മഹത്വീകൃതന്‍

മഹത്വീകൃതന്‍

ഫാ. തോമസ് പാട്ടത്തില്‍ച്ചിറ സി.എം.എഫ്.

ഫാ. തോമസ് പാട്ടത്തില്‍ച്ചിറ സി.എം.എഫ്.
ഫാ. തോമസ് പാട്ടത്തില്‍ച്ചിറ സി.എം.എഫ്.

മാനവമോചനാര്‍ത്ഥം മന്നില്‍ അവതരിച്ചവന്‍ കുരിശുചുമന്നു കാല്‍വരി ചവിട്ടിക്കയറിയതിനു കുറേനാള്‍ മുമ്പ് ആകാശങ്ങളിലുള്ള തന്റെ പിതാവിനോട് അപേക്ഷിച്ചു: "പിതാവേ, സമയമായിരിക്കുന്നു. പുത്രന്‍ അവിടുത്തെ മഹത്വപ്പെടുത്തേണ്ടതിനു പുത്രനെ അങ്ങു മഹത്വപ്പെടുത്തേണമേ" (യോഹ. 17:1). മരത്തില്‍ മരിച്ച്, മണ്ണില്‍ മൂടപ്പെട്ടതിന്റെ മൂന്നാം ദിനം പ്രസ്തുത പ്രാര്‍ത്ഥനയ്ക്കു പ്രത്യുത്തരമെന്നപോലെ തന്റെ മകനെ ആ പിതാവ് കല്ലറയില്‍നിന്നും കരംപിടിച്ചുയര്‍ത്തി. അങ്ങനെ, ആ മനുഷ്യപുത്രന്റെ മഹത്വീകരണമായിരുന്നു പുനഃരുത്ഥാനപ്പുലരിയില്‍ പൂര്‍ത്തീകരിക്കപ്പെട്ടത്. ഇഹലോകത്തിലേക്ക് ഇമ്മാനുവേലായി വാനില്‍നിന്നും വന്നതിനുശേഷം കഠിനപീഡകളുടെ കയ്പുനീരു കുടിച്ചതിനും, പാരിന്റെ പാപഭാരം പേറിയതിനും, മന്നിനും മാനത്തിനും മദ്ധ്യേ കിടന്ന് ആത്മാവിനെ വെടിഞ്ഞതിനുമൊക്കെ പ്രതിസമ്മാനമായി തന്റെ അരുമസുതനെ ദൈവം ഉയിര്‍പ്പിച്ചു. മുള്‍മുടിയിരുന്ന മൂര്‍ദ്ധാവില്‍ മഹത്വത്തിന്റെ മരതകക്കിരീടവും, തുളയ്ക്കപ്പെട്ട കരതലങ്ങളില്‍ വിജയത്തിന്റെ തൂവെള്ളക്കൊടിയുമായി ആനന്ദഭരിതനായി അവനുയിര്‍ത്തെണീറ്റു.

മര്‍ത്ത്യനായിക്കഴിഞ്ഞ മുപ്പത്തിമൂന്നു വര്‍ഷക്കാലമത്രയും, കാപട്യത്തിനു കൂട്ടുനിന്നും, കാ പാലികരുമായി കരം കോര്‍ത്തും, അസത്യത്തിനും അനീതിക്കും 'ആമ്മേന്‍' പറഞ്ഞും ഭൂമിയിലെ രാജാക്കന്മാരില്‍നിന്നും നേടാമായിരുന്ന പാരിതോഷികങ്ങളെയല്ല അവന്‍ മോഹിച്ചിരുന്നത്. പിന്നെയോ, പതിതരുടെയും, പാപികളുടെയും, പാവങ്ങളുടെയും പക്ഷം പിടിച്ചതിനും, നീതിക്കുവേണ്ടി നിര്‍ഭയം നിലകൊണ്ടതിനും, സ്വര്‍ഗ്ഗരാജ്യത്തിന്റെ സന്ദേശവുമായി സഞ്ചരിച്ചതിനും, വിശുദ്ധവചനത്തിന്റെ വിത്തുകള്‍ വിതച്ചതിനുമെല്ലാം പ്രതിഫലമായുള്ള സ്വര്‍ഗ്ഗത്തിന്റെ സാക്ഷ്യപത്രത്തെ മാത്രമായിരുന്നു. കൂടെയുണ്ടായിരുന്ന വരുടെയോ, കൂട്ടംകൂടിയവരുടെയോ കരഘോഷത്തിനായല്ല, അത്യുന്നതങ്ങളില്‍നിന്നുള്ള അംഗീ കാരത്തിനായാണ് അവന്‍ അനു നിമിഷം കാതോര്‍ത്തത്. അതിനായി താന്‍ സഹനങ്ങള്‍ സ്വന്തമാക്കണമെന്നും, പീഡകളുടെ പാരമ്യത്തില്‍ പ്രാണനെ പരിത്യജിക്കണമെന്നും അവനു സ്പഷ്ടമായി അറിയാമായിരുന്നു (മര്‍ക്കോ. 8:31).

ഒരു മനുഷ്യനു സഹിക്കാന്‍ കഴിയുന്നതില്‍ അധികം കഷ്ടതകള്‍ അവന്‍ അനുഭവിച്ചില്ലേ? കാലിത്തൊഴുത്തില്‍ കണ്ണു തുറന്നപ്പോള്‍ മുതല്‍ കാല്‍വരിയില്‍ കരളു തുറന്നപ്പോള്‍വരെ തിക്താനുഭവങ്ങളുടെ തീക്കനലുകളല്ലേ അവന്‍ തിന്നിരുന്നത്? ജനിച്ച മാത്രേ ജീവനു ഭീഷണി, പരദേശത്തേക്കുള്ള പാതിരാവിലെ പലായനം, വളര്‍ന്നു വന്ന വഴികളിലും നടന്നു നീങ്ങിയ നിരത്തുകളിലും കാത്തിരുന്ന കെണിക്കുഴികള്‍, കുറ്റാരോപണങ്ങള്‍, തെറ്റിദ്ധാരണകള്‍, ശത്രുക്കളുടെ ഗൂഢാലോചനകള്‍, ചങ്ങാതിയുടെ ചതിയുടെ ചൂടുള്ള ചുംബനം, അറിയില്ലെന്നു പറഞ്ഞ് അകന്നുപോയ അനുയായികള്‍, ഒറ്റപ്പെടല്‍, ദേഹം ചതച്ച ചമ്മട്ടിയടികള്‍, അസഭ്യഭാഷണം, മുഖത്തേറ്റ തുപ്പ്, കള്ളസാക്ഷ്യങ്ങള്‍, വിചാരണയില്ലാതെയുള്ള വിധിയെഴുത്ത്, കഴുമരം… എന്നിങ്ങനെ ഇന്നും മനുഷ്യന്‍ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ സര്‍വ്വ മുറിവുകളും സഹസ്രാബ്ദങ്ങള്‍ക്കപ്പുറം അവന്‍ സഹിച്ചതല്ലേ? പീഡകളുടെ പുസ്തകത്താളുകള്‍ മുഴുവന്‍ മനഃപാഠമാക്കിയവനാണു ആ 'മനുഷ്യന്‍'.

ഉയിര്‍പ്പുതിരുനാള്‍ നമുക്കു നല്കുന്ന ഒരു സന്ദേശം ഇതാണെന്നു തോന്നുന്നു: ശാപചിഹ്നമായിരുന്ന കുരിശിന്റെ കുഴിയില്‍നിന്നും ശൂന്യമായ ശവകുടീരത്തിലേക്കുള്ള ദൂരമാണ് സഹനങ്ങളില്‍ നിന്നും സന്തോഷത്തിലേയ്ക്കും, നരകഗര്‍ത്തത്തില്‍നിന്നും നാകഭാഗ്യത്തിലേയ്ക്കുമുള്ളത്. ആയുസ്സിലെ കറുത്ത ദുഃഖവെള്ളികളില്‍നിന്നും പ്രകാശപൂരിതമായ ഉത്ഥാനഞായറുകളിലേയ്ക്ക് പ്രത്യാശയുടെ വെറുമൊരു കല്ലേറകലം മാത്രമേയുള്ളൂ. ദൈവപുത്രനായ ക്രിസ്തു തന്നെയാണ് ആ ദൂരം. കാരണം, അവനാണ് മഹത്വത്തെക്കുറിച്ചുള്ള നമ്മുടെ പ്രത്യാശ (കൊളോ. 1:27). അവിടെ നമ്മുടെയൊക്കെ വിശ്വാസത്തിന്റെ പാറപ്പുറത്ത് സമാധാനമാകുന്ന സമ്മാനവുമായി ഉത്ഥിതന്‍ ഉണര്‍ന്നിരിപ്പുണ്ട്. ജനിമൃതികള്‍ക്കിടയിലെ ജീവിതയാത്രയില്‍ സത്യസന്ധരായിട്ടും സഹനങ്ങള്‍ സന്തതസഹചാരികളാകുമ്പോഴും, നിഷ്‌കളങ്കരായിരിക്കെ തെറ്റിദ്ധരിക്കപ്പെടുമ്പോഴും, അന്യായമായി ആക്ഷേപിക്കപ്പെടുമ്പോഴും, അനര്‍ത്ഥങ്ങളും ആപത്തുകളും, വ്യഥകളും വ്യാധികളും വിട്ടുമാറാതെ വട്ടമിടുമ്പോഴുമൊക്കെ 'ദൈവവിചാരത്തോടെ വേദനകള്‍ ക്ഷമാപൂര്‍വ്വം സഹിച്ചാല്‍ കാലക്രമേണ അവയോരോന്നും കണക്കെഴാത്ത കൃപകള്‍ക്ക് കാരണമാകും' (1 പത്രോ. 2:9) എന്ന ബോധ്യത്തില്‍ നാം അടിയുറച്ചുനില്ക്കണം. പീഡകളാണു പ്രഥമം (ലൂക്കാ 17:25). പിന്നാലെയാണു പുനഃരുത്ഥാനം.

ഓര്‍ക്കാം, അഴലുകളുടെ ആഴങ്ങളില്‍നിന്നും ആനന്ദത്തിന്റെ ആഴിപ്പരപ്പിലേയ്ക്ക് ഒരു മുഴം ദൈര്‍ഘ്യമേയുള്ളൂ; കാരിരുമ്പാണിപ്പാടുള്ള കരതലങ്ങള്‍ നീട്ടി നമ്മെ പിടിച്ചുയര്‍ത്താന്‍ കര്‍ത്താവ് കാത്തുനില്പുണ്ടവിടെ. കരഞ്ഞപേക്ഷിച്ചാന്‍ മാത്രം മതി; വിലാപ്പുറത്തെ മുറിവുണങ്ങിയവന്‍ വിളിപ്പാടകലെ മുഖാമുഖമിരിപ്പുണ്ട്. അടികളേറ്റ ആ ആട്ടിടയനെ അനുഗമിക്കുന്നവരും, ചോര ചിന്തിയ ആ ചെമ്മരിയെ ചങ്കോടുചേര്‍ക്കേണ്ടവരും, കുരിശില്‍ തൂങ്ങിയ ആ കാവല്ക്കാരനെ കൂട്ടുപിടിക്കേണ്ടവരുമായ വിശ്വാസികളായ നാമും മഹത്വത്തിലേയ്ക്കു തന്നെയാണ് വിളിക്കപ്പെട്ടിരിക്കുന്നത്. സഹനങ്ങളില്‍ സാന്ത്വനത്തിന്റെ സ്പര്‍ശവും, സ്ഥായിയായ സന്തോഷത്തിന്റെ സ്പന്ദനങ്ങളും ഉണ്ടെന്നുള്ള തിരിച്ചറിവ് അവയെ സാമോദം സ്വീകരിക്കാന്‍ നമ്മെ സഹായിക്കും. മൃത്യുവിനുപോലും ഇനി നമ്മുടെ മേല്‍ അന്തിമവിജയം ഉണ്ടായിരിക്കില്ല.കാരണം, കര്‍ത്താവിന്റെ കല്ലറയുടെ കവാടം മാറ്റപ്പെട്ടപ്പോള്‍ മരണനാഗത്തിന്റെ വായാണു മൂടപ്പെട്ടത്. ഗോശാലയില്‍ നിന്ന് ഗിരിശൃംഗത്തിലേയ്ക്ക് പരിശുദ്ധനായവന്‍ പീഡകളിലൂടെ ചെയ്ത പ്രയാണം മുറിവുകളില്‍ നിന്നും മഹത്വത്തിലേയ്ക്കുള്ള നമ്മുടെ കാല്‍നടയാത്രയുടെ പ്രാരംഭമാണു കുറിച്ചത്. ആ നീതിമാന്റെ യോദ്ധാക്കളെന്ന നിലയില്‍ നാം വരിക്കുന്ന കഷ്ടതകള്‍ നാള്‍തോറും നമുക്ക് സഹനശീലവും ആത്മധൈര്യവും പ്രത്യാശയും പ്രദാനം ചെയ്യും (റോമാ 5:4). മഹാസഹനങ്ങളുടെ മഹത്വീകരണത്തേക്കുറിച്ചുള്ള ഈ പ്രതീക്ഷയുടെ കൈത്തിരിയും കൊളുത്തിപ്പിടിച്ച് വിശ്വാസത്തിന്റെ വഴിയിലൂടെ നിരന്തരം നടന്നു നീങ്ങുന്നതിനുള്ള വരത്തിനായി ഉയിര്‍ത്തെഴുന്നേറ്റ നാഥനോട് ഉള്ളുരുകിയപേക്ഷിക്കാം. പെരു മഴയും പെയ്‌തൊഴിയുമെന്നും, നിരാശകള്‍ നീങ്ങുമെന്നും, മഹാമാരികള്‍ മാറുമെന്നും ദുഃഖദുരിതങ്ങള്‍ ദൂരെയകലുമെന്നും ഒക്കെയുള്ള പ്രത്യാശയുടെ പ്രകാശത്തിലൂടെ നടക്കാന്‍ ഉയിര്‍പ്പുതിരുനാള്‍ നമുക്കേവര്‍ക്കും ഉത്തേജനം നല്കുമാറാകട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org