Latest News
|^| Home -> Cover story -> ഗോരഖ്പൂര്‍: കേരളത്തിന് പഠിക്കാനേറെ

ഗോരഖ്പൂര്‍: കേരളത്തിന് പഠിക്കാനേറെ

Sathyadeepam

ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട്

ഗോരഖ്പൂര്‍ ബാബാ രാഘവദാസ് (BRD) മെഡിക്കല്‍ കോളേജിലുണ്ടായ കുട്ടികളുടെ കൂട്ടമരണം 71-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളെ മ്ലാനമാക്കി. ജാപ്പനീസ് ബി എന്‍സഫലെറ്റിസ്, എന്‍സഫലെറ്റിക്ക് സിന്‍ഡ്രോം എന്നീ രോഗങ്ങള്‍ ബാധിച്ച് ചികിത്സ തേടിയെത്തിയ ഒരു മെഡിക്കല്‍ കോളേജിലാണ് ഈ ദുരന്തം സംഭവിച്ചത് എന്നത് രാജ്യാന്തരതലത്തില്‍ തന്നെ ചര്‍ച്ചാവിഷയമായി. ഇതു സംഭവിച്ച് മൂന്ന് ദിവസം കഴിഞ്ഞിട്ടും പ്രധാനമന്ത്രി പ്രതികരിച്ചില്ല എന്നതാണ് ശ്രദ്ധേയം. കാര്യങ്ങള്‍ മനസ്സിലാക്കി അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശത്തില്‍ മക്കള്‍ നഷ്ടപ്പെട്ട അമ്മമാരോടും കുടുംബങ്ങളോടും അനുശോചനവും ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുകയുണ്ടായി. കുഞ്ഞുങ്ങള്‍ക്ക് ഓക്സിജന്‍ നല്‍കാന്‍ സാധിക്കാത്തതുകൊണ്ടല്ല, രോഗംമൂലമാണ് കുട്ടികള്‍ മരണമടഞ്ഞതെന്നും ഇത്തരം മരണങ്ങള്‍ ആ പ്രദേശത്ത് പുതുമയല്ലെന്നും മരണത്തെ ന്യായീകരിച്ചുകൊണ്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവര്‍ത്തിച്ച് പ്രസ്താവന ഇറക്കിയത് അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയ്ക്ക് ലജ്ജാകരമായി. എന്നാല്‍ മെഡിക്കല്‍ കോളേജിന് ഓക്സിജന്‍ വിതരണം ചെയ്യുന്ന കമ്പനിക്ക് 67 ലക്ഷം രൂപ കുടിശ്ശികയായി കൊടുക്കാനുണ്ടായിരുന്നുവെന്നും ആ സ്ഥാപനം വക്കീല്‍ നോട്ടീസ് വരെ അയച്ചിട്ടും അധികൃതര്‍ പ്രതികരിച്ചില്ല എന്നതും ഒരു വസ്തുതയായി നിലനില്‍ക്കുന്നു. രാജ്യ-രാജ്യാന്തരതലത്തില്‍ ഇത് ചര്‍ച്ചയായപ്പോള്‍ എല്ലാ കുറ്റങ്ങളും മെഡിക്കല്‍ കോളജിലെ ശിശുരോഗ വിദഗ്ദ്ധന്‍ ഡോ. കഫീര്‍ഖാന്‍റെ മേല്‍ചുമത്തി ഭരണകൂടം രക്ഷപ്പെടുകയായിരുന്നു.

ബി.ആര്‍.ഡി. മെഡിക്കല്‍ കോളേജിലെ ചികിത്സാസൗകര്യം ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പില്‍ വിജയിച്ചാണ് യോഗി ആദിത്യനാഥ് മുഖ്യമന്ത്രിപദത്തിലെത്തിയത് എന്ന രാഷ്ട്രീയവിവാദമൊന്നും ഈ ലേഖനത്തില്‍ പ്രതിപാദിക്കുന്നില്ല.

കേരളീയര്‍ തങ്ങള്‍ ഉല്പാദിപ്പിക്കുന്ന മാലിന്യങ്ങള്‍ (ഗാര്‍ഹിക-വ്യവസായ ആദികള്‍) പൊതുസ്ഥലങ്ങളിലേക്കും നദികളിലേക്കും പുറംതള്ളി സൃഷ്ടിക്കുന്ന അവസ്ഥ ഗൗരവതരമായ പല രോഗങ്ങള്‍ക്കും കാരണമാകുന്നു. ഗോരഖ്പൂരില്‍ നാലഞ്ചുപതിറ്റാണ്ടുകളായി മസ്തിഷ്കജ്വരം മൂലം നിരവധി കുഞ്ഞുങ്ങള്‍ മരണപ്പെട്ടിട്ടും രോഗപ്രതിരോധത്തിന് സത്വരനടപടികളെടുക്കാന്‍ സര്‍ക്കാരോ ആരോഗ്യവകുപ്പ് അധികൃതരോ ആത്മാര്‍ത്ഥമായ ശ്രമം നടത്തിയിട്ടില്ലെന്നുള്ളത് ഖേദകരമാണ്. ഏറ്റവും ഒടുവിലത്തെ കൂട്ടമരണങ്ങള്‍ നടന്ന ജൂലൈ, ആഗസ്റ്റ് മാസങ്ങളിലും ബി.ആര്‍.ഡി. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ കുഞ്ഞുങ്ങളുടെ തീവ്രപരിചരണ വിഭാഗം സ്ഥിതിചെയ്യുന്ന പരിസരങ്ങളില്‍ പോലും ശുചിത്വപാലനം ഉണ്ടായിരുന്നില്ല എന്നത് അത്ഭുതം ജനിപ്പിക്കുന്നു. ടെലിവിഷനിലൂടെ ലോകം മുഴുവന്‍ ആസ്പത്രിയുടെ ദുരവസ്ഥ ഞെട്ടലോടെ കാണുകയായിരുന്നു. തീര്‍ത്തും അണുവിമുക്തമായി സൂക്ഷിക്കേണ്ട ഐ.സു.യു.വില്‍ മുഖ്യമന്ത്രി എത്തുന്നതിനുമുമ്പ് ഡോഗ്സ്ക്വാഡ് ഉദ്ദ്യോഗസ്ഥന്മാര്‍ നായ്ക്കളെ പ്രവേശിപ്പിച്ച് പരിശോധിപ്പിച്ചത് വളരെ വിചിത്രമായി.

കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ 50,000 കുട്ടികളാണ് ജാപ്പനീസ് ബി എന്‍സെഫലിറ്റിസ്, എന്‍സെഫലിറ്റിക്ക് സിന്‍ഡ്രോം എന്നിവമൂലം ഈ പ്രദേശത്ത് മരണമടഞ്ഞതത്രെ (2012-നുശേഷം തന്നെ മുവ്വായിരത്തോളം ശിശുക്കള്‍ ഈ രോഗംമൂലം മരിച്ചു) മലിനജലം കെട്ടികിടക്കുന്ന പ്രദേശങ്ങളിലാണ് ഈ രോഗവാഹകരായ കൊതുകുകളും മറ്റ് അണുക്കളും പെരുകുന്നതെന്ന് മനസ്സിലാക്കി ഉണര്‍ന്നുപ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചുണ്ടാകുന്ന ശിശുമരണങ്ങള്‍ ഒഴിവാക്കാമായിരുന്നില്ലേ? 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ നഷ്ടപ്പെടുന്ന ഈ അവസ്ഥ തീര്‍ത്തും വേദനാജനകം തന്നെ. ഇതിന് തടയിടാന്‍ വാക്സിനേഷന്‍ ഒരു പരിധിവരെ ആകുമെന്ന് കരുതപ്പെടുന്നുണ്ടെങ്കിലും രോഗം ബാധിച്ചവര്‍ക്ക് കൃത്യമായ ചികിത്സ എന്നൊന്ന് ഇതുവരെ നിര്‍ണ്ണയിക്കപ്പെട്ടിട്ടില്ല. മസ്തിഷ്ക്കത്തിലെ നീര്‍ക്കെട്ട് കുറയ്ക്കുകയും പനി നിയന്ത്രിക്കുകയുമാണ് അടിയന്തിരചികിത്സാഘട്ടത്തില്‍ ചെയ്യാവുന്നത്. ശ്വാസകോശത്തിലെ കഫക്കെട്ട്മൂലം ശ്വാസതടസ്സം ഉണ്ടാകുമ്പോള്‍ ഓക്സിജന്‍ മാത്രമാണ് രക്ഷ; അതാണ് മെഡിക്കല്‍ കോളേജില്‍ ഇല്ലാതെപോയത്. ഇത്തരത്തിലുള്ള മരണങ്ങള്‍ ഒഴിവാക്കാന്‍ ഗവേഷണവും അടിയന്തിരമായി ആരംഭിക്കണം.

നാലായിരം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ ഈ മാരകരോഗത്തിന്‍റെ പ്രതിരോധത്തിനായി അനുവദിച്ചതായി രേഖകള്‍ ഉണ്ടെങ്കിലും അതൊന്നും ഫലപ്രദമായില്ല. ഗോരഖ്പൂരിലെ ശിശുമരണത്തില്‍ സര്‍ക്കാരിനും ആരോഗ്യരംഗത്ത് പ്ര വര്‍ത്തിക്കുന്നവര്‍ക്കും തുല്യ ഉത്തരവാദിത്വമാണുള്ളത്.

കേരളത്തിലെ പാതയോരങ്ങള്‍, നദികള്‍, വയലുകള്‍ എന്നിവയെല്ലാം മാലിന്യനിക്ഷേപത്തിന്‍റെ കേന്ദ്രങ്ങളാണ്. കക്കൂസ് മാലിന്യങ്ങള്‍ പലയിടങ്ങളിലും കൈക്കൂലിയുടെ മറവില്‍ പുറംതള്ളപ്പെടുന്നത് പൊതുകാനകളിലേക്കോ നദികളിലേക്കോ ആണ്. ഈ പ്രദേശങ്ങളിലെ ജലപരിശോധനയില്‍ നിന്ന് അപായകരമായവിധം ‘ഇ. കോളി (E.COLI) ബാക്ടീരിയ’യുടെ സാന്നിധ്യം തിരിച്ചറിയപ്പെട്ടിട്ടുണ്ട്. കണ്ണില്‍ പൊടിയിടാന്‍ തദ്ദേശസ്വയംഭരണവകുപ്പിന്‍റെ പ്രാദേശിക ആരോഗ്യ വിഭാഗ സ്ഥാപനങ്ങള്‍ ഏതാനും ദിവസത്തേക്ക് അത്തരം സ്ഥാപനങ്ങള്‍ അടപ്പിക്കുക തുടങ്ങിയ നാമമാത്രമായ നടപടികള്‍ ചെയ്യുന്നു എന്നല്ലാതെ മറ്റൊന്നും ഇല്ല. ഗാസ്ട്രോ എന്‍ററ്റൈറ്റിസ്, മഞ്ഞപ്പിത്തം, കോളറ തുടങ്ങിയ രോഗങ്ങളുടെ വ്യാപനത്തിന്‍റെ കാരണം ഇതാണ്. ഇക്കാര്യത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ല. കേരളത്തിലെ മിക്കവാറും ജലാശയങ്ങളില്‍ അപായകരമായി ഇ.കോളി ബാക്റ്റീരിയകളുണ്ട്. കുടിവെള്ളം അണുവിമുക്തമാണോയെന്ന് വല്ലപ്പോഴും പരിശോധിക്കേണ്ടതല്ലെ?

ഫാക്ടറികളില്‍ നിന്ന് പുറത്തേക്കൊഴുകുന്ന രാസമാലിന്യങ്ങള്‍ അര്‍ബുദംവരെയുള്ള രോഗങ്ങള്‍ സൃഷ്ടിച്ചതിന് മാവൂര്‍ ഗ്വാളിയോര്‍ റെയോണ്‍സ് ഫാക്ടറി അടച്ചുപൂട്ടലില്‍ വരെ എത്തിയ കഥ കേരളം വിസ്മിക്കരുത്. ഇതിനെതിരെയുള്ള സമരവും വിലാപവും ആദ്യം കണ്ടില്ലെന്നു നടിച്ച് അനേകരെ അര്‍ബുദം വിഴുങ്ങിയതിനുശേഷം വേണോ നടപടികളിലേക്കു കടക്കാന്‍?

മസ്തിഷ്ക്കവീക്കം ഉത്തര്‍പ്രദേശിലും, കോളറ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ ബംഗാളിലും മാത്രമായി ഒതുങ്ങിനില്‍ക്കുമെന്ന് കേരളീയര്‍ ആശ്വസിക്കേണ്ട. പകര്‍ച്ചവ്യാധികളുടെ അപകടസാദ്ധ്യത നമ്മുടെ കണ്‍മുന്നില്‍ത്തന്നെ എത്തിയിരിക്കുന്നു. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന ഇടങ്ങള്‍ ദയനീയവും വൃത്തിഹീനവുമാണ്. ഇതും കേരളത്തിന്‍റെ ആരോഗ്യരംഗം നേരിടേണ്ടിവരുന്ന ഭീഷണികളില്‍ ഒന്നാണ്. രോഗബാധിതരോടും മരിച്ചവരോടും ഗോരഖ്പൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയുടെ ആരോഗ്യസംരക്ഷകര്‍ കാണിച്ച നിസ്സംഗതയില്‍ നിന്നും കേരള ആരോഗ്യരംഗത്തിന് പലതും പഠിക്കാനുണ്ട്. രോഗികളുടെ ജീവന്‍ ജീവിതത്തിനും മരണത്തിനുമിടയില്‍ തുലാസിലാടുമ്പോള്‍ അധികൃതര്‍ കാണിച്ച ക്രൂരമായ നിസംഗത മാപ്പ് അര്‍ഹിക്കാത്തതാണ്. മൃതദേഹങ്ങള്‍ കിലോമീറ്ററുകള്‍ കൊണ്ടുപോകാനായി സര്‍ക്കാരോ മെഡിക്കല്‍ കോളജ് അധികൃതരോ അവിടെ യാതൊരു നടപടിയും സ്വീകരിച്ചില്ല എന്നത് ജീവിച്ചിരിക്കുന്നവരോടും മരിച്ചവരോടും അധികൃതര്‍ക്ക് യാതൊരു കരുതലുമില്ലെന്നതിന്‍റെ അടയാളമാണ്. തന്മൂലം മരിച്ച ശിശുക്കളെ സ്ക്കൂട്ടറിലും ഓട്ടോറിക്ഷയിലും മറ്റും വീടുകളിലെത്തിക്കുന്ന മാതാപിതാക്കളുടെ ദയനീയാവസ്ഥ നിറകണ്ണുകളോടെ നാം ടെലിവിഷനിലൂടെ കണ്ടു. നമ്മുടെ കേരളത്തിന്‍റെ സ്ഥിതി ഇതില്‍നിന്നും വ്യത്യസ്തമല്ല എന്നതും ഗോരഖ്പൂര്‍ നല്‍കുന്ന ഒരു മുന്നറിയിപ്പാണ്. ഇതര സംസ്ഥാന തൊഴിലാളിയായ മുരുകന്‍ അപകടത്തില്‍പെട്ടപ്പോള്‍ സര്‍ക്കാര്‍ സ്വകാര്യ മെഡിക്കല്‍ കോളജുകളടക്കം എത്ര കവാടങ്ങളില്‍ സഹായമഭ്യര്‍ത്ഥിച്ചിട്ടും ഫലമുണ്ടായില്ലല്ലൊ. വീണ്ടും എരുമപ്പെട്ടിയിലെ മുകുന്ദന് ഇതേ അനുഭവം തന്നെയല്ലേ ഉണ്ടായത്. ഇതെല്ലാം വെന്‍റിലേറ്റര്‍, ന്യൂറോ സര്‍ജന്‍ എന്നീ ഘടകങ്ങളുടെ അഭാവമായി മാത്രം കണ്ടാല്‍ മതിയോ? ആരോഗ്യസംരക്ഷണ രംഗത്തുള്ളവരുടെ മനുഷ്യത്വമില്ലായ്മ എന്നതു മാത്രമാണ് കാരണം. രോഗിക്ക് പണവും സ്വാധീനവുമുണ്ടെങ്കില്‍ ക്ഷണനേരംകൊണ്ട് ഇതൊക്കെ റെഡി!

ആരോഗ്യസംരക്ഷണത്തില്‍ കേന്ദ്ര ഗവണ്‍മെന്‍റ് ചെലവഴിക്കുന്ന ഫണ്ട് തികച്ചും തുച്ഛമാണ്. ജി.ഡി.പി(G.D.P.)യുടെ അഞ്ച് ശതമാനം മാത്രമാണ് കേന്ദ്ര ഗവണ്‍മെന്‍റ് ഇതിനായി ആരോഗ്യരംഗത്ത് ചെലവഴിക്കുന്നത്. എന്നാല്‍ സംസ്ഥാന ഗവണ്‍മെന്‍റ് ആരോഗ്യസംരക്ഷണത്തിനായി വാര്‍ഷിക ബജറ്റിന്‍റെ സാമാന്യം നല്ലൊരു ഓഹരി നീക്കിവയ്ക്കുന്നുണ്ട്. പക്ഷെ ആനുപാതികമായ പുരോഗതി കാണാന്‍ കഴിയുന്നില്ല. ഇതിന്‍റെ കാരണം അധികാരകേന്ദ്രങ്ങളിലെ അ ഴിമതിയും ഇച്ഛാശക്തിയുടെ അഭാവവും ആരോഗ്യസംരക്ഷണ രംഗത്തുള്ളവരുടെ നിസംഗതയുമാണ്. കേരള ആരോഗ്യ മോഡല്‍ ആഗോളതലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ മലേറിയ, ഡെങ്കി, ചിക്കന്‍ഗുനിയ തുടങ്ങി ഒരു കാലത്ത് പൂണ്ണമായും ഉച്ഛാടനം ചെയ്തുവെന്ന് കരുതിയിരുന്ന രോഗങ്ങള്‍ തിരികെ വന്നതോടെ കേരളത്തിന്‍റെ ആരോഗ്യനില തൃപ്തികരമല്ലാത്ത അവസ്ഥയിലേക്ക് അധഃപതിച്ചു.

അധികാരികളുടെ കര്‍ശനമായ മേല്‍നോട്ടവും കരുതലും ഉറവിടങ്ങളില്‍ത്തന്നെ മാലിന്യസംസ്ക്കരണം എന്ന പൗരന്മാരുടെ നിഷ്ക്കര്‍ഷയും ഉണ്ടെങ്കില്‍ മാത്രമേ ഇന്ന് കേരളം നേരിടുന്ന ആരോഗ്യപ്രതിസന്ധിക്ക് പരിഹാരം കാണാനാകൂ. ‘മാലിന്യത്തില്‍നിന്ന് സ്വാതന്ത്യം’ എന്ന മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിനാഹ്വാനം സെമിനാറുകളില്‍ തളച്ചിടാതിരിക്കട്ടെ.

(ലേഖകന്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് സ്ഥാപക ഡയറക്ടറാണ്.)

Leave a Comment

*
*