ബാല്യം മുതല്‍ പരിശീലിക്കേണ്ട ആശാനിഗ്രഹം

ബാല്യം മുതല്‍ പരിശീലിക്കേണ്ട ആശാനിഗ്രഹം

റൂബി ജോണ്‍ ചിറയ്ക്കല്‍
റിട്ട. അദ്ധ്യാപിക, പാണാവള്ളി

പാപം വിട്ടുപേക്ഷിക്കാന്‍ നാം തീരുമാനമെടുത്താലും അതിനുള്ള പ്രവണത നമ്മില്‍നിന്നകന്നു പോകാന്‍ വിഷമമാണ്. ഇവിടെയാണു തപശ്ചര്യകള്‍ക്കുള്ള പ്രസക്തി. നന്മയില്‍ വളരുന്നതിനുള്ള പ്രതിബന്ധങ്ങളെ ഇല്ലാതാക്കുന്നതിനുളള ആത്മസംയമനം നേടേണ്ടതെങ്ങനെയെന്ന് ഈശോ പ്രസംഗിച്ചല്ല, പ്രവര്‍ത്തിച്ചാണു നമ്മെ പഠിപ്പിച്ചത്.
ആധുനികലലോകവും ഈശോയെ പരീക്ഷിച്ച "സമ്പത്ത്, അധികാരം, സുഖലോലുപത" എന്നീ തിന്മകളാല്‍ ബന്ധിതരാണ്. അവയെ അതിജീവിക്കാന്‍ നോമ്പിന്‍റെയും ഉപവാസത്തിന്‍റെയും പ്രാര്‍ത്ഥനയുടെയും ആത്മബലം കൂടിയേ തീരൂ. സുഖലോലുപത, അധികാരം, സമ്പത്ത് എന്നിവയ്ക്കായി ഈശോ പ്രലോഭിപ്പിക്കപ്പെട്ടു. നോമ്പും ഉപവാസവും പ്രാര്‍ത്ഥനയും വഴി ആത്മബലം നേടിയിരുന്നതിനാലാണ് ഈശോയ്ക്കു പ്രലോഭകനായ പിശാചിനെ തോല്പിക്കാന്‍ സാധിച്ചത്. ദൈവപുത്രനായ ഈശോയെപ്പോലും പ്രലോഭിപ്പിച്ച പിശാച് നമ്മെയും പ്രലോഭിപ്പിക്കുവാന്‍ പലവിധത്തില്‍ എത്തുന്നുണ്ട്. "നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ ആരെ വീഴ്ത്തണമെന്ന് അന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു" എന്നു വി. പത്രോസ് (1 പത്രോ. 5:8) നമ്മെ ഓര്‍മിപ്പിക്കുന്നു.
യഥാര്‍ത്ഥ ഉപവാസമെന്ത് എന്ന് ഏശയ്യ (58:6-8) പഠിപ്പിക്കുന്നു. "ദുഷ്ടതയുടെ കെട്ടുകള്‍ പൊട്ടിക്കുക, നുകത്തിന്‍റെ കയറുകള്‍ അഴിക്കുക, മര്‍ദ്ദിതരെ സ്വതന്ത്രരാക്കുക, എല്ലാ നുകങ്ങളും ഒടിക്കുക. വിശക്കുന്നവനുമായി ആഹാരം പങ്കിടുക, ഭവനരഹിതനെ വീട്ടില്‍ സ്വീകരിക്കുക, നഗ്നനെ ഉടുപ്പിക്കുക, സ്വന്തക്കാരില്‍ നിന്ന് ഒഴിഞ്ഞുമാറാതിരിക്കുക." ആത്മനിയന്ത്രണത്തിനും എളിമപ്പെടുന്നതിനുമുള്ള ഉപവാസമെന്ന തപസ്സ് ഒരു കപടചിഹ്നമാക്കി മാറ്റരുതെന്ന് ഈശോ ആഗ്രഹിക്കുന്നു. ദൈവതിരുമുമ്പില്‍ ഏതു നിയോഗത്തോടെ അത് ഏറ്റെടുക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഉപവാസത്തിന്‍റെ ആദ്ധ്യാത്മിക ഫലസിദ്ധി. എല്ലാ ക്രൈസ്തവരും തങ്ങളുടെ പാപപരിഹാരമായി പ്രായശ്ചിത്തം ചെയ്യാന്‍ കടപ്പെട്ടവരാണെന്ന് കത്തോലിക്കാസഭ പഠിപ്പിക്കുന്നു. പക്ഷേ, ഇടക്കാലത്തു സഭ നോമ്പിന് അല്പം അയവു വരുത്തിയതു പുതുതലമുറയ്ക്കു നോമ്പിനോടുള്ള ആഭിമുഖ്യം കുറയ്ക്കാന്‍ കാരണമായോ എന്നു സംശയമുണ്ട്.
ഒരു വ്യക്തി തന്‍റെ ജീവിതാവസ്ഥയുടെ കടമകളോടുള്ള സ്ഥിരമായ വിശ്വസ്തതയില്‍ പ്രായശ്ചിത്തപുണ്യം അഭ്യസിക്കണം. ഭൗമികജീവിതത്തിന്‍റെ പരീക്ഷകളുടെ ക്ഷാമപൂര്‍വകമായ സഹനത്തില്‍, ആ ജീവിതത്തില്‍ നിറഞ്ഞിരിക്കുന്ന പൂര്‍ണമായ അരക്ഷിതത്വത്തില്‍ അഭ്യസിക്കണം. ദൗര്‍ബല്യങ്ങളും രോഗങ്ങളും ദാരിദ്ര്യവും ദൗര്‍ഭാഗ്യങ്ങളും അനുഭവിക്കുന്നവര്‍ തങ്ങളുടെ സഹനങ്ങളെ, ക്രിസ്തുവിന്‍റെ സഹനത്തോടു കൂട്ടിച്ചേര്‍ക്കണം. പ്രായശ്ചിത്തം ചെയ്യുന്നവരുടെ പരമമാതൃകയാണു ക്രിസ്തു. മറ്റുളളവരുടേതായ പാപങ്ങള്‍ക്കുള്ള ശിക്ഷ സഹിക്കാന്‍ അവിടുന്നു തിരുമനസ്സായി.
ഇന്നു നമ്മള്‍ പിറവിത്തിരുനാളിനൊരുക്കമായി ഇരുപത്തിയഞ്ചു നോമ്പും ഉയിര്‍പ്പുതിരുനാളിനൊരുക്കമായി അമ്പതു നോമ്പും മാതാവിന്‍റെ സ്വര്‍ഗാരോപണത്തിനൊരുക്കമായി പതിനഞ്ചു നോമ്പും മാതാവിന്‍റെ ജനനത്തിരുനാളിനൊരുക്കമായി എട്ടുനോമ്പും അമ്പതു നോമ്പിനു രണ്ടാഴ്ച മുമ്പുള്ള മൂന്നു നോമ്പ് എന്നിവ ആചരിക്കുന്നു. പതിനാലു വയസ്സിനു മുകളില്‍ പ്രായമുള്ള കത്തോലിക്കര്‍ വിഭൂതി തിരുനാളിലും അമ്പതു നോമ്പിലെ വെള്ളിയാഴ്ചകളിലും മാംസം വര്‍ജ്ജിക്കണമെന്നു വിഭൂതിദിനവും ദുഃഖവെള്ളിയും പതിനെട്ടിനും അമ്പത്തിയൊമ്പതിനും ഇടയ്ക്കു പ്രായമുള്ളവര്‍ ഉപവസിക്കണമെന്നു സഭ നിഷ്കര്‍ഷിക്കുന്നു. കൂടാതെ നോമ്പിലെ എല്ലാ വെള്ളിയാഴ്ചകളിലും ഉപവസിക്കാനും മാംസം വര്‍ജ്ജിക്കാനും സഭ നിര്‍ദ്ദേശിക്കുന്നത്.
മാതാപിതാക്കള്‍, അപ്പൂപ്പനമ്മൂമ്മമാര്‍, മതാദ്ധ്യാപകര്‍ എല്ലാം നോമ്പിന്‍റെയും ഉപവാസത്തിന്‍റെയും പ്രാര്‍ത്ഥനയുടെയുമെല്ലാം ജീവിക്കുന്ന മാതൃകകളാകുമ്പോള്‍ വളരുന്ന തലമുറ നേര്‍വഴി വിട്ടു നടക്കില്ല. കുടുംബങ്ങളില്‍ ഇന്നു കുട്ടികളുടെ എണ്ണം കുറവാണ്. അവരെ യാതൊരുവിധത്തിലുമുള്ള കുറവുകള്‍ വരുത്താതെ വളര്‍ത്താനാണ് ആധുനിക മാതാപിതാക്കള്‍ ശ്രമിക്കുന്നത്. അവരെ കുറ്റപ്പെടുത്തുകയല്ല. കുട്ടികള്‍ ആഗ്രഹിക്കുന്ന, ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ഉടനടി സാധിച്ചുകൊടുക്കുമ്പോള്‍ അവ അവര്‍ക്ക് ആവശ്യമുള്ളവതന്നെയാണോ എന്ന ബോദ്ധ്യം മാതാപിതാക്കള്‍ക്ക് ഉണ്ടായിരിക്കണം. ആവശ്യമില്ലാത്ത കാര്യങ്ങളെങ്കില്‍ അവ മാതാപിതാക്കള്‍ വാങ്ങികൊടുക്കില്ല എന്ന ബോ ദ്ധ്യം കുട്ടികള്‍ക്കും ചെറുപ്പം മുതലേ ഉണ്ടാകണം. അവര്‍ ഓരോ കാര്യങ്ങള്‍ക്കു വാശി പിടിക്കുമ്പോള്‍ ആശയടക്കങ്ങളുടെ, നോമ്പിന്‍റെ, ഉപവാസത്തിന്‍റെയൊക്കെ ആവശ്യകത ഈശോയുടെയും വിശുദ്ധരുടെയും ജീവിതങ്ങള്‍ നിരത്തിയും സ്വന്തം ജീവിതാനുഭവങ്ങളിലൂടെയും മെല്ലെ മെല്ലെ കുട്ടികളുടെ ജീവിതത്തിലേക്കു പകര്‍ത്തണം. മാധ്യമങ്ങളുടെ ഉപയോഗത്തിനും പരിധിവയ്ക്കണം.
ആധുനിക ലോകത്തിന്‍റെ മായികപ്രഭയില്‍ തട്ടി വളരുന്ന തലമുറ ഈയാംപാറ്റകളെപ്പോലെ തകരാതിരിക്കാന്‍ നോമ്പ് ഉപവാസപ്രാര്‍ത്ഥനകളിലൂടെ ആത്മബലം നേടിയേ പറ്റൂ. കുട്ടികള്‍ ചെയ്യരുതെന്നു നാം ആഗ്രഹിക്കുന്നവ അവര്‍ ചെയ്യാതിരിക്കണമെങ്കില്‍ മുതിര്‍ന്ന തലമുറ ത്യാഗം സഹിച്ചു മാതൃക കാട്ടിയേ പറ്റൂ.
ആധുനിക ലോകത്തിന്‍റെ ഒരു ഭാഗം, എല്ലാത്തരത്തിലുമുള്ള ധാര്‍മിക മൂല്യച്യുതിയില്‍ കൂപ്പുകുത്തുമ്പോള്‍, മറ്റൊരു ഭാഗം ധാര്‍മികതയുടെ മൂല്യശോഭയില്‍ തിളങ്ങിനില്ക്കുകയാണ്. കരിസ്മാറ്റിക് പ്രസ്ഥാനങ്ങളിലൂടെ, ധ്യാനവചനപ്രഘോഷണങ്ങളിലൂടെ, ജീസസ് യൂത്തിലൂടെയെല്ലാം സഭാനൗകയുടെ ക്യാപ്റ്റനായി പരിശുദ്ധാത്മാവു സഭയെ നയിക്കുന്നതുകൊണ്ടാണു രണ്ടായിരം വര്‍ഷങ്ങള്‍ക്കുശേഷവും സഭ ഈ ലോകസാഗരത്തിലെ കാറ്റിലും കോളിലുംപെട്ടു തകരാതെ നില്ക്കുന്നത്.
എന്‍റെ വ്യക്തിപരമായ കൊച്ചു ജീവിതത്തില്‍ നോമ്പ്, ഉപവാസം പ്രാര്‍ത്ഥന എന്നിവയില്‍ എന്നെ ഏറെ സ്വാധീനിച്ച വ്യക്തി എന്‍റെ പ്രിയപ്പെട്ട അമ്മാമ്മയാണ്. ഏഴാം വയസ്സില്‍ വി. കുര്‍ബാന സ്വീകരിച്ച ഞാന്‍ എന്‍റെ അമ്മാമ്മയോടൊപ്പം "ശനിയാഴ്ച നോമ്പ്" ആരംഭിച്ചു. വലുതായപ്പോള്‍ ബുധന്‍, വെളളി ദിവസങ്ങളിലും തുടരുന്നു. കൂടാതെ ഇരുപത്തിയഞ്ചു നോമ്പ്, പതിനഞ്ച് നോമ്പ്, എട്ടുനോമ്പ്, മൂന്നു നോമ്പ്, അമ്പതു നോമ്പ് എ ന്നിവയും എടുക്കുന്നതു സന്തോഷകരമാണ്. അതു തീര്‍ച്ചയായും ആത്മശക്തി നോടിത്തരും. നമുക്ക് ഏറെ ഇഷ്ടപ്പെട്ടവ ഈശോയ്ക്കുവേണ്ടി ഉപേക്ഷിക്കുമ്പോള്‍ അതു നമുക്കുവേണ്ടി പാടുപീഡകള്‍ സഹിച്ച ഈശോയ്ക്കുവേണ്ടി, നമ്മുടെ കുടുംബാംഗങ്ങളുടെ ലോകം മുഴുവന്‍റെയും ശുദ്ധീകരണാത്മക്കളുടെയും പാപപരിഹാരത്തിനായി കാഴ്ച വയ്ക്കുമ്പോള്‍ ഉണ്ടാകുന്ന ആഹ്ലാദകരമായ ആത്മസംതൃപ്തി ഞാനും അനുഭവിക്കാറുണ്ട്. ഈ തലമുറ ചെയ്യുന്ന കൊച്ചുകൊച്ചു ത്യാഗങ്ങള്‍ പോലും വരുംതലമുറയ്ക്ക് ഉപകാരപ്രദമാകുമെന്നതു തര്‍ക്കമറ്റ സംഗതിയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org