ജിഎസ്ടി ഗുണമോ ദോഷമോ? ഒരു വിശകലനം

ജിഎസ്ടി ഗുണമോ ദോഷമോ? ഒരു വിശകലനം

ഡോ. എന്‍ അജിത്കുമാര്‍

സ്വാതന്ത്ര്യത്തിനു ശേഷം ഭരണകൂടമെടുത്ത ഏറ്റവും വിപ്ലവകരമായ നടപടിയായിട്ടാണ് ജിഎസ്ടി എന്ന നികുതി സമ്പ്രദായം (ഗുഡ്സ് ആന്‍ഡ് സര്‍വീസസ് ടാക്സ്) വിലയിരുത്തപ്പെടുന്നത്. ഇതു ശരിയായ ദിശയിലുള്ള ഒരു നടപടിയാണോ എന്നു കാലത്തിനു മാത്രമേ തെളിയിക്കാനാകൂ. എങ്കിലും, നികുതി സംവിധാനത്തെ ഏകീകരിക്കാനും നികുതികളുടെ ആധിക്യത്തില്‍ നിന്നു രാജ്യത്തെ രക്ഷിക്കാനുമുള്ള ധീരമായ ഒരു ചുവടുവയ്പാണിത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഏറ്റവും പിന്തിരിപ്പന്‍ നടപടിയെന്നു പറഞ്ഞ് ഇതിനെ എതിര്‍ത്ത നരേന്ദ്ര മോദി തന്നെയാണ് പ്രധാനമന്ത്രിയുടെ പദവിയിലെത്തിയപ്പോള്‍ ഈ ബില്‍ അവതരിപ്പിച്ചതെന്നത് വൈരുദ്ധ്യം തന്നെയാണ്. മുന്‍ കോണ്‍ഗ്രസ് ഗവണ്‍മെന്‍റ്, വിശേഷിച്ചും അതിലെ ധനകാര്യമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജി തുടക്കമിട്ട ജിഎസ്ടിക്ക് എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും പൊതുസമ്മതം കിട്ടിയത് ഇപ്പോഴത്തെ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ കാലത്താണ്. രാഷ്ട്രീയ മാനങ്ങള്‍ക്കെല്ലാമപ്പുറത്ത്, അന്താരാഷ്ട്ര സമൂഹത്തിന്‍റെ അംഗീകാരം ജിഎസ്ടിക്കുണ്ട്. കാരണം, വളരെ സങ്കീര്‍ണമായ നികുതി സമ്പ്രദായമുള്ള ഇന്ത്യയില്‍ വാണിജ്യപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുക അവരെ സംബന്ധിച്ചു വളരെ ദുഷ്കരമായിരു ന്നു.

ജിഎസ്ടിക്ക് അന്തിമരൂപം നല്‍കുന്നതിനു മുമ്പ് അതിനായി സ്ഥാപിച്ച ജിഎസ്ടി കൗണ്‍സില്‍ 18 തവണ യോഗം ചേര്‍ന്നു. സേവനങ്ങളും ഉത്പന്നങ്ങളുമായി 1211 ഇനങ്ങള്‍ അതു ജിഎസ്ടിയുടെ കീഴില്‍ കൊണ്ടുവന്നു. ചില ഒറ്റപ്പെട്ട ഇനങ്ങള്‍ ഒഴിവാക്കി നിറുത്തിയാല്‍ ജിഎസ്ടിയ്ക്കു കീഴിലുള്ളത് പൊതുവില്‍ അഞ്ചുതരം ഉല്പന്നങ്ങളാണ്.

1) എക്സെംപ്റ്റ് ഗുഡ്സ് എന്നറിയപ്പെടുന്ന അവശ്യവസ്തുക്കള്‍ – 0%

2) സ്ഥിരമായി ഉപയോഗിക്കപ്പെടുന്ന ഉത്പന്നങ്ങളും സേവനങ്ങളും – 5%

3) സ്റ്റാന്‍ഡേര്‍ഡ് ഉത്പന്നങ്ങളും സേവനങ്ങളും സ്ലാബ് 1-12%

4) സ്റ്റാന്‍ഡേര്‍ഡ് ഉത്പന്നങ്ങളും സേവനങ്ങളും സ്ലാബ് 2 – 18%

5) സ്പെഷ്യല്‍ കാറ്റഗറി ഉത്പന്നങ്ങളും സേവനങ്ങളും – 28%

ജിഎസ്ടി വന്നതോടെ മറ്റ് അനേകം നികുതികള്‍ ഇല്ലാതായി. സെന്‍ട്രല്‍ എക്സൈസ് ഡ്യൂട്ടി, അഡീഷണല്‍ എക്സൈസ് ഡ്യൂട്ടികള്‍, സംസ്ഥാനാന്തര വില്‍പന നികുതി, മൂല്യവര്‍ദ്ധിത നികുതി, സര്‍വീസ് നികുതി തുടങ്ങിയവയും ബന്ധപ്പെട്ട നികുതികളുമാണ് ഇല്ലാതായത്. ഈ നികുതികളെല്ലാം വെവ്വേറെയാണ് പിരിക്കപ്പെട്ടിരുന്നത്. അതുകൊണ്ടു തന്നെ വളരെയധികം ആവര്‍ത്തനങ്ങളും തദ്ഫലമായ അഴിമതിയാരോപണങ്ങളും എല്ലാം പതിവായിരുന്നു. മുമ്പ് എല്ലാ സേവനങ്ങള്‍ക്കും കൂടി ആകെ 15% നികുതിയാണ് പിരിച്ചിരുന്നത്. ഇപ്പോള്‍ സേവനങ്ങളെയും നാലു ഇനങ്ങളായി വേര്‍തിരിച്ചിരിക്കുന്നു. ഇതൊരു നല്ല മാറ്റമാണ്.
ഒരിന്ത്യ, ഒരു നികുതി എന്ന സ്ഥിതി സൃഷ്ടിക്കുകയാണ് ജിഎസ്ടിയുടെ ലക്ഷ്യം. ഈ ആശയം മുന്‍നിറുത്തിയാണ് 2009-ല്‍ പ്രണബ് ഈ ബില്‍ അവതരിപ്പിച്ചത്. 2005-ഓടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും മൂല്യവര്‍ദ്ധിത നികുതി (വാറ്റ്) നടപ്പാക്കിയിരുന്നു. പക്ഷേ വാറ്റ് ഇന്ത്യയില്‍ ശരിക്കും വിഭജനം ഉണ്ടാക്കി. നമ്മളാദ്യം ഇന്ത്യാക്കാരാണ്, പിന്നെയാണ് വിവിധ സംസ്ഥാനക്കാരാകുന്നത്. ഇന്ത്യക്കാരനെന്ന നിലയില്‍ ഒരാള്‍ക്ക് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഒരേ ഉത്പന്നത്തിന് വിവിധ നികുതി നിരക്കുകള്‍ നല്‍കേണ്ടി വരുന്നു. ഉദാഹരണത്തിനു സ്വര്‍ണത്തിന് തമിഴ്നാട്ടില്‍ വാറ്റ് 2% ആയിരിക്കുമ്പോള്‍ കേരളത്തിലത് 6% ആണ്. ഇപ്പോള്‍ ഇത് ഇന്ത്യയിലൊട്ടാകെ 3% ആയി ഏകീകരിച്ചിരിക്കുന്നു. പ്രകടമായ ഈ വൈരുദ്ധ്യങ്ങള്‍ മൂലമാണ് നികുതി സംവിധാനം ഏകീകരിക്കുന്നതിനെക്കുറിച്ച് ഭരണകൂടം ചിന്തിച്ചത്. വലിയൊരു പരിധിവരെ ഈ അപാകതകള്‍ പരിഹരിക്കാന്‍ ജിഎസ്ടി പ്രാപ്തമാണ്.

നിലവിലുണ്ടായിരുന്ന നികുതി സമ്പ്രദായം പ്രധാനമായും ഉത്പാദക സംസ്ഥാനങ്ങള്‍ക്കു ഗുണകരമായ വിധത്തിലായിരുന്നു. ഉപഭോക്താക്കള്‍ നല്‍കുന്ന നികുതികളെല്ലാം സമാഹരിക്കുവാന്‍ അവര്‍ക്കു സാധിച്ചിരുന്നു. ഉത്പന്നങ്ങള്‍ വില്‍ക്കുന്നതെവിടെയാണെന്നതോ ആരാണു വാങ്ങുന്നതെന്നതോ പരിഗണിക്കാതെ നികുതി എല്ലാം ഉത്പാദകസംസ്ഥാനങ്ങളിലേയ്ക്കു പ്രവഹിച്ചിരുന്നു. കേരളത്തെ പോലുള്ള സംസ്ഥാനങ്ങള്‍ ആവശ്യമായ ഉത്പന്നങ്ങളുടെ 85 ശതമാനവും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുകകയാണ്. അതിനാല്‍ അവയ്ക്ക് മൂല്യവര്‍ദ്ധിത നികുതിയെ അമിതമായി ആശ്രയിക്കേണ്ടി വരുന്നു. മറ്റു നികുതികളെല്ലാം കേന്ദ്ര സര്‍ക്കാരിനോ അല്ലെങ്കില്‍ ഉത്പന്നങ്ങള്‍ ഉത്പാദിപ്പിച്ച സംസ്ഥാനങ്ങള്‍ക്കോ പോകുന്നു. ജിഎസ്ടി ഈ സാഹചര്യത്തെ മാറ്റിയിട്ടുണ്ട്. നികുതിയുടെ ഒരു ഭാഗം ആ ഉത്പന്നങ്ങള്‍ വാങ്ങിയ സംസ്ഥാനത്തിനും ലഭിക്കും. ലളിതമായ ഒരുദാഹരണം പറയാം. 18 ശതമാനം ജിഎസ്ടി ഉള്ള ഒരുത്പന്നം ഒരാള്‍ വാങ്ങിയാല്‍ ഇപ്പോഴത്തെ രീതിയനുസരിച്ച് 9 ശതമാനം കേന്ദ്രത്തിനും 9 ശതമാനം സംസ്ഥാനത്തിനും പോകും. മുംബൈയിലുള്ള ഒരു മലയാളി ഒരുത്പന്നം വാങ്ങുകയും കേരളത്തിലെ വിലാസം നല്‍കുകയും ചെയ്താല്‍ നികുതിയുടെ ഒരു ഭാഗം കേരള ഗവണ്‍മെന്‍റിന്‍റെ അക്കൗണ്ടില്‍ വരും. അതുകൊണ്ട്, ഉപഭോക്തൃസംസ്ഥാനങ്ങള്‍ക്കും ഈ നിയമത്തിന്‍റെ പ്രയോജനം ലഭിക്കുന്നു.

സേവനനികുതി പോലുള്ള പരോക്ഷ നികുതികള്‍ പിന്തിരിപ്പന്‍ നികുതികളാണ് എന്ന പൊതുവായ പരാതിയെയും ഈ നിയമം ഒരതിരോളം പരിഹരിക്കുന്നുണ്ട്. ഒരേ ഇനത്തിന് പണക്കാരും പാവപ്പെട്ടവരും ഒരേ നികുതി നല്‍കേണ്ടി വരുന്നു എന്നതുകൊണ്ടാണ് സേവന നികുതി പിന്തിരിപ്പനാണെന്നു പറയുന്നത്. ഏതു തരം ഉപഭോക്താക്കളാണ് സേവനം ഉപയോഗപ്പെടുത്തുന്നത് എന്നതിനെ ആശ്രയിച്ച് നികുതിഘടനയെ പരിഷ്കരിക്കാന്‍ ജിഎസ്ടി ക്രമീകരിച്ചിട്ടുണ്ട്. റെയില്‍വേ യാത്ര ഒരു നല്ല ഉദാഹരണമാണ്. ഒരു വ്യക്തി ഏതു ക്ലാസിലേയ്ക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്താലും നല്‍കേണ്ടി വരുന്ന നികുതി ഒന്നു തന്നെയാണ്. ഇപ്പോള്‍ ഈ പ്രശ്നം പരിഹരിച്ചു. താഴ്ന്ന ക്ലാസുകളിലേയ്ക്കുള്ളവര്‍ താഴ്ന്ന നികുതിയും ഉയര്‍ന്ന ക്ലാസുകളിലേയ്ക്കുള്ളവര്‍ ഉയര്‍ന്ന നികുതിയും സേവനനികുതിയായി നല്‍കണം.
ഇതുവരെ പറഞ്ഞതില്‍ നിന്നും ജിഎസ്ടി എന്നത് ഇന്ത്യയിലെ എല്ലാത്തരം നികുതി പ്രശ്നങ്ങളും പരിഹരിക്കുന്ന വളരെ ഗുണകരമായ ഒരു നികുതിസംവിധാനമാണെന്ന ധാരണ ഉണ്ടാകേണ്ടതില്ല. ചില പോരായ്മകള്‍ ഇനി പറയുന്നു:

ജിഎസ്ടി നടപ്പാക്കി രണ്ടാം മാസത്തിലേയ്ക്കു കടന്ന നമുക്ക് ഇവിടെ ഉണ്ടായിട്ടുള്ള എല്ലാ ആശയക്കുഴപ്പങ്ങളുടെയും പ്രധാന കാരണം ശരിയായ ആസൂത്രണവും ഒരുക്കവും ഉണ്ടാകാതിരുന്നതാണ്. ജിഎസ്ടി ഏറ്റവും വിജയകരമായി നടപ്പാക്കിയ രാജ്യം മലേഷ്യ ആണ്. മലേഷ്യ ജിഎസ്ടി പാസ്സാക്കിയ ശേഷം അതു നടപ്പാക്കാന്‍ 18 മാസം എടുത്തു. ഈ ഇടക്കാലത്ത് എല്ലാ വ്യാപാരികള്‍ക്കും വാണിജ്യസമൂഹത്തിനും പൊതുജനങ്ങള്‍ക്കും ഈ നടപടി ഒരു വിജയമാക്കേണ്ടതെങ്ങനെ എന്നതു സംബന്ധിച്ച എല്ലാ വിവരങ്ങളും കൊടുത്തു. ഉദ്യോഗസ്ഥര്‍ക്ക് കഠിനമായ പരിശീലനം നല്‍കി. കാരണം അവരാണ് ഇതു വിജയകരമായി നടപ്പാക്കാന്‍ ഉത്തരവാദപ്പെട്ടവര്‍. ജിഎസ്ടി സംവിധാനം ഇപ്പോള്‍ ആ രാജ്യത്തു വളരെ സുഗമമായി നടക്കുന്നുണ്ട്.

ഇന്ത്യ ജൂണ്‍ 18-ന് നിയമം പാസ്സാക്കുകയും ജൂലൈ 1-നു നടപ്പാക്കുകയും ചെയ്തു. നടപ്പാക്കല്‍ വളരെ അപാകതകള്‍ നിറഞ്ഞതായിരുന്നു. ജിഎസ്ടി രജിസ്ട്രേഷന്‍ അപേക്ഷിച്ചവര്‍ക്കെല്ലാം നല്‍കി. ആരൊക്കെ രജിസ്റ്റര്‍ ചെയ്യണം, ചെയ്യേണ്ട എന്നതാണു പ്രശ്നം. ഇന്ത്യയിലെ വ്യാപാരത്തിന്‍റെ 10 ശതമാനത്തിലേറെയും നിയന്ത്രിക്കുന്ന അസംഘടിത വ്യാപാരികളുടെ അവസ്ഥ എന്താണ്? അവര്‍ ജിഎസ്ടിക്കു കീഴില്‍ വരുമോ? ദൈവത്തിനു മാത്രമേ അറിയൂ. പല ഫോമുകളും തയ്യാറായിട്ടില്ലെന്നു നടപ്പാക്കല്‍ തുടങ്ങിയ ശേഷമാണ് സര്‍ക്കാര്‍ അറിയുന്നത്. ഇത്തരത്തില്‍ നാഴികക്കല്ലാകുന്ന ഒരു നികുതി സമ്പ്രദായത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്ലെന്നതാണ് മുഖ്യമന്ത്രിയായിരിക്കെ ജിഎസ്ടിയെ എതിര്‍ക്കുമ്പോള്‍ നരേന്ദ്ര മോദി പറഞ്ഞിരുന്നത്. ഇപ്പോള്‍ പോലും സാഹചര്യം ഒട്ടും വ്യത്യസ്തമല്ലെന്ന് അദ്ദേഹത്തിന് പറയേണ്ടി വരും. ജിഎസ്ടി നടപ്പാക്കിയ രീതി ഈ പ്രയോഗമാണ് ഓര്‍മ്മയിലെത്തിച്ചത്: "ബഹിരാകാശയുഗ പരിഷ്കാരങ്ങള്‍ ചാണക സാങ്കേതികവിദ്യ ഉപയോഗിച്ചു നടപ്പാക്കുന്നു." ഉപഭോക്തൃസമൂഹത്തിന് ഈ നടപടിയുടെ പ്രയോജനം ലഭ്യമാകാന്‍ ചുരുങ്ങിയത് ഒരു വര്‍ ഷമെങ്കിലും എടുക്കുമെന്ന് കാര്യങ്ങളുടെ പോക്കു കാണുമ്പോള്‍ തോന്നുന്നു.

ഒഴിവാക്കിയ ഇനങ്ങളും സ്ഥിരോപയോഗ ഇനങ്ങളും തമ്മിലുള്ള ഒരുപാട് ആശയക്കുഴപ്പം ഇപ്പോഴും നിലനില്‍ക്കുന്നു. സ്ഥിരോപയോഗ സാധനങ്ങള്‍ക്ക് 5 ശതമാനമാണ് നികുതി. ബ്രഡ് ഒരു നല്ല ഉദാഹരണമാണ്. മുമ്പ് ബ്രാന്‍റഡ് ബ്രഡിന് വാറ്റ് ഉണ്ടായിരുന്നു. ജിഎസ്ടി അനുസരിച്ച് ബ്രഡിനു നികുതിയില്ല. ഇതു ബ്രാന്‍റഡ് ഇനത്തിനും ബാധകമാണോ എന്നതാണ് ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്ന പ്രശ്നം. ഇതില്‍ ഒരു വ്യക്തത വരുന്നതുവരെ ബ്രാന്‍റഡ് ഇനങ്ങള്‍ വിപണിയില്‍ നിന്ന് അപ്രത്യക്ഷമാകുകയാണ് ഉണ്ടായിട്ടുള്ളത്. ബ്രാന്‍റഡ് അവശ്യവസ്തുക്കള്‍ ഒന്നും കിട്ടാത്ത സ്ഥിതിയായി. ഈ വിഷയത്തെ സംബന്ധിച്ച് യാതൊരു വ്യക്തതയുമില്ല. എല്ലാ റീട്ടെയില്‍ വ്യാപാരികളും അവരുടെ കൈയിലുള്ള സ്റ്റോക്ക് എംആര്‍പി നിരക്കില്‍ വിറ്റഴിക്കുന്നു എന്നതാണ് ഇതിന്‍റെ ഫലം. സപ്ലയര്‍മാര്‍ക്ക് കൂടുതല്‍ വ്യക്തത ഉണ്ടാകുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. ചിക്കന്‍ പോലെ ജിഎസ്ടിയില്‍ നിന്ന് പൂര്‍ണമാ യും ഒഴിവാക്കിയ ഉത്പന്നങ്ങള്‍ക്ക് ദിനംതോറും വിലയേറുന്നു എന്നതാണ് ഇതിന്‍റെ ഫലം.

ഈ പരിഷ്കാരം സ്വീകരിച്ചതിന്‍റെ ഉദ്ദേശ്യശുദ്ധിയെ ആരും ചോദ്യം ചെയ്യുന്നില്ല. ഈ ഗവണ്‍മെന്‍റിന്‍റെ പല കാര്യങ്ങളും പോലെ, ഒരു നല്ല നയം വളരെ മോശമായി നടപ്പാക്കിയതിന്‍റെ മറ്റൊരുദാഹരണമായി ഇതു മാറാതിരിക്കട്ടെ എന്നു ആശിക്കാം. രാജ്യത്തിന്‍റെ ദീര്‍ഘകാല നന്മയ്ക്ക് ഇത് അനുയോജ്യമായിരിക്കണം. നമ്മുടെ പരോക്ഷ നികുതി വകുപ്പുകള്‍ക്ക് കുപ്രസിദ്ധി സമ്മാനിച്ചിട്ടുള്ള വ്യാപകമായ അഴിമതി ഇതു കുറയ്ക്കുമെന്നതു തീര്‍ച്ചയാണ്. അഴിമതിയുടെ കൂത്തരങ്ങുകളായിരുന്ന ചെക്ക് പോസ്റ്റുകള്‍ ഇതോടെ അപ്രസക്തമായി. 45 ദിവസങ്ങള്‍ക്കു ശേഷവും ചെറുകിട വ്യാപാരികള്‍ക്ക് റിട്ടേണുകള്‍ നല്‍കാനോ വിശദാംശങ്ങള്‍ ചേര്‍ക്കുന്നതിനു തങ്ങളുടെ പോര്‍ട്ടലുകള്‍ ഉപയോഗിക്കാനോ സാധിക്കുന്നില്ല. ഇത്തരം സാങ്കേതികതകള്‍ ഇപ്പോഴും ഉള്ളതിനാല്‍ ജിഎസ്ടി ഹ്രസ്വകാലത്തേയ്ക്ക് ആര്‍ക്കും ഗുണം ചെയ്യാന്‍ പോകുന്നില്ല. ഇപ്പോഴത്തെ അവസ്ഥയില്‍ എന്താണു സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് യാതൊന്നുമറിയില്ല. കാരണം അവരെ ആരും ബോധവത്കരിച്ചിട്ടില്ല. നികുതി ഉദ്യോഗസ്ഥരുടെ അജ്ഞത മുതലെടുത്ത് വ്യാപാരികള്‍ ഇപ്പോള്‍ പരമാവധി ലാഭം ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്.

(കൊച്ചിന്‍ കോളേജിലെ മുന്‍ ഇക്കണോമിക്സ് വകുപ്പദ്ധ്യക്ഷനും ഗ്രന്ഥകാരനുമാണ് ലേഖകന്‍.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org