Latest News
|^| Home -> Cover story -> കളിയും കാര്യവുമായി അമ്മാമ്മയും കൊച്ചുമോനും

കളിയും കാര്യവുമായി അമ്മാമ്മയും കൊച്ചുമോനും

Sathyadeepam

ഫ്രാങ്ക്‌ളിന്‍ എം.

അമ്മാമ്മയുടെ കൊച്ചുമോന്‍ ജിന്‍സന് ജോലികിട്ടി. ജീവിതത്തില്‍ എന്തു നടന്നാലും ജിന്‍സന്‍ ആദ്യം അറിയിക്കുന്നത് അമ്മാമ്മയെയാണ്. ജോലിക്കാര്യവും അയാള്‍ അമ്മാമ്മയോടു പറഞ്ഞു. നിറപുഞ്ചിരിയോടെ അമ്മാമ്മ പറഞ്ഞു: ”ചെലവ്ണ്ടട്ടാ…” ജോലികിട്ടിയ കാര്യം ഭാര്യ റോസ്മിയോടും സൂചിപ്പിച്ചു. ചെലവു ചെയ്യണമെന്നു ഭാര്യയും പറഞ്ഞു. ഒടുവില്‍ ബീച്ചില്‍ പോകാന്‍ തീരുമാനിച്ചു. ബീച്ചിലേക്ക് അമ്മാമ്മയേയും കൂടെക്കൂട്ടാന്‍ നിശ്ചയിച്ച ജിന്‍സനെ തടഞ്ഞ് ഭാര്യ ചോദിച്ചു: ”നമ്മള്‍ എവിടെയെങ്കിലുമൊക്കെ പോകു മ്പോള്‍ ഈ അമ്മാമ്മയെയും കൂടെ കൊണ്ടുപോകുന്നതെന്തിനാ?”

മാതാപിതാക്കളില്ലാത്ത സന്തോഷം പൂര്‍ണ്ണമാകില്ലെന്നും പ്രായമാകുമ്പോള്‍ നമ്മുടെ മക്കള്‍ നമ്മെ അവ ഗണിച്ചാല്‍ ആ വേദന എത്ര വലുതായിരിക്കുമെന്നുമൊക്കെ ഭാര്യയെ ബോധ്യപ്പെടുത്തി ബീച്ചുകാണിക്കാന്‍ അമ്മാമ്മയെയും ജിന്‍സന്‍ ഒപ്പം കൊണ്ടു പോയി. ബീച്ചില്‍ അസ്തമയ സൂര്യനെ നോക്കി വിടര്‍ന്ന മുഖത്തോടെ പുഞ്ചിരിച്ചു നില്‍ക്കുന്ന അമ്മാമ്മയെ നോക്കി ജിന്‍സന്‍ ഭാര്യയോടു പറഞ്ഞു: ”മാതാ പിതാക്കളെ ചേര്‍ത്തു നിറുത്തുമ്പോഴുള്ള അവരുടെ തെളിഞ്ഞ മുഖം സൂര്യനേക്കാള്‍ ഭംഗിയുള്ളതാണ്. നാം അതിനു കാരണക്കാരാകുന്നുവെങ്കില്‍ ആ പുണ്യം ജീവിതകാലം മുഴുവനും നിലനില്‍ക്കും.”

ഫേസ്ബുക്കില്‍ ആറര ലക്ഷം പേരും യു ട്യൂബില്‍ ഒന്നര ലക്ഷം പേരും പിന്തുടരുന്ന ”അമ്മാമ്മയുടെ കൊച്ചുമോന്‍” എന്ന വീഡിയോ പ്രോഗ്രാമിലെ ഒരു പ്രമേയമാണ് മേല്‍ വിവരിച്ചത്. സാമൂഹ്യമാധ്യമങ്ങളില്‍ അന്യരുടെ അരമനരഹസ്യം പാട്ടാക്കിയോ അശ്ലീലം പൊതിഞ്ഞ ഹാസ്യം അവ തരിപ്പിച്ചോ ‘ലൈക്കും ഷെയറും’ തേടുന്നവര്‍ക്കിടയിലാണ് മാനവീകമൂല്യങ്ങള്‍ ചിരിയിലും ചിന്തയിലും ചാലിച്ചു നല്‍കി ”അമ്മാമ്മയുടെ കൊച്ചുമോന്‍” പ്രേക്ഷകമനസ്സുകളില്‍ ഇടംപിടിക്കുന്നത്. ആളുകളെ അപഹസിച്ചും ചൊറിഞ്ഞും മാന്തിയും വേദനിപ്പിച്ചും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടുന്നവര്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നിടത്താണ് എറണാകുളം, നോര്‍ത്ത് പറവൂര്‍ ചിറ്റാട്ടുകര മാമ്പിള്ളി വീട്ടിലെ ഈ അമ്മാമ്മയും കൊച്ചുമോനും നിത്യജീവിതത്തില്‍ നിന്ന് അടര്‍ത്തിയെടുക്കുന്ന ജീവിതഗന്ധികളായ വീഡിയോകളിലൂടെ ശ്രദ്ധേയരാകുന്നത്. കളിചിരികളിലൂടെ കാര്യങ്ങളും പങ്കുവച്ച് നവമാധ്യമങ്ങളിലെ വെബ് സീരീസുകളില്‍ മിന്നും താരങ്ങളായി മാറിയിരിക്കുകയാണ് അമ്മാമ്മയും കൊച്ചുമോനും.

രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ഗള്‍ഫിലെ ജോലിക്കിടയില്‍ അവധിക്കു നാട്ടിലെത്തിയപ്പോഴാണ് ജിന്‍സന്‍ ടിക്‌ടോക് വീഡിയോകള്‍ ചെയ്യാന്‍ തുടങ്ങിയത്. ”ആദ്യം വെറുതെ നേരം പോക്കിനായി തുടങ്ങിയതാ ണ്. എന്നാല്‍ അമ്മാമ്മയു മൊത്തു ചെയ്ത വീഡി യോകള്‍ കൂടുതല്‍ ശ്രദ്ധി ക്കപ്പെട്ടപ്പോള്‍ ഈ രംഗ ത്തു താത്പര്യം വര്‍ദ്ധിച്ചു” – ജിന്‍സന്‍ പറയുന്നു. സിനിമാ ഡയലോഗുകളെ ടുത്ത് പൊതുവേ എല്ലാവ രും ചെയ്യുന്ന വീഡിയോക ളാണ് ആരംഭത്തില്‍ നിര്‍മ്മി ച്ചത്. എന്നാല്‍ സ്വന്തം ശബ്ദത്തില്‍ അമ്മാമ്മയും കൊച്ചുമോനും രംഗത്തെ ത്തിയപ്പോള്‍ അതു ഹിറ്റാ കാന്‍ തുടങ്ങി. 87 കാരിയാ യ മേരി ജോസഫ് എന്ന അമ്മാമ്മയും 29 കാരനായ ജിന്‍സന്‍ എന്ന കൊച്ചുമോനും ചേര്‍ന്ന് സ്‌ക്രിപ്റ്റും റിഹേഴ്‌സലും ഇല്ലാതെ പുറത്തിറക്കുന്ന വീഡിയോകള്‍ യു ട്യൂബിലും ഫേസ് ബുക്കിലും നിരവധി ആരാധകരെ സൃഷ്ടിച്ചു. അമ്മാമ്മയ്ക്കുപുറമെ ജിന്‍സന്റെ അപ്പനും അമ്മയും ഭാര്യയും അനുജനും സുഹൃത്തുക്കളുമൊക്കെ ഈ പ്രോഗ്രാമില്‍ കഥാപാത്രങ്ങളാണ്.

അമ്മാമ്മയുടെ മടിയില്‍ കിടക്കുമ്പോള്‍ പറഞ്ഞുകേട്ട കഥകളില്‍ നിന്നുള്ള ആശയങ്ങളാണ് വീഡിയോയിലൂടെ അവതരിപ്പിക്കപ്പെടുന്നതെന്നു ജിന്‍സന്‍ പറയുന്നു. ഇത്തരം ഗുണപാഠ കഥകള്‍ പലര്‍ക്കും പ്രചോദനവും വഴികാട്ടിയുമായിട്ടുണ്ട്. അമ്മാമ്മയെ ബീച്ചു കാണിക്കാന്‍ കൊണ്ടുപോയ വീഡിയോ കണ്ട് ഒരു വീട്ടമ്മ ജിന്‍സനെ വിളിച്ചിരുന്നു. വിങ്ങിപ്പൊട്ടിക്കൊണ്ട് ”എന്നോടു ക്ഷമിക്കണം” എന്നാണവര്‍ അഭ്യര്‍ത്ഥിച്ചത്. ”അതില്‍ എല്ലാമുണ്ട്. ആ ചേച്ചിക്ക് അവരുടെ അമ്മയെയോ അമ്മാമ്മയെയോ വേണ്ടവിധത്തില്‍ പരിചരിക്കാന്‍ കഴിഞ്ഞിട്ടുണ്ടാകില്ല. ഒരുപക്ഷെ ഇനി അതിനു സാധ്യതയും ഇല്ലായിരിക്കാം. അതിന്റെ വേദനയും ദുഃഖവുമാണ് അവര്‍ പങ്കുവച്ചത്” – ജിന്‍സന്‍ വിശദീകരിക്കുന്നു. അതു പോലെ കാന്‍സര്‍ രോഗിയായ ഒരു യുവതി ബാംഗ്ലൂരില്‍ നിന്നു വിളിച്ചു. ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ അവര്‍ക്കാശ്രയം അമ്മ മാത്രം. രോഗ തീവ്രതയില്‍ വിഷമിച്ചും വേദനിച്ചും ജീവിതം മടുത്തു മരിക്കാന്‍ തീരുമാനിച്ചിരുന്ന ഘട്ടത്തിലാണ് അവര്‍ ”അമ്മാമ്മയുടെ കൊച്ചുമോന്‍” കാണുന്നത്. അമ്മാമ്മയുടെ പ്രസന്നപൂര്‍ണമായ മുഖവും സന്തോഷകരമായ സാഹ ചര്യങ്ങളും ജീവിതത്തിന്റെ പ്രത്യാശയിലേക്കാണവരെ നയിച്ചത്.

ഇത്തരം അനുഭവങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ വലിയ സന്തോഷവും സംതൃപ്തിയുമുണ്ടെന്ന് അമ്മാമ്മ പറയുന്നു: ”വെറും നിസ്സാരയായ എന്നെ ദൈവം ഇത്രത്തോളം വലുതാക്കി. ഒന്നും എന്റെ കഴിവല്ല, ദൈവാനുഗ്രഹമാണ്.” വീഡിയോകള്‍ കണ്ട് ഫോണില്‍ വിളിക്കുന്നവരും കത്തുകളും സമ്മാനങ്ങളും അയയ്ക്കുന്നവരും നേരില്‍ വരുന്നവരും നിരവധിയാണ്.

അമ്മാമ്മയും കൊച്ചുമോനും ചേര്‍ന്നുള്ള വീഡിയോകളെല്ലാം മഹത്തരമാണെന്നൊന്നും ജിന്‍സന്‍ അവകാശപ്പെടുന്നില്ല. ഇതു കണ്ടിട്ട് ആര്‍ക്കെങ്കിലും ഏതെങ്കിലും വിധത്തില്‍ ഉപകാരപ്പെട്ടാല്‍ അത്രയുമായി. കഴിയുന്നത്ര നന്നായി ചെയ്യാനാണു ശ്രമിക്കുന്നത്. വിധിക്കേണ്ടതും വിജയം തരേണ്ടതും ജനങ്ങളാണ് – ജിന്‍സന്‍ വ്യക്തമാക്കുന്നു. കാര്യമായ മുന്നൊരുക്കങ്ങളില്ലാതെ മൊബൈല്‍ ഫോണില്‍ ഷൂട്ടു ചെയ്യുന്ന വീഡിയോകളാണ് അപ്‌ലോഡു ചെയ്യുന്നത്. അതുകൊണ്ടു തന്നെ അമ്മാമ്മയുടെയും കൊച്ചുമോന്റെയും സ്വാഭാവിക പ്രതികരണങ്ങളാണ് പ്രേക്ഷകര്‍ ദര്‍ശിക്കുന്നത്. ”എനിക്കും അമ്മാമ്മയ്ക്കും അഭിനയിക്കാന്‍ അറിയില്ല, അനുകരിക്കാനും” – സ്വാഭാവിക ജീവിതം പകര്‍ത്തപ്പെടുമ്പോള്‍ അതു വൈറലാകുന്നതിന്റെ രഹസ്യം ജിന്‍സന്‍ വ്യക്തമാക്കുന്നു.

എളിയ രീതിയില്‍ തുടങ്ങി ഇന്നും അതേ രീതിയില്‍ മുന്നോട്ടുപോകുമ്പോള്‍ ഈ രംഗത്തു കൈ വരിച്ചിട്ടുള്ള വലിയ മുന്നേറ്റം ദൈവാനുഗ്രഹമായി കാണുകയാണ് ഈ അമ്മാമ്മയും കൊച്ചുമോനും. യൂറോപ്പും ഗള്‍ഫുമടക്കം വിദേശ യാത്രകള്‍ നടത്താനും വിവിധ തലങ്ങളില്‍ ആദിക്കപ്പെടാനും ഇതിലൂടെ കഴിഞ്ഞു. ഇടവകയായ നോര്‍ത്ത് പറവൂര്‍ കോട്ടയ്ക്കാവ് സെന്റ് തോമസ് പള്ളിയില്‍ നിന്നു പ്രോത്സാഹനങ്ങളും അംഗീകാരങ്ങളും കിട്ടിയിട്ടുണ്ട്. തിരുനാളിനോടനുബന്ധിച്ചു നടത്തിയ സര്‍ഗ്ഗസന്ധ്യയും മാതൃവേദി വാര്‍ഷികവും ഉദ്ഘാടനം ചെയ്തത് അമ്മാമ്മയാണ്. ഇദംപ്രഥമമായി കെസിബിസി മാധ്യമ കമ്മീഷന്‍ നല്‍കിയ സോഷ്യല്‍ മീഡിയ ഐക്കണ്‍ അവാര്‍ഡും ലഭിച്ചു. സഭയില്‍ നിന്നു കിട്ടിയ വലിയ അംഗീകാരമായി അതിനെ കാണുന്നു. യു ട്യൂബിന്റെ സില്‍വര്‍ പ്ലേ ബട്ടനും ഈ വെബ് സീരീസിനു ലഭിക്കുകയുണ്ടായി. ”നെല്ലിക്ക” എന്ന യു ട്യൂബ് ചാനലില്‍ അമ്മാമ്മയുടെയും കൊച്ചു മോന്റെയും സീരീസുകള്‍ പ്രക്ഷേപണം ചെയ്യുന്നുണ്ട്. അടുത്ത മാസം റിലീസ് ചെയ്യുന്ന ”മിഖായേല്‍ ഓട്ടോമൊബൈല്‍സി”ന്റെ തിരക്കിലാണിപ്പോള്‍. കേരള സര്‍ക്കാരിന്റെ വാര്‍ദ്ധക്യകാല പെന്‍ഷനെക്കുറിച്ചുള്ള പരസ്യചിത്രത്തിലും അമ്മാമ്മ അഭിനയിച്ചിട്ടുണ്ട്.

”ഇതെല്ലാം വലിയ അംഗീകാരമായിട്ടാണു ഞങ്ങള്‍ കാണുന്നത്. ഇതിലൂടെ പണമുണ്ടാക്കലല്ല ലക്ഷ്യം. അന്നും ഇന്നും സാധാരണ ജീവിതം ആഗ്രഹിക്കുന്നവരാണു ഞങ്ങള്‍. റമ്മികളിയുടെ പരസ്യത്തിനും ഒരു മരുന്നു കമ്പനിയുടെ പരസ്യത്തിനു വേണ്ടിയും ഞങ്ങളെ സമീപിച്ചിരുന്നു. സമൂഹത്തിന് അതു ഗുണകരമല്ലെന്നു കണ്ട് ഉപേക്ഷിച്ചു. ലക്ഷങ്ങളാണ് അവര്‍ ഓഫര്‍ ചെയതത്. നല്ലതല്ലാത്തതൊന്നിനും ഞങ്ങളില്ല” – അമ്മാമ്മയുടെ തോളില്‍ കൈകള്‍ ചേര്‍ത്ത് ആ മുഖത്തൊരു മുത്തം നല്‍കി ജിന്‍സന്‍ പറയുന്നു. യൂ ട്യൂബിലൂടെ പാചകരംഗത്തും അമ്മാമ്മയുടെ കൈപുണ്യം മലയാളികളുടെ അടുക്കളയിലേക്കു കടന്നു ചെല്ലുന്നുണ്ട്. ”അമ്മാമ്മയുടെ സ്‌പെഷ്യല്‍ പിക്കിള്‍സ്” എന്ന പേരില്‍ അച്ചാറുകളുടെ വിപണനവും നടത്തുന്നു. ബീഫ്, മീന്‍, ചെമ്മീന്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന അച്ചാറുകളാണ് വിപണിയി ലെത്തിക്കുന്നത്. അങ്കമാലി അത്താണിയിലുള്ള ഷോപ്പിലും ഓണ്‍ലൈനായും അമ്മാമ്മയുടെ അച്ചാറുകള്‍ ലഭ്യമാണ്.

(ജിന്‍സന്‍ – 9061155582)

Comments

One thought on “കളിയും കാര്യവുമായി അമ്മാമ്മയും കൊച്ചുമോനും”

  1. Sibi Mankuzhikary says:

    വളരെയേറെ ശ്രദ്ധിക്കപ്പെടേണ്ട് കഥ
    നല്ല വിവരണവും അഭിനന്ദനങ്ങൾ ഫ്രാങ്ക്ളിൻ

Leave a Comment

*
*