Latest News
|^| Home -> Cover story -> ലോകത്തിന് അപകടകാരികളാകുന്ന മുസ്ലീങ്ങളും ക്രൈസ്തവരും

ലോകത്തിന് അപകടകാരികളാകുന്ന മുസ്ലീങ്ങളും ക്രൈസ്തവരും

Sathyadeepam

ഫാ. ലൂക്ക് പൂത്തൃക്കയില്‍

ലോകത്തിന്‍റെ ഭാവിയെ നിശ്ചയിക്കുന്നതു മനുഷ്യരും അവരുടെ പ്രത്യയശാസ്ത്രങ്ങളും ജീവിതവീക്ഷണവും ജീവിതശൈലിയുമാണ്. ഇക്കാര്യത്തില്‍ മതത്തിന്‍റെ സ്വാധീനമുള്ള രണ്ടു വിഭാഗങ്ങളാണു ക്രൈസ്തവരും മുസ്ലീങ്ങളും. ലോകജനസംഖ്യയില്‍ 65 ശതമാനത്തോളം മുസ്ലീങ്ങളും ക്രൈസ്തവരുമാണ്. മതപരവും രാഷ്ട്രീയപരവുമായ സമീപനങ്ങളും മതജീവിതം ചെലുത്തുന്ന സ്വാധീനങ്ങളും ലോകക്രമത്തെ സാരമായി ബാധിക്കാന്‍ ശക്തിയുള്ളതാണ്. ഏതു രാഷ്ട്രത്തില്‍പ്പെട്ടവരായാലും രാഷ്ട്രത്തിനുള്ളിലെ മതാത്മകവ്യക്തികള്‍ അവരുടെ തനിസ്വഭാവം രാഷ്ട്രീയത്തില്‍ പ്രകടിപ്പിക്കും. ക്രൈസ്തവ ഭൂരിപക്ഷമുള്ള യൂറോപ്പും അമേരിക്കയും ആസ്ട്രേലിയായും ലോകത്തിലെ 59 മുസ്ലീം രാജ്യങ്ങളും തങ്ങളുടേതായ ശൈലിയിലും കാഴ്ചപ്പാടിലും ലോക ഭരണക്രമത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

ക്രൈസ്തവ ഭൂരിപക്ഷ രാജ്യങ്ങളും മുസ്ലീം രാജ്യങ്ങളും തമ്മില്‍ ചരിത്രത്തില്‍ ഏറ്റുമുട്ടലുകളുണ്ടായിട്ടുണ്ട്. ഏഡി ആദ്യനൂറ്റാണ്ടില്‍ ആരംഭിച്ച ക്രൈസ്തവമതം ഏഡി 315-ലെ റോമന്‍ സ്വാതന്ത്ര്യത്തിനുശേഷം വളരെ പെട്ടെന്ന് ഒരു സാര്‍വത്രിക സ്വഭാവത്തെ കൈക്കൊണ്ടു. പെട്ടെന്നുതന്നെ എല്ലാ രാജ്യങ്ങളിലേക്കും ക്രൈസ്തവവിശ്വാസം എത്തുകയും ക്രൈസ്തവസ്വാധീനങ്ങള്‍ ഭരണക്രമങ്ങളിലുണ്ടാകുകയും ചെയ്തിട്ടുണ്ട്. ആറാം നൂറ്റാണ്ടില്‍ അറേബ്യയിലാണ് ഇസ്ലാം മതത്തിന്‍റെ തുടക്കം. പെട്ടെന്നുതന്നെ ഇസ്ലാം മതവും മദ്ധ്യപൂര്‍വപ്രദേശങ്ങളില്‍ വ്യാപിച്ചു.

മദ്ധ്യകാലഘട്ടങ്ങള്‍ യുദ്ധങ്ങളുടെ കാലഘട്ടമായിരുന്നു. രാജാക്കന്മാരും പ്രഭുക്കന്മാരും യുദ്ധം നടത്തുമ്പോള്‍ മതനേതൃത്വങ്ങള്‍ പക്ഷംപിടിച്ചു യുദ്ധം നടത്തുകയും നിരവധി ആളുകള്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഇരുമതങ്ങളും തങ്ങളുടെ വ്യാപനത്തിനും ആധിപത്യത്തിനും ശ്രമിച്ചപ്പോള്‍ സംഘര്‍ഷങ്ങള്‍ ധാരാളമുണ്ടായിട്ടുണ്ട്. അതിന്‍റെ പരിണതഫലമായിരുന്നു കുരിശുയുദ്ധം. ഫലമോ, നിരവധി മനുഷ്യര്‍ മതത്തിന്‍റെ പേരില്‍ കൊല്ലപ്പെട്ടു.

ക്രൈസ്തവ-മുസ്ലീം മതങ്ങളുടെ പൊതു തുടക്കം യഹൂദമതത്തിലാണ്. രണ്ടു മതങ്ങള്‍ക്കും സാരമായി സാമ്യങ്ങളുണ്ട്. പൂര്‍വപിതാക്കന്മാരിലൂടെയാണു ക്രൈസ്തവവിശ്വാസം സാവധാനം പരിണാമം പ്രാപിച്ചു ക്രൈസ്തവമതം ഉണ്ടാകുന്നത്. പൂര്‍വപിതാക്കന്മാര്‍ അല്ലാഹു അയച്ച പ്രവാചകന്മാരായി ഇസ്ലാമും കാണുന്നു. ക്രൈസ്തവര്‍ ദൈവം ഏകനാണെന്നും ദൈവത്തില്‍ മൂന്ന് ആളുകളുണ്ടെന്നും യേശുക്രിസ്തു ദൈവമാണെന്നും പറയുമ്പോള്‍ മുസ്ലീങ്ങള്‍ ദൈവത്തിന്‍റെ ഏകത്വത്തെ അടിവരിയിട്ടുറപ്പിക്കുകയും യേശു ഒരു പ്രവാചകന്‍ മാത്രമാണെന്നും നബിയാണ് അവസാനത്തെ പ്രവാചകനെന്നും പഠിപ്പിക്കുന്നു. ഇവിടെ സാരമായ വ്യത്യാസങ്ങളുണ്ട്. ഇസഹാക്കില്‍ നിന്നും ഇസ്മായേലില്‍നിന്നും വന്ന രണ്ടു വംശം സഹകരണത്തേക്കാള്‍ സംഘര്‍ഷങ്ങളിലൂടെയാണു ചരിത്രം താണ്ടിയത്.

ലോകത്തില്‍ അനേകം കൂട്ടക്കൊലകള്‍ നടന്നിട്ടുണ്ട്. കുരിശുയുദ്ധങ്ങള്‍ യൂറോപ്പിലെ നാട്ടുരാജാക്കന്മാര്‍ തമ്മിലുള്ള യുദ്ധങ്ങള്‍, അറേബ്യയിലെ ഗോത്രയുദ്ധങ്ങള്‍, ഒന്നാം ലോക മഹായുദ്ധം, രണ്ടാം ലോകമഹായുദ്ധം, കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്‍റെ പേരില്‍ റഷ്യയിലുണ്ടായ കൊലപാതകങ്ങള്‍ (1 കോടി) വംശീയതയുടെ പേരില്‍ ഹിറ്റ്ലര്‍ നടപ്പാക്കിയ യഹൂദകൂട്ടക്കൊല (60 ലക്ഷം) കംബോഡിയായിലും എത്യോപ്യയിലും ഉഗാണ്ടയിലും മറ്റും നടന്ന കൂട്ടക്കൊലകള്‍, യുഗോസ്ലാവിയായില്‍ മുസ്ലീം-ക്രൈസ്തവ കൊലപാതകങ്ങള്‍, ചൈനയിലും ഇതര കമ്യൂണിസ്റ്റ് രാജ്യങ്ങളിലും നടന്ന പ്രത്യയശാസ്ത്ര കൊലപാതകങ്ങള്‍ തുടങ്ങിയവയിലൂടെ കോടിക്കണക്കിനു മനുഷ്യര്‍ കൊല്ലപ്പെടുമ്പോള്‍ ഇവയില്‍ മുഖ്യമായും മതങ്ങളുടെ സ്വാധീനങ്ങളും പിന്തുണകളും ഉണ്ടായിട്ടുണ്ട് എന്നു നിസ്സംശയം പറയാം.

മുസ്ലീം തീവ്രവാദികള്‍ മതത്തിന്‍റെ വ്യാപനത്തിനും ആധിപത്യത്തിനുംവേണ്ടി പോസിറ്റീവ് പാപങ്ങള്‍ ചെയ്യുന്നു. ഖുറാന്‍റെ പൊതുചൈതന്യം വിട്ട്, അടിസ്ഥാനപാരമ്പര്യം വിസ്മരിച്ചു ഖുറാനിലെ ഒറ്റപ്പെട്ട വചനങ്ങള്‍ പൊക്കിയെടുത്തു കൊല്ലും കൊലയും നടത്തുന്നുണ്ട്. അവിശ്വാസികളെ വകവരുത്താന്‍ ചരിത്രത്തില്‍ ജിഹാദ് പോലുള്ള നിയമങ്ങളെ പര്‍വതീകരിച്ച് ഇതര മതസ്ഥരെ പ്രത്യേകിച്ചു ക്രൈസ്തവരെ നിഷ്കരുണം വകവരുത്തുന്നതിനും ആട്ടിപ്പായിക്കുന്നതിനും നിര്‍ബന്ധ മതംമാറ്റത്തിനും പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇസ്ലാമിനെക്കൊണ്ടു ലോകം നിറയണമെന്ന കാഴ്ചപ്പാടില്‍ യുദ്ധം ചെയ്യാനും തീവ്രവാദികളെ വളര്‍ത്താനും ജനസംഖ്യ വര്‍ദ്ധിപ്പിക്കാനും ഇക്കൂട്ടര്‍ ശ്രമിക്കുന്നു.

ഇസ്ലാമിന്‍റെ വ്യാപനവും തീവ്രവാദികളുടെ ക്രമാതീത വളര്‍ച്ചയും മതതീവ്രവാദസംഘടനകളുടെ പെരുകലും ഇസ്ലാമിനെ അസഹിഷ്ണുതയിലേക്ക് എത്തിക്കുന്നു. ഇതര മതവിശ്വാസികളെ ഉള്‍ക്കൊളളാന്‍ പറ്റാത്തവിധം തങ്ങളുടെ മതം മാത്രം ശ്രേഷ്ഠമെന്നും ഇസ്ലാമികള്‍ മാത്രം സഹോദരങ്ങള്‍ എന്നുമുള്ള കാഴ്ചപ്പാട് അപകടകരമാണ്. എങ്ങനെയും എവിടെയും കയറിപ്പറ്റാനും ഇടം ഉറപ്പിക്കാനും അവര്‍ ശ്രമിക്കുന്നു. തങ്ങളുടെ രാജ്യത്ത് ഇതര മതസ്ഥര്‍ക്ക് അവകാശം നിഷേധിക്കുകയും ഇതര രാജ്യങ്ങളില്‍നിന്ന് അവകാശം ചോദിച്ചുവാങ്ങുകയും ചെയ്യുന്നതു ലോകക്രമത്തെ സാരമായി ബാധിക്കുന്നു.

ക്രൈസ്തവസഭയുടെ ആദ്യകാലചരിത്രം രക്തസാക്ഷികളുടേതായിരുന്നു. പിന്നീടു സന്ന്യാസത്തിന്‍റെ പരിത്യാഗങ്ങളും ആത്മനിഷ്ഠകളും സഭയ്ക്കു ശക്തിയായി തീര്‍ന്നു. അതേത്തുടര്‍ന്നു പ്രവാചകന്മാരുടെ ഒരു കാലമുണ്ടായിരുന്നു. പിന്നീടു ദീര്‍ഘകാലം മിഷനറിമാരുടെ കാലമായിരുന്നു. അവരുടെ പ്രവര്‍ത്തനഫലമായി വിദ്യാഭ്യാസവും വികസനവും ഉണ്ടായി. പിന്നീട് സഭാസംവിധാനങ്ങളും നിയമങ്ങളും രൂപപ്പെടുത്തുന്നതില്‍ ശ്രദ്ധാലുക്കളായി. ഒരുതരം സംഘടിതശക്തിയും സ്വാധീനഘടകവുമായി, ലോകസംവിധാനക്രമങ്ങളില്‍. ആധുനികസഭ ആഡംബരത്തിലും സുഖലോലുപതയിലും സുഭിക്ഷതയിലും ആലസ്യരായി ഉറങ്ങുന്ന സഭയായി. മിഷന്‍ പ്രവര്‍ത്തനത്തേക്കാള്‍ സ്ഥാപനവത്കരണത്തിനു പ്രാധാന്യം നല്കി. കുടുംബങ്ങളുടെ എണ്ണത്തേക്കാള്‍ സമര്‍പ്പിതരുടെ എണ്ണത്തില്‍ ശ്രദ്ധിച്ചു. ജനത്തിന്‍റെ സ്വാഭാവികവളര്‍ച്ചയില്‍ ഇടിവുണ്ടായി. ഇവയ്ക്കൊക്കെ മേമ്പൊടിയായി ആത്മീയാഭ്യാസങ്ങളും അനുഷ്ഠാനകര്‍മ്മങ്ങളും ക്രമാതീതമായി വര്‍ദ്ധിപ്പിച്ചു.

ക്രൈസ്തവര്‍ അപകടകാരികളാകുന്നത് അവരുടെ അതിഭൗതിക-ലൗകിക വിചിന്തനവും ജീവിതശൈലിയും വഴിയാണ്. തങ്ങളുടെ മതാത്മകജീവിതത്തിന്‍റെ അടിസ്ഥാനചൈതന്യം വിട്ടു ഭൗതിക സുഖലോലുപതയിലേക്ക് അവര്‍ ക്രമംവിട്ടു വീഴുന്നു. മറ്റൊരു കൂട്ടര്‍ അതിതീക്ഷ്ണതമൂലം അക്രൈസ്തവരുടെ സ്വൈര്യം കെടുത്തുന്നുണ്ട്. മതത്തോടു നിസ്സംഗതയും നിര്‍വികാരതയും നിഷേധവും നിലനിര്‍ത്തി അടിസ്ഥാന ക്രൈസ്തവ സ്പിരിറ്റ് ഇല്ലാതാക്കുന്നതുവഴി സ്വകാര്യലോകം സൃഷ്ടിക്കുന്നവരാകുന്നു. പണത്തെ ദൈവമായും അധികാരത്തെ ലക്ഷ്യമാക്കിയും ക്രൈസ്തവര്‍ ജീവിക്കുമ്പോള്‍ കുടുംബം എന്ന മൂ ല്യവും വ്യക്തിബന്ധങ്ങളുടെ ഇഴയടുപ്പവും ചോര്‍ത്തിക്കളയുന്നു. വിദേശത്തു പോകണം, ജോലി വേണം, കൂടുതല്‍ പഠിക്കണം, ആഡംബരസൗകര്യങ്ങള്‍ വേണം, സ്വകാര്യത അനുഭവിക്കണം തുടങ്ങി തികച്ചും സ്വാര്‍ത്ഥപരവും നി ഷേധപരവുമായി ജീവിക്കുമ്പോള്‍ രണ്ടായിരം വര്‍ഷത്തെ ക്രൈസ്തവ സംസ്കാരത്തെ ക്രൈസ്തവര്‍ തന്നെ ഉന്മൂലനം ചെയ്യുകയാണ്. മന്ദതയും നിഷ്ക്രിയത്വവും ലോകത്തിന് അപകടകരമാണ്. പ്രസ്ഥാനമായാലും സംഘടനകളായാലും സ്ഥാപനങ്ങളായാലും സംവിധാനങ്ങളായാലും പണം ആര്‍ജ്ജിക്കുക. ലാഭമുണ്ടാക്കുക എന്ന ധനാര്‍ജ്ജന സംസ്കാരം മാത്രമേ ക്രൈസ്തവര്‍ക്കുള്ളൂ. ഇതു ക്രൈസ്തവസഭ ചെയ്യുന്ന നെഗറ്റീവ് പാപങ്ങളാണ്. യേശു പറയുന്നതു പോലെ “ദൈവരാജ്യം നിങ്ങളില്‍ നിന്ന് എടുത്തു ഫലം തരുന്ന ജനതയ്ക്കു നല്കുന്ന” അവസ്ഥയിലായി ക്രൈസ്തവര്‍. ഇതു വലിയ വിപത്തുതന്നെയാണ്.

ലോകക്രമത്തെ ശരിയായ ദിശയിലെത്തിക്കാന്‍ മൗലികവാദങ്ങളും തീവ്രവാദങ്ങളും നിര്‍ത്തണം. കുടുംബമൂല്യങ്ങള്‍, മാനുഷികനന്മകള്‍ എന്നിവയ്ക്കു പ്രാധാന്യം നല്കണം. മതാത്മകമായതെല്ലാം വിമര്‍ശനത്തിനും നിരീക്ഷണത്തി നും വിധേയമാക്കിക്കൊണ്ടു ഒതുങ്ങാന്‍ ശ്രമിക്കുന്നു. ഇതര മതസ്ഥരെ അസഹ്യപ്പെടുത്തുന്നതെന്തും മതങ്ങള്‍ ഒഴിവാക്കണം. മതം ആധിപത്യത്തിനും അധികാരത്തിനും അഹങ്കാരത്തിനും ഉള്ളതല്ലെന്നു തിരിച്ചറിയണം. ആരാധനാലയങ്ങളിലെ ശബ്ദങ്ങള്‍ കുറയ്ക്കുകയും വഴിമുടക്കിയുള്ള മതാനുഷ്ഠാനങ്ങള്‍ ഒഴിവാക്കുകയും വേണം. ബെര്‍ണാര്‍ഡ് ഷാ പറയുന്നതുപോലെ “മതം ഒന്നേയുളളൂ. അതിന്‍റെ വകഭേദങ്ങള്‍ നൂറെണ്ണം കണ്ടേക്കാമെന്നു മാത്രം.” ലോകക്രമത്തെ ശരിയാക്കാനും മനുഷ്യരെ തമ്മിലടുപ്പിക്കാനുമായിട്ടല്ലേ മതം? വൈരങ്ങള്‍ മറക്കുകതന്നെ വേണം.

Comments

One thought on “ലോകത്തിന് അപകടകാരികളാകുന്ന മുസ്ലീങ്ങളും ക്രൈസ്തവരും”

  1. XavierVakayil says:

    Its very realistic opinion. Religions should refrain from unhealthy competition but to compete in doing good things.

Leave a Comment

*
*