണ് എന്‍റെ അഭിപ്രായം. 360 വൈദികവിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കാന്‍ സൗകര്യമുള്ള വടവാതൂര്‍ സെമിനാരിയില്‍ ഇപ്പോള്‍ 300 പേരുണ്ട്. കഴിഞ്ഞ 20 വര്‍ഷത്തിനിടയ്ക്ക് 4 മേജര്‍ സെമിനാരികള്‍ കൂടി കേരളത്തില്‍ വന്നു എന്ന കാര്യം നാം വിസ്മരിക്കരുത്. ഗുണമേന്മയില്‍ ഒത്തുതീര്‍പ്പുകള്‍ നടത്തുന്നില്ല എന്നു തന്നെയാണ് എന്‍റെ അഭിപ്രായം.

? പരിശീലനത്തിന്‍റെ ഔപചാരിക സ്വഭാവം അവരുടെ പെരുമാറ്റത്തെയും പിന്നീടു വൈദികരുടെ പ്രവര്‍ത്തനങ്ങളെയും സ്വാധീനിക്കുന്നതായി തോന്നിയിട്ടുണ്ടോ? ഫ്രാന്‍സിസ് മാര്‍പ്പാപ്പ എപ്പോഴും ചൂണ്ടികാണിക്കുന്ന സഭയിലെ ക്ലെറിക്കലിസവും വൈദികരുടെ കരിയറിസവും നേരിടാന്‍ കേരളത്തിലെ സെമിനാരികളില്‍ നാം സ്വീകരിക്കുന്ന മുന്‍കരുതലുകള്‍ എന്താണ്?
സഭയെ കാര്‍ന്നുതിന്നുന്ന മാരകരോഗങ്ങളാണ് ക്ലെറിക്കലിസവും കരിയറിസവും എന്ന് നിസംശയം പറയാം. ഫ്രാന്‍സിസ് പാപ്പ ഈ മാരകരോഗത്തെ നമ്മുടെ ശ്രദ്ധയില്‍പ്പെടുത്തുക മാത്രമല്ല, അവയ്ക്കുള്ള പ്രതിവിധിയും സ്വജീവിതമാതൃകവഴി നമുക്ക് കാണിച്ചു തരുന്നുണ്ട്. ആടുകളുടെ മണമുള്ള ഇടയന്‍, ആര്‍ദ്രതയുള്ള ഹൃദയം സ്വന്തമാക്കിയ പുരോഹിതശ്രേഷ്ഠന്‍, പാവങ്ങളോട് പക്ഷം ചേരുന്ന വിപ്ലവകാരി, പ്രഭുത്വത്തിന്‍റെ അവശേഷിപ്പുകളെയെല്ലാം ഉല്‍മൂലനം ചെയ്ത് ലാളിത്യം ജീവിതശൈലിയായി മാറ്റിയ മൂന്നാം ക്രിസ്തു ഫ്രാന്‍സിസ് പാപ്പയല്ലാതെ പിന്നെയാരാണ്. വ്യക്തമായ കാഴ്ചപ്പാടുകളോടെ സഭയെ ധീരതയോടെ നയിക്കുന്ന ഫ്രാന്‍സിസ് പാപ്പയോടൊപ്പം നില്‍ക്കുക, അദ്ദേഹത്തിന്‍റെ ജീവിതമാതൃക സ്വന്തമാക്കുക, ക്ലെറിക്കലിസവും കരിയറിസവും അപ്രത്യക്ഷമാകുന്നത് അപ്പോള്‍ നമുക്ക് കാണാന്‍ സാധിക്കും.

? അഞ്ചുവര്‍ഷം മുമ്പ് റെക്ടറുടെ ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോള്‍ എന്തൊക്കെയായിരുന്നു പ്രതീക്ഷകളും പദ്ധതികളും? ഇപ്പോള്‍ ഉത്തരവാദിത്യമൊഴിയുമ്പോള്‍ അവ സംബന്ധിച്ച വ്യക്തിപരമായ വിലയിരുത്തലുകള്‍ എന്താണ്?
കഠിനാധ്വാനം ജീവിതശൈലിയാക്കുന്ന സെമിനാരിക്കാരുടെ എണ്ണം കുറയുന്നു എന്നത് വളരെ ആശങ്കയുണര്‍ത്തുന്ന ഒരു കാര്യമാണ്. അലസതയും നിസംഗതയും സുഖലോലുപതയുമെല്ലാം സെമിനാരി വിദ്യാര്‍ത്ഥികളെ വലയ്ക്കുമ്പോള്‍ അസ്വസ്ഥരാകാതെ ഇവയുടെ കാരണങ്ങള്‍ കണ്ടെത്തി പരിഹാരമാര്‍ഗങ്ങള്‍ തേടുന്നതിന് അവരോടൊരുമിച്ച് തന്നെ പ്രാര്‍ത്ഥനാപൂര്‍വ്വം ആശയവിനിമയം നടത്താന്‍ ഞാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചിരുന്നു. സെമിനാരിക്കാര്‍ക്ക് തങ്ങളെ ആത്മീയമായി അലട്ടുന്ന പ്രശ്നങ്ങള്‍ പുരോഹിതരുമായി മുഖാഭിമുഖം സംസാരിക്കാന്‍ സഹായകമായ നാല് കുമ്പസാരക്കൂടുകള്‍ തയ്യാറാക്കി. എല്ലാ സെമിനാരിക്കാരും തങ്ങളുടെ ആത്മീയപിതാക്കന്മാരെ മാസത്തിലൊരിക്കലെങ്കിലും കൃത്യമായി കാണണമെന്ന കാര്യം ഉറപ്പുവരുത്തി. സെമിനാരിയിലെ ഏത് കാര്യവും പരിശീലകരും പരിശീലനാര്‍ത്ഥികളും കൂട്ടായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്നതിന് വര്‍ഷത്തില്‍ രണ്ട് ഡയലോഗ് മീറ്റിങുകള്‍ ക്രമീകരിച്ചു. ആത്മീയപിതാക്കന്മാരും ആനിമേറ്റര്‍മാരും റെക്ടറച്ചനും നല്‍കുന്ന പൊതു ഉപദേശങ്ങള്‍ക്ക് പുറമേ ഓരോരുത്തരോടും വ്യക്തിപരമായി സംസാരിക്കുന്നതിനും അവരുടെ സാധ്യതകളെ കണ്ട് പ്രോത്സാഹിപ്പിക്കുന്നതിനും തെറ്റുകള്‍ തിരുത്തുന്നതിനും ഞാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചിട്ടുണ്ട്. മനുഷ്യപരിമിതികളെ യാഥാര്‍ത്ഥ്യബോധത്തോടെ കാണാന്‍ കഴിയുമ്പോള്‍ നമ്മുടെ സെമിനാരിക്കാരുടെ കുറവുകളെയെല്ലാം സഹിഷ്ണുതയോടെ ഉള്‍ക്കൊള്ളാനും അവര്‍ക്കുവേണ്ടി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാനും സാധിക്കും.

? സെമിനാരി പരിശീലനത്തിന്‍റെയും പൗരോഹിത്യത്തിന്‍റെയും ഭാവിയെകുറിച്ച് എന്തു കരുതുന്നു?
കൂടുതല്‍ മെച്ചപ്പെട്ട ജീവിതസൗകര്യങ്ങള്‍ തേടി ഇന്നത്തെ യുവജനങ്ങള്‍ നാടും വീടും വിട്ട് വിദേശരാജ്യങ്ങളിലേക്ക് ചേക്കേറുമ്പോള്‍ ഇന്ന് വടവാതൂര്‍ സെമിനാരിയില്‍ മൂന്നുറോളം വൈദികവിദ്യാര്‍ത്ഥികള്‍ ദൈവത്തിനും ദൈവജനത്തിനും വേണ്ടി ജീവിതം സമര്‍പ്പിക്കാന്‍ തയ്യാറായി വന്നിരിക്കുന്നു എന്നത് സഭയുടെ ഭാവി സുരക്ഷിതമാണ് എന്നതിന്‍റെ സൂചന തന്നെയാണ്. മറ്റു മേജര്‍ സെമിനാരികളിലും മൈനര്‍ സെമിനാരികളിലും ഇതുപോലെ തന്നെ ദൈവവിളിയുടെ സമൃദ്ധിയുടെ അനുഭവം കാണാന്‍ കഴിയും. ഈ വൈദികവിദ്യാര്‍ത്ഥികളുടെ നല്ല മനസ്സിനെ ആദരവോടെ കണ്ട് അനുകൂലമായ സാഹചര്യമൊരുക്കി വിശുദ്ധരായ വൈദികരാകാന്‍ അവരെ സഹായിക്കുക എന്നതാണ് പരിശീലകരായ ഞങ്ങളുടെ ചുമതല. പരിശീലകരായ ഞങ്ങളെല്ലാവരും തന്നെ ദൈവശാസ്ത്ര-തത്ത്വശാസ്ത്രമേഖലകളില്‍ ശോഭിക്കുന്നവരാണ്. എന്നാല്‍ ആത്മീയതയിലുള്ള ആധികാരികത ഇനിയും ഞങ്ങള്‍ ആര്‍ജിച്ചെടുക്കേണ്ടിയിരിക്കുന്നു. തിരുസന്നിധിയില്‍ ധാരാളം സമയം ചെലവഴിക്കാനും ആത്മീയമേഖലയില്‍ ആത്മനിര്‍വൃതി കണ്ടെത്താനും പരിശീലകരായ ഞങ്ങള്‍ക്ക് കഴിയുമ്പോള്‍ മാത്രമേ സഭ ഞങ്ങളെ ഏല്‍പിച്ചിരിക്കുന്ന വൈദികവിദ്യാര്‍ത്ഥികളെ വിവേകവും വിശുദ്ധിയുമുള്ള പുരോഹിതരായി രൂപപ്പെടുത്താനാകൂ. ആയതിനാല്‍, പരിശീലകരുടെ പരിശീലനമാണ് മുഖ്യം. വിശുദ്ധരായ വൈദികരോടൊപ്പമുള്ള സഹവാസവും ദൈവശാസ്ത്ര-തത്ത്വശാസ്ത്ര മേഖലയിലെ ആചാര്യന്മാരോടൊപ്പമുള്ള ആശയവിനിമയവും പാവങ്ങളോടും വേദനയനുഭവിക്കുന്നവരോടുമുള്ള ആത്മാര്‍ത്ഥമായ സ്നേഹവും സമന്വയിക്കുന്ന പരിശീലനപരിപാടി നമ്മുടെ എല്ലാ സെമിനാരികളിലും സാധ്യമാകട്ടെ.

Leave a Comment

*
*