ഗുരുവന്ദനം

ഗുരുവന്ദനം

ഡോ. കെ.വി. റീത്താമ്മ
പ്രസിഡന്റ്, അന്തര്‍ദ്ദേശീയ സീറോ മലബാര്‍ മാതൃവേദി
& റിട്ടയേര്‍ഡ് ഗവ. കോളേജ് പ്രിന്‍സിപ്പാള്‍


ഒരു അധ്യാപകദിനം കൂടി ആഗതമായിരിക്കുന്നു. മൂന്നു പതിറ്റാണ്ടുകള്‍ ഗവണ്‍മെന്റ് കോളേജ് അധ്യാപനത്തിനു ശേഷം, അവസാനം പ്രിന്‍സിപ്പാളായി പടിയിറങ്ങുമ്പോള്‍ ഒരു പ്രാര്‍ത്ഥന മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഇനിയൊരു ജന്മമുണ്ടെങ്കില്‍ അധ്യാപനം തന്നെ തരണേ തമ്പുരാനെ. അത്രയ്ക്ക് അഭിനിവേശമാണ് എനിക്ക് അധ്യാപനത്തോട്.

'മാതാപിതാ ഗുരു ദൈവം" മാതാവിനെയും പിതാവിനെയും പോലെ തന്നെ ഗുരുവിനെ ഈശ്വരതുല്യം ബഹുമാനിക്കുക എന്ന ആര്‍ഷഭാരത സംസ്‌കാരമാണ് നമുക്കുള്ളത്. 'മാതൃദേവോഭവ, പിതൃദേവോഭവ, ആചാര്യദേവോഭവ' എന്ന ഉപനിഷത്ത് വാക്യവും മറ്റൊന്നല്ല നമ്മോടു പറയുന്നത്. അജ്ഞതയുടെ അന്ധകാരത്തില്‍ നിന്ന് മനുഷ്യനെ ജ്ഞാനത്തിന്റെ വെളിച്ചത്തിലേക്ക് നയിക്കുന്നവനാണ് ആചാര്യന്‍. പ്രശസ്ത ഹിന്ദി കവി കബീര്‍ദാസ് പറയുന്നത് ഗുരുവും ഈശ്വരനും എന്റെ മുമ്പില്‍ ഒന്നിച്ച് പ്രത്യക്ഷപ്പെട്ടാല്‍ ഞാന്‍ ആദ്യം ഗുരുവിനെ നമിക്കും. ഗുരുവാണ് എനിക്ക് ഈശ്വരനെ കാണിച്ചു തന്നത്. പ്രാചീന ഗുരുകുലത്തില്‍ തുടങ്ങി ഓണ്‍ലൈന്‍ ക്ലാസ്സിലെത്തി നില്‍ക്കുന്നു വിദ്യാഭ്യാസം. പ്രാചീന ഗുരുകുലം എന്നു പറയുമ്പോള്‍ മനസ്സില്‍ ആദ്യം ഓടിയെത്തുക സാന്ദീപനി മഹര്‍ഷിയുടെ ആശ്രമം തന്നെ. ഭഗവാന്‍ കൃഷ്ണനും ദരിദ്രബ്രാഹ്മണനായ കുചേലനും ഒന്നിച്ചു കളിച്ചും ചിരിച്ചും അവിടുത്തെ ജോലികള്‍ ചെയ്തു നേടിയെടുത്ത വിദ്യാഭ്യാസം. വലിപ്പ ചെറുപ്പങ്ങളില്ലാത്ത സമഭാവന പുലര്‍ത്തുന്ന ഗുരുകുലവാസം, ആ രണ്ടു വ്യക്തികളെ കുറച്ചൊന്നുമല്ല സ്വാധീനിച്ചത്. ഗുരുക്കന്മാരെ നമിച്ചുകൊണ്ടുവേണം ഓരോ ദിനവും തുടങ്ങാന്‍ എന്ന് ഉപനിഷത്ത് പറയുന്നു. ഇപ്രകാരം പുണ്യപുരാണചരിത്രങ്ങളില്‍ പോലും ഗുരുവിന്റെ സ്വാധീനം ഉജ്ജ്വലിച്ചുനില്ക്കുന്നു.

അറിവിന്റെ ലോകത്തേക്ക് നമ്മെ കൈപിടിച്ചു നടത്തിയ, വിലപ്പെട്ട ജീവിതപാഠങ്ങള്‍ പകര്‍ന്നുതന്ന അധ്യാപകര്‍ക്കായി സമര്‍പ്പിക്കപ്പെട്ട ദിവസമാണ് ഓരോ അധ്യാപക ദിനവും. അധ്യാപകരുടെ സാമൂഹിക സാമ്പത്തിക പദവി ഉയര്‍ത്തുകയും അവരുടെ കഴിവിന്റെ പരമാവധി വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുക എന്നതാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം.

ലോകചരിത്രത്തിന്റെ പ്രാരംഭ ദിശയില്‍ അധ്യാപനം ഒരു തൊഴിലായി കണക്കാക്കപ്പെട്ടിരുന്നില്ല. പൗരോഹിത്യവും അധ്യാപനവും ഒരുമിച്ചു കൊണ്ടുപോകുകയായിരുന്നു അന്നത്തെ സമ്പ്രദായം. ആത്മീയകാര്യങ്ങളില്‍ പ്രാധാന്യം കല്പിച്ചിരുന്ന പ്രാചീന ജനത മതപുരോഹിതന്മാരെ അധ്യാപകരായി അംഗീകരിച്ചിരുന്നു. മധ്യകാലഘട്ടത്തില്‍ പാശ്ചാത്യരാജ്യങ്ങളില്‍ ക്രൈസ്തവ പുരോഹിതന്മാരായിരുന്നു അധ്യാപകവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നത്. എന്നാല്‍ നവോത്ഥാനത്തോടുകൂടി ഇത് മറ്റുള്ളവരും ഏറ്റെടുത്തു.

ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റും ഉജ്ജ്വല വാഗ്മിയും ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും ശ്രേഷ്ഠനായ അധ്യാപകനുമായ ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബര്‍ 5 ആണ് നാം അധ്യാപകദിനമായി ആചരിക്കുന്നത്. 1961 മുതല്‍ ഇന്ത്യയില്‍ ഈ ദിനാചരണം നടത്തിവരുന്നു. എന്നാല്‍ ഒക്ടോബര്‍ 5 ആണ് ലോക അധ്യാപകദിനം. നൂറിലേറെ രാജ്യങ്ങള്‍ ഒക്ടോബര്‍ 5 ലോക അധ്യാപക ദിനമായി ആചരിച്ചു വരുന്നു. 1994-ലാണ് ആദ്യമായി ലോക അധ്യാപക ദിനം ആചരിച്ചത്. അറിവ് എന്നത് വിവരശേഖരമായി ചുരുങ്ങിയ ഈ കാലഘട്ടത്തില്‍ ഡോ. രാധാകൃഷ്ണന്റെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള നിലപാടുകള്‍ക്ക് പ്രസക്തിയേറുന്നു. സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ മാറ്റങ്ങള്‍ക്കായുള്ള ഒരു ഉപകരണമായിട്ടാണ് അദ്ദേഹം വിദ്യാഭ്യാസത്തെ കണ്ടത്. സാമൂഹ്യവും ദേശീയവുമായ ഐക്യത്തിനും ഉത്പാദന വര്‍ദ്ധനവിനും വിദ്യാഭ്യാസം പ്രയോജനപ്പെടണം. ജീവിതവിജയത്തിനുതകുന്ന ചില സൂത്രവിദ്യകള്‍ പഠിപ്പിക്കുക, അറിവും കഴിവും നേടുക എന്നതു മാത്രമല്ല വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമാക്കുന്നത്. വ്യക്തിത്വ വികസനം, സ്വഭാവ രൂപവല്‍ക്കരണം, മറ്റുള്ളവരുമായി പൊരുത്തപ്പെട്ടു ജീവിക്കുവാനുള്ള മനസ്സ്, ദേശീയ സാംസ്‌കാരിക മൂല്യങ്ങളോടുള്ള മതിപ്പ്, അന്തര്‍ദേശീയവും സാര്‍വലൗകീകവുമായ മാനവികതയിലേക്ക് വളരാനുള്ള പ്രാപ്തി, സാര്‍വലൗകീക സാഹോദര്യം എന്നിവ വിദ്യാഭ്യാസത്തിലൂടെ നേടിയെടുക്കണം എന്നാണ് അദ്ദേഹം വിഭാവന ചെയ്തത്. അദ്ദേഹത്തിന്റെ വാക്കുകളില്‍ "വിദ്യാഭ്യാസം എന്ന കമാനത്തിന്റെ മൂലക്കല്ലാണ് അധ്യാപകന്‍." അധ്യാപകനോട് വിയോജിക്കുവാനും വിമര്‍ശിക്കുവാനും വിദ്യാര്‍ത്ഥിക്ക് സ്വാതന്ത്ര്യം ഉണ്ടായിരിക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
ഓരോ വിദ്യാര്‍ത്ഥിയിലും ഉറങ്ങിക്കിടക്കുന്ന സൃഷ്ടിപരത (ക്രിയേറ്റിവിറ്റി) ഉണര്‍ത്തുകയും വളര്‍ത്തിയെടുക്കുകയുമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നാണ് ഡോ. അബ്ദുള്‍ കലാമിന്റെ കാഴ്ചപ്പാട്. സര്‍ഗാത്മക സന്തോഷത്തിന്റെ വാഹകരായി പഠിതാക്കളെ മാറ്റിയെടുക്കുന്നവനാണ് അധ്യാപകനെന്നു രവീന്ദ്രനാഥ ടാഗോറും പറഞ്ഞിട്ടുണ്ട്.

ഇന്ന്, അധ്യാപകന്‍ കുട്ടിയിലേക്ക് അറിവു പകര്‍ന്നു കൊടുക്കലാണ് വിദ്യാഭ്യാസം എന്ന പഴയ കാഴ്ചപ്പാടു മാറി, കുട്ടിക്ക് സ്വയം അറിവ് നേടിയെടുക്കാന്‍ വേണ്ട സാഹചര്യം ഒരുക്കിക്കൊടുക്കുകയാണ് ഒരു ആധുനിക അധ്യാപകന്‍ ചെയ്യേണ്ടത്. ആധുനിക ലോകത്തില്‍ ദൃശ്യശ്രാവ്യ മാധ്യമങ്ങള്‍ ചിറകുവിടര്‍ത്തിയാടുന്നു. വിജ്ഞാനം വിരല്‍ത്തുമ്പില്‍ എന്ന നിലയില്‍ എത്തി നില്‍ക്കുന്നു. ഈ അവസരത്തില്‍ അധ്യാപകന്റെ സ്ഥാനം എവിടെയെത്തി നില്‍ക്കുന്നുവെന്ന് ചിന്തിക്കാം. ഒരു സംഘാടകന്‍ എന്നോ, നേതാവ് എന്നോ സുഹൃത്ത് എന്നോ വിശേഷിപ്പിക്കാവുന്ന തരത്തില്‍ മാറിയിരിക്കുന്നു അധ്യാപകന്‍. സ്നേഹവും പരിചരണവും മാത്രമല്ല ശിക്ഷയും ശിക്ഷണവും നല്കുന്നവരാണ് ഗുരുനാഥന്മാര്‍. കുട്ടികള്‍ തെറ്റു ചെയ്താല്‍ അവരെ നേര്‍വഴി നടത്താനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം നിറവേറ്റാന്‍ കഴിയാത്ത വിധം സമൂഹത്തില്‍ മാറ്റങ്ങള്‍ വന്നു കഴിഞ്ഞു. കുട്ടികളുടെ അവകാശങ്ങള്‍ക്കുവേണ്ടി മാത്രം വാദിക്കുന്ന സമൂഹം പലപ്പോഴും അധ്യാപകരെ പ്രതിക്കൂട്ടിലാക്കുമ്പോള്‍ തകര്‍ക്കപ്പെടുന്നത് അവരുടെ ആത്മവിശ്വാസമാണ്. അധ്യാപകര്‍ക്ക് വളരെയേറെ നിയന്ത്രണങ്ങള്‍, പരിമിതികള്‍ നേരിടേണ്ടി വരുമ്പോള്‍ അധ്യാപനത്തിന്റെ തനിമ നഷ്ടപ്പെടുന്നു. ഗുരുശിഷ്യബന്ധത്തിലെ ഊഷ്മളതയ്ക്ക് കാര്യമായ കുറവ് സംഭവിച്ചിട്ടുണ്ട്. ഈയടുത്തകാലത്ത് കേരളത്തിലെ ചില കലാലയങ്ങളില്‍ സംഭവിച്ച കാര്യങ്ങള്‍ വേദനയോടെ മാത്രമേ ഒരു അധ്യാപിക എന്ന നിലയില്‍ കാണാന്‍ കഴിയൂ.

അധ്യാപനമെന്നത് ജീവസന്ധാരണത്തിനുള്ള ഒരു ഉദ്യോഗം എന്നതിലുപരി ആത്മസംതൃപ്തിക്കുള്ള അനേകം വാതായനങ്ങള്‍ തുറന്നിടുന്ന ഒന്നു കൂടിയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പഠിപ്പിച്ച ഒരു വിദ്യാര്‍ത്ഥി ഡിഗ്രി കഴിഞ്ഞിറങ്ങി ഏതാനും മാസങ്ങള്‍ക്ക് ശേഷം കയ്യിലൊരു ചെറിയ പൊതിയുമായി എന്നെ കാണാന്‍ വന്നു. എനിക്കൊരു സമ്മാനം. ഏതോ സ്ഥാപനത്തില്‍ Sales Representative ആയി അവന്‍ ജോലി ചെയ്യുന്നു. തുച്ഛമായ ശമ്പളം. Target നേടിയതിനു കമ്പനി ഒരു സമ്മാനം കൊടുക്കും. ഏതു വേണമെന്ന് ചോദിച്ചപ്പോള്‍ ഒരു വാച്ച് എനിക്കുവേണ്ടി, എന്റെ നാലാം ക്ലാസുകാരന്‍ മകന് വേണ്ടി വാങ്ങിക്കൊണ്ടു വരുകയും ഞാന്‍ ശാസിച്ചപ്പോള്‍ അവന്‍ എന്നോട് പറഞ്ഞത് 'എന്റെ സമ്മാനം ടീച്ചര്‍ എന്തായാലും വാങ്ങണം' എന്നാണ്. അവന്റെ കണ്ണ് നിറഞ്ഞു, എന്റെയും. രണ്ടു കൈയും നീട്ടി ഞാന്‍ അതു സ്വീകരിച്ചു. വിപണിയില്‍ അത്ര വിലമതിപ്പൊന്നും ഇല്ലാത്ത ഒരു വാച്ച്. എന്നാല്‍ എന്റെ ജീവിതത്തില്‍ ലഭിച്ച വിലപ്പെട്ട ഒരു സമ്മാനമായിരുന്നു അത്.
പിന്നീടൊരിക്കല്‍ മറ്റൊരു വിദ്യാര്‍ത്ഥി എന്നെ അന്വേഷിച്ചു വീട്ടില്‍ വന്നു. അവനൊരു പുതിയ കാറ് വാങ്ങി. അവന്റെ ജീവിതത്തിലെ വലിയ സംഭവം. എന്റെ പ്രിയപ്പെട്ട ടീച്ചര്‍ അതിലൊന്ന് തൊട്ടു അനുഗ്രഹിക്കണം എന്നു പറഞ്ഞപ്പോള്‍ എനിക്കത് ആത്മനിര്‍വൃതിയുടെ നിമിഷങ്ങളാണ് സമ്മാനിച്ചത്. ഇതുപോലെയുള്ള നിരവധി അവിസ്മരണീയമായ അനുഭവങ്ങളാല്‍ അനുഗ്രഹീതമാണ് ഓരോ അധ്യാപനജീവിതവും.

ഒരുവനെ ഒരു നല്ല മനുഷ്യനാക്കാന്‍ ഗുരുവിനു മാത്രമെ കഴിയൂ. പാഠഭാഗങ്ങള്‍ പഠിപ്പിക്കുക എന്നതു മാത്രമല്ല അധ്യാപകന്റെ ചുമതല. തന്റെ വിദ്യാര്‍ത്ഥിയെ ഉത്തമ പൗരനാക്കുക എന്നതു തന്നെ. ഗുരുവിന്റെ ഒരു താങ്ങ്, ഒരു തലോടല്‍, ഒരു പ്രോത്സാഹനം മതി ഒരുവനില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍. ഇരുളടഞ്ഞ ഇടനാഴികളില്‍ കെട്ടടങ്ങുമായിരുന്ന കാഴ്ചശക്തിയില്ലാത്ത ഹെലന്‍ കെല്ലര്‍ എന്ന സാമൂഹ്യപ്രവര്‍ത്തകയെ മാനവരാശിക്കു സമ്മാനിച്ചത് പ്രഗത്ഭയായ ആനി സളിവന്‍ എന്ന അധ്യാപികയാണ്. 1900-ല്‍ കാഴ്ചശേഷി ഇല്ലാത്തവരിലെ ആദ്യത്തെ ബിരുദധാരിണിയാക്കി ഹെലന്‍ കെല്ലറെ മാറ്റാന്‍ ഈ ടീച്ചര്‍ക്കു കഴിഞ്ഞു. ഗുരു കടാക്ഷമാണ് ജീവിത വിജയത്തിനാവശ്യം.
"നന്മ നമുക്കതേയുള്ളൂ ഗുരുകടാക്ഷം കൂടാതെ
ജന്മസാഫല്യം വരുമോ ജനിച്ചാലാര്‍ക്കും."

ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നടന്നു കൊണ്ടിരിക്കുന്നു. ഏറെക്കുറെ ഫലപ്രദമെങ്കിലും എല്ലാവര്‍ക്കും അതിനുള്ള സൗകര്യങ്ങള്‍ ലഭ്യമായിട്ടില്ല. മാത്രമല്ല 20-40 കുട്ടികളെ അവരവരുടെ വീട്ടിലിരുത്തി ഓണലൈന്‍ ക്ലാസ്സുകള്‍ നടത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളുടെ കൂടെ അവരുടെ രക്ഷിതാക്കളുള്ള സാഹചര്യത്തില്‍. ചെറിയ കുട്ടികള്‍ക്ക് ക്ലാസ് നല്കുന്ന അധ്യാപകര്‍ക്ക് വലിയ പിരിമുറുക്കങ്ങള്‍ അനുഭവപ്പെടുന്നുണ്ട്. അവര്‍ പുതുതായി ഏറ്റെടുത്തു നടത്തുന്ന ഈ ചുമതലയില്‍ വരുന്ന ചില്ലറ പാകപ്പിഴകളെ പര്‍വ്വതീകരിക്കാതെ അവരോടു സഹകരിക്കുവാന്‍ നമുക്കു ശ്രമിക്കാം.

ഈ അധ്യാപകദിനത്തില്‍ നമുക്ക് നമ്മുടെ ഗുരുക്കന്മാരെ സ്മരിക്കാം. എല്ലാ അധ്യാപകസുഹൃത്തുക്കള്‍ക്കും ഈ സുന്ദരദിനത്തിന്റെ മംഗളങ്ങള്‍ നേരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org