ഫ്രാന്‍സിസ് പാപ്പാ പാശ്ചാത്യലോകത്ത്: ആത്മാവില്‍ ദരിദ്രന്‍റെ വിപ്ലവം

ഫ്രാന്‍സിസ് പാപ്പാ പാശ്ചാത്യലോകത്ത്: ആത്മാവില്‍ ദരിദ്രന്‍റെ വിപ്ലവം

ഭാഗം I


ഡോ. റാഫേല്‍ നീലങ്കാവില്‍,
Ph.D.

wisdomcontemplation@yahoo.co.in

1. ഫ്രാന്‍സിസ് പാപ്പാ എന്ന 'ആത്മാവില്‍ ദരിദ്രന്‍'
പൊതുവെ എല്ലാവരും ആഗ്രഹിക്കുന്നതു പോലെ ഈ ലോകത്തില്‍നിന്ന് നേടുവാന്‍ തങ്ങള്‍ക്ക് ഒന്നുമില്ലെന്ന ബോധ്യമുള്ളതും സ്വാര്‍ത്ഥരല്ലാത്തതുമായ വ്യക്തികളെയാണ് നാമെല്ലാം നേതാക്കളായും, സുഹൃത്തുക്കളായും, ബന്ധുക്കളായും ലഭിക്കുവാന്‍ ആഗ്രഹിച്ചും അന്വേഷിച്ചും വലയുന്നത്. ആര്‍ക്കും അത്തരം വ്യക്തികളെ ദോഷകരമായ എന്തെങ്കിലും ചെയ്തു കീഴ്പ്പെടുത്തി എല്ലാറ്റിലും വിട്ടുവീഴ്ച ചെയ്യിച്ചുകൊണ്ട് എല്ലാവര്‍ക്കും 'മാറ്റമില്ലായ്മയുടെ സുഖപ്രദമായ സമാധാനം' സമ്മാനിപ്പിക്കുവാന്‍ സാധിക്കില്ല.

അവര്‍ക്കു ജനങ്ങളില്‍നിന്ന് മറയ്ക്കുവാനോ, ലോകത്തില്‍ ഏതു വിധേനയും നശിപ്പിക്കുവാനോ, തങ്ങള്‍ക്കായി എങ്ങനെയെങ്കിലും നേടുവാനോ ആയി ഒന്നുമില്ല. അവരാണ് 'ആത്മാവില്‍ ദരിദ്രര്‍.' തിന്മ പ്രവര്‍ത്തിക്കുന്നവരെ സ്നേഹസംവാദത്തിലൂടെ കീഴ്പ്പെടുത്തി ആയിരിക്കും അവര്‍ തിന്മകളെ നശിപ്പിക്കുക. സഹിക്കുന്നവരെ പ്രത്യേകിച്ചും, അതോടൊപ്പം 'അധികം സഹിക്കുന്നില്ലാത്ത' വ്യക്തികളെയും, ഭൗതികമായും ആധ്യാത്മികമായും ഉയര്‍ത്തിക്കൊണ്ടുവരുവാന്‍ അവസാനമില്ലാത്തത്ര ശ്രമങ്ങള്‍ക്ക് തയ്യാറായ മനുഷ്യര്‍ക്ക് ആത്മാവില്‍ ദരിദ്രരാകുവാനേ കഴിയൂ.

മരണം വരെ ലഭിക്കുന്ന അനുഗ്രഹീതകാലത്ത് നന്മയ്ക്കായി ഏറ്റവും വിശാലമായ മനഃസാക്ഷിയോടെ ഏറ്റവും അധികം ജനങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുവാനുള്ളതും, മരണം അടുത്തു കഴിഞ്ഞാല്‍ ഉപയോഗശൂന്യം ആയിത്തുടങ്ങുന്നതും ആയ കുറെ 'ആകര്‍ഷണ-വര്‍ധക' സാമഗ്രികള്‍ മനുഷ്യനുണ്ട്. അവ മാത്രമാണ് അറിവ്, അധികാരം, പണം, സൗന്ദര്യം, ലൈംഗികത, കലകള്‍, ആസ്വാദനങ്ങള്‍ മുതലായവ. അവയുടെ അടിസ്ഥാനവും ഉദ്ദേശ്യവും സാര്‍വത്രിക സ്നേഹത്തിലേക്കുള്ള വളര്‍ച്ചയും അതുവഴി ആത്മാവിന്‍റെ വളര്‍ച്ചയും മാത്രമാണ്.

ഈ സത്യങ്ങള്‍ അറിയുന്ന മനുഷ്യരെ ഉണ്ടാക്കിയെടുക്കുന്ന ഒരു ഉപകരണമാണ് 'ആത്മാവില്‍ ദാരിദ്ര്യം' എന്ന പുണ്യം.

മക്കള്‍ കളിക്കോപ്പുകള്‍ക്കു വേണ്ടിയോ, തങ്ങള്‍ ആഗ്രഹിച്ച 'നല്ല' കാര്യങ്ങള്‍ക്കു വേണ്ടിയോ, മാതാപിതാക്കളുടെ സ്നേഹത്തിനു വേണ്ടിയോ പരസ്പരവും മാതാപിതാക്കളോടും തങ്ങളോടു തന്നെയും പലവിധങ്ങളില്‍ വഴക്കിടാറുണ്ടല്ലോ. ഈ മക്കളുടെ മാതാപിതാക്കള്‍ മനുഷ്യത്വമുള്ള മനുഷ്യരാണെന്നു സങ്കല്പിക്കുക. എങ്കില്‍, ആ മാതാപിതാക്കള്‍ മക്കളോട് ക്രൂരമായി പെരുമാറില്ല.

അതായത്, (1) അവര്‍ തന്നെ അത്തരം കുഞ്ഞുങ്ങള്‍ ആയിരുന്നാല്‍ എന്ന പോലെയോ, (2) മനുഷ്യത്വത്തിന്‍റെ ശത്രുക്കളെപ്പോലെയോ, (3) എല്ലായിടത്തും നാം എണ്ണത്തില്‍ കുറവു മാത്രം കാണാറുള്ള മതമൗലികവാദികളെപ്പോലെയോ, (4) സാന്മാര്‍ഗികതയ്ക്കു വേണ്ടി ആരോടും എത്രയൊക്കെ അനീതിപരമായും പടവെട്ടുന്ന മതാത്മക ഗുണ്ടകളെപ്പോലെയോ, (5) മനസ്സുണ്ടെങ്കില്‍ എത്ര നന്നായും പ്രവര്‍ത്തിച്ചു വളര്‍ത്താവുന്ന ആദര്‍ശപരമായ ഏതു കാര്യത്തെയും അപ്രായോഗിക സാങ്കല്‍പികാവസ്ഥ (utopia) എന്ന് എപ്പോഴും വിശേഷിപ്പിക്കുന്ന സര്‍വനിഷേധികളെപ്പോലെയോ… ആ മാതാപിതാക്കള്‍ക്ക് മക്കളോട് പെരുമാറുവാന്‍ കഴിയില്ല. കാരണം, മേല്‍പ്പറഞ്ഞ തരം മനുഷ്യരെല്ലാം സ്നേഹത്തിന്‍റെ കടുത്ത അഭാവത്താല്‍ വലഞ്ഞതിന്‍റെ വേദന ഇനിയും ക്ഷമിച്ചു കഴിഞ്ഞിട്ടില്ലാത്തവര്‍ ആണ്.

ഇത്തരം പെരുമാറ്റരൂപങ്ങള്‍ക്കെതിരായ വിശാല അര്‍ത്ഥമുള്ള പുണ്യമാണ് 'ആത്മാവില്‍ ദാരിദ്ര്യം.' അങ്ങനെയുള്ളവര്‍ തങ്ങളുടെ ആത്മീയ വളര്‍ച്ചയില്‍ മുകളിലേക്കുള്ള പാതയില്‍ ഒരിടത്തും ചെന്നു തട്ടി നില്‍ക്കുന്നില്ല. അവരുടെ വളര്‍ച്ച അവസാനമില്ലാതെ തുടരും, അവരിലൂടെ മറ്റുള്ളവരുടെയും. പക്ഷേ, എത്ര വലിയ പ്രായോഗികതാവാദിയും തങ്ങളുടെ സ്വന്തങ്ങള്‍ക്കുവേണ്ടി ആദര്‍ശപരമായ പരിത്യാഗങ്ങള്‍ ചെയ്യുന്നവര്‍ തന്നെയായി തുടരും! ഇതു കൊണ്ടാണ് മതം ആദര്‍ശങ്ങളുടെ പ്രാവര്‍ത്തികമാക്കല്‍ ജീവിതരൂപമായി സ്വീകരിക്കുന്നവരെ പ്രോത്സാഹിപ്പിക്കണം എന്ന് മനുഷ്യകുലം എന്നും ആഗ്രഹിക്കുന്നത്.

മനുഷ്യവംശം മുഴുവന്‍റെയും ഹൃദയത്തിലും, മനുഷ്യവംശത്തെ മനുഷ്യത്വത്തിന്‍റെ വളര്‍ച്ചയില്‍ സഹായിക്കുന്ന പരിസ്ഥിതിയിലും, ശാസ്ത്രങ്ങളിലും, മതങ്ങളിലും ഇതേ മനുഷ്യവംശത്തിലെ വളരെയധികം പ്രയോജനമാത്ര സമീപനക്കാരായ മനുഷ്യര്‍ ഒരു മഹാപാതകം ചെയ്തു കൊണ്ടിരിക്കുന്നു: സാമ്പത്തികവും, രാഷ്ട്രീയവും, മതപരവും ആയ പ്രായോഗികതാ വാദ പാരമ്പര്യങ്ങള്‍ എന്ന കളകള്‍ അവര്‍ പരസ്പരം മത്സരിച്ചു കൊണ്ട് ഈ ലോകത്ത് വിതയ്ക്കുന്നു (മത്താ. 13:24-30), അവര്‍ പ്രതീക്ഷിച്ച താത്ക്കാലിക ഫലങ്ങളെടുക്കുകയും ചെയ്യുന്നു.

അവരാണ് സാധാരണ ഗതിയില്‍ ഏറ്റവും കൊടിയ സമ്പന്നരും അധീശത്വ സമീപനങ്ങളുള്ള അധികാരികളും ആയിത്തീരുന്നത്. അവരെയും ജീവിക്കുവാന്‍ അനുവദിക്കുക, വിശാല സ്നേഹത്തിലേയ്ക്ക് വളരുവാന്‍ പ്രേരിപ്പിക്കുക, എന്നത് യേശുവിന്‍റെ സമീപനമാണ്.

അവയെല്ലാം ദൈവത്തിലേക്കുള്ള വളര്‍ച്ചയ്ക്കുമുമ്പു മനുഷ്യര്‍ക്കുള്ള, പക്ഷേ ആവശ്യത്തിലധികം നീണ്ടുപോയ, കുട്ടിക്കളികള്‍ മാത്രമാണ് എന്നറിഞ്ഞ്, ആ മനുഷ്യര്‍ക്കെല്ലാം തന്നെയും അനന്തമായ മാനുഷിക വില കല്‍പ്പിച്ചുകൊടുത്ത്, അവരോടും സംവദിക്കുവാനും അവരെയെല്ലാം പരസ്പരം സംവദിപ്പിക്കുവാനും, എല്ലാവിധേനയും പരിശ്രമിക്കുന്ന ഒരു പിതാവാണ് പോപ്പ് ഫ്രാന്‍സിസ് എന്ന് ലോകം അറിഞ്ഞു തുടങ്ങിയിരിക്കുന്നു. വളര്‍ത്തുവാന്‍ മാത്രം വന്നവനാണ് അദ്ദേഹം.

ജീവിതത്തില്‍ ഒരു വ്യക്തി സ്വയം തെരഞ്ഞെടുത്ത പ്രാഥമികതാ ഗണനപ്രകാരം തങ്ങളുടെ ആസ്തിക്യം തങ്ങള്‍ക്കുള്ളതല്ലാതാവുക: ഇതാണ് ആത്മാവില്‍ ദാരിദ്ര്യത്തിന്‍റെ തുടക്കം. ആ അവസ്ഥയില്‍ തറച്ചു നില്‍ക്കാതെ, തങ്ങളുടെ ആസ്തിക്യത്തെ ബോധപൂര്‍വവും മനഃസാക്ഷിയോടുകൂടെയും മറ്റുള്ളവര്‍ക്കുള്ളതായി മാറ്റുക: ഇതാണ് 'ആത്മാവില്‍ ദാരിദ്ര്യ'ത്തിന്‍റെ പാരമ്യത.

പോപ്പ് ഫ്രാന്‍സിസിന്‍റെ തെരഞ്ഞെടുപ്പിനു ശേഷം ഇത്രയും വര്‍ഷങ്ങള്‍ അദ്ദേഹത്തിനു ചുറ്റും എന്താണ് പാശ്ചാത്യ നാടുകളിലും, ലോകം മുഴുവനും, ക്രിസ്തു മതത്തിനുള്ളില്‍ സംഭവിക്കുന്നത്? അദ്ദേഹത്തിന്‍റെ വരവിനു മുന്‍പേ സഭയ്ക്കെതിരെ ആക്ഷേപങ്ങളും അപകീര്‍ത്തികളും ഉണ്ടായിരുന്നു. ഇവയുടെ യാഥാര്‍ത്ഥ്യം അദ്ദേഹം ആദ്യം തന്നെ സ്വീകരിച്ചു, അവയെ നേരിടുവാന്‍ ശ്രമിക്കും എന്ന് വാഗ്ദാനം ചെയ്തു, ശക്തമായ പ്രവര്‍ത്തനം തുടങ്ങി വെച്ചു. അതോടെ അദ്ദേഹത്തെ ശത്രുതയോടെ വീക്ഷിക്കുന്ന രൂഢമൂല വിശ്വാസികളുടെ എണ്ണം പെരുകി. എന്തായിരിക്കാം കാരണങ്ങള്‍ എന്ന് നിങ്ങള്‍ അന്വേഷിക്കേണ്ടതല്ലേ?

ചരിത്രം എന്നും അനുക്രമമായി ആരോഗ്യകരമായ, സമ്യക്കായ വിവേകങ്ങളിലേ വന്നു ചേരൂ എന്നത് ഒരു പ്രകൃതിനിയമമാണ്. മനുഷ്യകുലം ഈ സാംസ്കാരിക വളര്‍ച്ചയുടെ കാലത്തുതന്നെ സ്വയം കുറേ നശിപ്പിച്ചു കഴിഞ്ഞിരിക്കും എന്നതും പ്രസ്താവ്യമാണ്. അതുകൊണ്ട്, ഫ്രാന്‍സിസ് പാപ്പാ തുറന്ന മനോഭാവത്തോടെയും, അതിലധികമായി തന്‍റെതന്നെയും സഭയുടെയും പശ്ചാത്തലത്തിലെ തെറ്റുകള്‍ സമ്മതിക്കുന്നതിന്‍റെ തൃപ്തിയോടെയും ഈ പ്രകൃതി നിയമത്തിലേക്കുള്ള വഴി അന്വേഷിച്ചുകൊണ്ടുള്ള തന്‍റെ ഭരണകാലം തുടങ്ങി. അങ്ങനെ അദ്ദേഹം വഴി പഴയകാലങ്ങളിലേക്കാള്‍ കൂടുതല്‍ ജനങ്ങള്‍ പാപ്പായെ വെറുക്കാതിരിക്കുവാന്‍ പഠിച്ചു.

മേല്‍പ്പറഞ്ഞ പ്രകൃതിനിയമം യൂറോപ്പിലും ലോകമെമ്പാടും ഫ്രാന്‍സിസ് പാപ്പായോടുള്ള സമീപനത്തില്‍ പോലും ഊര്‍ജിതമായി നടപ്പിലാകുന്നത് ഇന്ന് നാം അനുഭവിക്കുന്നു. അദ്ദേഹത്തിനെതിരെ ആഞ്ഞടിച്ചതിനു ശേഷം പരാജയത്തിന്‍റെ കയ്പ്പോടെ തിരിഞ്ഞലയുന്ന തിരമാലകളെപ്പോലുള്ള മതമൗലിക നേതാക്കള്‍ ഇന്ന് ധാരാളം ഉണ്ടല്ലോ. സഭയിലെ കൊള്ളരുതായ്മകളെക്കുറിച്ച് കേള്‍ക്കുമ്പോഴേക്കും വിശ്വാസം നഷ്ടപ്പെടുവാന്‍ കാത്തിരിക്കുന്ന അല്‍പവിശ്വാസികള്‍ അവരെക്കാള്‍ അധികവും. ഈ രണ്ടു തരക്കാരോടും യേശുവിന്‍റെ സ്നേഹമാര്‍ഗം ഇതിനപ്പുറത്താണ് എന്ന് നിശ്ശബ്ദമായി ഓര്‍മ്മിപ്പിക്കുവാന്‍ അദ്ദേഹം ശ്രമിച്ചു കൊണ്ടിരിക്കുന്നു. 'ഞാന്‍ ഇല്ലാതാകുന്നതുവരെ നിങ്ങള്‍ക്കായിത്തന്നെ പ്രവര്‍ത്തിക്കും' എന്ന് അദ്ദേഹം പുഞ്ചിരിയോടെ എന്നും മന്ത്രിക്കുന്നു. ആരും അദ്ദേഹത്തെ കൊല്ലാന്‍ പോകുന്നില്ല. അത്രയും നന്മ കത്തോലിക്കാ സഭയില്‍ ഉണ്ട്.

ഹോര്‍ഹെ മാരിയോ ബെര്‍ഗോളിയോ മെത്രാപ്പോലീത്താ 2013 മാര്‍ച്ച് 13-ന് പാപ്പായായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അവിടെ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനം തന്നെയായിരുന്നു എന്ന് ആരും അധികം പ്രതീക്ഷിച്ചിരിക്കില്ല. ഫ്രാന്‍സിസ് പാപ്പായുടെ പ്രവര്‍ത്തനങ്ങള്‍ കാരണം, ഇനിയൊരിക്കലും പഴയ ആ ലോകത്തിലേക്കു തിരിച്ചു പോകുവാന്‍ സാധിക്കാത്തവിധം സഭയില്‍ മാറ്റങ്ങള്‍ സംഭവിച്ചു തുടങ്ങിക്കഴിഞ്ഞു. അദ്ദേഹംവഴി ആണ് പരിശുദ്ധാത്മാവ് ഇന്നു സഭയില്‍ മാറ്റങ്ങള്‍ നേടിയെടുക്കുന്നത്.

മറ്റൊരു പാപ്പായ്ക്കും മറ്റൊരു വഴി തെരഞ്ഞെടുക്കുവാന്‍ ഇനി സാധിക്കാത്തവിധം കാര്യങ്ങള്‍ നന്മയിലേക്ക് പരിണമിക്കുവാന്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ഇനിയാര്‍ക്കും ഒരു പാപ്പാ ആയിരുന്നു കൊണ്ട് സത്യങ്ങള്‍ ഉദ്ബോധിപ്പിച്ചും സത്യങ്ങളെ മുറുകെപ്പിടിച്ചും മാത്രം ജീവിക്കുക സാധ്യമല്ല. സ്വന്തം വ്യക്തിത്വം തുറന്നു വെച്ചു കൊണ്ട് എല്ലാ സത്യങ്ങളും ലോകത്തിനു മുന്നില്‍ പ്രവര്‍ത്തിച്ചു കാണിച്ചുകൊടുക്കേണ്ടിവരും.

(തുടരും)

(തത്വശാസ്ത്ര അധ്യാപകനായ ഫാ. റാഫേല്‍ നീലങ്കാവില്‍ സൂക്ഷ്മ ഭൗതിക പ്രപഞ്ചോല്പ ത്തി തത്വശാസ്ത്രങ്ങളില്‍ ഡോക്ടറേറ്റുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി യൂറോപ്പില്‍ ശുശ്രൂഷ ചെയ്യുന്നു. ധ്യാനങ്ങള്‍ക്കും ക്ലാസ്സുകള്‍ക്കും നേതൃത്വം നല്കുന്ന ഇദ്ദേഹം ദൈവശാസ്ത്രത്തിലും തത്വശാസ്ത്രത്തിലും ഗവേഷണവും നടത്തുന്നുണ്ട്. തത്വശാസ്ത്രത്തില്‍ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org