Latest News
|^| Home -> Cover story -> ജനങ്ങളെ ബന്ധനസ്ഥരാക്കി എത്ര കാലം?

ജനങ്ങളെ ബന്ധനസ്ഥരാക്കി എത്ര കാലം?

Sathyadeepam


ഫാ. റോയ് മാത്യു, ശ്രീനഗര്‍.

ജമ്മു-കശ്മീര്‍ സംസ്ഥാനം സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ണായക തീരുമാനം വന്നതോടെ കശ്മീരിലെ ജനജീവിതം തികച്ചും സ്തംഭിച്ചിരിക്കുകയാണ്. തെരുവുകളിലെല്ലാം വളരെയേറെ പോലീസും പട്ടാളവും ഉണ്ട്. ഔദ്യോഗികമായി കര്‍ഫ്യൂ ഇല്ല. പകരം നിയന്ത്രണങ്ങള്‍ എന്നതാണു പദപ്രയോഗം. പക്ഷേ, നിയന്ത്രണങ്ങള്‍ പ്രകാരം ആളുകള്‍ കൂട്ടംകൂടാനോ പ്രകടനങ്ങള്‍ നടത്താനോ ഒന്നും അനുവാദമില്ല. പല വഴികളും പ്രവേശനമാര്‍ഗങ്ങളുമെല്ലാം അടച്ചിരിക്കുന്നു. പൊതുഗതാഗതസംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. കടകള്‍ തുറന്നിട്ടില്ല. സ്കൂളുകളും കോളേജുകളും അടഞ്ഞു കിടക്കുന്നു. ആശയവിനിമയസൗകര്യങ്ങള്‍ ഒന്നും തന്നെയില്ല. മൊബൈലില്ല, ലാന്‍ഡ് ഫോണില്ല, ഇന്‍റര്‍നെറ്റില്ല, ടിവിയോ പത്രങ്ങളോ ഇല്ല. എന്തെങ്കിലും അടിയന്തിരാവശ്യത്തിനു ഫോണ്‍ ചെയ്യണമെങ്കില്‍ കളക്ടറേറ്റില്‍ ചെല്ലണം. അവിടെ ഒരു ലാന്‍ഡ് ഫോണ്‍ ഉണ്ട്. മണിക്കൂറുകളോളം ക്യൂ നിന്നാലേ അവിടെ നിന്ന് ഫോണ്‍ ചെയ്യാന്‍ കഴിയൂ. ചെയ്താലും കോള്‍ പോകണമെന്നുമില്ല.

ഫലത്തില്‍ ജനങ്ങള്‍ക്കു സാധാരണ ജീവിതം സാദ്ധ്യമല്ലാതായി. സ്വന്തമായി കാറുകളോ വാഹനങ്ങളോ ഇല്ലാത്ത സാധാരണക്കാരെ സംബന്ധിച്ച് വീട്ടിലിരിക്കുക മാത്രമേ നിര്‍വാഹമുള്ളൂ. ആശുപത്രികള്‍ പോലെ അവശ്യസര്‍വീസുകളിലുള്ള സര്‍ക്കാര്‍ ജീവനക്കാരെ അവരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കര്‍ഫ്യൂ പാസ് പോലെ പരിഗണിച്ച് യാത്ര ചെയ്യാന്‍ അനുവദിക്കുന്നുണ്ട്.

അവശ്യസാധനങ്ങള്‍ കടകളില്‍ കിട്ടാനില്ലെങ്കിലും കശ്മീരി ജനത ഉടന്‍ പട്ടിണിയിലേയ്ക്കു പോകുകയില്ല. കാരണം, കുറച്ചു കാലം ജീവിക്കാനുള്ള അവശ്യവസ്തുക്കള്‍ സൂക്ഷിച്ചു വയ്ക്കുന്ന പതിവ് കശ്മീരിജനതയ്ക്കു നേരത്തെ മുതല്‍ ഉള്ളതാണ്. സംഘര്‍ഷങ്ങളുടെയും പ്രകൃതിദുരന്തങ്ങളുടെയും രൂപത്തില്‍ എപ്പോഴും അനിശ്ചിതത്വം വരാമെന്നുള്ളതുകൊണ്ട് ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യസാധനങ്ങളും ഇവര്‍ വാങ്ങി ശേഖരിച്ചു വയ്ക്കുന്നു. ഒന്നോ രണ്ടോ മാസത്തേയ്ക്കുള്ള സാധനങ്ങള്‍ പൊതുവെ കശ്മീരി കുടുംബങ്ങളില്‍ സ്റ്റോക്കുണ്ടായിരിക്കും. അഞ്ചോ ആറോ മാസത്തേയ്ക്കുള്ള സാധനങ്ങള്‍ വരെ സൂക്ഷിച്ചു വയ്ക്കുന്നവരുണ്ട്. ഇപ്പോഴാണെങ്കില്‍, സൈനിക വിന്യാസം തുടങ്ങിയപ്പോള്‍ തന്നെ ആളുകള്‍ അപകടസൂചന ശ്രദ്ധിച്ചിരുന്നു. അമ്പതിനായിരത്തോളം അര്‍ദ്ധസൈനികരെ ഈ പ്രഖ്യാപനത്തിന് ഒരാഴ്ച മുമ്പു തന്നെ വിന്യസിക്കാന്‍ തുടങ്ങിയല്ലോ. അമിതമായ രീതിയില്‍ ഈ സൈനികവിന്യാസം തുടങ്ങിയപ്പോള്‍ പല വാര്‍ത്തകളും പരക്കുകയും ജനങ്ങള്‍ കൂടുതല്‍ അവശ്യസാധനങ്ങള്‍ വാങ്ങിവയ്ക്കുകയും ചെയ്തു. അതുകൊണ്ടാണ് കടകളും വിപണികളും അടഞ്ഞുകിടന്നിട്ടും ആളുകള്‍ക്ക് അതിജീവിക്കാന്‍ കഴിയുന്നത്. എങ്കിലും പച്ചക്കറി, മത്സ്യം, മാംസം തുടങ്ങിയ സാധനങ്ങളുടെ വലിയ ക്ഷാമം ജനങ്ങള്‍ നേരിടുന്നുണ്ട്.

ജമ്മു-കശ്മീര്‍ സംസ്ഥാനത്തിലെ ജമ്മു റീജിയനില്‍ പത്തും കശ്മീര്‍ റീജിയനില്‍ പത്തും ലഡാക്ക് റീജിയനില്‍ രണ്ടും ജില്ലകളാണുള്ളത്. ഇതാണല്ലോ ഇപ്പോള്‍ മൂന്നായി തിരിച്ചിരിക്കുന്നത്. ഇവയില്‍ കശ്മീരിലെ പത്തു ജില്ലകളിലായി ഏതാണ്ട് 75 ലക്ഷവും ജമ്മു മേഖലയില്‍ നാല്‍പതോളം ലക്ഷവും ലഡാക്കില്‍ പരമാവധി 5 ലക്ഷവും ആണു ജനങ്ങള്‍. കശ്മീരിലെ ജനങ്ങളില്‍ 99 ശതമാനവും മുസ്ലീങ്ങളാണ്. ജമ്മുവില്‍ ഹിന്ദുക്കളും ലഡാക്കില്‍ ബുദ്ധമതസ്ഥരുമാണ് ബഹുഭൂരിപക്ഷം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജമ്മു മേഖലയിലെ സീറ്റുകളെല്ലാം ബിജെപി ജയിക്കുകയുണ്ടായി. ഇന്ത്യാ ഗവണ്‍മെന്‍റുമായി കൂടുതല്‍ സഹകരിച്ചുപോകുന്ന സ്ഥലമാണ് ജമ്മു. ഇപ്പോള്‍ ജമ്മു കശ്മീരിന്‍റെ പ്രത്യേക സംസ്ഥാന പദവി നീക്കിയതിനെതിരെയും 370-ാം വകുപ്പ് റദ്ദാക്കിയതിനെതിരെയും കൂടുതല്‍ പ്രതിഷേധവും പ്രക്ഷോഭവും ഉയരുക സ്വാഭാവികമായും കശ്മീരിലായിരിക്കും.

ഇതുവരേയും ആളുകള്‍ക്ക് സംഘം ചേരാനോ പ്രതിഷേധിക്കാനോ അനുവദിച്ചിട്ടില്ലാത്തതിനാല്‍ കശ്മീരിലെ ജനവികാരം പൂര്‍ണമായി പുറത്തു വന്നിട്ടില്ല. കശ്മീര്‍ പ്രദേശത്തുള്ളവര്‍ ഒരു അന്യവത്കരണം അനുഭവിക്കുന്നുണ്ട്. ഇന്ത്യാ ഗവണ്‍മെന്‍റ് തങ്ങളോടു വിരോധം പുലര്‍ത്തുന്നു എന്ന വികാരം ജനങ്ങള്‍ക്കിടയില്‍ ശക്തമാണ്. കശ്മീരിനു സ്വാതന്ത്ര്യം വേണം എന്നു കരുതുന്ന അനേകര്‍ അവര്‍ക്കിടയിലുണ്ട് എന്നതു വ്യക്തമാണ്. സര്‍ക്കാരിന്‍റെ ഇപ്പോഴത്തെ നടപടി കശ്മീര്‍ പ്രദേശത്തെ മുസ്ലീം ഭൂരിപക്ഷമുള്ള ജനസംഖ്യാനുപാതം മാറ്റുന്നതിനു വേണ്ടിയാണെന്ന ആരോപണമാണ് കശ്മീരിലെ ജനങ്ങള്‍ ഉന്നയിക്കുന്നത്. പക്ഷേ ജനസംഖ്യാനുപാതം മാറ്റുക എന്നതൊന്നും പ്രായോഗികമാണെന്നു തോന്നുന്നില്ല. മുസ്ലീം ഭൂരിപക്ഷം ഇത്രയും ശക്തമായ ഒരു സ്ഥലത്ത് മറ്റു പ്രദേശങ്ങളില്‍ നിന്നു മറ്റു മതസ്ഥര്‍ ഇങ്ങോട്ടു വന്നു പാര്‍ക്കാന്‍ തീരുമാനിക്കുമെന്ന് തോന്നുന്നില്ല. ഇവിടെ വരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ പോലും ഏറെയും മൂസ്ലീങ്ങള്‍ തന്നെയാകുന്നതാണു പതിവ്. കശ്മീരി പണ്ഡിറ്റുകളെ തിരികെ കൊണ്ടു വരുമെന്നാണു മറ്റൊരു വാദം. പണ്ഡിറ്റുകള്‍ ഈ താഴ്വര വിട്ടുപോയിട്ട് മുപ്പതു വര്‍ഷങ്ങള്‍ കഴിഞ്ഞു. അവരുടെ രണ്ടാം തലമുറയാണ് ഇനി മടങ്ങി വരാനുള്ളത്. മറ്റു സ്ഥലങ്ങളില്‍ ജോലിയും കുടുംബവുമായി വേരുറപ്പിച്ചു കഴിഞ്ഞിട്ടുള്ള അവര്‍ ദുഷ്കരമായ കാലാവസ്ഥയുള്ള ഈ പ്രദേശത്തേയ്ക്ക് ഇനി മടങ്ങി വരുമെന്നു കരുതാന്‍ ന്യായം കാണുന്നില്ല.

കശ്മീര്‍ മേഖലയില്‍ കത്തോലിക്കാസഭയ്ക്കു രണ്ടു പള്ളികളും അനുബന്ധസ്ഥാപനങ്ങളുമാണ് പ്രധാനമായും ഉള്ളത്. ബരാമുള്ള ജില്ലയില്‍ ഒരു ഹയര്‍ സെക്കണ്ടറി സ്കൂളുണ്ട്. 3500 കുട്ടികള്‍ അവിടെ പഠിക്കുന്നുണ്ട്. 100 വര്‍ഷമായ ഒരു ആശുപത്രിയും ബരാമുള്ളയിലുണ്ട്. ഫ്രാന്‍സിസ്കന്‍ മിഷണറി സിസ്റ്റേഴ്സ് ആണ് അതു നടത്തുന്നത്. ശ്രീനഗര്‍ ജില്ലയില്‍ ബേണ്‍ ഹോള്‍ സ്കൂള്‍ എന്ന പേരില്‍ രൂപതയ്ക്ക് ഒരു സ്കൂളുണ്ട്. 2500 കുട്ടികള്‍ അവിടെ പഠിക്കുന്നു. കൂടാതെ പ്രസന്‍റേഷന്‍ സിസ്റ്റേഴ്സ് നടത്തുന്ന സ്കൂളില്‍ മൂവായിരത്തോളം കുട്ടികള്‍ പഠിക്കുന്നു. സിസ്റ്റേഴ്സിന്‍റെ സ്കൂള്‍ 90 വര്‍ഷവും രൂപതയുടേത് 65 വര്‍ഷവും പഴക്കമുള്ളതാണ്. ബരാമുള്ളയിലെ സെ. ജോസഫ്സ് സ്കൂളും സെ.ജോസഫ്സ് ആശുപത്രിയും നൂറ്റാണ്ടിന്‍റെ പഴക്കമുള്ളവയാണ്. മദര്‍ തെരേസാ സിസ്റ്റേഴ്സും ശ്രീനഗറില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിദ്യാഭ്യാസ, ആതുരശുശ്രൂഷാ മേഖലകള്‍ക്കു പുറമെ സാമൂഹ്യസേവനമേഖലയിലും സഭ കശ്മീരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രകൃതിദുരന്തങ്ങളെ നേരിടുന്നതിനുള്ള തയ്യാറെടുപ്പിന് ജനങ്ങളെ സജ്ജരാക്കുന്ന ഒരു പരിശീലനപരിപാടി കാരിത്താസ് ഇന്ത്യയുമായി ചേര്‍ന്നു നാം നടത്തി വരുന്നു. 2014-ലെ വെള്ളപ്പൊക്കത്തിനു ശേഷമാണ് ഇതാരംഭിച്ചത്. അതുപോലെ ഡോണ്‍ബോസ്കോ ടെക്കുമായി ചേര്‍ന്ന് തൊഴില്‍ നൈപുണ്യവികസനത്തിനുള്ള ഒരു പദ്ധതിയും നടത്തുന്നുണ്ട്.

ഈ സ്കൂളുകളെല്ലാം ഇപ്പോള്‍ അടഞ്ഞു കിടക്കുന്നു. സാമൂഹ്യസേവനപരിപാടികളും നടക്കുന്നില്ല. 120 കൊല്ലം പഴക്കമുള്ളവയാണ് ബരാമുള്ളയിലെയും ശ്രീനഗറിലേയും നമ്മുടെ പള്ളികള്‍. ഈ രണ്ടു പള്ളികളില്‍ മുമ്പ് ഞായറാഴ്ചകളില്‍ ഇരുനൂറോളം പേരാണ് വന്നിരുന്നത്. പുതിയ പ്രഖ്യാപനം വന്നതിനു ശേഷമുള്ള ഞായറാഴ്ച വെറും അമ്പതു പേര്‍ മാത്രമാണ് പള്ളിയിലെത്തിയത്. കാരണം, പൊതുഗതാഗതസംവിധാനമില്ല. കത്തോലിക്കര്‍ പൊതുവില്‍ പാവപ്പെട്ടവരാണ്. സ്വന്തമായി വാഹനമുള്ളവരല്ല ഏറെയും. കൂടാതെ, നടന്നു പോകാന്‍ പോലും ചില സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

ഇവിടെയുള്ള കത്തോലിക്കരില്‍ കുറച്ചു പേര്‍ പ്രദേശവാസികളാണ്. പിന്നെ ജോലികള്‍ക്കായും മറ്റും പുറമെ നിന്നു വന്നവരുമുണ്ട്. ഛോട്ടാ നാഗ്പൂര്‍ പ്രദേശത്തു നിന്നു ജോലിക്കായി വന്നിരിക്കുന്ന ആദിവാസി കത്തോലിക്കരുണ്ട്. സഭയുടെ സ്കൂളുകളില്‍ ജോലി ചെയ്യുന്നവരുണ്ട്. പഞ്ചാബില്‍ നിന്നും മറ്റും മരപ്പണികള്‍ പോലുള്ള പണികള്‍ക്കായി വന്നു താമസിക്കുന്നവരിലും കത്തോലിക്കരുണ്ട്. പക്ഷേ ഈ പുതിയ നിയന്ത്രണങ്ങള്‍ മൂലം ഇത്തരക്കാരെല്ലാം സ്വന്തം നാടുകളിലേയ്ക്കു മടങ്ങി പോയിക്കൊണ്ടിരിക്കുകയാണ്. സ്കൂളില്‍ ജോലി ചെയ്യുന്ന രണ്ടു മലയാളികുടുംബങ്ങള്‍ ശ്രീ നഗറിലുണ്ടായിരുന്നു. അവരും തത്ക്കാലം കേരളത്തിലേയ്ക്കു പോയിരിക്കുകയാണ്. കൂലിപ്പണി ചെയ്തു ജീവിച്ചിരുന്ന ആളുകളുടെയെല്ലാം ജീവിതം വഴി മുട്ടി നില്‍ക്കുന്നു.

പൊതുവില്‍ കശ്മീരില്‍ സഭയോട് എതിര്‍പ്പൊന്നുമില്ല. സ്വന്തം സംസ്കാരത്തിന്‍റെ ഒരു ഭാഗമായി ഈ ക്രൈസ്തവസമൂഹത്തേയും അവര്‍ സ്വീകരിക്കുന്നുണ്ട്. ഒന്നേകാല്‍ നൂറ്റാണ്ടിന്‍റെ പാരമ്പര്യമുള്ള ഒരു സാന്നിദ്ധ്യമാണല്ലോ സഭയുടേത്. വിദ്യാഭ്യാസവും ആരോഗ്യശുശ്രൂഷയും ഇവിടെ കൊണ്ടു വന്നത് ക്രിസ്ത്യന്‍ മിഷണറിമാരാണ്. അതുകൊണ്ടുള്ള ആദരവും സ്നേഹവും ജനങ്ങള്‍ക്കു നമ്മോടുണ്ട്. എങ്കിലും മതവിശ്വാസത്തെ വളരെ വികാരപരമായി കാണുന്നയാളുകളാണ് ഇവര്‍. കുറെ നാള്‍ മുമ്പ് അമേരിക്കയില്‍ ഒരു പാസ്റ്ററോ മറ്റോ ഖുറാന്‍ കത്തിച്ചതിനോടുള്ള പ്രതികരണമായി നമ്മുടെ പള്ളിയുടെ മുമ്പിലുണ്ടായിരുന്ന ബൈക്ക് കത്തിച്ചു. പള്ളിയുടെ വാതിലിനു തീയിട്ടു. തക്ക സമയത്തു കെടുത്താന്‍ കഴിഞ്ഞതുകൊണ്ടു മാത്രമാണ് അന്നു പള്ളിക്കു തീ പിടിക്കാതെ രക്ഷപ്പെട്ടത്. ഇതേപോലെ 1967-ല്‍ ഇസ്രായേല്‍ -അറബ് യുദ്ധം നടക്കുമ്പോള്‍ പ്രതിഷേധസൂചകമായി കശ്മീരിലെ കത്തോലിക്കാ, പ്രൊട്ടസ്റ്റന്‍റ് പള്ളികള്‍ കത്തിച്ചു കളഞ്ഞ ചരിത്രവും ഇവിടെയുണ്ട്. ആള്‍ക്കൂട്ട മനഃശാസ്ത്രമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ നമുക്കുള്ള ഭീതിയും അതു തന്നെയാണ്. കശ്മീരികളും കശ്മീരികളല്ലാത്തവരും എന്നൊരു വിഭാഗീയത ഇവിടെ രൂപപ്പെടാനും സംഘര്‍ഷങ്ങളുണ്ടാകാനുമുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല.

കശ്മീരിലെ കത്തോലിക്കാസഭ എന്നതു എണ്ണത്തില്‍ വളരെ അവഗണിക്കാവുന്നതേയുള്ളൂ. ആകെ മുപ്പതു കുടുംബങ്ങളേ കത്തോലിക്കരുള്ളൂ. പ്രൊട്ടസ്റ്റന്‍റുകാരെ കൂടി കൂട്ടിയാല്‍ ആകെ ഇരുന്നൂറ്റമ്പതോളം ക്രിസ്ത്യാനികളേയുള്ളൂ ഈ 75 ലക്ഷത്തോളം ആളുകളില്‍. അതുകൊണ്ട് കശ്മീരിലെ ക്രൈസ്തവര്‍ ഈ വിഷയത്തില്‍ എന്തു നിലപാട് സ്വീകരിക്കുന്നു എന്നതൊന്നും ഒരു വിഷയമേ അല്ല.

മെഹബൂബ, ഒമെര്‍ തുടങ്ങിയ നേതാക്കള്‍ കശ്മീരില്‍ തടവിലാണ്. മാധ്യമങ്ങള്‍ എല്ലാ കാര്യങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നില്ല. പ്രധാന രാഷ്ട്രീയനേതാക്കളെ പോലും അനങ്ങാന്‍ സമ്മതിക്കാതെയാണ് ഇതെല്ലാം ചെയ്യുന്നത് എന്നതു കൊണ്ടു തന്നെ ജനങ്ങള്‍ക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്ടമാകാന്‍ സാദ്ധ്യതയേറെയാണ്. ഇന്ത്യന്‍ ഗവണ്‍മെന്‍റ് ഒരു ജനാധിപത്യഗവണ്‍മെന്‍റാണെന്ന വിശ്വാസം കശ്മീരി ജനങ്ങള്‍ക്കു നഷ്ടമാകുകയും അതൊരു ഏകാധിപത്യഭരണകൂടമായി മാറുകയാണെന്നു അവര്‍ കരുതുകയും ചെയ്യുന്ന സാഹചര്യമാണു സൃഷ്ടിക്കപ്പെടുക.

കശ്മീരിലെ ജനങ്ങള്‍ പുതിയ സാഹചര്യങ്ങളോടു പൊരുത്തുപ്പെട്ടു വരിക എന്നതാണ് പ്രായോഗികമായി പ്രതീക്ഷിക്കാവുന്ന മാറ്റം. ഇപ്പോള്‍ കര്‍ക്കശമായ നിയന്ത്രണങ്ങളായതിനാല്‍ വലിയ സംഘര്‍ഷങ്ങളൊന്നുമില്ലാതെ പോകുന്നു. ഇപ്രകാരം നിയന്ത്രണങ്ങള്‍ എത്ര കാലം തുടരാന്‍ കഴിയുമെന്നതും ജനങ്ങള്‍ അതിനോടു പൊരുത്തപ്പെടുകയാണോ പ്രതിഷേധം നിലനിറുത്തുകയാണോ ചെയ്യുകയെന്നതുമാണ് അവശേഷിക്കുന്ന ചോദ്യങ്ങള്‍.

ജമ്മു-ശ്രീനഗര്‍ രൂപതയില്‍ ഇപ്പോള്‍ ഇരുപതിലധികം മലയാളി വൈദികരുണ്ട്. രൂപതയുടെ രണ്ടു മുന്‍ ബിഷപ്പുമാരും മലയാളികളായിരുന്നല്ലോ. ബിഷപ് ഹിപോളിറ്റസ് കുന്നുങ്കലും ബിഷപ് പീറ്റര്‍ സെലസ്റ്റിനും. ജമ്മുവില്‍ സി എം ഐ വൈദികരും സേവനം ചെയ്യുന്നുണ്ട്.

പള്ളിയില്‍ വരികയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന മുസ്ലീങ്ങളുള്‍പ്പെടെയുള്ള ധാരാളം പേര്‍ കശ്മീരിലുണ്ട്. എന്നാല്‍ മതപരിവര്‍ത്തനത്തെക്കുറിച്ച് ആരും ചിന്തിക്കാന്‍ പോലും ധൈര്യപ്പെടുകയില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന ഒരാള്‍ ഏറെക്കാലത്തെ ആലോചനകള്‍ക്കും പഠനങ്ങള്‍ക്കും ശേഷം 2008-ല്‍ ക്രിസ്തുമതം സ്വീകരിക്കുകയുണ്ടായി. പക്ഷേ അദ്ദേഹത്തെ മതമൗലികവാദികള്‍ പോയിന്‍റ് ബ്ലാങ്കില്‍ വെടിവച്ചു കൊന്നു. അതുകൊണ്ട് പരസ്യമായി മതപരിവര്‍ത്തനത്തിന് ആരും തയ്യാറാകുകയില്ല.

ബുദ്ധമതസ്ഥര്‍ക്കു ഭൂരിപക്ഷമുള്ള ലഡാക്കിലും നമുക്കു പള്ളിയുണ്ട്, ചെറിയൊരു ക്രൈസ്തവ സമൂഹവുമുണ്ട്. അവിടെയും നമുക്ക് സ്കൂളും മഠവും ഒക്കെയുണ്ട്. ഒന്നേകാല്‍ നൂറ്റാണ്ടോളമായി ക്രിസ്ത്യന്‍ മിഷണറിമാര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. നാം ഇവിടെയുള്ളതുകൊണ്ട് ക്രിസ്ത്യാനികള്‍ എന്നാല്‍ എന്താണെന്നും ക്രിസ് ത്യന്‍ ആരാധന എന്താണെന്നും ക്രിസ്ത്യന്‍ പള്ളികള്‍ എങ്ങനെയാണെന്നും എല്ലാം അവര്‍ക്കറിയാന്‍ സാധിക്കുന്നു. ക്രിസ്മസിനൊക്കെ പള്ളികളില്‍ നിറയെ ആളുകള്‍ ഉണ്ടായിരിക്കും. ഞായറാഴ്ചകളിലും ആരാധനയ്ക്ക് മറ്റു മതസ്ഥര്‍ എത്താറുണ്ട്. വിദ്യാഭ്യാസ, ആരോഗ്യരംഗങ്ങളില്‍ വലിയ സേവനം നാം ചെയ്യുന്നു. അങ്ങിനെ സേവനം ചെയ്തുകൊണ്ടു നിലനില്‍ക്കുക എന്നതു തന്നെയാണ് ഇവിടത്തെ മിഷന്‍.

Leave a Comment

*
*