142-ാം ജന്മദിനം ആഘോഷിക്കുന്ന ദൈവദാസന്‍ വര്‍ഗീസ് പയ്യപ്പിള്ളിയച്ചന്‍ – ആശയറ്റവരുടെ പിതാവ്

142-ാം ജന്മദിനം ആഘോഷിക്കുന്ന  ദൈവദാസന്‍ വര്‍ഗീസ് പയ്യപ്പിള്ളിയച്ചന്‍ – ആശയറ്റവരുടെ പിതാവ്

സി. റെയ്സി എസ്.ഡി.
സുപ്പീരിയര്‍ ജനറല്‍, സിസ്റ്റേഴ്സ് ഓഫ് ഡെസ്റ്റിറ്റ്യൂട്ട്

1876 ഓഗസ്റ്റ് 8-ന് എറണാകുളം ജില്ലയില്‍ പെരുമാനൂര്‍ എന്ന സ്ഥലത്ത് ജനിച്ച ദൈവദാസന്‍ വര്‍ഗീസ് പയ്യപ്പിള്ളിയച്ചന്‍, കഷ്ടതയനുഭവിക്കുന്ന ദരിദ്രസഹോദരങ്ങളെ ഉദ്ധരിക്കുവാന്‍ ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു പുണ്യപുരുഷനാണ്.

ഒന്നാം ലോകമഹായുദ്ധത്തിന്‍റെ കെടുതികളും, കൊല്ലവര്‍ഷം 1099-ലെ (1924) വെള്ളപ്പൊക്കവും മൂലം ദുരിതമനുഭവിച്ചിരുന്ന വൃദ്ധജനങ്ങളെ ഉദ്ധരിക്കുവാന്‍ നടത്തിയ ശ്രമങ്ങളിലൂടെയാണ് ദൈവം തനിക്ക് നല്‍കിയ പ്രത്യേകമായ വിളിക്ക് അദ്ദേഹം പ്രത്യുത്തരം നല്‍കിയത്. 90 വര്‍ഷങ്ങള്‍ക്കുമുന്‍പ് വൃദ്ധജനങ്ങള്‍ക്കുവേണ്ടി പ്രത്യേക സ്ഥാപനങ്ങളോ പ്രസ്ഥാനങ്ങളോ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ വാര്‍ദ്ധക്യത്തിന്‍റെ നിസഹായതയില്‍ വീടുകളില്‍നിന്നും പുറന്തള്ളപ്പെട്ടിരുന്ന സഹോദരങ്ങള്‍ക്കുവേണ്ടി കേരളത്തില്‍ ഒരു ഭവനം രൂപപ്പെടുത്തുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. സന്യാസജീവിതം ആഗ്രഹിച്ച കിഴക്കമ്പലം സ്വദേശികളായ 5 യുവതികളെ ചേര്‍ത്ത് ആലുവയ്ക്കടുത്ത് ചുണങ്ങംവേലിയില്‍, എറണാകുളം രൂപതയുടെ മെത്രാനായിരുന്ന അഭിവന്ദ്യ അഗസ്റ്റിന്‍ കണ്ടത്തില്‍പിതാവിന്‍റെ അനുഗ്രഹാശിസുകളോടെ അഗതികളുടെ സഹോദരിമാരുടെ ഒരു കന്യകാമഠം സ്ഥാപിച്ചുകൊണ്ടാണ് അദ്ദേഹം തന്‍റെ വീരോചിതമായ പ്രവര്‍ത്തനം ആരംഭിച്ചത്. ആലുവ സെന്‍റ് മേരീസ് സ്ക്കൂള്‍ മാനേജരായിരുന്ന വര്‍ഗീസ് പയ്യപ്പിള്ളിയച്ചന്‍, സാധുമന്ദിരത്തിനുവേണ്ടിയുള്ള ഉപജീവനമാര്‍ഗം കണ്ടുപിടിക്കുന്നതിനായി മുനിസിപ്പല്‍ ചെയര്‍മാന്‍ ഖാന്‍ സാഹിബ്ബ് കാദര്‍പിള്ള, കൗണ്‍സില്‍ പ്രസിഡന്‍റ് അഡ്വക്കേറ്റ് ജോസഫ് നടുവത്തുശ്ശേരി തുടങ്ങിയ ബഹുമാന്യരായ വ്യക്തികളുമായി നടത്തിയ ആലോചനയോഗത്തിന്‍റെ തീരുമാനമനുസരിച്ച് പുതുക്കന്യാസ്ത്രീകളായ അര്‍ത്ഥിനികളോടൊപ്പം ആലുവ ചന്തയിലും പരിസരത്തും ഭിക്ഷാടനം നടത്തി. കൂടാതെ ആലുവ സെന്‍റ് മേരീസ് ഇംഗ്ലീഷ് സ്ക്കൂളിലെ ബോര്‍ഡിങ്ങ് കുട്ടികള്‍ക്ക് ഭക്ഷണത്തിനുവേണ്ടിയുള്ള നെല്ലുകുത്തിക്കൊടുത്ത്, അതിന്‍റെ വരുമാനം പാവങ്ങള്‍ക്കായി ഉപയോഗിക്കുവാന്‍ ആദ്യഅംഗങ്ങളെ പ്രേരിപ്പിച്ചതും ദൈവദാസന്‍റെ വേറിട്ട വഴികളായിരുന്നു.
കടമക്കുടി, ആലങ്ങാട്, ആരക്കുഴ എന്നീ ഇടവകകളില്‍ വികാരിയായിരുന്ന അദ്ദേഹം നല്ലൊരു ആത്മീയാചാര്യനെന്ന നിലയില്‍ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടാണ് കടന്നുപോയത്. മീന്‍കുന്നം പളളിയുടെ സ്ഥാപകനായ അദ്ദേഹത്തെ ഇന്നും മീന്‍കുന്നം നിവാസികള്‍ നന്ദിയോടെ ഓര്‍ക്കുന്നു. ശ്രേഷ്ഠരായ ധാരാളം വ്യക്തികളെ രൂപപ്പെടുത്തിയ ആലുവ സെന്‍റ് മേരീസ് ഇംഗ്ലീഷ് സ്ക്കൂളിന്‍റെ ചരിത്രത്തില്‍ രണ്ടുപ്രാവശ്യം മാനേജരായിരുന്ന പയ്യപ്പിള്ളി വര്‍ഗീസച്ചന്‍ കുട്ടികളുടെ ആത്മീയ, മാനസിക, ബൗദ്ധിക വളര്‍ച്ചയ്ക്കുവേണ്ടി വസ്തുനിഷ്ഠമായും വ്യക്തിനിഷ്ഠമായും ശിക്ഷണം നല്‍കിയ ഗുരുശ്രേഷ്ഠനായിരുന്നു. ദിവ്യകാരുണ്യ ഭക്തിയില്‍ ജ്വലിച്ചിരുന്ന അദ്ദേഹത്തിന്‍റെ തീക്ഷ്ണത റെയില്‍വേ തൊഴിലാളികള്‍ക്കുവേണ്ടി എല്ലാ ഞായറാഴ്ചയും ഷൊര്‍ണ്ണൂര്‍വരെ യാത്രചെയ്ത് വിശുദ്ധബലി അര്‍പ്പിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. ഈ പുണ്യദേഹം സ്ഥാപിച്ച അഗതികളുടെ സഹോദരിമാരുടെ സന്യാസിനി സമൂഹം (എസ്.ഡി സിസ്റ്റേഴ്സ്) ഇന്ന് 11 രാജ്യങ്ങളില്‍ 131 സ്ഥാപനങ്ങളിലായി 1,372-ഓളം വൃദ്ധസഹോദരങ്ങള്‍ക്കും, പലതരത്തില്‍ വേദന അനുഭവിക്കുന്ന രോഗികളും അശരണരുമായ 37,930-ഓളം സഹോദരങ്ങള്‍ക്കും സ്നേഹശുശ്രൂഷ ചെയ്യുന്നു.

കാലത്തിന്‍റെ ആവശ്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിച്ച വര്‍ഗീസ് പയ്യപ്പിള്ളിയച്ചന്‍റെ 142-ാം ജന്മദിനം ഓഗസ്റ്റ് 8-ന് ആഘോഷിക്കുയാണ്. കോന്തുരുത്തിയില്‍ ദൈവദാസന്‍റെ കബറിടത്തില്‍ നിന്നും ലഭിക്കുന്ന നന്ദിക്കുറിപ്പുകളില്‍ പലരും രേഖപ്പെടുത്തിയിരിക്കുന്നത് ആശയറ്റവരുടെ പിതാവായ ദൈവദാസന്‍ വര്‍ഗീസ് പയ്യപ്പിള്ളിയച്ചന്‍ എന്നാണ്. 2009 ഓഗസ്റ്റ് 25ന് എറണാകുളം-അങ്കമാലി അതിരൂപതയില്‍ ആരംഭിച്ച നാമകരണനടപടികളുടെ രേഖകളില്‍ ഇപ്പോള്‍ റോമില്‍ പഠനം നടക്കുകയാണ്. ആശയറ്റവര്‍ക്ക് എന്നും സഹായമായിരുന്ന ദൈവദാസന്‍ തിരുസഭാമക്കള്‍ക്ക് മുഴുവനും വേണ്ടി ഒരു വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്ന ദിവസം ത്വരിതപ്പെടട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org