ഗ്യാരന്‍റിയുണ്ടോ?

ഗ്യാരന്‍റിയുണ്ടോ?

ഡോ. പോള്‍ വാഴപ്പിള്ളി

വൈദ്യശാസ്ത്രരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന ഒരു കാലത്താണു നാം ജീവിക്കുന്നത്. സ്പെഷ്യാലിറ്റികളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. സ്പെഷ്യാലിറ്റികള്‍ വര്‍ദ്ധിച്ച് ഓരോ പല്ലിനുപോലും സ്പെഷ്യാലിറ്റി എന്നു പറഞ്ഞാല്‍ അത് അതിശയോക്തിയാകില്ല.

അതിന് ആനുപാതികമായ ഡോക്ടറും രോഗിയും തമ്മിലുള്ള ബന്ധത്തിലും അപചയം വന്നുകൊണ്ടിരിക്കുന്നു. ഇന്നു ഡോക്ടര്‍ക്കു രോഗിയോട് അസുഖത്തിന്‍റെ വിവരങ്ങള്‍ ചോദിച്ചറിയാന്‍ നേരവും താത്പര്യവുമില്ല. അസുഖത്തിന്‍റെ പേരു പറഞ്ഞാല്‍ ഉടനെ ലാബ് പരിശോധനകളുടെ ഒരു നീണ്ട ലിസ്റ്റ് രോഗിക്കു കിട്ടുന്നു. ഡോക്ടറല്ല പിന്നെ ചികിത്സിക്കുന്നത്. ഈ പരിശോധനാ റിപ്പോര്‍ട്ടുകളാണ്, ഒരു സിസ്റ്റമാണ് ഇന്നു രോഗിയെ ചികിത്സിക്കുന്നത് എന്നു സ്വന്തം അനുഭവത്തില്‍ നിന്ന് എനിക്കു പറയാന്‍ കഴിയും.

ഞാനോര്‍ക്കുന്നു; അമ്പതു കൊല്ലങ്ങള്‍ക്കുമുമ്പ് എന്‍റെ ഗ്രാമം ഉള്‍ക്കൊള്ളുന്ന 20 കിലോമീറ്റര്‍ ചുറ്റളവില്‍ ആകെയുണ്ടായിരുന്നത് ഒരു അലോപ്പതി ഡോക്ടര്‍ മാത്രമായിരുന്നു – ഡോ. മുഹമ്മദലി. വീട്ടില്‍ ആര്‍ക്കെങ്കിലും അസുഖം വന്നാല്‍ പണിക്കാരന്‍ കോപ്പുണ്ണിയെ ചാവക്കാട്ടെ ഡോക്ടറുടെ ക്ലിനിക്കിലേയ്ക്കു പറഞ്ഞയയ്ക്കും. ഒരു ചുവന്ന മോറിസ് മൈനര്‍ കാറില്‍ ചൊവ്വല്ലൂര്‍പ്പടിയില്‍ വന്നിറങ്ങുന്ന അദ്ദേഹത്തിന്‍റെ കൂടെ തവിട്ടുനിറത്തിലുള്ള ഒരു ലെതര്‍ ബാഗും പിടിച്ചു കോമ്പൗണ്ടര്‍ എന്നു വിളിക്കുന്ന ഒരു കുറിയ മനുഷ്യനും കാണും. ചൊവ്വല്ലൂര്‍പ്പടിയില്‍നിന്നു വീട്ടിലേക്കു കാറു പോകുന്ന വഴിയില്ല. രണ്ടു കിലോമീറ്റര്‍ നടന്നുതന്നെ വരണം. വീട്ടില്‍ വന്നു രോഗിയെ പരിശോധിച്ചു കുറിപ്പെഴുതും. അന്നു ചുറ്റുവട്ടത്തിലൊന്നും ഇംഗ്ലീഷ് മരുന്നുഷോപ്പുകളില്ല. ഗുരുവായൂരിലെ ഗോപ്യാരുടെ ഫാര്‍മസിയില്‍ പോകണം.

ഡോക്ടര്‍ വന്നു പരിശോധന കഴിഞ്ഞാല്‍ ഡോക്ടര്‍ക്കു സോപ്പ്, തോര്‍ത്ത് മുതലായവ എടുത്തുകൊടുക്കേണ്ട ചുമതല (അവകാശം!) എനിക്കായിരുന്നു. കണ്‍സള്‍ട്ടിങ്ങ് ഫീസായി എന്തു കൊടുത്താലും വാങ്ങും. അമ്മയുണ്ടാക്കുന്ന കാപ്പിയും കുടിച്ച് അല്പനേരം കുശലം പറഞ്ഞിരിക്കും. പോകാനൊരുങ്ങുമ്പോഴായിരിക്കും ഡോക്ടറേ, എന്‍റെ മോള്‍ക്കു വയറുവേദന! മറ്റൊരാള്‍ക്കു ശ്വാസംമുട്ട് തുടങ്ങിയ രോഗവിവരങ്ങളുമായി അയല്‍പക്കത്തുനിന്നുള്ളവര്‍ വരുന്നത്. എല്ലാ വീട്ടിലും പോകും. രോഗികളെ പരിശോധിക്കും. തന്നതും വാങ്ങി പോക്കറ്റിലിടും. ഒരു നിറഞ്ഞ പുഞ്ചിരി പകരം നല്കി തിരിച്ചുപോകും. ഗ്രാമത്തിന്‍റെ ഫിസിഷ്യനും സര്‍ജനും ഗൈനക്കോളിസ്റ്റും അദ്ദേഹംതന്നെ. അത്യാവശ്യ ഘട്ടങ്ങളില്‍ സിസേറിയന്‍ ഓപ്പറേഷനും അദ്ദേഹം തന്‍റെ ക്ലിനിക്കില്‍ ചെയ്യുമായിരുന്നു.

ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. ഇന്നു വീട്ടില്‍ പോയി രോഗികളെ പരിശോധിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന ഡോക്ടര്‍മാര്‍ അപൂര്‍വം! അന്നു ഡോക്ടറും രോഗിയും തമ്മിലുള്ള ബന്ധം സ്നേഹത്തിലും പരസ്പരവിശ്വാസത്തിലും അടിയുറച്ചതായിരുന്നു. ഡോക്ടര്‍ പറയുന്നത് അക്ഷരാര്‍ത്ഥത്തില്‍ 'ദൈവവാക്യ'മായെടുക്കുന്ന രോഗികളും ബന്ധുക്കളും. രോഗികള്‍ക്കുവേണ്ടി ഏതറ്റവും പോകാന്‍ തയ്യാറുള്ള ഡോക്ടര്‍ മാരും! ഡോക്ടര്‍-രോഗീ ബന്ധത്തില്‍ ഇന്നു വിള്ളല്‍ വീണിരിക്കുന്നു. പരസ്പര വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ചികിത്സ ആരംഭിക്കുന്നതിനു മുമ്പുതന്നെ 'ഗ്യാരന്‍റിയുണ്ടോ' എന്നു ചോദിക്കുന്ന രോഗികളും രോഗീബന്ധുക്കളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ആര്‍ത്തി മൂത്ത ഡോക്ടര്‍മാരുടെ എണ്ണവും ആനുപാതികമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഡോക്ടറുടേതല്ലാത്ത കുറ്റംകൊണ്ടു രോഗിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഡോക്ടറെ കയ്യേറ്റം ചെയ്യുകയും ആശുപത്രികള്‍ അടിച്ചുതകര്‍ക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ വെണ്ടയ്ക്കാ അക്ഷരത്തില്‍ വാര്‍ത്തകളായി പത്രങ്ങളില്‍ നിറയുന്നു.

ഗൈനക്കോളജിസ്റ്റായ എന്‍റെ സുഹൃത്തിനുണ്ടായ ഒരു അനുഭവം ഞാന്‍ വായനക്കാരുമായി പങ്കുവയ്ക്കുന്നു. ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അദ്ദേഹത്തിന്‍റെ ക്ലിനിക്കിലേക്ക്, വേദനകൊണ്ടു പുളയുന്ന ഒരു ഗര്‍ഭിണിയെ ബന്ധുക്കള്‍ കൊണ്ടുവന്നു. ഭക്ഷണം പാതി വഴിയില്‍ നിര്‍ത്തി ഡോക്ടര്‍ വേഗം ക്ലിനിക്കിലെത്തി. രോഗിയെ പരിശോധിച്ചു. നാഡിമിടിപ്പു വര്‍ദ്ധിച്ചതായും രക്തസമ്മര്‍ദ്ദം അപകടകരമാംവിധം കുറഞ്ഞതായും കണ്ടു. അള്‍ട്രാ സൗണ്ട് പരിശോധനയില്‍ (USG) Ruptured Ectopic Pregnancy (ഗര്‍ഭധാരണം, ഗര്‍ഭപാത്രത്തിനു പുറത്ത് നടന്ന് അതു പൊട്ടി അമിതമായ അന്തര്‍ രക്തസ്രാവമുണ്ടാകുന്ന അവസ്ഥ) എന്നും മനസ്സിലായി. ഉടന്‍ ഓപ്പറേഷന്‍ ചെയ്തില്ലെങ്കില്‍ രോഗിക്ക് അപകടം സംഭവിക്കാന്‍ നൂറു ശതമാനവും സാദ്ധ്യതയുള്ള ഒരവസ്ഥയാണിത്.

ഡോക്ടര്‍ രോഗിയുടെ ബന്ധുക്കളെ വിളിച്ച്, രോഗത്തിന്‍റെ വിവരവും ഗൗരവവും വിശദീകരിച്ചുകൊടുത്തു. അടിയന്തിര ശസ്ത്രക്രിയ ചെയ്തില്ലെങ്കില്‍ അപകടമാണെന്ന് അവരെ പറഞ്ഞു മനസ്സിലാക്കി.

യാതൊരു മടിയും കൂടാതെ രോഗിയുടെ ഭര്‍ത്താവ് സമ്മതപത്രം ഒപ്പിട്ടു നല്കി. ഡോക്ടര്‍ തിയ്യറ്റര്‍ സിസ്റ്ററെ വിളിച്ച്, ഒരു അടിയന്തിര ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങള്‍ ചെയ്യാനും അനസ്തേഷ്യ ഡോക്ടറെ വിവരമറിയിക്കാനും പറഞ്ഞു.

ആ സമയത്താണു ഖദര്‍ ധാരിയായ ഒരാള്‍ ആ വഴി കടന്നുപോയതും ക്ലിനിക്കിന്‍റെ വരാന്തയില്‍ തനിക്കു പരിചയമുള്ള ഗര്‍ഭിണിയുടെ ബന്ധുക്കളെ കണ്ടതും. അയാള്‍ ക്ലിനിക്കിലേക്കു കയറി വന്നു കാര്യമന്വേഷിച്ചു. ബന്ധുക്കള്‍ കാര്യം പറഞ്ഞു.

മറ്റൊരു രോഗിയെ പരിശോധിച്ചുകൊണ്ടിരുന്ന ഡോക്ടറുടെ പരിശോധനാമുറിയിലേക്കു യാതൊരു മര്യാദയുമില്ലാതെ കയറി വന്നു. അയാള്‍ മദ്യപിച്ചിരുന്നുവെന്നു ഡോക്ടര്‍ക്കു മനസ്സിലായി. താന്‍ ഗര്‍ഭിണിയുടെ അടുത്ത ബന്ധുവാണെന്നു സ്വയം പരിചയപ്പെടുത്തി. ഡോക്ടര്‍ അയാളോടു താനൊരു രോഗിയെ പരിശോധിക്കുകയാണെന്നും അല്പനേരം കഴിഞ്ഞു വിവരങ്ങള്‍ പറഞ്ഞു മനസ്സിലാക്കിത്തരാമെന്നും പറഞ്ഞു. "അതു പോരാ, എനിക്കിപ്പോള്‍ വിവരം അറിയണം" എന്നായിരുന്നു അയാളുടെ ധാര്‍ഷ്ട്യം കലര്‍ന്ന പ്രതികരണം. പരിശോധിച്ചുകൊണ്ടിരുന്ന രോഗിയോട് അല്പനേരം പുറത്തിരിക്കാന്‍ പറഞ്ഞ്, ഡോക്ടര്‍ ആ മനുഷ്യനെ കാര്യങ്ങള്‍ ധരിപ്പിച്ചു. ഒരു അടിയന്തിര ശസ്ത്രക്രിയ അനിവാര്യമാണെന്നും അല്ലെങ്കില്‍ രോഗിയുടെ ജീവന്‍ അപകടത്തിലാകുമെന്നും പറഞ്ഞു.

'ഗ്യാരന്‍റിയുണ്ടോ?' അയാളുടെ പെട്ടെന്നുള്ള ചോദ്യം കേട്ട് ഡോക്ടര്‍ സമനില തെറ്റാതെ പറഞ്ഞു: "ഞാന്‍ എന്‍റെ കഴിവതു ശ്രമിക്കാം. ഗ്യാരന്‍റി തരാന്‍ ദൈവത്തിനു മാത്രമേ കഴിയൂ."

'അതുപോരാ ഞങ്ങള്‍ക്കു ഗ്യാരന്‍റി വേണം. തരാന്‍ പറ്റില്ലെങ്കില്‍ ഞങ്ങള്‍ രോഗിയെ മംഗലാപുരത്തേയ്ക്കു കൊണ്ടുപോകുകയാണ്.'

(ഡോക്ടറുടെ ക്ലിനിക്കില്‍ നിന്നു മംഗലാപുരത്തേയ്ക്ക് 200 കിലോമീറ്ററോളം പോകണം). ഇത്രയും ദൂരം രോഗിയെ കൊണ്ടുപോകുന്നത് ആപത്താണ് എന്നു പറഞ്ഞെങ്കിലും അയാള്‍ സമ്മതിച്ചില്ല. അയാള്‍ ഉടനെതന്നെ പുറത്തിറങ്ങി കാര്യങ്ങളുടെ കടിഞ്ഞാണ്‍ കയ്യിലെടുത്തു. രോഗിയുടെ ഭര്‍ത്താവിനോടു ടാക്സി വിളിക്കാന്‍ പറഞ്ഞു.

ഡോക്ടര്‍ പുറത്തുവന്നു സ്ത്രീയുടെ ഭര്‍ത്താവിനോടു കാര്യത്തിന്‍റെ ഗൗരവം ഒന്നുകൂടി പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. പുതിയ 'അവതാര'ത്തിന്‍റെ മുമ്പില്‍ ആ പാവം മനുഷ്യന്‍ നിസ്സഹായനായിരുന്നു. അല്പസമയത്തിനുള്ളില്‍ വേദനകൊണ്ടു തളര്‍ന്ന രോഗിയെയും വലിച്ചിഴച്ചു ടാക്സിയില്‍ കയറ്റി. ക്ലിനിക്കിന്‍റെ വരാന്തയില്‍നിന്ന് മംഗലാപുരത്തേയ്ക്കു നീങ്ങുന്ന ടാക്സിക്കാര്‍ ഡോക്ടര്‍ വേദനയോടെ നോക്കിനിന്നു. ഡോക്ടര്‍ തന്‍റെ കണ്‍സള്‍ട്ടിങ്ങ് മുറിയിലേക്കു കയറി മറ്റു രോഗികളെ പരിശോധിക്കുന്നതിനിടയിലാണ്, ഒരു സിസ്റ്റര്‍ വന്നു പറഞ്ഞത് – 'സര്‍, മംഗലാപുരത്തേയ്ക്കു കൊണ്ടുപോയ സ്ത്രീ പാതിവഴിയില്‍ വച്ചു മരിച്ചു!' ഡോക്ടറുടെ മനസ്സിലേക്ക് ആ ചോദ്യം വീണ്ടും കടന്നുവന്നു – 'ഗ്യാരന്‍റിയുണ്ടോ?'

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org