ഫാ. മാത്യു ഇല്ലത്തുപറമ്പില്‍ : വൈദികരെ വളര്‍ത്തുന്നവര്‍ക്കു പറയാനുള്ളത്

ഫാ. മാത്യു ഇല്ലത്തുപറമ്പില്‍ : വൈദികരെ വളര്‍ത്തുന്നവര്‍ക്കു പറയാനുള്ളത്

കേരള കത്തോലിക്കാസഭയിലെ മേജര്‍ സെമിനാരികള്‍ ഇതിനകം ആയിരക്കണക്കിനു പുരോഹിതന്മാര്‍ക്കു ജന്മം നല്‍കിയിട്ടുണ്ട്. സഭയുടെ പ്രധാന ഊര്‍ജ സ്രോതസ്സുകളായി നിലകൊള്ളുന്ന ഈ സെമിനാരികളുടെ മേധാവികള്‍ അഞ്ചു വര്‍ഷം കൂടുമ്പോള്‍ മാറും. കഴിഞ്ഞ അഞ്ചു വര്‍ഷം സെമിനാരി റെക്ടര്‍മാരായി പ്രവര്‍ത്തിച്ചവര്‍ സ്ഥാനമൊഴിയുകയും പുതിയ റെക്ടര്‍മാര്‍ ചുമതലയേറ്റെടുക്കുകയും ചെയ്യുന്ന സമയമാണിത്. സ്ഥാനമൊഴിയുന്ന റെക്ടര്‍മാരില്‍ ചിലര്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളിലെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ വൈദിക പരിശീലനവുമായും സെമിനാരികളുമായും ബന്ധപ്പെട്ട തങ്ങളുടെ ചിന്തകള്‍ പങ്കുവയ്ക്കുകയാണിവിടെ:

ഫാ. മാത്യു ഇല്ലത്തുപറമ്പില്‍
റെക്ടര്‍, മംഗലപ്പുഴ സെമിനാരി, ആലുവ

? റെക്ടര്‍ സ്ഥാനത്തുനിന്ന് പടിയിറങ്ങുമ്പോള്‍ വലിയൊരു ഉത്തരവാദിത്വം നിര്‍വഹിച്ചതിന്‍റെ തൃപ്തിയാണോ മനസ്സില്‍?
തൃപ്തിയെക്കാളേറെ നന്ദിയാണ്; ദൈവത്തോടും അധികാരികളോടും എല്ലാ സഹപ്രവര്‍ത്തകരോടും ഉപകാരികളോടും സെമിനാരിക്കാരോടും. വ്യക്തിപരമായ തൃപ്തിക്ക് വലിയ പ്രസക്തിയില്ല. കാരണം, വൈദിക പരിശീലനം പലര്‍കൂടി നിര്‍വഹിക്കുന്ന ഒരു ശുശ്രൂഷയാണ്. ഒരാളെ ഡ്രൈവിങ്ങ് പഠിപ്പിക്കുന്നതുപോലെയുള്ള ഏക മുഖ ഏര്‍പ്പാടല്ല വൈദികപരിശീലനം. വൈദികപരിശീലനത്തില്‍ കുറഞ്ഞത് നാലു പങ്കാളികള്‍ എങ്കിലുമുണ്ട്: ഒന്ന്, പരിശീലനം സ്വീകരിക്കുന്നയാള്‍. സ്വയം പരിശീലനമായി (self-formation) വൈദിക പരിശീലനത്തെ സ്വീകരിക്കുകയാണ് അയാളുടെ ധര്‍മ്മം. രണ്ട്, കുടുംബവും സഭയും. ഇവരുടെ പങ്ക് പലപ്പോഴും പരോക്ഷമായിരിക്കും. പക്ഷേ, ശക്തമായ സ്വാധീനം അടിസ്ഥാനപരമായി ചെലുത്തുന്നവരാണിവര്‍. മൂന്ന്, സെമിനാരിയിലെ പരിശീലകര്‍. ഇവരാണ് പ്രത്യക്ഷമായി പരിശീലകരായി രംഗത്തുള്ളവര്‍. നാല്, പരിശുദ്ധാത്മാവ്. 'ഈശോയുടെ കൂടെ ആയിരിക്കാനും സുവിശേഷം പ്രസംഗിക്കാന്‍ അയയ്ക്കാനും പിശാചുക്കളെ പുറത്താക്കാന്‍ നിയോഗിക്കാനും' (മര്‍ക്കോ. 3:14) ഒരാളെ സജ്ജനാക്കുന്നത് പരിശുദ്ധാത്മാവാണ്. ഈ പ്രക്രിയയില്‍ നാലു ഘടകങ്ങളെയും കൂട്ടിയിണക്കുന്ന ചെറിയ പങ്കേ നമുക്കുള്ളൂ.

? ഇക്കാലത്തെ വൈദികാര്‍ഥികളില്‍ പ്രതീക്ഷ തരുന്ന കാര്യം എന്താണ്?
ചെറിയ കുടുംബങ്ങളില്‍ നിന്നു പോലും ദൈവവിളി സ്വീകരിച്ചു വരുന്ന അനേകരുണ്ട്. ഇവരാരും ഭൗതികമായ നേട്ടം മോഹിച്ചു വരുന്നവരല്ല. അതായത്, ദൈവവിളികളുടെ ഉദ്ദേശ്യശുദ്ധിയാണ് ഏറ്റവും പ്രതീക്ഷാനിര്‍ഭരമായ കാര്യം. ആ ഉദ്ദേശ്യശുദ്ധിക്ക് ഇണങ്ങുംവിധം അവര്‍ ഈശോയിലേക്കും സുവിശേഷാരൂപിയിലേക്കും വളരുക എന്നതാണ് വലിയ വെല്ലുവിളി.

? വൈദികാര്‍ഥിയില്‍ ഉണ്ടാകേണ്ട ആദ്യഗുണം എന്താണ്?
സെമിനാരിയിലേക്ക് കാലുകുത്തുന്ന സെമിനാരിക്കാരന് ഉണ്ടാകേണ്ട ആദ്യഗുണം അവിടെ നല്കപ്പെടുന്നതെല്ലാം സ്വീകരിക്കാനുള്ള തുറന്ന മനസാണ്. സ്വീകരണക്ഷമത (receptivity) യുടെ തോത് അനുസരിച്ചാണ് പരിശീലനത്തിന്‍റെ ഫലം ഓരോരുത്തിലും പ്രകടമാകുന്നത്. ഓരോ വര്‍ഷവും സെമിനാരിക്കാര്‍ കേള്‍ക്കുന്ന പ്രസംഗങ്ങള്‍, ഉപദേശങ്ങള്‍, ധ്യാനങ്ങള്‍, പ്രബോധനങ്ങള്‍, ക്ലാസ്സുകള്‍, വായിക്കുന്ന പുസ്തകങ്ങള്‍, ഇടപെടുന്ന വ്യക്തികള്‍, കാണുന്നതും കേള്‍ക്കുന്നതുമായ കാര്യങ്ങള്‍… ഇവയില്‍നിന്ന് എന്തെല്ലാം ബോധ്യങ്ങള്‍ വ്യക്തിപരമായി സ്വീകരിച്ചു എന്ന് ചോദിക്കാറുണ്ട്. എല്ലാവരുടെയും മറുപടികള്‍ എന്നെ ആഹ്ലാദിപ്പിച്ചിട്ടില്ല.

? അടുത്തകാലത്ത് ഒരാള്‍ ഉന്നയിച്ച ചോദ്യം അച്ചനോട് ചോദിക്കുകയാണ്: ഈ സെമിനാരിക്കാര്‍ക്കെല്ലാം ശരിക്കുള്ള ഗുണപരിശോധന (quality control) നടത്തുന്നുണ്ടോ?
സെമിനാരി പരിശീലനത്തെക്കുറിച്ച് വ്യക്തമായിട്ട് അറിയാത്തതുകൊണ്ടോ നിഷേധാത്മകമായ ഉദാഹരണങ്ങള്‍ ജനിപ്പിക്കുന്ന ആഘാതംകൊണ്ടോ ആകാം ഇങ്ങനെയൊരു ചോദ്യമുണ്ടാകുന്നത്. എന്തായാലും പരിശീലനത്തിന്‍റെ എല്ലാ ഘട്ടങ്ങളിലും സെമിനാരിക്കാര്‍ പല തലങ്ങളില്‍ വിലയിരുത്തപ്പെടുന്നുണ്ട്. പരിശീലകര്‍ അവരുടെ ശാരീരിക, മാനസിക, ആത്മീയ, ബൗദ്ധിക, പെരുമാറ്റ നിലവാരങ്ങള്‍ വിലയിരുത്തും, വേണ്ട തിരുത്തലുകള്‍ കൊടുക്കും, അവരുടെ പുരോഗതി പഠിക്കും. സെമിനാരി അധികൃതരും രൂപതാമെത്രാനും തൃപ്തരാണെങ്കിലേ പട്ടം കൊടുക്കൂ. ഇതിന്‍റെയര്‍ഥം എല്ലാം തികഞ്ഞെവരാണ് പട്ടമേല്ക്കുന്നത് എന്നൊന്നുമല്ല. Tested ok എന്ന് പരിശോധിച്ച് സീലുവച്ചാല്‍ ഒരു യന്ത്രത്തിന്‍റെ ഗുണമേന്മക്ക് നിശ്ചിതകാലം ഉറപ്പുണ്ട്. എന്നാല്‍ നാം യോഗ്യരാണെന്ന് വിധിക്കുന്നവര്‍ മനുഷ്യരാണ്; അവര്‍ ചില കാര്യങ്ങളില്‍ പരാജയപ്പെടാം; ചില ദോഷങ്ങള്‍ പിന്നീടാകാം പ്രകടമാകുന്നത്. എന്തായാലും, ഒരു വൈദികന്‍ ശുശ്രൂഷയില്‍ പരാജയപ്പെടുമ്പോള്‍ അത് സഭാസമൂഹത്തിന്‍റെയും പരിശീലനകേന്ദ്രങ്ങളുടെയും പരിശീലകരുടെയും പരാജയംതന്നെയാണ്. എന്നാല്‍ വിശിഷ്ടമായ ശുശ്രൂഷ ചെയ്യുന്ന അനേകം പുരോഹിതര്‍ ഉണ്ടാകുന്നുണ്ട്. അവരുടെ ബലത്തിലാണ് സെമിനാരികള്‍ തലയുയര്‍ത്തി നില്ക്കുന്നത്.

? വൈദികപരിശീലനത്തിന് പല തലങ്ങളുണ്ടല്ലോ? അതില്‍ ഏറ്റവും പ്രധാനം ഏതാണ്?
മാനുഷിക, ബൗദ്ധിക, ആത്മീയ, സാമൂഹിക, പ്രേഷിത തലങ്ങളിലാണ് അര്‍ത്ഥികള്‍ പരിശീലനം സ്വീകരിക്കുന്നത്. ഈ തലങ്ങള്‍ പരസ്പരപൂരകമാണ്. ഒന്നും അപ്രധാനമല്ല. സഭയുടെ പ്രബോധനങ്ങള്‍ ഇക്കാര്യം വ്യക്തമാക്കുന്നുമുണ്ട്. ഇനി, ഇവയില്‍ ഏറ്റവും പ്രധാനമേതെന്നൊരു ചോദ്യമുണ്ടായാല്‍, ആത്മീയപരിശീലനം എന്ന് പറയാം. കാരണം, മറ്റു തലങ്ങളിലെ പരിശീലനം ബാഹ്യമായി വിലയിരുത്താന്‍ എളുപ്പമാണ്. ബൗദ്ധിക പരിശീലനം പരീക്ഷകളിലും മാനുഷിക പരിശീലനം പെരുമാറ്റത്തിലും വിലയിരുത്താം. എന്നാല്‍ ആത്മീയവളര്‍ച്ച അത്ര എളുപ്പത്തില്‍ അളന്നെടുക്കാനാവില്ല. അതുപോലെതന്നെ, ബാക്കിയെല്ലാ തരത്തിലുള്ള വളര്‍ച്ച സംഭവിച്ചാലും ആത്മീയവളര്‍ച്ചയില്ലെങ്കില്‍ അര്‍ഥികള്‍ നല്ല പുരോഹിതരായി മാറുകയില്ല.

? ഇപ്പോഴത്തെ വൈദികാര്‍ഥികളെയും പഴയ തലമുറയെയും താരതമ്യം ചെയ്താല്‍…?
അത്തരത്തില്‍ സമഗ്രമായ താരതമ്യം പ്രായേണ അസാധ്യമാണ്. സാമാന്യവത്ക്കരണത്തിന്‍റെ ചതിക്കുഴികള്‍ എല്ലാ താരതമ്യങ്ങളിലുമുണ്ടാകും. എന്നാലും ചില കാര്യങ്ങള്‍ പറയാം. പഴയ കാലങ്ങളേക്കാള്‍ പല കാര്യങ്ങളിലും മെച്ചപ്പെട്ട പരിശീലനമാണ് ഇന്ന് സെമിനാരികളില്‍ നടക്കുന്നത്. ഭേദപ്പെട്ട കടുംബാന്തരീക്ഷവും സ്വാതന്ത്ര്യവും ഇന്ന് സെമിനാരികളിലുണ്ട്. എന്നാല്‍ സ്വന്തം കുടുംബങ്ങളില്‍നിന്ന് കിട്ടുന്ന പരിശീലനം പണ്ടുകാലത്തായിരുന്നു മെച്ചം എന്ന് തോന്നുന്നു. അതുപോലെ, ജീവിതശീലങ്ങള്‍, ചിട്ടകള്‍, മര്യാദകള്‍ എന്നിവയില്‍ പഴയ തലമുറ മുന്നിട്ടുനില്ക്കുന്നു എന്നാണ് തോന്നുന്നത്. ഒരുദാഹരണം പറയാം. പൗരോഹിത്യത്തിന്‍റെ രജത, സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന പൂര്‍വവിദ്യാര്‍ഥികളെ സെമിനാരിയിലേക്ക് എല്ലാ വര്‍ഷവും ക്ഷണിച്ചുവരുത്താറുണ്ട്. ക്ഷണക്കത്തിനൊപ്പം വരുമോ ഇല്ലയോ എന്നറിയിക്കാന്‍ ആവശ്യപ്പെട്ട് മറുപടിക്കാര്‍ഡും വയ്ക്കും. കൃത്യമായ മറുപടി അയക്കുന്നത് കൂടുതലും സുവര്‍ണ്ണജൂബിലിക്കാരാണ്. തലമുറകളിലെ അന്തരം ഇത് വെളിപ്പെടുത്തുന്നുണ്ട് എന്നു തോന്നുന്നു.

? കേരളത്തിലെ മൂന്ന് റീത്തില്‍പ്പെട്ട വൈദികരും പരിശീലനം നേടിയിരുന്ന സ്ഥാപനമായിരുന്നു ആലുവ സെമിനാരി. ഇപ്പോള്‍ അവിടെ പൗരസ്ത്യ സഭകളിലെ വൈദികാര്‍ത്ഥികളേയുള്ളൂ. ഇങ്ങനെയൊരു മാറ്റത്തെ അച്ചന്‍ എങ്ങനെയാണ് വിലയിരുത്തുന്നത്?
1996-ലാണ് ആലുവ സെമിനാരിയെ റീത്തടിസ്ഥാനത്തില്‍ പുനഃക്രമീകരിച്ചത്. പല തലങ്ങളില്‍ ചര്‍ച്ച ചെയ്തെടുത്ത തീരുമാനമാണത്. ഓരോ സഭയ്ക്കും തനതായ, പ്രത്യേകിച്ചും ആരാധനക്രമ, പരിശീലനം നല്കുക എന്നതായിരുന്നു ഇതിന്‍റെ പ്രധാനലക്ഷ്യം. ഈ തീരുമാനത്തെ സ്വാഗതം ചെയ്തവരും എതിര്‍ത്തവരുമുണ്ട്. ഇപ്പോഴത്തെ ക്രമീകരണമാണ് പല കാരണങ്ങളാല്‍ മെച്ചം എന്ന അഭിപ്രായമാണെനിക്ക്. എല്ലാ റീത്തില്‍പ്പെട്ടവരും തമ്മിലുള്ള സഹവര്‍ത്തിത്തം മെച്ചപ്പെട്ട ബന്ധങ്ങള്‍ക്കും കൂട്ടായ ശുശ്രൂഷകള്‍ക്കും ഇടയാക്കും എന്നതായിരുന്നു പഴയ രീതിയുടെ മെച്ചം. അത് തിരിച്ചുപിടിക്കുംവിധം വിവിധ സഭകളിലെ സെമിനാരിക്കാര്‍ തമ്മില്‍ ബന്ധവും അടുപ്പവും ഉണ്ടാക്കാന്‍ ചില കാര്യങ്ങള്‍ ഇക്കാലത്ത് സെമിനാരിയില്‍ ചെയ്യുന്നുണ്ട്. അത് ഇനിയും മെച്ചപ്പെടുത്തുകയുമാവാം.

? ആലുവ സെമിനാരിയുടെ ഏറ്റവും വലിയ സം ഭാവന എന്താണ്?
1932 മുതല്‍ 2019 വരെയുള്ള കണക്കെടുത്താല്‍ മംഗലപ്പുഴ സെമിനാരിയില്‍നിന്ന് 4903 പേര്‍ വൈദികരായിട്ടുണ്ട്. പുത്തന്‍പള്ളിക്കാലം മുതല്‍ കണക്കുകൂട്ടിയാല്‍ എണ്ണം 5000 കവിയും. ഇവരില്‍നിന്ന് മേജര്‍ ആര്‍ച്ചുബിഷപ്പുമാരും കര്‍ദ്ദിനാളന്മാരുമുണ്ട്; 73 മേല്‍പട്ടക്കാരുണ്ടായിട്ടുണ്ട്; അനേകം മിഷനറിമാരുണ്ട്, വചനപ്രഘോഷകരുണ്ട്; സാധുജന ശുശ്രൂഷകരുണ്ട്. അസൂയാര്‍ഹമായ ഈ കണക്കില്‍ നമുക്ക് ഊറ്റംകൊള്ളാനൊന്നുമില്ല; ദൈവത്തിനു നന്ദി പറയാനേയുള്ളൂ. ഇവിടെ നിന്ന് പട്ടംസ്വീകരിച്ച് വിശുദ്ധരായി ജീവിച്ച പുരോഹിതജന്മങ്ങളാണ് ഈ സെമിനാരിയുടെ ഏറ്റവും വലിയ സംഭാവന. അറിയപ്പെടുന്നവരും അല്ലാത്തവരുമായി അത്തരക്കാര്‍ അനേകരുണ്ട്. അവരില്‍ത്തന്നെ പന്ത്രണ്ടു പേരുടെ നാമകരണ പ്രക്രിയ നടക്കുന്നുണ്ട്. ആഗോള സഭയില്‍ത്തന്നെ ഏതെങ്കിലും പ്രാദേശിക സെമിനാരിയില്‍നിന്ന് ഇത്രയും പേരുടെ നാമകരണനടപടികള്‍ നടക്കുന്നുണ്ടോ എന്ന് അറിഞ്ഞുകൂടാ. വിശുദ്ധരെയും രക്തസാക്ഷികളെയും ജനിപ്പിക്കുമ്പോഴാണ് ഒരു സഭാസ്ഥാപനം അതിന്‍റെ ദൗത്യം പൂര്‍ണ്ണമാക്കുന്നത്.

? ഇതുപോലുള്ള വിശുദ്ധരായ വ്യക്തികള്‍ ഇക്കാലത്ത് സെമിനാരിയില്‍ നിന്ന് പഠനംകഴിഞ്ഞ് ഇറങ്ങുന്നുണ്ടോ?
അസാധാരണമായ ജീവിതവിശുദ്ധിയുടെ മിന്നലാട്ടങ്ങള്‍ കാണിക്കുന്ന വൈദികാര്‍ഥികളെ ഇടക്ക് തിരിച്ചറിയാന്‍ ഇടവന്നിട്ടുണ്ട്. കൃപാവരവും ആത്മാവുംകൊണ്ട് നിറഞ്ഞ് ഉന്നതമായ ജീവിതബോധ്യങ്ങളുള്ള ഇവര്‍ ദൈവം സഭയ്ക്ക് വച്ചുനീട്ടുന്ന വാഗ്ദാനങ്ങളാണ്. ദൈവം അവരില്‍ മഹത്വപ്പെടുന്ന കാലമുണ്ടാകും.

? സെമിനാരിപരിശീലകരില്‍ പ്രതീക്ഷിക്കുന്ന പ്രധാന ഗുണം എന്താണ്?
മികച്ച വൈദികരെയാണ് പരിശീലകരായി മെത്രാന്മാര്‍ നിയോഗിക്കുന്നത്. ആത്മീയതയും ആത്മാര്‍ഥതയും അറിവും പ്രാഗത്ഭ്യവും ഉള്ളവരായിരിക്കും അവര്‍. വൈദികപരിശീലകരില്‍ ഞാന്‍ പ്രതീക്ഷിക്കുന്ന പ്രാഥമിക ഗുണം അവര്‍ വ്യക്തിപരമായി പ്രാര്‍ഥിക്കുന്നവരാകണം എന്നതാണ്; അവര്‍ പ്രാര്‍ഥിക്കുന്നത് വൈദികാര്‍ഥികള്‍ കാണുകയും വേണം. പകരം വയ്ക്കാന്‍ മറ്റൊന്നില്ലാത്ത, രൂപാന്തരപ്പെടുത്തുന്ന സാക്ഷ്യമാണിത് (transformative witness).

? സാങ്കേതികവിദ്യയുടെ അതിപ്രസരമുള്ള സമൂഹമാണ് നമ്മുടേത്. ഇത് പരിശീലനത്തെ ബാധിക്കുന്നുണ്ടോ?
പാടേ ഒഴിവാക്കാനാവാത്ത കാര്യമാണ് എല്ലാ മേഖലകളിലുമുള്ള സാങ്കേതികവിദ്യയുടെ കടന്നുകയറ്റങ്ങള്‍. അത് വൈദികപരിശീലനത്തെയും സ്വാധീനിക്കുന്നത് സ്വാഭാവികം. മറ്റെല്ലാ രംഗങ്ങളിലുമെന്നപോലെ അതില്‍ നല്ലതും അല്ലാത്തതുമായ വശങ്ങളുണ്ട്. ബൗദ്ധികപരിശീലനത്തില്‍ സാങ്കേതികവിദ്യയുടെ പ്രയോജനങ്ങള്‍ സെമിനാരിയിലും ഉപകരിക്കുന്നുണ്ട്. വിവരസാങ്കേതികവിദ്യയുടെ അതിപ്രസരമുള്ള കാലത്ത് അജപാലനശുശ്രൂഷകള്‍ എങ്ങനെ കൂടുതല്‍ ഫലപ്രദമാക്കാം എന്നത് ഒരു വെല്ലുവിളിയാണ്. സാമൂഹികമാധ്യമങ്ങളോടുള്ള ഭ്രമവും മാധ്യമങ്ങളില്‍ വരാത്തതിനൊന്നും വിലയില്ല എന്ന മിഥ്യാവിചാരവും മാധ്യമങ്ങളില്‍ വരുന്നതൊക്കെ സത്യമാണെന്ന അബദ്ധ ധാരണകളുമൊക്കെ ചെറുക്കപ്പെടേണ്ട കാര്യങ്ങളാണ്.

? സെമിനാരി പരിശീലനത്തില്‍ ഇനി ഉണ്ടാകണം എന്ന് കരുതുന്ന മാറ്റങ്ങള്‍…?
സെമിനാരിസംവിധാനത്തില്‍ കാലാകാലങ്ങളായി മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇനിയും മാറ്റങ്ങള്‍ക്ക് സാധ്യതകളുമുണ്ട്. അതില്‍ ഒരെണ്ണംമാത്രം സൂചിപ്പിക്കാം. വൈദികപരിശീലനത്തില്‍ ബൗദ്ധികപരിശീലനം സുപ്രധാനമാണ്. ഈ അക്കഡമിക് പശ്ചാത്തലത്തില്‍ പരിശീലകരും പരിശീലിപ്പിക്കപ്പെടുന്നവരും തമ്മിലുള്ള ബന്ധം ഒരു പരിധിവരെ പ്രൊഫസ്സര്‍- വിദ്യാര്‍ഥി ശൈലിയിലായി. സെമിനാരി പ്രൊഫസര്‍ എന്ന പദവി ഈ പശ്ചാത്തലത്തിലുണ്ടായതാണ്. എന്നാല്‍ പരിശീലകന്‍-സെമിനാരിക്കാരന്‍ എന്ന ബന്ധം പരിശീലന മേഖലകളില്‍ തിരിച്ചുപിടിക്കേണ്ടതുണ്ട്. വാസ്തവത്തില്‍ ഇത് വാക്കിന്‍റെയോ വിശേഷണങ്ങളുടെയോ വിഷയമല്ല, മനോഭാവത്തിന്‍റെയും പ്രവൃത്തികളുടെയും കാര്യമാണ്.

? പട്ടമേല്ക്കുന്ന വൈദികര്‍ എല്ലാ കാര്യങ്ങളിലും സജ്ജരായിട്ടാണ് പുറത്തിറങ്ങുന്നത് എന്ന് പറയാന്‍ കഴിയുമോ?
വൈദികര്‍ സകല കാര്യങ്ങളിലും മികവുറ്റവരാകണം എന്ന ആഗ്രഹം അത്യാഗ്രഹമായിരിക്കും. എന്നാല്‍ ആത്മാക്കളെ നേടുംവിധം അജപാലനശുശ്രൂഷ ചെയ്യാനും ഒരു പ്രാദേശിക സമൂഹത്തിന്‍റെ നേതാക്കളായിരിക്കാനുമുള്ള പ്രാപ്തിയും നന്മയും ആത്മാവിന്‍റെ നിറവും അവര്‍ക്കുണ്ടാകണം. ചിലരാകട്ടെ, അസാധാരണമായ മികവോടെ ഇത് നിര്‍വഹിക്കാന്‍ പറ്റുന്നവരാണ്; ചിലര്‍ക്ക് അത്രയും നന്നായി സാധിക്കണം എന്നില്ല. എങ്കിലും അവര്‍ നിര്‍വഹിക്കുന്ന അജപാലനശുശ്രൂഷകളും ദൈവജനത്തിന്‍റെ പ്രാര്‍ഥനയും ക്രമേണ അത്തരക്കാരെ കൂടുതല്‍ മികവുള്ളവരാക്കും.

? മംഗലപ്പുഴ സെമിനാരിയുടെ ഏറ്റവും പ്രധാന സവിശേഷത?
വന്‍മരങ്ങളും ബൃഹത്തായ കെട്ടിടങ്ങളും അടയാളപ്പെടുത്തുന്ന വിശാലമായ ക്യാമ്പസാണ് ഈ സെമിനാരിക്കുള്ളത്. ഇതിന് സമാനമായി, വിശാലമായ മനസാണ് ഈ സെമിനാരിയുടെ സവിശേഷത. എല്ലാ വ്യത്യസ്തതകളും അംഗീകരിച്ച, എല്ലാവരെയും ഉള്‍ ക്കൊള്ളുന്ന പാരമ്പര്യമാണ് ഈ സെമിനാരിയുടെ കരുത്ത്. ഏതെങ്കിലും തരത്തിലുള്ള ധ്രുവീകരണമോ വിഭാഗീയചിന്തയോ ഇല്ലാതെ ദൈവമഹത്വത്തിനും ആത്മാക്കളുടെ രക്ഷയ്ക്കും സഭയുടെ നന്മയ്ക്കുംവേണ്ടി നിലകൊള്ളാനുള്ള അന്തരീക്ഷം ഇവിടെയുണ്ട്. ഇത് മംഗലപ്പുഴയുടെ സംസ്കാരമാണ്. പാശ്ചാത്യ കര്‍മ്മലീത്താ മിഷനറിമാരാണ് ഈ സംസ്കാരത്തിന് തുടക്കമിട്ടത്.

? ഇക്കഴിഞ്ഞ 5 വര്‍ഷം അച്ചന്‍ സെമിനാരിക്കാരില്‍ വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ച് വിജയിച്ച കാര്യങ്ങള്‍ എന്തൊക്കെയാണ്?
ഒന്നിനെക്കുറിച്ചും പറയാന്‍ ധൈര്യപ്പെടുന്നില്ല. പക്ഷേ, ഒരു കാര്യം ഉറപ്പുണ്ട്. ഞാന്‍ സെമിനാരിക്കാരെ പരിശീലിപ്പിച്ചതിനേക്കാള്‍ കൂടുതലായി അവര്‍ എന്നെ പരിശീലിപ്പിച്ചിട്ടുണ്ട്. (പല പരിശീലകരുടെയും അനുഭവം ഇതുതന്നെയാണ്). കൂടുതല്‍ ക്ഷമയും ശാന്തതയും എളിമയും ദാസഭാവവും സ്വന്തമാക്കാന്‍ അവരെന്നെ നിര്‍ബന്ധപൂര്‍വ്വം ശീലിപ്പിച്ചു. ഇതുപറയുമ്പോള്‍ 'എന്നിട്ടും ഇത്രയൊക്കയേ ആയുള്ളോ' എന്നൊരു അശരീരി എനിക്കുനേരെ വരുന്നത് കേള്‍ക്കുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org