​ഗർഭപാത്രം കൊലക്കളമാക്കുന്ന ​ഗർഭച്ഛിദ്ര നിയമഭേദ​ഗതി

​ഗർഭപാത്രം കൊലക്കളമാക്കുന്ന ​ഗർഭച്ഛിദ്ര നിയമഭേദ​ഗതി

ഫാ. പോള്‍ മാടശ്ശേരി
സെക്രട്ടറി, കെസിബിസി ഫാമിലി കമ്മീഷന്‍
സംസ്ഥാന ഡയറക്ടര്‍, കെസിബിസി പ്രോലൈഫ് സമിതി

ഇന്ത്യയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ഗര്‍ഭച്ഛിദ്ര നിയമത്തെ കൂടുതല്‍ ഉദാരവല്‍കരിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഏറെ ആശങ്ക ഉണര്‍ത്തുന്നതാണ്. ഗര്‍ഭസ്ഥശിശുവിനെ പിറക്കാന്‍ അനുവദിക്കില്ലെന്ന് ഉറപ്പിച്ചുകൊണ്ടുള്ള ഈ നിയമ ഭേദഗതിക്ക് കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നല്‍കിയത് കഴിഞ്ഞ ജനുവരി 29 നാണ്. ഗര്‍ഭച്ഛിദ്രം നടത്താനുള്ള അനുവദനീയ കാലയളവ് ഗര്‍ഭധാരണത്തിനുശേഷം 24 ആഴ്ചയായി ഉയര്‍ത്താനുള്ള നിയമ ഭേദഗതിക്കാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. നിലവില്‍ ഇന്ത്യയില്‍ ഗര്‍ഭച്ഛിദ്രം അനുവദനീയമായ കാലയളവ് 20 ആഴ്ചയായിരുന്നു. 5 മാസംവരെ ഗര്‍ഭച്ഛിദ്രം നടത്താനുള്ള അനുമതി നല്കികൊണ്ടുള്ള MTP Act (Medical Termination of Pregnancy) 1971-ലാണ് ഇന്ത്യയില്‍ നിലവില്‍ വന്നത്.

ആരോഗ്യപരമായ കാരണങ്ങളടക്കം കുട്ടികളുടെ വളര്‍ച്ചയില്‍ എന്തെങ്കിലും പാകപ്പിഴ 5 മാസം കഴിഞ്ഞിട്ടാണ് കണ്ടെത്തുന്നതെങ്കില്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ നിലവിലെ നിയമപ്രകാരം കഴിയില്ല എന്നതും, പുരോഗമന നിലപാടും കൂടി അടിസ്ഥാനത്തിലെടുത്താണ് ബില്ല് കൊണ്ടുവരുന്നതെന്നാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

സ്വന്തം തീരുമാനപ്രകാരം ഗര്‍ഭാവസ്ഥ തുടരണോ വേണ്ടയോയെന്ന് തീരുമാനിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്നും അത്തരം സാഹചര്യത്തില്‍ സ്വതന്ത്രമായും സുരക്ഷിതമായും ഗര്‍ഭം അവസാനിപ്പിക്കാന്‍ സ്ത്രീകള്‍ക്ക് അനുമതി നല്‍കുന്നതുമാണ് ഈ ബില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനെ സംബന്ധിച്ച് പൊതുജനാഭിപ്രായം അറിയിക്കാനായി കേന്ദ്രമന്ത്രാലയം 2014 നവംമ്പര്‍ മാസത്തില്‍ വാര്‍ത്ത വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചെങ്കിലും പൊതുജന നിര്‍ദ്ദേശങ്ങളൊന്നും കാര്യമായി പരിഗണിക്കാതെ കരടുരേഖ കൂടുതല്‍ ഉദാരവല്‍ക്കരിക്കുകയാണ് ചെയ്തിട്ടുള്ളത്.

ജീവന്‍റെ സൃഷ്ടിയെന്നത് ദൈവത്തിന്‍റെ പ്രവര്‍ത്തിയാണ് അതുപോലെതന്നെ ജീവനെ നശിപ്പിക്കുകയെന്നത് ദൈവത്തിനെതിരായ പ്രവര്‍ത്തിയാണ്. ഗര്‍ഭധാരണ നിമിഷം മുതല്‍ മനുഷ്യജീവന്‍ ആദരിക്കപ്പെടണം എന്നത് സനാതന മൂല്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതുമാണ്.

ജീവന്‍റെ മൂല്യത്തെക്കുറിച്ച് ആഴത്തില്‍ അവബോധമുള്ളൊരു ജനതയും ജീവനെ വിലമതിക്കുന്ന സംസ്കാരവുമുള്ള ഇന്ത്യയെ പോലുള്ള രാജ്യവും ഭ്രൂണഹത്യയ്ക്കു നിയമപരമായ അംഗീകാരം നല്‍കുന്നത് ശരിയായ നടപടിയല്ല. ഇത് മരണനാഗരീകതയെ പ്രോല്‍സാഹിപ്പക്കലാണെന്ന് മാത്രമല്ല, ഗര്‍ഭസ്ഥശിശുക്കളെ ഇല്ലായ്മ ചെയ്യുന്നത് തെറ്റല്ല എന്ന സാഹചര്യ ധാര്‍മ്മീകത പ്രചരിപ്പിക്കല്‍കൂടിയാണ്.

രാജ്യത്തു ജനന നിയന്ത്രണം ഫലപ്രദമായി നടപ്പാക്കണമെന്ന് സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം പ്രധാനമന്ത്രി നടത്തിയ പ്രസംഗം ഏറെ വിവാദമായിരുന്നു. കെസിബിസി പ്രൊലൈഫ് സമിതിപോലുള്ള വിവിധ പ്രൊലൈഫ് സംഘടനകള്‍ ഈ ആഹ്വാനത്തില്‍ കടുത്ത പ്രതിഷേധവും പ്രകടിപ്പിച്ചിരുന്നു. ജനസംഖ്യയില്‍ രണ്ടാം സ്ഥാനമുള്ള ഇന്ത്യയില്‍ ജനസംഖ്യാനിരക്ക് ഈ നിലയില്‍ തുടര്‍ന്നാല്‍ 2050 ആകുമ്പോഴേക്കും ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തും എന്നാണ് കണക്കാക്കുന്നത്. അതിനാല്‍ തന്നെ ജനസംഖ്യാനിരക്ക് നിയന്ത്രിക്കുന്നത് വളരെ അത്യാവശ്യമുള്ള കാര്യമാണെന്ന് ചിന്തിക്കുന്നവരുമുണ്ടാകാം.

എന്നാല്‍ ഇന്ത്യയുടെ സാമ്പത്തികമുന്നേറ്റത്തിന് മാനവവിഭവശേഷി വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്നത് വിസ്മരിക്കാനാവില്ല. ഇപ്പോള്‍ ഒന്നാം സ്ഥാനത്തുള്ള ചൈനയുടെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണ്ണായകമായത് ആ രാജ്യത്തെ അദ്ധ്വാനിക്കുന്ന സംഖ്യാവൈപുല്യമാണ്.

പ്രധാനമന്ത്രിയുടെ ചെങ്കോട്ടയിലെ പ്രസംഗത്തിലെ വാക്കുകള്‍ തന്നെ കടമെടുത്താല്‍ ജനസംഖ്യാ 'വിസ്ഫോടനത്തിന്' തടയിടാന്‍ ചൈന ആദ്യം 'ഒറ്റക്കുട്ടി' നയം നടപ്പാക്കിയിരുന്നു. ദമ്പതികള്‍ക്ക് ഒരു കുഞ്ഞുമാത്രം എന്ന നയം കുറെക്കാലം മുന്നോട്ടു പോയപ്പോള്‍ ചൈനയില്‍ ചെറുപ്പക്കാരുടെ എണ്ണം ഭയപ്പെടുത്തുന്ന വിധം കുറഞ്ഞു. ഒടുവില്‍ ചൈനയ്ക്ക് ഗതിയില്ലാതെ ജനസംഖ്യാ നയം തിരുത്തേണ്ടിവന്നു. ഇപ്പോള്‍ ദമ്പതികള്‍ക്ക് ഒന്നില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാകുന്നതിന് രാജ്യം പ്രോത്സാഹിപ്പിക്കുന്നു.

ജനസംഖ്യാവര്‍ദ്ധനവാണ് നമ്മുടെ രാജ്യത്തിന്‍റെ ദാരിദ്ര്യത്തിനു കാരണം എന്നും ചിന്തിക്കുന്നവരുണ്ട്. എന്നാല്‍ ജനസംഖ്യാവര്‍ദ്ധനവല്ല, ചൂഷണവും അഴിമതിയും കെടുകാര്യസ്ഥതയുമാണ് ദാരിദ്ര്യത്തിലേക്ക് വഴി തെളിക്കുന്നത്. വലിയ ജനസംഖ്യ ഒന്നുമില്ലാത്ത എത്രയോ രാജ്യങ്ങള്‍ ദാരിദ്ര്യത്തില്‍ കഴിയുന്നു. ദുര്‍ബലമായ ഭരണകൂടമാണ് അതിന് പ്രധാന കാരണം. മികച്ച ഭരണമുള്ള രാജ്യത്ത് കാര്യമായ ദാരിദ്ര്യമുണ്ടാകില്ല.

ഇന്ത്യയില്‍ ദേശസ്നേഹം കാര്യക്ഷമമാക്കണമെന്നും ജനസംഖ്യാ നിയന്ത്രണം രാജ്യസ്നേഹത്തിന്‍റെ ഭാഗമാണെന്നുമുള്ള പ്രധാനമന്ത്രിയുടെ വാക്കുകള്‍ ദേശസ്നേഹംകൊണ്ടുതന്നെയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. 'ചെറിയ കുടുംബം സന്തുഷ്ടകുടുംബം' എന്നത് യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്തതാണ്. ഇന്നു കാണുന്ന പല കുടുംബപ്രശ്നങ്ങള്‍ക്കും സാമൂഹ്യതിന്മകള്‍ക്കും അടിസ്ഥാന കാരണം കുടുംബങ്ങളില്‍ കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്നതാണെന്ന വസ്തുത വികസിത രാജ്യങ്ങള്‍ പോലും അംഗീകരിച്ചു കഴിഞ്ഞു. ഇത്തരം സാഹചര്യത്തില്‍ ഭാരതത്തിന്‍റെ ഭരണസിരാകേന്ദ്രങ്ങളില്‍ നിന്നും വിപരീത തീരുമാനങ്ങള്‍ ഉയര്‍ന്നു വരുന്നത് ഏറെ ഞെട്ടല്‍ ഉളവാക്കുന്നതാണ്.

'ജനസംഖ്യ ഒരു ബാധ്യതയല്ല; ആസ്തിയാണ്' എന്ന മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്‍റെ വാക്കുകള്‍ ഇവിടെ സ്മരണീയമാണ്.

20 ആഴ്ചമുതല്‍ 24 ആഴ്ച വരെയുള്ള കാലയളവില്‍ ലിംഗനിര്‍ണ്ണയം കൂടുതല്‍ എളുപ്പമായതിനാല്‍ ഈ നിയമ ഭേദഗതിമൂലം നമ്മുടെ രാജ്യത്ത് പെണ്‍ഭ്രൂണഹത്യ ഇപ്പോഴുള്ളതിനേക്കാള്‍ ഗൗരവകരമായ രീതിയില്‍ വര്‍ദ്ധിക്കുമെന്നതിന് സംശയമില്ല. മാത്രമല്ല അത് നമ്മുടെ രാജ്യത്ത് സ്ത്രീപുരുഷ അനുപാതത്തില്‍ ഗുരുതരമായ അസന്തുലിതാവസ്ഥയ്ക്ക് കാരണമാവുകയും ചെയ്യും.

പുരനിറഞ്ഞു നില്‍ക്കുന്ന പെണ്‍മക്കളെക്കുറിച്ച് നാം ധാരാളം കേട്ടിട്ടുണ്ട്. എന്നാല്‍ പുരനിറഞ്ഞു നില്‍ക്കുന്ന ആണ്‍മക്കളെക്കുറിച്ച് നാം അറിയാന്‍ തുടങ്ങിയിട്ട് അധികം നാളുകളായില്ല. എങ്കിലും ചുരുങ്ങിയ സമയംകൊണ്ട് കേരളത്തില്‍ പ്രത്യേകിച്ച്, ഇത് വലിയൊരു സാമൂഹിക പ്രശ്നമായി മാറിക്കഴിഞ്ഞു. 35 വയസ്സിനുമേല്‍ പ്രായമുള്ള അവിവാഹിതരായ പുരുഷന്‍മാരെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.

1951 ലെ കനേഷുമാരി അനുസരിച്ച് സ്ത്രീപുരുഷ അനുപാതത്തില്‍ സ്ത്രീകളുടെ എണ്ണം പുരുഷന്‍മാരുടേതിനേക്കാള്‍ അല്പം കൂടുതലായിരുന്നു (1000-1004). എന്നാല്‍ 2011-ലെ കണക്കെടുപ്പില്‍ സ്ത്രീകളുടെ ദേശീയ ശരാശരിയില്‍ തന്നെ കുറവുവന്നു. മാത്രമല്ല കേരളത്തിലെ ക്രൈസ്തവരുടെയിടയില്‍ 1000 പുരുഷന്‍മാര്‍ക്ക് 928 സ്ത്രീകള്‍ മാത്രമെയുള്ളൂ എന്ന കണക്കും ശ്രദ്ധേയമാണ്. സ്ത്രീകളുടെ എണ്ണത്തിലെ ഈ കുറവിനു പ്രധാന കാരണങ്ങളിലൊന്ന് പെണ്‍ഭ്രൂണഹത്യ ആണെന്നിരിക്കെ, ഇപ്പോഴുള്ള നിയമഭേദഗതി ഇതു കൂടുതല്‍ ഗുരുതരമാക്കാനേ വഴിതെളിക്കു.

അസ്തിത്വത്തിന്‍റെ ആദ്യനിമിഷം മുതല്‍ മനുഷ്യജീവി ഒരു വ്യക്തിയുടെ അവകാശങ്ങള്‍ ഉള്ളവനായി അംഗീകരിക്കപ്പെടണം (കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം 2270). മനുഷ്യവകാശങ്ങളില്‍ ഏറ്റവും അടിസ്ഥാനപരമായ അവകാശം ജനിക്കാനുള്ള അവകാശമാണ്.

ജനിച്ച കുഞ്ഞും ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞും തമ്മില്‍ പ്രാണവ്യത്യാസമില്ല, പ്രായവ്യത്യാസമേയുള്ളൂ. പെണ്‍ഭ്രൂണഹത്യക്കും ഗര്‍ഭച്ഛിദ്രത്തിനും വഴിയൊരുക്കി നരഹത്യക്കു സാഹചര്യമൊരുക്കുന്ന നിയമനിര്‍മ്മാണത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍വാങ്ങണം.

ഈ നീക്കം അരുതെന്നു പറയാന്‍ മുഴുവന്‍ പാര്‍ലമെന്‍റ് അംഗങ്ങളും മത, സാംസ്കാരിക, രാഷ്ട്രീയ, സാമൂഹിക നേതൃത്വങ്ങളും തയ്യാറാവണം. സംസ്ഥാനസര്‍ക്കാരുകള്‍ നിലപാടുകള്‍ വ്യക്തമാക്കണം. മനുഷ്യജീവന്‍റെ മഹത്വം അറിയാവുന്നവരുടെ നിലവിളി ഉയരണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org