മതംമാറ്റം: ഗാന്ധിജി പറഞ്ഞതും പറയാത്തതും മാറിയ കാലത്തില്‍

മതംമാറ്റം: ഗാന്ധിജി പറഞ്ഞതും പറയാത്തതും മാറിയ കാലത്തില്‍

ചോട്ടെഭായ്

ജാര്‍ഖണ്ഡിലെ പ്രമുഖ പത്രങ്ങളില്‍ ആഗസ്റ്റ് മാസത്തില്‍ വന്ന ഒരു പരസ്യം അവിടത്തെ ക്രൈസ്തവരെ അസ്വസ്ഥരാക്കുകയുണ്ടായി. മഹാത്മാഗാന്ധിയുടെ ഒരു ചിത്രവും അദ്ദേഹത്തിന്‍റേതായി ആരോപിക്കപ്പെടുന്ന ഒരു കുറിപ്പുമായിരുന്നു പരസ്യത്തില്‍. വാചകമിതാണ്: "രക്ഷയിലേയ്ക്കുള്ള ഏകമാര്‍ഗം ക്രിസ്ത്യാനിയായി മതം മാറലാണെന്നു ക്രിസ്ത്യന്‍ മിഷണറിമാര്‍ കരുതുന്നുണ്ടെങ്കില്‍ അവരെന്തുകൊണ്ട് എന്നെയോ മഹാദേവ് ദേശായിയെയോ മതം മാറ്റിക്കൊണ്ടു തുടങ്ങുന്നില്ല? ബുദ്ധിശൂന്യരും നിരക്ഷരരും പാവപ്പെട്ടവരും വനവാസികളുമായവരുടെ മതംമാറ്റത്തിന് നിങ്ങള്‍ ഊന്നലേകുന്നത് എന്തുകൊണ്ടാണ്? യേശുവിനെയോ മുഹമ്മദിനെയോ തിരിച്ചറിയാന്‍ കഴിയാത്തവരും നിങ്ങളുടെ പ്രബോധനങ്ങള്‍ മനസ്സിലാക്കാന്‍ ഇടയില്ലാത്തവരുമാണ് അവര്‍. പശുക്കളെ പോലെ മൂകരും ബുദ്ധിശൂന്യരുമായവര്‍. നിങ്ങള്‍ ക്രിസ്ത്യാനികളാക്കുന്ന ബുദ്ധിശൂന്യരും പാവങ്ങളും ദളിതരും വനവാസികളുമായ ഇവര്‍ അതു ചെയ്യുന്നതു യേശുവിനു വേണ്ടിയല്ല, അരിക്കും അവരുടെ വയറിനും വേണ്ടിയാണ്."

ക്രിസ്ത്യാനികള്‍ക്കു മാത്രമല്ല മുസ്ലീങ്ങള്‍ക്കും ദളിതര്‍ക്കും ആദിവാസികള്‍ക്കുമെല്ലാം അപകീര്‍ത്തികരമായ ഈ പരസ്യം ദുരുദ്ദേശ്യപരവും തെറ്റിദ്ധാരണാജനകവും അബദ്ധം നിറഞ്ഞതുമാണെന്നു പറയുകയാണ് ദല്‍ഹി യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകനായ പ്രൊഫസര്‍ അപൂര്‍വാനന്ദ്. ഗാന്ധിയുടെ വായില്‍ വാക്കുകള്‍ തിരുകുകയാണ് ഇവര്‍ ചെയ്തിരിക്കുന്നത്. ജാര്‍ഖണ്ഡ് ഗവണ്‍മെന്‍റ് നടപ്പാക്കാനുദ്ദേശിക്കുന്ന ഛോട്ടാനാഗ്പുര്‍ കുടികിടപ്പു നിയമം, സന്താള്‍ പര്‍ഗണാസ് ആക്ട് എന്നിവയിലെ ഭേദഗതികള്‍ക്കെതിരെ കത്തോലിക്കാസഭ ഉയര്‍ത്തുന്ന ന്യായമായ എതിര്‍പ്പുകളോടുള്ള ഒരു പ്രതികരണമായാണ് ഈ പരസ്യം വരുന്നത്. ഏതു തരത്തിലുള്ള മതംമാറ്റങ്ങളെയും കുറ്റകരമാക്കുന്ന മതംമാറ്റവിരുദ്ധ നിയമം കൊണ്ടു വരുന്നതിനുള്ള ഒരു മുന്നോടിയുമാണ് ഈ നീക്കം.

ഗാന്ധിയുടെ ഈ വാക്യങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ എടുക്കാനാവില്ലെന്ന് അപൂര്‍വാനന്ദ് വ്യക്തമാക്കി. 1936-ല്‍ അമേരിക്കന്‍ സുവിശേഷകനായിരുന്ന ജോണ്‍ ആര്‍നോട്ടുമായി നടത്തിയ ഒരു സംഭാഷണപരമ്പരയുടെ ഭാഗമായി വന്നതാണിത്. വൈക്കം ക്ഷേത്രത്തില്‍ ദളിതര്‍ക്കു പ്രവേശനമനുവദിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയുടെ സാഹചര്യത്തിലാണ് ഈ പരാമര്‍ശം വന്നത്. അയിത്തത്തോടുള്ള പ്രതിഷേധമെന്ന നിലയില്‍ ദളിതര്‍ കൂട്ടത്തോടെ ഹിന്ദുമതം ഉപേക്ഷിക്കുമെന്ന് അംബേദ്കര്‍ പ്രഖ്യാപിച്ച സാഹചര്യവും അന്നു നിലവിലുണ്ടായിരുന്നു. അംബേദ്കറുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് ദളിതരെ ആകര്‍ഷിക്കുന്നതില്‍ ക്രൈസ്തവരും മുസ്ലീങ്ങളും സിഖുകാരും തമ്മില്‍ ഒരു മത്സരത്തിന്‍റെ അന്തരീക്ഷവും അന്നു നിലവില്‍ വന്നു. ഈ സാഹചര്യത്തിലാണ് സമൂഹത്തിലെ ദുര്‍ബലരായ ആളുകളുടെ മതംമാറ്റത്തെ ഗാന്ധിജി എതിര്‍ത്തത്. ഈ വാചകത്തെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ഇപ്രകാരം മതവിദ്വേഷപരമായ പ്രചാരണത്തിനുപയോഗിക്കുന്നതിനെതിരെ ജാര്‍ഖണ്ഡിലും പുറത്തും പ്രശസ്ത ഗാന്ധിയന്മാര്‍ തന്നെ രംഗത്തു വന്നിട്ടുണ്ട്.

ക്രിസ്തുമതത്തെയും മിഷണറിമാരെയും വിമര്‍ശനാത്മകമായി സമീപിക്കുന്ന നിരവധി വാക്യങ്ങള്‍ ഗാന്ധിസാഹിത്യത്തില്‍ ഉള്ളതു തന്നെയാണ്. "മതംമാറ്റങ്ങള്‍: ഗാന്ധിയന്‍ വിമര്‍ശനവും നമ്മുടെ പ്രതികരണവും" എന്ന പ്രബന്ധത്തില്‍ ഉദയ്പൂര്‍ രൂപതാംഗമായ ഫാ. സുഭാഷ് ആനന്ദ് ഇതു പരിശോധനാവിധേയമാക്കുന്നുണ്ട്. യേശുവിനോടു വലിയ സ്നേഹാദരങ്ങള്‍ പുലര്‍ത്തിയ ആളായിരുന്നു ഗാന്ധിയെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. "വലിയ ക്ഷമയും ദയയും സ്നേഹവും നിറഞ്ഞ യേശുവിന്‍റെ ആര്‍ദ്രമായ രൂപം, ആരെങ്കിലും നിങ്ങളെ അടിക്കുകയോ ആക്ഷേപിക്കുകയോ ചെയ്താലും തിരിച്ചടിക്കരുതെന്ന് അദ്ദേഹം തന്‍റെ ശിഷ്യരെ പഠിപ്പിച്ചത്, ഒരു കരണത്തടിക്കുന്നവനു മറുകരണം കാണിച്ചു കൊടുക്കാന്‍ പറഞ്ഞത് – യേശു ഒരു പരിപൂര്‍ണ മനുഷ്യനുള്ള മനോഹരമായ മാതൃകയാണെന്നു ഞാന്‍ കരുതുന്നു." ഇതു ഗാന്ധിയുടെ വാക്യമാണ്. യേശുവിന്‍റെ ഗിരിപ്രഭാഷണം ഗാന്ധിയെ ആഴത്തില്‍ സ്വാധീനിച്ചിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്.

തന്‍റെ ക്രിസ്ത്യന്‍ സുഹൃത്തുക്കള്‍ തന്നിലുണര്‍ത്തിയ മതാത്മകമായ അന്വേഷണത്തിന് താന്‍ അവരോടു കടപ്പെട്ടിരിക്കുന്നുവെന്നു ഗാന്ധി പറഞ്ഞിട്ടുണ്ട്. "എന്നെ നിന്‍റെ സമാധാനത്തിന്‍റെ ഉപകരണമാക്കേണമേ" എന്ന വി.ഫ്രാന്‍സിസ് അസ്സീസിയുടെ പ്രാര്‍ത്ഥന ഗാന്ധിയന്‍ പ്രാര്‍ത്ഥനാപുസ്തകത്തിന്‍റെ ഭാഗമാക്കിയിരുന്നു. ദക്ഷിണാഫ്രിക്കയിലെ ഒരു ട്രാപിസ്റ്റ് ആശ്രമത്തില്‍ നടത്തിയ സന്ദര്‍ശനവും അദ്ദേഹത്തെ സ്വാധീനിച്ചിട്ടുള്ളതാണ്. ട്രാപിസ്റ്റ് സന്യാസിമാര്‍ സസ്യാഹാരികളും മദ്യം തൊടാത്തവരും സമൂഹമായി കഠിനാദ്ധ്വാനം ചെയ്യുന്നവരുമാണ്. "ഇതാണു റോമന്‍ കത്തോലിക്കാ മതമെങ്കില്‍ അതിനെതിരെ പറയുന്നതെല്ലാം നുണകളാണ്" എന്നാണദ്ദേഹം അതേ കുറിച്ചു പറഞ്ഞത്.

"ക്രിസ്തീയത നല്ലതാണ്, ക്രിസ്ത്യാനികള്‍ മോശവും" എന്നൊരു വാക്യം ഗാന്ധിയുടെ പേരില്‍ മിക്കവര്‍ക്കും പരിചിതമാണ്. മിക്കപ്പോഴും ക്രിസ്ത്യാനികള്‍ തന്നെ ഇതുദ്ധരിക്കാറുമുണ്ട്. ഇങ്ങനെയൊരു നിഗമനത്തിലേയ്ക്ക് ഗാന്ധിയെത്താന്‍ കാരണമെന്താവും? സുഭാഷ് ആനന്ദ് തന്‍റെ പ്രബന്ധത്തില്‍ ഇതു പരിശോധിക്കുന്നുണ്ട്. തന്‍റെ കാലത്തുണ്ടായിരുന്ന ക്രിസ്തുമതത്തിന്‍റെ ചില രീതികള്‍ തന്നെയാണ് ഗാന്ധിയെ കൊണ്ട് ഇതു പറയിപ്പിക്കുന്നത്. മൂന്നു ഘടകങ്ങള്‍ പ്രധാനമായും ചൂണ്ടിക്കാണിക്കാനുണ്ട്. ഒന്ന് ഗാന്ധി നിയമപഠനത്തിനു പോയ ഇംഗ്ലണ്ടിലെ ക്രൈസ്തവരുടെ രീതികള്‍. അവര്‍ നന്മയുടെ ആള്‍രൂപങ്ങളൊന്നുമായിരുന്നില്ലല്ലോ. തന്‍റെ രാജ്യത്തെ അടിച്ചമര്‍ത്തി ഭരിക്കുന്ന കൊളോണിയല്‍ ശക്തിയാണവരെന്ന ചിന്തയും ഗാന്ധിയുടെ വികാരങ്ങളെ സ്വാധീനിച്ചിരിക്കണം. ദക്ഷിണാഫ്രിക്കയിലെ വംശീയതയുടെ അനുഭവമാണ് രണ്ടാമത്തെ ഘടകം. വര്‍ണവിവേചനത്തിന്‍റെ പേരില്‍ ട്രെയിനില്‍ നിന്നു ഗാന്ധിയെ ചവിട്ടിപ്പുറത്താക്കിയ കഥ വളരെ പ്രസിദ്ധമാണല്ലോ. ഇതും ചെയ്തത് ക്രിസ്ത്യാനികളാണ്. മൂന്നാമത്തേത് കൊളോണിയല്‍ ക്രിസ്തുമതം, ക്രിസ്തുമതത്തിലേയ്ക്കു പരിവര്‍ത്തനം ചെയ്ത ഉത്തരേന്ത്യയിലെ പുതിയ ക്രിസ്ത്യാനികളുമായുള്ള അനുഭവങ്ങളാണ്. കേരളത്തിലെ ക്രൈസ്തവരെ പോലെ നാട്ടുസംസ്കാരവുമായി അനുരൂപണപ്പെട്ടവരായിരുന്നില്ല ഉത്തരേന്ത്യയിലെ ക്രൈസ്തവര്‍ അന്ന്.

ക്രിസ്തുമതം പുതുതായി സ്വീകരിക്കുന്നവരുണ്ടാക്കുന്ന സാംസ്കാരികമായ സംഘര്‍ഷത്തെ കുറിച്ച് ഗാന്ധിജി എഴുതിയിട്ടുണ്ട്. "ഒരു മനുഷ്യന്‍ ക്രിസ്ത്യാനിയാകുമ്പോള്‍ തന്‍റെ ചുറ്റുപാടുകളില്‍ നിന്നു പറിച്ചു മാറ്റപ്പെടുന്നത് എന്തിന്?" ഗാന്ധി തുടര്‍ന്നെഴുതുന്നു, "മാമോദീസ സ്വീകരിക്കുന്നവര്‍ പശുവിറച്ചി തിന്നുകയും മദ്യം കുടിക്കുകയും വസ്ത്രങ്ങള്‍ പോലും മാറ്റി യൂറോപ്യന്‍ വേഷങ്ങള്‍, ഒരു തൊപ്പിയുള്‍പ്പെടെ, സ്വീകരിക്കുകയും വേണമെന്നു നാട്ടുവര്‍ത്തമാനമുണ്ട്." അക്കാലത്ത് ചില കേസുകളില്‍ അതു ശരിയായിരുന്നു എന്നതാണു ദുഃഖകരമായ യാഥാര്‍ത്ഥ്യം.

ഗാന്ധിജിക്ക് ക്രിസ്തുമതത്തോടുണ്ടായിരുന്ന പരിഭവം ഈ വാക്യങ്ങളില്‍ നിന്നു വായിച്ചെടുക്കാം. അതേസമയം രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷം കത്തോലിക്കാസഭയ്ക്കു വലിയ പരിവര്‍ത്തനം സംഭവിച്ചു. സാംസ്കാരികാനുരൂപണം എന്ന കാര്യമെടുക്കുക. പ്രാദേശിക സംസ്കാരങ്ങളും ഭാഷയും വസ്ത്രവും സ്വീകരിക്കാന്‍ സഭ തയ്യാറായി. ആരാധനക്രമത്തില്‍ മാറ്റങ്ങള്‍ വന്നു. ദൗര്‍ഭാഗ്യവശാല്‍ എല്ലാ സഹോദരീസഭകളും അതു ചെയ്തിട്ടില്ല. നവ-പെന്തക്കോസ്തല്‍, ഇവാഞ്ചലിക്കല്‍ സഭകള്‍ ഇപ്പോഴും പാശ്ചാത്യ സംസ്കാര ശൈലികളില്‍ തുടരുന്നു.

നാലു സുവിശേഷകന്മാരും പുതിയ നിയമത്തിലെ ലേഖനകര്‍ത്താക്കള്‍ പോലും യേശുവിന്‍റെ സന്ദേശം അവതരിപ്പിച്ചത് വ്യത്യസ്തമായ മാര്‍ഗങ്ങളിലൂടെയാണ്. തങ്ങള്‍ സുവിശേഷം അറിയിക്കേണ്ട ആളുകളുടെ പ്രാദേശിക സംസ്കാരത്തെയും ആചാരങ്ങളെയും മനസ്സില്‍ വച്ചുകൊണ്ടാണ് അവരിതു ചെയ്തത്. പക്ഷേ കഴിഞ്ഞ കാലങ്ങളിലെ നിരവധി മിഷണറിമാരും ആവേശക്കാരായ നിയോ ഇവാഞ്ചലിസ്റ്റുകളും വിശ്വാസവും സംസ്കാരവും തമ്മിലുള്ള സൂക്ഷ്മമായ വ്യത്യാസം മനസ്സിലാക്കാന്‍ കഴിവില്ലാത്തവരായിരുന്നു.

കൊളോണിയല്‍ ഇന്ത്യയില്‍, ഗാന്ധിയുടെ കാലത്തു ജീവിച്ച ഒരാള്‍ക്ക് ഗാന്ധിയുടെ ഈ വിലയിരുത്തലുകള്‍ മനസ്സിലാക്കാന്‍ സാധിക്കും. അതിനോടു യോജിപ്പുമുണ്ടാകും. വിധി കല്‍പിക്കുന്ന മട്ടിലുള്ള ഭാഷ അനാവശ്യമായിരിക്കാം. എന്നാല്‍, ആ നിഗമനങ്ങളിലേയ്ക്ക് എത്തുന്നതിനു ഗാന്ധിജിയ്ക്ക് അദ്ദേഹത്തിന്‍റേതായ ന്യായങ്ങളുണ്ടായിരുന്നു.

പക്ഷേ ഇന്നത്തെ സാഹചര്യത്തില്‍ ഗാന്ധിയുടെ ഈ വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തിയെടുത്ത് വളച്ചൊടിച്ചു പ്രചരിപ്പിക്കുന്നത് തികച്ചും പ്രതിഷേധാര്‍ഹമാണ്. കാരണം ദളിതരും (ഹരിജനങ്ങളല്ല) ആദിവാസികളും (വനവാസികളല്ല) ഇന്ന് ബുദ്ധിശൂന്യരായ പശുക്കളല്ല. സ്വതന്ത്ര ഇന്ത്യയില്‍ ഭരണകൂടങ്ങള്‍ നല്‍കിയ സംവരണം പോലുള്ള പ്രവര്‍ത്തനങ്ങളിലൂടെ ഈ ജനതകള്‍ ഇന്നു വലിയ വിദ്യാഭ്യാസവും അവകാശബോധവും പുരോഗതിയും നേടിക്കഴിഞ്ഞിട്ടുണ്ട്.

വടക്കു കിഴക്കനിന്ത്യയിലെയും ജാര്‍ഖണ്ഡ്-ബീഹാര്‍-ഒഡിഷ പ്രദേശങ്ങളിലേയും ദളിതരുടെയും ആദിവാസികളുടെയും സ്ഥിതി കൂടുതല്‍ മെച്ചപ്പെട്ടതാണ്. മിഷണറിമാര്‍ നല്‍കിയ നിലവാരമേറിയ വിദ്യാഭ്യാസം അവരുടെ ജീവിതങ്ങളെ മാറ്റിമറിച്ചു. എല്ലാ മേഖലകളിലും അവര്‍ പുരോഗതി നേടി. ജാര്‍ഖണ്ഡിലാണ് ഈ വിഷയമുണ്ടായതെന്നതുകൊണ്ട് അവിടെ വീരചരമം പ്രാപിച്ച ആദിവാസി ക്രിസ്ത്യാനിയായ പരംവീര്‍ ചക്ര ആല്‍ബെര്‍ട്ട് എക്കയെ പോലുള്ളവരെ നാം ഓര്‍ക്കേണ്ടതുണ്ട്.

മിഷണറിമാരുടെ മതംമാറ്റ ശ്രമങ്ങളെ മാത്രമേ ഗാന്ധി കണ്ടുള്ളുവോ എന്ന ചോദ്യവും അവശേഷിക്കുന്നുണ്ട്. അവരുടെ ത്യാഗങ്ങള്‍ക്കു നേരെ അദ്ദേഹം കണ്ണടയ്ക്കുകയായിരുന്നുവോ? അനേകര്‍ അവരുടെ വീടും നാടുമുപേക്ഷിച്ച് സേവനങ്ങളിലേര്‍പ്പെട്ടു. ഒരിക്കല്‍ പോലും ജന്മഭവനങ്ങളിലേയ്ക്കു മടങ്ങി പോകാത്ത അനേകം മിഷണറിമാര്‍ ഇന്ത്യയുടെ കുഗ്രാമങ്ങളില്‍ ദരിദ്രര്‍ക്കുവേണ്ടി ജീവിച്ചു മരിച്ചു. ഉഷ്ണമേഖലാ രോഗങ്ങള്‍ അനേകം വിദേശ മിഷണറിമാരുടെ ജീവനെടുത്തു. ഗാന്ധിയും ഇന്ത്യയിലെ അയിത്തജാതിക്കാര്‍ക്കുവേണ്ടി അനേകം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഒരുപക്ഷേ അതിനേക്കാള്‍ എത്രയോ മടങ്ങു കാര്യങ്ങള്‍ ഈ പാവപ്പെട്ട മനുഷ്യര്‍ക്കായി മിഷണറിമാര്‍ ചെയ്തു. ഗാന്ധിയുടെ സംഭാവനകളെ അംഗീകരിക്കാം. അതുകൊണ്ട് അതേ കാലത്തു വിദേശമിഷണറിമാര്‍ ചെയ്ത വീരോചിത ത്യാഗങ്ങളെ കാണാതിരിക്കേണ്ട കാര്യമില്ല.

അരിക്കുവേണ്ടി ക്രിസ്ത്യാനികളാകുന്നവര്‍ എന്ന പ്രയോഗം ജുഗുപ്സാവഹമാണ്. മദര്‍ തെരേസായും ഈ അധിക്ഷേപം നേരിട്ടിട്ടുള്ളതാണ്. ഒരു പാത്രം ചോറു കൊടുത്താല്‍ ഒരാള്‍ മതം മാറുമെങ്കില്‍ അതു രണ്ടു മതങ്ങള്‍ക്കും അപമാനമാണ് എന്നു മദര്‍ പറഞ്ഞിട്ടുണ്ട്. വാദത്തിനു വേണ്ടി വേണമെങ്കില്‍ ഇങ്ങനെ പറയാം, "നിങ്ങള്‍ ഒരാള്‍ക്ക് അരിയും പരിപ്പും സോപ്പും വിദ്യാഭ്യാസവും മനുഷ്യാന്തസ്സും നല്‍കുകയാണെങ്കില്‍ അയാള്‍ ഒരിക്കലും നിങ്ങളെ വിട്ടുപോകുകയില്ല." വിശക്കുന്നവന്‍റെ മുമ്പില്‍ ദൈവം വരുന്നത് അപ്പമായിട്ടാണ് എന്നാണല്ലോ പറയുക. മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു മനുഷ്യനാവശ്യം സുരക്ഷയെ കുറിച്ചുള്ള സുവിശേഷപ്രസംഗമല്ല, ജീവരക്ഷയാണ്.

ചുരുക്കത്തില്‍ ഭൂതകാലത്തെ സംബന്ധിച്ചാണെങ്കില്‍ ഗാന്ധി പറഞ്ഞതില്‍ ചില കാര്യങ്ങളുണ്ടെന്നു സമ്മതിക്കാം. എന്നാല്‍ ഇന്ന് അതൊരു പരസ്യവാചകമാക്കുന്നത് തികച്ചും പ്രതിഷേധാര്‍ഹം തന്നെയാണ്.

(മാറ്റേഴ്സ് ഇന്ത്യയില്‍ വന്ന ഒരു ലേഖനത്തിന്‍റെ സ്വതന്ത്ര പരിഭാഷ.
തയ്യാറാക്കിയത് : ഷിജു ആച്ചാണ്ടി)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org