ഫാ.ടോം: സംഘര്‍ഷഭൂമിയിലേയ്ക്കു മടങ്ങിയത് ആത്മാര്‍ത്ഥതയുടെ പേരില്‍

ഫാ.ടോം: സംഘര്‍ഷഭൂമിയിലേയ്ക്കു  മടങ്ങിയത് ആത്മാര്‍ത്ഥതയുടെ പേരില്‍

ഫാ. ടോം ഉഴുന്നാലില്‍ ബന്ധിയാക്കപ്പെട്ടിട്ട് ഈ കഴിഞ്ഞ മാര്‍ച്ച് 4-ന് ഒരു വര്‍ഷം പൂര്‍ത്തിയായി. അദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്ന മറ്റൊരു മലയാളി വൈദികനാണ് ഫാ. ജോര്‍ജ്ജ് മുട്ടത്തുപറമ്പില്‍ SDB. അദ്ദേഹം യെമനിലെ സ്ഥിതിയും സംഘര്‍ഷങ്ങളും പങ്കുവയ്ക്കുന്നു:

ഭൂപടത്തില്‍ സൗദി അറേബ്യയുടെ താഴെ, ഒമാന്‍റെ വലതു വശത്ത് ചെങ്കടലിന് ഇടതുവശ ത്തായി സ്ഥിതി ചെയ്യുന്ന ചെറിയൊരു രാജ്യമാണ് യെമന്‍. ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും ദരിദ്രമായ രാജ്യവും അതു തന്നെയാണ്. യെമനിലെ പള്ളികളെല്ലാം ദക്ഷിണ അറേബ്യന്‍ വികാരിയാത്തിന്‍റെ കീഴിലാണു വരുന്നത്. ഈ വികാരിയാത്തിനു കീഴില്‍ യുഎഇ, ഒമാന്‍, യെമന്‍ എന്നീ മൂന്നു രാജ്യങ്ങളാണുള്ളത്. ബിഷപ് പോള്‍ ഹിന്‍ഡറാണ് വികാരിയാത്തിന്‍റെ തലവന്‍. കത്തോലിക്കാസഭയ്ക്കു യെമനില്‍ നാലു സ്ഥലങ്ങളിലായി ഇടവകകള്‍ ഉണ്ടായിരുന്നു. യെമന്‍ നൂറു ശതമാനവും മുസ്ലീങ്ങളുടെ രാജ്യമാണ്. അവിടെ ജോലിക്കു വന്നിട്ടുള്ള ഇന്ത്യ, ഫിലിപ്പീന്‍സ്, ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നു വന്നിട്ടുള്ള വിശ്വാസികള്‍ക്കു വേണ്ടിയാണ് ഈ നാല് ഇടവകകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
മദര്‍ തെരേസായുടെ പ്രവര്‍ത്തനം 1973-ലാണ് യെമനില്‍ ആരംഭിക്കുന്നത്. അന്നത്തെ പ്രസിഡന്‍റ് ഔദ്യോഗികമായി ക്ഷണിക്കുകയും മദര്‍ അവിടെ പോയി സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുകയും സമ്മതമറിയിക്കുകയുമായിരുന്നു. അതിനു ശേഷം പ്രസിഡന്‍റിനോട് ഒരു കാര്യം ആവശ്യപ്പെട്ടു. ഞങ്ങള്‍ വന്നു പ്രവര്‍ത്തിക്കണമെങ്കില്‍ ഓരോ സ്ഥലത്തും ഓരോ വൈദികനുണ്ടായിരിക്കണം. പ്രസിഡന്‍റ് അനുവദിച്ചു. അങ്ങനെയാണ് വൈദികര്‍ അവിടെ എത്തുവാന്‍ ഇടയായതും നാല് ഇടവകകള്‍ ആരംഭിച്ചതും.
മദറിന്‍റെ പ്രവര്‍ത്തനം ഒരിക്കലും മതപരിവര്‍ത്തനത്തിനു വേണ്ടിയായിരുന്നില്ല. ഇപ്പോള്‍ ഏകദേശം 45 വര്‍ഷമായി മിഷണറീസ് ഓഫ് ചാരിറ്റി അവിടെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട്. ആരേയും മതപരിവര്‍ത്തനം നടത്തിയിട്ടില്ല. മറിച്ച്, പാവങ്ങളില്‍ പാവപ്പെട്ടവരെ പരിപാലിക്കുന്നതിന്, അവരില്‍ യേശുവിനെ കണ്ടുകൊണ്ട്, അവര്‍ക്കുവേണ്ടി നിസ്വാര്‍ത്ഥ സേവനമാണ് മിഷണറീസ് ഓഫ് ചാരിറ്റി അവിടെ ചെയ്തുകൊണ്ടിരുന്നത്. ക ത്തിയെരിയുന്ന മെഴുകുതിരികള്‍ പോലെ തങ്ങളുടെ ജീവിതം അവര്‍ക്കായി സമര്‍പ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു സിസ്റ്റര്‍മാര്‍.
2010-ലാണ് ടോമച്ചനും ഞാനും ആദ്യമായി യെമനിലേയ്ക്കു പോകുന്നത്. ടോമച്ചന്‍ തായീസ് ഇടവകയുടെ വികാരിയായി രണ്ടു വര്‍ഷം സേവനം ചെയ്തു. അതിനു ശേഷം ഏഡനിലെ പള്ളിയിലേയ്ക്കു സ്ഥലം മാറി പോയി. അവിടെ രണ്ടു വര്‍ഷം പ്രവര്‍ത്തിച്ചു. പിന്നീട് അസുഖം കാരണം അദ്ദേഹത്തിനു തിരികെ പോരേണ്ടി വന്നു. 2011-ല്‍ അറബ് വസന്തം ഉണ്ടായി. സ്വേച്ഛാധിപതികളെ പലയിടത്തും മാറ്റുകയും ഭരണമാറ്റങ്ങള്‍ വരികയും ചെയ്തു. യെമനിലും അതിന്‍റെ അലയൊലികളുണ്ടായി. യാത്ര ചെയ്യാനൊക്കെ അന്നു ഞങ്ങള്‍ക്കു വളരെയേറെ ബുദ്ധിമുട്ടുകളുണ്ടായി. അന്നത്തെ പ്രസിഡന്‍റിനെ മാറ്റി, വൈസ് പ്രസിഡന്‍റിനെ പ്രസിഡന്‍റായി നിയമിക്കുകയും രണ്ടു വര്‍ഷത്തിനുള്ളില്‍ പുതിയ ഭരണഘടനയുണ്ടാക്കി തിരഞ്ഞെടുപ്പു നടത്താന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ രണ്ടു വര്‍ഷം കഴിഞ്ഞിട്ടും കാര്യമായ പുരോഗതി ഒന്നും ഉണ്ടായില്ല. എന്നു മാത്രമല്ല, ധാരാളം അഴിമതി നിലവില്‍ വരികയും ചെയ്തു. ഇതിനെതിരെ അവിടെയുള്ള ഒരു ഗോത്രവര്‍ഗമായ ഹൂതികള്‍ പ്രക്ഷോഭത്തിനിറങ്ങി. ഇതു കണ്ടപ്പോള്‍ തനിക്കു വീണ്ടും അധികാരത്തിലേയ്ക്കു വരാന്‍ കഴിഞ്ഞേക്കും എന്നു കരുതി പഴയ പ്രസിഡണ്ട് പ്രക്ഷോഭകാരികളുടെ കൂടെ ചേര്‍ന്നു. പഴയ പ്രസിഡന്‍റിന്‍റെ കൂടെയുണ്ടായിരുന്ന പട്ടാളക്കാരും ഹൂതികളും പഴയ പ്രസിഡന്‍റും ചേര്‍ന്ന് പ്രക്ഷോഭം ശക്തമാക്കി. അവര്‍ തലസ്ഥാനമായ സന പിടിച്ചടക്കി. പ്രസിഡന്‍റിനെ അവര്‍ ബന്ദിയാക്കി. ഒരു മാസത്തിനു ശേഷം അദ്ദേഹം രക്ഷപ്പെട്ട് ഏഡനിലെത്തി. അവിടെ അദ്ദേഹം തന്‍റെ ഭരണം പുനരാരംഭിച്ചു. എന്നാല്‍ ഹൂതികള്‍ അവിടെയും ചെന്നു കീഴടക്കി. പ്രസിഡന്‍റ് രക്ഷപ്പെട്ട് സൗദിയില്‍ ചെന്നു സഹായമഭ്യര്‍ത്ഥി ച്ചു. ഉടന്‍ സൗദി ഗവണ്‍മെന്‍റ് യുഎന്‍ അനുമതിയൊന്നും കൂടാതെ തന്നെ, ഗള്‍ഫ് രാജ്യങ്ങളെയും കൂടെക്കൂടിയെ മറ്റുള്ളവരെയും ചേര്‍ ത്ത് ഏഡനില്‍ അവരുടെ യുദ്ധം ആരംഭിച്ചു. ഐസിസുകാരും അല്‍ഖ്വയിദക്കാരും മറ്റു ഭീകരസംഘങ്ങളുമെല്ലാം ഇതിനായി സൗദിയുടെ കൂടെ ചേരുകയുണ്ടായി.
ആദ്യം ബോംബ് വര്‍ഷം മാത്രമായിരുന്നു നടത്തിയിരുന്നത്. പിന്നീട് ഏഡന്‍ നഗരത്തില്‍ കരസേന ഇറങ്ങുകയും മൂന്നു മാസത്തോളം വളരെ രൂക്ഷമായ യുദ്ധം നടക്കുകയും ചെയ്തു. യുദ്ധം തുടങ്ങിയപ്പോള്‍ ഇന്ത്യന്‍ ഗവണ്‍മെ ന്‍റ് ഏകദേശം അയ്യായിരത്തോളം ഇന്ത്യാക്കാരെ അവിടെ നിന്നു കപ്പലുകള്‍ വഴിയും വിമാനങ്ങള്‍ വഴിയും സുരക്ഷിതമായി പുറത്തു കടത്തി. എന്നിട്ടും നിരവധി ആള്‍ക്കാര്‍ എല്ലാ സ്ഥലങ്ങളിലും പിന്നെയും അവശേഷിച്ചിരുന്നു.
ആ ഘട്ടത്തില്‍ ഞങ്ങള്‍ നാലു പേരില്‍ മൂന്നു പേരും തിരിച്ചു പോന്നു. ഞാന്‍ മാത്രം അവിടെ നിന്നു. സിസ്റ്റര്‍മാര്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ ഒരാളെങ്കിലും അവിടെ നില്‍ക്കേണ്ടതുണ്ടായിരുന്നു. മൂന്നു മാസം ഏഡനില്‍ യുദ്ധം നടന്നു. അതിനു ശേഷം വിമതരെ അവിടെ നിന്ന് ഓടിക്കാന്‍ കഴിഞ്ഞു. പക്ഷേ അതിനു ശേഷമാണ് അവിടെ പ്രശ്നങ്ങള്‍ കൂടുതലായി ഉണ്ടായത്. സൗദി സഖ്യസേനയിലുണ്ടായിരുന്ന ഭീകരന്മാര്‍ അവിടെ സ്വന്തം സ്ഥാനം നിലനിറുത്തുന്നതിനായി യുദ്ധം ചെയ്തു. ഹോസ്പിറ്റലുകളില്‍ മരുന്നും ജോലിക്കാരും ഇല്ലാത്ത സ്ഥിതിയുണ്ടായി. എല്ലായിടത്തും അക്രമങ്ങള്‍. സദാസമയവും ഭീകരവാദികളുടെ അഴിഞ്ഞാട്ടം.
ഈ സമയത്ത് ടോമച്ചന്‍ ബാംഗ്ലൂരിലായിരുന്നു. താന്‍ അവിടെ തനിച്ചായതിനാല്‍ ഞാനും കൂടി വരാം എന്നു പറഞ്ഞാണ് ഈ മൂന്നു മാസത്തിനു ശേഷം ടോമച്ചന്‍ തിരിച്ചെത്തിയത്. ജൂലൈ മാസത്തില്‍ അദ്ദേഹം യെമനിലെത്തി. ആദ്യം സനയിലും പിന്നീട് ഏദനിലും എത്തിച്ചേര്‍ന്നു. അപ്പോഴേയ്ക്കും ഏദനില്‍ നിന്നു വിമതരെ ഓടിച്ചിരുന്നു. വിമതരെ ഓടിച്ചു കഴിഞ്ഞതോടെ ഭീകരസംഘങ്ങള്‍ അവിടെ പ്രവര്‍ത്തനമാരംഭിച്ചിരുന്നല്ലോ. നമ്മുടെ മൂന്നു പള്ളികളും ഭീകരര്‍ ബോംബ് വച്ചും തീയിട്ടും നശിപ്പിച്ചു. യുദ്ധം തുടങ്ങിയതു മുതല്‍ പള്ളികളില്‍ വൈദികര്‍ക്കു നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. ഇപ്പോള്‍ രണ്ടു സ്ഥലങ്ങളില്‍ മാത്രമേ സിസ്റ്റര്‍മാരും പള്ളികളും അവശേഷിക്കുന്നുള്ളൂ.
അന്ന്, സിസ്റ്റര്‍മാരുടെ വൃദ്ധസദനത്തില്‍ വന്ന് ഭീകരന്മാര്‍ ജോലിക്കാരെ ഓരോരുത്തരെയായി വെടിവച്ചു വീഴ്ത്തി. നാലു സിസ്റ്റര്‍മാരെ വധിച്ചു. സുപ്പീരിയര്‍ സിസ്റ്റര്‍ മാത്രമാണ് രക്ഷപ്പെട്ടത്. സിസ്റ്റര്‍മാരൊഴികെ വധിക്കപ്പെട്ടവരെല്ലാം മുസ്ലീങ്ങള്‍ തന്നെയാണ്. അതുകണ്ട് അന്തേവാസികളിലൊരാള്‍ ചോദിച്ചു, എന്തുകൊണ്ടാണ് മുസ്ലീങ്ങളെയും കൊല്ലുന്നത്? അവര്‍ ക്രൈസ്തവരുടെ സഹായങ്ങള്‍ സ്വീകരിക്കുന്നതുകൊണ്ടാണു കൊല്ലുന്നതെന്നായിരുന്നു ഭീകരവാദികളുടെ മറുപടി. പ്രഭാതഭക്ഷണം കഴിഞ്ഞ് പള്ളിയില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് അവര്‍ ടോമച്ചനെ പിടിക്കുന്നത്. അള്‍ത്താരയില്‍ നിന്നു തുണിയെടുത്ത് അച്ചനെ മൂടി കൈകള്‍ കെട്ടി കാറില്‍ കയറ്റി കൊണ്ടു പോയെന്നാണ് പിന്നീട് അറിയാന്‍ കഴിഞ്ഞത്. പതിനൊന്നേമുക്കാലായപ്പോള്‍ സിസ്റ്റര്‍ സാലി എന്നെ വിളിച്ച് ഇതറിയിക്കുകയായിരുന്നു. ഞാനുടന്‍ തന്നെ ബിഷപ് പോള്‍ ഹിന്‍ഡറിനെ അറിയിക്കുകയും അദ്ദേഹം പ. പിതാവിനെ അറിയിക്കുകയും ചെയ്തു. വത്തിക്കാനില്‍ നിന്നുള്ള ഇടപെടലിനെ തുടര്‍ന്ന് പട്ടാളക്കാര്‍ വരികയും സി. സാലിയെ പെട്ടെന്നു രക്ഷപ്പെടുത്തി അബുദാബിയിലും പിന്നീട് ജോര്‍ദാനിലും എത്തിക്കുകയും ചെയ്തു. ഒരു ഡോക്ടറുടെ ശ്രമഫലമായി നാലു സിസ്റ്റര്‍മാരുടെ മൃതദേഹം ബ്രിട്ടീഷുകാരുടെ കാലത്തുള്ള ഒരു പഴയ സെമിത്തേരിയില്‍ അടക്കം ചെയ്തു. ഭീകരര്‍ക്കു പണം കൊടുത്ത ശേഷമാണ് ഇതിനുള്ള അനുമതി ലഭിച്ചത്.
അതിനു ശേഷം ടോമച്ചനെ കുറിച്ച് കാര്യമായ വിവരങ്ങളൊന്നും നമുക്കു ലഭിച്ചിട്ടില്ല. വലിയ തുക മോചനദ്രവ്യം ആവശ്യപ്പെട്ടുവെന്ന് അനൗദ്യോഗികമായി അറിയുന്നു. ടോമച്ചന്‍റെ മോചനം എത്രയും വേഗം സാദ്ധ്യമാകട്ടെയെന്നു നമുക്കെല്ലാം തീക്ഷ്ണമായി പ്രാര്‍ത്ഥിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org