ഫ്രാന്‍സിസ് മാര്‍പാപ്പ: ധീരമായ നേതൃത്വം

ഫ്രാന്‍സിസ് മാര്‍പാപ്പ: ധീരമായ നേതൃത്വം

ഫ്രാന്‍സിസ് മാര്‍പാപ്പ ആഗോളസഭയ്ക്കു പകരുന്ന നവചൈതന്യത്തെ യൂറോപ്പിലെ ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ നോക്കിക്കാണുകയാണു മാര്‍പാപ്പയുടെ സന്യാസസമൂഹത്തിലെ അംഗം കൂടിയായ ഫാ. ഹെന്‍റി പട്ടരുമഠത്തില്‍ എസ്.ജെ.

ഫ്രാന്‍സിസ് മാര്‍പാപ്പ യൂറോപ്പില്‍ വലിയ മാറ്റമുണ്ടാക്കിയിട്ടുണ്ട്. സഭയോടുണ്ടായിരുന്ന അകല്‍ചയും പുച്ഛവും കുറഞ്ഞു. മാറ്റി നിറുത്തപ്പെട്ടവര്‍ക്കു പ്രത്യാശയുണ്ടായിട്ടുണ്ട്. കത്തോലിക്കരെന്നു പറയാന്‍ സന്തോഷമുള്ള ഒരന്തരീക്ഷം ഉണ്ടായിട്ടുണ്ട്. മാനുഷികമൂല്യങ്ങള്‍ കത്തോലിക്കാസഭയ്ക്കു പ്രധാനപ്പെട്ടതാണ് എന്ന സന്ദേശം ലോകത്തിനു നല്‍കാന്‍ മാര്‍പാപ്പയ്ക്കു കഴിഞ്ഞു. അധികാരമേധാവിത്വങ്ങളുടെ സഭയല്ല, മുറിവേറ്റ സഭയാണിതെന്നും കരുണയും സ്നേഹവുമാണ് സഭയുടെ മുഖമുദ്രകളെന്നുമുള്ള സന്ദേശം നിരന്തരമായി നല്‍കിക്കൊണ്ടിരിക്കുകയാണ് പാപ്പ. ഒന്നോ രണ്ടോ പ്രസംഗങ്ങളില്‍ ആര്‍ക്കും ഇതു പറയാം. പക്ഷേ നാലഞ്ചു വര്‍ഷങ്ങളായി നിരന്തരം സ്ഥിരതയോടെ ഇതു പറയുകയും ജീവിക്കുകയും ചെയ്യുക എന്നത് എളുപ്പമല്ല. യൂറോപ്പില്‍ മാത്രമല്ല, ലോകത്തിലെല്ലായിടത്തേയ്ക്കും അതു വിനിമയം ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ വന്നപ്പോള്‍ ഹിന്ദുവും കമ്യൂണിസ്റ്റുമായ ഒരു സുഹൃത്ത് എന്നോടു പറഞ്ഞു, "ഹെന്‍റി, നിങ്ങളുടെ പാപ്പ കൊള്ളാട്ടോ." കേരളത്തിലെ ഒരു അക്രൈസ്തവപശ്ചാത്തലത്തിലെ ഒരാള്‍ ഇങ്ങനെ പറയണമെന്നുണ്ടെങ്കില്‍ പാപ്പയുടെ സന്ദേശം ലോകത്തിലെല്ലായിടത്തും എത്തിയിട്ടുണ്ടെന്നാണ് അര്‍ത്ഥം.

എല്ലാ കാലത്തും സഭയ്ക്കുള്ള ഭാവം തന്നെയാണിത്. പക്ഷേ ഇന്ന് അത് എടുത്തു കാണിക്കപ്പെടുന്നത് പാപ്പയിലൂടെയാണ്. പാപ്പയുടെ ലാളിത്യത്തേക്കാള്‍ എന്നെ ആകര്‍ഷിക്കുന്നത് അദ്ദേഹത്തിന്‍റെ ധീരതയാണ്. ഒന്നിനെയും പേടിയില്ല. ദൈവത്തെ ശരിയായി അനുഭവിച്ച്, ആ ദൈവാനുഭവത്തില്‍ നിന്നു സംസാരിക്കുന്ന മനുഷ്യനാണ് അദ്ദേഹം. എനിക്കെന്തു സംഭവിച്ചാലും കുഴപ്പമുണ്ടാകില്ല, എനിക്കു ലഭിച്ചുകൊണ്ടിരിക്കുന്ന ദൈവികപ്രചോദനം ഞാന്‍ വിളിച്ചു പറയും എന്ന ധീരതയോടെ അദ്ദേഹം മുന്നോട്ടു പോകുന്നു.

സമര്‍പ്പണത്തിന്‍റെ ഏറ്റവും വലിയ തടസം നമ്മുടെ ഈഗോയും സ്വാര്‍ത്ഥതയുമാണ്. അതായത്, എനിക്കെന്തു സംഭവിക്കും, എന്‍റെ പേരിനെന്തു സംഭവിക്കും, എന്‍റെ സമുദായത്തിനെന്തു സംഭവിക്കും എന്ന ചിന്ത. ഇങ്ങനെ ചി ന്തിച്ചുകൊണ്ടിരുന്നാല്‍ എനിക്കൊരിക്കലും സമര്‍പ്പിക്കാന്‍ സാധിക്കില്ല. കാരണം, എന്തു ചെയ്താലും ഈ ചിന്ത ഉയര്‍ന്നു വരും. ആ സ്വാര്‍ത്ഥതയുടെ തലത്തെ ആര്‍ക്കു ഭേദിക്കാന്‍ കഴിയുമോ അവര്‍ക്കു മാത്രമേ സമര്‍പ്പണം സാധിക്കുകയുള്ളൂ. ആ ഒരു ധീരതയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കാണിക്കുന്നത്. കുടിയേറ്റ വിഷയം കൈകാര്യം ചെയ്യുമ്പോള്‍ യൂറോപ്പിലെ ക്രൈസ്തവസമൂഹത്തിന് എന്തു സംഭവിക്കും എന്നല്ല അദ്ദേഹം ചിന്തിക്കുന്നത്. എന്‍റെ ദൈവം ക്രിസ്ത്യാനിയല്ല എന്നു പറഞ്ഞ ആളുമാണല്ലോ അദ്ദേഹം. ഗ്രീസില്‍ നിന്നു മുസ്ലീം കുടുംബങ്ങളെ അദ്ദേഹം റോമിലേയ്ക്കു കൊണ്ടു വന്നല്ലോ. അതിനു പല വ്യാഖ്യാനങ്ങള്‍ വരും എന്നറിയാതെയല്ല അദ്ദേഹമതു ചെയ്തത്. എല്ലാം അദ്ദേഹം സ്വതന്ത്രമായി പറയുന്നു. ഇക്കഴിഞ്ഞ വര്‍ഷങ്ങളിലെ യൂറോപ്പിലെ ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തില്‍, അവിടത്തെ അന്തരീക്ഷത്തിലുണ്ടായിരിക്കുന്ന വലിയ മാറ്റം പ്രകടമായി കാണാന്‍ സാധിക്കുന്നുണ്ട്. സഭയോടു ജനങ്ങള്‍ക്കുണ്ടായിരുന്ന പുച്ഛം വന്‍തോതില്‍ മാറി. പള്ളിയില്‍ വരുന്നവരുടെ എണ്ണംകൂടി. വിവാഹം കഴിക്കാതെ ജീവിക്കുന്നവര്‍ക്കും സ്വവര്‍ഗലൈംഗികാഭിമുഖ്യമുള്ളവര്‍ക്കുമൊക്കെ ആശ്വാസം ലഭിക്കുന്നു. സ്വവര്‍ഗലൈംഗികാഭിമുഖ്യമുള്ളവരെ വിധിക്കാന്‍ ഞാനാര് എന്നു ചോദിക്കുക മാത്രമേ പാപ്പ ചെയ്തിട്ടുള്ളൂ. സഭയുടെ ലൈംഗികധാര്‍മ്മികത അചഞ്ചലമായി അവിടെത്തന്നെയുണ്ട്. പക്ഷേ കുറേ പേര്‍ക്ക് ജന്മനാ സ്വവര്‍ഗ ലൈംഗികാഭിമുഖ്യം ഉണ്ടായിപ്പോയെങ്കില്‍ അവരെ അതിന്‍റെ പേരില്‍ അപലപിക്കുന്നതു ന്യായമല്ല. എതിര്‍ലൈംഗികാഭിമുഖ്യമുള്ള ബഹുഭൂരിപക്ഷത്തിനു ഇതു മനസ്സിലാകണമെന്നില്ല. ലൈംഗികന്യൂനപക്ഷത്തിന്‍റെ ജീവിതത്തെ അവരുടെ കണ്ണിലൂടെ കാണാന്‍ ശ്രമിക്കുകയാണ് ആവശ്യം. മാര്‍പാപ്പ അതാണു ചെയ്യുന്നത്. അവരെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നു, വിധിച്ചു മാറ്റി നിറുത്തുന്നില്ല.

വിവാഹമോചനക്കേസുകളില്‍ ബഹുഭൂരിപക്ഷത്തിലും ഒരാള്‍ ഇരയായിരിക്കും. ഇരയുടെ കണ്ണിലൂടെ ഈ സംഭവത്തെ കാണാം. നിയമത്തിന്‍റെ കണ്ണിലൂടെയും കാണാം. ഇരയുടെ കണ്ണിലൂടെ കാണാന്‍ ശ്രമിക്കുകയാണു പാപ്പ ചെയ്തത്. നിയമത്തിന്‍റെ കണ്ണിലൂടെ മാത്രമല്ലാതെ, ഇരയുടെ കണ്ണിലൂടെ കൂടി നോക്കുമ്പോള്‍ നമുക്കവരോടു കുറേക്കൂടി അനുകമ്പ തോന്നും. ഉദാഹരണത്തിന്, ഒരു ഭര്‍ത്താവു മറ്റൊരു സ്ത്രീയുടെ കൂടെ പോയി ജീവിക്കുന്നു. ഉപേക്ഷിക്കപ്പെട്ട സ്ത്രീ ജീവിതകാലം മുഴുവന്‍ ഒറ്റയ്ക്കു ജീവിച്ചുകൊള്ളണം എന്നു പറയാന്‍ നമുക്കെന്തവകാശം? അവള്‍ ഈ സംഭവത്തിന്‍റെ ഇരയാണ്. ഇരയുടെ കണ്ണിലൂടെ കാണുക. അല്ലാതെ വിവാഹമോചനമൊക്കെ ഇനി നിസ്സാരമാണ് എന്ന നിലയ്ക്കല്ല ഇതിനെ വ്യാഖ്യാനിക്കേണ്ടത്.

അമോരിസ് ലെറ്റിഷ്യയെ തുടര്‍ന്നുണ്ടായ ചില വിവാദങ്ങള്‍ ഇതാണല്ലോ. ധാരാളം അതിശയോക്തിവത്കരണങ്ങളും വന്നിട്ടുണ്ട്. ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കുന്ന ഒരു സ്ത്രീയുമായി സംസാരിക്കാനിടയായി. വി. കുര്‍ബാന സ്വീകരിക്കാമോ എന്നതായിരുന്നു അവരുടെ ചോദ്യം. വേറൊരാളുടെ കൂടെയല്ല താമസിക്കുന്നതെങ്കില്‍ കുര്‍ബാന സ്വീകരിക്കുന്നതിനെന്താണു കുഴപ്പം? ഒരു കുഴപ്പവുമില്ല. എന്നാല്‍ വിവാഹമോചിതര്‍ കുര്‍ബാന സ്വീകരിക്കരുതെന്നു കുമ്പസാരിപ്പിച്ച ചില അച്ചന്മാര്‍ പറഞ്ഞത്രെ. ഇവര്‍ വേറെ വിവാഹം കഴിച്ചിട്ടില്ലെങ്കില്‍, ഭര്‍ത്താവ് വിട്ടുപോയി എന്ന കാരണത്തിന് ഇവര്‍ക്കു കുര്‍ബാന കൊടുക്കാതിരിക്കണമെന്നു ഒരു സഭാനിയമവും പറയുന്നില്ല. പക്ഷേ വിവാഹബന്ധങ്ങളുമായി ബന്ധപ്പെട്ടു വരുന്ന നിയമങ്ങളെ ഇത്തരത്തില്‍ അതിശയോക്തിപരമായി വ്യാഖ്യാനിക്കുന്നവരും ഉണ്ട്. അവിടെയൊക്കെ പുതിയ സമീപനം വരണം. ഇവര്‍ മറ്റൊരു വ്യക്തിയുടെ കൂടെയാണു ജീവിക്കുന്നതെങ്കില്‍ കാനന്‍ നിയമമനുസരിച്ച് അവര്‍ പാപത്തില്‍ ജീവിക്കുകയാണ്. അത്തരം പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിച്ചു കൊടുക്കണമെന്നു മാത്രമേ മാര്‍പാപ്പ പറയുന്നുള്ളൂ. അവര്‍ക്കെതിരെ വാതില്‍ അടയ്ക്കുകയല്ല, തുറന്നിടുകയാണു വേണ്ടത് എന്നു പാപ്പ പറയുന്നു.

(സത്യദീപം സബ് എഡിറ്റര്‍ ഷിജു ആച്ചാണ്ടിയുമായി ഫാ. ഹെന്‍റി പട്ടരുമഠത്തില്‍ എസ് ജെ. നടത്തിയ അഭിമുഖസംഭാഷണത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org