Latest News
|^| Home -> Cover story -> ഫ്രാന്‍സിസ് പാപ്പായെ തോല്പിക്കാനാവുമോ?

ഫ്രാന്‍സിസ് പാപ്പായെ തോല്പിക്കാനാവുമോ?

Sathyadeepam

ഫ്രാന്‍സിസ് പാപ്പാ പാശ്ചാത്യലോകത്ത്: ആത്മാവില്‍ ദരിദ്രന്‍റെ വിപ്ലവം എന്ന ലേഖനത്തിന്‍റെ രണ്ടാം ഭാഗം

ഫാ. റാഫേല്‍ നീലങ്കാവില്‍
സൂക്ഷ്മഭൗതികം, പ്രപഞ്ചോത്പത്തി എന്നിവയുടെ തത്ത്വശാസ്ത്രങ്ങളില്‍ ഡോക്ടറേറ്റുകള്‍. യൂറോപ്പില്‍ ഇടവകകളില്‍ സേവനമനുഷ്ഠിച്ചു. 10 വര്‍ഷം ഇന്ത്യയില്‍ തത്ത്വശാസ്ത്രം പഠിപ്പിച്ചു. വിശ്വാസം ആഴപ്പെടുത്തുവാനുള്ള ക്ളാസ്സുകളും പ്രണിധാനധ്യാനങ്ങളും നടത്തുന്നു. ദൈവശാസ്ത്രത്തിന്‍റെ പശ്ചാത്തല തത്ത്വശാസ്ത്രത്തില്‍ ഗവേഷണം ചെയ്യുന്നു. യൂറോപ്പില്‍ 3 താത്ത്വിക ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു.

 

മനുഷ്യവംശത്തിലെ സഹിക്കുന്ന ഒരു വിഭാഗത്തിനുവേണ്ടി നിങ്ങള്‍ സ്ഥായിയായ ചില നന്മകള്‍ ചെയ്യുവാന്‍ ശ്രമിക്കുന്നു എന്ന് സങ്കല്പിക്കുക. എന്നാല്‍ മറുപുറത്തുനിന്ന് വാണിജ്യപരവും, രാഷ്ട്രീയവും, മതപരവും ആയ സമ്പന്നതയും അധികാരവും പരമ്പരാഗതമായും പാരമ്പര്യങ്ങളുടെ പേരിലും കൈയാളിയവരും, അവയ്ക്കായി അസാധാരണ മാര്‍ഗങ്ങളിലൂടെ (മതത്തിലാണെങ്കില്‍ ഭക്തിപുരസ്സര മാര്‍ഗങ്ങളിലൂടെ) നിത്യം ശ്രമിക്കുന്നവരും എന്താണപ്പോള്‍ നിങ്ങളോട് ചെയ്യുക?

അവര്‍ ഉടന്‍ നിങ്ങളുടെ പ്രവര്‍ത്തനത്തിലെ തിന്മകള്‍ മുഴുവന്‍ കണ്ടെത്തിക്കളയും, ആ വഴികളില്‍ മുള്‍ച്ചെടികള്‍ വിതറി നിങ്ങളെ ഞെരിച്ചുകളയും. ഇതാണ് പലരും ഫ്രാന്‍സിസ് പാപ്പായോട് ചെയ്യുവാന്‍ ശ്രമിച്ചത്. പക്ഷേ, മതത്തില്‍ ഈ അവസ്ഥ മാറണം എന്ന് ഇത്രയും നന്നായി മനസ്സിലാക്കിയ മറ്റൊരു പാപ്പായെ നമുക്ക് ലഭിക്കുമായിരുന്നോ?

നന്മകള്‍ മാത്രം ചെയ്യുവാന്‍ ശ്രമിക്കുന്ന മനുഷ്യരെപ്പോലും വഴികളില്‍ മുള്‍ച്ചെടികള്‍ വിതറി ഞെരിച്ചു കളയുന്ന മനുഷ്യരാണ് പലപ്പോഴും മതത്തിലെ കാര്യനിര്‍വഹണ മാര്‍ഗങ്ങളിലൂടെ, വാണിജ്യത്തിലും രാഷ്ട്രീയത്തിലും സുലഭമായ വിധത്തിലുള്ള ഇഹലോക-ദിങ്മണ്ഡലങ്ങള്‍ ഉണ്ടാക്കിയെടുത്ത്, അവയിലൂടെ പെട്ടെന്ന് ഉദിച്ചുയര്‍ന്ന്, തങ്ങള്‍ മനുഷ്യകുലത്തിന് വെളിച്ചം പ്രദാനം ചെയ്തു കൊണ്ടിരിക്കുകയാണ് എന്ന് വിളിച്ചറിയിച്ച്, ഉല്‍ക്കകളെപ്പോലെ പൊലിഞ്ഞു പോകുന്നത്. എത്ര തവണയും തെരഞ്ഞെടുക്കപ്പെടുക എന്നത് ഇവര്‍ക്ക് എളുപ്പമാണ്.

അങ്ങനെയുള്ള വ്യക്തികള്‍ മനുഷ്യകുലത്തിനായി ഉദാത്തമായ വിധങ്ങളില്‍ ഉപകാരപ്രദമായ മതാത്മകതയുടെ പ്രവാചകരോ നേതാക്കളോ ആകുവാന്‍ ത്രാണിയുള്ളവരല്ല എന്നും, അവരുടെ ജീവിത മാര്‍ഗങ്ങളിലും അധികാരവിനിയോഗ മാര്‍ഗങ്ങളിലും ക്രിസ്തീയ വിശുദ്ധിയുള്ള മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട് എന്നും, ഫ്രാന്‍സിസ് പാപ്പാ ലോകത്തിനു തെളിയിച്ചു കൊടുത്തുകൊണ്ടിരിക്കുന്നു. ഇതെങ്ങനെയെന്ന് അദ്ദേഹത്തിന്‍റെ ജീവിത-ആധ്യാത്മികതയുടെ അടിസ്ഥാനക്രമങ്ങള്‍ ദര്‍ശിച്ചു കൊണ്ട് വിലയിരുത്തുവാന്‍ ഞാന്‍ പരിശ്രമിക്കുകയാണ് ഇവിടെ.

2. പ്ലേറ്റോണിക്ക് – അരിസ്റ്റോട്ടിലിയന്‍ ദൈവശാസ്ത്രം, സാന്മാര്‍ഗികത, ഭക്തി
ദൈവത്തിനു മനുഷ്യകുലത്തോടും മനുഷ്യരുടെ നിത്യം അപൂര്‍ണത നിറഞ്ഞ സ്വഭാവത്തോടും ഉള്ളു തുറന്ന സ്നേഹം യേശു ജീവിച്ചു കാണിച്ചുതന്നു. അല്ലായിരുന്നെങ്കില്‍ മതങ്ങള്‍ വെറും അവബോധത്തിലുള്ള സുഖവും, അടിമകളെ നേടുന്നതിന്‍റെ തൃപ്തിയും, രാജ്യങ്ങള്‍ വെട്ടിപ്പിടിക്കുന്നതിലെ ആസക്തിയും അനുഭവിച്ചങ്ങനെ വിലസുമായിരുന്നു. പക്ഷേ, അനന്തമായ സാര്‍വത്രിക സ്നേഹത്തിലടങ്ങിയ ആനന്ദനിര്‍ഭര സഹനം (blissfully loving suffering; loving bliss which is suffering) എന്ന ദൈവത്തിന്‍റെ പ്രകൃതിയെ ഈ ഭൂമിയില്‍ പ്രാവര്‍ത്തികമാക്കുവാന്‍ ശ്രമിക്കുക എന്ന തത്ത്വത്തിന് യേശു ഊന്നല്‍ കൊടുത്തു. അങ്ങനെ യേശു മതത്തിന്‍റെ നിര്‍വചനം തന്നെ മാറ്റിക്കളഞ്ഞു.

പക്ഷേ, ഈ നിര്‍വചനം അതിന്‍റെ അര്‍ത്ഥത്തിലും സ്വീകരണത്തിലും ഇന്ന് വളരെ അധഃപതിച്ചുപോയി. 2000 വര്‍ഷങ്ങള്‍ക്കു ശേഷമെങ്കിലും യേശുവിന്‍റെ ഈ മത നിര്‍വചനത്തെ അതിന്‍റെ പൂര്‍ണ അര്‍ത്ഥത്തില്‍ തിരിച്ചുകൊണ്ടുവരുവാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന ഒരു പാപ്പായ്ക്ക് സഭാപരമായ അപായം സംഭവിക്കാം എന്ന സംശയം ഉണ്ടായിരുന്നു ചിലര്‍ക്ക്. ഇന്നതു തീര്‍ത്തും മാറിക്കഴിഞ്ഞു.

യേശുവിന്‍റെ സ്വന്തം മതം ജീവിക്കുവാന്‍ ശ്രമിക്കുന്ന ഫ്രാന്‍സിസ് പാപ്പാ, അസ്വീകാര്യമായ സമീപനങ്ങളുള്ള രണ്ടു തരം വ്യക്തിത്വങ്ങളെ സ്നേഹിച്ചു കൊണ്ടിരിക്കുന്നു: (1) തന്നെ എതിര്‍ക്കുകയും എല്ലാ അര്‍ത്ഥങ്ങളിലും യഥാര്‍ത്ഥ യേശുവിനുവേണ്ടി നില കൊള്ളുന്ന തനിക്കെതിരെ പോരാടി തോറ്റുകൊണ്ടിരിക്കുകയും ചെയ്യുന്ന യാഥാസ്ഥിതിക വര്‍ഗം, (2) തങ്ങളുടെയും ലോകം മുഴുവന്‍റെയും കൊടും അനീതികളെ കാണുവാന്‍ കണ്ണുകളില്ലാതെ, സഭയുടെ അനീതികളെക്കുറിച്ച് മാത്രം ‘പുതുതായറിഞ്ഞ്’, ലോകത്തിലെയും സഭയിലെയും അനീതികളെ ഇല്ലായ്മ ചെയ്യുവാന്‍ സഹകരിക്കാതെ, സഭയില്‍നിന്നും ഓടിയൊളിക്കുന്ന വ്യക്തിത്വങ്ങള്‍. ഇവരുടെ മുന്നിലും ഫ്രാന്‍സിസ് പാപ്പാ പരിഹാരമായി ഉയര്‍ത്തിക്കാട്ടുന്നത് എന്താണ്? യേശുവിന്‍റെ ജീവിതത്തെയും നിരുപാധികമായ സ്നേഹത്തിന്‍റെ സമീപനങ്ങള്‍ നിറഞ്ഞ ‘ആത്മാവിലുള്ള ദാരിദ്ര്യമാകുന്ന സത്യസന്ധതയെ’. അദ്ദേഹത്തിന് ഏറ്റവും വലുത് യേശുവും അവിടുത്തെ സമീപനങ്ങളും കാണിക്കുന്ന ദൈവിക യാഥാര്‍ഥ്യങ്ങള്‍ മാത്രമാണ്.

നിങ്ങള്‍ തെറ്റു ചെയ്താല്‍ മറ്റുള്ളവര്‍ കരുണയോടെ നിങ്ങളെ നശിപ്പിക്കാതിരിക്കണം, തിരുത്തണം, വളര്‍ത്തണം എന്നൊക്കെ നിങ്ങള്‍ ആഗ്രഹിക്കുമല്ലോ? അതു തന്നെയാണ് ദൈവശാസ്ത്രപരമായും കാനോന്‍ നിയമപ്രകാരവും മറ്റുള്ളവരോട് (അവര്‍ എത്ര വലിയ പാപികളായാലും) നാമും ചെയ്യേണ്ടത് എന്നു മാത്രമാണ് അദ്ദേഹം ശഠിക്കുന്നത്. ഇത് ക്രിസ്തീയതയല്ലെങ്കില്‍, മതാത്മകതയല്ലെങ്കില്‍, പിന്നെന്താണ്?

നിയമങ്ങള്‍ മറ്റുള്ളവര്‍ക്കു (അടിച്ചേല്‍പ്പിക്കുവാന്‍) വേണ്ടി എന്നത് എന്നേയ്ക്കുമായി അവസാനിപ്പിച്ച്, നിയമങ്ങള്‍ പ്രധാനമായും നമുക്കു (എനിക്കു) വേണ്ടി മാത്രമാണ് എന്നവിധം മറ്റുള്ളവരോട് വര്‍ത്തിക്കുക എന്നതാണ് ഫ്രാന്‍സിസ് പാപ്പായുടെ കാനോന്‍ നിയമ തത്ത്വശാസ്ത്രം. ഇതാണ് യേശുവിന്‍റെ ലോകസമാധാന വിപ്ലവമാര്‍ഗം. ഇതിനുള്ള പരിശ്രമങ്ങളാണ് യേശുവില്‍ ജനത്തിനു വേണ്ടിയുള്ള സഹിക്കുന്ന സ്നേഹം ജീവിക്കുവാനുള്ള മാര്‍ഗം.

പാരമ്പര്യ തത്ത്വശാസ്ത്രങ്ങളില്‍ അധിഷ്ഠിതമായ ദൈവശാസ്ത്രങ്ങള്‍ മാത്രമാണ് യാഥാസ്ഥിതികരും, പുരോഗമനക്കാരെന്നു സ്വയംവിളിക്കുന്ന കുറെ അല്പ വിശ്വാസികളും നിത്യസത്യങ്ങളായി നിരൂപിക്കുന്നത്. യേശുവിനെയും അവിടുത്തെ സമീപനങ്ങളെയുംകുറിച്ച് പ്ലേറ്റോ, അരിസ്റ്റോട്ടില്‍ എന്നിവരുടെ തത്ത്വശാസ്ത്രങ്ങളുടെ വെളിച്ചത്തില്‍ വിവേചിച്ചെടുത്ത ‘സത്യങ്ങ’ളില്‍ പലരും വിശ്വസിക്കുന്നുണ്ടാകാം. ഫ്രാന്‍സിസ് പാപ്പായ്ക്ക് അവ ദൈവത്തോളവും യേശുവിനോളവും പ്രധാനപ്പെട്ടവയല്ല.

കാരണം, ഈ തത്ത്വശാസ്ത്രങ്ങള്‍ യാഥാര്‍ത്ഥ്യങ്ങളുടെയും വസ്തുക്കളുടെയും വിശേഷണങ്ങളെ ഉപയോഗിച്ചുകൊണ്ട് അവയെ പരസ്പരം അടുക്കുവാനാകാത്ത വിധം സമ്പൂര്‍ണമായ ഭിന്നതകള്‍ ഉള്ളവയായി വിവക്ഷിക്കുന്നു. ദൈവവും ആത്മാവും തമ്മിലുള്ള ബന്ധം യഥാര്‍ത്ഥമാകണം എങ്കില്‍, അവ തമ്മില്‍ എന്തെങ്കിലും വിധത്തില്‍ പ്രവൃത്തിയുടെ സാമ്യങ്ങള്‍ ആവശ്യമാണ്. പ്ളേറ്റോ, അരിസ്റ്റോട്ടില്‍ എന്നിവരുടെ തത്ത്വശാസ്ത്രങ്ങളുടെ അകമ്പടിയില്‍ അവയൊന്നും അനുവദിക്കുവാന്‍ സാധിക്കില്ല.

ഇത്തരം ക്രിസ്തീയ ദൈവശാസ്ത്രത്തിന് സംഭവിച്ചത് യേശുവിന്‍റെ മൂല്യങ്ങളുടെ ച്യുതിയാണ്. യഥാര്‍ത്ഥ വസ്തുക്കള്‍ തമ്മിലുള്ളതും ഉണ്ടെന്നു നാം അറിയേണ്ടതുമായ പരസ്പരബന്ധങ്ങളും സംസര്‍ഗമാര്‍ഗങ്ങളും സ്പഷ്ടീകരിക്കുവാന്‍ ഈ തത്ത്വജ്ഞാനികള്‍ക്ക് ഒരുവിധത്തിലും ആയില്ല. ലോകം വെട്ടിപ്പിടിക്കുവാന്‍ രാഷ്ട്രങ്ങള്‍ ശ്രമിച്ചപ്പോള്‍ ക്രിസ്തുമതത്തിന് അതിനു സമാനമായ അനാവശ്യ പ്രചോദനം നല്‍കിയത് ഈ ചിന്താധാരകളുടെ അകമ്പടിയുള്ള ദൈവശാസ്ത്രങ്ങള്‍ ആണ്.

(1) എല്ലാ യാഥാര്‍ഥ്യങ്ങളെക്കുറിച്ചും നമുക്ക് വളരെ നന്നായി അറിയുവാന്‍ സാധിക്കുമെങ്കില്‍, (2) ഈ അറിവുകളെല്ലാം യാഥാര്‍ഥ്യത്തിന്‍റെ തനിപ്പകര്‍പ്പുകളാക്കുവാന്‍ (corresponding mirror images) മനുഷ്യര്‍ക്ക് കുറെയൊക്കെ സാധിക്കുമെങ്കില്‍, എന്തായിരിക്കും അവസ്ഥ! ദൈവവും പ്രപഞ്ചത്തിലെ ഒരണുവിനെപ്പോലെയുള്ള മനുഷ്യനും തമ്മില്‍ അറിവിന്‍റെ തലത്തില്‍ അതിവിശേഷ സാമ്യങ്ങള്‍ ഉണ്ടായിരിക്കണം എന്നു വരും! ഇതുണ്ടെന്നു സമ്മതിക്കുക അസാധ്യമാണ്. സാമ്യങ്ങള്‍ ഇവിടെ കൂടുതലും ദൈവത്തിലെ അനന്ത സ്നേഹവും മനുഷ്യരിലെ അനുസ്യൂതമായി വളരുംവിധം സ്നേഹിക്കുവാനുള്ള കഴിവും തമ്മില്‍ മാത്രമാണ്. കാരണം, സ്നേഹം മാത്രമേ മരണത്തിനു ശേഷവും നമ്മില്‍ വളരൂ. അറിവ് വളരില്ല.

എല്ലാ യാഥാര്‍ത്ഥ്യങ്ങള്‍ക്കും കൃത്യമായ പേരുകളും, നിര്‍വചനങ്ങളും, അവയുടെ ഇനം തിരിച്ചുള്ള ക്രമീകരണവുമെല്ലാം ശാസ്ത്രത്തില്‍പോലും താത്കാലികമാണ്, അചിന്ത്യമായ വിധങ്ങളില്‍ പരിണമിക്കുന്നവയാണ്. ഇഹലോക വസ്തുക്കളോ? എല്ലാം ഭാഗികമായി മാത്രം മാറുന്നവയും. പക്ഷേ, (1) ഇവിടെയുള്ള മാറ്റങ്ങള്‍ ‘തിന്മകള്‍’ ഉള്ളവയാണ് എന്നതു കൊണ്ടും, (2) കേവല ശൂന്യതയ്ക്കുള്ളില്‍ മാറ്റങ്ങള്‍ ഇല്ല എന്നതുകൊണ്ടും, (3) ഒന്നുമില്ലായ്മയായ ശൂന്യതയെപ്പോലെത്തന്നെയാണ് ദൈവത്തിന്‍റെയും ആത്മാവിന്‍റെയും പ്രകൃതി (ഇതെന്തു പ്രകൃതി?) എന്നും, (4) എല്ലാ ദൈവിക-മാനുഷിക നിയമങ്ങളും ഇപ്രകാരം മാറ്റമില്ലാത്തവ ആകണം എന്നും വന്നാലോ? അപ്പോള്‍, എത്ര നന്മയിലേക്കു വളര്‍ന്നാലും നമ്മുടെ ആത്മാവ് ശൂന്യതയായിത്തന്നെ തുടരും! ദൈവം അനന്തമായ പ്രവര്‍ത്തനം ഉള്ളതായിരിക്കുന്നതിനു പകരം വെറും ശൂന്യതയായി മാറും!

ക്രിസ്തീയ ദൈവശാസ്ത്രം ഇത്തരം തത്ത്വശാസ്ത്രങ്ങളെ പിന്‍ചെന്നതുകൊണ്ടാണ് പ്രത്യേകിച്ച് നാലാം നൂറ്റാണ്ട് മുതല്‍ ഇത്രയും നൂറ്റാണ്ടുകളിലായി അത്തരം ദൈവവും ആത്മാവും ആസ് തിക്യത്തില്‍ ഉണ്ടായിരിക്കുവാന്‍ കാരണമില്ല എന്ന് നൂറുകണക്കിന് താത്ത്വികര്‍ അനുശാസിച്ചത്!

പ്ളേറ്റോയും, അരിസ്റ്റോട്ടിലും, അവരുടെ താത്ത്വികങ്ങള്‍ സ്വീകരിച്ച് ക്രിസ്തീയ ദൈവശാസ്ത്രത്തെ വളര്‍ത്തിയ വളരെയധികം ക്രിസ്തീയ ചിന്തകരും ഇപ്രകാരം ധരിച്ചുപോയി! ഇതുകൊണ്ടാണ് ദൈവശാസ്ത്രം പഴയപടിതന്നെ തുടരണം എന്നും, സഭയിലെ കാനോന്‍ നിയമങ്ങളില്‍ ഒരു മാറ്റവും പാടില്ല എന്നും, ദൈവശാസ്ത്ര- സഭാനിയമ യാഥാസ്ഥിതികര്‍ ആഗ്രഹിക്കുന്നത്. അവരുടെ മനഃശാസ്ത്രപരമായ വളര്‍ച്ചയുടെ ഘടനാ വൈകൃതങ്ങളാലാണ് അവര്‍ അങ്ങനെയുള്ള പാഷണ്ഡതകളില്‍ വീണുപോകുന്നത് എന്ന് അവര്‍ക്കോ അവരെ വിമര്‍ശിക്കുന്നവര്‍ക്കോ അറിയാതെയും പോകാറുണ്ട്!

യാഥാസ്ഥിതികര്‍ ദൈവശാസ്ത്രത്തെക്കുറിച്ച് ശഠിക്കുന്നതെന്താണ്? ദൈവം ശൂന്യതയെപ്പോലെ ‘മാറ്റമില്ലാത്തവന്‍’ ആയതു കൊണ്ടും, ദൈവികനിയമങ്ങളും ദൈവവചനങ്ങളും ‘നിത്യങ്ങളാ’ യതിനാലും പുതിയ വിധങ്ങളിലുള്ള ദൈവശാസ്ത്രപരമായ വിശദീകരണങ്ങളും നിയമങ്ങളിലെ മാറ്റങ്ങളും പാഷണ്ഡതകളാണ്, വര്‍ജ്യങ്ങളാണ് എന്ന്! സത്യത്തില്‍ ദൈവം അനന്തമായ പ്രവൃത്തിയുള്ള (അനന്ത മാറ്റമുള്ള) ആസ്തിക്യമാണ്, ആ അവസ്ഥയില്‍നിന്ന് ദൈവത്തെ മാറ്റമില്ലാത്തതോ പരിമിതമാറ്റമുള്ളതോ ആയ അവസ്ഥയിലേക്ക് തരംതാഴ്ത്തുവാന്‍ സാധിക്കുകയില്ല എന്നേയുള്ളൂ.

ഇതിനര്‍ത്ഥം വളരെ രസകരമാണ്: ദൈവം അനന്ത പ്രവര്‍ത്തനത്തില്‍നിന്ന് മാറുകയല്ല വേണ്ടത്. പകരം നാം ദൈവിക യാഥാര്‍ത്ഥ്യങ്ങളെയും നിയമങ്ങളെയും എന്നും വിശാലവും ആഴമുള്ളതും ആയ വിധങ്ങളില്‍ മനസ്സിലാക്കണം, ദൈവത്തിന്‍റെയാ പ്രകൃതിയിലേയ്ക്ക് അനുസ്യൂതം വളരണം. ഇത്ര മാത്രമാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ അര്‍ത്ഥമാറ്റങ്ങളായി സംഭവിച്ചുള്ളൂ. അടുത്ത കൗണ്‍സിലില്‍ ഇനിയും വളരെ വിശാലവും ആഴമുള്ളതും ആയ സവിശേഷ മാറ്റങ്ങള്‍ നാം കണ്ടെത്തണം. അവയ്ക്കു പിന്നില്‍ അനന്തമായ ദൈവസ്നേഹവും അതിലേക്കുള്ള ആത്മാവിന്‍റെയും മനുഷ്യസമൂഹത്തിന്‍റെ മുഴുവന്‍റെയും അനുസ്യൂത വളര്‍ച്ചയും മാത്രമായിരിക്കണം മാനദണ്ഡങ്ങള്‍.

അങ്ങനെയെങ്കില്‍, (1) ജീവിത യാഥാര്‍ത്ഥ്യങ്ങളെയും ദൈവിക യാഥാര്‍ത്ഥ്യങ്ങളെയും പരിവര്‍ത്തന രഹിതമായും അതിനാല്‍ത്തന്നെ പ്രവര്‍ത്തനരഹിതമായും വീക്ഷിക്കുന്ന പ്ലേറ്റോ, (2) എല്ലാ വസ്തുക്കളുടെയും പൊതുസത്തകളെ (essences) പരിവര്‍ത്തന രഹിതമായേ തനിക്കു കാണാനാവൂ എന്നതുകൊണ്ടും, ആത്മാവും ദൈവവും മാറ്റമില്ലാത്തവയായാണ് വീക്ഷിക്കപ്പെടുന്നത് എന്നതു കൊണ്ടും, ആത്മാവിലും ദൈവത്തിലും പ്രവര്‍ത്തനമേ ഇല്ല എന്ന് അവകാശപ്പെട്ട അരിസ്റ്റോട്ടില്‍,… എന്നിവരുടെ തത്ത്വശാസ്ത്രങ്ങള്‍ കുഞ്ഞുങ്ങളുടെയും ചിന്താവിഹീനരുടെയും സാമാന്യപ്രജ്ഞയുടെ മാത്രം തത്ത്വവത്കരണങ്ങള്‍ ആയിരിക്കണമല്ലോ.

അതായത്, ഇത്തരം തത്ത്വശാസ്ത്രങ്ങള്‍ എല്ലാ മനുഷ്യരുടെയും ചിന്തയുടെ ശൈശവകാല സത്യങ്ങളുടെ മാത്രം തനിപ്പകര്‍പ്പാണ്. ആ ചിന്തകര്‍ എത്രതന്നെ വലിയവര്‍ ആയിരുന്നാലും, അവരുടെ ചിന്താപദ്ധതികള്‍ ഉപയോഗിച്ച് ദൈവശാസ്ത്രത്തെ വളര്‍ത്തുവാന്‍ അധികമൊന്നും സാധിക്കില്ല.

എല്ലാ സത്യങ്ങളും ദൈവം മനുഷ്യര്‍ക്ക് കൃത്യമായി നിര്‍വചിച്ചു തന്നിരുന്നെങ്കില്‍, ആര്‍ക്കും ഒരു സംശയവും ഉണ്ടാകുകയില്ലായിരുന്നു. യേശുവിന്‍റെ മാറ്റമില്ലാത്ത പഠനങ്ങള്‍ക്കുവേണ്ടി തങ്ങള്‍ നിലകൊള്ളുന്നു എന്ന് അവകാശപ്പെടുന്ന യാഥാസ്ഥിതികര്‍ പ്ലേറ്റോയുടെയും അരിസ്റ്റോട്ടിലിന്‍റെയും തത്ത്വശാസ്ത്രങ്ങളുടെ വെളിച്ചത്തില്‍ വിവേചിച്ചെടുത്ത ‘സത്യങ്ങളെ’യാണ് മുറുകെപ്പിടിക്കുന്നത്. മറ്റൊരു സത്യങ്ങളെയും അല്ല. ഇത്തരം പഠനങ്ങളുമായി ധാരാളം സമൂഹങ്ങള്‍ ഇന്നുണ്ട്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷം സഭയില്‍ ആരെയും അറിയിക്കാതെ വീണ്ടും വളര്‍ന്നുവന്ന ഇത്തിള്‍ക്കണ്ണികള്‍ ആണ് ഇത്തരം സമൂഹങ്ങള്‍.

ഇത്തരം ദൈവശാസ്ത്രങ്ങളുടെ സഹായത്തോടെ, രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം യൂറോപ്പില്‍ ചിലയിടങ്ങളില്‍ ‘പിയൂസ് സഹോദരര്‍’ എന്ന പേരിലും ‘പഴയ കത്തോലിക്കര്‍’ എന്ന പേരിലും അറിയപ്പെടുന്ന ചില വിഭാഗങ്ങള്‍ ഉണ്ടായി. ഇവരെ പിന്തുണയ്ക്കുകയും, അതോടൊപ്പം വേദപുസ്തകത്തിന്‍റെ വാച്യാര്‍ത്ഥ ഭാഷ്യങ്ങളിലൂടെ എളുപ്പം പ്രസിദ്ധിയും പണവും ആര്‍ജിക്കുകയും ചെയ്യുകയും, അതിന്‍റെയെല്ലാം പേരില്‍ പല തവണ കാലിടറുകയും ചെയ്ത മേല്‍പ്പറഞ്ഞ തരം കത്തോലിക്കാ യാഥാസ്ഥിതികര്‍ ഒരു സത്യം മറന്നുപോയി എന്ന് പറയട്ടെ: നാം മനുഷ്യരുടെ ഭാഷയില്‍ ദൈവിക സത്യങ്ങളെ എത്ര നിര്‍വചിച്ചാലും, അതിനായി ഓരോ പഴയ അല്ലെങ്കില്‍ പുതിയ തത്ത്വശാസ്ത്രങ്ങളെ കൂട്ടുപിടിക്കുമ്പോള്‍ ആ തത്ത്വശാസ്ത്രങ്ങളും ആത്യന്തികമായി അപൂര്‍ണങ്ങളാണ് എന്നു കൂടി സമ്മതിക്കേണ്ടിയിരിക്കുന്നു.

അതായത്, യേശു ദൈവികമായ അനന്തരഹസ്യങ്ങളില്‍ നിക്ഷിപ്തമായതും മനുഷ്യജീവിതഗന്ധിയും ആയ ഉപമകളില്‍ മാത്രം ആധ്യാത്മികസത്യങ്ങള്‍ ഏറ്റവും കൂടുതല്‍ പഠിപ്പിച്ചു എന്നതിന് കാരണം താഴെപ്പറയുന്നതാണ്: അത്തരം പഠനങ്ങള്‍ എന്നും തത്ത്വശാസ്ത്രങ്ങളുടെ മതില്‍ക്കെട്ടുകള്‍ക്ക് അതീതമായിരിക്കും. അനുസ്യൂതം നവീകരിക്കപ്പെടേണ്ടി വരുന്നതും, സ്വയംനവീകരണത്തിനു വലിയ കഴിവുള്ളതുമായ തത്ത്വശാസ്ത്രങ്ങള്‍ക്കേ യേശുവിന്‍റെ സാര്‍വത്രികസ്നേഹ മതത്തെ മനസ്സിലാക്കുവാന്‍ മനുഷ്യരെ സഹായിക്കുവാനാകൂ എന്നര്‍ത്ഥം.

ഇത് മറക്കുന്നതും, പാപികള്‍ക്കുവേണ്ടി എല്ലാം മറന്ന് കൊടുങ്കാറ്റായി ഓടി നടക്കുന്ന യേശുവിനെ മറന്നു കളയുന്നതും, പാപികള്‍ക്കുവേണ്ടി ഓടി നടക്കുന്നതില്‍ അധിഷ്ഠിതമല്ലാത്ത ദൈവ ശാസ്ത്രങ്ങളില്‍ ഊന്നിയതും, പാരമ്പര്യങ്ങളില്‍ മാത്രം വിശ്വസിക്കുന്നതുമായ നമ്മുടെ പാരമ്പര്യ വാദി സമ്പ്രദായങ്ങള്‍ ഒരു കാലത്ത് പ്ളേറ്റോണിക്-അരിസ്റ്റോട്ടിലിയന്‍ അടിത്തറയുള്ള ദൈവശാസ്ത്രങ്ങള്‍ പൊക്കിപ്പിടിച്ച് ഫ്രാന്‍സിസ് പാപ്പായ്ക്കെതിരെ നിലയുറപ്പിച്ചിരുന്നു. ഇന്നവര്‍ യുറോപ്പില്‍ പോലും തോല്‍വി രുചിച്ചു കൊണ്ടിരിക്കുന്നു. പക്ഷേ, ഒരിക്കലും ആ വര്‍ഗം നശിക്കുകയില്ല എന്ന് അറിയാമല്ലോ.

വളരെ ഭക്തിപരമായാണ് ഫ്രാന്‍സിസ് പാപ്പായ്ക്കെതിരായി മതമൗലികവാദികള്‍ നീങ്ങിക്കൊണ്ടിരുന്നത് എങ്കിലും, ആ നീക്കങ്ങള്‍ക്ക് അല്‍പം കുറവുണ്ടിന്ന്. അവരെയും വലിച്ചെറിഞ്ഞുകളയാതെ നിലനിര്‍ത്തി മാറ്റിയെടുക്കുവാന്‍ തുനിഞ്ഞ അദ്ദേഹത്തിന്‍റെ നയം ‘അപകടകാരികള്‍ക്കു വേണ്ടിയും ഉത്തരവാദിത്വം എടുക്കുക’ എന്നതാണ്. ഈ നയം ക്രിസ്തീയമല്ല എന്ന് ആരെങ്കിലും പറയുമോ? വത്തിക്കാനിലെ അദ്ദേഹത്തിന്‍റെ ആദ്യ വര്‍ഷങ്ങള്‍ എല്ലാവര്‍ക്കും ഓര്‍മയുണ്ടല്ലോ. ഇതൊന്നും വെറുമൊരു പ്രകടനം ആയിരുന്നില്ല എന്ന് അത്തരം വ്യക്തികളോട് അദ്ദേഹത്തില്‍നിന്നു പിന്നീടുണ്ടായ പെരുമാറ്റങ്ങളില്‍ നിന്ന് വ്യക്തമാകുന്നു.

ദൈവത്തിന്‍റെ ഭാഷ അനന്ത സ്നേഹമാണ്. ദൈവം ലത്തീനോ, ഹീബ്രുവോ, ഗ്രീക്കോ, സംസ്കൃതമോ, അറബിക്കോ അല്ല സംസാരിക്കുന്നത്! അനന്തസ്നേഹം നമ്മുടെ ഭാഷകളില്‍ നിര്‍വചിച്ചു തീര്‍ക്കാനാവില്ലല്ലോ. തീര്‍ച്ചയായും അത് ജീവിച്ചു കാണിക്കുവാന്‍ ശ്രമിക്കാം. നാമും സഭ മുഴുവനും നിര്‍വചിക്കുന്ന സത്യങ്ങളല്ല, പകരം അവയ്ക്കു പിന്നിലുള്ള ഭാഗികമായി മാത്രം നിര്‍വചനീയമായ ആത്യന്തിക യാഥാര്‍ഥ്യങ്ങള്‍ ആണ് മതാത്മകവിശ്വാസത്തിന് ആധാരം. അതായത്, ദൈവിക സത്യങ്ങള്‍ മനുഷ്യഭാഷകളില്‍ നിര്‍വചിച്ച് നിശ്ശേഷീകരിക്കുവാന്‍ സാധിക്കും എന്നത് ഒരു ദൈവശാസ്ത്ര പാഷണ്ഡതയാണ്.

ഉദാ: ‘ദൈവം സ്നേഹമാണ്’ എന്ന സത്യവാക്യം. ഈ നിര്‍വചനം സത്യമാകുന്നത് ഈ നിര്‍വചനത്തിന്‍റെ അര്‍ത്ഥങ്ങള്‍ മുഴുവന്‍ നമുക്ക് അറിയാവുന്നതുകൊണ്ടല്ല. ആ അര്‍ത്ഥങ്ങള്‍ ആരാലും വിവേചിച്ചു തീര്‍ക്കുവാന്‍ സാധിക്കില്ലെങ്കിലും, അവയെ ഒന്നിച്ച് വ്യവകലനം ചെയ്യാവുന്ന വാക്കുകളും വാക്യങ്ങളും ആ അനന്ത യാഥാര്‍ഥ്യത്തിലേയ്ക്ക് എന്നും വിരല്‍ ചൂണ്ടുന്നു, പക്ഷേ, അതിലെ ഒന്നും വിവേചിച്ചു തീര്‍ക്കുന്നുമില്ല എന്നതു കൊണ്ടാണത്. അതുകൊണ്ടാണ് ‘ദൈവം സ്നേഹമാണ്’ എന്നത് നിത്യസത്യമായി സ്വീകരിക്കപ്പെടുന്നത്.

ഇത് സമ്മതിക്കാത്ത ദൈവശാസ്ത്ര പാഷണ്ഡതയില്‍ നൂറ്റാണ്ടുകളായി ജീവിക്കുന്നവര്‍ക്ക്, സാന്മാര്‍ഗികതയുടെ ശരിയായ നിര്‍വചനങ്ങള്‍ എന്നത് എന്താണെന്ന് മനസ്സിലാവില്ല. ദൈവ-മനുഷ്യ സ്നേഹം യഥാര്‍ത്ഥത്തില്‍ വര്‍ധിച്ചു വരുന്ന അനുകമ്പയോടെ ജീവിക്കുക എന്നതില്‍ അധിഷ്ഠിതമാണ് സാന്മാര്‍ഗികതയുടെ നിര്‍വചനങ്ങള്‍ എന്ന സ്നേഹത്തിന്‍റെ ക്രിസ്തുമത വ്യാഖ്യാനം. ഇത് വിശദീകരിക്കുമ്പോള്‍ ഇത് ജീവിച്ചു വ്യാഖ്യാനിക്കേണ്ട വിധം ‘കൂടുതല്‍ക്കൂടുതല്‍ വിശാലവും ആഴമുള്ളതും’ ആയി മാറുന്നു. പക്ഷേ, അവര്‍ക്കു മനസ്സിലാകുക പാപത്തെയും പാപികളെയും വെറുത്തുപേക്ഷിക്കുക, അല്ലെങ്കില്‍ അവയും അവരും പിശാചുക്കളും നമ്മെ ഉപദ്രവിക്കും എന്നതുകൊണ്ട് അവരില്‍നിന്നും അകന്നു ജീവിക്കുക, അവരെ സൂക്ഷിക്കുക എന്ന സന്മാര്‍ഗ ദൈവശാസ്ത്രം മാത്രമാണ്.

യേശുവിന്‍റെ ഉപമകളുടെയും, സത്യങ്ങളുടെ നിര്‍വചനങ്ങളെ നിരന്തരം വെല്ലുന്ന പ്രാവര്‍ത്തിക സ്നേഹമെന്ന പ്രേഷിതമാര്‍ഗത്തിന്‍റെയും താത്ത്വിക-ദൈവശാസ്ത്ര സാംഗത്യം ഇവിടെയാണ് സ്വയം പ്രകാശിക്കുംവിധം വെളിവാകുന്നത്.

ക്രിസ്തുമതത്തിലെങ്കിലും ദൈവശാസ്ത്രം വിശുദ്ധലിഖിതങ്ങളിലെ വാക്യങ്ങളുടെ ബൗദ്ധിക വിവേചനങ്ങള്‍ മാത്രമായിരിക്കുവാന്‍ പാടില്ല. പകരം, വിശുദ്ധലിഖിതങ്ങളിലെ വാക്യങ്ങള്‍ എന്തിനുവേണ്ടി നിലകൊള്ളുന്നുവോ ആ അനന്തസ്നേഹാധിഷ്ഠിത ദൈവിക യാഥാര്‍ഥ്യങ്ങളെ സമൂഹത്തില്‍ ജീവിക്കുവാന്‍ എന്നും ശ്രമിച്ചു കൊണ്ടിരിക്കുമ്പോള്‍ വേണ്ടിവരാവുന്ന ബൗദ്ധിക വിവേചനങ്ങള്‍ ആയിരിക്കണം ദൈവശാസ്ത്രം.

സത്യത്തില്‍ പാരമ്പര്യവിശ്വാസികളും പ്ലേറ്റോണിക്-അരിസ്റ്റോട്ടിലിയന്‍ ക്രിസ്തീയ വിശ്വാസികളും ജീവിക്കുന്നത്, ഈ ലോകത്തിലെ ദൈവികജീവിതമായ ‘എന്നും വളരുന്ന സ്നേഹ’ത്തില്‍ അല്ല. പകരം, സ്കൂളില്‍ നാം പഠിച്ച വേദാഭ്യാസത്തിലെ നിര്‍വചനങ്ങള്‍ ഇനിയും ആഴമന്വേഷിക്കാതെത്തന്നെ വാച്യാര്‍ത്ഥത്തില്‍ മാത്രം വിശ്വസിക്കണമല്ലോ എന്നിങ്ങനെയുള്ള വിശ്വാസങ്ങളില്‍ ആണ്.

സത്യങ്ങളെ എന്നതിനേക്കാള്‍ യാഥാര്‍ഥ്യങ്ങളെ മുറുകെപ്പിടിക്കുക, അവയെ മാത്രമേ സ്നേഹിക്കുവാനാകൂ എന്നതാണ് യേശുവിന്‍റെ ദൈവശാസ്ത്രം. ദൈവമാണ് ഇതിലെ ഏറ്റവും വലിയ യാഥാര്‍ഥ്യം. ദൈവം വെറും സത്യമല്ല, യാഥാര്‍ഥ്യമാണ്. ‘ദൈവമാണ് ഏറ്റവും വലിയ യാഥാര്‍ഥ്യം’ എന്ന വാക്യം ഏറ്റവും വലിയ സത്യവുമാണ്. ഇതറിയുന്ന ഫ്രാന്‍സിസ് പാപ്പാ യാഥാര്‍ഥ്യങ്ങളില്‍ മുഴുകി ജീവിക്കുവാനും, അവയുടെ മുന്നില്‍ അടിയറവു പറയുവാനും, അവയ്ക്കായി ജനത്തെ ഒരുക്കുവാനും, ഏതു സമയവും സ്വയവും സഭയ്ക്കുവേണ്ടിയും തെറ്റുകള്‍ തിരുത്തിക്കൊണ്ട് ജീവിക്കുവാനും തീരുമാനിച്ചു.

ദൈവം പാപിക്കും പുണ്യവാനുംവേണ്ടി അനന്തമായി സഹിക്കുന്ന ദൈവമാണ്. അവിടെ മാത്രമാണ് ജീവിതത്തിന്‍റെ ദൈവിക അര്‍ത്ഥം ജീവിക്കുന്നതിലെ സംതൃപ്തി. നാം ആ ജീവിതം അതു പോലെ ജീവിക്കുന്നില്ലെങ്കില്‍ നമ്മെ സ്നേഹത്താല്‍ ശിക്ഷിക്കുന്ന ദൈവമാണ് നമ്മുടേത്. സ്നേഹത്തോടെ ദൈവത്തിലേയ്ക്ക് ഉടന്‍ വളര്‍ത്തുവാന്‍ വേണ്ടിയല്ലാതെ മറ്റുള്ളവരെ ശിക്ഷിക്കില്ലാത്ത ദൈവമാണ് നമ്മുടേത്. ഇത് ദൈവത്തിന്‍റെ അനന്തസഹനമാണ്. ഈ സഹനം എന്നും തുടര്‍ച്ചയായി വളരുന്ന സ്നേഹത്തിന്‍റെ മാത്രം സംതൃപ്തിയില്‍ ജീവിക്കുക എന്നതാണ് ക്രിസ്തുമതം.

എങ്കില്‍ ഈ മതത്തിനും, മതാനുയായികള്‍ക്കും, പ്രേഷിതര്‍ക്കും അത്യാവശ്യമായ ഒരു കാര്യം ഇതാണ്: പെരുമാറ്റ സംഹിതകള്‍ നമുക്കുവേണ്ടിത്തന്നെ നിലനിര്‍ത്തുകയും അവ മറ്റുള്ളവരെ (അതായത്, ഞാനല്ലാത്ത എല്ലാവരെയും) വാക്കുകളില്‍ക്കൂടി എന്നതിനേക്കാള്‍, തുടര്‍ച്ചയായി മറക്കുന്ന പൊറുക്കുന്ന ദൈവിക സ്നേഹത്തിലൂടെ മാത്രം, പ്രാവര്‍ത്തികമായി പഠിപ്പിക്കുകയും ചെയ്യുക! പ്രേഷിതര്‍ ഇങ്ങനെ സ്നേഹിക്കുന്നവരാകണം. ഫ്രാന്‍സിസ് പാപ്പാ ഇതിനെയാണ് ദൈവശാസ്ത്രത്തിന്‍റെയും പ്രേഷിതപ്രവര്‍ത്തനത്തിന്‍റെയും അടിസ്ഥാനമായി വിവക്ഷിക്കുന്നത്. അദ്ദേഹം യേശുവിന്‍റെ പ്രേഷിതനാണ്. അദ്ദേഹം പ്ലേറ്റോയുടെയും അരിസ്റോട്ടിലിന്‍റെയും അരുമശിഷ്യന്‍ അല്ല.

അതുകൊണ്ട്, സത്യങ്ങളെ യാഥാര്‍ഥ്യങ്ങളായല്ല മറിച്ചാണ് കാണേണ്ടത് എന്ന് അദ്ദേഹം ക്രിസ്ത്യാനികളെയും മനുഷ്യകുലത്തെയും പഠിപ്പിക്കുന്നു. സത്യങ്ങള്‍ക്കു പിന്നിലെ യാഥാര്‍ഥ്യങ്ങളും അവയ്ക്കു പിന്നിലെ അനന്ത യാഥാര്‍ത്ഥ്യങ്ങളും ജീവിച്ചുകൊണ്ടു മാത്രം അവ പഠിപ്പിക്കേണ്ടതിന്‍റെ ആവശ്യകത എന്നും കാണിച്ചു തരുന്ന ‘ദൈവിക യാഥാര്‍ത്ഥ്യങ്ങളു’ടെ പ്രതീകങ്ങള്‍ മാത്രമായി ഈ സത്യങ്ങളെ കാണുവാന്‍ നമ്മെ പഠിപ്പിക്കുവാന്‍ അദ്ദേഹം തീരുമാനിച്ചു. ആ ജീവിതത്തില്‍ അദ്ദേഹത്തിന് ദശാബ്ദങ്ങളിലെ അനുഭവവും ഉണ്ട്.

ഇങ്ങനെയാണ് മതവും നേതാക്കളും പ്രവര്‍ത്തിക്കേണ്ടത് എങ്കില്‍, ഒരു കാര്യം ഉറപ്പാണ്: തങ്ങള്‍ക്കു മനുഷ്യരുടെ ആത്മപരിചരണത്തില്‍ തെറ്റുപറ്റിപ്പോയി എന്ന്, തങ്ങളുടെത്തന്നെ പെരുമാറ്റ രീതികളെയും, തീരുമാനങ്ങളെയും, ചെയ്തികളെയും ഉദ്ധരിച്ചു കൊണ്ട്, ലോകത്തിനു മുന്നില്‍ എന്നും എത്തുന്ന മാധ്യമങ്ങള്‍ക്കു മുന്നില്‍ പലതവണ സമ്മതിക്കുവാനും അങ്ങനെ നാമാരും തെറ്റുകളില്ലാത്തവരല്ല എന്ന് തിരിച്ചറിയുവാനും, നമുക്കും നമ്മുടെ നേതാക്കള്‍ക്കും എന്ന് കഴിയുന്നുവോ അന്നു മുതല്‍ മാത്രമേ ക്രിസ്തുമതം ശരിയാകൂ.

പ്രധാനമായും ജനങ്ങളോട് മാത്രം വിളമ്പുവാനുള്ളതല്ല തെറ്റുകള്‍ തുറന്നു സമ്മതിക്കൂ എന്ന ഈ സാന്മാര്‍ഗിക മഹാവാക്യം. അത് പ്രധാനമായും എനിക്ക് (നമുക്ക്) എന്നോടുതന്നെ (നമ്മോടു തന്നെ) വിളമ്പുവാനുള്ളതാണ്. പുരോഹിതരും സന്ന്യസ്തരും ആണ് ഇത് ആദ്യം പ്രാവര്‍ത്തികമാക്കി ജനങ്ങള്‍ക്ക് ശരിയായ ക്രിസ്തീയത ജീവിതത്തിലൂടെ നിര്‍വചിച്ചു കൊടുക്കേണ്ടത്.

വിശ്വസിക്കേണ്ടത് എന്തെന്ന് ജനങ്ങളോട് പ്രസംഗിക്കുന്നവരല്ല, നാം വിശ്വസിക്കുന്നതില്‍ വിശ്വസിക്കേണ്ടത് എന്തുകൊണ്ടെന്ന് ജീവിതം വഴിയെങ്കിലും അതുപോലെത്തന്നെ സാധിക്കുമെങ്കില്‍ കാര്യകാരണപരമായ ചിന്തകളാലും ജനങ്ങളോട് പ്രസംഗിക്കുന്നവര്‍ ആയിരിക്കും നല്ല പുരോഹിതരും, സന്ന്യസ്തരും, അല്മായരും. ഇങ്ങനെയാണ് മതത്തെ നിത്യം ജനങ്ങള്‍ക്ക് പ്രായോഗികമായി നിര്‍വചിച്ചുകൊടുക്കുക. ജീവന്‍ വെടിയേണ്ടി വന്നാലും യഥാര്‍ത്ഥ ക്രിസ്തുമതം എന്താണെന്ന് ഇപ്രകാരം എന്നും നിര്‍വചിച്ച്, അതിനപ്പുറമുള്ള യാഥാര്‍ഥ്യത്തില്‍ ജീവിതം അര്‍പ്പിക്കുവാന്‍ നമ്മെ പഠിപ്പിക്കുവാന്‍ ഒരു പാപ്പാ തുടങ്ങിയതില്‍ നാമെല്ലാം സന്തോഷിക്കുകയാണ് വേണ്ടത്.

എവിടെയും ഏറ്റവും കൂടുതല്‍, അതായത് 100 ശതമാനം, ദൈവമാണ് ഉള്ളത്, ദൈവമാണ് പ്രവര്‍ത്തിക്കുന്നത്, ആ ദൈവത്തില്‍ ഒരല്‍പം ഈ ലോകവും ഉണ്ട്, ആ അല്‍പം ദൈവമല്ല, പകരം ദൈവസ്വഭാവത്തിലേയ്ക്ക് വളരുന്ന നാമെല്ലാം ആണ്, എന്ന് ആത്മാവിന്‍റെ നയനങ്ങള്‍കൊണ്ടും, മനഃസാക്ഷികൊണ്ടും, ശാരീരിക കണ്ണുകള്‍കൊണ്ടും കണ്ടു കൊണ്ടിരിക്കുന്ന ഒരു മനുഷ്യന് ഈ ലോകത്തില്‍ ഒന്നും നഷ്ടപ്പെടുവാനില്ല. ശരിയായ സ്നേഹത്തില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനം ഇവിടെയാണ്. ഇത് നന്നായറിയുന്ന, ആത്മാവില്‍ ദരിദ്രനായ, ഫ്രാന്‍സിസ് പാപ്പായെ നന്മയുടെ പ്രാവര്‍ത്തികതയില്‍ തോല്‍പ്പിക്കുവാന്‍ ആരും ശ്രമിക്കേണ്ടതില്ലല്ലോ.

Comments

One thought on “ഫ്രാന്‍സിസ് പാപ്പായെ തോല്പിക്കാനാവുമോ?”

 1. Jose says:

  “സത്യങ്ങളെ എന്നതിനേക്കാള്‍ യാഥാര്‍ഥ്യങ്ങളെ മുറുകെപ്പിടിക്കുക, അവയെ മാത്രമേ സ്നേഹിക്കുവാനാകൂ എന്നതാണ് യേശുവിന്‍റെ ദൈവശാസ്ത്രം”

  ഇത് തെറ്റിധാരണ ഉണ്ടാക്കുന്നു
  ഉദ്ദേശിച്ച അർത്ഥമല്ല കിട്ടുന്നത്. യാഥാർഥ്യമെല്ലാം മുറുകെപ്പിടിക്കേണ്ട സത്യങ്ങൾ അല്ല.

  “വിഗ്രഹവൽക്കരിക്കപ്പെട്ട സത്യങ്ങളെക്കാൾ ബോധ്യപ്പെട്ട സത്യങ്ങളെ മുറുകെപ്പിടിക്കുക” എന്നല്ലേ ഉദ്ദേശിച്ചത് ?

  ഇത് ആദ്യം സഭയുടെ ഹയരാർച്ചി സ്വയം കാര്യമാണ്
  പ്രതെയ്കിച്ചു വിശ്വാസ പ്രമാണങ്ങളിൽ

  കാലിത്തൊഴുത്തിൽ പിറന്നവൻ “ദരിദ്രരെ നിങ്ങൾ ഭാഗ്യവാന്മാർ” എന്ന് പറയുന്നത് ആർക്കും ബോധ്യപ്പെടുന്ന സത്യമാണ്.

  അതിനെ “ആത്മാവിൽ ദരിദ്രരെ നിങ്ങൾ ഭാഗ്യവാന്മാർ” എന്ന് മാറ്റിയെഴുതുന്നത് ആരുടെ മനഃസാക്ഷികുത്ത് ഒഴിവാക്കാനാണ് ? ഈ മാറ്റിയെഴുത്ത് വിഗ്രഹവൽക്കരിക്കപ്പെട്ട സത്യത്തിന്റെ നല്ലൊരു ഉദാഹരണമാണ്.

  കാനയിൽ വെള്ളം നല്ല ചുവന്ന് തുടുത്ത വീഞ്ഞാക്കിയവന് ആ വീഞ്ഞിനെ നല്ല ചുവന്ന രക്തമാക്കുന്നതിന് വല്ല പാടുമുണ്ടോ ? എന്നിട്ടും തിരുവത്താഴത്തിനു അദ്ദേഹം എന്തെ അത് ചെയ്തില്ല ? അത് അദ്ദേഹം ഉദ്ദേശിച്ചില്ല എന്നല്ലേ അതിനർത്ഥം ? മുന്തിരി നീരിനെയും അപ്പത്തെയും അതെ രൂപത്തിൽ തന്നെ തന്റെ ശരീര രക്തങ്ങൾ ആക്കാൻ യേശുവിന് വല്ല ബുദ്ധിമുട്ടുമുണ്ടോ ? ഇത് ആർക്കും ബോധ്യപ്പെടുന്ന സത്യമാണ്.

  എന്നിട്ടും നമ്മൾ ഇപ്പോഴും വളരെ കഷ്ടപ്പെട്ട് ആ വീഞ്ഞിനെ ഒറിജിനൽ രക്തമാക്കാൻ ശ്രമിക്കുന്നു ! ഡിവൈൻ ധ്യാന കേന്ദ്രത്തിലും മറ്റും അങ്ങിനെയുണ്ടായ ഒറിജിനൽ രക്തം ആളുകൾ കുടിച്ചെന്നും മറ്റും വചനോത്സവത്തിൽ വായിച്ചതോർക്കുന്നു. വിഗ്രഹവൽക്കരിക്കപ്പെട്ട സത്യത്തിന്റെ മറ്റൊരുദാഹരണം.

  എഴുതപ്പെട്ടത് മനസ്സിലാക്കാതെ ജീവിക്കുക എന്നത് വിഗ്രഹവൽക്കരിക്കപ്പെട്ട സത്യങ്ങളെ മുറുകെപ്പിടിക്കാനുള്ള വഴി
  എഴുതപ്പെട്ടത് മനസ്സിലാക്കുക എന്നതാണ് യാഥാർഥ്യം തിരിച്ചറിയാനുള്ള വഴി
  എഴുതപ്പെട്ടത് ജീവിക്കുക എന്നതാണ് യാഥാർഥ്യം മുറുകെപ്പിടിക്കാനുള്ള വഴി
  മാർപ്പാപ്പ മനസ്സിലാക്കി
  താഴെയുള്ളവർക്ക് ആകുമോ ?

Leave a Comment

*
*