ജിഎസ്ടിയും ആശങ്കകളും

ജിഎസ്ടിയും ആശങ്കകളും

അഡ്വ. ബിനീതാ ജോയി LLM Tax

ഏതൊരു ഉപഭോക്താവിനെയും അയാള്‍ പോലും അറിയാതെ നിയതമായ ഒരു നികുതി സമ്പ്രദായത്തിന്‍റെ ചട്ടക്കൂടിലേക്ക് ഉള്‍പ്പെടുത്തുകയും വരവുകള്‍ക്കു മാത്രമല്ല ചെലവുകള്‍ക്കു കൂടി നികുതി ഏര്‍പ്പെടുത്തുകയും ചെയ്യുന്നതാണു പുതിയ രീതി. ജിഎസ്ടി രജിസ്ട്രേഷനുള്ള വ്യാപാരിക്ക് അയാള്‍ നല്കിയ നികുതിയില്‍ നിന്ന് അയാള്‍ വാങ്ങുമ്പോള്‍ നല്കിയ നികുതി സെറ്റ് ഓഫ് ചെയ്തു നല്കുന്ന രീതി അവലംബിച്ചതിലൂടെ എല്ലാവരെയും ജിഎസ്ടി രജിസ്ട്രേഷന്‍ എടുക്കാന്‍ പ്രേരിപ്പിക്കുകയും നിര്‍ബന്ധിതരാക്കുകയും ചെയ്യുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. സൂക്ഷ്മമായ ഇടപെടലുകളിലൂടെ നികുതി പിരിച്ചെടുക്കാന്‍ കൂടുതല്‍ നിര്‍ബന്ധിതമാക്കുകയും നികുതി വെട്ടിപ്പിനുള്ള സാദ്ധ്യത പരിമിതപ്പെടുത്തുകയും ചെയ്യുന്നതിലൂടെ കമ്പോള ത്തില്‍ നിന്നു സാധനങ്ങളുടെ സേവനങ്ങളും നികുതിരഹിതമായി സ്വീകരിക്കുന്നതിനുള്ള ഉപഭോക്താവിന്‍റെ സാദ്ധ്യതയും പരിമിതപ്പെടുന്നു. Exclusion അല്ലെങ്കില്‍ exceptions നല്കുന്ന രീതികളിലെ അവ്യക്തതയും അന്ധകാരവും ഇല്ലാതാക്കി നികുതി വെട്ടിപ്പിലെ സാദ്ധ്യതകള്‍ ഏറ്റവും കുറച്ച് എല്ലാം ഒരു പൊതുവായ നെറ്റ്വര്‍ക്കിന്‍റെ ഭാഗമാക്കിയിരിക്കുകയാണ് ഈ സമ്പ്രദായം. ചരക്കു ഗതാഗതം പോലും അറിയിക്കണമെന്ന വ്യവസ്ഥ എല്ലാം സൂക്ഷ്മവും സുതാര്യവും വ്യക്തവുമായി നിരീക്ഷിക്കാനുള്ള നീക്കം തന്നെ. പ്രത്യക്ഷത്തില്‍ ഇതു വിലവര്‍ദ്ധനവിനു വഴിതെളിച്ചു എന്നു വ്യാഖ്യാനിക്കപ്പെടാമെങ്കിലും നികുതി സംവിധാനത്തിന്‍റെ ഘടനാപരമായ മാറ്റംമൂലം കമ്പോളമത്രയും നികുതി വ്യവസ്ഥയാല്‍ ബന്ധിതമാക്കപ്പെടുന്ന സാഹചര്യം സംജാതമായതിന്‍റെ പരിണതഫലമായി വ്യാഖ്യാനിക്കപ്പടുന്നതാകും കൂടുതല്‍ ശരി. ജിഎസ്ടി നമുക്കു പുതിയതാണെങ്കിലും ആയത് ആഗോള സമ്പദ്വ്യവസ്ഥയില്‍ പരീക്ഷിച്ചു വിജയിച്ചിട്ടുള്ളതും നമുക്കു മാത്രം ഒഴിഞ്ഞുനില്ക്കാന്‍ സാദ്ധ്യമല്ലാത്തതുമാണ്.

ഉപഭോഗവസ്തുവിനു നാലു തരത്തിലുള്ള നികുതി കൊണ്ടുവന്നതിലുടെ സാധാരണക്കാരന് അനുദിനാവശ്യങ്ങള്‍ക്കുള്ള സാധനങ്ങളുടെ വില നിയന്ത്രിക്കാനും ശ്രമിച്ചുവരുന്നു. നികുതി ഏര്‍പ്പെടുത്താന്‍ അത്യാവശ്യ സാധനങ്ങളുടെ പട്ടികയും ലഭ്യമാണ്. എങ്കിലും പ്രായോഗികതലത്തില്‍ വരുമ്പോള്‍ ഇപ്പോഴുള്ള വിലയുടെ കൂടെ ജിഎസ്ടി കൂടി ഉള്‍പ്പെടുത്തുന്ന വികലത ഈ സമ്പ്രദായത്തെ ശരിക്കും ഉപയോഗപ്പെടുത്താത്തതുകൊണ്ടു സംഭവിച്ചതാണ്. മദ്യവും പെട്രോളിയം ഉത്പന്നങ്ങളും താത്കാലികമായി ഈ നികുതി സമ്പ്രദായത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നതു പ്രായോഗികതലത്തിലെ എതിര്‍പ്പുകളെ ഒരു പരിധിവരെയെങ്കിലും പ്രതിരോധിക്കുന്നതിനാണ്.

നികുതിചുമത്താനുള്ള സംസ്ഥാനങ്ങളുടെ അവകാശം എടുത്തുകളഞ്ഞ് പകരം ആയത് ജിഎസ്ടി കൗണ്‍സിലില്‍ നിക്ഷിപ്തമാക്കുകയും എല്ലാ സംസ്ഥാനങ്ങളിലെയും ധനമന്ത്രിമാരെകൂടി കൗണ്‍സില്‍ അംഗങ്ങളാക്കുകയും കേന്ദ്രത്തിന് ആയതില്‍ മൂന്നിലൊന്നു വോട്ടിങ്ങ് അവകാശം നല്കുകയും ബാക്കി മൂന്നില്‍ രണ്ടു വോട്ടിങ്ങ് അവകാശം സംസ്ഥാനങ്ങള്‍ക്കു പൊതുവായി നല്കുകയും ചെയ്തതിലൂടെ നികുതി സമ്പ്രദായത്തിലെ ഇന്ത്യ എന്ന പൊതുവികാരം ശക്തിപ്പെടുത്താന്‍ ഈ മാറ്റത്തിനു കഴിഞ്ഞു.

ഇതരരാജ്യങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന തോതിലുള്ള നികുതി നിരക്ക് നമ്മുടെ രാജ്യത്തു ചുമത്തപ്പെടുന്നു എന്നത് ആശങ്കാജനകമാണ്. ആ നികുതിഭാരം സാധാരണക്കാരന്‍റെ ചുമലിലേക്കുതന്നെ വന്നു പതിക്കുമെന്ന യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കുന്നതിനും പ്രതിരോധിക്കുന്നതിനും സുസജ്ജമായി സാമ്പത്തികരംഗം ഉണരേണ്ടതുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org